
ആ മഹത്തായ ‘അടുക്കളരാഷ്ട്രീയം’

ജിയോ ബേബി / ജിഷ്ണു ആർ
മലയാളത്തിൽ മുമ്പും സ്ത്രീപക്ഷമായി സിനിമകൾ ചെയ്യാൻ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളുടെ സിനിമയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം പുരുഷന്മാരുടേത് മാത്രമായ പൊതുസമൂഹം ഇവിടെ കഥാപാത്രമാവുകയാണ്. മറ്റു കഥാപാത്രങ്ങളെപ്പോലെ അവസാനം ഇവർക്കും ഒരു നിലപാട് എടുക്കേണ്ടി വരുന്നു. “സിനിമ കണ്ടോ?” എന്ന് ചോദിച്ചാൽ “കണ്ടു” എന്ന് മാത്രം പറഞ്ഞ് ഒഴിയാൻ കഴിയില്ല. അത്തരം ഒരു ചോദ്യത്തിൽ നിന്നാണോ ഈ സിനിമയെ കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നത്?
അങ്ങനെ ഒരു പ്രത്യേക ചോദ്യം ചോദിക്കണമെന്ന് തീരുമാനിച്ചല്ല നമ്മൾ ആലോചിച്ചു തുടങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയ ആലോചനകളാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ഓരോ സിനിമകൾ കഴിയും തോറും ഇനിയെടുക്കുന്ന സിനിമ ഇതിലും നന്നാക്കണം എന്ന് ഞങ്ങൾക്കെല്ലാം തോന്നാറുണ്ട്. ഈ സിനിമയുടെ സിനിമാട്ടോഗ്രാഫർ സാലു, എഡിറ്റർ ഫ്രാൻസിസ്, ഇവരെല്ലാം എല്ലാ സമയവും എന്നപോലെ എന്റെ കൂടെയുള്ളവരാണ്. നമ്മുടെ സിനിമകൾ മാറിനിൽക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത്തരം ആലോചനകളാണ് നടക്കുന്നത്. ജീവിതത്തിൽ ഒരു പ്രത്യേക സമയത്ത് ഒരുപാട് നേരം ഞാൻ അടുക്കളയിൽ ചിലവഴിക്കേണ്ടി വന്നു. അടുക്കള എത്രത്തോളം ഭീകരമാണെന്ന് എന്റെ അനുഭവത്തിൽ നിന്നാണ് എനിക്ക് മനസ്സിലാകുന്നത്. അതിൽ ഒരു സിനിമയുടെ സാധ്യത കണ്ടെത്തുകയും അതിൽ വർക്ക് ചെയ്യുകയുമായിരുന്നു.

ഈ സിനിമ കണ്ട ചില സ്ത്രീകളോട് സംസാരിച്ചപ്പോൾ മനസ്സിലായ ഒരു കാര്യം, ഇതിലെ പല സീനുകളും അവർക്ക് ട്രോമാറ്റിക്ക് ആയിരുന്നു എന്നാണ്. സ്വന്തം ജീവിതത്തിന്റെ ഡപ്പിക്ഷൻ കാണുന്നത് ആത്രസുഖകരമായിരുന്നില്ല എന്ന്. പ്രത്യേകിച്ച് സിങ്കിൽ വെള്ളം കുടുങ്ങുന്നതെല്ലാം അടുക്കളയിൽ ജീവിക്കുന്ന മിക്കവാറും പേരുടെ ജീവിതത്തിൽ തന്നെ കുടുങ്ങുന്ന അഴുക്കുവെള്ളമാണ്. മലയാളത്തിൽ ആദ്യമായാണ് ഇത്തരം ദൃശ്യങ്ങൾ സിനിമയിൽ വരുന്നത്. സിനിമയുടെ എഴുത്തിൻറെയും ഷൂട്ടിന്റെയും സമയത്ത് ഈ സ്ത്രീ പ്രേക്ഷകരെ കുറിച്ച് ചിന്തിച്ചിരുന്നോ?
സ്ത്രീകളെ ഈ സിനിമ തോടും എന്ന് എനിക്കറിയാമായിരുന്നു. ഈ സിങ്കിലെ കാര്യങ്ങളെല്ലാം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. എനിക്ക് അതിൽ കയ്യിട്ട് എടുക്കാൻ പറ്റില്ല. അവർക്ക് ഇത് ഫീൽ ചെയ്യാൻ കാരണം വേറെ ആരും ഇത് ചെയ്യാത്തതു കൊണ്ടാണ്. ഇവര് തന്നെയാണല്ലോ എല്ലാ ദിവസവും ഇതെല്ലം നേരിടുന്നത്. പറഞ്ഞത് പോലെ ഈ ദൃശ്യങ്ങൾ മുമ്പ് എവിടെയും വന്നിട്ടില്ല. അതുകൊണ്ടു തന്നെ ഇതിന്റെ ചിത്രീകരണത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് ബ്ലോക്ക് ചെയ്ത് നിർത്തുകയും ഷോട്ടിന് അനുസരിച്ച് പുറത്തേക്ക് വിടുകയും വേണം. അതെല്ലാം ആര്ട്ട് ഡയറക്ടർ ബിപിൻ ആണ് ചെയ്തത്. അപ്പൊ നമ്മുടെ ക്രൂ മുഴുവൻ ഇതിനെ ഉൾക്കൊള്ളേണ്ടതുണ്ട്. സിങ്കിൽ വെള്ളം നിറയുന്ന പ്രശ്നം ക്രൂവിൽ ഉള്ളവരിൽ പലർക്കും തന്നെ അറിയില്ലായിരുന്നു. അവരുടെ ജീവിതത്തിൽ ഇത് വല്യ മാറ്റമൊന്നുമുണ്ടാക്കിയില്ലെങ്കിലും അവർക്ക് അത് മനസ്സിലാക്കാൻ സിനിമ കാരണമായി എന്നതിൽ സന്തോഷമുണ്ട്. ഈ അഴുക്ക് വെള്ളത്തിൽ കയ്യിട്ടാൽ കുറെ സമയത്തേക്ക് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പേർസണലി എനിക്ക് അത് വല്ലാത്ത അസ്വസ്ഥതയാണ്. ഒരിക്കലും ഒരു ടിപ്പിക്കൽ മലയാളി പുരുഷൻ ഇത് നേരിടേണ്ടി വരുന്നില്ല. അപൂർവ്വം ചിലരേയുള്ളൂ മാറിനടക്കുന്നവർ. അതുകൊണ്ട് എനിക്ക് തോന്നി ഈ പ്രശ്നം പറയണം എന്ന്. വിഷയത്തിന്റെ ആഴം കാരണമാണ് ആളുകൾ സിനിമ സ്വീകരിക്കുന്നത്.
സാധാരണ കാണുന്ന ദൃശ്യങ്ങളിൽ നിന്ന് ക്യാമറ തിരിച്ചു വച്ചതാണ് ഈ സിനിമ എന്ന് പലരും എഴുതി കണ്ടു. അത് അക്ഷരാർഥത്തിൽ എടുത്താൽ ഈ സിനിമയുടെ സിനിമാട്ടോഗ്രഫിയെ കുറിച്ചുതന്നെയുള്ള ഒരു കമന്റ് ആയി അതിനെ കാണാം. ഈ സിനിമയുടെ സിനിമാട്ടോഗ്രാഫറുടെ ആദ്യത്തെ സ്വതന്ത്രമായ വർക്ക് ആണ് ഇത് എന്നാണ് മനസ്സിലാക്കുന്നത്. ബെഡ്റൂം സീനുകളിലും മറ്റും പ്രേക്ഷകനെ തന്റെ തന്നെ ജീവിതത്തിലേക്ക് വലിച്ചു കൊണ്ടുപോകുന്ന ഒരുതരം മൂവ്മെന്റ് ഈ സിനിമയ്ക്കുണ്ട്. സിനിമാട്ടോഗ്രാഫറും ഡയറക്ടറും തമ്മിലുള്ള റാപ്പോ എങ്ങനെയായിരുന്നു?
എപ്പോഴും എന്റെ കൂടെയുള്ളത് കൊണ്ട് സീനുകളെല്ലാം ഇവരുടെയെല്ലാം മനസ്സിലുണ്ട്. സാലു ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. സാലുവിന്റെ സംഭാവന വളരെ വലുതാണ് ഈ സിനിമയെ സംബന്ധിച്ചെടുത്തോളം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എന്ന് വിളിക്കാൻ തീർത്തും യോഗ്യനാണ് അയാൾ. ഡയറക്ടർ പറയുന്നതിനപ്പുറം പലതും ചെയ്യാൻ കഴിയും സിനിമാട്ടോഗ്രാഫർക്ക്. ഞങ്ങൾക്കിടയിൽ ഒരുപാടു വർഷത്തെ ബന്ധമുണ്ട്. ഒരു സിനിമാട്ടോഗ്രാഫർ ഡയറക്ടർ ബന്ധമല്ല അത്. ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പമാണ്. ഇത്തരം ചുറ്റുപാടുകളിൽ നിന്ന് നമുക്ക് നല്ല പ്രോഡക്റ്റുകൾ ഉണ്ടാക്കിയെടുക്കാൻ കഴിയാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് സിനിമയിലെ അച്ഛൻ കഥാപാത്രമാണ്. അയാൾ പറയുന്ന സംഭാഷണങ്ങൾ പലതും നമ്മളിൽ പലരും ജീവിതത്തിൽ പലപ്പോഴായി കേട്ടിട്ടുള്ളതാണ്. നിഷ്കളങ്കമെന്ന് തോന്നിക്കും വിധം പൂർണ്ണമായി അധികാരം സ്ഥാപിക്കുന്ന സംസാര രീതി. “ബ്രഷ് കിട്ടീല്ല മോളെ..”, “ചോറ് മാത്രം അടുപ്പില് വെക്കണേ..” എന്നൊക്കെയുള്ള വാത്സല്യം നിറഞ്ഞ ആണധികാരത്തിന്റെ ഭാഷ. ഈ ഡയലോഗുകൾ എഴുതിയത്, ആ കഥാപാത്രത്തിന്റെ ഫോർമേഷൻ, കാസ്റ്റിംഗ്. ഇതൊക്കെ എങ്ങനെയായിരുന്നു.
കാസ്റ്റിങ്ങൊക്കെ വളരെ പെട്ടന്നായിരുന്നു. നമ്മൾ കോഴിക്കോട് ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നു. എനിക്ക് കോഴിക്കോട് ഒരു സൗഹൃദ സംഘം തന്നെയുണ്ട്. അതിലുള്ളവരാണ് ചില കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നത്. അതിൽ സുരാജേട്ടന്റെ അച്ഛൻ കഥാപാത്രമാണ് പറഞ്ഞതുപോലെ ഏറെ ചർച്ചയായിരിക്കുന്നത്. ഞാൻ അങ്ങനൊരാൾക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. എന്റെ സുഹൃത്തായ കപ്പേള സിനിമയുടെ സംവിധായകൻ മുഹമ്മദ് മുസ്തഫയാണ് ഇദ്ദേഹത്തിന്റെ ഫോട്ടോ എനിക്ക് അയച്ചുതരുന്നത്. അദ്ദേഹത്തെ ഞാൻ മുൻപ് കാണുകയോ ഓഡിഷൻ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. നേരിട്ട് സെറ്റിലേക്ക് വരാൻ പറഞ്ഞതാണ്. അദ്ദേഹത്തോട് കാര്യം സംസാരിച്ച് ഞങ്ങൾ ഷൂട്ട് തുടങ്ങുകയാണ് ചെയ്തത്. ഡയലോഗുകളുടെ കാര്യം പറയുകയാണെങ്കിൽ, നമ്മൾ സിനിമയിലെ ഒരു ഡയലോഗ് പോലും പേപ്പറിൽ എഴുതിയിട്ടില്ല. ഷൂട്ടിന് മുമ്പേ കീ ഡയലോഗുകൾ എന്റെ മനസ്സിലുണ്ടാകും. എന്താണ് പറയേണ്ടത് എന്ന്. പിന്നീട് എല്ലാവരുടെയും സംഭവനയിലൂടെയാണ് ഫൈനലിസ് ചെയ്യുന്നത്. ചിലപ്പോൾ സുരാജേട്ടൻ ഇടപെടും. ഈ സ്ഥലത്ത് ഇങ്ങനെ പറഞ്ഞാൽ എനിക്ക് തിരിച്ച് ഇങ്ങനെ പറയാൻ കഴിയും എന്നൊക്കെയുള്ള ഡിസ്കഷൻ. അതിൽ സുരാജേട്ടന്റെയും നിമിഷയുടെയും സംഭാവന വലുതാണ്. എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് എല്ലാവർക്കും നല്ല വ്യക്തതയുണ്ട്. പറയേണ്ട വാക്കുകളിലാണ് ചർച്ച നടക്കുന്നത്. അതൊക്കെ രസകരമായി വന്നിട്ടുണ്ട് എന്ന് പലരും എടുത്തുപറയുമ്പോൾ മനസ്സിലാകുന്നു. ബ്രില്ലിയൻസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പലതും ആർട്ടിസ്റ്റിന്റെ കോണ്ട്രിബ്യുഷൻ ആയിരിക്കും. പലരും എടുത്തുപറഞ്ഞ “ഇരുട്ട് പേടിയുണ്ടോ?” എന്ന ഡയലോഗ് സുരാജേട്ടന്റെ ഐഡിയ ആണ്. എഴുതപ്പെടാത്തതുകൊണ്ടു തന്നെ തിരക്കഥ തരുന്ന ഫ്രീഡം എല്ലാവരും ആസ്വദിച്ചിരുന്നു.

ഈ സിനിമ കണ്ട് ശെരിക്കും കൊണ്ട ചിലയാളുകൾ ഒരു വിമർശനമായി അടുക്കള സീനുകൾ ലാഗ് ആണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലും മറ്റും എഴുതിയത് കണ്ടു. അവിടെ തന്നെ മറ്റു പലരും അതിന് മറുപടിയും കൊടുത്തു. ശെരിക്കും അടുക്കള ഇത്രയും ലാഗ് ആണ്, നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ് എന്ന്. ഇത്തരം കുരുപൊട്ടലുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
കുരുപൊട്ടലിനെ കുറിച്ചൊന്നും ഞാനൊന്നും പറയുന്നില്ല. അവർക്ക് അങ്ങനെ പലതും പറയാനുണ്ടാകും. അത് പാരലൽ ആയി നടക്കട്ടെ. എനിക്ക് അവരെ കുറിച്ച് ഒന്നും പറയാനില്ല. ലാഗ് നമ്മൾ മനപ്പൂർവ്വം വച്ചതാണ്. സിനിമയിൽ ലാഗ് ഉണ്ടാകരുത് എന്ന തോന്നൽ ഒരു മഹാഭൂരിപക്ഷത്തിനുണ്ട്. നമ്മൾ അതിനെ ബ്രേക്ക് ചെയ്യുമ്പോൾ ആളുകൾ ഇങ്ങനെ പറയും. ആ ലാഗ് അവിടെ വയ്ക്കാൻ പറ്റുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ സ്വാതന്ത്ര്യം. ആൾക്കാർക്ക് ബോറടിക്കും അതവിടുന്ന് മാറ്റണം എന്ന് പറയില്ല എന്റെ പ്രൊഡ്യൂസർ. വേറൊരു വലിയ പ്രൊഡക്ഷൻ ടീം ചെയ്യുന്ന സിനിമയാണെങ്കിൽ ഇതിലെല്ലാം ആളുകളുടെ ഇടപെടലുകളുണ്ടാകും. വളരെ മനസമാധാനത്തോടെ ചെയ്ത സിനിമയാണിത്. ആ സ്വാതന്ത്ര്യം ഞങ്ങളെല്ലാവരും ആസ്വദിച്ചിരുന്നു. ഇതിന്റെ നിർമാതാക്കൾ എന്റെ സുഹൃത്തുക്കളാണ്. അവരെന്റെ ഏരിയയിലേക്ക് ഇടപെടാനേ വന്നിരുന്നില്ല. നമ്മുടെ ആവശ്യങ്ങൾ കൃത്യമായി ചെയ്തുതരുന്നവരുമാണ്. അതുകൊണ്ടുകൂടിയാണ് സിനിമ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്.
ശബരിമല വിഷയത്തെ കൃത്യമായി അഡ്രസ്സ് ചെയ്യുന്ന ആദ്യത്തെ സിനിമയാണിത്. തൊട്ടാൽ കൈപൊള്ളുമെന്നുറപ്പാണ് എന്നിട്ടും എങ്ങനെ ആ തീരുമാനത്തിലേക്കെത്തി? അതുമായി ബന്ധപ്പെട്ട ചർച്ചകൾ എങ്ങനെയായിരുന്നു?
നമ്മുടെ ചുറ്റും നടക്കുന്നതെല്ലാം നമ്മളെ സ്വാധീനിക്കുമല്ലോ.. അടുക്കളയെ കേന്ദ്രീകരിച്ച് ഒരു സിനിമയെടുക്കുക എന്നതാണ് നമ്മുടെ ഉദ്ദേശം. അതിന്റെ ആലോചന പലരീതിയിൽ വികസിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചർച്ചകൾ നടക്കുമ്പോൾ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ശബരിമല കോടതി വിധിയും അതിനോട് അനുബന്ധിച്ച കാര്യങ്ങളും. അതിന് വീടുമായി ബന്ധമുണ്ട്. അതിന് അടുക്കളയുമായി ബന്ധമുണ്ട്. അത് സ്ത്രീകളുടെ ജീവിതമാണ്. അത് പറയേണ്ട കാര്യമാണെന്നു തോന്നി. തൊട്ടാൽ പൊള്ളുമെന്നു കരുതി അത് പറയാതിരുന്നാൽ ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല. ഒരു സമയത്തും അങ്ങനെ പറയാതിരുന്നിട്ടില്ല. ആദ്യ സിനിമയായ “കുഞ്ഞുദൈവം” ക്രിസ്ത്യൻ മതത്തെ വിമർശിക്കുന്നതാണ്. ഞാൻ ഒരു സിനിമ ചെയ്തതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ള ആളാണ്. ചങ്ങനാശ്ശേരി സെൻറ് ജോസഫ്സ് കോളേജിൽ പഠിക്കുമ്പോൾ സ്വവർഗ്ഗാനുരാഗം വിഷയമായ ഒരു ഷോർട് ഫിലിം ചെയ്തതിനാണ് എന്നെ പുറത്താക്കിയത്. അത് അന്ന് തൊട്ടാൽ പൊള്ളുന്ന വിഷയമാണ്, അതാണ് നമ്മൾ ചെയ്യുന്നത്. അത്തരം കാര്യങ്ങൾ ചെയ്യുക എന്നത് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. അത് ഇനിയും ചെയ്യും.

പൊളിറ്റിക്കൽ ആയ സിനിമകൾ വരുമ്പോൾ സംവിധായകന്റെ ശ്രദ്ധയിൽപെടാതെ പോകുന്ന ചില ഗാപ്പുകൾ വരാറുണ്ട്, അത് ശക്തമായി വിമർശിക്കപ്പെടാറുമുണ്ട്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം അത്തരം ശക്തമായ വിമർശനങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല. ചെറിയ ചില സന്ദർഭങ്ങളിലൂടെ പ്രധാനപ്പെട്ട ഒരുപാട് വിഷയങ്ങൾ സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. സിദ്ധാർത്ഥ ശിവ ചെയ്ത കഥാപാത്രംമൊക്കെ ഇത്തരത്തിലുള്ള ഉദ്ദേശങ്ങൾ പൂർത്തീകരിക്കുന്നതിൽ വിജയിക്കുന്നുണ്ട്. അതായത്, നേരത്തെ പറഞ്ഞ ഗ്യാപ്പുകൾ കൃത്യമായി അഡ്രെസ്സ് ചെയ്യപ്പെടുന്നു. അതിന്റെ പിന്നിലുള്ള ചർച്ചകൾ എങ്ങനെയായിരുന്നു. ആരോടാണ് സിനിമയെ കുറിച്ച് ഏറ്റവും കൂടുതൽ സംസാരിച്ചത്?
സിദ്ധാർഥ് നേരത്തെ പറഞ്ഞതുപോലെ ഞാനുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ്. സിദ്ധാർത്ഥിന്റെ കഥാപാത്രം വല്യച്ഛന്റെ മകൻ ആണ്. തിരുവനന്തപുരത്തോ കോട്ടയത്തോ തിരുവല്ലയിലോ മറ്റോ ഉള്ള ഒരാൾ. ഗുരുവായൂര് ഒരു കല്യാണം കൂടാൻ വന്നു. ഭാര്യയുടെ കാലിന്റെ നീര്, കോട്ടയ്ക്കൽ കാണിക്കാൻ വരുന്നു. പോകുന്ന വഴിക്ക് ഇവിടെ ഒരു ദിവസം താമസിക്കുന്നു, അന്ന് കുക്ക് ചെയ്യുന്നു. ഇത്രേ ഉള്ളു ആ കാരക്ടറിന്റെ ഐഡിയ. ബാക്കിയൊക്കെ നമ്മളങ്ങ് ചെയ്യുന്നതാണ്. ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവന് കൃത്യമായി അറിയാം. എനിക്കും സിദ്ധുവിനും അറിയാവുന്ന ചില ആളുകളെ വച്ചാണ് ഞങ്ങൾ അതിലേക്ക് എത്തിയത്. ഏകദേശം ഇന്ന ആളെ വച്ച് പിടിച്ചാൽ മതിയെന്ന് അവനോട് പറഞ്ഞാൽ അത് കൃത്യമായിരിക്കും.
പിന്നെ ഞാൻ ഏറ്റവും കൂടുതൽ സിനിമയെ കുറിച്ച് സംസാരിച്ചിട്ടുള്ളത് ഭാര്യയോടാണ്. പിന്നെ സാലു, സിനിമാട്ടോഗ്രാഫർ. ഫ്രാൻസിസ്, പിന്നെ ഡയറക്ഷൻ ഡിപ്പാർട്മെന്റിൽ ഉള്ള അഖിൽ. ഇവരോടൊക്കെയാണ് ഏറ്റവും കൂടുതൽ സിനിമയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്. അത് കൂടാതെ എന്റെ ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ട്. ക്രിയേറ്റിവ് കോണ്ട്രിബ്യുഷൻ നൽകിയ ഒരുപാടുപേര്. പടത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ ആയിട്ടുള്ള നിഷിത കല്ലിങ്കൽ ഒരുപാട് സാഹിയിച്ചിട്ടുണ്ട്. നിഷിത ഒരു സോഷിയോളജി അധ്യാപികയാണ്. സുരാജേട്ടൻ പഠിപ്പിക്കുന്ന വിഷയം. അതെല്ലാം നിഷിതയാണ് ചെയ്തിട്ടുള്ളത്. അങ്ങനെ ഒരുപാട് പേരുടെ സഹായമുണ്ട്. പലരുടെയും അനുഭവങ്ങൾ, അവരുടെ അടുക്കള, അങ്ങനെ അനുഭവങ്ങളുടെ പിന്തുണയിലാണ് ഈ സിനിമയുണ്ടായത്.
ആദ്യത്തെ രണ്ടു സിനിമകളും ആർട്ട് സിനിമയുടെ സ്വഭാവമുള്ളതാണ്. പാരലൽ സിനിമയെന്ന് വിളിക്കാൻ കഴിയുന്നത്. മൂന്നാമത്തേത് ഒരു കൊമേർഷ്യൽ സ്വഭാവമുള്ളതാണ്, “കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്,” പിന്നെ വന്നത് ഈ സിനിമ. ഈ സിനിമ ആർട്ടിസ്റ്റുകളുടെ കാര്യത്തിൽ ഒരു കൊമേർഷ്യൽ സിനിമയുടെ മൂല്യവും, കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രതകൊണ്ട് ആർട്ട് സിനിമയുടെ സ്വഭാവവും ഉള്ളതാണ്. രണ്ടിനുമിടയിലുള്ള ആ നേരിയ വര മായ്ചുകളഞ്ഞാണ് ഈ സിനിമ നിൽക്കുന്നത്. നാലാമത്തെ സിനിമ കഴിയുമ്പോൾ ജിയോ ബേബി എന്ന സംവിധായകനെ നിങ്ങൾ എവിടെയാണ് പ്ലെയ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?
പ്ലെയ്സ് ചെയ്യാനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. നമുക്കറിയാവുന്ന, ഏറ്റവും അറിയാവുന്ന ജീവിതങ്ങളെ എടുത്തു വയ്ക്കാനാണ് ശ്രമിക്കുന്നത്. അത് തുടരുമെന്നല്ലാതെ അടുത്തത് എന്തായിരിക്കും എന്ന് പറയാനൊന്നും കഴിയില്ല. പരമാവധി വ്യത്യസ്തമായി പോകണമെന്നാണ് ആഗ്രഹം. നമ്മുടെ ഒരു ഫിൽമോഗ്രഫി എടുത്തു നോക്കുമ്പോൾ അങ്ങനെയൊക്കെ കാണുന്നതിൽ സന്തോഷിക്കുന്നു. എന്താകുമെന്ന് അറിയില്ല. കാത്തിരിക്കുന്നു അതിനുവേണ്ടി.

നിങ്ങൾ തന്നെ പല ഇന്റർവ്യൂകളിലും പറഞ്ഞു, Amazon, Netflix പോലെയുള്ള പ്ലാറ്റ്ഫോമുകൾ സമീപിച്ചെങ്കിലും അവർ സിനിമയെടുത്തില്ല എന്ന്. അതിന് സിനിമയുടെ content ഒരു വിഷയവുമായിരുന്നു. പണ്ടത്തെപ്പോലെ തിയേറ്റർ ഉടമകൾ എടുക്കില്ല എന്ന് പറഞ്ഞാൽ പെട്ടിയിലായിപ്പോകാവുന്ന ഒരുപാട് സിനിമകൾക്ക് ഇന്ന് പൊരുതിനിൽക്കാനുള്ള സ്ഥലമാണ് Nee stream പോലെയുള്ള പുതിയ പ്ലാറ്റ്ഫോമുകൾ എന്ന് തെളിയിക്കുന്നതുകൂടിയല്ലേ ഈ വിജയം?

ഈ മുൻനിര പ്ലാറ്റ്ഫോമുകളെല്ലാം അവഗണിച്ചപ്പോൾ ഒരു സ്ഥലമുണ്ടായി എന്നതാണ് ഏറ്റവും വലിയ കാര്യം. Nee stream നെ നമ്മൾ ഒരിക്കലും ഈ വലിയ പ്ലാറ്റുഫോമുകളുമായി നമ്മൾ താരതമ്യം ചെയ്യരുത്. ഇത് മലയാള സിനിമകൾ മാത്രം കാണിക്കാനുള്ള ഒരു പുതിയ പ്ലാറ്റഫോം ആണ്. അതിന്റെ തുടക്കമാണിത്. അവർക്ക് അവരുടേതായ പരിമിതികളുണ്ട്. പക്ഷെ നമ്മുടെ കൂടെ നില്ക്കാൻ അവരെ ഉണ്ടായിരുന്നുള്ളു എന്നതാണ് കാര്യം. ഇതൊരു വലിയ മാറ്റം കുടിയാണ്. എത്രയോ സിനിമകൾ കെട്ടിക്കിടക്കുകയാണിവിടെ. ലോക്കഡൗണിനു മുൻപ് ഒക്കെ ഷൂട്ട് ചെയ്ത സിനിമകൾ. ഒരു പ്ലാറ്റ്ഫോം നന്നായി വർക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ശെരിയാകേണ്ടതുണ്ട്. റിയൽ സബ്സ്ക്രൈബേർസ് വേണം. അങ്ങനെ ഒരുപാട് പ്രശ്നങ്ങളുള്ള ഒരു ഏരിയയാണ്. നമ്മളെ സംബന്ധിച്ച് ഇവരുള്ളത്കൊണ്ടാണ് സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റിയത്, ഇല്ലെങ്കിൽ നമ്മൾ പെട്ടുപോയേനെ

അതുപോലെ സ്ഥിരമായി ടെലെഗ്രാമിലൂടെയും മറ്റും പൈറേറ്റഡ് വേർഷൻ കാണുന്ന പലരും, ഈ സിനിമ പൈസ കൊടുത്തുതന്നെ കാണണം എന്ന് തീരുമാനിച്ചിരുന്നു. സിനിമ കാണുന്നത് തന്നെ ഒരു പൊളിറ്റിക്കൽ സ്റ്റെറ്റ്മെന്റ് ആയി എടുത്ത ഒരു വലിയ ശതമാനം ആളുകളുണ്ട്. അതൊക്കെ നിങ്ങള്ക്ക് ലഭിക്കുന്ന അംഗീകാരമല്ലേ? സിനിമ കണ്ട് വിളിച്ചവരിൽ ആരെങ്കിലും ഈ കാര്യം പറഞ്ഞിരുന്നോ?
അങ്ങനെയുണ്ട്. സിനിമ പല വഴികളിലൂടെ കണ്ട ആളുകൾ മെസ്സേജ് അയച്ചു ചോദിച്ചിരുന്നു 140 രൂപ എവിടെയാണ് തരേണ്ടതെന്ന്. അത് വളരെ സന്തോഷമുള്ള കാര്യമാണ്. നമ്മുടെ ഒരു സിനിമയ്ക്ക് അങ്ങനെ സംഭവിക്കുന്നു എന്നത് സന്തോഷം തരുന്നു.