
എന്ഡോസള്ഫാന് : ജനകീയാരോഗ്യത്തിന്റെ ഭാഗം

ജോബി ബേബി
കാസർകോട്ടെ കുബഡാജെ പഞ്ചായത്തിൽ ഒരു കുഞ്ഞു ജീവൻ കൂടി എന്ഡോസള്ഫാൻ കവർന്നതോടെ രണ്ട് മാസത്തിനുള്ളിൽ ഈ ദുരിതം പേറി മരണമടയുന്ന കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.കഴിഞ്ഞ രണ്ട് മാസം മുൻപാണ് 11വയസുകാരനും 5വയസുകാരിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരണപ്പെട്ടത്.കുബഡാജെ പെരിഞ്ചിലെ മുക്കൂർ കോളനിയിലെ ഒന്നരവയസുകാരിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.കുഞ്ഞിന്റെ മൃതൃദേഹവുമായി മാതാപിതാക്കൾ പതിനാല് മണിക്കൂറോളം നിസഹായരായി കാത്തിരുന്ന കാഴ്ച ഏവരുടെയും കണ്ണ് നനയിക്കും.ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മരണങ്ങൾ ഈ ദുരന്തത്തെക്കുറിച്ചു വീണ്ടും ചിന്തിക്കുന്നതിന് ഇടയാക്കുന്നു.
എന്താണ് എന്ഡോസള്ഫാൻ?
എന്ഡോസള്ഫാൻ എന്നത് ഒരു ഓർഗാനോക്ലോറിൻ കീടനാശിനിയാണ്.1950ൽ ബേയർ ക്രോപ്സ് സയൻസ് എന്ന കമ്പനി ആണ് എന്ഡോസള്ഫാൻ എന്ന കീടനാശിനി ആദ്യമായി നിർമ്മിച്ച് തുടങ്ങിയത്.സാധാരണയായി 7:3എന്ന അനുപാതത്തിൽ എന്റോആൽഫ,എന്റോബീറ്റ എന്നീ രണ്ട് ഐസോമറുകളായാണ് ഇത് കാണപ്പെടുന്നത്.ഇത് ജലത്തിൽ വളരെ ചെറിയ അളവിൽ മാത്രമേ ലയിക്കുകയുള്ളൂ.ജലത്തിൽ എന്ഡോസള്ഫാന്റെ ലയത്വം ഒരു ലിറ്ററിൽ 60-150മൈക്രോഗ്രാം ആണ്.ജലത്തിന്റെ അമ്ലത കുറയുന്നതിനനുസരിച്ചു എന്ഡോസള്ഫാന്റെ ലയത്വം കൂടുന്നു.മണ്ണിലും അവസാദത്തിലും എന്ഡോസള്ഫാന്റെ അംശം ജലത്തിലുള്ളതിനേക്കാൾ കൂടുതലായിരിക്കും.ഈ കീടനാശിനി തളിക്കുമ്പോൾ ഒരു ഭാഗം ബാഷ്പീകരിച്ചു അന്തരീക്ഷത്തിലേക്ക് പോവുകയും ബാക്കിയുള്ളവ മണ്ണിൽ വിഘടിക്കുകയും ചെയ്യുന്നു.മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ പ്രവർത്തനം,കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ എന്നിവ കൊണ്ടാണ് ഇത് വിഘടിക്കുന്നത്.ഈ പ്രക്രിയ ദിവസങ്ങളോ അല്ലെങ്കിൽ വർഷങ്ങളോ വരെ നീണ്ടു നിൽക്കാം.സാധാരണയായി എന്ഡോസള്ഫാൻ വിഘടിച്ചു എന്ഡോസള്ഫാൻ ഡയോൾ,എന്ഡോസള്ഫാൻ സൾഫേറ്റ് എന്നീ പദാർത്ഥങ്ങളായി മാറുകയും വളരെക്കാലം മണ്ണിൽ നിലനിൽക്കുയും ചെയ്യും.
ഹെക്സെയ്ൻ,മെഥിലിൻ ക്ലോറൈഡ് മുതലായക ലായകങ്ങൾ ഉപയോഗിച്ച് വേർതിരിച്ച ശേഷം ഗ്യാസ് ക്രോമാറ്റോഗ്രാഫ് എന്ന ഉപകരണം ഉപയോഗിച്ചാണ് എൻഡോസൾഫാന്റെ സാന്ദ്രത കണ്ടെത്തുന്നത്.മനുഷ്യ ശരീരത്തിലെ വൃക്കകളാണ് ഇത് പ്രധാനമായും അടിഞ്ഞുകൂടുന്നത്.മലം,മൂത്രം എന്നിവയോടൊപ്പം സാധാരണയായി ഇതു പുറത്തേക്ക് പോകാറുണ്ട്. നെല്ല്,പച്ചക്കറി,പരുത്തി,കശുമാവ്,കാപ്പി,പുകയില തുടങ്ങിയ തുടങ്ങിയ പല വിളകളിലും ഈ കീടനാശിനി പ്രയോഗിക്കാറുണ്ട്.ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലേക്ക് വരെ ഇത് വ്യാപിക്കുന്നു.കാറ്റിലൂടെയും,ജലത്തിലൂടെയും ഇത് വ്യാപിക്കുന്നതിനാൽ മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഇതു ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.കീടനാശിനി തളിച്ച സ്ഥലത്തെ വായു ശ്വസിക്കുന്നത്.കീടനാശിനി അടങ്ങിയ ജലം കുടിക്കുന്നത്.കീടനാശിനി കൊണ്ട് മലിനമായ മണ്ണുമായി സമ്പർഗം ഉണ്ടാകുമ്പോൾ. എൻഡോസൾഫാൻ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ.കീടനാശിനി കൊണ്ട് മലിനമായ ആഹാരം കഴിക്കുന്നത്.നേരിട്ട് ശരീരത്തിൽ പ്രവേശിക്കുന്നത് തുടങ്ങിയവയെല്ലാം അപകടം നേരിടാൻ സാധ്യതയുള്ള സാഹചര്യങ്ങളാണ്.
ഇന്ത്യയിലെ ഉത്പാദനം
എൻഡോസൾഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു ഇന്ത്യ.എക്സൽ ക്രോപ് കെയർ,എച്ച്.ഐ.എൽ,കോറമാണ്ടൽ ഫെർട്ടിലൈസേഴ്സ് എന്നിവയായിരുന്നു ഈ കീടനാശിനിയുടെ ഇന്ത്യയിലെ മുഖ്യനിർമ്മാതാക്കൾ.എൻഡോസൾഫാന്റെ ഉപോയോഗം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.ഇതിൽ യൂറോപ്പിയൻ രാജ്യങ്ങളും,ആഫ്രിക്കൻ അമേരിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്നു.തായോണക്സ്,എൻഡോസിൽ,ഫേസർ,ബെൻസോയ്പിൻ എന്നീ പേരുകളിലും ഇത് വിപണിയയിൽ ലഭ്യമാണ്.അമേരിക്കയിലെ പാരിസ്ഥിതിക ഏജൻസിയായ USEPA എൻഡോസൾഫാനെ ഒന്ന് ബി കാറ്റഗറി(ഏറ്റവും അപകടകാരിയായത്)യിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ലോകാരോഗ്യ സംഘടന(WHO)ഇതിനെ കാറ്റഗറി 2 ലാണ്(മിതമായ അപകടകാരിയായത്)വർഗ്ഗീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ വ്യാവസായിക വിഷത്വ ഗവേഷണകേന്ദ്രം(Industrial Toxicology Research Centre) ഇതിനെ ഏറ്റവും അപകടകാരിയായ കീടനാശിനിയായിയാണ് വിലയിരുത്തിയിരിക്കുന്നത്.United Nations Environmental Program(UNEP) എൻഡോസൾഫാനെ ദീർഘകാലം നിലനിൽക്കുന്ന ഒരു മാരകവസ്തുവായാണ് കണക്കാക്കിയിരിക്കുന്നത്.
കേരളത്തിൽ 1978-2000 കാലഘട്ടത്തിൽ കശുമാവിന്റെ പൂക്കുലകളെ ഉപദ്രവിക്കുന്ന തേയിലകൊതുകിനെ നശിപ്പിക്കാനാണ് എൻഡോസൾഫാൻ തളിച്ചത്.1990നു ശേഷം പലസ്ഥലങ്ങളിലും സെറിബ്രൽ പാൽസി,മനസികവൈകല്യം,ജനിതവൈകല്യങ്ങൾ,അംഗവൈകല്യങ്ങൾ എന്നിവ മൂലം കഷ്ടപ്പെടുന്ന ധാരാളം പരാതികൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.2000മുതൽ പല ഗവണ്മെന്റ് സ്ഥാപനങ്ങളും,കാർഷിക സർവകലാശാല,സാമൂഹിക സംഘടനകൾ,കേന്ദ്ര ഗവണ്മെന്റിന്റെ ഡോ:ദുബൈ കമ്മിഷൻ,National Institute of Occupational health എന്നീ സ്ഥാപനങ്ങളും കാസർഗോഡ് ഭാഗത്തുള്ള ദുരന്തങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകി.ഇതിൽ ഡോ.ദുബൈ കമ്മീഷൻ എൻഡോസൾഫാൻ തളിക്കുന്നതിനു അനുകൂലമായ റിപ്പോർട്ട് ആണ് നൽകിയത്.ബാക്കി കമ്മറ്റികൾ മിക്കവയും എൻഡോസൾഫാൻ നിരോധിക്കുകയോ വേണ്ട മുൻകരുതലുകൾ എടുക്കുകയോ വേണമെന്ന് നിർദ്ദേശിക്കുകയുണ്ടായി.2002ൽ കേരള ഹൈക്കോടതി എൻഡോസൾഫാന്റെ വിതരണവും ഉപയോഗവും തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.പല പഠന റിപ്പോർട്ടുകളുടെയും വെളിച്ചത്തിൽ 2003 ൽ കേരള സംസ്ഥാനം എൻഡോസൾഫാൻ ഉപയോഗം തടഞ്ഞു.2007ൽ സംസ്ഥാന ഗവണ്മെന്റ് Endosulfan Relief and Remediation cell നു രൂപം നൽകി.കാസർഗോഡ് ജില്ലയിൽ പ്രധാനമായും 11പഞ്ചായത്തുകളിലായാണ് എൻഡോസൾഫാൻ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ നേതൃത്വത്തിൽ ഈ 110പഞ്ചായത്തുകളിലും മണ്ണ്,ജലം,രക്തം,മറ്റു ജീവജാലങ്ങൾ എന്നിവയിൽ എൻഡോസൾഫാന്റെ അംശം അടങ്ങിയിട്ടുണ്ടോ എന്ന് പഠനങ്ങളും നടത്തി.
ആരോഗ്യരംഗത്തെ പ്രത്യാഘാതങ്ങൾ
2010 ൽ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ പരിശോധനക്കെത്തിയ രോഗികളെ പരിശോധിച്ചതിൽ 4182 പേരെ എൻഡോസൾഫാൻ ദുരിതബാധിതരായി കണ്ടെത്തി. ഇതിലൂടെ എൻഡോസൾഫാൻ ദുരിതബാധിതർ ഔദ്യോഗിക രേഖകളിലിടം കണ്ടെത്തി.ചികിത്സയും അത്യാവശ്യ മരുന്നുകളുടെ വിതരണവും തുടങ്ങി.എൻഡോസൾഫാൻ ഉപയോഗിച്ച് കഴിഞ്ഞു ഉടനെയുണ്ടാവുന്ന വിഷബാധപോലെ തന്നെ പ്രധാനപ്പെട്ടതാണ് ദീർഘകാലം കഴിഞ്ഞു കാണുന്ന രോഗലക്ഷണങ്ങളും.വളരെ കുറഞ്ഞയളവിൽ പോലും(0.002മില്ലിഗ്രാം/കിലോഗ്രാം)ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ എൻഡോസൾഫാൻ തകർക്കും എന്നതിനു സൂചനകൾ ലഭിച്ചുകൊണ്ടേയിരിക്കുന്നു.ഓർഗാനോ ക്ലോറിനുകൾക്കു ഹോർമോണുകളെ അനുകരിക്കാൻ കഴിയുമെന്നും അങ്ങനെ ശരീര പ്രക്രിയകളുടെ താളം തെറ്റിക്കാൻ കഴിയുമെന്നതിനും തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു.ഡി.ഡി.റ്റി,പി.സി.ബി, എൻഡോസൾഫാൻ തുടങ്ങിയ ഓർഗാനോ ക്ലോറിനുകൾ പുരുഷബീജങ്ങളുടെ എണ്ണവും ഗുണവും കുറയ്ക്കുന്നതിന് പുരുഷലൈംഗീക അവയവങ്ങൾക്ക് ക്ഷതം വരുത്തുന്നതിനും പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാക്കുന്നതിനും,കഴിഞ്ഞ 50വർഷമായി കൂടിക്കൊണ്ടിരിക്കുന്ന സ്താനാർബുദത്തിനു കാരണമാകുന്നതായും കണ്ടെത്തിയിരിക്കുന്നു.അടുത്തകാലത്തു ജപ്പാനിലെ ചില ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത് എൻഡോസൾഫാൻ ഉൽപരിവർത്തനത്തിനും ദ്രുദഗതിയിലുള്ള ജനിതകമാറ്റം കാരണമാകുന്നു എന്നാണ്.
ദീർഘകാലം ഈ കീടനാശിനിയുമായി സമ്പർഗം ഉണ്ടാവുകയാണെങ്കിൽ കരളും വൃക്കകളും തകരാറിലാകും.ഉയർന്ന അളവിൽ മനുഷ്യരിൽ വിളർച്ച(അനീമിയ)ഉണ്ടാക്കും.പോഷകാഹാരക്കുറവുള്ള ജനങ്ങളെയാണ് ഇത് ബാധിക്കുന്നതെങ്കിൽ പ്രത്യഘാതം കൂടുതൽ ഗുരുതരമായിരിക്കും.വളരെ ഉയർന്ന അളവിൽ ഉണ്ടാകുന്ന എൻഡോസൾഫാൻ വിഷബാധ വിറയൽ,ശ്വാസതടസ്സം,ഉമിനീർ വന്നുകൊണ്ടിരിക്കൽ,നീര് വയ്ക്കൽ,പിടച്ചിൽ എന്നിവ ഉണ്ടാകും.ഇത്തരം രോഗാവസ്ഥ വളരെനാൾ നീണ്ടുനിൽക്കുകയും ചെയ്യും.പ്രത്യുല്പാദന വ്യവസ്ഥയെയും ഈ മാരക വിഷം ബാധിക്കും.ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാരക്കുറവ്,സ്വഭാവത്തിൽ വരുന്ന വ്യതിയാനങ്ങൾ,മന്ദത,തൊലിയിൽ വൃണങ്ങൾ വന്ന് പൊട്ടൽ,തുടങ്ങിയവ പ്രത്യഘാതങ്ങളിൽ ചിലത് മാത്രമാണ്.സ്ത്രീകളിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പഠനങ്ങൾ കാണിക്കുന്നു.തളർച്ചയും,ക്ഷീണവും ഈ വിഷബാധയുടെ ലക്ഷണങ്ങളാണ്.തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നു.എൻഡോസൾഫാൻ വൃക്കകളെ ബാധിക്കുന്ന ഗ്ലോമറ്റലൊ നെഫ്രോസിസ് എന്ന രോഗത്തിനും കാരണമാകുന്നു.കൂടാതെ ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയെയും ഇത് ബാധിക്കുന്നതിന് ഇടയാക്കും.
എൻഡോസൾഫാൻ തൊലിയിലൂടെയും ശ്വാസത്തിലൂടെയും വായുവിലൂടെയും ശരീരത്തിനുള്ളിൽ കടക്കുന്നതിനാൽ അകത്തു എത്തിക്കഴിഞ്ഞു 20മിനിറ്റിനും 12മണിക്കൂറിനും ഇടയിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം.ആകുലത,ആകെ ഒരു സുഖമില്ലായ്മ,തലവേദന,ഛർദ്ദി,തല ചുറ്റൽ,വിറയൽ,വിറയലുകൾക്കിടയ്ക്ക് നാഡികൾ തളർന്നതിനാലുള്ള മാനസീകമായ തളർച്ച,ശ്വാസതടസ്സം കൊണ്ട് മരണം വരേയും സംഭവിക്കാം.ഇല്ലെങ്കിൽ ബോധമില്ലാതെ ദിവസങ്ങളോളം കിടക്കാം.മാരക വിഷബാധയേറ്റാൽ ഉയർന്ന രക്തസമ്മർദ്ദം,ല്യൂകോസൈറ്റോസിസ്,ടക്കികാർഡിയ,ഉപാപചയ പ്രവർത്തനങ്ങളുടെ താളം തെറ്റൽ,പനി എന്നിവയുണ്ടാകും.ഇത് നാഡികളുടെ(പ്രത്യേകിച്ചും സിംപതറ്റിക് നാഡീവ്യവസ്ഥ)പതിവിലും ഉയർന്ന തോതിലുള്ള പ്രവർത്തനം മൂലമാണ് സംഭവിക്കുക.ഉറക്കതടസ്സം,ഓർമ്മക്കുറവ്,പെരുമാറ്റത്തിലുള്ള വ്യതിയാനങ്ങൾ ഇവ ദിവസങ്ങളോളം തുടരാം.ഒരളവിൽ കൂടുതൽ എൻഡോസൾഫാൻ ഉള്ളിൽ ചെന്നാൽ ഡയൽഡ്രിന്റേതുപോലെയുള്ള വിഷബാധ ഉണ്ടാകും.മാരക വിഷമുള്ളതും നിരോധിച്ചതുമായ ഓർഗാനോക്ലോറിനാണ് ഡയൽഡ്രിൽ.
ദുരിതബാധിതർ നേരിടുന്ന വെല്ലുവിളികൾ
എൻഡോസൾഫാൻ കാരണം ദുരിതബാധിതരായ കുട്ടികൾക്കെന്നല്ല ഗുരുതര രോഗം ബാധിക്കുന്ന ആർക്കും തന്നെ വിദഗ്ധ ചികിത്സ കിട്ടാൻ കാസർകോട് ജില്ലയിൽ ഒരു സംവിധാനവുമില്ല. കിലോമീറ്ററുകൾ താണ്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും രോഗി മരിച്ചിട്ടുണ്ടാകും. മംഗളൂരുവിലേക്ക് പോകാനാണെങ്കിൽ ജില്ലാ അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. സമയത്തിന് ഈ രണ്ട് സ്ഥലങ്ങളിലും എത്താനായില്ലെങ്കിൽ രോഗികൾ മരണത്തിന് കീഴ്പ്പെടും.6272 പേരാണ് എൻഡോസൾഫാൻ ബാധിതരുടെ പട്ടികയിൽ ജില്ലയിലുള്ളത്. എത്രയോ പേർ പട്ടികയിൽപെടാതെ പുറത്തുനിൽക്കുന്നുണ്ട്.അതിനാൽ ഈ പാവങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ അകലെയുമായിരിക്കും. മെഡിക്കൽ ക്യാംപ് നടത്തിയാണ് സർക്കാർ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നത്. ആളുകളെ പട്ടികയിൽ നിന്നൊഴിവാക്കാൻ കണക്കെടുക്കാൻ വരുന്നവർക്ക് അതിയായ ഉത്സാഹമാണെന്ന ആരോപണവും ഉയർന്നിരുന്നു.
കാസർകോട്ടെ എൻഡോസൾഫാൻ ബാധിതർക്ക് വീടുവച്ചു നൽകാൻ 2015ലാണ് സർക്കാർ നടപടികൾ തുടങ്ങിയത്. എന്നാൽ പലർക്കും വീട് നൽകാതെ മിക്കവയും നശിച്ചുകൊണ്ടിരിക്കുന്നു. വീടു കിട്ടിയവർക്കാകട്ടെ മതിയായ രേഖകളും പട്ടയവും നൽകിയില്ല. പട്ടയമില്ലാത്തതിനാൽ വീടുകൾക്ക് പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ നൽകുന്നില്ല. അതിനാൽ റേഷൻ ഉൾപ്പെടെയുള്ള ഒരു ആനുകൂല്യങ്ങളും ഈ പാവങ്ങൾക്ക് ലഭിക്കുന്നില്ല. രേഖകൾ ഇല്ലാത്തതിനാൽ സ്വയം തൊഴിൽ കണ്ടെത്താനും കഴിയുന്നില്ല. കുടുംബശ്രീ യൂനിറ്റ് പോലും സ്ഥാപിക്കാൻ പറ്റാത്ത അവസ്ഥ. സന്നദ്ധ സംഘടനകൾ നിർമിച്ചുനൽകുന്ന വീടുകൾ പോലും ജില്ലാ ഭരണാധികാരികൾ ഓരോ കാരണം നിരത്തി ഇരകൾക്ക് നൽകാതിരിക്കുകയാണ്.എൻഡോസൾഫാൻ ബാധിതരുടെ പുനരധിവാസം അടക്കമുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഉദ്ദേശിച്ച് സംഘടിപ്പിച്ചതായിരുന്നു റെമഡിയേഷൻ സെൽ. ഇതിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമായി.
ദുരിത ബാധിതർക്ക് വിദഗ്ധ ചികിത്സ ലഭിക്കാനായി സർക്കാർ ആശുപത്രികളിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ദുരിത ബാധിതരുടെ ആവശ്യത്തിനും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.എൻഡോസൾഫാൻ ബാധിതരായവരുടെ ചികിത്സയും പുനരധിവാസവും സംബന്ധിച്ച് സുപ്രിം കോടതി വിധിയും ഇതുവരെ സർക്കാർ നടപ്പിലാക്കിയിട്ടില്ല. ഈ ആവശ്യം ഉയർത്തി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഇപ്പോഴും സമരത്തിലാണ്. പക്ഷേ ഇരകളായ ആലംബഹീനരുടെ രോദനവും നിലവിളിയും ആര് കേൾക്കാൻ.
(കുവൈറ്റിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ കെ.ഒ.സി ഹോസ്പിറ്റലിൽ രെജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്നു)