
ഗ്യാൻവാപി; ബാബരിയുടെ തുടച്ചയായി മാത്രം കണ്ടാൽ പോരാ

കെ ഇ എൻ | ജിഷ്ണു രവീന്ദ്രൻ
“ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നുള്ളതല്ല അവരുടെ ലക്ഷ്യം, പകരം ഒരു ജാതി മേൽക്കോയ്മാ രാഷ്ട്രം സ്ഥാപിക്കലാണ്….
എനിക്ക് തോന്നുന്നത് ഉത്തർപ്രദേശിലൊക്കെ താമര ചിഹ്നം മാറ്റി ബിജെപി, ബുൾഡോസർ ചിഹ്നത്തിൽ മത്സരിച്ചാൽ വമ്പിച്ച ഭൂരിപക്ഷം കിട്ടാൻ സാധ്യതയുണ്ട്….
മുസ്ലിം ആണെങ്കിലും തീവ്രവാദിയല്ല, സ്ത്രീകളാണെങ്കിലും വിവരമുണ്ട്, കറുത്തിട്ടാണെങ്കിലും കള്ളനല്ല എന്നൊക്കെയുള്ള പ്രയോഗം ഉണ്ടല്ലോ, ഈ പ്രയോഗത്തിലെല്ലാം അടങ്ങിയിരിക്കുന്നത് ഈ കോമൺസെൻസാണ്…
ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകൻ എന്ന രീതിയിൽ എന്റെ അഭിപ്രായം, യതി നരസിംഹാനന്ദ സരസ്വതി മഹാരാജ ജിയെ 2021ലെ ടെററിസ്റ്റ് ഹീറോയായി പ്രഖ്യാപിക്കണം. ജയിലിൽ അടച്ചിട്ടില്ലെങ്കിലും നാഥുറാം വിനായക ഗോഡ്സെയുടെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തി ആദ്യത്തെ അവാർഡ് ഇയാൾക്ക് കൊടുക്കണം…
ബാബരി മസ്ജിദ് കഴിഞ്ഞപ്പോൾ ഉയർന്നത് അടുത്തത് കാശിയും മധുരയുമാണ് എന്ന മുദ്രാവാക്യമാണ്. അവരോടുവിൽ രണ്ടാമത്തെ ലക്ഷ്യത്തിലെത്തി എന്നു വേണ്ടേ കരുതാൻ
സത്യത്തിൽ 1992 ഡിസംബർ 6ലെ ബാബരി മസ്ജിദ് തകർക്കൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു വഴിതിരിവാവുകയാണ് ചെയ്തത്. സൂക്ഷ്മാർത്ഥത്തിൽ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ആട്ടിമറികളിലൂടെയാണ് ബാബരി മസ്ജിദിന്റെ അടിത്തറ അവർ പൊളിച്ചു മാറ്റിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന രണ്ടാമത്തെ ഭീകരപ്രവർത്തനമാണിത്. 1949 ഡിസംബർ 22 ന് അറുപതോളം വരുന്ന ഒരു മത ബോധവുമില്ലാത്ത രാഷ്ട്രീയ ഭീകരർ ബാബരി മസ്ജിദിന് അകത്തേക്ക് ഇടിച്ചു കയറി, എല്ലാ പ്രതിഷ്ഠാതത്വങ്ങളും കാറ്റിൽപറത്തിയാണ് രാമ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചത്. 12ആം നൂറ്റാണ്ടിലെ തന്ത്രസമുച്ഛയം, അതിന് വന്ന പലരുടെയും വ്യാഖ്യാനങ്ങൾ, അതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഈ പ്രതിഷ്ഠ മതപരമല്ല. അതുകൊണ്ട് തന്നെ അത് മതവിരുദ്ധവുമാണ്. ഏകദേശം ഒരു നൂറ്റാണ്ടായി നിലനിന്നു പോരുന്ന ഒരു ആരാധനാലയത്തിലേക്ക് വിഗ്രഹം ഇടിച്ചു കടത്തുന്നത് മതനിരപേക്ഷവിരുദ്ധമാണ്, മതവിരുദ്ധമാണ്. ഈ രാഷ്ട്രത്തിന്റെ, പ്രത്യേകിച്ച്, ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ കോടതി സംവിധാനങ്ങളെ വെല്ലുവിളിക്കലാണ്. ഒന്നാമത്തെഭീകര പ്രവർത്തനം 1948 ലെ ഗാന്ധി വധമാണെങ്കിൽ, രണ്ടാമത്തെ ഭീകരപ്രവർത്തനം ബാബരി മസ്ജിദിനകത്തേക്ക് വിഗ്രഹം ഇടിച്ചു കടത്തിയതാണ്. ഈ രാജ്യത്തെ ഹിന്ദുമത വിശ്വാസികളും, ഇസ്ലാം മത വിശ്വാസികളും, ക്രിസ്തു മത വിശ്വാകളും, നമ്മുടെ രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന പണ്ഡിറ്റ് ജവാഹ്ലാൽ നെഹ്റുവും ഈ വിഗ്രഹം അവിടെ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. നെഹ്റുവിന്റെ പ്രസിദ്ധമായ വാചകം, “സരയു നദിയിൽ ഒഴുക്കിക്കളയണം” എന്നാണ്. പക്ഷെ അത് സംഭവിച്ചില്ല. അതിന് കാരണമായത്, കുട്ടനാട്ടുകാരനായ കെ കരുണാകരൻ നായർ എന്ന കെ കെ നായരാണ്. അന്നത്തെ ഫായിസാബാദിലെ കളക്ടർ. മൗലികമായി നിലനിൽക്കുന്ന ചോദ്യം, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് മുകളിലാണോ കളക്ടർ എന്ന ചോദ്യമാണ്. തുടർന്ന് ചോദിക്കേണ്ട മറ്റൊരു ചോദ്യം അന്നത്തെ ജനസംഘം എങ്ങനെയാണ് കെ കെ നായർക്ക് പ്രതിഫലം കൊടുത്തത് എന്നതാണ്. കെ കെ നായരെയും അയാളുടെ ഭാര്യ ശകുന്തള ദേവിയെയും അവർ പാർലമെന്റ് അംഗങ്ങളാക്കി. കലക്ടർ പദവിയിലിരുന്ന് അദ്ദേഹം നടപ്പിലാക്കിയത് ഒരു സെക്കുലർ രാഷ്ട്രത്തിന്റെ കാഴ്ചപ്പാടല്ല. മറിച്ച് സംഘപരിവാർ കാഴ്ചപ്പാടാണ്. അത് മറ്റൊരർത്ഥത്തിൽ വിശകലന വിധേയമാക്കേണ്ടതുണ്ട്. 1948 ഫെബ്രുവരി 26ന് ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റു പട്ടേലിന് എഴുതിയ ഒരു കത്തിൽ പറയുന്നുണ്ട്, സ്റ്റേറ്റ് ആർഎസ്എസിനെ കുറിച്ച് രഹസ്യമാക്കി വെക്കുന്ന എല്ലാ വിവരങ്ങളും തൽസമയം അവർ അറിയുന്നുണ്ട്. ആർഎസ്എസ് ഭരണസംവിധാനത്തിൽ നുഴഞ്ഞുകയറി കഴിഞ്ഞിട്ടുണ്ട്, എന്ന്. ആ കത്തിന് 27ന് എഴുതിയ മറുപടിയിൽ, സവർക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭയുടെ പ്രവർത്തകരാണ് ഗാന്ധിയെ വധിച്ചതെന്നും നെഹ്റു പറഞ്ഞ നുഴഞ്ഞുകയറ്റം ശരിയാണെന്നും പട്ടേൽ പറയുന്നുണ്ട്. നുഴഞ്ഞു കയറ്റത്തെക്കുറിച്ചാണ് പട്ടേലും നെഹ്റുവും ഉൽക്കണ്ഠപ്പെട്ടതെങ്കിൽ കെകെ നായരുടേത് നുഴഞ്ഞുകയറ്റമോ ഒളിച്ചു കടത്തലൊ അല്ല, പകരം ഒരു സെക്കുലർ സ്റ്റേറ്റിനെതിരെ ഒരു ജില്ലാകലക്ടർ നടത്തിയ വെല്ലുവിളിയാണ്. അത് ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിന്നീട് ശ്രീരാമനൊപ്പമോ ശ്രീരാമന് ശേഷമോ ആരാധിക്കപ്പെടേണ്ട മഹത് വ്യക്തിത്വമാണ് കെ കെ നായർ എന്ന് സംഘപരിവാർ ആവർത്തിച്ച് പ്രഖ്യാപിച്ചു. ഞാൻ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നത് ബാബരി മസ്ജിദ്, ഒരു പള്ളി പൊളിക്കാനുള്ള അജണ്ട മാത്രമായിരുന്നില്ല. സെക്കുലർ കാഴ്ചപ്പാടുകൾ പുലർത്തുന്ന ചില ആളുകൾ വിചാരിച്ചിരുന്നു; ഒരു പള്ളി പൊളിച്ചതല്ലേ പകരം മറ്റൊരു പള്ളി പണിതാൽ പോരേ, അതിന്റെ പേരിൽ ഇത്രയും ഒച്ചപ്പാടും ബഹളവും ആവശ്യമുണ്ടോ, എന്ന്. സത്യത്തിൽ പള്ളിപൊളിക്കലല്ല. മറിച്ച്, പലതവണ വ്യക്തമാക്കപ്പെട്ടതുപോലെ ഇന്ത്യൻ ജീവിതത്തിന്റെ സമാധാനവും സംതൃപ്തിയും, സ്വസ്ഥതയും, സ്വൈര്യ ജീവിതവുമാണ് പൊളിക്കപ്പെട്ടത്. അതിന്റെ തുടർച്ചയിൽ നടന്ന കാര്യങ്ങൾ നമ്മൾ ഓർമിച്ചെടുക്കണം. 1992 ഡിസംബറിൽ പള്ളിപൊളിക്കലിന് ശേഷം, ഏഴാം തീയ്യതി അദ്വാനി രാഷ്ട്രത്തോട് മാപ്പുപറഞ്ഞു. നരസിംഹറാവു പള്ളി പുനർനിർമ്മിക്കുമെന്ന് വാക്ക് നൽകി. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ സംഘ പരിവാർ നിലപാട് മാറ്റി. അവർ പറഞ്ഞു ഭൂരിപക്ഷത്തിന്റെ ഹിതം അനുസരിക്കാഞ്ഞാൽ ഇങ്ങനെയൊക്കെ സംഭവിക്കും.

വീണ്ടും മാസങ്ങൾ കഴിഞ്ഞപ്പോൾ നിലപാട് കുറച്ചുകൂടി കടുപ്പിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ വിജയ ദിവസം കൊണ്ടാടി. തർക്കമന്ദിരമെന്ന് തുടർച്ചയായി പൊളിക്കുന്നതിന് മുമ്പ് വരെ പറഞ്ഞുകൊണ്ടിരുന്നു. പൊളിച്ചു കഴിഞ്ഞ് ഒരു നിർമിതി എന്നു മാത്രമാക്കി പറയാൻ തുടങ്ങി. 2020 ഓഗസ്റ്റ് 5 ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രധാന പൂജാരിയായി രാമക്ഷേത്ര നിർമിതിയുടെ തുടക്കം കുറിച്ചപ്പോൾ, ഇന്ത്യൻ ഫാസിസ്റ്റുകൾ അതിനെ വിശേഷിപ്പിച്ചത്, രാമക്ഷേത്രം നിർമിക്കാൻ ശ്രമിക്കുകയല്ല, രാമരാജ്യത്തിന് തറക്കല്ലിടുകയാണ് ചെയ്തത് എന്നാണ്. ബാബരി മസ്ജിദ് പൊളിച്ച ക്രിമിനലുകൾ സ്വാതന്ത്ര്യസമര സേനാനികൾ എന്ന പോലെ വാഴ്ത്തപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ, സെക്കുലർ ലൈഫ് ആട്ടിമറിക്കപ്പെട്ടു. അതാണ് ഏറ്റവും മൗലികമായ കാര്യം. അതിന്റെ തുടർച്ചയിൽ അന്ന് തന്നെ ജനാധിപത്യവാദികളിലെ ഒരു പക്ഷം അശ്വസിച്ചു; ബാബരി മസ്ജിദ് ആയിരുന്നല്ലോ തർക്കം, എന്തായാലും പൊളിച്ചു, താൽസ്ഥാനത്ത് രാമക്ഷേത്രം നിർമിച്ചു. തർക്കം തീർന്നു കിട്ടിയല്ലോ എന്ന് നിഷ്കളങ്കമായി അവർ വിചാരിച്ചു. പക്ഷേ അത് അവിടെ നിന്നില്ല. ഇപ്പോൾ ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം ഉണ്ട് എന്ന പ്രശ്നങ്ങളോട് ചേർത്തുവെച്ച് ബാബരി പ്രശ്നം നമ്മൾ വിശകലനം ചെയ്യുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, നിരന്തരമായി പലതിനോടും ബന്ധിപ്പിച്ച് വായിക്കാൻ സാധിക്കുന്നതുകൊണ്ടാണ് ബാബരി പ്രശ്നം അവസാനിച്ചിട്ടില്ല എന്ന് നമ്മൾ പറയുന്നത്. പക്ഷേ ഇങ്ങനെയൊരു വിലയിരുത്തൽ അപര്യാപ്തമാണ് എന്നാണ് എന്റെ പക്ഷം. കാരണം 2014 ന് ശേഷമുള്ള ഇന്ത്യയെ സവിശേഷമായി വിലയിരുത്തേണ്ടതുണ്ട്. ബിജെപിയുടെ തന്നെ ഒരു പ്രധാന പരസ്യവാചകം കടമെടുത്താൽ, “നെഹ്റുവിന്റെ ഇന്ത്യയല്ല നരേന്ദ്ര ഭാരതമാണ്” എന്ന വാചകത്തിൽ നിന്ന് ഈ വിശകലനം ആരംഭിക്കണം. ആ വാചകത്തിൽ തന്നെ ഒരു സൂക്ഷ്മ രാഷ്ട്രീയമുണ്ട്. നെഹ്റുവിന്റെ ഇന്ത്യ, നരേന്ദ്രമോദിയുടെ ഭാരതം. ഇത് സംഘപരിവാർ നേതാവ് മോഹൻ ഭാഗവത് പല തവണ പലയിടങ്ങളിൽ ആവർത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ബലാത്സംഗത്തെ കുറിച്ച് അഭിപ്രായം പറയേണ്ടുന്ന ഒരു വേദിയിൽ മോഹൻ ഭാഗവത് പറഞ്ഞത്, നിങ്ങളുടെ ഇന്ത്യയിലാണ് ഞങ്ങളുടെ ഭാരതത്തിലല്ല ബലാൽസംഗങ്ങൾ നടക്കുന്നത് എന്നാണ്. ഭാരതം പവിത്രമായ എന്തോ ഒന്നാണ് എന്ന മട്ടിലാണിത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഭരണഘടനാ വിരുദ്ധമായ, രാജ്യദ്രോഹപരമായ ഒരു നിലപാടാണ് അവിടെ പറഞ്ഞത്. കാരണം ഇന്ത്യയുടെ പേര് എന്താകണം എന്ന വിഷയത്തിൽ നമ്മുടെ ഭരണഘടനാ അസംബ്ലിയിൽ വലിയ ചർച്ചകൾ നടന്നിട്ടുണ്ട്. ആ സംവാദങ്ങൾക്കൊടുവിൽ വോട്ടിനിട്ട് സ്വീകരിക്കപ്പെട്ടപേരാണ് ഇന്ത്യ. ഭാരതത്തിനു 38 വോട്ടും ഇന്ത്യക്ക് 52/51 വോട്ടാണ് കിട്ടിയത്. പക്ഷേ എന്നിട്ടും ഇത്തരം ആശയപരമായ കാര്യങ്ങൾ കേവലം വോട്ടിന്റെ പേരിലല്ല തീരുമാനിക്കപ്പെടേണ്ടത് എന്നുള്ളത് കൊണ്ടാണ് ഇന്ത്യ എന്ന ഭാരതം എന്ന് നമ്മൾ പൊതുവിൽ അംഗീകരിച്ചത്. അങ്ങനെ അംഗീകരിച്ച ചരിത്രത്തെയാണ് മോഹൻഭാഗവത് അട്ടിമറിച്ചത്. പക്ഷേ, ഒരു നിരുപദ്രവകരമായ അഭിപ്രായപ്രകടനമായാണ് ആളുകൾ പൊതുവിൽ അതിനെ കണ്ടത്. വലതു ഫാസിസ്റ്റ് പക്ഷത്തുനിന്നുള്ള രാജ്യദ്രോഹപരമായ ഒരു നിലപാടിനെ നിരുപദ്രവകരമായി കാണാനാണ് നമുക്ക് സാധിച്ചത്. ഇതേ സമയത്ത് ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാടുകളെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്ന വലിയൊരു അട്ടിമറിയുടെ കാലത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. അതൊരു ബാബരിയിൽ തുടങ്ങിയതോ ഗ്യാൻവാപിയിൽ അവസാനിക്കുന്നതോ അല്ല. 2014ന് ശേഷം എന്തൊക്കെ ചെയ്തു സംഘപരിവാർ. രണ്ട് വിഷയങ്ങൾ; ഒന്ന്, സാമ്പത്തികമേഖലയിൽ പൊതുമേഖലാ സംവിധാനങ്ങൾ തകർക്കുന്ന കോർപ്പറേറ്റ് സംരംഭങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കുന്നു. നമ്മുടെ തുറമുഖം, നമ്മുടെ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ എന്തും വിൽപ്പനയ്ക്ക് വെക്കപ്പെടുന്ന അവസ്ഥ. രണ്ടാമത്തേത്, സാമൂഹിക വിവേചനത്തിന്റെ കാര്യമാണ്. ദളിതർ, ക്രിസ്ത്യാനികൾ, മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്നവർ, ട്രാൻസ്ജെന്ററുകൾ, സമാധാനവാദികൾ, ധൈഷണിക്കർ, എന്നിവരെയെല്ലാം, അപകീർത്തിപ്പെടുത്തുകയോ, അക്രമിക്കുകയോ, കൊല്ലുകയോ ചെയ്യുന്നു. ആൾക്കൂട്ടക്കൊല എന്നുള്ളത് 2014 ന് ശേഷം പൊതു രാഷ്ട്രീയ സ്ഥിതിയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷം ആണെങ്കിൽ അതിൽ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്വം ഉണ്ട് എന്നെങ്കിലും കരുതാം. അതേസമയത്ത് ഈ ആൾക്കൂട്ടകൊലപാതകങ്ങൾക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ആളുകൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക അംഗങ്ങളാണ് എന്ന് ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. അതേസമയം അവരെ ഫാസിസം റിക്രൂട്ട് ചെയ്യുന്നതാണ്താനും. ഗ്യാൻവാപിയിലേക്ക് ഊർജ്ജം പകരുന്നത് 2021 ഡിസംബർ 17 18 19 ദിവസങ്ങളിൽ നടന്ന ധർമ്മ സൻസദ് എന്ന വർഗീയ മാഫിയ സമ്മേളനമാണ്. തീർച്ചയായും ഇന്ത്യയ്ക്ക് 1893ൽ ചിക്കാഗോയിൽ വച്ച് നടന്ന മതമഹാസമ്മേളനത്തിൽ വിവേകാനന്ദൻ നടത്തിയ പ്രസംഗം ഓർമ്മിക്കാവുന്നതാണ്. അതുപോലെ 1924ന് ആലുവയിൽ വച്ച് ശ്രീനാരായണഗുരു നടത്തിയ സർവ്വമത സമ്മേളനത്തിലെ പ്രസംഗവും ഓർമ്മിക്കാവുന്നതാണ്. അതിനെയൊക്കെ അട്ടിമറിക്കുന്ന ആത്മീയ വർഗീയ പ്രസംഗമാണ് ഹരിദ്വാറിലെ ധർമ്മസൻസദിൽ നിന്ന് മുഴങ്ങിയത്. 2021 ഡിസംബർ 17 18 19 തീയതികളിലാണ് ഇത് നടന്നത്. 2022 ജനുവരി 12 ന് സാർവദേശീയ അടിസ്ഥാനത്തിൽ തന്നെ ഹരിദ്വാർ ധർമ്മ സൻസദിലെ ഭീകരർ തിരിച്ചറിയപ്പെട്ടു.

ഗ്രിഗറി സ്റ്റാൻഡണ്, ‘ജെനോസൈഡ് വാച്ച്’ എന്ന സാർവദേശീയ സംഘടനയുടെ ചെയർമാനാണദ്ദേഹം. ഉഗാണ്ടയിൽ വലിയൊരു വംശഹത്യക്ക് ഉള്ള വേദി ഒരുങ്ങുകയാണ് എന്ന് അദ്ദേഹം 1989ൽ പറഞ്ഞിരുന്നു. കൃത്യം അഞ്ചു വർഷങ്ങൾക്കിപ്പുറം 1994 ൽ അദ്ദേഹത്തിന്റെ പ്രവചനം 100% ശരിയായി. ലോകത്തിലെ ഏറ്റവും വലിയ വംശഹത്യയ്ക്ക് ഉഗാണ്ട സാക്ഷിയായി. കാശ്മീരിനെക്കുറിച്ചും ആസ്സാമിനെ കുറിച്ചും അദ്ദേഹം നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്, അതിന്റെ തുടർച്ചയിൽ ഹരിദ്വാറിൽ നടന്ന വിഷയം ആസ്പദമാക്കി, ഇതൊരു വംശഹത്യ യിലേക്കുള്ള പോക്കാണ് എന്നദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്യാൻവാപി അതിനോടാണ് ചേർത്തുവെക്കേണ്ടത്.

അത് ബാബരിയുടെ തുടർച്ച തന്നെയാണ്, സംഘപരിവാർ നയങ്ങളുടെ തുടർച്ചയുമാണ്. അതിന് ഊർജ്ജം നൽകുന്നതിൽ ബാബരി വഹിച്ച പങ്ക് വലുതാണ്. പക്ഷേ ബാബരിയും ഗ്യാൻവാപിയും നേരിട്ട് ബന്ധിപ്പിക്കുന്നതിന് പകര, ബാബരി പൊളിച്ചതിനു ശേഷം ഇന്ത്യയിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ള ഭരണഘടനാവിരുദ്ധമായ ഒരുപാട് പ്രവർത്തനങ്ങൾ ഉണ്ട്, ഹരിദ്വാറിലെ മതസമ്മേളനത്തിൽ പരസ്യമായി മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണം എന്ന് പറയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഗ്യാൻവാപിയെ കാണേണ്ടത്. അങ്ങനെ കൂട്ടക്കൊല നടത്താൻ മുന്നിട്ടിറങ്ങുന്ന ചെറുപ്പക്കാർക്ക് ഒരു കോടി രൂപയാണ് ആ സമ്മേളനത്തിൽ സമ്മാനമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ ചരിത്രത്തിൽ ഇതിന് സമാനതകളില്ല. ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകൻ എന്ന രീതിയിൽ എന്റെ അഭിപ്രായം, യതി നരസിംഹാനന്ദ സരസ്വതി മഹാരാജ ജിയെ 2021ലെ ടെററിസ്റ്റ് ഹീറോയായി പ്രഖ്യാപിക്കണം. ജയിലിൽ അടച്ചിട്ടില്ലെങ്കിലും നാഥുറാം വിനായക ഗോഡ്സെയുടെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തി ആദ്യത്തെ അവാർഡ് ഇയാൾക്ക് കൊടുക്കണം. അത്ര ഭീകരമാണ് ഇയാളുടെ പ്രഭാഷണം.

ഹിന്ദു മതമായിട്ടോ ഇസ്ലാംമതമായിട്ടോ ക്രിസ്തുമതമായിട്ടോ ഇതിന് ബന്ധമില്ല. ഗാന്ധിയുമായിട്ടൊ മാർക്സുമായിട്ടോ ഇതിനു ബന്ധമില്ല. ഇതിന് സവർക്കറുമായിട്ടും ഗോൾവാൾക്കറുമായിട്ടുമാണ് ബന്ധം.

ഇവരെല്ലാം സ്വാതി, യതി എന്നൊക്കെയാണ് അറിയപ്പെടുന്നത്. ആത്മോപദേശ ശതകത്തിൽ കപട യതിയെ കുറിച്ച് ശ്രീനാരായണ ഗുരു പറയുന്നത് ഇവിടെ കൂട്ടി വായിക്കാം. ഒപ്പം കർണാടകയിൽ ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ എടുത്തു മാറ്റുന്നതും, കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിനെ മാറ്റി അവിടെ ശ്രീ ശങ്കരാചാര്യരെ പ്രതിഷ്ഠിക്കാനുള്ള അജ്ഞയും അതിന് കേരളം വഴങ്ങാത്തതും എല്ലാം കൂട്ടിവായിക്കണം.
ബാബരിയുമായി ചേർത്തു മനസ്സിലാക്കുന്നതിന് പകരം ബാബരിക്ക് ശേഷം സംഘപരിവാർ നടത്തുന്ന വംശീയമായ വർഗീയമായ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കൂട്ടക്കൊലയിലേക്കെല്ലാം നയിക്കാൻ സാധ്യതയുള്ള, അടുത്ത പടിയായി ഗ്യാൻവാപിയെ കാണണമെന്ന് പറയുമ്പോൾ തന്നെ, 1885 ൽ മഹന്ത് രഘുബർ ദാസ് എന്ന വ്യക്തി അയോദ്ധ്യയിൽ രാമക്ഷേത്രം പണിയണം എന്ന ആവശ്യവുമായി കോടതിയെ ബന്ധപ്പെടുന്നത് മുതൽ, 1949 ൽ രാമ വിഗ്രഹം കയറ്റുന്നതുവരെയുള്ള സംഭവങ്ങൾ പരിശോധിച്ചാൽ, ഗ്യാൻവാപിയുമായി ഒരുപാട് സാമ്യതകൾ കാണാം. ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ കോടതിക്കു മുൻപിൽ വരുന്നു. കോടതി വീഡിയോ സർവ്വേ നടത്താൻ ഉത്തരവിടുന്നു. ആ വിഷ്വലുകൾ പുറത്തു വരുന്നു. അവിടെ ശിവലിംഗം ഉണ്ടെന്ന് പറയുന്നു. ആ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. സുപ്രീംകോടതി ഇടപെടുന്നു, ഇത് പടിപടിയായി ബാബരിയുടെ വഴിയേ തന്നെയല്ലേ പോകുന്നത്?
അത് ശരിയാണ് ബാബരി മസ്ജിദുമായി ഇതിനെ പല രീതിയിൽ ബന്ധിപ്പിക്കാവുന്നതാണ്. 1992 ൽ ഇന്ത്യൻ ഫാസിസ്റ്റുകൾ ബാബരി മസ്ജിദ് ഇടിച്ച് തകർക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. ബാബരി മസ്ജിദ് പൊളിക്കാൻ ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് കഴിഞ്ഞെങ്കിലും അതിനെതിരെ പ്രതിഷേധം ചെറിയ തോതിലാണെങ്കിലും നമ്മുടെ സമൂഹത്തിൽ തുടരുകയാണ്. എന്നാൽ 2022 ലേക്ക് നമ്മൾ എത്തുമ്പോൾ മേൽപ്പറഞ്ഞ ഫാസിസ്റ്റുകളാണ് ഇന്ത്യ ഭരിക്കുന്നത്. അതും മൗലികമായ ഒരു മാറ്റമാണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ബാബരി മസ്ജിദ് പൊളിച്ചതിൽ ഫാസിസ്റ്റുകൾ ആദ്യം ഒന്നു പതറിയെങ്കിലും പിന്നീട് അവരതിനെ അതിജീവിച്ചു. അതിജീവിച്ചപ്പോഴും രാഷ്ട്രീയാധികാരം പൂർണമായും അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പിന്നീടാണ് വാജ്പേയി വരുന്നത്. പക്ഷേ അന്ന് വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ 2014ലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പൂർണ്ണാർത്ഥത്തിൽ ഒരു സംഘപരിവാർ ഭരണം ഇന്ത്യയിൽ ഉണ്ടാകുന്നത്. അതിനു മുമ്പും ഇന്ത്യ സംഘപരിവാർ ഭരിച്ചിരുന്നെങ്കിലും ഞാൻ ഇങ്ങനെ പറയാൻ കാരണം, 2014 ൽ നരേന്ദ്രമോദി വരുന്നതോട്കൂടിയാണ് ആർഎസ്എസും ബിജെപിയും സമ്പൂർണ്ണമായി സംയോജിക്കപ്പെട്ടത്. ആർഎസ്എസും ബിജെപിയും തമ്മിൽ തുടക്കം മുതൽ ബന്ധമുണ്ട്. എന്നാൽ, ആർഎസ്എസ് ഒരു സായുധ സംഘടനയാണ്. ബിജെപി ബഹുജന സംഘടനയും. ബഹുജന സംഘടനയിൽ സംവാദങ്ങൾ പരിമിതമായ രീതിയിലെങ്കിലും സാധ്യമാകും. സായുധ സംഘടനയിൽ സംവാദമില്ല. ജനസംഘം ആയിരുന്ന കാലത്തും ഭാരതീയ ജനതാ പാർട്ടി ആയ സമയത്തുമൊക്കെ ആർഎസ്എസ് സ്വാധീനമുണ്ട് പക്ഷേ 2014 ലോടുകൂടിയാണ്, സ്വാധീനത്തിനപ്പുറം ബിജെപിയിൽ ആർഎസ്എസ് നേതൃത്വമുണ്ടാകുന്നത്. ആ രീതിയിൽ നോക്കുമ്പോൾ ബാബരി ഒരു റിഹേഴ്സൽ ആണ് എന്ന് വേണമെങ്കിൽ പറയാം, പക്ഷേ അതൊക്കെ 2014 ന് മുമ്പുള്ള രാഷ്ട്രീയ സാഹചര്യത്തിന്റെ യുക്തിയിലാണ് നമ്മൾ ജനാധിപത്യവാദികൾ വലിയ പ്രാധാന്യം നൽകിയത്. 2014 ന് ശേഷമുള്ള യുക്തി അതല്ല. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിൽ നടന്ന കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കുക. ആരാധനാലയങ്ങളുടെ മുകളിൽ കാവിക്കൊടി കെട്ടുക, അത് മുമ്പ് അമ്പലങ്ങളായതുകൊണ്ടൊന്നുമല്ല, അതൊരു ചലഞ്ച് ആണ്. ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ഒരു ചലഞ്ച്. ബാബരിയും ഗ്യാൻവാപിയും തമ്മിൽ ഒരു തരത്തിലുള്ള താരതമ്യവും സാധ്യമല്ല എന്നല്ല എന്റെ argument. തൊണ്ണൂറുകളിലെ ഇന്ത്യൻ അവസ്ഥയും, ഇന്നത്തെ അവസ്ഥയും തമ്മിലുള്ള മൗലികമായ വ്യത്യാസത്തെ കുറിച്ചാണ് ഞാൻ പറയുന്നത്. ഗ്യാൻവാപി അല്ല ഏറ്റവും വലിയ പ്രശ്നമാകാൻ സാധ്യതയുള്ള കാര്യം. അതിനെയൊക്കെ നിസ്സാരമാക്കുന്ന മറ്റു പല സംഭവങ്ങളും ഇന്ത്യയിൽ ഇനിയും സംഭവിക്കും. അത് നടന്നുകൊണ്ടിരിക്കുകയാണ്. വളരെ നിസ്സാരമെന്നു തോന്നുന്ന എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു സംഭവം കർണാടകയിൽ ഈ അടുത്ത കാലത്ത് നടന്നു. പുഴുങ്ങിയ മുട്ടയെ ചൊല്ലിയായിരുന്നു ആ തർക്കം. നമുക്ക് വിശ്വസിക്കാൻ കഴിയില്ല, സാധാരണ സസ്യഭുക്കുകളായ ആളുകൾ പോലും പുഴുങ്ങിയ മുട്ട സസ്യമായി കണ്ടു കഴിക്കാറുണ്ട്. സ്കൂളിൽ കുട്ടികൾക്ക് പുഴുങ്ങിയ മുട്ട കൊടുക്കുമ്പോൾ താല്പര്യമുള്ളവരെ കഴിക്കേണ്ടതുള്ളൂ. എന്നിട്ടും, താല്പര്യമില്ലാത്ത ഒരു ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് താല്പര്യമുള്ള ഒരു ഭൂരിപക്ഷത്തിന്റെ അവകാശം തട്ടി പറിച്ചെടുത്തു. അത് സൂക്ഷ്മമായി പരിശോധിച്ചാൽ വലിയൊരു പ്രശ്നമാണെന്ന് കാണാൻ സാധിക്കും. പോഷകാഹാരം ലഭിക്കുന്നതിലൂടെ ഉന്മേഷത്തോടെ ഊർജസ്വലരായി വിദ്യാർഥികൾ ക്ലാസ്മുറികളിൽ എത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി കൊണ്ടിരിക്കുമ്പോഴാണ് ഈ ലഹള മുഴുവൻ നടക്കുന്നത്. സംഘപരിവാർ നടത്തിക്കൊണ്ടിരുന്ന വിധ്വംസക പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇപ്പോൾ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെ കാണുന്നതിൽ തെറ്റില്ല, പക്ഷേ മുമ്പു നടന്ന കാര്യങ്ങളുടെ കേവല തുടർച്ചയല്ല എന്നും അതിൽ നിന്ന് വ്യത്യസ്തമായ ഒരു ഭീകരതയിലേക്ക് കാര്യങ്ങൾ വളർന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്. 2002ലെ വംശഹത്യ വളരെ വലുതു തന്നെ ആയിരുന്നു. എന്നാൽ ഇപ്പോൾ സംഘപരിവാർ പരീക്ഷിക്കുന്നത് അത്തരത്തിലുള്ള വലിയ വംശഹത്യകളല്ല. പകരം പല ഇടങ്ങളിൽ ചെറിയതോതിൽ ലഹളകൾ സംഘടിപ്പിക്കുകയും ആളുകളെ ഇല്ലാതാക്കുകയും ചെയ്യുക എന്ന പദ്ധതിയിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു. ഒന്ന്, വൻകിട വംശഹത്യകൾക്ക് ലഭിക്കുന്ന പ്രാധാന്യം ഇത്തരം ചെറിയ ലഹളകൾക്ക് ലഭിക്കില്ല. രണ്ട്, പലയിടങ്ങളിലായി സംഭവിക്കുന്നത് കൊണ്ടുതന്നെ ഒരിടത്തു നടത്തുന്നതിനും പ്രത്യേകമായ ശ്രദ്ധ ലഭിക്കില്ല. 2015 ൽ നടന്ന അഖ്ലാക്ക് കൊല ഇന്ത്യയൊട്ടാകെ ചർച്ചചെയ്യപ്പെട്ടു. പക്ഷേ അതിനുശേഷം എത്ര ആൾക്കൂട്ടകൊലപാതകങ്ങൾ ഇന്ത്യയിൽ നടന്നു, അതിനൊക്കെ ഇതേപോലെ ശ്രദ്ധ ലഭിച്ചിട്ടുണ്ടോ? ഇത് Normalisation of Violence ആണ്. ഹന്നാ ആരെന്ദ് ഒക്കെ പറയുന്ന പോലെ Benality of Evil. Brecht ഉം പറയുന്നുണ്ടിത്. ഞങ്ങളുടെ 10 സഖാക്കൾ കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ ജർമനിയുടെ പലഭാഗത്തുനിന്നും ഞങ്ങൾക്ക് വർദ്ധിച്ച പിന്തുണ ലഭിക്കുകയുണ്ടായി, എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100ഉം ആയിരവും ആവാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് ലഭിച്ച പിന്തുണ കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ അനീതി പേമാരി പോലെ കോരിച്ചൊരിഞ്ഞ അപ്പോൾ, “നിർത്തു..” എന്ന് പറയാൻ പോലും ഒരാളില്ലാതായിത്തീർന്നിരുന്നു. ഗ്യാൻവാപി ഇഷ്യൂവിനെ ഞാൻ രണ്ടായി ആണ് കാണാൻ ഉദ്ദേശിക്കുന്നത്. ഒന്ന് നിങ്ങൾ പറഞ്ഞതുപോലെ ബാബരി മസ്ജിദ് ന്റെ എല്ലാ വലിപ്പവും ഉൾക്കൊള്ളുന്ന അത്രതന്നെ പ്രാധാന്യമുള്ള സംഭവമായി. രണ്ടാമത്, സംഘപരിവാർ ഭരണകൂടത്തിന് കീഴിൽ നടക്കുന്ന ഒന്നായതുകൊണ്ട് തന്നെ നേരത്തെ സംഭവിച്ച പലതിനേക്കാളും ഭീകരതയുള്ള ഒരു അവസ്ഥയിലേക്ക് ചെന്നെത്തും എന്ന് കൂടി മനസ്സിലാക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നു. ഇതിലേക്ക് തന്നെയാണ് ഹലാൽ വിഷയത്തെയും നമ്മൾ കൊണ്ടുവരേണ്ടത്, ഇതിലേക്ക് തന്നെയാണ് മുത്തലാക്ക് വിഷയത്തെ നമ്മൾ കൊണ്ടുവരേണ്ടത്. ഏകീകൃത സിവിൽ കോഡിനു വേണ്ടി കളമൊരുക്കുന്നത് ഇതിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ടതുണ്ട്. ബാബരി നടക്കുന്ന സമയത്ത് ബാബരിയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. എന്നാൽ ഇന്ന് ഗ്യാൻവാപി നടക്കുന്ന സമയത്ത് ഗ്യാൻവാപി അല്ല ഏറ്റവും പ്രധാനപ്പെട്ട വിഷയം. മറ്റു പല വിഷയങ്ങളും സമാന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് ഇതിവിടെ നിൽക്കുന്ന ഒരു വിഷയമല്ല. ബിജെപി യ്ക്ക് ഒരുപാട് ലക്ഷ്യങ്ങളുണ്ട്. അതിൽ ഒന്ന് കോർപ്പറേറ്റ് സംരംഭങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നുള്ളത് തന്നെയാണ്. നരേന്ദ്രമോദി എന്ന വ്യക്തി ബിജെപിയുടെ ഒരു കേഡർ ആയി പ്രധാനമന്ത്രിസ്ഥാനത്തേക്ക് വന്ന ആളല്ല, മറിച്ച് കോർപ്പറേറ്റുകളുടെ വലിയ പിന്തുണയോടുകൂടി അവരുടെ തിരഞ്ഞെടുപ്പായി മുന്നോട്ടുവെച്ച പേരാണ്. അതിന് ഗുജറാത്തിൽ നൽകിയ ഒരുപാട് ഇളവുകൾ കാരണമായിട്ടുണ്ട്. ഇപ്പോൾ കാശ്മീരിലെ 370 ആം വകുപ്പ് എടുത്തുകളഞ്ഞത് പോലും ഈ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ്. അത് സംഘപരിവാറിന്റെ വർഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന് വിലയിരുത്തുമ്പോൾ തന്നെ, ഭൂപരിഷ്കരണം നടപ്പിലാക്കിയ ഒരു സ്ഥലമാണ് കാശ്മീർ. ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും അത് നടപ്പിലാക്കാൻ സാധിക്കാത്തത് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഇടപെടലുകൾ മൂലമാണ്. കാശ്മീരിൽ അത് സാധിച്ചത് 370 നിലവിലുള്ളതു കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇത് എടുത്തു മാറ്റുന്നത് കോർപ്പറേറ്റുകൾക്ക് കാശ്മീരിൽ കൂടുതൽ ഭൂമി സമ്പാദിക്കാൻ സഹായിക്കും. ഇതിനോടൊപ്പം ഒന്നു തിരുത്തി ചേർക്കേണ്ട കാര്യം, ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നുള്ളതല്ല അവരുടെ ലക്ഷ്യം, പകരം ഒരു ജാതി മേൽക്കോയ്മാ രാഷ്ട്രം സ്ഥാപിക്കലാണ്. അത് ശരിക്കും നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും ഭക്തി പ്രസ്ഥാനങ്ങളുമൊക്കെ പ്രചരിപ്പിക്കാൻ ശ്രമിച്ച വിശാല ഹിന്ദു മതത്തിന് എതിരാണ്. മീരാനന്ദയുടെ ഒരു പുസ്തകമുണ്ട്, “How Globalisation is Making India More Hindu” അതിൽ അവരു പറയുന്ന ഒരു പ്രയോഗമുണ്ട്, state-temple- corporate complex. ഈ മൂന്നുകാര്യങ്ങൾ ചേരുന്ന ഒരു സാമൂച്ഛയമായിട്ട് ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. അതാണ് Noam Chomski ‘അതിഭയാനകം’ എന്നു പറഞ്ഞത്. അതാണ് Gregory Stanton “വംശഹത്യയിലേക്ക് നീങ്ങുന്നു” എന്ന് മുന്നറിയിപ്പ് നൽകിയത്. അതിന്റെ പശ്ചാത്തലത്തിലാണ് അദ്വാനിയുടെ രഥത്തിനു പകരം യോഗി ആദിത്യനാഥിന്റെ ബുൾഡോസർ സംഘപരിവാറിന്റെ ചിഹ്നമായി മാറുന്നത്. എനിക്ക് തോന്നുന്നത് ഉത്തർപ്രദേശിലൊക്കെ താമര ചിഹ്നം മാറ്റി ബിജെപി, ബുൾഡോസർ ചിഹ്നത്തിൽ മത്സരിച്ചാൽ വമ്പിച്ച ഭൂരിപക്ഷം കിട്ടാൻ സാധ്യതയുണ്ട്.
ഉത്തർപ്രദേശ് പോലൊരു സംസ്ഥാനത്ത് ഒരു പൂജാരി മുഖ്യമന്ത്രിയായതിനെക്കുറിച്ചോർത്ത് മതനിരപേക്ഷ ഇന്ത്യക്ക് ലജ്ജിക്കാൻ സാധിക്കുന്നില്ല. ഇതു മുമ്പ് സംഭവിക്കാത്തതാണിത്. അതു പോലൊരു സ്ഥലത്താണ് ഇന്ത്യൻ മതനിരപേക്ഷതയുടെ വലിയ പ്രതീക്ഷയായി നൂർജഹാൻപുരിയിൽ കുടിയിറക്കപ്പെട്ട മനുഷ്യരോടൊപ്പം നിന്ന് സഖാവ് വൃന്ദാകാരാട്ട് “തൊട്ടുപോകരുത്.. ” എന്ന് പറയുന്നത്. മതനിരപേക്ഷ ഇന്ത്യയെ, ജനാധിപത്യത്തെ, ദളിതരെ ന്യൂനപക്ഷങ്ങളെ, നിസ്സഹായരായ മനുഷ്യരെ, ഇന്ത്യയെ ഇന്ത്യയാക്കിയ മൂല്യങ്ങളെയൊന്നും തൊട്ടുപോകരുത് എന്നാണ് പറഞ്ഞത്.
ജുഡീഷ്യറി ഇതിൽ ഇടപെടുന്നതിൽ ചില പ്രശ്നങ്ങളുണ്ടല്ലോ, 1991ൽ Prevention of Worship Act എന്ന നിയമം പാർലിമെന്റ് പാസ്സാക്കുന്നുണ്ട്. 1945ൽ സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഓരോ ആരാധനാലയങ്ങളും എങ്ങനെയാണോ ഉള്ളത്, അതുപോലെ തന്നെ നിലനിർത്തണം എന്നാണ് ആ നിയമം പറയുന്നത്. ബാബരി മസ്ജിദ് സംഭവിക്കുന്നത് അതിന് ശേഷമാണ്. ഗ്യാൻവാപി നടക്കുന്നത് അതിന് ശേഷമാണ്. എന്തുകൊണ്ട് കോടതികൾ ഈ നിയമം മുറുകെ പിടിക്കുന്നില്ല? വാരാണാസി കോടതി ഈ നിയമം ഉദ്ധരിച്ചിട്ടേ ഇല്ല. അത് ബാബരി കേസിൽ ഏറെ പ്രാധാന്യത്തോടെ സുപ്രീംകോടതി ഉയർത്തികാണിച്ച നിയമവുമാണ്. എന്തുകൊണ്ട് ഈ നിയമം ഒരു പ്രതീക്ഷയാകുന്നില്ല?
കോടതിയെ, ഭരണകൂടത്തെ, സ്റ്റേറ്റിനെ കുറിച്ച് പറയുമ്പോൾ ഭരണഘടനയുടെ നാല് തൂണുകളെ കുറിച്ച് പറയണം.Legislative,Executive, Judiciary, Media. നമ്മൾ സത്യത്തിൽ ഈ നാല് എണ്ണത്തിന്റെ കൂടെ ചേർക്കേണ്ട മറ്റൊരുകാര്യം ഉണ്ട്. അത് കോമൺസെൻസ് ആണ് കോമൺസെൻസ് എന്ന് പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് അന്തോണിയോ ഗ്രാംശി ഉപയോഗിച്ച അർത്ഥത്തിലാണ്. സാമാന്യജനങ്ങളുടെ ശരിയായ ബോധം എന്ന അർത്ഥത്തിലല്ല. മറിച്ച് ജനതയുടെ തിരിച്ചറിവിനെ തകർക്കുന്ന തരത്തിൽ ഭരണകൂട പ്രചാരണത്തിന് മേൽകോയ്മ സ്ഥാപിക്കുന്ന അധികാര കേന്ദ്രമായ ആശയങ്ങളാണ്. അതായത് ഒരു വ്യക്തി ഒരു സമൂഹം അവരുടെ തന്നെ നിലനിൽപ്പിന് എതിരായ ആശയങ്ങളെ സ്വാഭാവികമായി തന്നെ സാംശീകരിക്കുകയാണ്, അതിനെയാണ് കോമൺസെൻസ് എന്ന് അന്റോണിയോ ഗ്രാംശി പറഞ്ഞത്. തത്വചിന്തകർ അല്ലാത്തവരുടെ തത്വചിന്ത. ദ ഫിലോസഫി ഓഫ് നോൺ ഫിലോസഫേഴ്സ് എന്നു പറയുന്ന സാധനം ആണ്. അതായത് നമ്മുടെ പഴഞ്ചൊല്ല്, നമ്മുടെ ഐതിഹ്യം, നമ്മുടെ പാട്ട്, നമ്മുടെ കഥ, നമ്മൾ നടത്തുന്ന നിരവധിയായ പ്രയോഗങ്ങൾ; ഇപ്പോൾ, മുസ്ലിം ആണെങ്കിലും തീവ്രവാദിയല്ല, സ്ത്രീകളാണെങ്കിലും വിവരമുണ്ട്, കറുത്തിട്ടാണെങ്കിലും കള്ളനല്ല എന്നൊക്കെയുള്ള പ്രയോഗം ഉണ്ടല്ലോ, ഈ പ്രയോഗത്തിലെല്ലാം അടങ്ങിയിരിക്കുന്നത് ഈ കോമൺസെൻസാണ്. അതായത് സ്ത്രീകൾക്ക് മുഴുവൻ വിവരമില്ല എന്ന് ആദ്യം തന്നെ നമ്മൾ തീരുമാനിക്കുകയാണ് എന്നിട്ട് പെണ്ണുങ്ങൾ ആണെങ്കിലും വിവരമുണ്ട് എന്ന് നമ്മൾ കോംപ്ലിമെന്റ് ചെയ്യുന്നു. ഇത്തരത്തിലുള്ള സാമാന്യബോധം ആണ് പലപ്പോഴും കോടതികളിലൂടെയും മീഡിയകളിലൂടെയും കടന്നുവരുന്നത്. ജഡ്ജിമാർ നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും പരിശോധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. 1995ലാണ് രാജസ്ഥാൻ ഹൈക്കോർട്ടിൽ നിന്ന് കുപ്രസിദ്ധമായ ഒരു വിധി വന്നത്. അത് രാജസ്ഥാനിലെ ശൈശവ വിവാഹത്തിനെതിരെ സർക്കാർ നിയോഗിച്ച ക്ഷേമസമിതിയിലെ ഉദ്യോഗസ്ഥയായിരുന്ന ബൻവാലി ദേവിയെ സവർണ്ണർ ബലാത്സംഗം ചെയ്ത് കൊന്നു എന്ന കേസിലാണ്. ആ കേസ് രാജസ്ഥാനെ പിടിച്ചുകുലുക്കിയ കേസാണ്. അതിൽ 95 ൽ രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി വന്നു. വിധിയിൽ പറഞ്ഞത്, ബൻവാലി എന്ന അവർണ്ണ സ്ത്രീയെ സവർണ്ണ പുരുഷന്മാർ ബലാത്സംഗം ചെയ്ത് കൊന്നു എന്ന് കോടതി വിശ്വസിക്കുന്നില്ല, കാരണം സവർണ്ണർക്ക് അവർണ്ണരെ തൊടാൻ പറ്റില്ലല്ലോ, അപ്പോൾ എങ്ങനെയാണ് ബലാത്സംഗം ചെയ്യാൻ പറ്റുക? ഇത്തരത്തിലുള്ള ജാതി മേൽക്കോയ്മയുടെ ബോധമാണ് അവരെ ഭരിച്ചത്. കോടതികൾ ഒരേസമയത്ത് സൂക്ഷ്മമായ നിയമവ്യവസ്ഥയുടെ പരിച്ഛേദമാണ്. അതേസമയത്ത് ഈ സൂക്ഷ്മ നിയമവ്യവസ്ഥയെ നിർണയിക്കുന്നതിൽ സമൂഹത്തിന്റെ സാമാന്യബോധത്തിന് വലിയ പങ്കുണ്ട്. സച്ചിദാനന്ദന്റെ പഴയ ഒരു കവിതയിൽ ഇങ്ങനെ ഒരു വരിയുണ്ട്, “പോറ്റിയുടെ കോടതിയിൽനിന്ന് പുലയന് നീതി കിട്ടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?” എന്ന്. സുബ്രഹ്മണ്യൻ പോറ്റി അടക്കമുള്ള ആളുകൾ ഉയർന്ന നീതിബോധം പുലർത്തിയ ആളുകളാണ് അവരുടെ വിധികളെല്ലാം ഇന്ത്യയുടെ കോടതി വിധികളുടെ ചരിത്രം തിരുത്തി എഴുതിയ വിധികളുമാണ്. ജാതിയും മതവും അടങ്ങുന്ന ഒരു കോമൺസെൻസ് ഇതിനകത്ത് പ്രവർത്തിക്കുന്നുണ്ട്. ബാബരി മസ്ജിദ് വിധിയിൽ നമുക്ക് കോമൺസെൻസ് പ്രവർത്തിച്ചത് കൃത്യമായി കാണാം. തെളിവുകളുടെ അടിസ്ഥാനത്തിലല്ല കോടതി ഒരു നിലപാട് സ്വീകരിച്ചത്. പള്ളി പൊളിച്ച ആളുകളെ ശിക്ഷിക്കാനും കോടതിക്കു സാധിച്ചിട്ടില്ല. ആ കേസുകളൊക്കെ അനന്തമായി നീണ്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഒറ്റ ഉദാഹരണം പറഞ്ഞാൽ പെട്ടെന്ന് കാര്യം മനസ്സിലാവും, അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടു. Derek Chauvin എന്ന പോലീസുകാരന് അമേരിക്കൻ ചരിത്രത്തിലെ കടുത്ത ശിക്ഷ കിട്ടി.

7,8 മാസങ്ങൾ കൊണ്ടാണ് കോടതി എല്ലാ നടപടികളും പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. ജോർജ് ഫ്ലോയ്ഡിന്റെ മകൾ Gianna Floyd പറയുന്നു, എന്റെ അച്ഛൻ ലോകത്തെ മാറ്റിയിരിക്കുന്നു, എന്ന്. ഇന്ത്യയിൽ എത്ര ജോർജ് ഫ്ലോയ്ഡ് സംഭവങ്ങൾ ആവർത്തിച്ചു? FIR പോലും തയ്യാറാക്കിയിട്ടില്ല. ഏകദേശം 2020 ൽ ജോർജ് ഫ്ലോയ്ഡിന്റെ വധം നടക്കുന്നതിന് തൊട്ടു മുൻപാണ് ഡൽഹി കർദാമ്പുരിയിൽ ഫൈസാൻ എന്ന ചെറുപ്പക്കാരനെ പോലീസ് ഭീകരമായി മർദ്ദിച്ച് ജനഗണമന ചൊല്ലിക്കുന്നത്. ആ ചെറുപ്പക്കാരൻ പിന്നീട് മരിക്കുന്നു. അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം പോലും ഇല്ല. ഈ ക്രൂരത കാണിച്ച പോലീസുകാർക്കെതിരെ കേസില്ല. അമേരിക്കയിലെ ജോർജ് ഫ്ലോയ്ഡ് എവിടെ, ഇന്ത്യയിലെ ഫൈസാൻ എവിടെ. ഈയടുത്ത് ഒരു പോസ്റ്റൽ കവിത വായിച്ചു. അതിങ്ങനെയാണ്, “നിങ്ങൾ സൊഹാറാബുദ്ദീനെ കൊന്നു, സൊഹറാബുദ്ദീന്റെ ഭാര്യയെ കൊന്നു, സോഹറാബുദ്ദീന്റെ സുഹൃത്തിനെ കൊന്നു, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ കൊല്ലപ്പെട്ടു. സോഹറാബുദ്ദീന്റെ കേസിൽ വിധി പറയാനിരുന്ന ജഡ്ജ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. എന്നിട്ടും നിങ്ങൾ ചോദിക്കുന്നു, തെളിവുകൾ എവിടെ? “
സംഘപരിവാറിന്റെ കോമൺ സെൻസ്, സാമാന്യ യുക്തിയായി മാറി. ഒറ്റ നിലപാട് ഓർത്താൽ മതി. 2019 ലാണ് മോഹൻ ഭാഗവത് പറയുന്നത്, “ഇനി സംഘപരിവാർ ആശയങ്ങളുടെ വിജയകാലം” എന്ന്. ആ വിജയത്തിന്റെ വിഷവിത്തുകളാണ് അവർ കൊയ്തെടുക്കുന്നത്.

ഈ അടുത്ത ദിവസങ്ങളിലുണ്ടായ സുപ്രീംകോടതിയുടെ വിധികളും, ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ഇടപെടലുകളും, ഏറെ പ്രതീക്ഷ നൽകുന്നവയാണ്. പ്രധാനമന്ത്രിയെ വേദിയിലിരുത്തികൊണ്ട്, വ്യാജകേസുകൾ രജിസ്റ്റർ ചെയ്യുന്നത് സർക്കാരുകൾ അവസാനിപ്പിച്ചാൽ, കോടതി ഭരണകാര്യങ്ങളിൽ ഇടപെടുന്നത് കുറയും എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓടുവിൽ ഈ കഴിഞ്ഞ ദിവസം രാജ്യദ്രോഹക്കുറ്റം, കോടതി മരവിപ്പിച്ചിരിക്കുന്നു. ഇതെല്ലാം പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. എന്നാൽ ദിവസങ്ങൾക്കുള്ളിലാണ്, വാരാണാസി കോടതി ഗ്യാൻവാപിയിൽ വീഡിയോ സർവ്വേ നടത്താൻ നിർദേശിക്കുന്നത്.
കോടതികളെ കുറിച്ചു പറയുമ്പോൾ കാര്യങ്ങൾ കുറച്ചു സംഗീർണ്ണമാണ്. അവിടെ തെളിവുകളും രേഖകളുമാണ് വേണ്ടത്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കോടതി പ്രവർത്തിക്കുന്നത്. ഒരു ഫാസിസ്റ്റ് ഭരണകൂടം നിലനിൽക്കുമ്പോഴും, കോടതികൾ ഇന്ത്യയുടെ പ്രതീക്ഷ തന്നെയാണ്. എന്നാൽ ആ പ്രതീക്ഷ എല്ലായിപ്പോഴും പുലർന്നോളണമെന്നില്ല. 124 A മരവിപ്പിച്ചു എന്നുള്ളത്, വലിയൊരു ചുവടുവയ്പ്പാണ്. അത് ലോകം വളരെ ആവേശത്തോടെ നോക്കികണ്ടിട്ടുള്ള കാര്യവുമാണ്.

അങ്ങനെയുള്ള വിധികൾ ഉണ്ടാകുന്നുണ്ട്. നീതി എന്നതിനേക്കാൾ നിയമം എന്ന മണ്ഡലത്തിലാണ് നമ്മൾ കോടതിയെ കാണേണ്ടത്. അപ്പോൾ രേഖകളും തെളിവുകളും വേണം. അധികാരത്തിലിരിക്കുന്നവർക്ക് അത് വളരെ എളുപ്പമായിരിക്കും. കുമാരഗുരു ദേവൻ പറയുന്നുണ്ടല്ലോ, എല്ലാവരെക്കുറിച്ചും ചരിത്രത്തിലുണ്ട്, ഞങ്ങളെക്കുറിച്ച് ഒന്നും ചരിത്രത്തിലില്ല, എന്ന്. അധഃസ്തിത ജനവിഭാഗങ്ങൾക്ക് ഒരു ചരിത്രമുണ്ട്, പക്ഷെ അത് രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
