
എന്റപ്പനായിരുന്നെടോ ക്രിസ്തു

ജിപ്സ പതുപ്പണം
സഹിക്ക വയ്യാത്ത ഒരു സങ്കടത്തില്‍
മുഖമമര്‍ത്തി കിടന്നൊരു
വൈകുന്നേരത്താണ്
കുരിശുപള്ളിയിലെ ക്രിസ്തു
അപ്പനെ ഓര്‍മിപ്പിച്ചത്..
ജീവിച്ചു തുലഞ്ഞ കാലമത്രയും
അപ്പനണിഞ്ഞ കുരിശ്
എന്റെ ജന്മമായിരുന്നെടോയെന്ന്
ആരോടെങ്കിലും പറയാന്‍ തോന്നി.

എല്ലാ രാത്രികളിലും
ഞാനൊരുപേക്ഷിക്കപ്പെട്ട
കുഞ്ഞാവുന്നുയെന്ന്
എവിടെയെങ്കിലുമെഴുതിവെച്ച്
ഇറങ്ങിപ്പോയാലോയെന്നോര്ത്തു.
ഇരുട്ട് പ്രാണസങ്കടം പോലെ
പെരുകുന്ന രാത്രി
നീട്ടിവലിച്ച് പള്ളിയിലേക്ക് നടന്നു
ആവുന്നതിലേറ്റം കരുണയോടെ
നോക്കി നില്ക്കുന്നു
ചോരയൊലിപ്പിക്കുന്ന കുപ്പായങ്ങളില്‍
അപ്പനെപ്പോലെ ക്രിസ്തു.
തോല്‍ക്കുമ്പോഴെല്ലാം
ഞാനൊന്നുകൂടി തോല്ക്കുന്നപ്പായെന്ന്
ഒരു കരച്ചില് പള്ളിമുറ്റം
തണുപ്പിച്ചെടുക്കുന്നു .
വയലറ്റ് പൂക്കളിലൊന്ന്
വാടി വീഴുന്നൊരൊച്ചയില്
സെമിത്തേരിയുറഞ്ഞു പോകുന്നു..