
തിരികെ ഇറങ്ങേണ്ടവരുടെ ചൂളംവിളികൾ

ജിപ്സ പുതുപ്പണം
കയറിപ്പോയ കാലത്തിലേക്ക്
തിരികെയിറങ്ങാവുന്നൊരു ട്രെയിൻ
പതിനൊന്നര മണിക്ക്
സ്റ്റേഷൻ വിടുകയാണ്.
തിരികെയിറക്കേണ്ട ഓർമകളെ
കയ്യിലെടുത്ത്
തിടുക്കത്തിലുള്ള
എൻെറയീ നടപ്പുമതിനാണ്.
മരിക്കും വരേക്കും
കനത്തിലടിഞ്ഞ
അച്ഛന്റെ പിണക്കത്തിനും
ഒറ്റ ദിവസം മുന്നിലേക്ക്
കാല് നീട്ടിയിറങ്ങണം.
കണ്ടാലറിഞ്ഞേക്കുമോ
ഒറ്റ നിൽപിൽ അന്ന് കത്തിയ
വാശിയുടെ കുഞ്ഞുങ്ങൾ?
ഒരിക്കലും വീണിട്ടേയില്ലെന്ന പോലെ
തിരികെയെടുത്ത് പെറുക്കിവെക്കണം
തെറിച്ച നിലത്തിൽ
ആയുസ്സോളം പതിഞ്ഞ
കടുത്ത വാക്കുകൾ.
വെയിലിൽ
വിയർപ്പിൽ
കുതറലിലെൻറെ സ്റ്റേഷൻ
തിടുക്കത്തിലെത്തുകയാണ്..
പതിനൊന്നരയിൽ
പന്ത്രണ്ടാണ്ടു കഴിഞ്ഞാലും
അവിടെനിക്കൊരു ട്രെയിനില്ല.
കയ്യിലെടുത്തു കരുതിവെക്കാനുമാവില്ല
ആവിയിലും പൊള്ളുന്ന
ഓർമക്കെണികളെ.
കവിതയിലെന്കിലും
അയച്ചു കൊടുക്കുമോ
നടന്നു നടന്നെനിക്ക്
നരച്ചു പൊയച്ഛാ
എന്നൊരു നിലവിളിയെ?
1 Comment
❤️