
എന്താണ് കവിതയിലെ മാജിക്ക്?

കൽപ്പറ്റ നാരായണൻ
ഞാനത് സുഗതകുമാരിയുടെ കവിതയെ മുൻ നിർത്തി പറയാം. എല്ലാവരുടെ മനസ്സിലും സുഗതകുമാരിയുള്ള സമയമായത് കൊണ്ടാണ് ഈ ചിന്ത സുഗതകുമാരിയിലേക്ക് കയറുന്നത്.എന്താണ് കവിതയിലെ മാജിക്ക്?
പക്ഷിയിൽ ചിറകായിരുന്നതാണ് മനുഷ്യനിൽ കയ്യായത്. ചിലരിൽ ചിലപ്പോളത് വീണ്ടും ചിറകായി മാറുന്നു. എഴുത്തച്ഛൻ പഞ്ചസാരഗുളാദികളൊക്കെ സൽക്കരിച്ച് കിളിയെ പ്രസാദിപ്പിച്ചതിന്റെ പിന്നിലുമാച്ചിറകടിക്കാനുള്ള, ചിറ കട ക്കാനുമുള്ള മോഹമുണ്ടാവാം. ‘സ്മൃതിധാരയുപേക്ഷയാം തമോ വൃതി നീങ്ങിച്ചിലനാൾ സ്ഫുരിക്കയാം’ എന്ന് പറയുമ്പോൾ ആശാനും മറന്ന ചിറക് വിടർത്തലാണ് കവിത എന്ന് തന്നേയാണ് സുചിപ്പിക്കുന്നത്. ചിറകിൻ ശേഷി മറന്നുപോകലായി ജഡതയെ ആശാൻ പറയുന്നുമുണ്ട്. തന്റെ വെറും കൈ ചിറകായി പറന്നുയർന്നതിന്റെ കഥയാണ് തന്റെ കാവ്യരചനാനുഭവമെന്ന് സുഗതകുമാരി സുവ്യക്തമായി പറയുന്നു.
” ഒരു പഴയ കവിതയെപ്പറ്റി ഓർമ്മി ക്കുകയാണ്. എന്റെ ജീവിതത്തിലെ അത്യ
ധികം വേദനയും അസ്വാസ്ഥ്യവുമുള്ളൊരു കാലഘട്ടം. എന്തെങ്കിലും എഴുതിയേ തീരൂ
എന്ന് തോന്നിയ ഒരിരുണ്ട സായംകാലം. മുന്നിൽ ഒന്നുമില്ല. കണ്ണടച്ചിരുന്ന് ധ്യാനിച്ചപ്പോ
ൾ കണ്ടത് കടലാണ്. പച്ചത്തിരമാലകളാണ്.
എലിയട്ടിന്റെ ‘I have seen them riding sea ward on the waves ‘ എന്ന വരികൾ ഓർമ്മ യിൽ വന്നു. അശ്രദ്ധമായി ഞാനിങ്ങനെ കുറിച്ചു തുടങ്ങി.

കുതിച്ചു പൊങ്ങും തിരമാലകളുടെ
പുറത്ത് കേറിപ്പോവുമ്പോൾ
അടുത്ത വരി ഞാനറിയാതെ ഇങ്ങനെയായി. ത്സണൽത്സണൽത്സണനാദമുതിർക്കും
മണിച്ചിലങ്ക മുഴങ്ങുമ്പോൾ
ആ പൊരുത്തക്കേട് കണ്ട് പേന പെട്ടെന്ന് നിന്നു. ആദ്യത്തെ വരിയും രണ്ടാമത്തെ വരിയും തമ്മിൽ ബന്ധമൊന്നുമില്ല.
തുടങ്ങിയ വരികൾ വെട്ടിക്കളഞ്ഞിട്ട് വീണ്ടുമെഴുതിയപ്പോൾ പെട്ടെന്ന് രൂപമുണ്ടായി. ഓളമടിച്ചു സമുദ്രം പോലീ –
ക്കാളിന്ദീ നദി പൊങ്ങുമ്പോൾ
പിടഞ്ഞു പൊങ്ങും തിരമാലകളൊ –
ത്തിടഞ്ഞു പൊട്ടിച്ചിതറുമ്പോൾ
മാസ്മരവിദ്യയിലെന്നപോലെ ഒരു രൂപവും പെട്ടെന്ന് മുന്നിൽ തെളിഞ്ഞുയർന്നു”. ഒരു രയരലിന്റെ, ഒരു ടേക്കോഫിന്റെ കഥയാണ് സുഗതകുമാരി ഓർമ്മിക്കുന്നത്. വഴി കാണുക, രൂപം കിട്ടുക എന്നൊക്കെ കവികളല്ലാത്തവരും കവിത്വത്തോടെ പരിഹാരത്തെക്കുറിച്ച് പറയാറുണ്ടല്ലോ. ഉദ്ദശിച്ചതല്ലാത്ത ഇടത്തെത്തുന്നതിന്റെ
സുഖം സുഗതകുമാരിയിൽ നാം കൂടെ കൂടെ കാണുന്നു. തന്നിലെ വിഷം ചീറ്റുന്ന കാളിയൻ പടം താഴത്തി അടങ്ങുകയാണ്
പദം പദമായി. ക്ലേശങ്ങളിൽ കൃഷ്ണപാദ
ത്തിന്റെ മർദ്ദനങ്ങൾ സാക്ഷാത്ക്കരിക്കുക
യുമാണ്. സുഖമാവുകയാണ് ദുഃഖം. ഇരുട്ട് വെളിച്ചമായി മാറുകയാണ്. “പകുതി ലഹരിയിൽ, പകുതിയാനന്ദത്തിൽ, മുഴുവൻവേദനയിൽ ഒന്നൊന്നുമറിയാതെ അതിവേഗത്തിൽ ഞാനെഴുതി”. ഒരായിത്തീരലുണ്ട് (becoming) കാവ്യരചനയിൽ. അതുവരെയല്ലാതിരുന്നതായി കവിയും മാറുന്നു. ഈ കവിയൽ (transcendance) ‘ബീഹാർ’ പോലുള്ള കവിതകളെ നാനാമാനങ്ങളുള്ളതാക്കുന്നു.
തുടങ്ങിയപ്പോൾ സകല്പിക്കാത്തിടത്തെത്തു
ന്നുണ്ട് തന്റെ മികച്ച കവിതകളിലെല്ലാം സുഗതകുമാരി. “തെല്ലു മാത്രകൾ മാത്രം, എങ്കിലെന്താ മാത്രയി -/ ലല്ലു മാഞ്ഞല്ലോ ഞങ്ങളിത്തിരി വളർന്നല്ലോ..” കാവ്യമാർഗ്ഗം
മോക്ഷമാർഗ്ഗം തന്നെയായിത്തീരുന്നതിലേ
സൗഖ്യം തന്റെ വീട്ടുമുറ്റത്ത് കൃഷ്ണ രഥം നിറുത്തുന്നതായി കാണുന്നു. കൃഷ്ണ നീയെന്നെ അറിയില്ലയെന്ന തുടക്കം എന്നെയറിയുമ്പോലെ നീ നിന്നെപ്പോലുമറിയുന്നില്ല എന്നിടത്തെത്തുന്നു. “ഞാനിതറിഞ്ഞു
നിറഞ്ഞുയിർ കൊൾവൂ” എന്ന ഈകൈവല്യം തന്നെയാണ് സുഗതകുമാരിയുടെ വ്യത്യാസം. വ്യക്തിഗതമായ വേദനകളെ വിശ്വഗതമായി വികസിപ്പിക്കുന്ന സുഗതകുമാരിയുടെ മിടുക്കിനെപ്പറ്റി പണ്ടേ പറഞ്ഞിരിക്കുന്നു എസ്. ഗുപ്തൻ നായർ.
ആത്മാർത്ഥതയും ഒരർത്ഥമാണ്.
ഈ അർത്ഥത സുഗതകുമാരിയുടെ കവിതകളിൽ സന്നിധാനം ചെയ്ത് പല കാവ്യ പാ പങ്ങൾക്കും അപ്പപ്പോൾ പരിഹാരം ചെയ്യു ന്നു. “കഴിവല്ല കയ്യിൽ കുഴലുമായ് വന്നെന്റെ/ കഴിവുകളൊക്കെയും കൊണ്ടുപോയി”. അപൂർവ്വമോ നൂതനമോ അല്ല സുഗതകുമാരിയുടെ കാവ്യഭാഷ, പക്ഷെ അവയിലെ സത്യം അതിനെ അപൂർവ്വവും നിത്യനൂതനവുമാക്കുന്നു. സുഗതകുമാരിയുടെ പിൽക്കാല കവിതകളിൽ ആവർത്തനമുണ്ട്, സുഗതകുമാരിയുടെ മാത്രമായ കാവ്യമുദ്രകൾ അപ്പോഴും അവയെ ഹൃദ്യമാക്കുന്നു. സമാനഹൃദയനായ ആ അനുവാചകന് അതിലൊരു പരിഭവവും വരുന്നില്ല. അതിഭാവുകത്വമില്ലെന്ന് പറഞ്ഞു കൂട, മറ്റൊരാളിലായിരുന്നെങ്കിൽ നേരുകൊണ്ടതിങ്ങനെ മറ
ഞ്ഞിരിക്കുമായിരുന്നില്ല. “താരകയെ ക്കാണുമ്പോളതു രാവ് മറക്കും/ പാൽച്ചിരി
കണ്ടതു മൃതിയെ മറന്ന് സുഖിച്ചേ പോകും /
പാവം മാനവഹൃദയം”. ഈ മാനവൻ സകലരിലുമൊരേയളവിൽ ഉണ്ടാകാനിടയൊന്നും ഇല്ലെങ്കിലും സകലരുടെ കണ്ണും നനയ്ക്കുന്നു. സുഗതയുടെ അനുവാചകനാവൽ ഒരു കയറ്റം കിട്ടലാണ്. “ഹാ വെളിച്ചത്തിൻ ലോകമൊരു നോക്കറിയിച്ച ദേവനന്ദിനീ” എന്ന് നാം വിളിച്ചു പോവുന്നു, സ്തുതിച്ചു പോവുന്നു.
(കല്പറ്റ നാരായണനുമായുള്ള ചോദ്യോത്തര പംക്തി തുടരും)
2 Comments
മനസ് നിറഞ്ഞ അവതരണം
തൻ്റെ മുന്നിൽ കാണുന്ന യാഥാർത്ഥ്യങ്ങളിൽ ,മനസ്സിലെ സങ്കൽപ്പങ്ങളിൽ മറ്റാരും കാണാത്ത നിഘുഢതകളെ കണ്ടെത്തലാണ് കവിതയിലെ മാജിക്ക്. അത് തന്നെയാണ് കാരുണ്യത്തിൻ്റെ അപരനാമധേയമായ സുഗതകുമാരിയെന്ന കവയിത്രിയുടെ കവിതകളുടെ മാജിക്ക്.