
പ്രേതം പ്രേമം പ്രാന്ത്

ജസ്റ്റിന് പി. ജയിംസ്
- പ്രേതം
ആഞ്ഞിലിക്കൊമ്പത്തിരുന്ന്
വാര്ക്കയ്ക്കടിയിലൂടെ
പല കോണില്‍ ടോര്‍ച്ചടിച്ച്
ആഞ്ഞിലിക്കുരു
ചവച്ചുതുപ്പി
ഹാളിലെ സ്റ്റെയറിറങ്ങി
അടുക്കളപ്പടിവരെ വന്നുമാഞ്ഞ്
അരികുമിന്നണ
സീല്ക്കാരത്തോടെ
എവിടോ കിടന്ന
പഴയ സ്റ്റിച്ചുപന്ത്
ചൊമരേലിട്ട് ക്യാച്ചെടുത്ത്
എന്റെ
ഞാന്‍ മാത്രമാകലിനെ
പ്രലോഭിപ്പിച്ച് പേടിപ്പിക്കും
പ്രേതം.
അപ്പൊ,
പൊത്തിപ്പിടിക്കാനൊരു
പാതിമനസ്സ് വേണമെന്ന
പൂതി പൂത്ത്
പൊറുതിമുട്ടും.

- പ്രേമം
കള്ളടിച്ച
ക്രിസ്മസ് രാത്രിപോലെ
അവന്
മഞ്ഞുവിരിച്ചു തണുക്കുമ്പോ
അടിവയറ്റിലെ
രോമമൊന്ന്
വേദനിപ്പിക്കാതെ കടിച്ചെടുത്ത്
ഇടത്തേ കാലിന്റെ
വിരല്ത്തള്ളയില്
മോതിരം കെട്ടും.
പേടി മാറും.
രാത്രിക്കുരാത്രി
വയറ്റിലൊണ്ടാവും.
- പ്രാന്ത്
പകലുപൊട്ടുമ്പോ
കൊച്ചിനെ
മുക്കിത്തൂറി ഫ്ലഷടിക്കും.
പിന്നെ
മൊലകളഴിച്ച്
അവന്റെ
നെഞ്ചത്ത് കെട്ടും.
ജീവനൊള്ളടത്തോളം
മൊലപ്പാല് കുടിക്കാന്‍
വരം തന്ന തള്ളക്ക്
തിരിതെളിച്ചൊരു
താരാട്ട് പാടും.