
മാർപാപ്പ-മോദി കൂടിക്കാഴ്ച: ക്ഷണത്തിന് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയ അജണ്ടയോ?

ജോബി ബേബി
16-ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദർശിച്ചു. ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ഒൗദ്യോഗികമായി ക്ഷണിച്ചു. ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ സംബന്ധിച്ചും ഇരീവരും സംസാരിച്ചു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അജിത് ഡോവലും പങ്കെടുത്തു.
മാർപാപ്പ ആദ്യമായി ഇന്ത്യയിലേക്ക്:-
മാർപാപ്പയെ ആദ്യമായി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനു ക്ഷണിച്ചത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്.1986ലെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു ഹൃദ്യമായ സ്വീകരണം നൽകാൻ രാജീവ് തയാറായി. പിന്നീട് 1999ലെ മാർപാപ്പയുടെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചതു പ്രധാനമന്ത്രി വാജ്പേയി ആണ്.1999നു ശേഷം രണ്ടു പതിറ്റാണ്ടിലേറെയായി മാർപാപ്പയെ വത്തിക്കാനിലെത്തി പ്രധാനമന്ത്രിമാർ ആരും സന്ദർശിച്ചിട്ടില്ല. നരസിംഹ റാവു, മൻമോഹൻ സിംഗ് അടക്കമുള്ള മറ്റു പ്രധാനമന്ത്രിമാർ പലതവണ യൂറോപ്പ് സന്ദർശിച്ചെങ്കിലും വത്തിക്കാനിലേക്കു പോയില്ല.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1955 ജൂലൈയിൽ വത്തിക്കാനിലെത്തി പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയെ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1981ൽ വത്തിക്കാനിലെത്തി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
പിന്നീട് 1997ൽ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളും 2000ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും വത്തിക്കാനിലെത്തി ജോണ്‍ പോൾ രണ്ടാമൻ പാപ്പയെ സന്ദർശിച്ചു.1964ൽ മുംബൈയിൽ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ പങ്കെടുക്കാൻ പോൾ ആറാമൻ മാർപാപ്പയാണ് ആദ്യമായി ഇന്ത്യയിലെത്തിയത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് 1986 ഫെബ്രുവരിയിൽ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ആദ്യം ഇന്ത്യയിലെത്തിയത്.1999ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ പാപ്പ വീണ്ടും ഡൽഹി സന്ദർശിച്ചിരുന്നു. മലയാളിയായ രാഷ്ട്രപതി കെ.ആർ. നാരായണനുമായി അന്നത്തെ വരവിൽ പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്ന് എതിർത്തു;ഇന്ന് ക്ഷണിച്ചു:-
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചപ്പോൾ പഴയൊരു എതിർപ്പിന്റെ കറ കൂടിയാണ് മാഞ്ഞുപോകുന്നത്. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചിരുന്നു. അടൽ ബിഹാരി വാജ്പേയ് ആയിരുന്നു അന്ന് പ്രധാനമന്ത്രി.അന്ന് ജോൺ പോൾ രണ്ടാമന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ സംഘ്പരിവാർ സംഘടനകൾ വൻ പ്രതിഷേധങ്ങളുയർത്തിയിരുന്നു. ക്രിസ്ത്യൻ മിഷണറിമാർ മതപരിവർത്തനം നടത്തുന്നുണ്ടെന്നും മാർപാപ്പ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘ്പരിവാർ രാജ്യമെങ്ങും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. വിഎച്ച്.പി നേതാവ് ആചാര്യ ഗിരിരാജ് കിഷോറിന്റെ മാർപാപ്പക്കെതിരെയുള്ള പരാമർശങ്ങൾക്ക് ബി.ജെ.പിക്കകത്തു നിന്നുപോലും വിമർശനങ്ങൾ ഉയർന്നിരുന്നു.ഇപ്പോൾ വത്തിക്കാനിൽ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ചയിൽ മോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചപ്പോൾ 1999ലെ പോപ് ജോൺ പോൾ രണ്ടാമന്റെ ഇന്ത്യ സന്ദർശനത്തിന് ശേഷം മറ്റൊരു പോപ്പിന്റെ സന്ദർശനത്തിന് വഴിയൊരുങ്ങുകയാണ്.
രാഷ്ട്രീയ ലഷ്യങ്ങൾ:-
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് മോദിസർക്കാർ വഴി തുറക്കാത്തതിൽ ഏറക്കാലമായി അമർഷവും ആശങ്കയുമായി കഴിഞ്ഞ ക്രൈസ്തവ സഭകൾ ആഹ്ലാദത്തിൽ.നരേന്ദ്ര മോദി ഭരണകൂടവുമായി ബന്ധം ഊഷ്മളമാവുമെന്ന ക്രൈസ്തവ സഭയുടെ പ്രത്യാശയിലേക്കു കൂടി വഴി തുറക്കുന്നതാണ് വത്തിക്കാൻ പാലസിൽ നടന്ന പോപ്, മോദി കൂടിക്കാഴ്ച.ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയെ കാണാൻ വത്തിക്കാൻ പാലസിലെത്തിയത്. രാഷ്ട്രനേതാക്കൾ പരസ്പരം കണ്ടു മുട്ടുമ്പോൾ ആതിഥേയനെ അതിഥി സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കുന്നത് യഥാർഥത്തിൽ പതിവു നയതന്ത്ര കീഴ്വഴക്കമാണ്.അതേസമയം, ഇന്ത്യ സന്ദർശനത്തിന് മാർപാപ്പയെ ഇതുവരെ മോദിസർക്കാർ ഔപചാരികമായി ക്ഷണിക്കാത്തതിൽ ക്രൈസ്തവ സഭക്കുള്ള അമർഷവും അകൽച്ചയും നീക്കുന്ന ചുവടുവെപ്പു കൂടിയായി അത്.ഇന്ത്യയിലെ ന്യൂനപക്ഷ, സാമുദായിക സാഹചര്യങ്ങളെക്കുറിച്ച കടുത്ത വിമർശനങ്ങൾക്കിടയിൽ അന്താരാഷ്ട്ര തലത്തിലെ പ്രതിഛായ നിർമാണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കൂടിക്കാഴ്ചയിൽ ലക്ഷ്യം വെച്ചതെന്ന് വ്യക്തം. ക്രൈസ്തവർക്ക് ഗണ്യമായ സ്വാധീനമുള്ള ഗോവയിൽ മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രയോജനപ്പെടുന്നതാണ് മാർപാപ്പക്കുള്ള ക്ഷണമെന്ന് ബി.ജെ.പി വിലയിരുത്തുന്നുണ്ട്. സ്വാധീനമുറപ്പിക്കാൻ കഴിയാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവ പിന്തുണയിലും കണ്ണുണ്ട്.പല കാരണങ്ങളാൽ മോദിസർക്കാറുമായി കെട്ടുറപ്പുള്ള പാലം വേണമെന്ന ചിന്ത ക്രൈസ്തവ സഭാനേതൃതലത്തിൽ ശക്തവുമാണ്.
2013ൽ പദവിയേറ്റ ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ വന്നു പോയി. കേന്ദ്രസർക്കാറിന്റെ ക്ഷണമില്ല എന്ന ഒറ്റക്കാരണത്താലാണ് ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ 2017ൽ ബംഗ്ലാദേശിലേക്ക് പറന്നിട്ടും മാർപാപ്പക്ക്, ഏഷ്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ഇറങ്ങാൻ കഴിയാതെ പോയത്. ഇതിനകം 54 രാജ്യങ്ങൾ സന്ദർശിച്ച മാർപാപ്പയുടെ ഇന്ത്യ സന്ദർശനം രാജ്യത്തെ ക്രൈസ്തവ സഭകളുടെ മാത്രമല്ല, വത്തിക്കാന്റേയും പ്രത്യേക താൽപര്യമായിരുന്നു.1999ൽ ഡൽഹിയിലെ ഏഷ്യൻ സിനഡിന് ജോൺ പോൾ രണ്ടാമനു ശേഷം ഇന്ത്യയിൽ മാർപാപ്പയുടെ സന്ദർശനം ഉണ്ടായിട്ടില്ല. അജപാലന സന്ദർശനമെന്ന നിലയിൽ ഇന്ത്യയിൽ മാർപാപ്പയുടെ ദേശവ്യാപക പര്യടനം നടന്നത് 35 വർഷം മുമ്പാണ്. അതിന്റെ ഭാഗമായി ജോൺപോൾ മാർപാപ്പ 1986ൽ കേരളത്തിലും എത്തിയിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യയിലെ യാത്രാപരിപാടികൾക്ക് രൂപമാകാൻ ഇരു രാജ്യത്തെയും നയതന്ത്ര പ്രതിനിധികൾ പലവട്ടം ചർച്ച നടത്തേണ്ടതുണ്ട്. കോവിഡ് സാഹചര്യങ്ങൾ ഉള്ളതിനാൽ 1999ലെന്ന പോലെ പരിമിത സന്ദർശനവുമായേക്കാം. 2022ൽ കാനഡയും 2023ൽ പോർച്ചുഗലുമാണ് മാർപാപ്പയുടെ നിലവിലെ യാത്രാപരിപാടി.
മുസ്ലിം രാജ്യങ്ങളായ ഇറാക്ക്, യുഎഇ, ബംഗ്ലാദേശ്, ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള മ്യാൻമർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു ചരിത്രം കുറിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു പ്രാധാന്യമേറെ. ഹിന്ദു ഭൂരിപക്ഷമുള്ള മതേതര രാജ്യമായ ഇന്ത്യയിലെ സന്ദർശനം ആഗോള സമാധാനത്തിനു വഴിത്തിരിവാകുമെന്നാണു പ്രതീക്ഷ.എല്ലാ മതങ്ങളുടെയും വിളനിലമായ ഇന്ത്യയിലും മതവിഭാഗങ്ങൾ തമ്മിൽ സഹകരിച്ചും സഹായിച്ചും ജനത്തെ സേവിക്കാനും സമാധാനത്തോടെ കഴിയാനും പാപ്പയുടെ സന്ദർശനം വഴിതെളിക്കുമെന്നാണു കരുതുന്നത്. പ്രധാനമന്ത്രി മോദിയുമായുള്ള ചരിത്ര കൂടിക്കാഴ്ച പ്രോട്ടോകോളുകൾ മറികടന്ന് ഊഷ്മളമാക്കിയതു നല്ല തുടക്കമാകും.
ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലുമൊരു മാർപാപ്പ അറബ് രാജ്യങ്ങളായ ഇറാക്കും യുഎഇയും സന്ദർശിക്കുന്നത്. 2018 ഫെബ്രുവരിയിലെ അബുദാബി സന്ദർശനവും കഴിഞ്ഞ മാർച്ചിലെ ഇറാക്ക് സന്ദർശനവും ക്രൈസ്തവ- ഇസ്ലാം മതവിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന ചരിത്രപരമായ അകൽച്ച കുറയ്ക്കാൻ വലിയ തോതിൽ സഹായകമായി. മുസ്ലിം രാജ്യങ്ങളിൽ ബംഗ്ലാദേശിൽ മാത്രമാണ് മുൻപ് മാർപാപ്പ സന്ദർശനം നടത്തിയിട്ടുള്ളത്.രോഹിംഗ്യൻ അഭയാർഥിപ്രശ്നം കത്തിനിൽക്കുന്നതിനിടെ 2017 നവംബറിലെ മ്യാൻമർ സന്ദർശനത്തിലൂടെ ബുദ്ധമത വിശ്വാസികളുടെ സ്നേഹവും ആദരവും നേടാനും പാപ്പയ്ക്കു കഴിഞ്ഞു.മ്യാൻമറിലെ സൈനിക മേധാവിയുമായും ഓംഗ് സാഗ് സൂചിയുമായും ചർച്ച നടത്തിയ ശേഷം യാംഗൂണിലെ രോഹിംഗ്യൻ അഭയാർഥി ക്യാന്പ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചതു ആഗോളശ്രദ്ധ നേടിയിരുന്നു. മ്യാൻമറിലെ സൈനിക നേതൃത്വത്തിന്റെ അതൃപ്തി വകവയ്ക്കാതെയായിരുന്നു അഭയാർഥികളെ പാപ്പ കണ്ടത്.