
“ഇതൊരു ചരിത്രപരമായ സമരമാണ്, നമുക്കു പറ്റാവുന്നത് ചെയ്യണം”
ഹാനി ബാബുവിന്റെ പങ്കാളി ജെനി റോവീനയുമായി അഭിമുഖം.

ജെനി റോവീന | ജിഷ്ണു രവീന്ദ്രൻ
ജൂലൈ 28 ഓടുകൂടി ഹാനി ബാബു അറസ്റ്റ് ചെയ്യപ്പെട്ടിട്ട് രണ്ടു വർഷം തികയുകയാണല്ലോ? ഇതിനിടയിൽ സുധ ഭരദ്വാജിന്റെ ജാമ്യമടക്കം പല സംഭവങ്ങൾ കേസുമായി ബന്ധപ്പെട്ട് നടന്നു. ജയിലിന് പുറത്തു ഫൈറ്റ് ചെയ്യുന്ന ആളെന്ന നിലയിൽ നിങ്ങൾക്ക് ഇതെല്ലാം പ്രതീക്ഷ നൽകുന്നുണ്ടോ?
മറ്റൊരു വലിയ പ്രോഗ്രസും കൂടെ ഇതിനോട് ചേർത്ത് പറയാം. ഈ കേസിൽപ്പെട്ട രണ്ടാളുടെ കമ്പ്യൂട്ടേഴ്സ് ഇന്ത്യക്ക് പുറത്ത് ഒരു ഫോറൻസിക് ഇൻസ്റ്റിട്യൂഷനിൽ അനലൈസ് ചെയ്തപ്പോൾ അവരെ അറസ്റ്റ് ചെയ്യാൻ കാരണമായ ഡോക്യൂമെന്റ്സ് അവർ ഓപ്പണ് ചെയ്തിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. ഇത് പുറമെ നിന്ന് ഒരു പീരിയഡ് ഓഫ് ടൈമിൽ നെറ്റ്വെയർ എന്ന മാൽവെയർ ഈ മെയിൽ വഴി അറ്റാച്ച് ചെയ്തതാണെന്ന് വളരെ വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. അതോടൊപ്പം റോണയുടെ (റോണാ വിൽസൺ) ഫോണിന്റെ ബാക്കപ്പും ഫോറസിക് ടീമിന്റെ കയ്യിൽ ഉണ്ടായിരുന്നു. അതിലൂടെ ഇവരുടെ ഫോണ് പെഗാസസ് വഴി അറ്റാക്ക് ചെയ്തിരുന്നെന്നും മനസ്സിലായിട്ടുണ്ട്. മാത്രമല്ല, കേസിൽ ഉൾപ്പെട്ട എല്ലാവരുടെയും, ചിലരുടെ കാര്യത്തിൽ കുടുംബാംഗങ്ങളുടെയും വരെ നമ്പറുകൾ പെഗാസസ് ലിസ്റ്റിൽ ഉണ്ടായിരുന്നു. വരവര റാവുവിന്റെ മകൾ, വക്കീൽമാർ എന്നിവരുടെയെല്ലാം നമ്പറുകൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. അതിൽ ബാബുവിന്റെയും നമ്പർ ഉണ്ടായിരുന്നു. ഇതൊക്കെ പ്രതീക്ഷ തരുന്നുണ്ട്. സുപ്രീം കോർട്ടിൽ പെഗാസസിന് എതിരെയുള്ള കേസുകൾ നിലനിൽക്കുന്നുണ്ട്. പിന്നെ റോണ തന്നെ ഹൈകോർട്ടിൽ ഫയൽ ചെയ്ത കേസ് ഉണ്ട്. പിന്നെ സുധ ഭരദ്വാജിന്റെ കാര്യത്തിൽ വന്ന വിധിയിൽ ഒരു ടെക്നിക്കൽ എറർ കൊണ്ടാണ് ബാക്കി ഉള്ളവർ അതിൽ പെടാഞ്ഞത്. അതുകൊണ്ട് തുടക്കത്തിൽ ഉണ്ടായിരുന്ന ഹോപ്ലെസ്നെസ് ഇപ്പൊ ഇല്ല.
കമ്പ്യൂട്ടർ എവിഡൻസുകളൊന്നും ശക്തമല്ല എന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലും പരിശോധന നടന്നിരുന്നല്ലോ, അപ്പൊ ഈ ഫോറൻസിക് പരിശോധനാ ഫലം ഹാനി ബാബുവിന്റെ കാര്യത്തിലും ബാധകമാവുന്നുണ്ടോ?
ഒറപ്പായിട്ടും, കാരണം ഞങ്ങളുടെ വീട്ടിൽ നിന്ന് സ്തെറിക്കും പറഞ്ഞാൽ യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ല. ടീച്ചേഴ്സിന്റെ ഇടയിൽ നിന്ന് ജിഎൻ സായിബാബ ട്രസ്റ്റിന്റെ പേരിൽ അഞ്ഞൂറും ആയിരവുമൊക്കെ പിരിച്ചു എന്നതാണ് ഇവർക്ക് കിട്ടിയ ഒരേയൊരു വിവരം. അത് വളരെ ഓപ്പണ് ആയിട്ടുള്ള ഒരു കമ്മിറ്റിയാണ്. അതിൽ വലിയ വലിയ ആൾക്കാരുണ്ട്, അത് പബ്ലിക്ലി ഡിക്ലയേഡ് ആയിട്ടുള്ള, പബ്ലിക് മീറ്റിങ്സ് നടത്തിയ ഒരു കമ്മിറ്റിയാണ്. അത് കേസിന് ഉപയോഗിക്കുന്നുമില്ല. പിന്നെ പിടിച്ചെടുത്തത് പബ്ലിക്ലി അവയ്ലബിൾ ആയിട്ടുള്ള രണ്ട് പുസ്തകങ്ങളാണ്. ആരുടെ കാര്യത്തിലും ഒരു തെളിവും ഇവരുടെ കയ്യിൽ ഇല്ല. കമ്പ്യൂട്ടറിൽ ഉള്ള തെളിവുകളുടെ പേരിലാണ് എല്ലാവരേയും കേസിൽ പെടുത്തിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ഒരാളുടെ ഭാര്യയും വക്കീലുമായ സൂസൻ ഏബ്രഹാം പറഞ്ഞത് ഇതൊരു ഗവണ്മെന്റ് കോണ്സ്പിറസി ആണെന്നാണ്. കാര്യം, ആദ്യം കമ്പ്യൂട്ടറിലേക്ക് മെറ്റീരിയൽ ഇടുക, എന്നിട്ട് കമ്പ്യൂട്ടർ എടുത്തോണ്ട് പോവുക, എന്നിട്ട് UAPA ചാർത്തുക, അതിന് തെളിവായി കാണിക്കുന്നതോ അവർ കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തിയ ഈ തെളിവുകൾ. കമ്പ്യൂട്ടർ എടുത്തുകൊണ്ട് പോകുന്നതിനൊക്കെ നിയമം വേണ്ടേ? ഗൺ ഒക്കെ സീൽ ചെയ്യുന്നത് പോലെ കൊണ്ടുപോയാൽ ശരിയാവില്ലല്ലോ? തോക്കിന്റെ മെത്തേഡ് ആണ് അവര് ഫോളോ ചെയ്യുന്നത് ഒരു പ്ലാസ്റ്റിക്ക് കവർ കൊണ്ടുവന്ന് അതിൽ ലാപ്ടോപ് ഇട്ടിട്ട് സീൽ ചെയ്യുക. ലാപ്ടോപ്പ് ടാമ്പർ ചെയ്യാൻ സീൽ ചെയ്താൽ പോരല്ലോ. അതൊന്നും ചെയ്തില്ല. വേറൊരു രാജ്യത്തും ഒറ്റ ദിവസം പോലും നിലനിൽക്കാത്ത കേസ് ആണ് പക്ഷേ UAPA ഉള്ളത് കൊണ്ട് ഇവർക്ക് ഇതൊക്കെ ചെയ്യാൻ സാധിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ഒന്നുകൂടി ചോദിക്കാം, ജിഎൻ സായിബാബയുടെ ഒരു ട്രസ്റ്റ് ഫോം ചെയ്ത് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള സമരങ്ങളുടെ ഭാഗമാവുന്നു. ഇതൊക്കെ ഡൽഹി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. യൂണിവേഴ്സിറ്റി, ഹയർ എഡ്യൂക്കേഷൻ മേഖലയിൽ പൊളിറ്റിക്കൽ ഇടപെടലുകൾ ആയിരുന്നു ഹാനി ബാബു നടത്തിയിരുന്നത്. എന്നാൽ, അദ്ദേഹത്തിനെതിരെ വരുന്ന പല റിപ്പോർട്ടുകളിലും അതിനുമപ്പുറമുള്ള ആരോപണങ്ങളുണ്ട്. യൂണിവേഴ്സിറ്റിക്ക് പുറത്ത് അദ്ദേഹത്തിന്റെ ഇടപെടൽ എങ്ങനെയായിരുന്നു?
ഒന്നാമത് ജിഎൻ സായിബാബ സൗത്ത് ഇന്ത്യൻ ആണ്, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനാണ്, 90% ഡിസേബിൾ ആയ ഒരാളാണ് സായിബാബ. ഞങ്ങളുടെ അയൽവാസി ആയിരുന്നു അദ്ദേഹം. അപ്പൊ ജിഎൻ സായിബാബയെ ഈ കേസ് ഒക്കെ വരുന്നതിനും എത്രയോ മുൻപ് ഞങ്ങൾക്ക് പരിചയമുണ്ട്. മാത്രമല്ല, ഞാൻ എന്റെ കോളേജിൽ ഒബിസി റിസർവേഷനിലാണ് കയറിയത്. ആദ്യത്തെ ഒബിസി റിസർവേഷനിൽ ആയിരുന്നു അത്. എന്നെ അവര് പുറത്താക്കാൻ നോക്കിയപ്പോൾ ഞങ്ങളെ സഹായിച്ച ആള് ജിഎൻ സായിബാബ ആയിരുന്നു. ആ തരത്തിൽ ഞങ്ങൾക്കും എല്ലാ ടീച്ചേഴ്സിനും നല്ല അടുപ്പമായിരുന്നു. അതുകൊണ്ട് ഇംഗ്ളീഷിലെ എല്ലാ ടീച്ചേഴ്സും ജിഎൻ സായിബാബയുടെ കാര്യത്തിൽ മുന്നോട്ട് വന്നിരുന്നു. അതിൽ എഴുതാനും കാര്യങ്ങൾ ചെയ്യാനുമൊക്കെ നല്ല കഴിവുള്ളത് കൊണ്ട് ബാബു ഫോർഫ്രണ്ടിൽ വന്നു. ബാബു എപ്പോഴും ചോദിക്കും. ഞാൻ ആരാ? എന്നെ എന്തിനാ പൊലീസ് അന്വേഷിച്ചു വരുന്നത് ഞാൻ ഒരു ഒട്ടും ഇമ്പോർട്ടന്റ് അല്ലാത്ത മനുഷ്യൻ അല്ലെ എന്ന്. പിന്നെ പൊലീസിന് അറിയാമായിരിക്കുമല്ലോ, ആരാണ് മാവോയിസ്റ്റ് ആരാണ് അല്ലാത്തത്, എന്നൊക്കെ ഞങ്ങൾ ചിന്തിച്ചിരുന്നു. അത് കൊണ്ട് ബാബുവിന് ഒരു സംശയവും ഉണ്ടായിരുന്നില്ല മാത്രമല്ല, യൂണിവേഴ്സിറ്റിയുടെ പുറത്ത് ബാബുവിന് ഒരു തരത്തിലുള്ള ആക്ടിവിസമോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ഈ ജിഎൻ സായിബാബ കമ്മിറ്റി കൂടിയതിന് ശേഷം റോണ വിൽസനെയൊക്കെ പരിചയപ്പെട്ടു. ഗീലാനി എന്നൊരു ടീച്ചർ ഉണ്ടായിരുന്നു, അവർ ഡൽഹി യൂണിവേഴ്സിറ്റിയിലെ തന്നെ ഒരു ടീച്ചർ ആയിരുന്നു. അവർ ഈ പാർലമെന്റ് അറ്റാക്ക് കേസിൽ അക്വിറ്റ് ചെയ്യപ്പെട്ടിരുന്നു. അതിന് ശേഷം അവർ കമ്മിറ്റി ഫോർ റിലീസ് ഫോർ പൊളിറ്റിക്കൽ പ്രിസണർസ് എന്നൊരു അസോസിയേഷൻ ഉണ്ടാക്കിയിരുന്നു. ഗീലാനിയോടൊക്കെ അടുത്തതും ഈ ജിഎൻ സായിബാബ കമ്മിറ്റിയുടെ ഭാഗമായാണ്. അവർ പറഞ്ഞപ്പോ ബാബു അതിന്റെ മീഡിയ സെക്രട്ടറി ആയി. അതൊരു ലീഗൽ കമ്മിറ്റി ആയിരുന്നു. അതിലും വലിയ ആക്ടിവിറ്റീസ് ഒന്നും ഉണ്ടായിരുന്നില്ല. ബാബുവിന്റെ പേര് വെക്കും പിന്നെ അവർ എഴുതിയ കാര്യങ്ങൾ എഡിറ്റ് ചെയ്യുകയോ മറ്റോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യൂണിവേഴ്സിറ്റിയിൽ വർക്ക് ചെയ്യുന്നതുകൊണ്ട് മീറ്റിങ്ങിന് പോലും അങ്ങനെയൊന്നും പങ്കെടുക്കാൻ സമയം ഉണ്ടായിരുന്നില്ല. ഇവിടെ ഡൽഹി യൂണിവേഴ്സിറ്റിയിൽ മാവോയിസ്റ്റ് ആശയങ്ങളെ കുറിച്ചു പറയുന്ന, അതിനെക്കുറിച്ച് എഴുതുന്ന അത് നല്ലതെന്ന് പറയുന്ന കടുത്ത റാഡിക്കൽ ലെഫ്റ്റ് ടീച്ചേഴ്സ് ഒക്കെയുണ്ട്. അവർ ജിഎൻ സായിബാബ കമ്മിറ്റിയിലും ഉണ്ട്. അവർ ആക്ടിവിസവും ഉള്ളവരാണ്. അവരെയൊന്നും പിടിക്കാതെയാണ് ഒരു ബന്ധവുമില്ലാത്ത ഒരു മനുഷ്യനെ പിടിച്ചത്. എനിക്ക് തോന്നുന്നത് അത് ഒബിസി റിസർവേഷന്റെ ഭാഗമായി നിന്നത് കൊണ്ടും പിന്നെ മുസ്ലിം ആയത് കൊണ്ടുമാണെന്നാണ്. ഒരു യൂണിവേഴ്സിറ്റി ടീച്ചറിനെ ഇവർക്ക് എക്സാമ്പിൾ ആയിട്ട് വേണം. അപ്പൊ ഏറ്റവും പവർലെസ് ആയിട്ടുള്ള ഒരാളെ അറസ്റ്റ് ചെയ്തതായാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലെങ്കിൽ അവർക്ക് അറിയാമല്ലോ ആരാണ് മാവോയിസ്റ്റ് ഐഡിയോളജി ഫോളോ ചെയ്യുന്നതെന്ന്.
എൽഗർ പരിഷത്-ഭീമ കൊറേഗാവ് കേസിൽ എവിഡൻസ് കലക്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഹാനി ബാബുവിന്റെ പേര് ചേർക്കപ്പെടുന്നത്. പിന്നെയാണ് കോണ്സ്പിറസിയുടെ ഭാഗമാവുന്നത്. കേസിന്റെ ആ ഒരു ഡെവലപ്മെന്റ് നെ എങ്ങനെയാണ് കാണുന്നത്?
നിങ്ങൾക്കെതിരെ എവിഡൻസ് ഉണ്ടെന്ന് പറഞ്ഞാണ് അവർ വീട്ടിൽ റെയ്ഡിന് വന്നത്. എന്നാൽ കമ്പ്യൂട്ടർ കൊണ്ടുപോയതും പബ്ലിക്ലി അവയ്ലബിൾ ആയ ബുക്സ്മല്ലാതെ അവർക്ക് മറ്റൊന്നും കിട്ടിയില്ല. പിന്നീട് ഒരു കൊല്ലം കഴിഞ്ഞാണ് എൻഐഎ യിൽ നിന്ന് തെളിവെടുപ്പിനുള്ള നോട്ടീസ് വരുന്നത്. ബാബു മുംബൈ എൻഐഎ മുമ്പാകെ ഹാജരാവുകയും ചെയ്തു. അവിടെ നിന്നാണ് നിങ്ങളുടെ കമ്പ്യൂട്ടറിൽ 62 ഓളം ഡോക്യൂമെന്റ്സ് ഉള്ളതായും അത് നിങ്ങളുടെ മാവോയിസ്റ്റ് കണക്ഷൻ വ്യക്തമാക്കുന്നതാണെന്നുമൊക്കെ അവർ പറയുന്നത്. അതിനെ കുറിച്ചു അറിവില്ലെന്ന് പറഞ്ഞപ്പോൾ നിങ്ങളല്ലെങ്കിൽ പിന്നെ ആർക്ക് അറിയാം റോണ വിത്സന്റെ ഫ്രണ്ടിനാണോ എന്നൊക്കെ ചോദിച്ചു. യൂണിവേഴ്സിറ്റിക്ക് അടുത്തല്ലാത്തത് കൊണ്ട് കുട്ടികൾ പോലും ലാപ് കൈകാര്യം ചെയ്യാറില്ലെന്ന് ബാബു പറഞ്ഞു. അവര് പലരുടെയും പേര് പറയാൻ പറഞ്ഞപ്പോൾ റെഫ്യൂസ് ചെയ്യുകയായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒന്നുകിൽ ബാബുവിനെ റിലീസ് ചെയ്ത് അവർക്ക് വേണ്ടവരെ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ ബാബുവിന് കൂടുതൽ കണക്ഷൻ ഉണ്ടെന്ന് പറയുകയോ ചെയ്യുമായിരുന്നേനെ. ഇങ്ങനെ പലരുടെയും പേര് മജിസ്ട്രേറ്റിന് മുൻപിൽ കൊടുത്തതിന്റെ പേരിൽ വിട്ടയച്ച വലിയ മാവോയിസ്റ്റായി നടന്ന ആൾക്കാരുണ്ട്. ബാബു പക്ഷെ അങ്ങനെ ചെയ്യാൻ തയ്യാറായിരുന്നില്ല.

അദ്ദേഹത്തിന്റെ രാഷ്ട്രീയം വളരെ ക്ലിയർ ആയിരുന്നു. അംബേദ്കറൈറ്റ് ആയിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിക്കുള്ളിൽ നിന്ന് വിവേചനങ്ങൾക്കെതിരയും, സംവരണങ്ങൾക്കു വേണ്ടിയുമൊക്കെ സംസാരിച്ചപ്പോൾ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് പ്രഷർ ഉണ്ടായിരുന്നോ?
ഇല്ല ബാബുവിന് എതിരെ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ എനിക്കെതിരെ നടന്നിരുന്നു. ഞാൻ സിഗ്നേച്ചർ കാമ്പയിനിന്റെ ഒക്കെ ഭാഗമായത് കൊണ്ട് എനിക്കെതിരെ എന്നെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഉള്ള ശ്രമങ്ങൾ വരെ ഉണ്ടായിരുന്നു. അപ്പൊ ബാബുവും സായിബാബയും ഒക്കെയാണ് സഹായിച്ചത്. പക്ഷെ ബാബുവിനെതിരെ ഡയറക്റ്റ് ആയിട്ട് ഒന്നും ഉണ്ടായിട്ടില്ല. പിന്നെ ബാബുവും ഒബിസി ടീച്ചേഴ്സും ഒക്കെ ഒരു ഗ്രൂപ്പ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. എസ്സി എസ്ടി വിഭാഗത്തിൽ നിന്നൊന്നും ആരെയും ഒരു ഡിപാർട്മെന്റിലേക്കും എടുക്കില്ലായിരുന്നു. ആരും ക്വാളിഫൈഡ് അല്ല എന്നവര് പറയുമായിരുന്നു. ഇപ്പോഴും അത്തരം പ്രശ്നങ്ങൾ നടക്കുന്നുണ്ട്. ഭയങ്കര സവർണ ഡൊമിനേഷനും പ്രത്യേക ഐഡിയ ഓഫ് മെറിറ്റും ഒക്കെ ആയിരുന്നു അവർക്ക്. 2008ലൊക്കെ ഇവിടെ റിസർവേഷൻ ഒക്കെ വരുന്നേ ഉണ്ടായിരുന്നുള്ളൂ. അവര് കുട്ടികളെ എടുക്കാതെ ഇരിക്കുമ്പോ. ബാബുവും ടീച്ചേഴ്സുമാണ് പ്രൊട്ടസ്റ്റ് ചെയ്തിരുന്നത്. എല്ലാവർക്ക് വേണ്ടിയും ഫൈറ്റ് ചെയ്തിരുന്നത് കൊണ്ട് ബാബുവിനെതിരെ എന്തെങ്കിലും ചെയ്യാൻ അവർക്ക് പേടിയായിരുന്നു. എന്റെ കാര്യത്തിലും ബാബുവും മറ്റുള്ളവരുമാണ് കൂടെ നിന്നത്.
ഹാനി ബാബു പബ്ലിഷ് ചെയ്ത ആർട്ടിക്കിളുകൾ നോക്കിയാൽ അക്കാദമിക്സിൽ പോലും കൃത്യമായി പൊളിറ്റിക്കലാകുന്നത് കാണാം. വിഷയം ലിംഗ്വിസ്റ്റിക്സ് ആകുമ്പോഴും ഭാഷയിലെ ചാതുർവർണ്യത്തെകുറിച്ച് “Breaking the Chathurvarna System of Languages: The Need to Overhaul the Language Policy” പോലുള്ള ലേഖനങ്ങൾ എഴുതിയത് കാണാം. ഇതുപോലൊരാൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അക്കാദമിക്സിൽ വരുന്ന ഗ്യാപ്പ് എന്താണ്?
വീട് റെയ്ഡ് ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ സ്റ്റുഡൻസിന്റെ വലിയ പ്രൊട്ടസ്റ്റ് ഡീയുവിൽ നടന്നിരുന്നു. സാധാരണ20 പേരൊക്കെയാണ് ഇത്തരം സമരങ്ങളിൽ ഉണ്ടാവുക. അന്ന് ആ ഏരിയ ഫുൾ ആയിരുന്നു. കോവിഡ് സമയത്ത് അറസ്റ്റ് ചെയ്തപ്പോ അവരൊക്കെ പല രീതിയിൽ പ്രൊട്ടസ്റ്റ് ചെയ്തു. അവർ ബാബുവിന് കത്തയക്കുകകയും, അവരെക്കൊണ്ട് കഴിയുന്ന വിധത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം എത്രത്തോളം പ്രാക്സിസ് ഉള്ള കോഴ്സസ് ആയിരുന്നു ബാബുവിന്റേത് എന്ന്. സാധാരണ കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയമാണ് ലിംഗ്വിസ്റ്റിക്സ്. മാത്സ് ഒക്കെ പോലെയാണ് അത്. ഭയങ്കര തിയററ്റിക്കൽ ആണ്. പക്ഷെ ബാബു അതിനെ ലാൻഗ്വേജ് പോളിസി ആയിട്ടും. ചെറിയ ലാൻഗ്വേജസ് ആയിട്ടുമൊക്കെയാണ് ഡീൽ ചെയ്തത്. അതുകൊണ്ട് കുട്ടികൾക്ക് വലിയ കാര്യമായിരുന്നു. അതവര് തന്നെ പറഞ്ഞിട്ടുണ്ട്. അവർക്ക് രക്ഷിതാക്കളോട് പോലും ക്ലസ്സിലെ സിലബസ് ചർച്ച ചെയ്യാൻ പറ്റി. അങ്ങനെയുള്ള ടീച്ചേഴ്സ് വിരളമാണ്. സവർണ ലോകത്ത് അങ്ങനെയുള്ള ടീച്ചേഴ്സ് ഉണ്ടാവുന്നത് റിസർവേഷൻ കാരണമാണ്. ബാബു തന്നെ എഫ്ളുവിലേക്ക് (EFLU) ഒബിസി റിസർവേഷൻ വച്ച് വന്ന മുസ്ലിം കാൻഡിഡേറ്റ് ആണ്. ഒരിക്കലും ഒരു സവർണ ബ്രാഹ്മണിക്കൽ സ്ട്രക്ച്ചറിൽ നിൽക്കുന്ന ഒരാളല്ലാത്തത്കൊണ്ടാണ് ബാബുവിന് അങ്ങനെ പറയാൻ സാധിക്കുന്നതും ഇതുപോലെ പ്രാക്ടിക്കൽ അപ്രോച് നടത്താൻ സാധിക്കുന്നതും. അങ്ങനെയുള്ള അധ്യാപകരെയാണ് ഇല്ലാതാക്കുന്നത്. കുട്ടികൾ തന്നെ പറയും ബാബുവിനെ പോലെ ഉള്ള ടീച്ചേഴ്സ്നെ കണ്ടിട്ടില്ല എന്ന്. അതുപോലെ തന്നെ എന്തു റൂൾസ് ആൻഡ് റെഗുലേഷൻസ് ആയാലും. മാറ്റ് യൂണിവേഴ്സിറ്റികളിൽ നിന്നും ആളുകൾ ബാബുവിനെ വിളിക്കുമായിരുന്നു. കാരണം എൽഎൽബി കൂടെ ചെയ്തത് കൊണ്ട് ബാബുവിന് ഒരു ലീഗൽ മൈൻഡ് ഉണ്ടായിരുന്നു. നല്ലോണം ലോയും കോൺസ്റ്റിട്യൂഷനും അറിയുന്ന ഒരാൾ, ലാൻഗ്വേജ് പോളിസി യെക്കുറിച്ചു അറിയുന്ന ഒരാൾ അങ്ങനെ നോക്കുമ്പോ വലിയൊരു ലോസ് ആണ് ഇത്.
അദ്ദേഹത്തിന് ജയിലിലേക്ക് കത്തുകളെഴുതിക്കൊണ്ട് സ്റ്റുഡൻസ് നടത്തിയ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ആ കത്തുകളിലൊന്നിൽ ക്യാമ്പസിനെ അഭിമുഖീകരിക്കാനുള്ള ഭയം ഇല്ലാതായത് ഇതുപോലുള്ള അധ്യാപകർ ഉള്ളതുകൊണ്ടാണ് എന്ന് ഒരു കുട്ടിയെഴുതിയത് കണ്ടു. സ്റ്റുഡന്റ്-ടീച്ചർ റിലേഷൻഷിപ് എങ്ങനെ ആയിരുന്നു? ഹാനി ബാബുവിന്റെ ഒരു ക്ലാസ്റൂം വൈബ് എങ്ങനെ ആയിരുന്നു.
ക്ലാസ് ഫുൾ ആയിരുന്നു, ഓവർ ക്രൗഡ്ഡ് ആയിരുന്നു ബാബുവിന്റെ ക്ലാസ്സ്. ഈ സവർണ പ്രൊഫസർമാരൊക്കെ വലിയ ഫിഗർസ് ആവുമ്പോഴുള്ള സമീപനം ആയിരുന്നില്ല ബാബുവിന്റേത്. ക്ലാസിൽ ഇത്രയും കുട്ടികൾ വരുമെന്നതൊക്കെ ഞങ്ങളോട് പറഞ്ഞിരുന്നതേയില്ല, ഈ സംഭവത്തിന് ശേഷമാണ് കുട്ടികൾക്ക് ഇടയിൽ ഇത്രമാത്രം സ്വാധീനം ഉണ്ടായിരുന്നത് ഞങ്ങൾക്ക് മനസ്സിലായത്. ബാബു ഇപ്പോഴും പറയും അതൊന്നും വലിയ സംഭവമേ അല്ലെന്ന്. അതേ പോലെ കുട്ടികളോട് ഓവർ ആയ സ്നേഹം കാണിക്കുകയും ചെയ്യില്ല. ഒരു പ്രശ്നവുമായി അദ്ദേഹത്തെ സമീപിച്ചാൽ അവസാനം വരെ കൂടെ നിൽക്കും എന്നാൽ സവർണ പ്രൊഫസർമാരുടെ ഓവർ ഫ്രൻഡ്ലിനെസ് കാണിക്കുകയുമില്ല. അങ്ങനത്തെ ഒരു ക്യാരക്ടർ ആയിരുന്നു. പക്ഷെ കുട്ടികൾക്ക് അത് പ്രത്യേകം മനസ്സിലായിരുന്നു. പ്രത്യേകിച്ചു പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികൾക്ക് വലിയൊരു സോഷ്യൽ സപ്പോർട്ട് ആയിരുന്നു അദ്ദേഹം. ഒരു ദിവസം റെഗുലർ കുട്ടികൾക്ക് ലിംഗ്വിസ്റ്റിക്സ് എടുക്കാതെ ഡിസ്റ്റൻസിലെ കുട്ടികൾക്ക് ബാബു ക്ലാസ് എടുക്കാൻ പോയപ്പോൾ റെഗുലർ കുട്ടികൾ മുഴുവനും അവിടെ ക്ലാസ് കേൾക്കാൻ വന്നിട്ടുണ്ട്. ആതായിരുന്നു അയാളുടെ ക്ലാസ് റൂം വൈബ്.
ഡൽഹി യൂണിവേഴ്സിറ്റി ഒരു സംഘപരിവാർ/എബിവിപി സ്വാധീനമുള്ള ഇടമാണ്. അതേസമയം ഹാനി ബാബുവിന്റെ എഴുത്തുകൾ ആന്റി സംഘപരിവാർ സ്വഭാവമുള്ളവയാണ്. കാസ്റ്റിനെ കുറിച്ചൊക്കെ തുറന്ന് എഴുതിയിട്ടുണ്ട്. “A Sure Way to Produce Dalit dropouts”, “The Two Glass System in a Central University” പോലെയുള്ള ലേഖനങ്ങൾ. സാധാരണ പലരും സേഫ് സോണിൽ നിന്നിട്ടാണ് ഇതൊക്കെ എഴുതാറ്. അത്തരം ഒരു സാഹചര്യത്തിൽ ഒരു ഔട്ട്സ്പോക്കണ് ആയി നിൽക്കുക എന്നത് വെല്ലുവിളി ആയിരുന്നില്ലേ?
അത് റിസർവേഷനിൽ വരുന്ന എല്ലാ ടീച്ചേഴ്സിന്റെയും പ്രശ്നമാണ്. ബാബു അവിടെ വരുമ്പോൾ വലിയ വലിയ ടീച്ചേഴ്സ് അവിടെ ഉണ്ടായിരുന്നു. അവരാരും റിസർവേഷനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഞങ്ങൾ പഠിച്ച എഫ്ളു ആയാലും, സെൻട്രൽ യൂണിവേഴ്സിറ്റി ഹൈദരാബാദ് ആയാലും. ഇവിടെയൊക്കെ റിസർവേഷനെക്കുറിച്ചു ചർച്ച ചെയ്യുന്നത്, ഒബിസി/ എസ്സി എസ്ടി റിസർവേഷനിലൂടെ വന്ന ടീച്ചേഴ്സ് ആണ്. ലെഫ്റ്റ് സ്വഭാവം ഉള്ള ജെഎൻയു പോലുള്ള ക്യാമ്പസുകളിൽ പോലും റിസർവേഷൻ കൃത്യമായി ഇമ്പ്ലിമെന്റ് ചെയ്തിട്ടില്ല. എസ്സി എസ്ടി, ഒബിസി റിസർവേഷനിൽ വന്ന എല്ലാവരും പൊളിറ്റിക്കൽ ആയിക്കൊള്ളണം എന്നില്ല. സവർണ ടീച്ചേഴ്സിന് പൊളിറ്റിക്കൽ ആവുമ്പോൾതന്നെ ഇതിനെക്കുറിച്ച് ഒന്നും പറയാതെ അവർക്ക് സർവൈവ് ചെയ്യാം. അങ്ങനെ അവര് സർവൈവ് ചെയ്യുന്നുമുണ്ട്. പക്ഷെ നമ്മൾ എസ്സി എസ്ടി, ഒബിസിയിൽ നിന്ന് പൊളിറ്റിക്കൽ ആവണമെങ്കിൽ ആദ്യം പറയേണ്ടത് ഇതാണ്. ആ ഒരു അർഥത്തിൽ അത് വെല്ലുവിളിയായിരുന്നു. അല്ലെങ്കിൽ പിന്നെ മിണ്ടതിരിക്കുക എന്നൊരു ഓപ്ഷ്നേ ഉള്ളൂ. നമ്മൾ പൊളിറ്റിക്കൽ ആയത് കൊണ്ട് ആ ഓപ്ഷൻ സ്വീകരിച്ചില്ല എന്നെ ഉളളൂ. ആതൊരു സമരമായിരുന്നു. ആദ്യമൊന്നും ആരും ഉണ്ടായിരുന്നില്ല. ക്ലാസ്റൂമിൽ കുട്ടികളില്ല, ടീച്ചേഴ്സിൽ പകുതിപ്പേർക്കും ഇതിന്റെ പുറകെ വരാൻ പേടി. ആദ്യം യൂണിയൻ ഉണ്ടാക്കി, ഗ്രൂപ്പ് ഉണ്ടാക്കി പിന്നെ ബാബു ആർടിഐ യിലൂടെ കണ്ടുപിടിച്ചു എത്ര കോളേജുകളിൽ ഒബിസി റിസർവേഷൻ കൊടുത്തിട്ടുണ്ട്, എത്ര ഫണ്ട് വാങ്ങിച്ചു ഒബിസിയുടെ പേരിൽ എന്നൊക്കെ. എന്നിട്ട് അത് പബ്ലിഷ് ചെയ്തു. എംപിമാരെ നേരിൽ കണ്ട് കാര്യം ധരിപ്പിച്ചു. ബാബു ഉണ്ടാക്കിയ ആ ടേബിൾ പാര്ലമെന്റിൽ വരെ വച്ചിട്ടുണ്ട്. അതിന് ശേഷമാണ് സുപ്രീംകോടതി ഇടപെട്ട് റിസർവേഷന്റെ മൊഡാലിറ്റി മാറ്റിയത്, ജെഎൻയുവിലും ഇവിടെയും. അന്നത്തെ മൊഡാലിറ്റി വച്ച് ആർക്കും കേറാൻ പറ്റുമായിരുന്നില്ല. ഇപ്പൊ 27% സീറ്റ് ഫിൽ ചെയ്യണമെന്ന് സ്ട്രിക്ട് ഓർഡർ ആണ്. ഇതൊക്കെ ബാബുവിനെ പോലുള്ള ടീച്ചേഴ്സിന്റെ ആക്ടിവിസമാണ്. അവിടെ മുമ്പുണ്ടായിരുന്ന സവർണ മഹാന്മാരൊക്കെ ഇതിൽ ഒന്നും പറഞ്ഞിട്ടില്ല. ബാബു 2008ൽ അല്ലെ വരുന്നത് അതിന് മുമ്പ് ഉണ്ടായിരുന്നവർ ഒന്നും ചെയ്യാതെയാണ് മഹാന്മാരും പൊളിറ്റിക്കലും ഒക്കെ ആവുന്നത്. നമുക്ക് ഇങ്ങനെയെ പറ്റുള്ളൂ.
നിങ്ങൾ രണ്ടുപേരും ഒരുമിച്ചു ചെയ്ത ഒരുപാട് അക്കാദമിക് വർക്കുകൾ ഉണ്ട്. FYUP (Four Year Undergraduate Programme) നെ കുറിച്ച് നിങ്ങൾ ഒരുമിച്ചെഴുതിയ ലേഖനം കണ്ടിരുന്നു. നിങ്ങൾക്കിടയിൽ നടക്കുന്ന അക്കാദമിക് ഡിസ്കഷൻസ്, ആ കമ്മ്യൂണിക്കേഷനും ഗ്യാപ് വന്നിട്ടുണ്ടല്ലോ?
ആ ഒരു ഗ്യാപ് ഫീൽ ചെയ്യുന്നുണ്ട്. അതിനപ്പുറത്തേക്ക് പാർട്ണർ എന്ന നിലയിലുള്ള ഗ്യാപ് ഉണ്ട്. ഫാമിലിയുമായി ഭയങ്കര അറ്റാച്ഡ് ആയിരുന്നു. എങ്ങോട്ടെങ്കിലും പോകുന്നതൊക്കെ ഒന്നിച്ചായിരുന്നു. മോളുമായി ഭയങ്കര അറ്റാച്ഡ് ആയിരുന്നു. ഇന്റലക്ച്വൽ സൈഡ് മാറ്റിവെച്ചാലും പേഴ്സണൽ ആയിത്തന്നെ വലിയ ഒരു അൺബെയറബിൾ സിറ്റുവേഷൻ ആണ്. മാത്രമല്ല, ഇത് എന്തിന്റെ പേരിലാണ് എന്നൊന്നും ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. നമുക്ക് എപ്പോഴും ഒരു കാരണം വേണമല്ലോ? ആ റീസൺ മനസ്സിലാവാതെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണ്. എപ്പോഴും നമ്മൾ ആലോചിക്കും ഇതൊക്കെ നടക്കുന്നതാണോ എന്ന്, അങ്ങനെയൊരു അവസ്ഥയിലാണ്. പിന്നെ ഇന്റലക്ച്വൽ ഡിസ്കഷൻസ് കത്തുകളിലൂടെയും മറ്റും ഇപ്പോഴും നടക്കുന്നുണ്ട്. എന്ത് എഴുതുമ്പോഴും കത്തുകളിലൂടെയൊക്കെ ബാബുവിനെ അറിയിക്കും. കുറച്ചൊക്കെ കത്തുകൾ വഴി കമ്മ്യൂണിക്കേറ്റ് ചെയ്യുമെങ്കിലും ഓവറോൾ ഭയങ്കര ലോസ് ആണ്.
ഇത് വലിയൊരു ഫൈറ്റ് ആണ്. ഇന്ത്യയുടെ പല കോണുകളിൽ സ്ട്രഗിളുകൾ നടക്കുന്നുണ്ട്. അതിൽ വളരെയധികം അറ്റെൻഷൻ നേടിയൊരു സമരം ആണിത്. ഇതുപോലെ വലിയൊരു സമരത്തിന്റെ മുൻപന്തിയിൽ ഹനിബാബുവിനെപ്പോലെ നിരന്തരം രാഷ്ട്രീയ ജാഗ്രത പുലർത്തിയ ഒരാൾ നിൽക്കുന്നത് വലിയൊരു കാര്യമല്ലേ?
ഇതുമായി ബന്ധപ്പെട്ട് സ്റ്റാൻ സ്വാമി പറഞ്ഞ ഒരു കാര്യമുണ്ട്. നിലവിൽ എല്ലാവരും പ്രശ്നത്തിലാണ്. ഉള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്ന സ്ഥിതിയാണ് ഇപ്പോഴത്തേത്. അതിന്റെ നടുവിൽ പലരുടെയും ടാർഗറ്റ് ആയി നിൽക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂവെന്ന്. ഇതിനെ ഒരു പേഴ്സണൽ പ്രോബ്ലം ആയിട്ടൊന്നും കാണരുത്. ഇതൊരു ഹിസ്റ്റോറിക്കൽ പിരിയഡിൽ നടക്കുന്നുവെന്ന് മാത്രം. ഈ പിരിയഡിൽ മാത്രം ഇങ്ങനെ നടക്കുന്നുവെന്നല്ല. മുൻപും ഉണ്ടായിട്ടില്ലേ, എമർജൻസി സമയത്തൊക്കെ. അതുപോലൊരു ഹിസ്റ്റോറിക്കൽ വിഷയമാണിത്. നമുക്ക് കുറേ പേഴ്സണൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ ഭാഗമാകാൻ പറ്റുക എന്നത് പൊളിറ്റിക്കൽ ആയൊരാൾക്ക് അത്രയ്ക്ക് അങ്ങോട്ട് വിഷമിക്കാൻ ഉള്ള ഒന്നല്ല.
ഈ അറസ്റ്റുകൾക്കൊക്കെ വേറൊരു സ്വഭാവം കൂടെ ഉണ്ടല്ലോ. വിദ്യാർത്ഥിയായ ഒമർ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നു, യൂണിവേഴ്സിറ്റി പ്രൊഫസറായ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നു. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യുന്നു, ജേർണലിസ്റ്റ്, ലോയേഴ്സ് തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവരെ പിക് ചെയ്ത് അറസ്റ്റ് ചെയ്യുന്നു. ഇത് അടുത്തൊരു തലമുറയെ ഭയപ്പെടുത്തുന്നതിന്റെ ഭാഗമല്ലേ? മകൾ അടുത്തൊരു ജനറേഷൻ ആണ്. അവളെങ്ങനെയാണ് ഈ കേസിനെ കാണുന്നത്.
എല്ലാ തലമുറയിലും പേടിപ്പിക്കുന്ന എന്തെങ്കിലും കാണും. ഞങ്ങളൊക്കെ വളർന്ന കാലത്ത് രാജൻ കേസ്, എമർജൻസി അങ്ങനെ ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു. ഡെമോക്രസിയുടെ ഭാഗമാണല്ലോ ഡിപ്രഷനും. എല്ലാ ജൻറേഷനിലും ഉണ്ടാവും ഇങ്ങനത്തെ പേടിപ്പിക്കലും, ഗവണ്മെന്റിന്റെ മിസ്യൂസ് ഓഫ് പവറുമൊക്കെ പക്ഷെ പൊളിറ്റിക്കൽ ആയിട്ടുള്ളവർ അങ്ങനെ തന്നെ നിൽക്കും. ഇപ്പോൾ തന്നെ ഈ ജനറേഷനിൽ എത്ര പേരുണ്ട്. അവരെ എത്രമാത്രം അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയും എന്ന് അറിയില്ല, മോളെന്തായാലും നേരത്തെ അവളുടേതായ രീതിയിൽ പൊളിറ്റിസൈസ്ഡ് ആയിരുന്നു. ഞാൻ മനസ്സിലാക്കുന്നിടത്തോളം അവൾ ഇപ്പൊ കൂടുതൽ ആഴത്തിൽ, ക്രിട്ടിക്കൽ ആയിട്ടൊക്കെ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കാരണം ഇപ്പോഴത്തെ പൊളിറ്റിക്സ് ഭയങ്കര നിയോ ലിബറൽ ആണല്ലോ? അതിനകത്ത് നിന്നൊക്കെ മാറി കാര്യങ്ങളെപറ്റി കുറച്ചുകൂടെ സ്ട്രകചറലി ചിന്തിക്കുന്നു, ജയിലിൽ പോകുന്നു, പ്രിസണേഴ്സിനെ കാണുന്നു. ഈ പ്രായത്തിൽ സാധാരണ ഒരു കുട്ടി കാണാത്ത പലതും കാണുന്നത് അവൾക്ക് കുറച്ചൂടെ ഡെപ്ത് കൊടുക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

ഒരു യൂണിവേഴ്സിറ്റി സ്പേസിൽ നിൽക്കുമ്പോൾ സംസാരിക്കാനും തർക്കിക്കാനും ഒന്നും പുറത്തുള്ള അത്ര പരിമിതികളില്ല. ഒരു പ്രിവിലേജ് ആണത്. അങ്ങനെ ഒരു സ്പെസിൽ നിന്നാണ് ഹാനി ബാബു ജയിലിൽ എത്തുന്നത്. ഒരുപാട് പരിധികളും പരിമിതികളും ഉള്ള ഒരു സ്ഥലത്ത്. ജയിലിലെ അവസഥകളെകുറിച്ചും, കാണുന്ന ആളുകളെകുറിച്ചും എഴുതാറുണ്ടോ?
അതേ എഴുതാറുള്ളൂ. ബാബു അവരുമായിട്ട് അടുത്ത ബന്ധത്തിലാണ്. അതാണ് ബാബുവിനെ സസ്റ്റെയിൻ ചെയ്യുന്നത്. പൊളിറ്റിക്കൽ പ്രിസണേഴ്സ് എല്ലാവരും അങ്ങനെ തന്നെ ആണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടും. റോണയായാലും ആരായാലും അങ്ങനെ ആണ്. വിദ്യാഭ്യാസമില്ലാത്ത ആളുകളെ പഠിപ്പിക്കുന്നു, ബാബു അവരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. ആവര് പലതും ബാബുവിന്റെയും പഠിപ്പിക്കുന്നുണ്ട്. ബാബു ഉറുദു ഇപ്പൊ നല്ലോണം പഠിച്ചു. ലീഗലി പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്. സുധ ഭരദ്വാജിന്റെ ഇന്റർവ്യൂ വായിച്ചാൽ അറിയാം അവർ ഒരുപാട് പേരെ ലീഗലി ഹെല്പ് ചെയ്യുന്നത്. ബാബുവിന് അത്രയും കഴിയുന്നില്ല എങ്കിലും പറ്റുന്ന രീതിയിൽ എഴുതിക്കൊടുക്കുകയും മറ്റും ചെയ്യുന്നുണ്ട്. ഓരോ ആളുടെയും കഥകൾ വ്യത്യസ്തമാണ്, ഓരോ സോഷ്യോ പൊളിറ്റിക്കൽ സ്ട്രക്ച്ചറിന്റെ ഇടയിൽ ആണ് ഓരോ പ്രിസണറും ഉണ്ടാവുന്നത്. അതിന്റെ ബാക്ക്ഗ്രൗണ്ട് ബാബു കത്തുകളിലൂടെ പറയുമ്പോ മൻസിലാവുന്നുണ്ട്. പലപ്പോഴും ഒരു കഥ വായിക്കുന്ന പോലിയാണ്.
ഉമർ ഖാലിദിന്റെ ജയിലിൽ നിന്നുള്ള ഒരു കുറിപ്പ് വന്നിരുന്നു. അതിൽ പറയുന്നുണ്ട്, തുടക്കത്തിൽ ഏതെങ്കിലും ഒരു ജഡ്ജിന് ഇത് മനസിലാവും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. കോടതിയിലേക്ക് പോകുന്നത് ഒരു ചടങ്ങ് മാത്രമാവുമ്പോൾ, പുറം കാഴ്ചകൾക്ക് വേണ്ടി മാത്രം പുറത്തു പോകുന്ന പോലെ തോന്നുന്നു എന്ന്. പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോഴും. കുറിപ്പവസാനിപ്പിക്കുമ്പോൾ ഫൈസ് അഹമ്മദ് ഫൈസിന്റെ വരികൾ ഒക്കെ ചേർത്ത് ഹോപ് തിരിച്ചു പിടിക്കുന്നുണ്ടയാൾ. ഹാനി ബാബുവിന്റെ കത്തുകളിൽ എന്താണ്, പ്രതീക്ഷയുണ്ടോ?
ബാബുവിന് പ്രശ്നമുണ്ടാവും നമ്മളോട് അത് പറയില്ല. അത് ബാബുവിന്റെ സ്വഭാവമാണ്. നമ്മളോടുള്ള കൺസേൺ ആണ് കത്തിൽ പ്രകടിപ്പിക്കുക. എനിക്കറിയാം ഒരാൾ ഇങ്ങനെ പെട്ടുപോവുമ്പോഴുള്ള അവസ്ഥ പക്ഷെ അത് അയാൾ കാണിക്കാറില്ല. എപ്പഴും ഹോപ്ഫുൾ ആയിട്ടാണ് എഴുതുക. നമുക്ക് തന്നെ വിഷമം വന്നാലും ബാബുവിന്റെ കത്ത് വായിച്ചാലോ, ബാബുവിനെ പോയി കണ്ടാലോ നമ്മുടെ പോയ ഹോപ് തിരിച്ചുകിട്ടും. ഇതൊന്നും ഭയങ്കര സംഭവമായി എടുക്കാത്ത മട്ടിലാണ് ബാബു സംസാരിക്കുക. പിന്നെ നേരത്തെ പറഞ്ഞ പോലെ ഇതൊരു ഹിസ്റ്റോറിക്കൽ സമരമാണ്. നമുക്ക് പറ്റാവുന്ന കാര്യങ്ങൾ ചെയ്യണം. ബാബുവിന് പറ്റാവുന്നത് ബാബു ജയിലിൽ ചെയ്യുന്നു. ബാബു ജയിലിൽ ബിസിയാണ്. എനിക്ക് തോന്നുന്നു എന്ത് വന്നാലും നമ്മുടെ സ്വഭാവം അനുസരിച്ചാണ് നമ്മൾ റിയാക്റ്റ് ചെയ്യുക. ബാബുവിന്റെ സ്വഭാവം വളരെ പോസിറ്റിവും വളരെ ഗ്രൗണ്ടഡ് ആയിട്ടുള്ളതുമാണ്. അതെപോലെയാണ് ഇപ്പോഴും, നല്ല ഹോപ്ഫുൾ ആയിട്ടാണ് സംസാരിക്കുക. ബാബു റോണയെപറ്റിയും ഗാഡ്ലിംഗിനെ പറ്റിയും ഒക്കെ പറയുമ്പോഴും എനിക്ക് ഇതേ ഇമ്പ്രഷൻ ആണ് കിട്ടുന്നത്. അവരെ പറ്റി വക്കീലന്മാർ വരെ പറയും അവർ ഓവർ ആയി ഒന്നും ചോദിക്കില്ല എന്ന്. അവരെല്ലാവരും നന്നായി വായിക്കുകയും ഇന്റലക്ച്വൽ ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. എല്ലാവരും ഭയങ്കര ഹോപ്ഫുളും പോസിറ്റിവുമാണ്. ഇത്തരം മനുഷ്യരെ ജയിലിൽ പിടിച്ചിട്ടത് കൊണ്ടൊന്നും അവർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.
