
പാലിയേറ്റീവ് കെയർ: പോകാനുണ്ട് ഇനിയുമേറേ ദൂരം

ജോബി ബേബി
ഈ വർഷത്തെ ആഗോള ഹോസ്പൈസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനം(World Hospice and Palliative Care Day)ഒക്ടോബർ 9 നാം ആചരിക്കുകയുണ്ടായി.എല്ലാ വർഷവും രണ്ടാമത്തെ ശനിയാഴ്ച ഈ ദിനമായി ആചരിക്കുന്നത്.പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം”ആരെയും പിന്തള്ളാതെ,സ്വാന്തന പരിചരണലഭ്യതയിൽ തുല്യത ഉറപ്പാക്കിക്കൊണ്ട്”(Leave no-one behind-equity in access to palliative care)എന്നതാണ്.ലോകത്തെങ്ങും ഗുരുതര രോഗങ്ങൾ മൂലവും മറ്റ് വേദന തിന്ന് കഴിയുന്നവർക്കെല്ലാം സ്വാന്തന പരിചരണം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ദിനാചരണം കരുത്തു പകരുന്നു.Palliative എന്ന വാക്കിന്റെ ഉത്ഭവം പാല്ലിയെർ (Palliere)എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ്.ഇതിന്റെ അർത്ഥം മൂടുക അഥവാ മറയ്ക്കുക എന്നാണ്.രോഗിയുടെ പീഡാനുഭവം അല്ലെങ്കിൽ ദുരിതം കുറയ്ക്കുക എന്നതാണ് എന്നതാണ് ഈ ചികിത്സാശാഖയുടെ കർത്തവ്യം.
രോഗപീഢയാൽ വേദന അനുഭവിക്കുന്നവർക്ക് വേദനസംഹാരികളും സ്നേഹപരിചരണവും നൽകി രോഗിയുടേയും കുടുംബത്തിന്റെയും സ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് പാലിയേറ്റീവ് പരിചരണമെന്ന് ലോകാരോഗ്യസംഘടന വിവക്ഷിക്കുന്നത്.ജീവിതാന്ത്യം പ്രതീക്ഷിക്കുന്ന രോഗികൾക്കുള്ള പരിചരണമായി ആദ്യകാലത്ത് കണക്കായിരുന്നുവെങ്കിലും ഇപ്പോൾ ഹ്രസ്വകാല രോഗങ്ങൾക്കും രോഗ ചികിത്സയോടൊപ്പം സ്വാന്തന പരിചരണവും നൽകി വരുന്നു.ഇത്തരം പരിചരണ രീതിയുടെ ആവശ്യകത തെളിയിച്ച കാലമായിരുന്നു കോവിഡ് കാലം.കോവിഡ് 19ന്റെ വ്യാപനമായതോടെ കേരളത്തിൽ രോഗീപരിചരണത്തിനു മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവർത്തകരിൽ നല്ലൊരു പങ്കും പാലിയേറ്റീവ് പ്രവർത്തകരാണ്.
പാലിയേറ്റീവ് കെയർ രംഗത്തെ ചരിത്രം:-
Palliative Care എന്ന ചികിത്സാ സമ്പ്രദായത്തിന് ഏകദേശം 42വർഷത്തിൽ കുറഞ്ഞ ചരിത്രമേയുള്ളൂ.എന്നാൽ “ഹോസ്പിസ് കെയർ”(Hospice Care),”Death and Dying Movement”എന്നീ പ്രാഗ് രൂപങ്ങളിൽ അതിനു വലിയ ഒരു ചരിത്രമുണ്ട്.1969ൽ സ്വിസ് ഡോക്ടറും മനഃശാസ്ത്രജ്ഞയുമായ Dr.Elizhabeth Kubler Ross എഴുതിയ “മരണവും മരിക്കലും”(Death and Dying)എന്ന പുസ്തകം മരണം കാത്തുകഴിയുന്ന രോഗിയുടെ മാനസികാവസ്ഥയെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടി.ഡോ.റോസ് വരച്ചുകാണിച്ച ചിത്രം സമൂഹമനസാക്ഷിയെ മാത്രമല്ല വൈദ്യസമൂഹത്തെയും ഞെട്ടിച്ചു.ഈ പുസ്തകമാണ് സ്വാന്തന ചികത്സയുടെ മുൻഗാമിയായ Death and Dying പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.AD നാലാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഹോസ്പിസ് എന്ന പ്രസ്ഥാനം നിലവിലുണ്ടായിരുന്നു.ദീർഘദൂര യാത്രയ്ക്കുള്ള വിശ്രമ സങ്കേതങ്ങളായിരുന്നു ഹോസ്പിസുകൾ.പത്തൊൻപതാം നൂറ്റാണ്ടിൽ ആസന്നമരണരായ രോഗികൾക്ക് വേണ്ടി അയർലണ്ടിലും ലണ്ടനിലും Hospice കൾ സ്ഥാപിച്ചു.1967ൽ ഇംഗ്ലീഷ് നഴ്സും എഴുത്തുകാരിയുമായ സിസിലി മേരി സാൻഡേർസ് (Cicely Marry Saunders)സ്ഥാപിച്ച “സെയിന്റ് ക്രിസ്റ്റഫേഴ്സ് ഹോസ്പിസ്”ആണ് ഇന്നു നാം കാണുന്ന പാലിയേറ്റീവ് കേന്ദ്രങ്ങളുടെ ആദ്യ മാതൃക.എന്നാൽ ഇത്തരം ആതുരാലയങ്ങൾക്ക് Palliative Care എന്ന് പേര് നൽകിയത് കനേഡിയൻ ഫിസിഷ്യൻ ആയ ഡോ.ബാൽഫർ മൗണ്ട് ആണ്.
സാന്ത്വനപരിചരണവും കേരളവും:-
എൺപതുകളുടെ തുടക്കത്തിൽ ആണ് സ്വാന്തന പരിചരണം ഭാരതത്തിൽ വേര് പിടിച്ചു തുടങ്ങുന്നത്.1986ൽ,ശാന്തി അവേഡ്നാ സദൻ എന്ന ഹോസ്പിസ് മുംബൈയിൽ സ്ഥാപിക്കപ്പെട്ടതും 1994ൽ ഇന്ത്യൻ അസ്സോസിയേഷൻ ഫോർ പാലിയേറ്റീവ് കെയർ രൂപീകൃതമായതും ഈ പ്രസ്ഥാനത്തിന്റെ പ്രാരംഭമായി കണക്കാകാം . അവിടുന്നിങ്ങോട്ട് നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റി നിർത്തിയാൽ പാലിയേറ്റീവ് കെയർ വളർന്നത് കേരളത്തിൽ ആണ് എന്ന് നിസ്സംശയം പറയാം.ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്.ജീവിതാന്ത്യത്തിലെ പരിചരണം കണക്കിലെടുത്തു മരിക്കുവാൻ ഏറ്റവും മികച്ച രാജ്യങ്ങടെയും ഏറ്റവും മോശം രാജ്യങ്ങളുടെയും ലിസ്റ്റിൽ ഒട്ടും അഭിമാനകരമായ അവസ്ഥയിൽ അല്ല ഭാരതം.2010 നെ അപേക്ഷിച്ചു സ്ഥിതി മെച്ചപ്പെടുത്തിയ ഭാരതം 80 രാജ്യങ്ങളുടെ പട്ടികയിൽ 67 ആം സ്ഥാനത്താണ്.ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രാപ്യതയും,ഉയർന്ന ജനസാന്ദ്രത,ഭൂപ്രകൃതി ഉണർത്തുന്ന വെല്ലുവിളികൾ,നാർക്കോട്ടിക് സ്വഭാവം ഉള്ള വേദനാസംഹാരികളുടെ ലഭ്യതക്ക് നിയമപരമായ തടസ്സങ്ങൾ,ഭരണനേതൃത്വത്തിന്റെ നയപരവും സാമ്പത്തികവും ആയ പിന്തുണയുടെ അഭാവം എന്നിങ്ങനെ ഒരു പാട് ഘടകങ്ങൾ ഇതിൽ ഉണ്ട് .
കേരളം ഇവിടെയും വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നു.രാജ്യത്തിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടും കേരളത്തിൽ ആണ്. 1993 ൽ കോഴിക്കോട്,ഡോ.സുരേഷ് കുമാർ,ഡോ.രാജഗോപാൽ മുതലായവരുടെ നേത്ര്യത്വത്തിൽ Pain and Palliative Care Society (PPCS) ആരംഭിച്ചു.ഗവണ്മെന്റ് ആശുപത്രികളിലെ രോഗികൾക്ക് പാലിയേറ്റിവ് കെയർ നൽകുക എന്നതായിരുന്നു ഉദ്ദേശം.ചിലവ് കുറഞ്ഞതും ,സമൂഹാധിഷ്ഠതവും സുസ്ഥിരവും ആയ Neighbourhood Network for Palliative Care (NNPC) എന്ന ആശയത്തിന്മേലാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ മുന്നേറിയത്.പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധപ്രവർത്തകരടങ്ങിയ ഒരു സംഘം ആണതിന്റെ ശക്തി.ഡോക്ടറും, നഴ്സും, സാമൂഹികപ്രവർത്തകരും നാട്ടുകാരായ ഒരുപാട് സന്നദ്ധപ്രവർത്തകരും ഉണ്ടാവുന്ന ഈ മോഡൽ ലോകാരോഗ്യ സംഘടനയുടെ പ്രശംസയ്ക്ക് പാത്രമായ ഒന്നാണ്.Pallium india പോലുള്ള ട്രസ്റ്റുകളുടെ സജീവമായ ഇടപെടലും എടുത്തു പറയേണ്ടതാണ്.

ഇന്ത്യയിൽ ആദ്യമായി 2008ൽ കേരളാ ഗവണ്മെന്റ് പാലിയേറ്റീവ് കെയർ പോളിസി പ്രഖ്യാപിച്ചു. ആരോഗ്യകേരളം പോലുള്ള പദ്ധതികൾ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന ഹോം കെയർ(വീട്ടിൽ നടത്തുന്ന അടിസ്ഥാന പരിചരണം)മുതൽ മുകളിലോട്ടു മൂന്നു തട്ടുകളായുള്ള പ്രവർത്തന രൂപ രേഖയാണ് ഇതിനുള്ളത്.താരതമ്യേനെ പിന്നോക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി,വയനാട്,മലപ്പുറം പോലുള്ള ജില്ലകൾ ഈ ദിശയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത് ക്രിയാത്മകമായ സമൂഹ ഇടപെടൽ,കർമബോധമുള്ള നേതൃത്വം,നയപരമായ പിന്തുണ നൽകുന്ന ഭരണം എന്നിവയെല്ലാം ആണ് കേരളത്തിലെ വിജയത്തിന് ഈ പിന്നിൽ.ഇന്ന് ഒരു വൻ ജനകീയ പ്രസ്ഥാനം ആണ് കേരളത്തിലെ പാലിയേറ്റീവ് കെയർ ശൃംഖല.
നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ദിനാചരണത്തിന്റെ ഭാഗമായി ലോകമെങ്ങും നടക്കുന്നുണ്ട്.ഗുരുതര രോഗം ബാധിച്ചു പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് രോഗത്തിന്റെ ആരംഭദശയിൽ തന്നെ ഏറ്റവും നല്ല പരിചരണവും വലിയ അളവിൽ ആശ്വാസവും ലഭ്യമാക്കുക പ്രധാനമാണ്.ഒപ്പം രോഗിയുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും പാലിയേറ്റിവിന്റെ ഭാഗമാക്കണം.ചികിത്സാരീതികൾ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള രോഗിയുടെ അവകാശം പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.പലപ്പോഴും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടേയും തീരുമാനങ്ങൾക്ക് മുമ്പിൽ നിസ്സഹായനായി നിൽക്കാനേ രോഗിക്ക് കഴിയുകയുള്ളൂ.പരിചരണത്തിനിറങ്ങുന്ന സന്നദ്ധപ്രവർത്തകരുടെ മാനസികവും സാമൂഹികവും ആത്മീയവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുക എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
കോവിഡ്കാലത്ത് ഏറെ കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് കേരളത്തിലെ പാലിയേറ്റീവ് പ്രവർത്തകർ സേവനം ലഭ്യമാക്കിയത്.പാലിയേറ്റീവ് രംഗത്തെ അടിസ്ഥാന പ്രവർത്തനമായ വീട്ടിലെത്തിയുള്ള പരിചരണം അടിയന്തരഘട്ടങ്ങളിലേക്ക് പരിമിതപ്പെടുത്തി ഫോൺ മുഖാന്തരം ഓഡിയോ,വീഡിയോ കോളുകളിലൂടെ ടെലി ഹോംകെയർ എന്ന പുതിയ രീതി വിജയകരമായി നടപ്പാക്കിവരുന്നു.ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങൾ ഇപ്പോഴും പാലിയേറ്റീവ് പരിചരണത്തെക്കുറിച്ചു അജ്ഞരാണ്.ഓരോ വർഷവും ഗുരുതരമായ രോഗം ബാധിക്കുന്ന 25.5മില്യൺ ജനങ്ങൾ പാലിയേറ്റീവ് പരിചരണം ലഭിക്കാതെ,ഒഴിവാക്കാവുന്ന വേദന സഹിച്ചു മരണത്തെ വരിക്കുന്നു എന്നാണ് കണക്ക്.ലോകത്താകമാനം പരിചരണം ലഭിക്കേണ്ടവരിൽ 10ശതമാനം പേർക്ക് മാത്രമേ ആവശ്യമായ പരിചരണം ലഭിക്കുന്നുള്ളൂ.42ശതമാനം രാജ്യങ്ങളിൽ പാലിയേറ്റീവ് പരിചരണ രീതിതന്നെ നിലവിലില്ല.32ശതമാനം രാജ്യങ്ങളിൽ ചെറിയ തോതിൽ പരിചരണ സംവിധാങ്ങൾ പ്രവർത്തിക്കുന്നുണ്ട്.8.5ശതമാനം രാജ്യങ്ങളിൽ മാത്രമാണ് നിലവിലുള്ള ആരോഗ്യ പരിചരണ സംവിധാനത്തിന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണം ഉൾപ്പെടുത്തിയിട്ടുള്ളത്.2008ൽ ആദ്യമായി പാലിയേറ്റീവ് പരിചരണം രൂപവത്കരിച്ചു രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം.ദേശീയ തലത്തിൽ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങൾക്ക് മാത്രമാണ് ഈ മേഖലയിൽ പദ്ധതികൾ ആവിഷ്കരിക്കാനായിട്ടുള്ളത്.
ജനകീയ സഹകരണത്തോടെ പാലിയേറ്റീവ് പരിചരണ രംഗത്തെ കേരള മാതൃക ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളിലൂടെ പാലിയേറ്റീവ് പരിചരണത്തിന് സംവിധാനമൊരുക്കി നാം ചരിത്രം സൃഷ്ടിച്ചതാണ്.എന്നിട്ടും ആവശ്യമായ മുഴുവൻ ആളുകൾക്കും പരിചരണം ഒരാവകാശം എന്നോണം ലഭ്യമാക്കാൻ നമ്മുക്കായിട്ടില്ല.മരണം നീട്ടിവെക്കാൻ കഴിയില്ലെങ്കിലും വേദനയില്ലാതെ,അന്തസ്സോടെ മരണം ഓരോ രോഗിക്കും അനുഭവിക്കുവാൻ കഴിയണം.രോഗിയുടെ അഭിപ്രായങ്ങൾക്ക് വിലകല്പിക്കുന്ന സമീപനരീതി ഉണ്ടായിരിക്കണം.പാലിയേറ്റീവ് പരിചരണമെന്നത് കുടുംബങ്ങളും ആരോഗ്യ പ്രവർത്തകരും രോഗിക്ക് നൽകുന്ന ഔദാര്യമല്ല,രോഗിയുടെ അവകാശമാണെന്ന തിരിച്ചറിവുണ്ടാവണം.
പാലിയേറ്റീവ് കെയർ എന്ന ശുശ്രൂഷ ശാഖയ്ക്ക് ഒൻപത് പ്രധാന ദൗത്യങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
വേദനയിൽ നിന്നും മറ്റ് ദുരിതങ്ങളിൽ നിന്നും ആശ്വാസം നൽകുക.
ജീവനെ വിലമതിക്കുകയും എന്നാൽ മരണത്തെ സ്വാഭാവിക പ്രക്രിയയായി കാണുകയും ചെയ്യുക.
മരണം നീട്ടി വയ്ക്കുന്നതിനോ ത്വരിതപ്പെടുത്തുന്നതിനോ ശ്രമിക്കാതിരിക്കുക.
രോഗ ശുശ്രൂഷയിൽ മാനസികവും ആത്മീകവുമായ വശങ്ങളെ സമന്വയിപ്പിക്കുക.
മരണംവരെ രോഗിക്ക് ഊർജ്ജസ്വലമായ ജീവിതം നയിക്കാൻ വേണ്ട സഹായം ചെയ്ത് കൊടുക്കുക.
രോഗിയുടെ ബന്ധുക്കൾക്ക് രോഗിയുടേയും അവരുടേയും അവസ്ഥകളോട് പൊരുത്തപ്പെടുന്നതിനു സഹായിക്കുക.
രോഗിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൗൺസിലിങ് അടക്കമുള്ള
സംയോജിത മാർഗ്ഗങ്ങൾ അവലംബിക്കുക,അവരുടെ ജീവിത നിലവാരത്തെയും രോഗാവസ്ഥയെത്തന്നെയും മെച്ചപ്പെടുത്തുക.
രോഗത്തിന്റെ തുടക്കത്തിൽതന്നെ കീമോതെറാപ്പി,റേഡിയേഷൻ,തുടങ്ങിയ രോഗശമന ഉപാധികൾ എന്നിവ ഉപയോഗപ്പെടുത്തി ക്ലേശപൂർണ്ണമായ രോഗാവസ്ഥ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.
സാന്ത്വന പരിചരണ ലഭ്യതക്കുറവിന് പ്രധാന കാരണങ്ങൾ പരിശോധിക്കാം.
- സാന്ത്വന പരിചരണം ഉൾപ്പെടുത്തുന്നതിൽ നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പരാജയം:
സാന്ത്വന പരിചരണം മിക്ക രാജ്യങ്ങളിലും ആരോഗ്യ പരിപാലനത്തിന്റെ ഭാഗമല്ല. വിട്ടുമാറാത്തതും ജീവിതം പരിമിതപ്പെടുത്തുന്നതുമായ രോഗങ്ങളുള്ള രോഗികൾക്ക് സാന്ത്വന പരിചരണത്തിന് പകരം രോഗചികിത്സ നൽകുന്നതിലൂടെ അവരെ ശാരീരികമായും വൈകാരികമായും സാമ്പത്തികമായും പ്രയാസപ്പെടുത്തുന്നു.
- നിയന്ത്രിത മരുന്നുകളുടെ ലഭ്യതക്കുറവ്:
വേദന ഒഴിവാക്കാൻ നൽകുന്ന നിയന്ത്രിത മരുന്നുകളുടെ ലഭ്യത തടയുന്ന നിരോധന നിയമങ്ങളും നയങ്ങളും.
- വിദ്യാഭ്യാസ/അവബോധത്തിന്റെ അഭാവം:
ആരോഗ്യ പരിപാലന രംഗത്തെ പ്രഫഷനലുകൾക്കുള്ള പാഠ്യപദ്ധതിയിൽ പാലിയേറ്റിവ് കെയർ ഇപ്പോഴും പൂർണമായും ഉൾപ്പെടുത്തിയിട്ടില്ല. സാന്ത്വന പരിചരണത്തെക്കുറിച്ച് പൊതുജനങ്ങളുടെയും ഭരണാധികാരികളുടെയും അറിവില്ലായ്മ.
- ദുർബലരായ ജനത:
സാന്ത്വന പരിചരണം ലഭ്യമാകുന്നിടത്തുപോലും വൈകല്യമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഭൂമിശാസ്ത്രപരമായും സാമൂഹികമായും രാഷ്ട്രീയമായും ഒറ്റപ്പെട്ടവർ, മറ്റു ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയവർ പിന്തള്ളപ്പെടുന്നു.
- അപര്യാപ്തമായ പ്രാഥമിക/ദ്വിതീയ/തൃതീയ ആരോഗ്യ പരിരക്ഷ:
പ്രമേഹം, രകതസമ്മർദം തുടങ്ങിയ ജീവിതശൈലിരോഗങ്ങൾക്ക് ചികിത്സിക്കാൻ മതിയായ പ്രാഥമിക ആരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ്. ഭിന്നശേഷിക്കാർക്ക് മതിയായ പുനരധിവാസ സൗകര്യങ്ങളുടെ അഭാവം.
പാലിയേറ്റീവ് പരിചരണം ജനകീയവും വ്യാപകവുമായ കേരളത്തിൽ സേവനത്തിന്റെ ഗുണനിലവാര വർധനയും ആധുനീകരണവുമാണ് ഇനി നടക്കേണ്ടത്.പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള പ്രവർത്തനങ്ങളിൽ കുറേകൂടി ജനകീയ സഹകരണം ഉറപ്പാക്കണം.ഇതോടൊപ്പം ഈ മേഖലയിൽ മാതൃകപാരമായ സന്നദ്ധ സംഘങ്ങളെ സഹായിക്കാനുമുള്ള പദ്ധതികൾ ഉണ്ടായാൽ കേരളത്തിന് ഇനിയും ചരിത്രം സൃഷ്ടിക്കാം.
(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ )