
കപ്പിത്താന്റെ ഭാര്യ: ഒറ്റമൂലി മരുന്നാവുന്നൊരു വായന

തേജസ്വിനി ജെ. സി
കാണുന്ന സിനിമകളിലും കേൾക്കുന്ന വാർത്തകളിലും ചതിയും ചോരയും നുരഞ്ഞു പതയുന്നതാണ് കാലം. അടച്ചിരിപ്പ് നേരം കഴിഞ്ഞിട്ടും നിയന്ത്രണങ്ങള്‍ അയഞ്ഞു തുടങ്ങിയിട്ടും അനിശ്ചിതത്വങ്ങളങ്ങനെ തന്നെ ബാക്കിയുമാണ്. അങ്ങനെയിരിക്കെ, പൊടുന്നനെ മുന്നിലേക്ക് ഒരു ചോദ്യം വന്ന് വീഴുകയാണ്. എന്തു വേണമെന്നൊരു ചോദ്യം. ‘പ്രതീക്ഷ’യെന്ന ഒറ്റ വാക്കാവുമുത്തരം. മുന്നോട്ട് പോകാൻ ഇക്കാലത്ത് അങ്ങനെയൊരു വെളിച്ചമല്ലാതെ-ഇത്തിരിപ്പച്ചയല്ലാതെ വേറെന്തു വേണം. അത്ര തന്നെയാണ് കപ്പിത്താന്റെ ഭാര്യയും. ഉള്ളിലെ കനമിറക്കി വെച്ച് നിന്ന നില്പ്പിൽ അകത്താക്കാനാവുന്ന സന്തോഷത്തിന്റെ ഒറ്റമൂലി.
വെച്ചുകെട്ടലുകളില്ലാത്ത ഭാഷയാണതിന്റെ ചേല്. കണ്ണടച്ചിരുന്ന് കേട്ടാല്‍ കണ്ടിരിക്കാവുന്ന ദൃശ്യ ഭാഷയതിന് മേമ്പൊടിയാവുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രണയം തന്നെയാണ് കഥയുടെ കാമ്പ്. അതിലെ കാത്തിരിപ്പും നോവും നീറ്റലുമാണതിന്റെ നട്ടെല്ല്. പ്രേമമെന്ന് പറഞ്ഞാൽ തോമാച്ചന്റെയും ആനിയമ്മയുടെയും നല്ല സൊയമ്പൻ പ്രേമകഥയാണത്. തോമാച്ചന് പക്ഷേ അവളെക്കുറിച്ചുള്ള സ്വപ്നങ്ങളിലേക്കല്ലാതെ മറ്റെങ്ങോട്ടേക്കും കപ്പലോടിച്ചിട്ടില്ല. ആനിയമ്മ അയാളുടെ ഭാര്യയുമല്ല. നോവല്‍ പേരായി വിടർന്ന് നില്‍ക്കുകയും ഒന്നാമദ്ധ്യായത്തിനു മുന്നേയുള്ള കാരിക്കേച്ചർ ചിത്രത്തിൽ വിഷാദിച്ച് നില്‍ക്കുകയും ചെയ്യുന്ന കപ്പിത്താന്റെ ഭാര്യ പിന്നെയാരാണെന്ന് ചോദിച്ചാൽ, അവരുടെ- റോസിലിയാന്റിയുടെ കൂടെ കഥയാണിതെന്ന് കൂട്ടിയെഴുതേണ്ടി വരും. ഇവര്ക്കെല്ലാമപ്പുറം ആദ്യവസാനം കടലും കപ്പലും നോവലിലെ കഥാപാത്രങ്ങളാവുന്നു. മറ്റു പലതിനെയും കുറിക്കുന്ന എറ്റവും സൂക്ഷ്മമായ ബിംബമാവുന്നു. ഒക്ടോവിയ പാസും ഹെമിങ് വേയും മുതൽ രാജേഷ് ചിത്തിര വരെ ആരെല്ലാമോ കണ്ട കടലുകൾ കഥയിലെ വിട്ട ഭാഗങ്ങൾ പൂരിപ്പിക്കുന്നു.
‘പ്രേമലേഖന’മെന്ന ഭൂലോകപൈങ്കിളിപ്പേരിലൊരു നോവലെഴുതി, അതിനെ എണ്ണം പറഞ്ഞ ക്ലാസിക്കുകളുടെ കള്ളിയില്‍ കൊണ്ടോയിരുത്തിയ ബഷീറാണ് ഇക്കഥയിൽ ഇടനിലക്കാരൻ. പ്രേമത്തെക്കാൾ പൈങ്കിളിയും പഴഞ്ചനുമായ് എന്തെല്ലാം വിഷയങ്ങൾ അച്ചങ്ങായി അതിന് മുന്നും പിന്നും എഴുതിത്തളർന്നിട്ടുണ്ട്. അങ്ങനെ വന്നൊരു പ്രേതക്കഥയില് നിന്നാണ് തുടക്കം- ‘ഭാര്‍ഗവീനിലയ’ ത്തില്‍ നിന്ന്. അവിടുന്നങ്ങോട്ട് പ്രേമലേഖനം വരെ പ്രത്യക്ഷസാന്നിധ്യമായി മൂപ്പരീക്കഥയിലുണ്ട്. ഇടയില്‍ മതിലുകള്‍ കേറി വരും. ബഷീറിയൻ മതിലുകള്‍ അല്ല. റോസിലിയാന്റിയുടെ വീട്ടു മതില്. നിനച്ചിരിക്കാതെ വന്ന് പെടുന്ന ചില എടങ്ങേറുകളുടെ മതില്. രണ്ട് രാജ്യങ്ങൾക്കും രണ്ട് മനുഷ്യര്‍ക്കും പ്രണയങ്ങൾക്കുമിടയിലുയരുന്ന കടലാഴമുള്ള മതിലുകൾ.
കടൽ രണ്ടു കരകളെ ചേര്‍ത്തു നിർത്തുകയാണോ അവയെ മുറിച്ച് കടക്കുകയോയെന്ന് ഇടയ്ക്ക് നമ്മളും അതിശയിക്കും. അവസാനത്തെ പേജിന് മുന്നേ അതിശയപ്പെയ്ത്തിനുത്തരം കിട്ടുമ്പോൾ ഉള്ളാലെ ചിരിക്കും.

സിനിമയെഴുത്തുകാരനായ ബിപിന്‍ ചന്ദ്രന്റെ ആദ്യ നോവലാണത്. തിരക്കഥയനുഭവങ്ങൾ അയാള്‍ക്ക് എഴുത്തു വഴി എളുപ്പമാക്കിയതേയുള്ളുവെന്ന് കപ്പിത്താന്റെ ഭാര്യ അടിവരയിടുന്നു. പാട്ടും പ്രണയവും ഇടവേളയും ഇടിയുമെല്ലാം നേരം തെറ്റാതെ വരുത്തുന്ന മാജിക് തിരശ്ശീലയിൽ കണ്ടും തിരക്കഥയെഴുതിയും പരിശീലിച്ചതാവാനേ തരമുള്ളു.
ബിപിന്‍ ചന്ദ്രന്റെ തന്നെ തിരക്കഥയിൽ പിറന്ന ‘1983’ മായി സമയക്കണക്കിൽ ചില സാമ്യതകൾ കാണാം നോവലില്‍. ‘1983’ ല്‍ കാലത്തിന്റെ കണക്ക് പറയുന്നത് ക്രിക്കറ്റ് മത്സരങ്ങളാണ്. കപില്‍ ദേവ് കപ്പുയർത്തിയ കാലം, ആന്റിന തിരിച്ച് സിഗ്നല്‍ പിടിച്ച കാലം, കളർ ടി വി യില്‍ കളി കണ്ടു തുടങ്ങിയ കാലം, സച്ചിൻ വിട വാങ്ങിയ കാലമെന്നിങ്ങനെ ഓരോ കാലത്തിനുമൊപ്പം കളിക്കാഴ്ചകൾ ചേര്‍ന്നു കിടക്കുന്നുണ്ട്. ഇവിടെ, കഥയിലത് സിനിമയാവുന്നെന്ന് മാത്രം. മഞ്ജു വാര്യരെ വെച്ചൊരു സിനിമയ്ക്ക് എം ടി തിരക്കഥയെഴുതിയ കാലമെന്നത് നോവലിലെ ഒറ്റയാനുദാഹരണമല്ല. രാജാവിന്റെ മകനിലെ സംഭാഷണങ്ങളുമായി അനൗൺസ്മെന്റ് ജീപ്പ് പാഞ്ഞ് പോയ കാലം മുതൽ “അവളൊന്ന് ഒച്ചവെച്ചിരുന്നെങ്കിലെ” ന്ന് സോമന് ന്യായീകരണം നടത്തിയ ഹിറ്റ്ലറുകാലം വരെ, ലീലാമഹലിൽ അമരവും വൈശാലിയും കളിച്ച കാലം മുതൽ ടൈറ്റാനിക്കെന്ന പേരിലൊരിംഗ്ലീഷ് പടം പള്ളിപ്പറമ്പിൽ കളിച്ച കാലം വരെ പലയാവർത്തി സിനിമ സമയത്തിന് സാക്ഷ്യം പറയാൻ നോവലില്‍ വന്ന് പോകുന്നുണ്ട്. കപ്പല്കഥ പറഞ്ഞ സിനിമയ്ക്കൊപ്പമാണ് നോവലും അവസാനിക്കുന്നത്. കണ്ടു തീര്‍ത്തത് രണ്ടു മണിക്കൂര്‍ ദൈര്ഘ്യത്തിലൊരു സിനിമ തന്നെയല്ലേയെന്ന സംശയം അപ്പോഴേക്കും വായനക്കാരനെ പിടിമുറുക്കിത്തുടങ്ങിയിരിക്കും. എറ്റവും പ്രിയപ്പെട്ട ചില മുഖങ്ങളിൽ, താര ശരീരങ്ങളില്‍ അപ്പോൾ ആനിയും തോമസുകുട്ടിയും റോസിലിയാന്റിയും ജീവിച്ച് തുടങ്ങിയിരിക്കും.