
പിന്നിലേക്ക് കുതിയ്ക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല

ജോബി ബേബി
നമ്മുടെ രാഷ്ട്രീയ സാമൂഹിക ജീവിതം എത്തിനില്‍ക്കുന്ന പരിതാപാവസ്ഥ
നമുക്കേവര്‍ക്കും ബോധ്യമുണ്ട്. നാം ചിരകാലമായി താലോലിച്ചുവന്നിരുന്ന
മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു. മതനിരപേക്ഷതക്ക്
അനുദിനം ഏല്ക്കുന്ന പരിക്കുകള്‍ക്ക് കാലം സാക്ഷി. ജനാധിപത്യ
സ്ഥാപനങ്ങളും മൂല്യത്തകര്ച്ചയുയെ കഥകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
വരുംദിനങ്ങള്‍ പുതിയ സംഘര്‍ഷങ്ങളുമായി നമ്മുടെ മുന്നിലെത്തും. അതിനെ
ഫലപ്രദമായി അഭിമുഖീകരിക്കാന്‍ മാനുഷിക മൂല്യങ്ങളോടും
സാമൂഹികനീതിയോടും പ്രതിബദ്ധതയുള്ള, ആത്മവിശ്വാസമുള്ള ഒരു
തലമുറയെ ഒരുക്കേണ്ടതുണ്ട്. മനുഷ്യവിഭവ വികസനമാണ് ഇവിടെ ആവശ്യം. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. പക്ഷേ, നാം
എവിടെ എത്തിനില്‍ക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ആ തിരിച്ചറിവ്
നമ്മെ കൂട്ടായ ശ്രമങ്ങളിലേക്ക് ചെന്നെത്തിക്കും. വരുംതലമുറയോട് നമുക്ക്
നീതിപുലര്‍ത്തേണ്ടതുണ്ട്.
ആധുനിക വിദ്യാഭ്യാസ സമ്പ്രദായപ്രകാരമുള്ള രാജ്യത്തെ ആദ്യ കോളേജ്
നിലവില്‍ വന്നത് കേരളത്തിലെ കോട്ടയത്താണ്.1815-ലാണ് കോട്ടയത്തെ
സി.എം.എസ് കോളേജ് പിറവിയെടുക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ
ആസ്ഥാനമായിരുന്ന കൊല്‍ക്കത്തയില്‍ ഹിന്ദു കോളേജ് ( ഇപ്പോഴത്തെ
പ്രഡിഡന്സി സര്‍വ്വകലാശാല) വരുന്നതിനും രണ്ട് കൊല്ലം മുമ്പാണ്
തിരുവിതാംകൂറില്‍ ഇന്ത്യയിലെ ആദ്യ കോളേജ് പിറവിയെടുത്തത്.അത്
കോട്ടയത്തിനും കേരളത്തിനും നല്കിയ നേട്ടം ചെറുതല്ല.ആരും പട്ടിണി
കിടക്കാത്ത രാജ്യത്തെ ഏക ജില്ലയായി കോട്ടയം അടുത്തിടെ
തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് നൂറ്റാണ്ടിനു മുമ്പ് പാകിയ ആധുനിക വിദ്യാഭ്യാസ
ത്തിന്റെ ഗുണഫലമായി വേണം ഈ നേട്ടത്തെ കാണാന്‍.നല്ല സര്‍വ്വകലാശാല
ക്യമ്പസുകളിലും വലിയ നഗരങ്ങളിലെ ചില പ്രശസ്ത
കലാലയങ്ങളിലുമൊഴികെ കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങളിലെയും
അവസ്ഥ ശോഭനമല്ല.ഗണിതശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം , വാണിജ്യം,
സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്കെല്ലാം ഇതേ അവസ്ഥയാണ്.
പണ്ടൊക്കെ ചില ഭാഷാ വിഷയങ്ങള്‍ക്കും ചരിത്ര, ഫിലോസഫി
കോഴ്സുകള്‍ക്കും ഉണ്ടായിരുന്ന ദുര്‍ഗതിയാണ് ഇപ്പോള്‍ ശാസ്ത്ര
വിഷയങ്ങള്‍ക്ക് പോലും. കാരണങ്ങള്‍ പലതാണ്. എന്‍ജിനീയറിങ്ങ്
കോളേജുകളില്‍ ഏതാനും വര്‍ഷം മുമ്പ് തുടങ്ങിയ ആളെകിട്ടാനില്ലാത്ത
അവസ്ഥ ഇപ്പോള്‍ ആര്‍ടസ് ആന്‍ഡ് സയന്‍സ് കോളേജുകളെയും
ബാധിച്ചിരിക്കുന്നു. കോവിഡ് മൂലം നമ്മുടെ വിദ്യാര്‍ത്ഥികള്‍ കേരളം വിട്ട്
അന്യ ദേശങ്ങളില്‍ പോകില്ലെന്നായിരുന്നു കണക്ക് കൂട്ടല്‍.എന്നാല്‍ നടന്നത്
അതല്ല.
കേരളത്തില്‍ നിന്ന് ആരും പുറത്ത് പഠിക്കാന്‍ പോകില്ലെന്ന് കണക്കുകൂട്ടിയ
ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജുകളില്‍ ഇഷ്ടംപോലങ്ങ് സീറ്റ് കുട്ടി. 40 പേരൊക്കെയുണ്ടായിരുന്ന ബിരുദ സീറ്റുകള്‍ ഇരട്ടിയോളം, അതായത് 70
വരെയായി കൂട്ടി. കേരളത്തില്‍ പല തരത്തില്‍; സര്‍ക്കാര്‍, സ്വകാര്യ, എയിഡഡ്,
സ്വാശ്രയം, ഓട്ടണമസ് ഇങ്ങനെ കോളേജുകളും, കോഴ്സുകളും അടുത്ത
വര്‍ഷങ്ങളിലായി കൂടിയിട്ടുണ്ട്. കേരളത്തിലെ പ്രധാന സേവന
വ്യവസായങ്ങളിലൊന്നാണ് വിദ്യാഭ്യാസം. ബജറ്റിലെ മുന്തിയ നീക്കിയിരുപ്പം
ഈ മേഖലയിലാണ്. മാത്രമല്ല എയിഡഡ് സ്ഥാപനങ്ങളിലേക്കുള്ള
പ്രവേശനത്തിനും, അദ്ധ്യാപക, അനദ്ധ്യാപക നിയമനത്തിനുമായി വന്‍
കോഴയും ഒഴുകുന്നുണ്ട്. സര്‍ക്കാര്‍ ശമ്പളം നല്കുന്ന എയിഡഡ്
സ്ഥാപനങ്ങളില്‍ 50 ലക്ഷവും മുകളിലുമൊക്കെയാണ് കോഴ. വിദ്യാര്‍ത്ഥി
പ്രവേശനത്തിനും കാശ് മറിയുന്നുണ്ട്. വിലപ്പെട്ട വിഷയങ്ങളില്‍ 5 ലക്ഷം വരെ
ബിരുദ പ്രവേശനത്തിന് കോഴയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം
തടസ്സപ്പട്ടിരിക്കുന്നു. പല കോളേജുകളിലും ചില വിഷയങ്ങളില്‍ പകുതി
സീറ്റീല്‍ പോലും പ്രവേശനം നടന്നിട്ടില്ല. നിലവാരം ഉറപ്പിക്കാന്‍ ചില സ്വകാര്യ
കോളേജുകള്‍ മുഴുവന്‍ സീറ്റീലും പ്രവേശനം വേണ്ടെന്നു
വയ്ക്കാനൊരുങ്ങിയതാണ്. എന്നാല്‍ ആനുപാതികമായേ മാനേജ്മെന്റ്റ്
ക്വാട്ടയില്‍ പ്രവേശനം സാധിക്കൂ എന്നതിനാല്‍ ഇതത്ര എളുപ്പമല്ല. ചില
കോളേജുകളെങ്കിലും മാനേജ്മെന്റ് ക്വാട്ടയിലെ ഗുണമേന്മ ഉറപ്പിക്കാന്‍
പ്ളസ് ടുവിന് പകരം പത്താം ക്ളാസ്സിലെ മാര്‍ക്കാണ് ഔദ്യോഗികമല്ലെങ്കിലും
നിലവാര മാനദണ്ഡമാക്കുന്നത്.
അടുത്തക്കാലം വരെ ബികോമിന് നല്ല ഡിമാന്റുണ്ടായിരുന്നു. ലക്ഷങ്ങള്‍
കൊടുത്താണ് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ഉറപ്പാക്കിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ആ തിരക്കില്ല. കുട്ടികള്‍ക്ക് കൊമേഴ്സിനോട് പഴയ
ആകര്ഷണമില്ല. സാഹിത്യ ഭാഷാ പഠന താത്പര്യത്തോടെ ഇംഗ്ലീഷ് ബിരുദ
പഠനത്തിനെത്തുന്നവര്‍ പോലും ബിരുദാനന്തര ബിരുദത്തിന് മറ്റ് വിഷയങ്ങള്‍
തേടി പോകുന്നു. ഇംഗ്ലീഷ് പഠനം ലഘൂകരിച്ച് കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷാക്കിയത് പലയിടത്തും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്.
കോവിഡാനന്തരം ചില കോളേജുകളിലെങ്കിലും ഡിമാന്റ് വന്നിട്ടുള്ളത്
സോഷ്യല്‍ വര്‍ക്ക് പഠനത്തിനാണ്. എം.എസ്.ഡബ്ളിയൂ സീറ്റുകള്‍ക്ക്
തെറ്റില്ലാത്ത ഡിമാന്റുണ്ട്. കോവിഡ് മുലവും യൂറോപ്യന്‍ രാജ്യങ്ങളിലെ
വര്‍ദ്ധിച്ചു വരുന്ന വൃദ്ധജന വര്‍ദ്ധനയാലും നഴ്സിങ്ങ് മേഖല ഉണര്‍ന്നിട്ടുണ്ട്.
വന്‍ തോതില്‍ യൂറോപ്പിലേക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ് നടക്കുന്നതിനാല്‍ പല
പെണ്‍കുട്ടികളും വിദേശത്തേക്ക് പോകുന്നു.
കമ്പ്യൂട്ടര്‍ സയന്‍സും അനുബന്ധ മേഖലകളായ ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ്, മെഷീന് ലേണിങ്ങ് ,ഡാറ്റാ സയന്‍സ് , ബ്ളോക്ക് ചെയിന്‍,
ഇന്റനെറ്റ് ഓഫ് തിങ്ങസ്, ബയോ എന്‍ജീനിയറിങ്ങ് തുടങ്ങിയ മേഖലകളിലും
അവസരമുണ്ട്. പക്ഷേ നമ്മുടെ മുന്തിയ എന്‍ജിനീയറിംഗ് കോളേജുകള്‍
ഉള്‍പ്പടെയുള്ളിടത്ത് ഇതിനൊക്കെയുള്ള നല്ല ലാബുകളോ, പറ്റിയ
അദ്ധ്യാപകരോ ഇല്ല. ഇത്തരം കോഴ്സുകള്‍ക്കുള്ള വര്‍ഷങ്ങളായുള്ള
പ്രപ്പോസലുകള്ക്കൊന്നും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നാണ് കോളേജ്
അധികൃതര്‍ പറയുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിച്ച് പരമ്പരാഗത വിഷയങ്ങളില്‍
ചില സര്‍ക്കാര്‍ കോളേജുകളില്‍ പോലും സീറ്റാഴിഞ്ഞു കിടക്കുകയാണ്.
സിവിലിനും മെക്കാനിക്കലിനും ഇലക്ട്രിക്കലിനും മാത്രമല്ല
ഇലക്ട്രോണിക്സിനു പോലും പകുതിയിലേറെ സീറ്റൊഴിഞ്ഞു കിടക്കുന്നു
എന്നത് അറിയണം.
ഓണ്‍ലൈന്‍ പഠനത്തിലെ പ്രശ്നങ്ങള്‍
എന്നാല്‍ കോവിഡ് കാര്യങ്ങളെ കീഴ്മേല്‍ മറിച്ചു. അന്യ നാടുകളിലും
വിദേശരാജ്യങ്ങളിലും പഠിക്കാന്‍ ചേര്‍ന്ന കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തിയത്
തന്നെ കഷ്ടപ്പെട്ട്. പിന്നീട് കഴിഞ്ഞ രണ്ടു വര്‍ഷവും അവര്‍ പഠിച്ചത് വീട്ടിലിരുന്ന്
ഓണ്‍ലൈനില്‍ . കഴിഞ്ഞ വര്‍ഷം അതിനാല്‍ തന്നെ പല കുട്ടികളും പ്രവേശനം
നേടിയത് കേരളത്തിലെ സ്ഥാപനങ്ങളിലായിരുന്നു. കേരളത്തിലെ
സ്ഥാപനങ്ങള്‍ക്ക് ഇത് ഡിമാന്റ് വര്‍ദ്ധിപ്പിച്ചു. മാത്രമല്ല ബംഗലൂരൂവിലും മറ്റും
പ്രവര്‍ത്തിച്ചിരുന്ന ചില സ്ഥാപനങ്ങള്‍ കേരളത്തിലും കടതുറന്നു. കഴിഞ്ഞ
വര്‍ഷവും കോവിഡ് പിടിമുറുക്കിയതിനാല്‍ പഠനം ഓണ്‍ലൈനില്‍
തന്നെയായിരുന്നു.
പൊതുവേ കേരളത്തിലെയും രാജ്യത്തെയും ഒട്ടു മിക്ക സ്ഥാപനങ്ങളും
ഓണ്‍ലൈന്‍ പഠനത്തില്‍ ഏറെക്കുറെ പരാജയമായിരുന്നു. സ്ഥാപനങ്ങളുടെ
തയ്യാറെടുപ്പ്, സാങ്കേതിക അപര്യാപ്തത, സിലബസിനെ ഈ ബോധന
രീതിയിലേക്ക് വിളക്കി ചേര്‍ക്കുന്നതിലെ പരാജയം, അദ്ധ്യാപകര്‍ക്ക് ഈ
രീതിയിലേക്ക് മാറാനാവാത്തത്, വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനം
സ്വീകരിക്കുന്നതിലെ പ്രാപ്തിക്കുറവ്, ആവശ്യത്തിന് സ്വീകരണ ഉപകരണങ്ങള്‍
ഇല്ലാത്തത്, ഇന്റര്‍നെറ്റ് ഡാറ്റാ സേവനങ്ങളുടെ സ്ഥിരതയില്ലായ്മ അങ്ങനെ
ഒട്ടേറേ കാരണങ്ങളുണ്ട്.
ശാസ്ത്ര സാങ്കേതിക മേഖലയിലെ വരേണ്യ സ്ഥാപനങ്ങളായ ഐ. ഐ. ടിയും,
എന്‍. ഐ. ടിയും, ഐസറും അടക്കമുള്ളവയിലും കാര്യങ്ങള്‍
തഥൈവയായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ഒരു ഇന്ത്യന്‍ പരാജയ കഥ.
മറ്റെല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങളും അടച്ചിടണമെന്ന് കൊവിഡ് കാലത്ത്
ഡോക്ടര്‍മാര്‍ മുറവിളികൂട്ടിയെങ്കിലും ഭൂരിപക്ഷം മെഡിക്കല്‍
കോളേജുകളിലും തഞ്ചത്തില്‍ പഠനം തുടര്‍ന്നു. കൂനിന്മേല് കുരുവെന്ന
പോലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ വെറും പ്രഹസനമായി. ലഘുകരിച്ച
സിലബസില്‍ നടത്തിയ പരീക്ഷകള്‍ അവരവരുടെ വീട്ടിലിരുന്ന് എഴുതിയ
കുട്ടികളില്‍ വ്യാപകമായ കോപ്പിയടി നടന്നതായി ആരോപണം വന്നു. കേരള
സാങ്കേതിക സര്വ്വകലാശാലക്കടക്കം ഓണ്‍ലൈന്‍ പരീക്ഷകള്‍ റദ്ദാക്കേണ്ടി
വന്നു.
അവിടെയാണ് കേരളം തിളങ്ങിയത്. കോവിഡ് ബാധ വ്യാപകമായിട്ടും
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പരീക്ഷ നടത്താന്‍ തീരൂമാനിച്ചു. ഉന്നത
കോടതികള്‍ വരെ നീണ്ട നിയമയുദ്ധങ്ങളില്‍ പോരാടി കേരളം ആ തീരുമാനം
നടപ്പാക്കി. സി ബി എസ് സിക്കു പോലും സാധിക്കാത്തത് കേരള വിദ്യാഭ്യാസ
വകുപ്പ് നടപ്പാക്കി. അതും തെരഞ്ഞടുക്കാവുന്ന മള്‍ട്ടിപ്പിള്‍ ചോയിസ്
ചോദ്യങ്ങള്‍ക്ക് പകരം സാധാരണ വിവരണ (ഡിസ്ക്രിപ്റ്റീവ് ) ശൈലിയിലുള്ള പരീക്ഷ തന്നെ നടത്തി.
ഇല്ലായ്മയുടെ ആധിക്യം
പ്രധാന പ്രശ്നം പണമില്ലായ്മയാണ്. ഉന്നത വിദ്യാഭ്യാസത്തെ കൃത്യമായ
ദിശയിലേക്ക് നയിക്കാനും അവിടെ മുതല്മുടക്കാനുമൊന്നും പണം
സര്‍ക്കാറിനുമില്ല, സ്വകാര്യ മേഖലക്കുമില്ല. സര്‍ക്കാര്‍ സര്‍വ്വകലാശാലകളില്‍
പോലും പല വകുപ്പുകളിലും മേധാവികള്‍ അടക്കം കരാര്‍ അഥവാ
ഗസ്റ്റായിട്ടാണ് പണിയെടുക്കുന്നത്. നാക് അക്രഡിറ്റേഷനില്‍ കേരളത്തിലെ ചില
സര്‍വ്വകലാശാല ക്യാമ്പസുകള്‍ക്ക് പോലും ഉയര്‍ന്ന ഗ്രേഡ് ലഭിക്കാതെ പോയത്
ഇതിനാലാണ്. കണ്ണൂര്‍ സര്‍വ്വകലാശാല ഉദാഹരണം.
അധ്യാപകരുടെ കുറവ് ദേശിയ തലത്തില്‍ തന്നെ പ്രശ്നമാണ്. ഉന്നത
വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍, 2015-16ല്‍ 15,18,813
അദ്ധ്യാപകരുണ്ടായിരുന്നിടത്ത്, 2019-20-ല്‍ 15,03,156 പേരായി കുറഞ്ഞു. (ഉന്നത
വിദ്യാഭ്യാസ അഖിലേന്ത്യാ സര്‍വ്വേ 2019-20) . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
കൂടിയിട്ടു പോലും അദ്ധ്യപകര്‍ കുറയുകയാണ്. കേന്ദ്ര സംസ്ഥാന
സര്‍ക്കാറുകള്‍ ബജറ്റ് സഹായം വെട്ടിക്കുറയ്ക്കുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു. ഭാഷാ വിഷയങ്ങള്‍ക്കടക്കം ആധുനിക
സാങ്കേതിക സൗകര്യങ്ങളോടെ ലാബകള്‍ സെറ്റ് ചെയ്താലേ ഫലവത്താകൂ.
വിഷയ വിദഗദ്ധരടക്കം മികച്ച അദ്ധ്യാപകരെയും കൊണ്ടു വരണം. ഇന്ത്യയിലെ
തന്നെ ന്യൂ ജനറേഷന് യൂണിവേഴ്സിറ്റികളില്‍ മികച്ച പഠനം ഉറപ്പാക്കുന്നത് വന്‍
പണം മുടക്കിയാണ്. അടുത്തിടെ അശോക യൂണിവേഴിസിറ്റിയിലേക്ക് മകന്
ബിരുദപഠനത്തിന് പ്രവേശനം ലഭിച്ച സുഹൃത്ത് പറഞ്ഞത് മൂന്നു വര്‍ഷത്തെ
പഠനത്തിനും അനുബന്ധചെലവകള്ക്കുമായി നാല്‍പ്പത് ലക്ഷം
രൂപയോളമാവും എന്നാണ്. പകുതിയെങ്കിലും സ്കോഷര്‍ഷിപ്പ് കിട്ടിയില്ലെങ്കില്‍
പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും സുഹൃത്ത് പറഞ്ഞു. നമ്മുടെ നാട്ടിലെ അര
ശതമാനത്തിന് പോലും ഈ തുക മുടക്കി കുട്ടികളെ പഠിപ്പിക്കാനാകുമോ?
2021-ലെ ബജറ്റില്‍ ഐ.ഐ.ടികള്‍ക്ക് 7,696 കോടിയും, കേന്ദ്ര
സര്‍വ്വകലാശാലകള്‍ക്ക് 7,643.26 കോടിയുമാണ് നീക്കി വച്ചിട്ടുള്ളത്. ഇത്തരം
ദേശിയ പ്രാധാന്യമുള്ള കലാലയങ്ങളില്‍ പഠിക്കുന്നവരില്‍ നല്ലൊരു പങ്കും
ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി രാജ്യം വിട്ടു പോകുന്നു. നമ്മുടെ
സംസ്ഥാന സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരാണ് രാജ്യത്തെ ഗ്രാമീണ
മേഖലയോ സേവിക്കുന്നത്. ആ സ്ഥാപനങ്ങള്‍ക്ക് തുലോം കുറവാണ് ബജറ്റ്
വിഹിതം.
വിദേശത്തേക്കുള്ള കുത്തൊഴുക്ക്
പണമുള്ളവരുടെ മക്കളൊക്കെ വിദേശത്തേക്ക് ഒഴുകുന്നു. മുമ്പൊക്കെ
ബിരുദാനന്തര പഠനത്തിനാണ് വിദേശത്തേക്ക് പോയിരുന്നതെങ്കില്‍ ഇപ്പോള്‍
കുട്ടികള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. മുന്‍പൊക്കെ
മെഡിസിനും, എന്‍ജിനീയറിങ്ങിനും ഒരു പരിധി വരെ ശാസ്ത്ര വിഷയ
പഠനത്തിനുമാണ് യാത്രയെങ്കില്‍ ഇപ്പോള്‍ ലിബറല്‍ ആര്‍ട്സ് പഠിക്കാനും
ധാരാളം പേര് പോകുന്നുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും ജനസംഖ്യ കുറഞ്ഞു
വരുകയാണ്. അവിടെയൊക്കെ ഉന്നത വിദ്യാഭ്യസത്തിന് ധാരാളം
സ്ഥാപനങ്ങളുണ്ട്. നമ്മളെ നാട്ടിലെ പോലെ എല്ലാവരുമൊന്നും സമയം
പോക്കിന് അവിടെ കോളേജില്‍ പോകാറില്ല. അതില്‍ തന്നെ സങ്കീര്‍ണ്ണമായ
പഠനശാഖകളില്‍ അവിടെ ചെറിയൊരു ശതമാനമേ പഠിക്കാന്‍ പോകാറുള്ളു.
യുറോപ്പിലെ ചില ക്ഷേമരാഷ്ട്രങ്ങളില്‍ ഉന്നത വിദ്യാഭ്യസത്തിന് നല്ല
സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. മാത്രമല്ല പഠനത്തോടൊപ്പം ഒഴിവുവേളയില്‍
പണിയുമെടുക്കാം. വിദേശത്തക്ക് കുട്ടികള്‍ക്ക് പഠനത്തിന്
അവസരമൊരുക്കുന്ന ഏജന്‍സികള്‍ തന്നെ കുറേ സ്കോളര്‍ഷിപ്പ് സംഘടിപ്പിച്ച്
കൊടുക്കും. ശിഷ്ടം കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്ന് സംഘടിപ്പിക്കും.
അവരുടെ ബാങ്ക് ഗ്യാരന്റിയും പ്രയോജനപ്പെടുത്തും. ഇനി ഇതിനൊന്നും
പറ്റാത്തവര്‍ക്ക് ബാങ്ക് വായ്പയും ഏജന്‍സികള്‍ തന്നെ ഒരുക്കികൊടുക്കും.
അവിടെ ചെന്നാല്‍ പാര്‍ട്ട് ടൈം പണിയുമെടുക്കാം. പാവപ്പെട്ട ഒരു കുട്ടിക്ക്
നാട്ടില്‍ പഠിക്കാന്‍ വായ്പ നല്കുന്നതിനെക്കാള് ബാങ്കുകള്‍ക്കും താത്പര്യം
വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നവര്‍ക്ക് നല്‍കാനാണ്. കുട്ടികള്‍ നാട്ടില്‍
നിന്ന് നന്നായി പഠിച്ചിറങ്ങിയാലും ഇവിടെ തൊഴിലവസരങ്ങള്‍ കിട്ടുമെന്ന്
ഒരുറുപ്പമില്ല. എന്നാല്‍ പിന്നെ വിദേശത്ത് പഠിച്ചാല്‍ അവിടെ തന്നെ ജോലിയും,
സ്ഥിര താമസത്തിന് അവസരവും ലഭിക്കുമെന്ന സാദ്ധ്യതയും
പഠനപ്രവാസത്തിന് ആക്കം കൂട്ടുന്നു.
കാനഡ, യു.കെ, ജര്‍മ്മനി, ഇറ്റലി,ആസ്ട്രേലിയ, ന്യുസിലാന്‍ഡ്, സിംഗപ്പൂര്‍
മുതല്‍ ഉക്രേയിനിലും, ബലാറസിലും വരെ കുട്ടികള്‍ പരക്കുകയാണ്.
ചൈനയില്‍ പഠിക്കാന്‍ പോയവര്‍ മാത്രമാണ് ഇപ്പോള്‍ പെട്ടു പോയത്.
ഗള്‍ഫിലും മറ്റും വിദേശ രാജ്യങ്ങളിലും കുടുംബസമേതം താമസിക്കുന്നവര്‍
കുട്ടികളെ ഉന്നത പഠനത്തിന് നാട്ടിലാണ് വിട്ടിരുന്നത്. ഇന്നിപ്പോള്‍ അവരില്‍
സൗകര്യമുള്ളവര്‍ ഇങ്ങോട്ട് വരുന്നില്ല. വരുന്ന പലരും ഇത്തിരി മുന്തിയ
സൗകര്യമുള്ള സ്വാശ്രയ കോളേജുകളില്‍ പോകും. ചിലര്‍ക്ക് പഠനം
ആഘോഷത്തിമിര്‍പ്പിനുള്ള ഇടത്താവളം മാത്രമാണ്.
ഗുണനിലവാരം താഴുന്നതെന്ത്?
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പറയുന്നത്
ഗുണനിലവാരക്കുറവിന് പ്രധാന കാരണം സ്കൂള്‍ വിദ്യാഭ്യാസത്തിലെ
പോരായ്മ ആണെന്നാണ്. പ്രവേശനത്തിനായി സമാന കോളേജുകളുമായി
ചേര്‍ന്ന് പൊതു പ്രവേശന പരീക്ഷ നടത്തുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
എന്നാല്‍ മുന്‍പ് ഇത്തരമൊരു ശ്രമം നടത്തിയപ്പോള്‍ കോടതി അനുമതി
നല്‍കിയിരുന്നില്ല. അതേ സമയം സ്വയംഭരണാവകാശമുള്ള കോളേജുകളില്‍
നിന്ന് വരുന്നവരില്‍ പലര്‍ക്കും വിഷയങ്ങളില്‍ പ്രായോഗിക
പരിജ്ഞാനമില്ലെന്നാണ് അദ്ധ്യാപക റിക്രൂട്ടിങ്ങ് നടത്തിയ ഒരു കോളേജ്
പ്രിന്‍സിപ്പല്‍ പറഞ്ഞത്. ജീവിത നൈപുണി കൂടി ലഭിച്ചവരെ കിട്ടുന്നത്
ഇപ്പോഴും പരമ്പരാഗത കോളജുകളില്‍ നിന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കാരണമെന്തായാലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവരെ റിക്രൂട്ട്
ചെയ്യാന്‍ മടിക്കുകയാണ് ഐ.ടി മേഖലയടക്കമുള്ള സ്ഥാപനങ്ങള്‍. ടാറ്റാ
കണ്‍സള്‍ട്ടന്‍സി അടക്കമുള്ളവര്‍ ഒന്നു മുതല്‍ ആറു വര്‍ഷം വരെ
പരിചയമുള്ളവരെ തേടി പത്രപരസ്യം വരെ നല്കി കഴിഞ്ഞു. കേരളത്തിലെ
ഏറ്റവും വലിയ മേഖലയാണ് വിദ്യാഭ്യാസം.
ഓപണ്‍ സര്‍വകലാശാല
2020 ഒക്ടോബര്‍ രണ്ടിന് ശ്രീനാരായണഗുരുവിന്റെ പേരിലെ ഓപണ്‍
സര്‍വകലാശാല പ്രഖ്യാപിക്കപ്പെട്ടെങ്കിലും യു.ജി.സി അംഗീകാരം, കോഴ്സുകള്‍ എന്നീ പ്രാഥമിക കാര്യങ്ങള്‍പോലും വഴിമുട്ടി നില്‍ക്കുകയാണ്.
അവ്യക്തതകള്‍ നീക്കി സര്‍വകലാശാല പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ ഉടന്‍
ആരംഭിക്കണം. ഏറ്റവും കൂടുതല്‍ പേര് വിദൂരവിദ്യാഭ്യാസം വഴി പഠിക്കുന്ന
ജില്ലകള്‍ എന്ന നിലയില്‍ മലബാര്‍ മേഖലയില്‍ യൂനിവേഴ്സിറ്റിക്ക് റീജ്യനല്‍
സെന്റര്‍ തുടക്കം മുതല്‍തന്നെ അനുവദിക്കണം.
ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് റെഗുലറായി
പഠിക്കാനാവശ്യമായ സ്ഥാപനങ്ങളോ സീറ്റുകളോ ലഭ്യമാക്കാന്‍ സംസ്ഥാന
സര്‍ക്കാറിന് കഴിയാത്തതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് ഓപണ്‍
സര്‍വകലാശാലക്കു കീഴില്‍ പഠിക്കേണ്ടി വരുന്നത്. വസ്തുത ഇതായിരിക്കെ മറ്റു സര്‍വകലാശാലകളില്‍നിന്ന് നേടുന്ന ബിരുദവും സംസ്ഥാന ഓപണ്‍
സര്‍വകലാശാല സര്‍ട്ടിഫൈ ചെയ്യുന്ന ബിരുദവും വ്യത്യസ്ത ഗ്രേഡിങ്ങിലാവുക നീതിയാവില്ല. അതിനാല്‍ കേവലം ഒരു ഓപണ്‍ സര്‍വകലാശാല
എന്നതിനപ്പുറത്ത് ഇന്ദിര ഗാന്ധി ഓപണ്‍ സര്‍വകലാശാല പോലെ (ഇഗ്നോ)
മികച്ച ഗുണനിലവാരവും മൂല്യവുമുള്ള സര്‍വകലാശാലയായി ഇതിനെ
ഉയര്‍ത്താനാവശ്യമായ കര്‍മപദ്ധതികള്‍ക്ക് ആദ്യമേ രൂപം നല്‍കണം.
ഒരു മാതൃകാ സ്ഥാപനം; മികവിന്റെ കേന്ദ്രങ്ങളും
പ്രതിഭാ സമ്പന്നമായ നാടാണ് കേരളം. എന്നാല്‍, ഈ പ്രതിഭകള്‍ നമ്മുടെ നാട്ടില്‍ തുടരുന്നില്ല. പല വിദേശരാജ്യങ്ങളിലും വിവിധ രംഗങ്ങളില്‍
ഉന്നതങ്ങളിലുള്ളത് മലയാളികളാണ്. ഈ പ്രതിഭകളെ കേരളത്തിന
ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ഏറ്റവും മികച്ച വിദ്യാഭ്യാസം ഏറ്റവും
കുറഞ്ഞ ചെലവില്‍ കേരളത്തില്‍ ലഭ്യമായാല്‍ അത്തരക്കാര്‍ ഇവിടെ പഠിക്കും.
അനുബന്ധ സംവിധാനങ്ങള്‍ ഉണ്ടായാല്‍ അവര്‍ ഇവിടെ തുടരുകയും ചെയ്യും.
ധാരാളം കോളജുകളും സര്‍വകലാശാലകളും ഉണ്ടെങ്കിലും മികച്ച ഗവേഷണ
കേന്ദ്രങ്ങളുടെ കുറവ് നമുക്കുണ്ട്. ഗവേഷണതലത്തില്‍
വിജ്ഞാനോല്‍പാദനത്തിന് പറ്റിയ സാഹചര്യം വേണം. രാജ്യത്തെ ഏറ്റവും
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളല്‍ ഒന്നുരണ്ടെണ്ണമെങ്കിലും കേരളത്തില്‍
ആയിരിക്കണം. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടാക്കിയ മുന്നേറ്റം എണ്ണത്തില്‍
കുറവില്ലെങ്കിലും കലാലയ, സര്‍വകലാശാല തലത്തില്‍ ഇല്ല. 30 മികവിന്റെ
കേന്ദ്രങ്ങള്‍ എന്നത് എല്‍.ഡി.എഫിന്റെ കാഴ്ചപ്പാടാണ്. അടിസ്ഥാന സൗകര്യവും അക്കാദമിക ഉള്ളടക്കവും മികച്ചതാവണം. ഇന്റര്‍ ഡിസിപ്ലിനറി, മള്‍ട്ടി
ഡിസിപ്ലിനറി കോഴ്സുകള്‍ വേണം.
സയന്‍സ് പഠിക്കുന്ന കുട്ടിക്ക് നൃത്തത്തില്‍ വാസനയുണ്ടെങ്കില്‍ രണ്ടും
ലഭ്യമാവുന്ന കോഴ്സ് തെരഞ്ഞെടുക്കാന്‍ ഉണ്ടാവണം. ആര്‍ട്സ്, സയന്‍സ്,
ഹ്യുമാനിറ്റീസ്, കലാരൂപങ്ങള്‍, സ്പോര്‍ട്സ് എന്നിവയെല്ലാം ഒറ്റ കുടക്കീഴില്
പഠിക്കാന്‍ പറ്റുന്നൊരു മികച്ച കേന്ദ്രം; ഒരു മാതൃകാ സ്ഥാപനം ഉണ്ടാക്കാന്‍
നമുക്ക് കഴിയണം. ഇതു നേടാനുള്ള ശ്രമത്തില്‍ വകുപ്പുകള്‍ ‘വാട്ടര്‍ ടൈറ്റ്’
ആകാതെ പരസ്പരം കൊടുക്കല്‍-വാങ്ങല്‍ നടത്തി ഏകോപിതമായി നീങ്ങണം. പ്രവേശന പരീക്ഷ ഉള്‍പ്പെടെ എല്ലാ പരീക്ഷകളുടെയും സമ്പ്രദായം
കാലാനുസൃതമായി മാറേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഏതു പരിഷ്കരണവും വിദ്യാഭ്യാസ വിദഗ്ധരും മറ്റുമായി ചര്‍ച്ച ചെയ്ത് മാത്രമേ നടപ്പാക്കൂ.
സാമൂഹിക നീതി വകുപ്പ് വെല്ലുവിളി
ഉന്നത വിദ്യാഭ്യാസംപോലുള്ള വകുപ്പുകള്‍ ഏറെ പ്രധാനപ്പെട്ടതാണെങ്കിലും
അക്കാദമിക തലവുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാല്‍, സാമൂഹിക നീതി
വകുപ്പ് സമൂഹത്തില്‍ പ്രാന്തവത്കരിക്കപ്പെട്ടവരും പരിത്യജിക്കപ്പെട്ടവരുമായ
എല്ലാവരെയും സ്പര്‍ശിക്കുന്നതാണ്. ആ നിലക്ക് നല്ല വെല്ലുവിളിയുമുണ്ട്.
ഭിന്നശേഷിക്കാര്‍ അടക്കം വകുപ്പിന്റെ പരിഗണനയില്‍ വരുന്ന
എല്ലാവരുടെയും പുനരധിവാസം, ശാക്തീകരണം എന്നിവ
സമഗ്രമാകേണ്ടതുണ്ട്. നമുക്ക് കുറെയധികം അനാഥാലയങ്ങളുണ്ട്. എന്നാല്‍,
അതില്‍ ഭൂരിഭാഗവും അത്ര മികവോടെയല്ല പ്രവര്‍ത്തിക്കുന്നത്. ഇതു വളരെ
ശ്രദ്ധിച്ച് സമീപിക്കേണ്ട വിഷയമാണ്, അതൊരു വലി?യ ദൗത്യവുമാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ നമുക്കുണ്ട്. അതു
വേണ്ടപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്നതിലാണ് കാര്യം.
സമൂഹത്തില്‍ ഒരാള്‍പോലും അനാഥനും അവഗണിക്കപ്പെട്ടവനും ആവരുത്
എന്നതാണ് സമീപനം. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ തുടങ്ങി ഈ മാറ്റം
പ്രകടമാക്കാന്‍ കഴിയണം. ആ അര്‍ഥത്തില്‍ ഏറെ ഇടപെടല്‍ ആവശ്യപ്പെടുന്ന
ഒന്നായാണ് സാമൂഹിക നീതി വകുപ്പിനെ കാണുന്നത്.
ലോകത്ത് ഉണ്ടായിരിക്കുന്ന വൈജ്ഞാനിക വളര്‍ച്ചക്കൊപ്പം പറക്കാന്‍ നമ്മുടെ
വളരുന്ന തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്- നിര്‍ഭാഗ്യകരം എന്നു പറയട്ടെ,
ഇക്കാര്യത്തില്‍ നാം വളരെ പിന്നിലാണ്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും എണ്ണപ്പെടുന്ന കോളജുകളും സര്‍വകലാശാലകളും നമുക്കില്ല. സര്‍വകലാശാലകള്‍ അക്കാദമിക് ജീര്‍ണതയുടെയും അരാജകത്വത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുന്നു. യാന്ത്രികരീതിയില് ബിരുദം ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ജഡത്വത്തിലും ആലസ്യത്തിലും അവസാനിക്കുന്ന സമീപനമാണ് പുലര്‍ത്തിപ്പോരുന്നത്. സാമൂഹിക പരിവര്‍ത്തനത്തിനുള്ള ശക്തമായ ഉപകരണം എന്ന നിലയില്‍ വിദ്യാഭ്യാസ സങ്കല്പം ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഇന്ന് മിഥ്യയായി മാറിയിരിക്കുന്നു.
കേരള മോഡല്‍ വികസനത്തിന്റെ ആധാരശിലയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ മികവ്. എന്നാല്‍, ഈ മികവ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗുണപരമായ (ക്വാണ്ടിറ്റേറ്റിവ്) വളര്‍ച്ചയുണ്ട്, ഗുണ പരമായി വേണ്ടത്ര ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് പ്രാഥമികമായി ചിലതൊക്കെ ചെയ്തു. അതു പൂര്‍ണമാകണമെങ്കില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തു സാരമായ മാറ്റംവേണം. നാളത്തെ കേരളം എങ്ങനെയാവണം എന്നു നിര്‍ണയിക്കുന്നത് ഈ മാറ്റത്തെ അടിസ്ഥാനമാക്കിയായിരിക്കും. വിജ്ഞാനമാണ് ശക്തിയും സമ്പത്തും എന്ന തിരിച്ചറിവിലാണ് ലോകം മുന്നേറുന്നത്.
(കുവൈറ്റില്‍ നഴ്സായി ജോലി നോക്കുന്നു ലേഖകന്‍).