
മുറിയിലൊരു കടല്‍ ഒറ്റയ്ക്കുറങ്ങുന്നു

ജിപ്സ പുതുപ്പണം

ശംഖുമാലകള്‍
കൊളുത്തിവെച്ച കവലകളില്‍
വഴി തെറ്റിപ്പിരിഞ്ഞു
ഒരു വൈകുന്നേരം.
കടല്‍ തീരത്തെ മണല്‍തരികളെ
കയ്യിലെടുത്തൊരാള്‍
തിരികെ വന്നു.
കണ്ട കടലിനെ
കൊളുത്തി വെക്കുന്നൊരോര്മ്മയില്
കതക് ചേര്‍ത്തടച്ചു.
മുറിയിലയാളോളം
ചുരുണ്ടുറങ്ങുകയാണിപ്പോള്
കണ്ട നഗരത്തിന്റെ
കനത്ത വിഷാദം
പുറകിലാകെ ചുറ്റി നിറയുന്നു
മുല്ലയും ജമന്തിയും
മണമുള്ള പാട്ടുകള്‍
ഉറക്കത്തിലൊരു കടല്‍
തെറിച്ചു വീണ
പാവക്കുഞ്ഞിനെ കാണുന്നു
കടല്‍ കാണാനിറങ്ങാതിരിക്കുമ്പൊഴും
കാല് നനയ്ക്കുന്നിപ്പോള്
എന്റെ മോളെവിടെന്നൊരു
കരച്ചില് മാത്രം.