
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി അടച്ച് ഭൂമി

കെ.വി. ജ്യോതിഷ്
ലഹരി കുടിച്ച നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നിന്നിലവശേഷിച്ച കുഞ്ഞുങ്ങളുടെ ശവശരീരം ഞാന്‍ വാരിയെടുത്തത്! അതുവരെ സമുദ്രത്തെ വീശിയെടുത്ത് വിതറുന്നത് തുടര്ന്നാവര്ത്തിക്കാതിരുന്ന കാറ്റ് എന്നെ അനുസരിക്കുന്നുണ്ടായിരുന്നു.
നിറമറ്റ ഗന്ധമറ്റ ഈ ദിവസത്തിന്റെ അപരാഹ്നം മുറിച്ചുകടക്കാന്‍ കഴിയാതെ വിതുമ്പിയ പകലില്‍ നിന്നും അല്‍ഭുതകരമായ് നിന്റെ കുഞ്ഞുങ്ങള്‍ക്ക് ജീവന് വെച്ചു. അവരെന്നെ കണ്ടമാത്രയില്‍ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു.
‘ഹേയ് നഗര കാവല്ക്കാരാ. നിങ്ങളാ കുന്നുകളേയും മലകളേയും നഗ്നരാക്കുന്നത് യാതൊരു പ്രതികരണവുമില്ലാതെ നോക്കി നിന്നില്ലേ’
വറ്റിയ പുഴ പോലെ എന്റെ മറുപടിയും വരണ്ടുപോയി. നിന്നില്‍ വസിച്ച കവികള്‍ വിലപിച്ച പോലെ മരങ്ങളൊക്കെ വെട്ടി നഗ്നരായപ്പോഴാണ് മലകളും കുന്നുകളും നഗരത്തിന്റെ ചതുപ്പ് നിലങ്ങളിലേക്ക് ഓടിയൊളിച്ചത്..

ഞാനവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിന് ശേഷം ഋതുക്കള്‍ കോര്‍ത്തിരുന്ന എന്റെ വിരലുകള്‍ അത്യപൂര്‍വ്വമായ അല്‍ഭുതം പോലെ ഞാനവരെ കാണിച്ചു. പക്ഷേ അവരത് വകവെച്ചതേയില്ല. അവരെന്നോട് വീണ്ടും ദേഷ്യപ്പെട്ടു ഞങ്ങളെവിടെയാണ് ജീവിക്കുക?
മഴയപ്പോള്‍ കുന്നോളം വലുപ്പത്തിലുള്ള തുള്ളികളായ് രൂപാന്തരം പ്രാപിച്ചിരുന്നു..
ഭീമാകാരമായ മഴയില്‍ അവശേഷിച്ച ജീവനുകള്‍ ചുരുക്കമായിരുന്നു. ഞാനവരോട് ക്ഷമാപണത്തിന്റെ സ്വരത്തില്‍ പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടുകളിലെവിടെയെങ്കിലും ഞാന്‍ നിങ്ങളെ ഇറക്കി വെക്കാം. നിന്നെ ചൂടി കടന്നു പോയ ദിനരാത്രങ്ങളുടെ നൂറ്റാണ്ടുകള്‍ക്ക് അത് സമ്മതമായിരുന്നില്ല. ആ വഴിക്കുള്ള ശ്രമവും നടന്നില്ല. ജീവിക്കാന്‍ സാധ്യമാവാത്ത നിന്റെ ദേഹത്തൂടെ മാലിന്യങ്ങള്‍ ഒഴുകുന്നുണ്ടായിരുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി മനുഷ്യന് ഭൂമിയില്‍ ഉപേക്ഷിച്ച മാസ്ക് കൊണ്ടും ആഹാരപ്പൊതികള്‍ കൊണ്ടും അടച്ചു കളഞ്ഞിരുന്നു..!
കാറ്റിനേയും മഴയേയും അണിഞ്ഞ് ഭൂമി അപ്പോള്‍ സുന്ദരി ആയിരുന്നു.
ക്ഷമാപണത്തിന്റെ കുമ്പസാരക്കൂട് പ്രളയത്തില്‍ മുങ്ങിപ്പോയിരുന്നു.