
ജോൺ എബ്രഹാമിന്റെ കയ്യൂർ – ഭാഗം രണ്ട്

ഡോ. എൻ സാജൻ
കയ്യൂർ സമരഗാഥയുടെ fabula ആരംഭിക്കുന്നത് പൊലീസുകാരൻ സുബ്ബരായൻ മുങ്ങി മരിക്കുന്നതോടു കൂടിയാണ്. സുബ്ബരായൻ പോലീസ് കയ്യൂരിൽ പ്രതിഷേധ ജാഥ നടക്കുമ്പോൾ അക്രമോത്സുകനായി അതിനെ അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ജാഥയിലെ ആളുകൾ സുബ്ബരായനെ നിർബ്ബന്ധിച്ച് ചെങ്കൊടി പിടിപ്പിച്ച് നടത്തിച്ചതിന്റെ നാണക്കേട് ഒഴിവാക്കാനായി പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. കാര്യങ്കോട് പുഴയിലെ അടിയൊഴുക്കിൽ സുബയ്യൻ പെട്ടുപോവുകയും പിന്നീട് അദ്ദേഹത്തിന്റെ ബൂട്ടും യൂണിഫോമും അണിഞ്ഞ ജഢം മാത്രമായിരുന്നു കരയ്ക്കടിഞ്ഞിരുന്നത്. പിന്നീട് സംഭവിച്ചത് പൊലീസിന്റെ നരനായാട്ടും വ്യാപകമായ അറസ്റ്റുകളുമായിരുന്നു. അക്രമസംഭവങ്ങളിൽ കുറേപ്പേർ കൊല്ലപ്പെട്ടു, മറ്റു ചിലർക്ക് മാരകമായി പരിക്കേറ്റു, പിന്നെ ചിലർ ഒളിവിൽ പോയി. കർഷകസംഘത്തിലെ നാലുപേരെ ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റി : കോയിത്താറ്റിൽ ചിരുകണ്ഠൻ, മടത്തിൽ അപ്പു, പൊടവര കുഞ്ഞമ്പു നായർ , അബൂബക്കർ . 1943 മാർച്ച് 29 നു ആയിരുന്നു ഇവരെ തൂക്കിലേറ്റിയത്. ചൂരിക്കാടൻ കൃഷ്ണൻ നായരെ പ്രായപൂർത്തി ആകാത്തതിനാൽ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.
സ്വാതന്ത്ര്യ സമരത്തെ സാധാരണ കർഷകരും കർഷകതൊഴിലാളികളും ഏറ്റേടുത്തപ്പോഴുണ്ടായ സാമൂഹിക സാംസ്കാരിക മാറ്റൊലികൾ എന്തൊക്കെ ആയിരുന്നു എന്ന് ധിഷണാശാലി ആയ കലാകാരന്റെ കണ്ണിലൂടെ (“the eye of an artist”- D.H. Lawrence ) നോക്കിക്കാണുവാനായിരുന്നു ജോൺ ലക്ഷ്യമിട്ടിരുന്നത്. ജോണിന്റെ ഈ കണ്ണുകളെക്കുറിച്ച് പി. എം. മുരളീധരൻ ഓർത്തെടുക്കുന്നുണ്ട്. ആലുവയിൽ നടന്ന ചലച്ചിത്രാസ്വാദന കോഴ്സിൽ “ സിനിമ വെരിത്തേ” (Cinema Verite) എന്ന സങ്കല്പനത്തെ വിശദീകരിക്കാൻ Resource person മിനക്കെടുമ്പോൾ ജോൺ മുന്നോട്ട് വന്ന് ഒരു ഉദാഹരണം അവതരിപ്പിക്കുന്നു : “ കയ്യിൽ മൂവിക്യാമറയേന്തിക്കൊണ്ട് ഒരു പള്ളീലച്ചനോട് ചോദിക്കുന്നു. അങ്ങു മാസ്റ്റർബേറ്റ് ചെയ്യാറുണ്ടോ ? മറുപടി ഊഹിക്കാമല്ലോ. ഇല്ല. പക്ഷേ സത്യം ക്യാമറ അപ്പോഴേക്കും ഒപ്പിയെടുത്തിരിക്കും. ദാറ്റ് ഈസ് സിനിമാ വെരിത്തേ.” അപ്പോൾ “സിനിമാ വെരിത്തേ” എല്ലാവർക്കും മനസ്സിലായി. കയ്യൂർ സിനിമയുടെ ഇതിവൃത്ത ചേരുവകൾ ( സ്യൂഷേ – sjuzet) അനുവാചകന്റെ മുന്നിൽ എന്തൊക്കെ ആയിരിക്കണം എന്ന് ജോണിന് ഏറെക്കുറെ വ്യക്തമായ ഉൾക്കാഴ്ച്ച ഉണ്ടായിരുന്നു.
ഡോ. കെ. കെ.എൻ. കുറുപ്പിന്റെ “കയ്യുർ റയട്ട്,” വി.വി.കുഞ്ഞമ്പുവിന്റെ “കയ്യൂർ സമരചരിത്രം” പിന്നെ ഡോ. എം. ജി. എസ്. നാരായണനുമായുള്ള നീണ്ട ചർച്ച, മാതൃഭൂമിയുടെ പഴയ പത്രത്താളുകൾ, കയ്യൂരിലെ ജനങ്ങളുമായുള്ള കൂടിക്കാഴ്ച്ച, ചൂരിക്കാടൻ കൃഷ്ണൻ നായരുമായുള്ള അഭിമുഖം എന്നിവയൊക്കെ ആയിരുന്നു ജോണിനെ കയ്യൂർ സമരത്തിന്റെ മൊത്തം panoramic view യിലേക്ക് എത്തിക്കാൻ സഹായകമായ കാര്യങ്ങൾ. ഇവരിൽ നിന്ന് കിട്ടിയ സമഗ്ര വിവരങ്ങൾ അദ്ദേഹം പിന്നീട് കോർത്തിണക്കാൻ ശ്രമിച്ചത് കയ്യൂരിലെ പ്രകൃതിയോടും നാടോടി സംസ്കാരത്തിന്റെ ഭൂമികയോടുമായിരുന്നു. കാറടുക്കയിലെ ഗ്രാമീണരിൽ നിന്ന് ജോൺ തെയ്യവും, പൂരക്കളിയും പഠിച്ചെടുത്തു. അത് ഉത്തര മലബാർ സംസ്ക്കാരത്തിന്റെ സാമൂഹിക ബോധ- അബോധ മണ്ഡലങ്ങളിലേക്ക് ഇറങ്ങിചെല്ലുവാനുള്ള ഉത്തമമായ മാർഗമായി അദ്ദേഹം മനസ്സിലാക്കി.
കയ്യൂരിന്റെ വിമോചന വിപ്ളവ സമരചരിത്രത്തിൽ ജോൺ സന്നിവേശിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് പൂരക്കളിയുടെയും തെയ്യത്തിൻറെയും ദൃശ്യ- താള അടരുകളാണ്. പൊട്ടൻ തെയ്യത്തിന്റെ ദൃശ്യ സൂചകങ്ങൾ മിത്തിലൂടെ തന്നെ ജോൺ പുന:സ്യഷ്ടിക്കുന്നു. അടിസ്ഥാന വർഗ്ഗത്തിന്റെ ബോധങ്ങളിലേക്കും അടിയാളൻമാർ ദൈവങ്ങൾ ആയി കോപം കൊണ്ട് അവരെ ചൂഷണം ചെയ്യാൻ വരുന്ന ശത്രു വിഭാഗത്തെ ഉൻമൂലനം ചെയ്യുന്ന നാടകീയ മുഹൂർത്തങ്ങൾ ഒക്കെ തന്നെ കയ്യൂർ തിരക്കഥയിൽ വിഭാവനം ചെയ്തിരിക്കുന്നു. പൂരക്കളിയിലൂടെയാണ് കയ്യൂർ സമരഗാഥ വിരിയുന്നത്. പൂരക്കളിയിലെ രാമായണം ക്രമേണ ജനകീയ കഥാഖ്യാനങ്ങളായ് വർണ്ണിക്കപ്പെടുന്നു. തിരക്കഥയിൽ പോലീസ് വേട്ടയുടെ surrealist shot ശ്രദ്ധേയമാണ്. പൂർണ്ണമായി നഗ്നരാക്കപ്പെട്ട ആളുകളെ പാറപ്പുറത്തിട്ട് വലിച്ചു കൊണ്ടു പോകുന്ന shot ആണത്. പൊലീസ് മർദ്ദനത്തെ അതിന്റെ ഭീകരതയോടെ ചിത്രീകരിച്ചിട്ടുള്ള അപൂർവ്വം shot കളിൽ ഒന്നായ് മാറുമായിരുന്നു അത് സാധ്യമാക്കിയിരുന്നെങ്കിൽ.
ജോണിനും സംഘത്തിനും ഈ തിരക്കഥ സിനിമയാക്കാൻ സാധിക്കാതെ പോയതിന് പ്രധാന കാരണം നിർമ്മാതാവ് ഒരു ഘട്ടമെത്തിയപ്പോൾ പിൻവലിഞ്ഞതാണ്. കാറടുക്കയിലെ കെ.പി. മോഹനന്റെ കയ്യിലെ ഇരുപത്തി അയ്യായിരം രൂപയും അത് കഴിച്ച് ബാക്കി വരാൻ സാധ്യതയുള്ള എഴുപത്തഞ്ചായിരം രൂപ അദ്ദേഹത്തിന്റെ സഹപാഠി എൻ.ജെ. വിജയനും മുടക്കാൻ സമ്മതിച്ചതായിരുന്നു. പണം നൽകാൻ എറണാകുളത്ത് സമ്മു ആൻറ് കമ്പനി നടത്തിയിരുന്ന വിജയന്റെ അച്ഛനും സമ്മതമായിരുന്നു. പക്ഷേ ഏറെ താമസിയാതെ സിനിമാ സംബന്ധമായ ആവശ്യങ്ങൾക്ക് വിജയനും മോഹനനും മദിരാശിയിലേക്ക് പോയപ്പോൾ അവിടെ വച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അവരെ സിനിമയുടെ ഫണ്ടിങ്ങിന്റെ വിശദാംശങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുകയുണ്ടായി. 1981 നവമ്പർ 10 നാണ് കയ്യൂർ ആൽക്കീഴിൽ ഭഗവതി ക്ഷേത്രത്തിലെ ഒറ്റക്കോലം ഷൂട്ട് ചെയ്ത ശേഷം മോഹനനും വിജയനും പണത്തിനായി വിജയന്റെ അച്ഛന്റെ അടുക്കൽ വീണ്ടും മദിരാശിയിൽ എത്തുന്നത്. അപ്പോൾ വിജയന്റെ അച്ഛനെയും പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞിരുന്നു. കാര്യങ്ങൾ വളരെ അപകടകരമാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയ സാഹചര്യത്തിൽ ഇനി പണം മുടക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ഇതായിരുന്നു കയ്യൂർ സിനിമാ ദൗത്യം ജോണും സംഘവും അവസാനിപ്പിക്കാൻ കാരണമായത്. പോലീസിനെ സംബന്ധിച്ചേടത്തോളം ഇത് നക്സൽ സാംസ്കാരിക പ്രസ്ഥാനത്തിന്റെ ഒരു പരിപാടി മാത്രമായിരുന്നു. അത് കൊണ്ട് ഭരണകൂടം അപ്പോഴും കയ്യൂർ സിനിമയെ ഒരു ദേശ ദ്രോഹ കാര്യപരിപാടി മാത്രമായിക്കണ്ടു.
കയ്യൂർ ഷോട്ടുകൾ വെളിച്ചം കാണാതെ ഏതോ ഫിലിം റീലുകളിൽ ആർക്കൈവ് ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ archival memory ആയി കയ്യൂർ വിപ്ളവവും അവിടുത്തെ ജനങ്ങളും കളിയാട്ട കോലങ്ങളും വടക്കൻ കേരളത്തിന്റെ സാമൂഹിക സ്മൃതിയിൽ നിന്ന് മായുന്നില്ല. പൂർത്തീകരിച്ച ഏതാനും കുറച്ചു ഷോട്ടുകൾ, ജോണിന്റെ കത്തുകൾ, സംവിധായക സംഘത്തിലെ ജോൺ സുഹൃത്തുക്കളുടെ കയ്യൂർ അനുഭവക്കുറിപ്പുകൾ, വീണ്ടെടുക്കപ്പെട്ട കയ്യൂർ തിരക്കഥ എന്നിവ ഗതകാല സ്മരണകൾ ഉണർത്തുന്ന സൂചകങ്ങളായും ഭൂതകാലത്തെ വർത്തമാന കാലവുമായ് ചേർത്ത് ഇണക്കുന്ന Commemorative Memorabilia എന്ന നിലയിൽ വടക്കൻ കേരളത്തിന്റെ സാംസ്കാരിക സ്മൃതിയിൽ നിലനിൽക്കുന്നു. നൂറ്റി എഴുപത്തിമൂന്ന് സീനുകളിലായ് വിഭജിക്കപ്പെട്ട കയ്യൂർ സിനിമയുടെ തിരക്കഥയ്ക്ക് ജോൺ ദൃശ്യവിഭജനം (shot division) നടത്തിയത് നാല്പത്തി ഒന്ന് സീനുകൾക്കാണ്.
കയ്യൂർ അന്നും ഇന്നും ഒരു പാർട്ടി ഗ്രാമം തന്നെ പക്ഷേ വർത്തമാനകാലത്ത് കേൾക്കുന്നത് പോലെ ഭീകരതയുടെ അന്തരീക്ഷം നിഴലിച്ചു നിൽക്കുന്ന കമ്മ്യൂണിസ്റ്റ് ഗ്രാമം അല്ല എന്ന് ജോൺ മനസ്സിലാക്കിയിരുന്നു. ചരിത്രപണ്ഡിതന്മാരുടെ അക്കാദമിക് അഖ്യാനങ്ങൾക്ക് അപ്പുറം ഒരു പെർഫോമെമ്മറി (Perfor Memory) ദൃശ്യാവിഷ്ക്കരണമായിരുന്നു ജോൺ ലക്ഷ്യമിട്ടിരുന്നത്. നേരത്തെ സൂചിപ്പിച്ച ആഖ്യാന അടരുകൾ (fabula) അദ്ദേഹം തന്നെ കയ്യൂരിൽ ജീവിച്ച് സ്വരുക്കൂട്ടിയെടുത്തതാണ്. രക്തസാക്ഷികളുടെ ബന്ധുക്കളെക്കണ്ടും , നാട്ടുകാരുമായി സംസാരിച്ചും നിഷ്ക്കളങ്കരായ സാധാരണക്കാരുടെ സൗഹൃദത്തിന്റെ നന്മ ഏതെല്ലാം തലത്തിൽ കയ്യൂർ ഗ്രാമത്തിന്റെ മണ്ണിലും ആത്മാവിലും പുലർന്നിരുന്നു എന്ന് ഉൾക്കൊണ്ട ശേഷമാണ് ജോൺ തന്റെ കലാദാർശനിക ഭൂപടം (Inscape) കയ്യൂരിനെക്കുറിച്ച് നിർമ്മിച്ചെടുത്തിട്ടുള്ളത്. Cinema Verite എന്ന സകല്പനം തന്നെ ആയിരിക്കാം കയ്യൂരിന്റെ പിന്നാമ്പുറങ്ങളിലുള്ള യാഥാർഥ്യം പകർത്താൻ ജോൺ തിരഞ്ഞെടുത്തിരുന്നത്. കയ്യൂർ inscape ൽ ജോൺ പ്രധാനമായും ദർശിച്ചത് പൊട്ടൻ തെയ്യത്തിന്റെ ഒഴിച്ചു കൂടാൻ പറ്റാത്ത പ്രാധാന്യമായിരുന്നു. പലരോടും അദ്ദേഹം പറഞ്ഞിരുന്നത് പൊട്ടൻ ഒരു സാംസ്കാരിക പ്രതിഭാസമാണ് എന്ന രീതിയിൽ ആയിരുന്നു. പൊട്ടൻ തെയ്യത്തിന്റെ ജാതീയതയ്ക്കെതിരായ performative potential ജോണിനെ ആഴത്തിൽ ആകർഷിച്ച കാര്യമായിരുന്നു. “നിങ്ങളെ കൊത്ത്യാലും ചോര്യല്ലേ ചൊവ്വറേ….. നാങ്കളെ കൊത്ത്യാലും ചോര്യല്ലേ ചൊവ്വറേ….” എന്ന തോറ്റം പാട്ട് ജോണിൽ സർവ്വാത്മനാ ലയിച്ചിരുന്നു.

ജോയ് മാത്യുവിന്റെ ഓർമ്മയിൽ ജോണിന്റെ പൂരക്കളിയോടുള്ള അഭിനിവേശം വ്യക്തമാവുന്നു : “മുറ്റത്തു കത്തിച്ചു വെച്ച ഒരു പെട്രോമാക്സ് അതിന്റെ വൃത്ത പ്രതിഭയിൽ ഷർട്ട് ധരിക്കാത്ത ഒരു സംഘം പുരുഷൻമാർ ചുവടുകൾ വെക്കുന്നു… ഞാനും അവർക്കൊപ്പം ചുവടുകൾ വെച്ചു : ” വാസുദേവാ വാസുദേവാ, ആദിത്യ ഭഗവാനെ വാസുദേവാ എന്ന വരികൾ ഇപ്പോളും ബാക്കി നിൽക്കുന്നു.”

ജോണിന്റെ “അഗ്രഹാരത്തിലെ കഴുത” യിലും, “അമ്മ അറിയാനിലും”, കവിതകൾക്കും ശ്ലോകങ്ങൾക്കും ഇതിവൃത്തത്തെയും സാമൂഹിക അന്തർധാരകളെയും കോർത്തിണക്കുന്ന കാര്യത്തിൽ പ്രധാന പങ്ക് തന്നെ ഉള്ളതായ് നമുക്ക് കാണാം. അതുപോലെ കയ്യൂർക്കഥ ചുരുളഴിയുന്നതും നാടൻ കലകളുടെ ദൃശ്യ-ശ്രാവ്യ താള ലയങ്ങളിൽക്കൂടി ആയിരിക്കാം.
പാതിരാവിൽ കാസർഗോഡിനും കർണാടകയ്ക്കും ഇടയിലുള്ള ഏതോ ഗ്രാമത്തിൽ എത്തി പുലിക്കളി കണ്ട് തിരിച്ചു വരുമ്പോൾ പുലി വേഷക്കാരനെ നോക്കി ജോൺ പറഞ്ഞ വാക്കും ജോയ് മാത്യൂ ഓർമ്മിക്കുന്നു : “എന്തൊരു പുലി! ശരിക്കുള്ള പുലി ഇവനെക്കണ്ടാൽ നാണിച്ചു പോകും.” ആ വെളിപാട് (epiphanic) അനുഭവത്തിന് ശേഷം കയ്യൂർ സിനിമയിൽ പുലിക്കളി എങ്ങനെ വിളക്കിയെടുക്കാം എന്നതായിരുന്നു ജോണിന്റെ ആലോചന. നാടോടി കഥകളുടെയും മിത്തുകളുടെയും ഫ്രെയിമുകൾ പ്രയോജനപെടുത്തി ഫ്യൂഡൽ അധികാര ഘടനകളുടെയും കൊളോണിയൽ വാഴ്ച്ചയുടെയും ഒത്തു ചേർന്നുള്ള സങ്കീർണ്ണതകളെ അപനിർമ്മിച്ചെടുക്കുക (deconstruct) എന്നതായിരുന്നു ജോൺ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ഈ സിനിമാസംരംഭത്തെ PerforMemory എന്ന സങ്കര സങ്കല്പന (hybrid conceptualization of performance and memory) ത്തിന്റെ പരിപ്രേക്ഷ്യം ഉപയോഗിച്ചു വായിക്കാൻ ശ്രമിക്കുന്നത്.
കയ്യൂർ സംഭവങ്ങൾ അവിടെ ഉള്ള ജനങ്ങളുടെ മനസ്സിൽ ഒഴിയാബാധയായ് നിലനിൽക്കുന്ന ഓർമ്മ എന്നതിലുപരി അവരുടെ സാമൂഹിക സ്മൃതിയിൽ ചിരന്തനമായ വൈകാരികാഘാതമാണ് (a social trauma). പൊട്ടൻ തെയ്യവും, പൂരക്കളിയും, പെരുങ്കളിയാട്ടവും കയ്യൂർ ദേശാചാരങ്ങളുടെ ശാരീരിക പ്രയോഗങ്ങളാണ്. അവയുടെ അനുഷ്ഠാന നൃത്തങ്ങളും കോലങ്ങളും ശാരീരികാഭ്യാസത്തിലൂടെ അനാവരണം ചെയ്യുന്നത് സാമൂഹിക സ്മൃതിയിൽ നിറഞ്ഞു നില്ക്കുന്ന അനീതിയുടെ മുറിവുകളാണ്. ഫ്യൂഡൽക്കാലത്തുണ്ടായിരുന്ന സാമൂഹിക അനീതികളും കൊളോണിയൽ അധിനിവേശ ശക്തികളുടെ തിന്മകളും വിസ്മൃതിയിലേക്ക് മറഞ്ഞു പോവാതിരിക്കാൻ വേണ്ടിയുള്ള കലാനിർവ്വഹണങ്ങളാണ് അവയൊക്കെ.

ഏതൊരു നാടിനും അവിടെയുള്ള ജനങ്ങൾ കൊണ്ടാടുന്ന സ്മാരകോത്സവങ്ങൾ ഉണ്ടായേക്കാം (Commemorative practices). അങ്ങനെയുള്ള കയ്യൂർ സ്മാരകോത്സവങ്ങളുടെ ചരിത്രപരമായ ഉള്ളറകളെ ആഴത്തിൽ പരിശോധിച്ച് പുനസൃഷ്ടിക്കുക എന്ന ദൗത്യം ജോണും സംഘവും ഏറ്റെടുത്തിരുന്നു. അവിടെയുള്ള അവതാരകർ നൃത്ത ചുവടുകളിലൂടെയും ശാരീരിക ആവിഷ്ക്കാരങ്ങളിലൂടെയും അടിമത്തത്തിന്റെയും ഹിംസയുടെയും സംഘർഷങ്ങളുടെയും അന്തരിക ഭൂപടങ്ങൾ വരച്ചു കാട്ടി ഒരു ദേശത്തെയും സംസ്ക്കാരത്തെയും തന്നെ നിലനിർത്തിപ്പോരുന്നു. ഈ PerforMemory യുടെ അർത്ഥ സഞ്ചയങ്ങളെയും , വാചികമായ സഞ്ചയങ്ങളെയും , ദൃശ്യബിംബസഞ്ചയങ്ങളെയും കോർത്തിണക്കി രാഷ്ട്രീയമായ പ്രതിരോധ ചരിത്രം സാധ്യമാക്കി എടുക്കുക എന്ന labyrinthine mission ആയിരുന്നു ജോൺ ചുമലിലേറ്റിയത്. അത് പൂർത്തീകരിക്കാൻ ആവാതെ വന്നപ്പോൾ അതിന്റെ trauma അദ്ദേഹം മറികടക്കുന്നത് ഒഡേസ്സ എന്ന കൂട്ടായ്മയുടെ സഹായത്താൽ “അമ്മ അറിയാൻ” സംവിധാനം ചെയ്ത് കൊണ്ടാണ്.
ജോണിന്റെ ദുഃഖം പിന്നെ ഏറെക്കുറെ തീരുന്നത് 1986 ൽ “അമ്മ അറിയാൻ” ജനകീയ സിനിമ നിർമ്മിക്കപ്പെടുമ്പോഴായിരുന്നു. എന്നിരുന്നാലും കയ്യൂർ സിനിമാ സ്വപ്നം “ജോണിന്റെ ജലമാളിക” എന്നാണ് കാടകത്തെ തന്റെ ചെറിയ വീടും പരിസരവും ജോണിനും സംഘത്തിനും വേണ്ടി മൂന്ന് മാസക്കാലത്തോളം പങ്ക് വെച്ച എൻ. ശശിധരൻ മാഷ് നിരീക്ഷിക്കുന്നത്. കാടകത്തെ ജോൺ സംഭാഷണങ്ങളിൽ എപ്പോഴും കടന്നു വരാറുണ്ടായിരുന്ന വാക്കാണ് “ലാബിറിൻത്സ്”. ജോണിന് ഈ വാക്ക് എപ്പോഴും ഒരു ഒബ്സെഷൻ ആയിരുന്നത്രേ. “ലാബിറിൻത്സ്” എന്ന വാക്ക് ഉരുവിടുമ്പോൾ “ജോൺ തന്റെ ഉള്ളിലെ അന്തമില്ലാത്ത ഇടനാഴികളിലൂടെ ഹതാശനായി അലയുന്നത് പോലെ തോന്നും.” എല്ലാ സമൂഹങ്ങൾക്കും അവയുടെ ഉള്ളറകളിൽ ഓർമ്മകളുടെയും ചരിത്ര അടരുകളുടെയും മിത്തുകളുടെയും അന്തമില്ലാത്ത “ലാബിറിൻത്സ്” ഉണ്ടായിരിക്കും. അവ പല ഘട്ടങ്ങളിൽ യാഥാർഥ്യങ്ങളുടെയും കെട്ടുകഥകളുടെയും ഇന്ദ്ര ജാല ചെപ്പുകൾ (magic casements) നമ്മുടെ മുന്നിൽ തുറക്കുന്നു. ജോൺ കഥാവശേഷനായത് 1987 മെയ്യ് 30 നായിരുന്നു. ഇപ്പോഴും നമ്മൾ social theory അക്കാദമിക് തലത്തിൽ വായിക്കുമ്പോൾ അതിന്റെ സാമൂഹിക രാഷ്ട്രീയ labyrinths ജോണിലൂടെ വീണ്ടെടുക്കുന്നു. നമ്മൾ വായിക്കുന്ന അക്കാദമിക് തിയറികൾ ഏറെയും ഏതോ hyper reality യെ വിശദീകരിക്കുന്ന പോലെ തോന്നുമ്പോൾ ജോൺ സിനിമകൾ നമ്മളെ reality യുടെ ഇടയിലേക്ക് കൈപിടിച്ച് ആനയിക്കുന്നു.ജോൺഎബ്രഹാമിന് പ്രണാമം.

(ജോൺ എബ്രഹാം ലേഖന പരമ്പര അവസാനിക്കുന്നു)