
ജോൺ എബ്രാമിന്റെ കയ്യൂർ: ചരിത്രവും മിത്തും

ഡോ. എൻ സാജൻ
കയ്യൂർ സംഭവങ്ങളെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യാൻ കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ തേജസ്വിനി പുഴയുടെ തീരത്ത് ഉള്ള കാർഷിക ഗ്രാമം ആയ കയ്യൂരിൽ ജോൺ എബ്രഹാമും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എത്തുന്നത് 1981 ൽ ആണ്. തെയ്യം, തോറ്റം പാട്ട്, പൂരക്കളി, പെരുംകളിയാട്ടം എന്നീ നാടൻ കലകളുടെ കലവറയാണ് കയ്യൂർ ഗ്രാമവും അതിന് ചുററുമുള്ള പ്രദേശങ്ങളും . 1938-41 കാലഘട്ടത്തിൽ ആണ് കയ്യൂർ കമ്മ്യൂണിസ്റ്റ് വിപ്ളവപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമാവുന്നത്. കയ്യൂരിലും സമീപ ഗ്രാമങ്ങളിലും കർഷകരുടെയും കർഷക തൊഴിലാളികളുടെയും നേതൃത്വത്തിൽ പ്രക്ഷോഭസമരങ്ങൾ ഉണ്ടായി.
ഈ പ്രക്ഷോഭസമരങ്ങൾക്ക് പല രീതിയിൽ ആക്കംക്കൂട്ടിയതും പ്രചോദനമേകിയതും രാഷ്ട്രീയ വേദി ഒരുക്കിയതും അവിടെ ഉണ്ടായിരുന്ന സാധാരണക്കാർ നയിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ കർഷക തൊഴിലാളികൾക്കും കർഷകർക്കും കരുത്തും സംഘടനാ ശക്തിയും ഉണ്ടാവുന്നത് രണ്ട് വിഭാഗങ്ങൾക്ക് ഭീഷണി ആയിത്തീർന്നു : നാടുവാഴികളായ ജന്മിമാർക്കും അവരെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിനും . രണ്ട വിഭാഗങ്ങളും അവരുടെ കിരാത ഭരണം നടത്തിയിരുന്നത് പോലീസിനെ ഉപയോഗിച്ചായിരുന്നു. കയ്യൂരിലെ കർഷകർ നാല് വർഷക്കാലത്തോളം (1938-41 ) ഭൂവുടമകളായ ജന്മിമാരും അവരുടെ കാവൽ ഭടൻമാരായ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പോലീസുമായി നിലനിൽപ്പിനുവേണ്ടിയുള്ള സന്ധിയില്ലാ പോരാട്ടത്തിൽ ആയിരുന്നു. ഒരു പക്ഷേ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സാധാരണക്കാരിൽ സാധാരണക്കാരായ നയിക്കുന്ന ആദ്യത്തെ വിപ്ളവ സമരം ആയിവേണം കയ്യൂർ സമരത്തെ നോക്കിക്കാണേണ്ടത്. ഉന്നത പഠനം നടത്തി സൈദ്ധാന്തിക നിരീക്ഷണങ്ങൾ സ്വാംശീകരിച്ച് പ്രത്യയ ശാസ്ത്രം സൂഹമനസ്സിൽ വിളക്കി ചേർത്ത ശേഷമുള്ള ദിശാസൂചിയോടെ നേതാക്കൾ നയിച്ച വിപ്ളവ പ്രസ്ഥാനം ആയിരുന്നില്ല കയ്യൂർ പ്രക്ഷോഭം.
ഇങ്ങനെയുള്ളത് കൊണ്ടായിരിക്കാം കയ്യൂർ സമരം ജോൺ എബ്രഹാം സിനിമ ആക്കുന്നതിന് മുമ്പ് തന്നെ ബംഗാളി സിനിമാ സംവിധായകൻ മൃണാൾ സെൻ ഈ പ്രക്ഷോഭ സമരത്തെ രാഷ്ട്രീയ സിനിമ ആക്കി ഇന്ത്യൻ സൂഹത്തിന്റെ മുമ്പിൽ എഴുപതുകളിൽ അവതരിപ്പിക്കാൻ തുനിഞ്ഞത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ Post- Nehruvian കാലഘട്ടമായിരുന്നു. അന്ന് സ്വതന്ത്ര ആധുനിക ചിന്താധാരകളും കലാസാഹിത്യ പ്രസ്ഥാനങ്ങളും സാംസ്ക്കാരിക കൂട്ടായ്മകളും സമാന്തര സംസ്ക്കാരങ്ങളും (subcultures) യൂണിവേഴ്സ്റ്റികളിലും കലാലയങ്ങളിലും പുഷ്ക്കലമായി ഉരുത്തിരിഞ്ഞു വന്ന കാലമായിരുന്നു. ദേശീയ രാഷ്ട്രീയ കക്ഷിയായ കോൺഗ്രസ് മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ബദലായി കുറേ ഇടതുപക്ഷ പ്രത്യയശാസ്ത്ര ആശയങ്ങൾ നാടകങ്ങളിലൂടെയും , സിനിമകളിലൂടെയും ,നോവലുകളിലൂടെയും കേരള സമൂഹം വായിച്ചറിഞ്ഞു. കേരളത്തിലെ കലാലയങ്ങൾ ഇവയൊക്കെ സ്വീകരിക്കുകയും അവിടെ ഉണ്ടായിരുന്ന ഇടതു പക്ഷ വിദ്യാർത്ഥി സംഘടനകൾ അവരവരുടേതായ സാംസ്കാരിക വേദികൾ രൂപീകരിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജ്, എറണാകുളത്ത് മഹാരാജാസ് കോളജ്, തൃശ്ശൂർ കേരള വർമ്മ കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് , തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവ എഴുപതുകളിൽ സംവാദസംസ്ക്കാരങ്ങൾക്ക് (discursive culture) സജീവ വേദികളായ് കേരളത്തെ പുരോഗമന ആശയങ്ങളിലേക്കും വിമോചന പ്രത്യയ ശാസ്ത്രങ്ങളിലേക്കും നയിക്കുകയുണ്ടായി. തീവ്ര കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടി ആയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്കിസ്റ്റ് ലെനിനിസ്റ്റ് (CPI-ML) ബംഗാളിലെ നെക്സലൈറ്റ് പ്രസ്ഥാനത്തെ മാതൃക ആക്കിക്കൊണ്ട് കേരളത്തിൽ പല ഇടങ്ങളിലും സജീവമായിരുന്നു. തീവ്ര ഇടതുപക്ഷ പ്രസ്താനം കൊണ്ടു വന്ന ഉന്മൂലന സിദ്ധാന്തവും, വർഗ്ഗ സമരവും സാംസ്ക്കാരിക വിപ്ള ആശയങ്ങളും കുറേയേറ ചെറുപ്പക്കാരെ വിപ്ളവ പ്രസ്ഥാനങ്ങളിലേക്കും പല രീതിയിലുള്ള സാംസ്ക്കാരിക ഇടപടലുകളിലേക്കും കൊണ്ടെത്തിച്ചു. പോലീസ് സ്റ്റേഷൻ ആക്രമണ ആസൂത്രണങ്ങൾക്കും വയനാട്ടിലെ ജന്മിമാർക്ക് എതിരായ action നുകളിലേക്കും തീവ്ര ഇടതുപക്ഷ പ്രവർത്തകർ തിരിയുകയുണ്ടായി.
ഈ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഫിലിം സൊസൈറ്റികളും, ലിറ്റിൽ മാഗസിനുകളും കേരളത്തിൽ സമഗ്രമായ തലത്തിൽ തന്നെ ആധുനികതയുടെ ആശയങ്ങളും തത്വസംഹിതകളും പ്രചരിപ്പിച്ചു. അന്ന് ലിറ്റിൽ മാഗസിനുകളിൽ പ്രശസ്തമായിരുന്ന സംക്രമണം, പ്രേരണ, ദൃശ്യകല, പടഹം എന്നിവയായിരുന്നു.
1980 ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ സി.പി.എം / സി.പി.ഐ ചേർന്ന് യോജിച്ച് കൊണ്ട് ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരുന്നു. അടിയന്തരാവസ്തയ്ക്ക് ശേഷം കേരളം ഒരു നെടുവീർപ്പോടെ ഒരു പാട് പ്രതീക്ഷകളുമായി ഉണർന്ന് എണീറ്റിരുന്ന കാലമായിരുന്നു അത്. 1981 – 82 കാലഘട്ടത്തിൽ നക്സലേറ്റ് സo ഘടന ആയ CPI (ML) ന്റെ സാംസ്ക്കാരിക പോഷക ഘടകമായ ജനകീയ സാംസ്കാരിക വേദിയിൽ ചില കാര്യങ്ങളെ ക്കുറിച്ച് കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നു. ജനകീയ സാംസ്ക്കാരിക വേദി വിട്ട് ഇറങ്ങി പോന്നവരുടെ കൂട്ടത്തിൽ വടക്കൻ കേരളത്തിലെ പ്രധാന പ്രവർത്തകർ കവിയൂർ ബാലൻ, ബി. രാജീവൻ, എ. സോമൻ , പി.സി. രവീന്ദ്രൻ എന്നിവരായിരുന്നു. സാംസ്ക്കാരിക വേദി വിട്ടു വന്ന വ്യക്തികൾ ഒത്തു ചേർന്ന് ചിന്തിച്ച് ആവിഷ്കരിച്ച സംസ്കാരിക ദൗത്യം തന്നെ ആയിരുന്നു കയ്യൂർ സിനിമ (a cultural mission). കവിയൂർ ബാലേട്ടന്റെ കാസർഗോടുള്ള നീണ്ട കാലത്തെ സാംസ്കാരിക ബന്ധങ്ങൾ ഈ ദൗത്യത്തിന് ആക്കം കൂട്ടിയ ഒരു പ്രധാന ഘടകം തന്നെ ആയിരിക്കാം ജോൺ വിഭാവനം ചെയ്തിരുന്നത്. ഒരു കൂട്ടായ തീരുമാനത്തിന്റെ വെളിച്ചത്തിൽ അവരെല്ലാം ജോണിനെ ഈ സിനിമ സംഭവിധാനം ചെയ്യാൻ ക്ഷണിച്ച് കയ്യൂരിനടുത്തുള്ള കാറടുക്ക എന്ന ഗ്രാമത്തിൽ കൂട്ടികൊണ്ട് പോവുകയാണ് ഉണ്ടായത്. എന്നാൽ ആഴ്ച്ചകളോളം ഉള്ള രാപ്പകൽ ചർച്ചകളും കയ്യൂരിലെ കുന്നുകളും , വയലുകളും , പുഴയും, ഉൾപ്രദേശങ്ങളും പിന്നെ അവിടെയുള്ള സംസൂഷ്ടമായ നാടോടി സംസ്ക്കാരവും എല്ലാം ജോണിന്റെ മനസ്സിൽ മറ്റുള്ളവർ ദർശിച്ചിരുന്നതിൽ നിന്നും കുറേ വ്യത്യസ്ത ഘടനകളും ഘടകങ്ങളും ഉള്ള ഇതിവൃത്ത കലവറയായി രൂപാന്തരപ്പെട്ടു (Fabula). മറ്റുള്ളവർ കയ്യൂരിന്റെ രാഷ്ട്രീയ ഘടകങ്ങൾ ചേർത്ത് അവരുടെ മനസ്സിൽ നിർമ്മിച്ച് എടുത്ത ജെസ്റ്റാർട്ട് (gestalt) ആയിരുന്നില്ല ജോണിന്റെ ബോധമനസ്സിൽ ഉണ്ടായത്.
കയ്യൂർ ചരിത്രം ചിത്രീകരിക്കാൻ രൂപീകരിച്ച സംഘത്തിലെ സേതു ഇ. മാധവൻ, സച്ചിദാനന്ദൻ, എൻ.ശശിധരൻ, കെ.ജി. ബേബി, ജോയ് മാത്യു, കെ. രാജീവൻ , മധുമാഷ്, കരീം, ഇ.പ്രഭാകര പൊതുവാൾ, കെ.പി മോഹനൻ (കയ്യൂർ സിനിമയുടെ നിർമ്മാതാവ്), ടി.ഗംഗാധരൻ (പലചരക്ക് കടക്കാരൻ), ദിവാകർ മേനോൻ (ക്യാമറാമാൻ), എന്നിവർ എഴുതിയ കയ്യൂർ സിനിമാ നിർമ്മാണ /സംവിധാനം അനുഭവക്കുറിപ്പുകളും ലേഖനങ്ങളും മുഖാമുഖ സംഭാഷണങ്ങളും വായിക്കുമ്പോൾ അവയൊക്കെ ചേർത്തു കൊണ്ട് തന്നെ ഇന്ന് ഒരു നല്ല കയ്യൂർ സിനിമ അപനിർമ്മിച്ച് / നിർമ്മിച്ച് എടുക്കാൻ സാധ്യതകൾ ഉണ്ട് . എൻ. സന്തോഷ് കുമാർ “ ജോൺ എബ്രഹാമിന്റെ കയ്യൂർ” എന്ന ശീർഷകത്തോടെ പ്രസിദ്ധീകരിച്ച ലേഖന സമാഹാരവും കയ്യൂർ സിനിമയുടെ തിരക്കഥയും ഇരുപത് വർഷങ്ങൾ കൊണ്ട് പൂർത്തീകരിച്ച കയ്യൂർ സിനിമാ ചരിത്ര സ്മരണികയാണ്. പുസ്തകത്തിന്റെ സമർപ്പണം പ്രത്യേകം ശ്ലാഘനീയമാണ്. “ കയ്യൂർ രക്തസാക്ഷികൾക്ക് , ജോണിന് , പരാജയപ്പെട്ടവരുടെ പരീക്ഷണങ്ങൾക്ക്”.
നാല്പത് വർഷങ്ങൾക്ക് മുമ്പ് ജോൺ തന്റെ ജനകീയ ഗവേഷണത്തിലൂടെ മനസ്സിലാക്കിയ fabula എന്തായിരുന്നു എന്ന് നാം ഇന്ന് അറിയുന്നത് നേരത്തെ പരാമർശിച്ച വ്യക്തികളുടെ കയ്യൂർ സ്മൃതി ചിത്രങ്ങളിലൂടെയാണ്. നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്ന ഈ കാലസന്ധിയിൽ നമ്മൾ കയ്യൂർ സമരത്തെയും , ജോണിന്റെ കയ്യൂരിനെയും , പരാജയപ്പെട്ടവരുടെ പരീക്ഷണ ശ്രമങ്ങളെയും സ്മൃതി പഠന സങ്കൽപ്പനങ്ങൾ (Concept of Memory Studies) ഉപയോഗിച്ച് വീണ്ടെടുക്കേണ്ടിയിരിക്കുന്നു.