
കണ്ടാല്‍ മിണ്ടണ്ട

ജസ്റ്റിന് പി. ജയിംസ്
പാലം കേറുമ്പോ
പഴയൊരു
പച്ച
റാലി സൈക്കിള്‍
തന്നത്താന്‍
വേച്ചുവേച്ച്
നടക്കുന്നത് കണ്ടാല്‍
നിങ്ങളതിനെ
പിടിച്ചുനിര്‍ത്തി
കാര്യമന്വേഷിക്കാമ്പോകരുത്.
കൈവരിയില്‍
ചാരിനിര്‍ത്തി
പുഴയില്‍ ചാടിയ
ഉടമസ്ഥന്
ഇനിയും തിരിച്ചുവരാത്ത
സങ്കടത്തിലാണത്.

പാലത്തേലാളേക്കണ്ടാല്
ഡൈനാമോ കത്തിക്കും.
അടിമുടി പരതും.
കളഞ്ഞുപോയൊരൂര്.
കരയിലേക്കെടുത്തെറിയപ്പെട്ട
ചെകിളപ്പൂക്കളുടെ പെടപ്പ്.
ഉളുമ്പ് നാറ്റം.
ഒരു
മീങ്കാരന്
സൈക്കിളിന്റെ
പ്രാരാബ്ധ ചെതുമ്പലുകളൊക്കെ
അപ്പോള്‍
എഴുന്നുനിന്നേക്കാം.
പാവംതോന്നി
ആശ്വസിപ്പിക്കാനും ചെല്ലണ്ട.
അതുചിലപ്പോ
ഓര്‍ത്തോര്‍ത്ത്
വിതുമ്പിയേക്കും.