
മൂന്ന് കവിതകൾ

കാർത്തിക ശിവപ്രസാദ്
ചിന്തകളോട്
ഒഴുക്കുവറ്റിയ വെള്ളക്കെട്ടിൽ
മുട്ടയിട്ടു പെരുകുന്ന വാൽമാക്രികളെപ്പോലെ
തലവീർത്തുവീർത്ത്
ഉടൽ നീണ്ടു നീണ്ട്
പരക്കം പായുന്നതൊക്കെ കൊള്ളാം
വളർന്നു വളർന്ന്
പറന്നു പൊങ്ങി
മൂളി മൂളി നടക്കുമ്പോൾ
ഓർക്കണം
ആരാന്റെ തല്ലുകൊണ്ട്
ചത്തു വീഴുമെന്ന്..
ഭൂതം ഭാവിയോട്…
കരുതിയിരിയ്ക്കണം,
സ്വപ്നങ്ങളുടെ ആകാരവടിവിൽ
ചുളിവ് വീണിട്ടുണ്ട്
ശബ്ദത്തിന്റെ ഇടവഴികളിൽ
പരുപരുത്ത പ്രതലം പ്രതിധ്വനിപ്പിയ്ക്കുന്നുണ്ട്..
പറത്തിവിട്ട അപ്പൂപ്പൻതാടികളൊക്കെയും
മണ്ണിൽ മുഖം പൊത്തി
വിത്തു തേടുന്നുണ്ട്..
രാത്രിയുടെ ഉച്ചിയിൽ
കാതടപ്പിയ്ക്കെ
കുറുക്കനും കൂമനും കണക്കു കൂട്ടുന്നുണ്ട്
ഇരമ്പിവന്ന മഴയെത്തോൽപ്പിയ്ക്കാൻ
നെഞ്ചുവിരിച്ചു നിന്ന വെള്ളക്കൂണുകൾ
ഈർപ്പം നേർത്തുപിടിച്ച ജനലരികിൽ
മുളച്ചുപൊന്തിയിട്ടുണ്ട്..
ഭൂമി, ഇനിയും ജനിച്ചു
തീർന്നിട്ടില്ലാത്തവർക്കായിടം തേടുന്നുണ്ട്
പറഞ്ഞു തീരാത്ത കഥകളെ
പരിവർത്തനം ചെയ്യാനായിരിയ്ക്കാം
കാലം ഭാഷ തേടുന്നുണ്ട്.
കവിതയോട്
പെറുക്കിയടുക്കി
നിന്നെ എത്രനാളിങ്ങനെ സൂക്ഷിയ്ക്കും ?
നാണമില്ലല്ലോ ഇങ്ങനെ ഒളിച്ചിരിയ്ക്കാൻ
പുറം ലോകത്തെപ്പേടിച്ചാണെങ്കിൽ
സൂര്യനുദിയ്ക്കുന്നത്രേം കാലം
തഴുകാനും തലോടാനും
തച്ചു തലപൊളിയ്ക്കാനും
ആരങ്കിലുമൊക്കെ നിന്നെ തേടിവരും
ഇനി അതല്ല
ഈ കടലാസു കഷ്ണത്തിൽ
ചത്തു മലച്ച ഈച്ചപോലെ
പറ്റിപ്പിടിപ്പിച്ചിരിയ്ക്കാനാണ് ഭാവമെങ്കിൽ
ഓട്ടക്കണ്ണിട്ട് നിന്നെ നോക്കി നോക്കി
തീർന്നു പോവും എന്റെ ജന്മം…
നേർക്കു നേരെ യുദ്ധം ചെയ്യാത്തത് പേടിച്ചിട്ടല്ല,
ഒറ്റയമ്പുകൊണ്ട് നീ ചോരവാർന്നു തീർന്നാൽ
ഞാൻ തനിച്ചാവുമല്ലോ എന്നോർത്തിട്ടാണ്,
വാക്ക് വഴക്കിട്ടു പോവും
എന്നോർപ്പിച്ചത് കൊണ്ട് മാത്രം.