
ലക്ഷം വാതിലുകൾ തുറന്ന് കൊണ്ടേയിരിക്കുന്നു

കെ.വി. ജ്യോതിഷ്
ചില യാത്രകൾ ഇങ്ങനെയൊക്കെയാണ്
തുടർന്ന് കൊണ്ടേയിരിക്കുക
കടന്നുകയറ്റങ്ങളുടെ കാലുകളിലൊന്ന്
ഇന്ത്യൻ ഭൂപടത്തിന്റെ
ചെവിക്ക് പിടിച്ചപ്പോൾ കുതറിമാറാൻ കഴിയാതെ
ഒരു കാറ്റ് നിലം തൊടാതെ നില്ക്കുന്നു !
ഭയം നിറച്ച് വന്ന ചങ്ങാതീ
നിനക്ക് വേണ്ടി ഞാനത് വിവർത്തനം ചെയ്യാം
നൂറ്റാണ്ടുകളുടെ ദുരിതപ്പെരുമയിൽ വിവിധങ്ങളായ് പണിത കടലിന്റെ വീടുകളാണവ.
കരളുറപ്പിന്റെകടലാഴങ്ങളിൽ
ദുരിതങ്ങൾ കൊണ്ട് പടവ് ചെയ്ത കടലിന്റെ വീടുകൾക്ക്
സ്നേഹത്തിന്റെ വാതിലുകളാണ് !
തിരക്കഥകളുടെ നങ്കൂരം
എന്നത്തേയും പോലെ
രാജ്യദ്രോഹത്തിൽ തന്നെ
കുരുക്കുടുമ്പോൾ
മറന്നു പോവരുത് കടൽ വീടിന്റ ആളറ്റങ്ങൾ തുടങ്ങുന്നതും
ഒടുങ്ങുന്നതും ദേശീയതയിലായിരുന്നെന്ന്.
പരീക്ഷണശാലയുടെ
വാതിലുകളുടെ
സാക്ഷ ദ്രവിച്ചു പോയിട്ടുമില്ല.