
ഉടലും ശബ്ദവും

ജിതിൻ കെ സി
കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് ലളിത തന്റെ സർഗാത്മക ജീവിതത്തിലുടനീളം കെ പി എ സി എന്ന കിരീടം കൊണ്ടു നടന്ന അഭിനയേത്രിയാണ്. കേവലമായ പ്രദർശനാത്മകതയല്ലായിരുന്നു ആ കൊണ്ടുനടപ്പ്. തന്റെ ശരീരത്തിലോടുന്ന രക്തത്തിന്റെ നിറം ചുവപ്പാണെങ്കിൽ തന്റെ രാഷ്ട്രീയവും ചുവപ്പായിരിക്കും എന്ന തുറന്നു പറച്ചിലിന്റെ ധൈര്യം കൂടിയായിരുന്നു കെ പി എ സി ലളിത. സിനിമ വേറെ, രാഷ്ട്രീയം വേറെ എന്നുള്ള ജനപ്രിയ വലതുപക്ഷ വായാടിത്തത്തിനോട് മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടി എളുപ്പത്തിൽ പുറംതിരിഞ്ഞു നിന്നതാണ് ലളിതയുടെ അനേകം സവിശേഷതകളിൽ ഒന്ന്.
കെ പി എ സി ലളിത എന്ന അനശ്വരയായ നടിയെ നാം ഓർക്കുമ്പോൾ എപ്പോഴും കരുതിയെടുക്കുന്ന ഒരു വാചകം നാടകത്തിലും സിനിമയിലും എന്നതായിരിക്കും. ഞാനടക്കമുള്ള പുതിയ തലമുറക്ക് കെ പി എ സി ലളിതയുടെ നാടകാഭിനയം കാണാനുള്ള അവസരമുണ്ടായിട്ടില്ല. അവർ നാടകം, സിനിമ, ടെലിവിഷൻ എന്നീ മൂന്നു മാധ്യമങ്ങളിലും സർഗാവിഷ്കാരം നടത്തിയ പ്രതിഭയാണ്. ഇത് അത്ര എളുപ്പത്തിൽ കയറാവുന്ന ഒരു ഉയരമല്ല. മാധ്യമപരമായും, ഘടനാപരമായും 3 തരം ശേഷികൾ വേണ്ടുന്ന 3 വ്യത്യസ്ത കലാമാധ്യമങ്ങളാണ് നാടകവും സിനിമയും ടെലിവിഷനും. ഉടലിന്റെ ചലനങ്ങളും ശബ്ദത്തിന്റെ വിന്യാസവും മാത്രം പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന നാടകവും, മിഡ് ഷോട്ടുകളിലും ക്ലോസപ്പുകളിലും മുഖ ഭാവാഭിനയത്തിന് പ്രാധാന്യമുള്ള ടെലി സീരിയലുകളിലും, ഏതു തരം അഭിനയശേഷികളെയും പരീക്ഷിക്കാൻ കെൽപ്പുള്ള സിനിമയിലും ഒരേ അളവിൽ കെ പി എ സി ലളിത പകർന്നാടി എന്നത് അവരുടെ പ്രതിഭ ഒന്നു കൊണ്ട് മാത്രമാണ്. അതിൽ തന്നെയും അതിനാടകീയതക്ക് പേരു കേട്ട ടെലിവിഷൻ സീരിയലുകളെ പ്രമേയപരമായല്ലെങ്കിലും അഭിനയശേഷിയിലെ സ്വാഭാവികത കൊണ്ട് വ്യത്യസ്തമാക്കിയതിൽ ലളിതക്കുള്ള പങ്ക് ചെറുതല്ല.

കെ പി എ സി ലളിതയുടെ മരണശേഷം സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഏറെ ശ്ലാഘിക്കപ്പെട്ടത് അവർ ചെയ്ത അമ്മ വേഷങ്ങളാണ്. അതിൽ തന്നെ സവിശേഷമായി മോഹൻലാലിനോടൊത്തുള്ള അമ്മവേഷങ്ങളാണ്. അതൊരു ഭാവുകത്വത്തിന്റെ കൂടെ പ്രശ്നമാണ്. കന്മദത്തിലേയോ സ്ഫടികത്തിലെയോ അമ്മ വേഷങ്ങൾ ഗംഭീരമാവുമ്പോൾ തന്നെയും അതിൽ ലളിതക്കുള്ള പങ്ക് ആസ്വാദകരിൽ താഴുകയും മോഹൻലാലിന്റെ അമ്മ വേഷം എന്ന നിലക്ക് അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നിടത്ത് ഒരു വൈരുദ്ധ്യമുണ്ട്. പൊതുവിൽ മലയാള സിനിമാ ഭാവുകത്വത്തിൽ അമ്മപൂർണമാവുന്നത് മകൻ/ഭർത്താവ് എന്ന പുരുഷാധികാര കേന്ദ്രങ്ങൾക്ക് ഒപ്പമാണ്. അതിൽ തന്നെ സവിശേഷമായി മോഹൻലാൽ എന്ന മലയാളിയുടെ മധ്യവർഗ അനുഭൂതികൾക്ക് എല്ലാം തികഞ്ഞ ഒരു പുരുഷന്റെ അമ്മ എന്ന നിലക്ക് സവിശേഷസ്ഥാനമുണ്ട്. കവിയൂർ പൊന്നമ്മ മലയാളികളുടെ അമ്മയാവുന്നത് അങ്ങനെയാണ്. മധ്യവർഗാനുഭൂതികളിലെ, ഫ്യൂഡൽ നൊസ്റ്റാൾജിയകളിലെ കസവും നേര്യതും ഉടുത്ത അമ്മവേഷങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന അമ്മയായി ലളിത പകർന്നാടിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വേഷം ഭരതൻ സംവിധാനം ചെയ്ത അമരത്തിലേതാണ്. ഒരേ സമയം അമ്മ/അമ്മായി അമ്മ/ നാത്തൂൻ എന്നീ കുടുംബാംഗമായും ഒരു മത്സ്യത്തൊഴിലാളിയായും ലളിത അതിവേഗം തന്റെ ഉടൽഭാഷയെ പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നു. കടലിൽ നിന്ന് മീൻ വഞ്ചിയുമായി വന്ന മുക്കുവരോട് തർക്കിച്ചും തഞ്ചപ്പെട്ടും കച്ചവടം ഉറപ്പിക്കുന്ന ലളിതയുടെ വേഷപ്പകർച്ച അതിശയകരമാണ്. ആ ചിത്രത്തിൽ തന്നെ അശോകൻ ചെയ്ത കഥാപാത്രം കടലിൽ കാണാതാവുന്ന രംഗമുണ്ട്. അയാൾ മരിച്ചെന്നു കരുതുകയും, അയാളെ തിരിച്ചെത്തിക്കുമ്പോൾ, ജീവന്റെ തുടിപ്പ് തിരിച്ചെത്തുമ്പോൾ ലളിതയെന്ന അമ്മയുടെ ഒരാശ്വാസമുണ്ട്. ലോകത്തെ എല്ലാ അമ്മമാരുടെയും നെടുവീർപ്പുകളെ സ്വാംശീകരിക്കുന്ന അതിശയകരമായ ഭാവ പ്രകടനമാണ് ലളിത കാഴ്ചവെക്കുന്നത്.

വെങ്കലത്തിലെ അമ്മ, ലളിതയുടെ മറ്റൊരു നാഴികക്കല്ലാണ്. മൂക്കുചീറ്റിയും കാർക്കിച്ചു തുപ്പിയും കരയുന്നതിന് തിരശീലയിൽ മടിയേതുമില്ലാത്തൊരു ഉടൽ പകർച്ചയാണ് ലളിത വെങ്കലത്തിൽ ആവിഷ്കരിക്കുന്നത്. അവരുടെ ആധികളിലും സംഘർഷങ്ങളിലും സ്നേഹത്തിലും അകമേയുള്ള വൈരുദ്ധ്യങ്ങളിലും ലളിതയുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ശാന്തത്തിലെ നിസഹായയും നിസ്സംഗയുമായ അമ്മയും അവരുടെ പകർന്നാട്ടത്തിന്റെ മറ്റൊരു സാക്ഷ്യമാണ്.
ഒരു ആശയക്കുഴപ്പ(ambiguity)മുണ്ടാക്കിയ കെ പി എ സി ലളിതയെ നിങ്ങൾക്ക് മതിലുകളിൽ കാണാം. വാസ്തവത്തിൽ എന്തൊരു കാസ്റ്റിംഗാണത്! അടൂരിനെ പോലൊരു മാസ്റ്റർ സംവിധായകന് മാത്രം സാധിക്കുന്ന കണ്ടെത്തലാണ് അദ്യശ്യയായ നാരായണിയുടെ ശബ്ദസാന്നിധ്യമായി ലളിതയെ തിരഞ്ഞെടുത്തത്. അന്ന്(ഇപ്പോഴും) അടൂർ കേട്ട ഒരു പഴി ലളിതയുടെ ശബ്ദം നാരായണിയുടെ അദ്യശ്യ ഭാവ സൗന്ദര്യത്തിനെ വഴി തെറ്റിക്കുന്നു എന്നതാണ്. ഇതിൽ 2 പ്രശ്നമാണ് ഉള്ളത്. ഒന്ന് നാരായണിയായി ലളിതയെ സ്വീകരിക്കാതിരിക്കുന്ന ഭാവുകത്വ പ്രശ്നം. രണ്ട് കേരളത്തിലെ മാത്രം പ്രേക്ഷകരെ കണ്ടല്ല അടൂർ ഗോപാലകൃഷ്ണൻ സിനിമയെടുക്കുന്നത്. ആ ചിത്രം വെനീസ് മേളയിൽ പുരസ്കരിക്കപ്പെട്ട ചിത്രമാണ്. മാത്രവുമല്ല, ഒരു മതിലിന്നപ്പുറത്തെ നമുക്കും ബഷീറിനും അദ്യശ്യമായ ദൂരത്തിലെ ശബ്ദവ്യതിയാനങ്ങളെയും വിന്യാസങ്ങളെയും ഉൾക്കൊള്ളാൻ ലളിതയോളം ശേഷിയുള്ള നടിയുണ്ട് എന്നും കരുതാനാവില്ല.

അന്ന മുയ്ലേർട്ട് സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ഒരു ചിത്രത്തിന്റെ ശീർഷകമാണ് കെ പി എ സി ലളിത ഓർമ്മയാവുമ്പോൾ തെളിയുന്നത്. The Second Mother, എല്ലാ സംഘർഷങ്ങളിലും മലയാള സിനിമയുടെ വ്യഥകളിലും ഒരു രണ്ടാനമ്മയുടെ നെടുവീർപ്പുമായി കെ പി എ സി ലളിത ഉണ്ടായിരുന്നു. ഇനിയില്ല..