
നൃത്തശാലയും ഹൂല ഹൂപ്പും

ജിഷ്ണു കെ.എസ്.
നേരം സന്ധ്യയാവുന്നു. പുതിയ കാലം പിറവി കൊള്ളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഭാവി പ്രതീക്ഷകളുമായി മുറിവാലന് ഗൗളി തലയ്ക്കു മുകളിലിരുന്ന് ചിലയ്ക്കുന്നു.
‘ഗൗളി! എനിയ്ക്ക് നിന്റെ പേരറിയില്ല. നിന്റെ വാലെന്തിനാണ് നീ മുറിച്ചതെന്ന് അറിയുവാനൊട്ട് ആഗ്രഹവുമില്ല. എന്നാല്‍ നിന്നോടെനിക്കൊരു അപേക്ഷയുണ്ട്. ഉടനടി നീ എന്നെ രക്ഷപ്പെടുത്തണം. ഞാനിപ്പോള്‍ ഒരു നൃത്തശാലയിലാണുള്ളത്. ഇരുന്നിടത്തിരുന്ന് വെട്ടിത്തിരിഞ്ഞും തിരിയാതെയും ചടുലമായ നീക്കങ്ങളിലൂടെ രണ്ട് കുതിരകള്‍ പൂട്ടിയ വണ്ടിയില്‍ ചുറ്റുമുള്ള ഓരോന്നിലേക്കും ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഒഴുക്കിന്റെ വേഗത്തിന് താളമുണ്ടെന്ന് തോന്നുന്നു. ഒരുപക്ഷെ കേള്‍ക്കുന്ന പാട്ടിന്റെ താളമാകാം.’
തുറിച്ചു നോക്കിക്കൊണ്ട് ഗൗളി ചിലച്ചു.
”പക്ഷി നോട്ടങ്ങളുടെ സൂക്ഷ്മതയിലേക്ക് നിനിക്ക് നിന്നെ എത്രയും വേഗം രൂപാന്തരപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ഈ ഹൂല ഹൂപ്പില്‍ കുരുങ്ങി ഭ്രമിച്ച് അലിഞ്ഞലിഞ്ഞ് ഇല്ലാതാവും. മഹേന്ദ്രജാലവിദ്യ സ്വായത്തമാക്കിയ ഈ നൃത്തശാലയുടെ തച്ചന്റെ ഭാവനകളിലേക്ക് നോട്ടം കേന്ദ്രീകരിച്ചാല്‍ മാത്രമേ തിരികെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങി വരുവാന്‍ സാധിക്കുകയുള്ളു.’
‘ഭാവന! ഭാവനയാല്‍ എങ്ങനെയാണിതെല്ലാം ഒരാള്‍ക്ക് സാധ്യമാകുന്നത്?’
‘പല പ്രകാരമുള്ള വൈകാരികാനുഭവങ്ങള്‍, സഹജാവബോധം, അയുക്തികള്‍, ആഗ്രഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് ഭാവന. അതിനാല്‍ തന്നെ ഭാവനകള്‍ക്ക് മനോവികാരങ്ങളുടെ പ്രതിച്ഛായകളെ ആലങ്കാരികമായോ, അല്ലാതെയോ പകര്‍ത്തുവാന്‍ സാധിക്കുന്നു. ഓരോ മനസ്സും പല കാലങ്ങളില്‍ സ്വായത്തമാക്കുന്ന അതിന്റേതായ ചിത്രഭാഷയുണ്ട്. അതിനാലാണ് ഓരോ കവിയ്ക്കും / എഴുത്തുകാരനും സ്വന്തം വിചാരങ്ങളേയും, വൈയക്തികാനുഭവങ്ങളേയും ബിംബങ്ങളാക്കുവാനോ, ആലങ്കാരിക ഭാഷയാല്‍ ചിത്രപ്പെടുത്തുവാനോ സാധിക്കുന്നത്.

നീ ഇപ്പോള്‍ എന്നെ കാണുന്നതും കേള്‍ക്കുന്നതും നിന്റെ ഭാവനയാലാണ്. ‘
‘എനിക്കിതൊന്നും മനസ്സിലാകുന്നില്ല. അറിയുകയുമില്ല. ദയവായി എന്നെ നീ രക്ഷിക്കൂ!’
‘ശരി! രക്ഷിക്കാം. പക്ഷേ എന്റെ കുറച്ച് ചോദ്യങ്ങള്‍ക്ക് നീ കൃത്യമായ ഉത്തരങ്ങള്‍ നല്‍കണം. ഏറ്റോ?’
‘ഏറ്റൂ. എന്നാല്‍ ഞാന്‍ നല്കുന്ന ഉത്തരങ്ങള്‍ നിനക്ക് കൃത്യതയുള്ളതാണോയെന്ന് ഞാനെങ്ങനെ അറിയും?’
‘എന്റെ ഓരോ ചോദ്യങ്ങളും കേട്ടു കഴിയുമ്പോഴും ഉടനടി നിനക്ക് എന്താണോ പ്രതികരണമായിട്ട് നല്കാന് സാധിക്കുന്നത് അതങ്ങ് ചെയ്താല്‍ മാത്രം മതി. അതായത് ഫസ്റ്റ് റസ്പോണ്സെന്ന് ചിലര്‍ ഇംഗ്ലീഷിക്കുന്നതാണ് നിന്നില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്.’
‘ശരി! വേഗം ചോദിക്കൂ.. ‘
‘എങ്ങനെയാണ് നീ ഇവിടെ എത്തിപ്പെട്ടത്? അവിടെ എന്താണ് കണ്ടത്?’
‘നഗരത്തിലെ ആര്‍ട്ട് ഗ്യാലറിയില്‍ / ഒരു സുഹൃത്തിന്റെ ചിത്രപ്രദര്‍ശനം / കാണാന്‍ വന്ന് / മടങ്ങുന്നതിനിടയിലാണ് / ഒരാള്‍ എന്നെ പരിചയപ്പെടുന്നത് / ….’ ചത്ത കവികളുടെ കാട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോവാന്‍ വന്ന ഗൈഡായ ചത്ത കവിയായിരുന്നു അയാള്‍. ‘തലസ്ഥാനനഗരിയില്‍നിന്ന് / നൂറിലധികം കിലോമീറ്റര്‍ / ബസ്സിലും ഓട്ടോറിക്ഷയിലും / ഇരുചക്രവാഹനങ്ങളിലുമൊക്കെ സഞ്ചരിച്ച് / മൂന്നാലുകിലോമീറ്റര്‍ നടക്കുകയും ചെയ്താണ് / ചത്ത കവികളുടെ കാട്ടില്‍ / ഞാന്‍ എത്തിച്ചേരുന്നത് ‘.
‘ഹോ ചത്തകവികളുടെ കാട്! എന്തൊരു ഭാവന!’
‘ഭാവനയോ? കാട് യാഥാര്‍ത്ഥ്യമായിരുന്നു. കവിതകളില്‍ പല മട്ടില്‍ കാടുകളെ കവികള്‍ കല്പന ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ; നിറച്ചാര്ത്തുകളുടേയും, രേഖകളുടേയും കാഴ്ച്ചകള്‍ക്കിടയില്‍ ഞാന്‍ മതിമറന്ന് നില്ക്കുമ്പോള് അയാള്‍ എന്നോട് ചത്തകവികളുടെ കാടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ അയാള്‍ക്കൊപ്പം ചത്തകവികളുടെ കാടിനുള്ളില്‍ ഞാന്‍ പ്രവേശിക്കുമ്പോള്‍; ‘പ്രാചീനങ്ങളായ കവിതകളുടെ ദിവ്യാത്ഭുത വെളിച്ചം/അങ്ങിങ്ങ് തെളിഞ്ഞു.’ അങ്ങനെയൊരു കാടിന്റെ കാഴ്ച്ചകള്‍ എന്റെ കണ്ണുകളിലേക്ക് ഒഴുകിയെത്തി നിറയുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ‘ഒരു വീടോളം വലിപ്പമുള്ള / മഴവില്ക്കുമിളയില് ഞാന്‍ പറന്നു./ എന്റെ കൂടെ ആയിരക്കണക്കിന് മകാവ് തത്തകളും /മയിലുകളും പറന്നു. / കവിത പകുതിയെത്തിയപ്പോള്‍ / കറങ്ങിക്കൊണ്ടിരിക്കുന്ന മാച്ചുപിച്ചുവില്‍ / ഞാന്‍ നില്ക്കുന്നുണ്ടായിരുന്നു.’
”നിന്നെ അതിവിദഗ്ധമായി അയാള്‍ അയാളുടെ ഭ്രമങ്ങളുടെ ഭാഷയില്‍ കുരുക്കി.’
”ഭ്രമങ്ങളുടെ ഭാഷയോ? അതെന്താണെന്ന് എനിക്കറിയില്ല. എന്റെ ഭാഷ നിറങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ ഭാഷയാണ്. അയഞ്ഞതും കെട്ടുപിണഞ്ഞ് അത്ര പെട്ടെന്ന് വേര്‍തിരിച്ചെടുക്കുവാനാവാതെ തിളങ്ങുന്നതുമായ സര്‍റിയല്‍ ശൈലിയിലുള്ള ചിത്ര ഭാഷയും വശമുണ്ട്. ദാലിയുടെ ദ ഡിവൈന്‍ ഫോറസ്റ്റ്, ദ ഫോറസ്റ്റ് ഓഫ് സൂയിസൈഡ് എന്നിവ കണ്ടിട്ടില്ലേ അതുപോലെ. എന്നാല്‍ ചത്തകവികളുടെ കാട് എന്റെ ചിന്തകളെ ആന്തരികമായി തകിടം മറിച്ചു. അതു കൊണ്ടാവാം ആ കാട്ടിലൂടെയുള്ള നടത്തത്തില്‍ ‘ഒരു മലയുടെ മുകളില്‍ നിന്ന് മറ്റൊരുമല മുനമ്പിലേക്ക് / നിസ്സാരമായി കാലെടുത്തുവെക്കുന്നു’ വെന്ന് എനിക്ക് തോന്നിയതും.
ഒടുവില്‍ ‘പ്രപഞ്ചം എല്ലാ കോശങ്ങളിലും ചിറകടിച്ചു. / കവിത തീരുമ്പോള്‍ ഞാന്‍ തളര്‍ന്നുവീണു. / ഉണരുമ്പോള്‍ ഞാന്‍ ഒരു മരമായി; / എല്ലാ ദിവസവും ഒരു മുഴുത്ത സൂര്യനെതിന്നുന്ന / ചത്തകവികളുടെ കാട്ടിലെ ഒരു മരം.’
ഇതൊക്കെയാണ് കണ്ടതും സംഭവിച്ചതും.”
”അതീന്ദ്രിയമായ ഇത്തരം കല്പനകളില് നീ പെട്ടെന്ന് തന്നെ ആഗിരണം ചെയ്യപ്പെടുമെന്ന് ഞാന്‍ കരുതുന്നു. നിന്റെ ഉള്ളിലെ സര്‍റിയല്‍ ചിത്രാനുഭവങ്ങള്‍ ഒരു ചാലകശക്തിയായിട്ടുണ്ടാവാം.’
‘അതൊന്നും എനിക്കറിയില്ല. എന്നെ രക്ഷിക്കൂ!’
‘രക്ഷിക്കാം! പക്ഷേ എന്റെ ചോദ്യങ്ങള്‍ക്ക് നീ കൃത്യമായ ഉത്തരങ്ങള്‍ നല്‍കണം. ഏറ്റോ?’
‘ചോദിക്കൂ!’
‘എന്തെല്ലാമാണ് പിന്നീടങ്ങോട്ടുള്ള യാത്രയില്‍ കണ്ടത്? അനുഭവപ്പെട്ടത്?’
‘കുടിക്കാന്‍ വെച്ച വെള്ളം /…… / ലോകം മുഴുവന്‍ അതിനു ചുറ്റും / കറങ്ങുകയല്ലേ?’ എന്ന ചോദ്യം ഞാന്‍ കേട്ടു. നോക്കുമ്പോള്‍; ‘ഒരേ ജലം, അതിനു ചുറ്റും / മാറിക്കൊണ്ടിരിക്കുന്ന കാലം / മാറിക്കൊണ്ടിരിക്കും ദേശങ്ങള്‍ / മാറിക്കൊണ്ടിരിക്കുമാകാശങ്ങള്…’ എല്ലാ കാഴ്ച്ചകള്‍ക്കും ഒടുക്കം ദാഹം തീര്‍ക്കുവാന്‍ ‘ഒരു കുടം വെള്ളത്തിന് / കിലോമീറ്ററുകളലയുന്ന / അമ്മമാരുടെ നാട്ടിലേക്ക് / പോയി വരാമെന്ന് / ചെവിയില്‍ പറഞ്ഞു’ കുടിക്കാന്‍ എടുത്തു വെച്ച വെള്ളം.
ഈ നൃത്തശാലയില്‍ കുടുങ്ങിപ്പോകും മുമ്പ് ജലത്താല്‍ ചുറ്റപ്പെട്ട എന്റെ നാട്ടില്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ കുടങ്ങളുമായി കൊതുമ്പുവള്ളങ്ങളിലും, ആറ്റിറമ്പുകളിലൂടെയും പരക്കം പാഞ്ഞിട്ടുണ്ട് ഞാനും. ജലവും വെള്ളവും രണ്ടാണെന്ന് അനിത തമ്പിയെന്ന കവി തന്റെ കവിതയിലൂടെ പറഞ്ഞത് ഓര്‍ത്തു പോകുന്നു.
ഓര്‍മ്മകളിലേക്ക് തുളഞ്ഞു കയറി ചെന്നു നോക്കുമ്പോള്‍ ‘പഴയ കാല ഫിലിം റോളില്‍ / സ്വന്തം മുഖത്തിന്റെ നെഗറ്റീവ് കാണുന്നു’. കാണല്‍ ഒരു കണ്ടെത്തല്‍ ഗെയിമായി തോന്നുന്നു. കാരണം ‘എന്നെ നെഗറ്റീവായി കാണുന്ന / നെഗറ്റീവിനെ ഞാന്‍ കാണുന്നു. / അക്കാണുന്ന എന്നെ നെഗറ്റീവും കാണുന്നു’. അനന്തമായ പ്രതിഫലനങ്ങള്‍. പ്രതിഫലനങ്ങളില്‍ നമ്മള് നേരിട്ട് കാണാത്തതും കണ്ടെത്തിയേക്കാം അല്ലേ? 180°യിലുള്ള മുന്നിലെ കാഴ്ച്ചയിലേക്ക്; 180° പിന്നിലെ കാഴ്ച്ച വന്ന് പ്രതിഫലിക്കുന്നതു പോലെ. ഫ്രെഞ്ച് ചിത്രകാരന് ചാള്‍സ് ലെ ബ്രൂണിന്റെ ചിത്രങ്ങളില്‍ ഇത്തരം പ്രതിഫലനങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. പ്രതിഫലനങ്ങളിലെ ഇലാസ്തികത ചിത്രീകരണരീതിയാല് റ്റിയോ ഹെര്‍ണാണ്ടസ് തന്റെ L’eau de la Seine ലൂടെ പങ്കുവെച്ചതും ഞാന്‍ കണ്ടിട്ടുണ്ട്.
‘ഇന്നലെ വരെ ഒരു ജാഥയിലും നിന്നിട്ടില്ലെങ്കിലെന്ത്? / ഇന്ന് ജാഥയുടെ മുന്നില്ക്കയറിനിന്ന് മുഷ്ടിചുരുട്ടുന്നു പടുവൃദ്ധന്’. അദ്ദേഹം കാഴ്ച്ചയുടെ ഭ്രമാനുഭൂതികള്ക്കപ്പുറം മനുഷ്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും, രാഷ്ട്രീയവും, പ്രതിരോധ സ്വരങ്ങളും കണ്ടെത്തുവാന്‍ എന്നെ സഹായിച്ചു.
‘കുന്നുകളുടെ ഈ സി ജി’യില്‍ അടുത്ത വീട്ടിലെ അമ്മാമ്മ’ ആംബുലന്‍സില്‍ ഊര്‍ധ്വന്‍ വലിച്ച്
കിലോമീറ്ററുകള്‍ താണ്ടി കോഴിക്കോട്ടെ മെഡിക്കല്‍ കോളേജില്‍ ഒടുക്കമൊരു നേര്‍രേഖയായി കണ്ണടയ്ക്കും മുമ്പ് പറയാതെ പറഞ്ഞു വെയ്ക്കുന്നത്; വയനാട്ടിലെ ജനങ്ങളുടെ ചിരകാല ആവശ്യമായ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രാധാന്യമാണ്. അമ്മാമ്മയേയും കൊണ്ട് ചുരമിറങ്ങുമ്പോള്‍ ഓരോ വളവുകളിലും എന്നോ പാഞ്ഞു പോയ ആംബുലന്‍സില്‍ ജീവന് പൊലിഞ്ഞവര്‍ എഴുന്നേറ്റ് നിന്ന് അമ്മാമ്മയെ നോക്കുന്ന കാഴ്ച്ച ഒരുപക്ഷെ നീ മാജിക്കല്‍ റിയലിസമെന്ന് പേരിട്ടുകൊണ്ട് ലാഘവവത്ക്കരിച്ച് ചുരുക്കി കെട്ടിയേക്കാം.
മറ്റൊരു ജീവിത യാഥാര്‍ത്ഥ്യം കൂടി എനിക്ക് കണ്ടെത്തുവാന്‍ സാധിച്ചു. മനുഷ്യരെ തമ്മില്‍ തല്ലിച്ച് ചോര കുടിച്ച് അധികാരത്തിലേറുന്നവരുടേയും; അധികാരം കൈയാളാന്‍ ശ്രമിക്കുന്ന ചെന്നായ്ക്കളുടേയും കുത്സിത നിക്കങ്ങളായിരുന്നു. ഈ ചെന്നായ്ക്കളുടെ ആദ്യ ഓരിയിടലില്‍ ധ്വനിക്കുന്നത് നമുക്ക് സ്വാതന്ത്ര്യം നേടണമെന്നാണ്. പരസ്പരം മല്ലടിപ്പിച്ച് മാറി നിന്ന് പിന്നീടവര്‍ ഒച്ച താഴ്ത്തി അവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ പറയും ‘ശാന്തരാകുവെന്ന്’. ‘ജിഗ്സോ’കഷ്ണങ്ങളായി രണ്ടിടങ്ങളില്‍ രണ്ടു സമയങ്ങളില്‍ നടന്നതും നടക്കുന്നതുമായ യഥാര്‍ത്ഥ സംഭവങ്ങളെ, സംഭവങ്ങള്‍ എന്നല്ല ക്രൂരമായ പ്രവര്‍ത്തികളെ ചിത്രണം ചെയ്തിട്ടിരിക്കുന്നു. കൃത്യമായി കൂട്ടിച്ചേര്ത്തെടുക്കുമ്പോള് സെക്റ്റിസത്താല് ഇരയാക്കപ്പെടുന്നവരുടെ ചോരക്കറ കൈയില്‍ തെളിയുന്നതായി അനുഭപ്പെടും. എനിക്കനുഭവപ്പെട്ടു. അപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു എന്താണ് സ്വാതന്ത്ര്യമെന്ന്?
ഞാന്‍ മനസ്സിലാക്കുന്നത്, അധികാര കൊതിയന്മാര് പൊതുജനങ്ങളെ എക്കാലത്തും വഴിയില്‍ സ്വതന്ത്രമായി അലഞ്ഞു തിരിയുന്ന പട്ടികളായായിട്ടാണ് കാണുന്നത്. അവര്‍ ‘പട്ടികളെ ഉപയോഗിച്ച് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചില പരീക്ഷണങ്ങള്‍’ നിരന്തരം നടത്തുന്നു എല്ലാ പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ ‘ചങ്ങലകളുടെ സ്വതന്ത്രമായ / അറ്റങ്ങള്‍ കൂട്ടിക്കെട്ടിവിടുന്നു’. സത്യത്തില്‍ ഞാനുള്‍പ്പെടെയുള്ള ‘ഒരു പട്ടിക്കും ബുദ്ധിയില്ല എന്നതാണത്. / അസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇനിയുമെത്രയോ / പരീക്ഷണങ്ങള്‍ക്ക് പട്ടികളുടെ ജീവിതങ്ങള്‍ ബാക്കി’.
യുവാല്‍ നോവാ ഹരാരിയുടെ മനുഷ്യരാശിയുടെ പരിണാമ ചരിത്രത്തെക്കുറിച്ചുള്ള സാപിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ് എന്ന ഒരു പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. അതില്‍ ഒരു ഭാഗത്ത് പറയുന്നുണ്ട് നാം, നമ്മള്, അവര്‍ എന്ന് വേറിട്ടു കണ്ടുകൊണ്ടാണ് ഹോമോ സാപിയന്സ്സിന്റെ സാമൂഹികബോധം പരിണമിക്കുന്നതെന്ന്. വളരെ അരികിലുള്ള സമാന സംഘത്തെയാണ് നാം അല്ലെങ്കില്‍ നമ്മള് എന്ന് അഭിസംബോധന ചെയ്തത്. സമാനതകള്‍ തോന്നാത്തവരെ അവര്‍ അരികിലാണെങ്കിലും, അകലെയാണെങ്കിലും ‘അവര്‍’ എന്നും അഭിസംബോധന ചെയ്തു. തങ്ങളുടെ മതത്തിന്റെ ആശയങ്ങളെ ഉള്ക്കൊള്ളാത്തവരേയും, മതവിശ്വാസത്തില്‍ ഉള്‍പ്പെടാത്തവരേയും ഏതുവിധേനയും തങ്ങളുടെ ഇടങ്ങളില്‍ നിന്നും മാറ്റേണ്ടതുണ്ടെന്ന രാഷ്ട്രീയ ചിന്തയും, നടപടി ക്രമങ്ങളും നിലവില്‍ വന്ന ഒരു കാലത്തെ അതിജീവിക്കുന്നതിനിടയിലാണ് നമ്മളേവരും. ഭാവിയെക്കുറിച്ച് ഭീതിയോടെ കാണുന്ന ഒരു ഗൃഹസ്ഥന്റെ ആത്മഭാഷണം ‘സംഘിമരക്കൊമ്പില്’ തൂങ്ങിയാടുന്നുണ്ട്.
‘ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് / ലോകത്തെ സജീവമാക്കുന്നതെന്നതിനാല് / ആ വീട് അതിവേഗം / പാറ്റകളുടെ സാമ്രാജ്യമായി തിരിച്ചു വന്നു’ എന്ന് പറഞ്ഞു തരുന്നതിലൂടെ കടന്നുകയറ്റങ്ങളുടേയും, കൂട്ടക്കൊലകളുടേയും ചരിത്രം പറയുന്നു ‘സാമ്രാജ്യം’.
എന്നെ ഇനിയെങ്കിലും ഒന്ന് രക്ഷിക്കൂ’
‘ശ്ശെടാ! രക്ഷിക്കാമെന്ന് ഞാന്‍ ഏറ്റതല്ലേ. വീണ്ടും വീണ്ടും ഇങ്ങനെ നിലവിളിച്ചിട്ട് കാര്യമില്ല. ഞാനല്ലാതെ മറ്റാരും ഇവിടെയില്ല. ഉടനെയെങ്ങും എത്തുകയുമില്ല. എനിക്കിനിയും ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയുവാനുണ്ട്.’
” എന്നാല്‍ വേഗം ചോദിക്കൂ’
”മറ്റെന്തെല്ലാമാണ് നീ കണ്ടത്? അവയില്‍ നിന്നും നീ എന്താണ് ഉള്‍ക്കൊണ്ടത്?’
‘നീ വീണ്ടും വീണ്ടും ഒരേ ചോദ്യങ്ങള്‍ പല രീതികളില്‍ ചോദിക്കുന്നു. എന്താ ഞാന്‍ പറയുന്നത് നിനക്ക് കൃത്യതയുള്ളതായി തോന്നുന്നില്ലേ? സൗന്ദര്യശാസ്ത്ര സങ്കല്പനങ്ങള് കൊണ്ടോ, തത്വസംഹിതകള്‍ കൊണ്ടോ എന്റെ കാഴ്ച്ചകളേയും അവയുടെ അനുഭൂതികളും, അവയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതും ചേര്‍ത്തു പിടിക്കുവാനോ വ്യാഖ്യാനിച്ച് പറയുവാനോ അറിയില്ല. കൂടാതെ അതിനുള്ള ഒരു മാനസ്സികാവസ്ഥയിലല്ല ഞാന്‍.’
‘ചോദ്യം കേട്ടില്ലെന്നുണ്ടോ? മറ്റെന്തെല്ലാമാണ് കണ്ടത്? ഉള്‍ക്കൊണ്ടത്?’
‘ കേട്ടൂ… ‘മൃതശരീരങ്ങളുടെ മ്യൂസിയം’ ഞാന്‍ കണ്ടു. അതില്‍ കുടുങ്ങിപ്പോയ സുജാതയേയും. ‘കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ / മൃതശരീരങ്ങളാണ് മ്യൂസിയത്തിലുള്ളത്’. ഇടയില്‍ ഒരു കാര്യം സൂചിപ്പിച്ചോട്ടേ’
‘തുടര്‍ന്നോളൂ. മമ്പേ തന്നെ പറഞ്ഞിരുന്നതല്ലേ, I expect your first response’
‘2016ലെ കൊച്ചി – മുസരിസ് ബിനാലയിലാണ് ഞാന്‍ ടാറ്റിയാന അര്സമാസോവ, ലെവ് എവ്സോവിച്ച്, എവ്ജെനി സ്വ്യാറ്റ്സ്കി, വ്ളാഡിമിര്‍ ഫ്രിഡ്കെസ് എന്നീ റഷ്യന്‍ കലാകാരന്മാരുടെ AES+F കൂട്ടായ്മ ചെയ്ത ആര്‍ട്ട് ഇന്സ്റ്റലേഷന് ഡെഫില (Défilé) നേരിട്ട് കാണുന്നത്. മരിച്ചുപോയ ഏഴു പേരുടെ മൃതശരീരങ്ങളുടെ പൂര്‍ണ്ണകായക ഡിജിറ്റല്‍ ചിത്രങ്ങളുടെ പരമ്പര. ഇതിന്റെ സവിശേഷതയെന്താന്നു വെച്ചാല്‍ ഈ മൃതദേഹങ്ങളെ അവര്‍ ഏറ്റവും പുതിയതെന്ന് വിശേഷിപ്പിക്കാവുന്ന ഫാഷന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചിരുന്നുവെന്നതാണ്. യൗവനത്തോടും, സൗന്ദര്യത്തോടുമുളള മനുഷ്യരുടെ അഭിനിവേശവും നശ്വരതയും ഞാനന്ന് ആ ഇന്‍സ്റ്റലേഷനില്‍ കണ്ടിരുന്നു. എന്നാല്‍ ആര്‍ട്ട് ഇന്സ്റ്റലേഷന് മാതൃകയില്‍ ക്രമീകരിച്ച ‘മൃതശരീരങ്ങളുടെ മ്യൂസിയ’ത്തിലെ ശവപേടകത്തിനു മുന്നില്‍ തളര്‍ന്നിരിക്കുന്ന സുജാത ദാദ്രിയില്‍ ജനക്കൂട്ടം തല്ലിക്കൊന്നയാളുടെ മൃതദേഹം കാണുന്നു, മുന്നോട്ടുള്ള യാത്രയില്‍ ‘ഒരു സ്ത്രീയുടെ വികൃതമാക്കപ്പെട്ട ശരീരം’ കാണുന്നു, വൃദ്ധരുടെ, കുട്ടികളുടെ, യുവാക്കളുടെ, എഴുത്തുകാരുടെ, ബുദ്ധിജീവികളുടെ അനക്കമറ്റ ശരീരങ്ങള്‍ കണ്ട് എങ്ങനെ പുറത്ത് കടക്കുമെന്നറിയാതെ ഓരോ ശവപേടകങ്ങളും കണ്ട് കടന്ന് നടക്കുന്നത് ഞാന്‍ കാണുന്നു. അവളെ ഈ അണ്ടര്‍ഗ്രൗണ്ട് മ്യൂസിയത്തിലോട്ട് കൂട്ടിക്കൊണ്ടു വന്ന ചിത്രകാരി കൂടിയായ സുഹൃത്ത് പ്രമീളയുടെ ശവശരീരം കാണുന്നു. ‘സുജാത പ്രമീളയെ വിളിച്ചുകൊണ്ടിരുന്നു/ പ്രമീള ഉണര്‍ന്നില്ല / കരഞ്ഞുകരഞ്ഞ് തളര്‍ന്ന് / ചില്ലുപേടകത്തില്‍ തലവെച്ച് / അര്‍ദ്ധബോധത്തോടെ സുജാത കിടന്നു. / എപ്പോഴോ എഴുന്നേറ്റ് / വേച്ചുവേച്ച് സുജാത പിന്നെയും നടന്നു / അവസാനത്തെ ശവപേടകത്തിനു മുന്നില്‍’ ഞാന്‍ സുജാതയെ തന്നെ നോക്കിക്കിടന്നു. അവള് കണ്ണുതുറന്ന് എന്നെ നോക്കിയതും ‘സുജാത അവളെത്തന്നെ കണ്ടു. / ആ ശവപേടകത്തിനുള്ളില്‍ ശാന്തയായി.’
‘ഒരു അജ്ഞാത മെയിലില്‍ നിന്നു കിട്ടിയ / വിവരങ്ങളാണ് /…’ എന്നെയും ഈ മ്യൂസിയത്തില്‍ എത്തിച്ചത്. ധാരാളം സംശയങ്ങള്‍ ബാക്കിവെച്ച് മ്യൂസിയം സൂക്ഷിപ്പുകാരന്റെ ചിരിയില്‍ നിന്നും എന്നെ ഞാന്‍ തന്നെ പറിച്ചെടുത്ത് രക്ഷപെടുകയായിരുന്നു.
രക്ഷപെട്ട് മുന്നോട്ട് പോകുമ്പോള്‍ ‘ചെട്ടിയലത്തൂര്- ഒരു ഗ്രാമം കുടിയിറങ്ങുന്നു’. എന്തൊരു വേദനയാണ് അതെനിക്ക് സമ്മാനിച്ചതെന്ന് വാക്കുകള്‍ കൊണ്ട് വരയ്ക്കാന്‍ എനിക്കറിയില്ല ‘ചട്ടി, കലം, കട്ടില്, കിടക്ക, തയ്യല്മെഷീന് / പശു, ആട്, കോഴി, നായ, കിട്ടിയതെല്ലാം / പെറുക്കി അവരിതാ വരിക്കു പോകുന്നു. / എന്തൊരു നിശ്ശബ്ദത! / യുദ്ധത്തില്‍ തോറ്റ് പിടിക്കപ്പെട്ടവരെപ്പോലെ / എന്തൊരു നിരാശ!’
ഓരോ കുടിയിറക്കവും, പലായനവും നഷ്ടപ്പെടുത്തുന്നതെന്താവും എന്ന ചിന്ത മനസ്സിനെ മദിച്ചു കൊണ്ടിരുന്നു. പല നാടുകളില്‍ നടന്ന കുടിയൊഴിക്കല്‍ പലായന വാര്‍ത്തകള്‍, ചിത്രങ്ങള്‍,അനുഭവങ്ങള്‍ കണ്ണിന് മുമ്പില്‍ കുന്നുകൂടി. മുഹമ്മദ് ഹഫീസിന്റെ ഡെസ്പ്രിറ്റ് കാര്‍ഗോ എന്ന ഇന്സ്റ്റലേഷന് കണ്ടത് ഓര്‍മ്മ വന്നു. അതിന് ചുറ്റും നടക്കുമ്പോള്‍; ഉപേക്ഷിച്ചു പോയ ഭാണ്ഡങ്ങള്ക്ക് നടുവില്‍ നില്ക്കുമ്പോള് മുത്തങ്ങയിലെ സമരം ഓര്‍മ്മ വന്നു. ഓരോ ഓര്‍മ്മകളില്‍ നിന്നും അലറിക്കൂവി നിലവിളിച്ച് ഞാന്‍ ഇറങ്ങി ഓടി. ഓട്ടത്തിനിടയില്‍ എവിടെയോ എത്തിയതായി തോന്നി. ശ്രദ്ധിച്ചു നോക്കുമ്പോള്‍ ഏതോ പോലീസ് സ്റ്റേഷനാണ്. ഇവിടെ എല്ലാവരും പരക്കം പായുന്നു. തിരക്കുകള്‍, സംശയമുന അറ്റത്ത് തറച്ച് നോട്ടങ്ങള്‍ എയ്യുന്ന ചിലര്‍. നിര്‍ത്താതെ ചിലയ്ക്കുന്ന ഫോണുകള്‍ ആരോ പറയുന്നു ‘രണ്ട് മിസ്സിംങ്ങ് കേസുകള്‍ കൂടി / ഫയല്‍ ചെയ്യപ്പെട്ടു: (1) പ്രൊഫസറുടെ ഭാര്യ മാര്‍ഗരറ്റ് (51) വെളുത്ത നിറമുള്ള തടിച്ച് ഉയരം കുറഞ്ഞ സ്ത്രീ / (2) തോമസ് (40) യൂണിഫോമിലുള്ള പോലീസുകാരന്’ എല്ലാ കണ്ണുകളിലും ഭീതി പടരുന്നത് ഞാന്‍ കണ്ടു. എല്ലാ ചലനങ്ങളും നിശ്ചലമായി. വരാന്തയിലിരുന്ന് ഒരു പടുവൃദ്ധന് പറയുന്നു ‘ഹൂല ഹൂപ്’. തികച്ചും യാന്ത്രികമായി എല്ലാവരും അതേറ്റ് പറയുന്നു ‘ഹൂല ഹൂപ്’. എനിക്ക് പേടിയായി. ഞാന്‍ അടുത്തുള്ള കവലയിലേയ്ക്ക് ഓടി. കവലയില്‍ നിന്നും ‘പെരുന്തല്‍മണ്ണയില്‍ നിന്ന് / പട്ടാമ്പിയിലേക്കു പോകുന്ന ബസ്സില്‍’ കയറി. അതില്‍ ‘ഡ്രൈവറുടെ എതിര്‍വശത്ത് / നാലു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ / മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ് പ്രേമം നിറഞ്ഞൊരു പെണ്‍കുട്ടി തനിച്ചിരിക്കുന്നു.’ ഞാന്‍ അവളെ തന്നെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.
‘അവള്‍ക്കും ഡ്രൈവര്‍ക്കുമിടയില്‍ / മാറി മാറിയുള്ളനോട്ടത്തിന്റെ / അദൃശ്യമായ ഒരു പാലമുണ്ട്. / അവള്‍ക്കു വേണ്ടിയാണിപ്പോള്‍ / അയാളീ ബസ്സോടിക്കുന്നതെ’ന്ന് എനിക്ക് തോന്നി. അല്ല അങ്ങനെ തന്നെയായിരുന്നു. ‘പ്രണയവും മരണവും / രണ്ടല്ലെന്ന് അതിവേഗത കൊണ്ട് / ത്രസിപ്പിക്കുകയാണയാള്‍. / ഇടിച്ചു ഇടിച്ചില്ല എന്ന വക്കത്ത് / എത്ര വാഹനങ്ങളെയാണ് വെട്ടിമാറ്റി / അയാള്‍ മുന്നേറുന്നത് ! / നിര്‍ഭയമായ വേഗതയിലേക്ക് അഴിച്ചുവിട്ട് / അവളുടെ പ്രണയാതതിയുടെ മര്‍ദ്ദനില /ഉയര്‍ത്തിക്കൊണ്ടേയിരിക്കുകയാണയാള്‍./….. / അവള് അയാളിലേക്കും / അയാള്‍ അവളിലേക്കും / ഇരുന്നിടത്തിരുന്ന് ഒഴുകിക്കൊണ്ടിരുന്നു./
മലയാളം, തമിഴ്, ഹിന്ദി പ്രണയചലച്ചിത്രഗാനങ്ങള്‍ / ഒന്നൊന്നായി / ഇറങ്ങിവരികയാണ് ബസ്സിലേക്ക് ‘ ഇവരെ നോക്കിയിരിക്കുമ്പോള്‍ താളത്തില്‍ ഉലഞ്ഞാടുന്നതായി എനിക്ക് തോന്നി. എന്റെ ചുറ്റുമുള്ള സഹയാത്രികരും ഒപ്പം ചുവടുകള്‍ വെയ്ക്കുന്നുണ്ട്. ബസ്സ് നൃത്തം ചെയ്യുകയാണോ? ഞാന്‍ ഭ്രമങ്ങളുടെ കയത്തില്‍ അകപ്പെട്ടതായി തോന്നി.
എന്നെ ഇനിയെങ്കിലും രക്ഷിക്കൂ!”
”ഇത്രയും നേരം പാട്ടിനൊത്ത് / ആ നീലസാരിയുടുത്ത പെണ്‍കുട്ടിയുമായി / ബസ്സില്‍ നൃത്തം ചെയ്യുകയും / ഒരേസമയം ഡ്രൈവര്‍ സീറ്റിലിരുന്ന് / അതിവേഗത്തില്‍ ബസ്സോടിച്ചിവിടെ / എത്തിക്കുകയും ചെയ്തതിന്റെ /രഹസ്യമെന്താണ്?’ നിനക്ക് എന്താണ് തോന്നുന്നത്?
‘ഇതെല്ലാം ഭ്രമങ്ങളാണ്. മയാക്കാഴ്ച്ചകള്. അയുക്തികള്‍ യുക്തിഭദ്രമായവയെ തകര്‍ത്തെറിയുന്നതാണ്. നീ തന്നെ എന്നോട് പറഞ്ഞതല്ലേ ഇക്കാര്യങ്ങള്‍.
നീ എന്നെ രക്ഷിക്കുമോ അതോ…”
”അതേ എഴുന്നേറ്റേ! എന്തൊരുറക്കമാണിത്. രാത്രി എട്ടായി. കുഞ്ഞുങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് കാണണമെന്ന് വാശി. നീ അതൊക്കെയൊന്നെടുത്ത് വെച്ചേ’
‘ശ്വേതേ!’
‘എന്തോന്ന്! എഴുന്നേറ്റ് വന്നേ. നിന്റെ കസേരയുടെ ചുവട്ടില്‍ കിടക്കുന്ന ആ പുസ്തകം എടുത്ത് ഷെല്‍ഫില്‍ വെച്ചിട്ട് വന്നാല്‍ മതി. അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ എടുത്ത് നാനാവിധമാക്കും. പിന്നെയതും പറഞ്ഞ് ബഹളം വെച്ചേക്കരുത്.’
‘ശരി’
‘എന്നാല്‍ എഴുന്നേറ്റു വന്നേ!’
”വരുന്നു!’
ഉറങ്ങിപ്പോയപ്പോള്‍ കൈയില്‍ നിന്നും ഊര്‍ന്നു വീണ പുസ്തകം തിരികെ മടക്കിയെടുക്കുമ്പോള്‍ പുറംചട്ടയില്‍ ‘നൃത്തശാല, വിഷ്ണുപ്രസാദ്’ എന്ന തലക്കെട്ട്. തലയ്ക്കു മുകളിലൂടെ ചിലച്ചോണ്ട് ഒരു മുറിവാലന് പല്ലി എന്തോ തിരഞ്ഞ് ഓടിപ്പോകുന്നു. തോമസ് അക്വിനാസിന്റെ ഒരു പരാമര്‍ശം ഓര്‍മ്മ വന്നു – ‘poetic matters cannot grasped by the human reason because they are deficient truth’. Deficient truth നെ അയുക്തിഭദ്രമായ ഭാവനകളായിട്ട് കണക്കാക്കിയാല്‍ മാത്രം മതിയാവും. അക്വിനാസ് അത് സുമ്മ തിയോളജിക്കയില്‍ (summa theologiae) മറ്റൊരു തലത്തില്‍ നിന്നും വിശദമാക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തെ അധികരിച്ചു കൊണ്ടുള്ള ശാസ്ത്രീയമായ അറിവിനെ പ്രതിനിധാനം ചെയ്യുന്നവയല്ല കാവ്യരചനാതന്ത്രമായി ഉപയോഗപ്പെടുത്തുന്ന ബിംബകല്പനകള്. അതിനാല്‍ തന്നെ പൂച്ച വഴക്കങ്ങള്‍ വശമില്ലാത്തവര്‍ കവിതകളില്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ തിരഞ്ഞ് പോയാല്‍ എങ്ങുമെത്താതെ അരയ്ക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഹൂല ഹൂപ്പിനുള്ളില് എന്നെന്നേക്കുമായി കുരുങ്ങി പോകുന്നതായിരിക്കും.
‘വരുന്നുണ്ടോ ഇങ്ങോട്ട് ‘
‘വരുന്നൂ ശ്വേതേ…’
1 Comment
അടുത്ത കാലത്തൊന്നും ഇത്ര സുതാര്യമായ ഒരു പുസ്തകനിരൂപണം ഞാൻ വായിച്ചിട്ടില്ല…..