കേരളത്തിലെ ആരോഗ്യരംഗം: പോകാനുണ്ട് ഇനിയുമേറെ ദൂരം

ജോബി ബേബി
കഴിഞ്ഞ ഒന്നര വര്‍ഷത്തോളം ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു.എന്നും ഈ മഹാമാരി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്തരം മഹാമാരികളെ(പാന്റമിക്സ്)തടയുന്നതിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് വേണം ആരോഗ്യരംഗത്തു വരും കാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്.തികച്ചും അപരിചിതമായ ഒരു വൈറസിന്റെ അക്രമണത്തോടെയാണ് 2020തുടങ്ങിയത്. ഒരു വര്‍ഷം തികയുന്ന ഈ ഘട്ടത്തിലും കോവിഡ് മഹാമാരി നമ്മളെ വിട്ടുപോകാതെ കൂടിയും കുറഞ്ഞുമിരിക്കുന്നു.ഇത്തരത്തില്‍ ആഗോളതരത്തില്‍ ഒരു മഹാമാരി വരുമ്പോള്‍ നമ്മുടെ രാജ്യവും നമ്മുടെ സംസ്ഥാനവും ഏതെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നുള്ളത് നമ്മെളെ ഓര്‍മ്മിപ്പിക്കുന്ന കാലഘട്ടമാണിത്.ഒരു സ്ഥിരം സംവിധാനം കേരളത്തെ/ഭാരതത്തെ സംബന്ധിച്ചടുത്തോളം ഉണ്ടാകണമെന്ന ആവശ്യകതയ്ക്ക് നാം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതായിട്ടുണ്ട്.
പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക എന്നുള്ളത് തന്നെയാണ് ഇതിന് ചെയ്യാനുള്ളത്. ഒരുപക്ഷേ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനമാണ് ഇന്ന് ഭാരതത്തിനു ഒരു പരിധിവരെ ലോകത്തിന് മാതൃകയായിട്ടുള്ളത്. അതിന്റെ ഫലമായി തന്നെയാണ് വികസിത രാജ്യങ്ങളില്‍ കോവിഡ് മരണം വിതച്ചപ്പോള്‍ നല്ലൊരു ചെറുത്തുനില്‍പ്പിന് കേരളത്തെ സജ്ജമാക്കാന്‍ നമ്മുക്ക് സാധിച്ചത്. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നും നമ്മുടെ രാജ്യത്തെ സംബന്ധിച്ചടുത്തോളവും നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചടുത്തോളവും ആരോഗ്യമേഖലയ്ക്ക് ചിലവിടുന്ന പണം തുലോം പരിമിതവുമാണ് എന്നുള്ളതാണ്.ജി.ഡി.പിയുടെ ഒരു ശതമാനമോ അതില്‍ താഴയോ മാത്രം ആരോഗ്യരംഗത്തിനുവേണ്ടി നാം വകയിരുത്തുമ്പോള്‍ നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശും,പാക്കിസ്ഥാനുമൊക്കെ 4മുതല്‍ 5വരെ ശതമാനം ജി.ഡി.പിയാണ് ആരോഗ്യരംഗത്തേക്ക് മാറ്റി വയ്ക്കുന്നത്.ജി.ഡി.പിയിലുള്ള ഇത്തരം വര്‍ദ്ധനവ് തീര്‍ച്ചയായും നമ്മുടെ ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കും എന്നതാണ് നാം മനസ്സിലാക്കേണ്ടത്.
ഇതുപോലുള്ള മഹാമാരി വരുമ്പോള്‍ രോഗപ്രധിരോധത്തിനാണ്(രോഗം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ്)പ്രാധാന്യം കൊടുക്കേണ്ടത്.രാജ്യത്തെ മുഴുവന്‍ ജനസംഖ്യയിലേക്കും മുഴുവന്‍ ജനങ്ങളിലേക്കും അത് എത്തിക്കേണ്ടത് അത്യാവശ്യമാണ്.അവിടെയാണ് ഒരു പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയും അതിന്റെ പ്രയോഗികതെയും നാം മനസ്സിലാക്കുന്നത്.കേരളത്തെ സംബന്ധിച്ചടുത്തോളം ത്രിതല സംവിധാനങ്ങള്‍,പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ തൊട്ട് ജെനറല്‍ ആശുപത്രികള്‍,ടെര്‍ഷ്യറി കെയര്‍,മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വരെ ഗവണ്മെന്റ് തലത്തിലും സ്വകാര്യ മേഖലയിലും ഒരുപോലെ സുസ്ത്യര്‍ഹമായ സേവനം ചെയ്യുന്ന സംവിധാനം നിലവിലുണ്ട്.അതുകൊണ്ട് തന്നെ കേരളത്തെ സംബന്ധിച്ചടുത്തോളം ഈ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുന്നതിന് ഒന്നു മനസ്സുവച്ചാല്‍ നമ്മുക്ക് സാധിക്കാവുന്നതേയുള്ളൂ.
ആരോഗ്യരംഗത്ത് ഇന്നുള്ള പരാതികള്‍
ഒരു പക്ഷേ ഹ്യൂമന്‍ റിസോഴ്സിന്റെ കുറവ് തന്നെയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.പ്രത്യേകിച്ചു ആരോഗ്യപ്രവര്‍ത്തകരുടെ കുറവ്.വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രോഗിയും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള ആനുപാതികമായ സ്റ്റാഫ് പാറ്റേണ്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കഴിഞ്ഞ വര്‍ഷം ഈ മഹാമാരി വന്നപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ കരാറടിസ്ഥാനത്തില്‍ നിയമിക്കേണ്ട ബാധ്യത ഗവണ്‍മെന്റിനുണ്ടായി.ഈ സംവിധാനമാണ് നമ്മുക്ക് മാറ്റിയെഴുതേണ്ടത്.ആവശ്യമുള്ള ആരോഗ്യപ്രവര്‍ത്തകരും-രോഗി അനുപാതം,WHO നിര്‍ദ്ദേശ്ശിക്കുന്ന അനുപാതത്തിന് അനുസൃതമായി നിയമിക്കേണ്ടതും അതുപോലെ തന്നെ മറ്റ് ആരോഗ്യപ്രവര്‍ത്തകരും നഴ്സുമാരും ടെക്നീഷ്യന് മാരുമടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കേണ്ടതും അത്യാവശ്യമായി വന്നിരിക്കുന്നു.യഥാര്‍ത്ഥത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവുകൊണ്ടല്ല മറിച്ചു വേണ്ട രീതിയില്‍ നിയമനം നടത്തി അവരെ ഉപയോഗപ്പെടുത്താനുള്ള അമാന്തമാണ് ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.സാമ്പത്തിക ബാധ്യത അധികമാകും എന്ന രീതിയില്‍ അതിനെ ഗവണ്മെന്റ് കുറച്ചു കാണുന്നുണ്ടെങ്കില്‍ ആരോഗ്യരംഗത്തെ പുഷ്ടിപ്പെടുത്തുന്നതിനു അത് വിഘാതമായി നില്ക്കുന്നു എന്ന് പറയാതെ വയ്യ.
ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്പ്മെന്റ്
അടിസ്ഥാനപരമായ വികസനം ആശുപത്രികളില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.ഒരു പരിധിവരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ അതിന് ഊന്നല്‍ കൊടുത്തിരുന്നു.അതിന്റെ ഫലം നാം കാണുകയും ചെയ്യ്തു.പക്ഷേ ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോഴും അതിനനുസരിച്ചു ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് മുഴച്ചു നില്ക്കുന്നതായി നാം കാണുന്നു.ഈ രംഗത്തേക്കാണ് ഭരണകൂടം ശ്രദ്ധ ചെലുത്തേണ്ടത്.
രോഗികളുടെ വിന്യാസം
ആരോഗ്യ രംഗത്തെ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ മൂന്ന് തട്ടുകളായി തന്നെ ഉണ്ടാകണം. കുടുംബ ഡോക്ടര്‍ എന്ന ആശയത്തിന് ഊന്നല്‍ നല്‍കിയാണ് ആരോഗ്യരംഗത്തെ പുതിയ മാറ്റങ്ങള്‍ വരുത്തേണ്ടത്. ഏതൊരു അസുഖത്തിനും പെട്ടന്നൊരു ഡോക്ടറെ കാണാനോ ഒരു ആരോഗ്യപ്രവര്‍ത്തകന്റെ സേവനം ലഭിക്കാനോ ഉള്ള സൗകര്യം ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ട്.അത് പ്രയോജനപ്പെടുത്തി ഓരോ തലങ്ങളിലേക്കായി റഫര്‍ ചെയ്യുന്ന രീതിയിലുള്ള ഒരു സിസ്റ്റം ആണ് ഒരുപക്ഷേ പൊതുജനത്തിന്റെ ആരോഗ്യ പരിപാലനത്തിന് ഏറ്റവും ഉതകുന്നത്. മെഡിക്കല്‍ കോളേജുകളാകട്ടെ,രോഗീ ചികിത്സക്കെന്നതിലുപരി പഠന കേന്ദ്രങ്ങളായി മാറ്റേണ്ടത് അത്യാവശ്യമാണ്.ഇന്ന് നമുക്കറിയാം മെഡിക്കല്‍ കോളേജുകളില്‍ രോഗീപരിചരണവും രോഗപരിപാലനവും നടക്കുന്നതിനൊപ്പമാണ് മെഡിക്കല്‍ വിദ്യാഭ്യാസവും നടക്കുന്നത്. അതുകൊണ്ടായിരിക്കാം ഗവേഷണങ്ങളും മറ്റു പ്രബന്ധങ്ങളും കേരളത്തില്‍ നിന്നുണ്ടാകുന്നതിന്റെ എണ്ണം കുറയുന്നത്.മെഡിക്കല്‍ കോളേജുകളെ ടീച്ചിoഗ് ഇനിസ്റ്റിറ്റിയൂട്ടായി നിലനിര്‍ത്തേണ്ടതും അതിന്റെ ഭാഗമായുള്ള ചികിത്സാസംവിധാനങള് ഒരുക്കേണ്ടതും അത്യാവശ്യമാണ്.അത്തരത്തിലാണ് മെഡിക്കല്‍ കോളേജുകളെ പഠന കേന്ദ്രങ്ങളായി വളര്‍ത്തേണ്ടത്. ഗവേഷണങ്ങളുടെ കാര്യത്തിലായാലും പ്രബന്ധങ്ങളുടെ കാര്യത്തിലായാലും ഇതുപോലെ ഒരു വിജ്ഞാന ശേഖരം(Knowledge Bank)തന്നെയുള്ള കേരളത്തെ സംബന്ധിച്ചടുത്തോളം ഗവേഷണ രംഗത്തു തനതായ ഒരു വ്യക്തി മുദ്ര പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.അതിനുള്ള സംവിധാനവും സാഹചര്യവും ഒരുക്കുക എന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയില്‍ ഉണ്ടാകണം.
ചികിത്സാകേന്ദ്രങ്ങളുടെ സംരക്ഷണം അനിവാര്യം
അപ്രതീക്ഷിത മരണങ്ങളും ചികിത്സ ഫലപ്രദമാകാതെ രോഗം മൂര്‍ച്ഛിക്കുന്നതും ആശുപത്രികള്‍ പലപ്പോഴും കലാപ വേദികളാക്കി മാറ്റുന്നു.ആശുപത്രികളും ആരോഗ്യരക്ഷാ പ്രവര്‍ത്തകരും പലപ്പോഴും സാമൂഹിക വിരുദ്ധരുടെ കൈയേറ്റങ്ങള്‍ക്ക് വിധേയരാകുന്നു.ചിലപ്പോള്‍ കൊലപാതകങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകരുടെ വീട്ടില്‍പോലും കയറി കൊലപാതക ശ്രമങ്ങള്‍ നടത്തുന്നത് കേരളത്തിലും അപൂര്‍വ്വ കഥയല്ല.യുദ്ധഭൂമിയില്‍ ആതുര സേവന കേന്ദ്രങ്ങള്‍ അക്രമിക്കപ്പെടാറില്ല.ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താറുണ്ട്.ആശുപത്രികളില്‍ ജനനവും രോഗചികിത്സാ പ്രശ്നങ്ങളും മരണവും അനിവാര്യമാണ്.ചിലപ്പോഴെങ്കിലും നമ്മുടെ ഉറ്റവരുടെയും സ്നേഹിതരുടെയും രോഗാവസ്ഥയും മരണവും നമ്മെ വികാരാധീനരാക്കാറുണ്ട്.സാധാരണക്കാരന്റെ ഈ വികാരം ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും എതിരെയുള്ള കൈയ്യേറ്റങ്ങളാക്കി മാറ്റുന്നത് ചെറുകിട രാഷ്ട്രീയക്കാരും അധികാരികളുടെ പിണിയാളുകളുമാണ്.ആശുപത്രി ആക്രമിക്കപ്പെടുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും,ജീവനക്കാരും,രോഗിയുടെ കൂട്ടിരുപ്പുകാരും സ്വയരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിതരാകുന്നു.അതോടി രോഗി ചികിത്സ അവതാളത്തിലാകുന്നു.നശിപ്പിക്കപ്പെടുന്ന ഉപകാരണങ്ങളെ ആശ്രയിച്ചു ജീവന് നിലനിര്‍ത്തിയിരുന്ന പല രോഗികളും നിരാലംബരാകുകയോ മരണപ്പെടുകയോ ചെയ്യുന്ന കാഴ്ച കണ്ടു വരുന്നു.ഒരു പരിഷ്കൃത സമൂഹത്തില്‍ ജീവിച്ചുവരുന്ന ചില സാമൂഹിക വിരുദ്ധര്‍ വികാരാധീനരായി നിയമം കൈയ്യിലെടുത്ത് കൊടുംക്രൂരതകള്‍ ചെയ്യുന്നു.
2012ല്‍ പാസ്സാക്കിയ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും ആക്റ്റ് ഒരു പരിധിവരെ ആരോഗ്യ രക്ഷാ പ്രവര്‍ത്തകര്‍ക്കും സ്ഥാപങ്ങള്‍ക്കും ആശ്വാസം നല്‍കുമെങ്കിലും നമ്മുടെ സമൂഹ മനഃസാക്ഷിയിലും വ്യക്തികളിലും ഉണ്ടാകുന്ന ഒരു മാറ്റത്തിലൂടെ മാത്രമേ ഇത്തരം അപരിഷ്കൃതവും നിന്ദ്യവുമായ ആക്രമണങ്ങള്‍ പൂര്‍ണ്ണമായും തടയാന്‍ കഴിയുകയുള്ളൂ.അങ്ങനെ മാത്രമേ സമ്പൂര്‍ണ്ണവും ഫലപ്രദവുമായ രോഗചികിത്സ പ്രവര്‍ത്തികമാവുകയുള്ളൂ.
(കുവൈറ്റില്‍ നഴ്സായി ജോലി നോക്കുന്നു ലേഖകന്‍)