
തൂയന്റെ എലി – ഡാര്‍വിനില്‍ നിന്ന് ഫ്രോയിഡിലേക്ക്

ലിഡിയ ചന്ദ്രന്
ഡാര്‍വിന്റെ വാല് ഒരു മനുഷ്യനും എലിയും തമ്മിലുള്ള ദ്വന്ദ യുദ്ധത്തിന്റെ കഥയാണ്. മനുഷ്യനും എലിയും സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്നവരാണെങ്കിലും, തന്റെ സ്വത്വത്തെ ഇല്ലാതാക്കും വിധം തന്നെ ചൂഷണം ചെയ്യുന്ന ചിന്തകളെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് മനുഷ്യന്.
കഥയുടെ തുടക്കo മുതല്‍ തന്നെ മനുഷ്യനെ നിരന്തരം ശല്യം ചെയ്യുന്ന എലിയെയും, എലിയെ പിടിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളും ദൃശ്യമാണ്. മറ്റൊരു തലത്തില്‍ ചിന്തിക്കുമ്പോള്‍ എലിയിവിടെ ഈ മനുഷ്യനെ വേട്ടയാടുന്ന ചിന്തകളുടെ പ്രതീകം കൂടെയാണ്. ആ എലിയെ നശിപ്പിക്കാന്‍ കടകളില്‍ നിന്ന് വിഷമരുന്ന് കിട്ടുമെങ്കിലും സ്വന്തമായി ആയുധം ഉണ്ടാക്കാന്‍ തീരുമാനിക്കുകയാണ് മനുഷ്യന്. തന്റെ ബോധതലങ്ങളെ സ്വയമായി നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
തന്റെ ബോധമണ്ഡലങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതും ,ഭൂതകാലത്തിന്റെ യാദൃച്ഛികതകളില്‍ കുടുങ്ങിക്കിടക്കുന്നതുമായ ചിന്തകളെ വിമോചിപ്പിക്കുവാനുള്ള നിസ്സഹായനായ മനുഷ്യന്റെ കരുത്താര്‍ന്ന പോരാട്ടമാണത്. ഇവിടെ ഫ്രോയ്ഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ തവണ പുതിയ കെണികള്‍ ഉണ്ടാക്കുമ്പോഴും എലി വരാറില്ല. പക്ഷെ എന്നേക്കുമായി ഏതോ ഒരു മറവില്‍ എലി നിലയുറപ്പിച്ചിട്ടുണ്ട്, എന്നെന്നേക്കും ആയി നിലനില്‍ക്കുന്നുണ്ട് .
ഇവിടെ മനുഷ്യന് ചിന്തകളെ ഓരോ തവണ നിയന്ത്രിക്കാന്‍ തുനിയുമ്പോഴും അവ മറ്റൊരു ഭാവത്തിലേക്ക് , മാറ്റപ്പെട്ടിരിക്കും.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിയന്ത്രണോപാധികളുമായി മനുഷ്യന് വരുമ്പോള്‍, വേട്ടയാടുന്ന ചിന്തകളെല്ലാം താല്‍ക്കാലികമായി വരാറില്ല, എന്നാല്‍, മനുഷ്യന് അവയെ എന്നെന്നേക്കും ആയി ഇല്ലാതാകാന്‍ സാധിക്കുന്നുമില്ല. മറ്റൊരു രൂപത്തില്‍ ഭാവത്തില്‍ ഏതോ ഒരു മറയില്‍ ചെറിയൊരു ഇടവേളയിലേക്കവ മറഞ്ഞിരിക്കും. ഈ കാലയളവില്‍ മനുഷ്യന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളത്രയും ഈ കഥയില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. ‘ഉറക്കം തന്നെയില്ല, കാലുകള്‍ക്ക് താഴെ എതിരാളിയുടെ യുദ്ധക്കളങ്ങളുള്ളതായും, ഒരുനിമിഷം പിശക് സംഭവിച്ചാല്‍ പോലും കുഴിബോംബിന് ബലികൊടുക്കേണ്ടതായ ഭയാശങ്കയില്‍ തന്നെ ഇരുന്നു’. ഉറക്കമില്ല, സംഘര്‍ഷഭരിതമായ ചിന്തകള്‍ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന കുഴിബോംബിനോട് സാദൃശ്യമാണ്. ജീവിതത്തില്‍ സംഭവിച്ച യാദൃച്ഛികതകളിലാണ് മാജിക് എന്ന് മറ്റൊരു സാഹചര്യത്തില്‍ ഈ മനുഷ്യന് പറയുന്നുണ്ട്.
അത് വെളിപ്പെടുത്തുന്നത്, താനിപ്പോഴും ജീവിക്കുന്നത്, പലപ്പോഴായി സംഭവിച്ചു പോയ യാദൃശ്ചികതകളിലാണ് എന്ന വസ്തുതയാണ്. ഈ ഇരുള് പിടിച്ച യാദൃച്ഛികതകളാണ് എലിയുടെ രൂപത്തില്‍ തന്നെ ഇപ്പോഴും വേട്ടയാടുന്നത് .ഇവിടെ ഫ്രോയ്ഡിന്റെ തിയറി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.ബോധമനസ് നമ്മുടെ അവബോധത്തിനുള്ളിലെ എല്ലാം ഉള്‍ക്കൊള്ളുന്നു.അബോധമനസ് നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ഈ മനുഷ്യന്റെ അബോധമനസ്സിലെ ഭൂതകാല അനുഭവങ്ങള്‍ അയാളെ ഇപ്പോഴും വേട്ടയാടുന്നു,അയാളിലെ സ്വത്വത്തെ ഇല്ലാതാക്കും വിധം പെരുമാറാന്‍ പ്രേരിപ്പിക്കുന്നു. കഥയില്‍ പ്രതിപാദിക്കുന്നതുപോലെ തലച്ചോറിന് അപ്പുറമാണ് ചിന്തകള്‍. അത് എലിയെപോലെ കടന്നു വരികയും പുതിയ ആയുധം കണ്ടത്തുമ്പോള് മറഞ്ഞിരിക്കുകയും,വീണ്ടും വരികയും സംഘര്‍ഷാവസ്ഥ വീണ്ടും സൃഷ്ടിക്കുകയും ചെയ്യുന്നു.എലിയെക്കുറിച്ചുള്ള ചിന്തകളില്‍ നിന്ന് വിമോചനം നേടാനുള്ള ഉപാധികളില്‍ ഒന്നാണ് പ്രൊഫസര്‍ റാണദാസിനെ സന്ദര്‍ശിക്കുക എന്നുള്ളത്. അദ്ദേഹത്തിന്റെ സാന്നിധ്യം ബോധലോകത്തില് നിന്ന് അവനെ തീര്‍ത്തും വിച്ഛേദിക്കും. ഒരു താത്കാലിക വിമോചനമാണെന്ന് മാത്രം. അത് കഥയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്. ‘ അദ്ദേഹവുമായുള്ള വര്‍ത്തമാനം എപ്പോഴും പൂമ്പാറ്റയെപോല്‍ തൊട്ട് തൊട്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. പൂമ്പാറ്റയാകട്ടെ മാറ്റത്തിന്റെയും പ്രതീക്ഷയുടെയും രൂപാന്തരത്തിന്റെയും പ്രതീകം ആണ്. പ്രൊഫസറിനോടൊത്തുള്ള സംഭാഷണങ്ങള്‍ താത്കാലിക സമാധാനവും,പ്രതീക്ഷയും നല്‍കുകയും ആ ഒരിടവേളക്കപ്പുറം എലിയും എലിക്കെണിയും തന്നെ അയാളുടെ ജീവിതത്തിലേക്കു മടങ്ങി വരുകയും ചെയ്യുന്നു. വീണ്ടും സംഘര്‍ഷാവസ്ഥ വീണ്ടും ബോധതലങ്ങളിലെ കെട്ടുപിണഞ്ഞ ചിന്തകളുടെ എലിക്കൂട്ടിലേക്ക് ഈ മനുഷ്യന് കെട്ടപ്പെടുകയാണ്.പ്രൊഫസര്‍ ഈ മനുഷ്യനെ മനസിലാക്കുന്നത് നിരന്തര സംഭാഷണങ്ങളിലൂടെ മാത്രമാണെങ്കില്‍ ക്രിസ്റ്റി എന്ന പെണ്‍കുട്ടി നിരന്തര നിരീക്ഷണങ്ങളിലൂടെയാണ് അയാളെ അറിയുന്നത്. അതായത് അയാള്‍ പോലുമറിയാതെ അയാളിലെ പിരിമുറുക്കത്തെ ഈ പെണ്‍കുട്ടി തിരിച്ചറിഞ്ഞുവെന്ന് പറയാം.നമ്മുടെ സ്വാഭാവിക ചുറ്റുപാടുകളില്‍ ഒരു മനുഷ്യന് എങ്ങനെ മനസിലാക്കപ്പെടുന്നു എന്നതിന്റെ അടയാളപ്പെടുത്തലുംകൂടെയാണിത് .ക്രിസ്റ്റിയാല് താന്‍ മനസിലാക്കപ്പെടുന്നു എന്ന തിരിച്ചറിവ് ഒരുപക്ഷെ വൈകിയാണ് ഈ മനുഷ്യനുണ്ടാകുന്നത്. ക്രിസ്റ്റിയുമായുള്ള കണ്ടുമുട്ടലിന് ശേഷവും വീണ്ടുമദ്ദേഹം പ്രൊഫസറെ സന്ദര്‍ശിക്കുന്നുണ്ട് .പക്ഷെ എങ്കില്‍ പോലും അവിടെ അവന് മനസിലാക്കപ്പെടുന്നുണ്ടായില്ല.വസ്തുനിഷ്ടമായ കാര്യങ്ങള്‍ക്കാണ് പ്രൊഫസര്‍ പലപ്പോഴും ഊന്നല്‍ നല്‍കിയത്.ഈ മനുഷ്യന് എന്ന വ്യക്തി എത്രത്തോളം മനസിലാക്കപ്പെട്ടു എന്നതും വ്യക്തിനിഷ്ടത എത്രത്തോളം ഉണ്ടായിരുന്നു എന്നതും ഒരു ചോദ്യചിഹ്നം തന്നെയാണ്.
ഇവിടെയെല്ലാം ആ മനുഷ്യന് പറയുന്നത് താന്‍ സാഹചര്യത്തെ പരിഷ്കരിക്കാനാണ് പരിശ്രമിക്കുന്നതെന്നാണ്. ഇയാളുടെ ബോധതലങ്ങളിലെ സങ്കീര്‍ണതകളെ ക്രിസ്റ്റി വ്യക്തമാക്കി കൊടുക്കുന്നു.അതിനുദാഹരണമാണ് എലിക്കൂടിന്റെ രൂപമാതൃക സ്വന്തം വീടിന്റേതിന് സമാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്.പിന്നീട് എലിയെ നശിപ്പിക്കാനുള്ള പദ്ധതികളുടെ താക്കോല്‍ ക്രിസ്റ്റിയുടെ കൈവശമാകുകയും, ക്രിസ്റ്റി പലതരം ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നു.
കഥയുടെ അവസാന ഭാഗങ്ങളില്‍ എലിയെ പിടിക്കാനുള്ള ഉപാധിയെന്നോണം ക്രിസ്റ്റി പറയ്യുന്നത്, വീടിന്റെ വാതില്‍ എല്ലാം തുറന്നിട്ട് കൂടിന്റെ വാതില്‍ അല്പം ചാരിയിടുവാനാണ്.മനസ്സിന്റെ വാതിലുകള്‍ തുറന്നിട്ട് ചിന്തകളെ അടക്കി വെക്കുവാന്‍ ക്രിസ്റ്റി ആവശ്യപ്പെടുകയാണിവിടെ.വീടിനെയും കൂടിനെയും സാദൃശ്യപ്പെടുത്തിക്കൊണ്ട്,യുക്തിരഹിതമായ ചിന്തകള്‍ അടച്ചുകൊണ്ട്,തുറന്ന് വിശാലമായ മാനസിക തലങ്ങളിലേക്ക് അയാളെ പ്രവേശിപ്പിക്കുവാന്‍ ശ്രമിക്കുന്നതായിരുന്നു ക്രിസ്റ്റിയുടെ ഓരോ ആശയങ്ങളും.ക്രിസ്റ്റിയുടെ ആശയങ്ങളിലൂടെ എലിയില്‍ നിന്ന് ഒരു താത്കാലിക ആശ്വാസം ലഭിച്ചുവെങ്കിലും എലി ഇവിടെ ഒരു സ്ഥായി രൂപമായി നിലകൊള്ളുകയാണ് .
ഈ കഥയിലെ എലിക്ക് ആത്യന്തികമായ മരണമില്ല. കൊല്ലപ്പെട്ടു എന്ന ധാരണ സൃഷ്ടിക്കുകയും ഒരിടവേളക്കിപ്പുറം പൊന്തിവരുകയും ചെയ്യുന്നു. ഈ ഇടവേളകളിട്ട് പൊന്തിവരുന്ന ചിന്തകളെ എലി പ്രതിനിധാനം ചെയ്യുന്നു.അല്ലാത്ത പക്ഷം എലി എന്ന ജീവിയെ കഥയില്‍ നിന്ന് വീക്ഷിക്കുക ആണെങ്കില്‍ തന്റെ നിലനില്‍പ്പിന് വേണ്ടി അതും പോരാടുകയാണ. തന്റെ പരിസ്ഥിതിക്ക് ഏറ്റവും അനുജോജ്യമായ വളരെ കൃത്യവും സൂഷ്മവുമായ ജന്തു ആണ് എലി. ഡാര്‍വിന്റ സിദ്ധാന്തമനുസരിച്ച് അതിജീവിക്കാന്‍ കെല്‍പ്പുള്ള ജന്തുവാണ് എലി. ഡാര്‍വിന്റെ സിദ്ധാന്തം പറയുന്നതിങ്ങനെയാണ്- ഒരു സ്പീഷിസിലെ വ്യക്തികള്‍ ശാരീരിക സ്വഭാവങ്ങളില്‍ വ്യത്യസ്തത കാണിക്കുന്നു. സ്വന്തം പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ സ്വഭാവ സവിശേഷതകള്‍ ഉള്ള വ്യക്തികള്‍ക്ക് അതിജീവിക്കുവാനും,ഭക്ഷണം കണ്ടെത്തുവാനും,വേട്ടക്കാരെ ഒഴിവാക്കുവാനും,രോഗത്തെ ചെറുക്കുവാനും കൂടുതല്‍ സാധ്യത ഉണ്ട് . തന്റെ പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ സ്വഭാവ സവിശേഷതകള്‍ ഉള്ളതിനാല്‍ വേട്ടക്കാരെ ഒഴിവാക്കുവാനും സമര്ഥ്നാണ് എലി.
ഈ കഥയില്‍ എലിയുടെ ശാരീരിക വൈരുദ്ധ്യം പ്രകടമാകുന്നത് വാലിലൂടെയാണ് .എലിയുടെ ജന്മവാസന മറ്റ് ജീവികളേക്കാള്‍ കൂടുതലാണെന്നും,അതിന്റെ സഹജാവ ബോധത്തെ നിരീക്ഷിക്കുകയാണെങ്കില്‍ അതിന്റെ മുഴുവന്‍ ശേഖരവും വാലിലാണ് ഉണ്ടാകുക എന്നും കഥയില്‍ പറയുന്നു.എലിയുടെ ബോധത്തെ നശിപ്പിക്കാനാണ് പിന്നീട് ശ്രമിക്കുന്നത് .മനുഷ്യന് പറഞ്ഞു വെക്കുന്നതും അതാണ് എലിയുടെ ബോധം വാലിലാണ്. എലിയുടെ ശരീരതാപനില നിയന്ത്രിക്കുന്നത് വാലാണെന്നും ,ഉടലിന്റെ മുഴുവന്‍ ചലനവും താപത്താലാണ് നിശ്ചയിച്ചിരിക്കുന്നതെന്നും താപത്തിന്റെ സന്തുലിതാവസ്ഥയാണ് ചിന്തയുടെ സാന്നിധ്യത്തെ ഉരുവാക്കുന്നതും,അബോധാവസ്ഥയെ ഉണ്ടാക്കുന്നതും.വാല് മുറിച്ചു കളയുക വഴി ഒറ്റ അബോധാവസ്ഥയെ സഞ്ചിതാവസ്ഥയില് നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്.അതായത് സമൂഹത്തിന് വേണ്ടിയുള്ള അബോധാവസ്ഥയില്‍ ഒരു എലിയെ മാത്രം തനിച്ചു വിടുന്നു.അങ്ങനെ ഒറ്റപ്പെടുന്ന അതിനെ നശിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.തങ്ങളുടെ വാലുകള്‍ കൊണ്ടാണ് ജീവികള്‍ക്ക് ലോകം ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആ വാലിനെ ഇല്ലാതാക്കുന്നതിലൂടെ എലിയുടെ ബോധതലങ്ങളെ നശിപ്പിക്കുവാനാണീ കഥയില്‍ ശ്രമിക്കുന്നത്. ഇവിടെ ഒരു ജീവിയുടെ നിലനില്‍പ്പ് ഒരു ശരീരഭാഗത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു.അതേസമയം മനുഷ്യന്റെ നിലനില്പ് തലച്ചോറിനുമപ്പുറം ഉള്ള ചിന്താമണ്ഡലങ്ങള്‍ നിയന്ത്രിക്കുന്നു.മനസും ശരീരവും ഇവിടെ ചര്ച്ചചെയ്യപ്പെടാനിടയാക്കുകയാണീ കഥ .ശരീരത്തിന്റെയും മനസിന്റെയും സങ്കീര്‍ണതകളെയും,അസ്ഥിത്വത്തിന്റെയും നിലനില്പിന്റെയും സങ്കീര്‍ണതകളെയും കൂട്ടിയോജിപ്പിക്കുകയാണ് ഈ കഥയില്‍.അതുകൊണ്ട് തന്നെയാണ് കഥയിലെ മനുഷ്യന് ‘ഫ്രോയിഡിന്റ് വഴിയിലൂടെ ഡാര്‍വിനെ സമീപിക്കുകയാണെന്ന്’ പറയുന്നതും. അതായത് ഡാര്‍വിന്റെ തിയറിയുമായി കൂട്ടിയിണക്കി ചിന്തിച്ചാല്‍ ബോധതലങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യമായ സ്വഭാവ സവിശേഷതകള്‍ രൂപീകരിക്കുന്നതിന് കാരണമാകുകയും , അത് മനുഷ്യന്റെ അതിജീവനത്തെ സ്വാധീനിക്കുക വഴി നിലനില്‍പ്പിനെ നിര്‍ണയിക്കുകയും ചെയ്യുന്നു..ഇവിടെ ഫ്രോയിഡിന്റെയും ഡാര്‍വിന്റെയും സിദ്ധാന്തങ്ങളുടെ സംയോജനം ദൃശ്യമാണ്. മനുഷ്യന്റെ ബോധതലങ്ങള്ക്കും അവയിലെ സങ്കീര്‍ണതകള്‍ക്കും അവന്റെ നിലനില്പുമായ് അഭേദ്യമായ ബന്ധമുണ്ട്.ഈ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും വെളിച്ചത്തില്‍ കൊണ്ടുവരികയും ചെയ്യുകയാണ് ഈ കഥയില്‍. വളരെ ആഴമേറിയ വസ്തുതകള്‍ ,അത്രകണ്ട് ലളിതമല്ലാത്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട മനോഹരമായ ഒരു കഥയാണിത്. ഏറെ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാക്കാവുന്ന, വായിക്കുന്തോറും വെളിവായി വരുന്ന ബോധ-അബോധ തലങ്ങളുടെ അത്യപൂര്‍വ ഫാന്റസിയാണത്.
4 Comments
🙌
Nice 👍
Very Well Explained…❤️
Nice work 💫