
അതിശയമാണ് അലി മണിക്ഫാൻ

കെ വി നദീർ
സമുദ്ര ഗവേഷകനും ഗോള ശാസ്ത്രജ്ഞനുമായ അലി മണിക്ഫാന് പത്മശ്രീ. എന്നോ ലഭിക്കേണ്ട അംഗീകാരമായിരുന്നു ഇത്.
പ്രതിഭയുടെ വിളയാട്ടം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ മഹാ മനുഷ്യൻ. അറിവിനും വിജ്ഞാനത്തിനും പുത്തൻ മാനങ്ങൾ നൽകിയ മഹാ ഗവേഷകൻ. വിനയം നിറചാർത്തായി കൂടെ കൂട്ടിയ അത്ഭുത പ്രതിഭ.
അദ്ദേഹം ആദ്യം ബന്ധപ്പെടുന്നത് പൊന്നാനിയിൽ ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി ഫോണിലാണ് വിളിച്ചു കൊണ്ടാണ്. ചെന്നൈയിലായിരുന്ന അദ്ദേഹം കോഴിക്കോട്ട് എത്തിയിട്ടെ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുമായുള്ള സംവാദം ഉൾപ്പെടെ പരിപാടിയുടെ ഷെഡ്യൂൾ പറഞ്ഞു കൊടുത്തു. സമയം താങ്കളുടെ ഒഴിവിനനുസരിച്ചാകാമെന്ന് പറഞ്ഞു. എനിക്ക് വലിയ തിരക്കൊന്നുമില്ല,നിങ്ങൾ നിശ്ചയിക്കുന്ന പോലെ ആകാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സമയമില്ലായ്മയും തിരക്കും കൃത്രിമമായുണ്ടാക്കി പൊങ്ങച്ചം പ്രകടിപ്പിക്കുന്ന സമകാലീക പ്രമുഖരുടെ കാലത്ത് പ്രതിഭയുടെ വിളയാട്ടം നിറഞ്ഞ അലി മാണിക്ഫാന്റെ വാക്കുകൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
കേട്ടും വായിച്ചും അറിഞ്ഞവർ അദ്ദേഹത്തെ നേരിൽ കാണുകയും ഇടപഴകുകയും ചെയ്യുന്ന ഘട്ടങ്ങളിലൊക്കെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഈ മനുഷ്യനെ. ലോകത്തെ ഗവേഷക സമൂഹം പഠിക്കാനും അറിയാനും ശ്രമിക്കുന്ന മനുഷ്യന് ഇത്രമേൽ വിനയാന്വിതനാകാൻ കഴിയുമൊയെന്നതായിരുന്നു ആദ്യമായി നേരിൽ കാണുന്നവരെയൊക്കെയും അത്ഭുതസ്തബ്ധരാക്കിയത്.
എന്ത് വിശേഷണം കൊണ്ട് അദ്ദേഹത്തെ പരിചയപ്പെടുത്തുമെന്നത് നിശ്ചയമില്ലാത്ത കാര്യമാണ്. പ്രശസ്തനായ സമുദ്രഗവേഷകൻ, കൃഷിശാസ്ത്രജ്ഞൻ, ഗോള ശാസ്ത്രജ്ഞൻ, ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനാണദ്ദേഹം.

മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16നാണ് ജനനം.
ദ്വീപിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാൽ കണ്ണൂരിലേക്കാണ് ഔപചാരിക വിദ്യഭ്യാസത്തിനായി എത്തിയത്. എന്നാൽ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് എതിരായിരുന്നതിനാൽ അദ്ദേഹം വിദ്യാഭ്യാസം ഉപേക്ഷിക്കുകയും മിനിക്കോയിയിലേക്ക് മടങ്ങുകയും ചെയ്തു. വിദ്യാഭ്യാസം സ്വയം ആർജ്ജിക്കേണ്ടതാണെന്നാണ് ആദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ തന്നെ മാതൃഭാഷയായ ദിവേഹിക്കുപുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, പേർഷ്യൻ, സംസ്കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി. തുടർന്ന് സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പൽനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അറിവ് സമ്പാദിക്കുന്നതിൽ അദ്ദേഹം സമയം വിനിയോഗിച്ചു. 1956 ൽ അദ്ധ്യാപകനായും തുടർന്ന് ഇന്ത്യ ഗവർമെന്റിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്തു. എന്നാൽ സമുദ്ര ഗവേഷണത്തോടുള്ള താത്പര്യം മൂലം 1960ൽ ഫിഷറീസ് വകുപ്പിൽ ഗവേഷകനായി ചേർന്നു.
അലി മണിക്ഫാന്റെ പേരിൽ ഒരു മത്സ്യ വർഗം അറിയപ്പെടുന്നു. അലിമണിക് ഫാൻ കണ്ടെത്തിയ ഈ സ്പീഷ്യസാണ് അബൂഡഫ്ഡഫ് മണിക്ഫാനി. ഡഫ് ഡഫ് മൽസ്യവർഗത്തിലെ അനേകം സ്പീഷ്യസുകളിലൊന്നാണിത്. പ്രശസ്ത മറൈൻ ബയോളജിസ്റ്റും സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടറുമായ ഡോ. എസ്.ജോൺസ് അപൂർവ്വയിനത്തിൽ പെട്ട മത്സ്യങ്ങളെ വർഗീകരിച്ചപ്പോൾ മണിക്ഫാന്റെ ഈ നേട്ടത്തെ പ്രത്യേകം പരാമർശിച്ചു.

സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം, ലളിതമായ വേഷവിധാനവും പരിസ്ഥിതിക്കിണങ്ങിയ ജീവിത ശൈലിയും ഭക്ഷണശീലങ്ങളും മുന്നോട്ടുവെക്കുകയും തന്റെ ആശയങ്ങളുടെ പ്രായോഗിക രൂപമായി ജിവിക്കുകയും ചെയ്യുന്നു. സ്വന്തം വീട്ടിലെ വൈദ്യൂതോപകരണങ്ങളും വൈദ്യുതോർജ്ജം വരെ സ്വന്തമായി വികസിപ്പിച്ചുപയോഗിക്കുന്നു.
കാലത്തെ കണക്കാക്കാൻ മൂൺ കലണ്ടറെന്ന ആശയത്തെ വികസിപ്പിച്ചിട്ടുണ്ട് മാണിക്ഫാൻ. ലോകത്തെ വിവിധ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറാണദ്ദേഹം.കയറും മരവും മാത്രമുപുയാഗിച്ച് നിർമ്മിച്ച കപ്പൽ ലോക ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം നിർമ്മിച്ച സൈക്കിളിന് വിദേശ പാറ്റന്റ് ലഭിച്ചിട്ടുണ്ട്.
ശാരീരിക ഭാഷയും വേഷവും കൊണ്ട് വ്യത്യസ്തനായ, മെലിഞ്ഞുണങ്ങിയ ഈ മനുഷ്യന്റെ സര്‍ഗാത്മകത അളക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷേ അളവ് കോല് പരാജയപ്പെടും. ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ട് കാലത്തെ അനുഭവത്തെ അത്രവേഗം അളന്ന് കുറിക്കാന്‍ കഴിയില്ല. അത്രയ്ക്കുണ്ട് തലപ്പാവ് വെച്ച് അറബ് വേഷമായ അബായ ധരിച്ച് താടി വെച്ച ഈ പച്ച മനുഷ്യന്റെ പ്രതിഭ. സൗദി, ഒമാന്‍, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്ത് ജെ.എന്‍.യു പോലുള്ള നിരവധി കലാലയങ്ങളിലും തന്റെ പഠനഗവേഷണങ്ങളെ അടയാളപ്പെടുത്തുമ്പോഴും ജീവിതത്തിന്റെ ‘ജാഡ’കള്‍ ലളിതമാതൃക തന്നെ.

ഭൂമി കണ്ടാല്‍ അതിനെ പച്ചപ്പിലാക്കി കാര്‍ഷിക സമൃദ്ധിയിലേക്ക് മനുഷ്യനെ നയിക്കുന്ന ഒരു നല്ല കൃഷിക്കാരന്. കടലിന്റെ സൗന്ദര്യത്തെ നുകരുക എന്നതിന് പകരം അതിന്റെ ആഴവും അതിലെ സാധ്യതകളും തിരയുന്ന ഗവേഷകൻ.മനുഷ്യന്റെ താമസസ്ഥലങ്ങളെ കുറിച്ച് പ്രകൃതിദത്തമായ കാഴ്ചപ്പാടിലൂടെ സ്വന്തം ഇടത്തെ പണിക്കെടുത്ത് പരീക്ഷണത്തിന്റെ ശിലയൊരുക്കുന്ന ആർക്കിടക്റ്റ്. പരമ്പരാഗത രീതികളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടര്‍ത്തിമാറ്റി ഗവേഷണ സാധ്യതകളേയും വ്യത്യസ്ത ഭാഷാ പഠനങ്ങളേയും പരിചയിക്കുന്ന സര്‍ഗാത്മകതയിലൂന്നിയ വിചക്ഷണൻ. ചന്ദ്രസഞ്ചാരത്തിന്റെ ദിശയറിഞ്ഞ് ദിവസവും മാസവും അടയാളപ്പെടുത്തി ലോകത്തെ പഠിപ്പിക്കുന്ന അധ്യാപകന്.ഇങ്ങനെ മനസ് ആഗ്രഹിക്കുന്ന പഠനങ്ങളെ ഏറെ വേഗത്തില്‍ സാധ്യമാക്കുന്നതിന് പറയുന്ന പേരാണ് അലി മണിക്ഫാൻ.
ലളിത ജീവിതവും അതിസാധാരണ വസ്ത്രധാരണവും പളപളപ്പിന്റെ പുതിയ കാലത്ത് സ്വീകാര്യമായ ആകാരമായി അദ്ദേഹം അംഗീകരിക്കപ്പെടുന്നില്ലെന്നത് യാഥാർത്ഥ്യമാണ്.പൊങ്ങച്ചവും അൽപ്പജ്ഞാനവും വരിഞ്ഞുമുറുക്കിയ സമൂഹത്തിൽ അലി മണിക്ഫാനെ പോലുളള പ്രതിഭാധനർ മങ്ങിയ പ്രകാശമായി മാറുന്നതിൽ ആശ്ചര്യപ്പെടേണ്ടതുമില്ല.