
വേര് മണ്ണ് തൊടുന്നതിലെ ആനന്ദങ്ങൾ…

കാർത്തിക കെ പ്രഭ
അന്ന്…
അടിവയറ്റിലെ തീ അണച്ച്
ഇറങ്ങി പോവാൻ
നേരം സൗമ്യമായി
അയാൾ പറഞ്ഞു
വരാൻ പോവുന്നത്
എന്റെ ‘പൊന്ന് ‘.
സ്നേഹിക്കപ്പെടാത്ത ഉടല്
എത്ര ഉലയിൽ നീറിപ്പഴുത്താലാണ്
ഹൃദയം എത്ര ആവർത്തി
ഉടച്ച് വാർത്താലാണ്
അയാളുടെ മാത്രം ‘പൊന്നി ‘നെ
നോക്കി എനിക്കൊന്ന്
ചിരിക്കാനാവുക.
അയാളുടെ നഖം
വരച്ച ചിത്രങ്ങളിൽ
ചോര കിനിയുമ്പോൾ
എൻ്റേതല്ലാത്ത പൊന്നിൻ്റെ
കരച്ചിൽ ഞാൻ കേൾക്കും.
ഓരോ തവണയും അയാളെൻ്റെ
ഹൃദയം ഉപേക്ഷിക്കുകയും
പരുത്ത ഉടൽ കൊണ്ട്
എന്നെ ആശ്ലേഷിക്കുകയും
ചെയ്യുമ്പോൾ
ആയുധം നഷ്ടപ്പെട്ട
പടയാളിയെ കാണും പോലെ
എനിക്ക് അയാളോട് സഹതാപം
തോന്നുന്നു.
അയാളെഴുതി വച്ച പഴയ
കവിത എന്നെ
നോക്കി ചിരിച്ചു…
,കുടിച്ചു വച്ച
ബീർ കുപ്പികളിൽ
വെള്ളം നിറച്ച് ഞാൻ
വച്ച ചെടികൾ വേരിറങ്ങാൻ
മണ്ണില്ലാതാവുന്നതിലെ
നിസ്സഹായത പഠിപ്പിച്ചു.
അയാളുടെ ഗന്ധം പുരണ്ട
ഉടുപ്പുകൾ
മരണവീട്ടിലെ നിസ്സംഗത
ഓർമ്മിപ്പിച്ചു…
അങ്ങനെ അങ്ങനെ
അയാളില്ലായ്മയിൽ മാത്രം
നിലക്കുന്ന വിഷാദത്തിൻ്റെ
അടിയൊഴുക്കുകളുണ്ടായി.
അന്ന്
എൻ്റേത് കൂടിയാണെന്ന്
തെറ്റ് ധരിപ്പിച്ച്
അയാളുടെ മേൽവിലാസം
തിരഞ്ഞ് വന്ന
ആനന്ദങ്ങളെ ഞാൻ
നിരസിച്ച് തുടങ്ങി.
എൻ്റെ ഉറക്കം കളഞ്ഞ
ഒരു കരച്ചിലിനു
കാത്തിരിക്കാതെ
ഞാനിറങ്ങിയോടി…

ചില്ല് പൊട്ടിച്ച്
ബീർ കുപ്പികളിലെ
ചെടി മണ്ണ് തൊടുന്നത്
അയാളപ്പോൾ നോക്കി നിന്നു…