
കോവിഡ്: മഹാമാരിയുടെ പരിണാമ സാധ്യതകൾ

ജോബി ബേബി
കോവിഡ് മഹാമാരിയുമായി നാം സഹവസിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം രണ്ട് വർഷത്തോളം അടുക്കുന്നു.എല്ലാ വലിയ ദുരന്തങ്ങളുംപോലെ കോവിഡ്-19 ഉം വലിയൊരു ഗുരുനാഥനാണ്.ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ അടിമുടി തിരുത്തിക്കുറിക്കുവാൻ ഈ വെല്ലുവിളി നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.രാജ്യങ്ങളുടേ മാറുന്ന അതിർത്തികൾ,സാമ്പത്തികമായ കൂപ്പുകുത്തൽ(അമേരിക്കയെ ഒരു ഫിൻലൻഡ് പത്രം Country with Under developed Health System എന്നു വിളിക്കുന്നു!)പുതു രാഷ്ട്രീയ സമസ്യകൾ,സാമൂഹികമായ പൊളിച്ചെഴുത്തലുകൾ…ലോകം തകിടം മറിയുകയാണ്.
രാജ്യത്തിന്റെ പോത്തുമൊത്ത വരുമാനത്തിന്റെ (GDP)ഒരു ശതമാനം മാത്രം ആരോഗ്യരംഗത്തിന് നീക്കിവെച്ചു നാം ഭാരതീയർ കൈയ്യും കെട്ടി നോക്കിയിരുന്നപ്പോൾ ഏഴു മുതൽ 10ശതമാനം വരെ ആരോഗ്യ സംരക്ഷണത്തിന് നീക്കിവെച്ച പല യൂറോപ്യൻ സ്കാൻഡി നേവിയൻ രാജ്യങ്ങളും തകർന്ന് തരിപ്പണമാകുന്നതാണ് നാം കാണുന്നത്.ഭാഗ്യം എന്ന പദം കൊണ്ട് പോലും ഇതുവരെ നമ്മൾക്ക് ഏൽക്കാതെ പോയ വലിയ ക്ഷതങ്ങളെ വിശേഷിപ്പിക്കുനാവുമോയെന്നറിയില്ല.മനുഷ്യനെ പരസ്പരം കൊന്നൊടുക്കുവാനുള്ള ആയുധങ്ങൾ സംഭരിക്കുവാനുള്ള തിരക്കിൽ അതിനായി രാജ്യവരുമാനത്തിന്റെ സിംഹഭാഗവും നീക്കിവെക്കുമ്പോൾ ഇതിനെയൊക്കെ തികച്ചും അപ്രസക്തമാക്കി ഒരു ചെറിയ ആർ.എൻ.എ.തുണ്ട് വരുമെന്ന് നാം ആരും ഓർത്തതുപോലുമില്ല.ഇംഗ്ലീഷുകാർ പറയുന്നതുപോലെ “It became a great leveller”.
അടിസ്ഥാന സൗകര്യങ്ങളുടെ ഗുരുതരമായ അഭാവം നാം അനുഭവിച്ചു തുടങ്ങിയിട്ടില്ല.പക്ഷേ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടേ പോലും ദയനീയമായ അവസ്ഥ നമ്മുടെ കണ്ണ് തുറപ്പിച്ചെങ്കിൽ എന്ന് ആശിക്കുവാനേ നമ്മുക്ക് വഴിയുള്ളൂ.ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക മുതൽ ചൈന,ഫ്രാൻസ്,ഇറ്റലി,സ്പെയിൻ…എല്ലാ ഗോലിയാത്തുകളും കോവിഡിന്റെ (ഡേവിഡിന്റയല്ല!)ഒരൊറ്റ കവണയേറിൽ വെറും ധൂളിയായി മാറി.അത്തരമൊരവസ്ഥയിൽ നമ്മുടെ നാടിന്റെ സ്ഥിതി എത്രമാത്രം ദയനീയവും ഭീകരവുമായിരിക്കും എന്ന് സങ്കല്പിക്കുവാൻ പോലുമാവില്ല.ആശുപത്രികളിലെ വെന്റിലേറ്ററിന്റെ അഭാവം,മാസ്കുകൾ,സ്വയം സുരക്ഷാ ഉപകരണങ്ങൾ,മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത എന്നിവയൊക്കെ വലിയ ചോദ്യ ചിഹ്നങ്ങൾ ഇന്ത്യൻ ആരോഗ്യത്തിനുനേരെ ഉയർത്തുന്നുണ്ട്.ഇത്തരം സാമൂഹിക-ആരോഗ്യപ്രശ്നങ്ങൾക്ക് എത്രെയും വേഗം പരിഹാരം കാണുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇത്തരുണത്തിൽ രാഷ്ട്രം നമ്മോട് ആവശ്യപ്പെടുന്നത്.
മദ്യപന്മാർക്ക് മദ്യം ലഭ്യമാക്കുവാൻ ഡോക്ടർമാരേ കരുവാക്കുന്ന സർക്കാർ,രോഗത്തിന്റെ കടുത്ത മാനസീക വിഷോഭത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമാസക്തരാകുന്ന രോഗികൾ,ജോലിഭാരം കൊണ്ടാകാം ആരോഗ്യപ്രവർത്തകർക്ക് നേരെ തട്ടി കയറുന്ന നിയമപാലകർ….കടുത്ത ജോലി ഭാരത്തിൽ തകർന്നു പോകുന്ന ആരോഗ്യപ്രവർത്തകർ.കോവിഡ് പോലൊരു “കില്ലർ ഡിസീസി”നു മുന്നിൽ പോലും പതറാതെ സമൂഹത്തിനു വേണ്ടി നിരന്തരമയി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ….ചിത്രങ്ങൾ കാലിഡോസ്കോപ്പിലെന്നപോലെ മാറുകയാണ്.പക്ഷേ മനോഹാരിതയല്ല ഭീകരതയാണ് പശ്ചാത്തലം എന്നുമാത്രം.
നമ്മുക്ക് നിശ്ചയമായും അതിജീവിക്കേണ്ടതുണ്ട്.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
അതിജീവിക്കുക തന്നെ ചെയ്യും.
(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ).