
അവള്

ലതാ ദേവി എന്‍. പി
ചേമ്പിലയിലെ ജലതന്മാത്രയും
കറുക നാമ്പിലെ തുഷാരവും
മുളനാമ്പില്നിന്നിറ്റുവീഴുന്നമഞ്ഞുതുള്ളിയും
അവളുടെ മിഴിനീരിനെക്കാള് തെളിനീരല്ല
കുത്തിയോടുന്നോരരുവിയും
പാദസരമണിഞ്ഞ പുഴകളും
അര്ത്തലയ്ക്കുന്ന കടലും
തിരയടിക്കുമവളുടെ ചിന്തകളോളമില്ല

ആഞ്ഞു വീശുന്ന കാറ്റും
ചില്ലകളാട്ടുന്ന ചന്ദനമരവും
വാനോളം വളര്‍ന്നൊരാ ചെമ്പകത്തോട്ടവും
അവളുടെ സുഗന്ധത്തോടൊക്കില്ല
കണ്ണില്‍ തുഷാരം നിറച്ചു
ഉള്ളില്‍ തിരയുതിര്‍ത്തു
സൗഗന്ധികവുമായവള് വരുമ്പോള്‍
നീ വേരോടിച്ച മണ്ണും
മണവും, കാറ്റും,
പാടിയ നുണകളുമൊക്കെ
പാതിവഴിയില്‍ നിശ്ശബ്ദമാകും.