
“ജനാധിപത്യമില്ലാത്ത ഇന്ത്യയിൽ വനിതാ ദിനം ആഘോഷിക്കേണ്ടത് അത്യാവശ്യമാണ്…”

ജെ ദേവിക / ജിഷ്ണു രവീന്ദ്രൻ
ഈയിടെ ഏറെ ശ്രദ്ധിക്കപ്പെട്ട താങ്കളുടെ സ്വാതന്ത്ര്യവാദിനി എന്ന വെബ് സൈറ്റിൽ ചരിത്രം തള്ളിക്കളഞ്ഞ സ്ത്രീകളെ ഡോക്യുമെന്റ് ചെയ്യുന്ന പ്രോജക്ട്, ഒരു ചരിത്രകാരിയായ ഫെമിനിസ്റ്റ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എന്ന ചിന്തയിൽ നിന്നാണോ ആരംഭിക്കുന്നത്?
ഒരു ഫെമിനിസ്റ്റ് ചരിത്രകാരി എന്ന രീതിയിൽ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണിത്. ലോകത്ത് ഏത് ഫെമിനിസ്റ്റ് ഡിസ്കോഴ്സ് എടുത്തു നോക്കിയാലും ഇത്തരത്തിലുള്ള റിക്കവറി പ്രോജക്ടുകൾ കാണാം. ചരിത്രത്തിൽ അതെങ്ങനെ രൂപപ്പെട്ടു എന്നതിനെ കുറിച്ച് ഒരു ഡിസ്കോഴ്സ് ഉണ്ടാകണമെന്നതാണ് കാര്യം, അത് നഷ്ടപ്പെട്ടുപോയ ഭൂതകാലത്തെ പരിശുദ്ധമായ ഒന്നായി അവതരിപ്പിക്കുന്ന സ്ഥിരം രീതിയിലല്ല ഞാൻ കാണുന്നത്. പകരം നമ്മൾ ആന്റിസിഡൻസ് എന്നൊക്കെ പറയില്ലേ.. അതാണ് ഞാൻ തിരഞ്ഞുപോകുന്നത്. Foremothers എന്ന് നമ്മൾ പറയുമ്പോൾ മുൻഗാമിനികൾ എന്നാണ് ഉദ്ദേശിക്കുന്നത്, അല്ലാതെ ആദിമാതാക്കൾ എന്നല്ല. ആ ഒരു വ്യത്യാസമുണ്ട്. മുൻഗാമിനികൾ എന്നു പറയുമ്പോൾ അവർ പറയുന്നതിനെ പൂർണ്ണമായി സ്വീകരിക്കേണ്ടതില്ല. അവർ പറഞ്ഞതിലും തെറ്റുകളുണ്ടെന്നും പലതും ഇന്ന് ഒട്ടും പ്രധാന്യമില്ലാത്തതാണെന്നും പറയാനവിടെ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആദിമാതാക്കൾ എന്നു പറയുന്നിടത്ത് ആ സ്വാതന്ത്ര്യമില്ല.
നിങ്ങൾ ഭാഷ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. ആദിമാതാക്കൾ എന്നല്ല മുൻഗാമിനികൾ എന്നാണ് ഉപയോഗിക്കേണ്ടത് എന്നത് ഒരുദാഹരണമാണ്. സൈറ്റിൽ തന്നെ എന്തുകൊണ്ട് സ്വാതന്ത്ര്യവാദിനി എന്നുപയോഗിച്ചു, എന്തുകൊണ്ട് നവോഥാന നായികയായില്ല എന്നു പറയുന്നുണ്ട്. ഇതൊരു പൊളിറ്റിക്കൽ കോണ്ഷ്യസ്നെസ്സ് ആണല്ലോ. ഈ പ്രോജെക്ടിൽ ഉടനീളം ആ consciousness നിലനിർത്തേണ്ടതുണ്ടല്ലോ, ആ പ്രോസിസിനെ കുറിച്ച് പറയാമോ?
നൂറു ശതമാനം politically conscious ആണ്. പൊളിറ്റിക്കൽ consciousness നെ നമുക്ക് ഒരിക്കലും ഒരു അക്കാദമിക റീഗറിൽ നിന്ന് മാറ്റി കാണാൻ പറ്റില്ല. അത്തരം ഒരു അക്കാഡമിക് റിഗർ അവകാശപ്പെടാൻ കഴിയാത്ത പൊളിറ്റിക്കൽ correctness നിലനിൽക്കില്ല എന്നു പറയാം. ഈ റിഗറിലാണ് പലതും കൃത്യമായി വിവരിക്കപ്പെടുന്നത്. എന്താണോ പറയുന്നത് അതിന് വ്യക്തത വേണം. തിയറൈസ് ചെയ്യുക എന്ന് പറയുന്നതിന്റെ ഒരു പ്രധാന ഉദ്ദേശം വ്യക്തത വരുത്തലാണ്.
കേരളത്തിലെ പെണ്കൂട്ടായ്മകളിൽ പലപ്പോഴും ഇത്തരത്തിൽ ആഴത്തിലുള്ള ചരിത്രപരമായ വായനകൾ ഉണ്ടാകാറില്ല. നമുക്ക് ചുറ്റുമുള്ള cultural contextൽ നിന്ന് വായനകൾ നടത്തേണ്ടതുണ്ട് എന്നൊരാവശ്യം നിങ്ങളുടെ പഠനങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ടല്ലോ.. ഇത് ചോദിക്കാനുള്ള പ്രധാന കാരണം, നിങ്ങളെ കേരളാ സ്പിവാക് എന്നൊക്കെ ആളുകൾ വിളിക്കാറുണ്ട്. അതിന് നിങ്ങൾ കൊടുത്ത മറുപടികൾ വളരെ രസകരവുമാണ്, എനിക്ക് സ്പിവാക് വേണ്ട ഇവിടെ കേസരി ബാലകൃഷ്ണ പിള്ളയുണ്ട് അത് മതി എന്ന് മറുപടിയായി പറഞ്ഞിട്ടുണ്ട്. നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് തന്നെ ഫെമിനിസം പോലൊരു ആശയം മനസ്സിലാക്കേണ്ടതുണ്ട് എന്നൊരു argument ഉം ഈ പഠനങ്ങൾ മുന്നോട്ടു വയ്ക്കുന്നില്ലേ?
തീർച്ചയായും, ഏതു തരം സിദ്ധാന്തമായാലും, അത് ഫെമിനിസമാകട്ടെ, മർക്സിസമാകട്ടെ ഇതിനെയെല്ലാം നമ്മുടെ സ്വന്തം ഇടങ്ങളിലേക്ക് പരിഭാഷപ്പെടുത്തേണ്ടതുണ്ട്. അത് കേവലം ഭാഷാപരമായ പ്രക്രിയ മാത്രമല്ല, ഒരു ഉപകരണം എന്ന രീതിയിൽ പാകപ്പെടുത്തി എടുക്കേണ്ടതുമുണ്ട്. അത് ചെയ്തില്ലെങ്കിൽ ഇത് ഒരു മാതിരി പൂട്ടിനിട്ട തേങ്ങ പോലെ “രണ്ടറ്റത്തും ചകലം” എന്നു പറയുന്നപോലെയിരിക്കും. അവിടേം ഇവിടേം ശകലം ഉണ്ടാകും നടുവിൽ എന്തൊക്കയോ ആയിരിക്കും. അല്ലെങ്കിൽ പിന്നെ സുനിൽ പി ഇളയിടം ഒക്കെ ചെയ്യുന്ന പോലെ, പരിഭാഷപ്പെടുത്തുമ്പോൾ പുള്ളിക്ക് മനസ്സിലാകുന്ന കാര്യങ്ങളൊക്കെ കൃത്യമായിരിക്കും. മനസ്സിലാകാത്തത് ഒന്നുകിൽ അർത്ഥശൂന്യമായ ഒരു വാചകമായിരിക്കും, അതുമല്ലെങ്കിൽ എവിടെ നിന്നോ പൈങ്കിളി കേറി വരും. കാരണം അത് മനസ്സിലാകുന്നില്ല എന്നതാണ്. അദ്ദേഹത്തിന്റെ മാത്രം പ്രശ്നമല്ലിത്. പരിഭാഷപ്പെടുത്തുന്നത് യാന്ത്രികമായിപ്പോയാൽ സൈദ്ധാന്തിക വിഷയങ്ങൾ പറയുന്ന സ്ഥലങ്ങളിൽ പലപ്പോഴും അർത്ഥം നഷ്ടപ്പെടുന്നത് കാണാം. പ്രയോഗിക്കാൻ വേണ്ടിയല്ലാതെ നിങ്ങൾ സിദ്ധാന്തം പരിഭാഷപ്പെടുത്തിയാൽ ഇങ്ങനെ ആയിപ്പോകും.
നിങ്ങളുടെ എഴുത്തിലും സംസാരങ്ങളിലും പൊതുജനങ്ങളെ അഡ്രസ് ചെയ്യുന്നതുപോലെ തന്നെ ഫെമിനിസ്റ്റുകളെയും അഡ്രസ്സ് ചെയ്യുന്നത് കാണാറുണ്ട്. ഫെമിനിസ്റ്റുകൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ല, അതുകൂടി take up ചെയ്യേണ്ടതായിരുന്നു, എന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ മറ്റു ഫെമിനിസ്റ്റുകൾ ഇങ്ങനെ ഒരു സ്വയം വിമർശനപരമായ ഒരു ഡയലോഗിൽ ഏർപ്പെടുന്നത് കണ്ടിട്ടില്ല. അത്തരമൊരു ഡിസ്കോഴ്സ് ഉയർന്നുവരേണ്ടതില്ലേ?
കേരളത്തിലെ ഫെമിനിസം തൊണ്ണൂറുകളിൽ ഒരു ചെറിയ വിഭാഗം ഉണ്ടാക്കിവച്ച terms വച്ചാണ് പിന്നീട് വികാസം പ്രാപിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ’95 ഒക്കെ ആകുമ്പോഴേക്ക് ആഗോള ശാക്തീകരണ വ്യവഹാരങ്ങളുടെ ഭാഗമായി മുഖ്യധാരാ വത്കരണം നടക്കുകയും, പിന്നീട് മുഖ്യധാരാ ഫെമിനിസത്തിന്റെ പ്രചാരണം ഇവിടെ ശക്തമായി നടന്നതും കാണാം.സർക്കാരിനോട് ചേർന്നുനിൽക്കുന്ന, അഥവാ മറ്റു ഡിസ്കോഴ്സുകളോട് ചേർന്നുനിൽക്കുന്ന ഈ മുഖ്യധാരാ ഫെമിനിസത്തെ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന് കാണാം. അതിന് അതിന്റേതായിട്ടുള്ള ഒരുപാട് പരിമിതികളുണ്ട്. ഉദാഹരണത്തിന് 2007 ൽ കേരളത്തിലെ കുടുംബാസൂത്രണത്തിന്റെ ചരിത്രത്തെ ഫെമിനിസ്റ്റ് വീക്ഷണത്തിൽ നിന്നുകൊണ്ട് പഠിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം, അവസാന ലേഖനങ്ങളിൽ ഞാനത് ഉൾപ്പെടുത്തിയിട്ടുണ്ട്, സ്ത്രീകൾക്ക് അവരുടെ പ്രജനന കാര്യങ്ങൾ പോലും തീരുമാനിക്കാനുള്ള അധികാരമില്ല എന്നതാണ്. sexual Rights ഉം reproductive Rights ഉം ഇല്ലാത്തവരാണ് ശരിക്കും സ്ത്രീകൾ. ഈ അവസ്ഥയിൽ ശാക്തീകരണം എന്നാൽ സെൽഫ്-ഹെല്പ് ഗ്രൂപ്പ് നിർമാണമാണ് എന്ന കണ്ടെത്തലിനെ ചോദ്യം ചെയ്യേണ്ടവർ ഫെമിനിസ്റ്റുകളാണ്. അതായിരുന്നു എന്റെ ആവശ്യവും. മുഖ്യധാരാ ഫെമിനിസത്തിന്റെ വ്യവഹാരങ്ങൾക്ക് പുറത്തുതന്നെയായിരുന്നു എന്നും എന്റെ സ്ഥാനം. ക്രിട്ടിക്കൽ ആയി തന്നെയാണ് ഞാൻ എന്നും ഫെമിനിസത്തെ കണ്ടിട്ടുള്ളത്. ഫെമിനിസ്റ്റുകളുടെ പ്രതിനിധിയായിട്ടല്ല സംസാരിച്ചിട്ടുള്ളത്.ക്രിട്ടിസിസം എന്നത് കൺസ്ട്രക്റ്റീവ് സെൻസിലാണ്. Already existing ഫെമിനിസത്തെ എന്നും ക്രിട്ടിക്കൽ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്.
പ്രജനനത്തെപ്പറ്റി പറഞ്ഞതുപോലെ മാതൃത്വത്തെ അമിതമായി ആഘോഷിക്കുന്നതിനെ കുറിച്ച് പറഞ്ഞതും കേട്ടിട്ടുണ്ട്. എന്തുകൊണ്ട് ഒരു ‘അമ്മ കുഞ്ഞിനെ കൊല്ലുമ്പോൾ മാത്രം നമ്മൾ അമിത പ്രാധാന്യം നൽകുന്നു? അച്ഛൻ ചെയ്യുമ്പോൾ ഇത്രത്തോളം ഞെട്ടൽ ആളുകൾക്കില്ലാത്തത് എന്തുകൊണ്ടാണ് എന്നൊക്കെ.
മാതൃത്വത്തെ കുറിച്ചെല്ലാം പറയുമ്പോൾ നമ്മൾ അതിന്റെ പല അടരുകൾ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അതിദരിദ്രരുടെ കാര്യത്തിൽ. അവരുടെ കാര്യമൊന്നും നമ്മൾ പഠിക്കുന്നില്ല. അങ്ങനെ ബുദ്ധിമുട്ടാനൊന്നും നമ്മുടെ ഇന്നത്തെ ഗവേഷകവിദ്യാർത്ഥികൾക്കൊന്നും താല്പര്യമില്ല. കേരളത്തിലെ ഗവേഷണം ഇങ്ങനെ അധ:പതിച്ചു പോകുന്നതിന്റെ കുഴപ്പം ഇതൊക്കെയാണ്. ഓർമയില്ലേ മത്സ്യ മേഖലയിലെ ഒരു സ്ത്രീ അവരുടെ കുട്ടിയെ കടപ്പുറത്തു കൊണ്ട്പോയി കൊന്നുകളഞ്ഞ സംഭവം. കേരളത്തിലെ അതിദരിദ്രരുടെ ഇടയിലെ പ്രശ്നങ്ങൾ വളരെ സങ്കീർണ്ണമാണ്. മിക്കവാറും വീടുകൾ പുലരുന്നത് സ്ത്രീ ജോലി ചെയ്തു കൊണ്ടുവരുന്ന പൈസ കൊണ്ടാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അവർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. കേരളത്തിൽ സാധാരണക്കാരന് പഠിച്ച് മുകളിലേക്ക് പോകാനുള്ള സാധ്യതയുണ്ടായിരുന്നു. ഏതെങ്കിലും പ്രൊഫഷണൽ കോഴ്സ് പഠിച്ച് ജോലി വാങ്ങി രക്ഷപ്പെടാനുള്ള സാധ്യത. എന്നാൽ ഇന്ന് അത് ഏതാണ്ട് അസംഭവ്യമായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിയുടെ മകൾ വീട്ടു ജോലിക്കാരിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി എന്തെങ്കിലും ജോലി കിട്ടുന്നുണ്ടെങ്കിൽ തന്നെ വളരെ ചെറിയ എന്തെങ്കിലും ജോലി ചെയ്ത് ‘അമ്മ അനുഭവിക്കുന്ന അതേ ബുദ്ധിമുട്ട് അനുഭക്കേണ്ടിവരുന്നവർ. മോളിലേക്ക് കേറാൻ സമ്മതിക്കില്ല. കാരണം വ്യക്തിവത്കരണം വളരെ ശക്തമാണ് ഈ സമൂഹത്തിൽ. പിന്നെ കല്യാണം കഴിഞ്ഞാൽ ഒരുമാസത്തിനുള്ളിൽ ഗർഭം ധരിക്കുക എന്നത് ഇപ്പോൾ നോർമൽ ആയി. ഏതാനും കുറച്ച് മാസങ്ങൾ കഴിയുമ്പോൾ ആ പുതുമോടിയങ്ങ് തീരും. പിന്നെ ഈ കുട്ടി ആ സ്ത്രീയുടെ തലയിലാകും. അങ്ങനെയൊരു അവസ്ഥയിലാണ് ഇത്തരം പാതകങ്ങൾ പലപ്പോഴും നടക്കുന്നത്. അവർ ചെയ്ത കൂറ്റത്തെ ചെറുതാക്കി കാണുകയല്ല. കുറ്റം ചെയ്തവർ കുറ്റവാളികൾ തന്നെയാണ്. അതിന് അവർ ശിക്ഷ അനുഭവിച്ചേ മതിയാകൂ. പക്ഷെ അതിന് മാർക്കിടാൻ ഞാനോ നിങ്ങളോ ആളല്ല എന്നേ എനിക്ക് പറയാനുള്ളു.
ന്യൂഹിസ്റ്റോറിസിസവും ഫെമിനിസവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ലേഖനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചരിത്രം സ്ത്രീവിരുദ്ധമാകുമ്പോൾ ചരിത്രത്തെ പൊളിക്കുന്ന വ്യവഹാരങ്ങൾ സ്ത്രീപക്ഷമാകേണ്ടേ എന്ന ചോദ്യമുണ്ട്. സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ചരിത്രത്തെ പുനരാഖ്യാനം ചെയ്യുകയാണോ സ്വാതന്ത്ര്യവാദിനിയുടെ ലക്ഷ്യം?
പലപ്പോഴും നേരെ തിരിച്ചാണ് പറയാറുള്ളത്. ന്യൂഹിസ്റ്റോറിസിസം അതിന്റെ ഉൾക്കാഴ്ച്ചയായി അവതരിപ്പിച്ചിട്ടുള്ള പല കാര്യങ്ങളും പത്തു വർഷങ്ങള്ക്കു മുമ്പ് ഫെമിനിസ്റ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളവയാണ്. ആ ബന്ധം തീർച്ചയായും ഉണ്ട്. എന്റെ ഒരു interest ഉം അതിലാണ്. സാഹിത്യ സാഹിത്യേതര കൃതികളിൽ നിന്ന് ഒരുപാട് സോഴ്സ് ഞാൻ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഒരു തിയറിറ്റിക്കൽ ഇൻസ്പിറേഷൻ തീർച്ചയായും ന്യൂഹിസ്റ്റോറിസിസം തന്നെയാണ്.
നിങ്ങൾ ഡോക്യൂമെൻറ് ചെയ്ത ചില സ്ത്രീകളെ വായിക്കുമ്പോൾ തോന്നിയ ഒന്ന് രണ്ട് കാര്യങ്ങളുണ്ട്, രത്നമയിദേവിയെയും അന്നാ ചാണ്ടിയെയും എടുത്താൽ; രത്നമയി ദേവി വിദ്യാഭ്യാസത്തിനായി പോരാടിയ സ്ത്രീയാണ്. എന്നാൽ അന്നാ ചാണ്ടിക്ക് അത്രത്തോളം ഫൈറ്റ് ചെയ്യേണ്ടി വന്നിട്ടില്ല. അന്നാ ചാണ്ടി വളരെ റിലീജിയസ് ആണ്. അവരുടെ ജീവിത പങ്കാളി വളരെയധികം പിന്തുണ നൽകുന്ന വ്യക്തിയുമാണ്. എന്നാൽ രത്നമയിദേവിയുടെ വൈവാഹിക ജീവിതം ദുരന്തമായിരുന്നു. വിദ്യാഭ്യാസം, വിശ്വാസം, ജീവിത പങ്കാളി. ഈ മൂന്നു കാര്യങ്ങൾ പരിഗണിക്കുമ്പോൾ എങ്ങനെ നമുക്ക് ഈ ആദ്യ തലമുറ ഫെമിനിസ്റ്റുകളെ വിലയിരുത്താൻ കഴിയും? ഒരു സ്ത്രീയെ പൊതുവേ നിയന്ത്രിക്കുന്ന മൂന്നു കാര്യങ്ങളാണിവ.
അന്നാ ചാണ്ടി അവരുടെ ഭർത്താവിനെ ആത്മനാഥൻ എന്നും പിന്നീട് പ്രാണസഖി എന്നും വിളിച്ചു കണ്ടിട്ടുണ്ട്. അവർ എല്ലാവിധ പ്രിവിലേജുകളും ഒരുതരത്തിൽ അനുഭവിച്ചവരാണ്. ശക്തമായ വിശ്വാസമുണ്ട്, ഭർത്താവുപോലും അറിയാതെ മതം മാറിയ ആളാണ്. അന്നാ ചാണ്ടിയുടെ ജീവിതത്തിൽ ഉടനീളം പ്രൊട്ടസ്റ്റൻറ് മൂല്യങ്ങളുടെ പ്രിവിലേജ് ഉണ്ട്. എന്നാൽ അതൊന്നും രത്നമയിദേവിക്ക് ഇല്ല. അന്നാ ചാണ്ടി പിന്നീടാണ് കത്തോലിക് വിഭാഗത്തിലേക്ക് മാറുന്നത്. ഇവരിൽ വളരെ വ്യക്തമായി ക്വീർനെസ് ഉണ്ട്. പട്ടം താണു പിള്ളയുടെ ഭാര്യ പൊന്നമ്മാ പിള്ളയോടൊപ്പം പോയ യാത്രയെക്കുറിച്ചു പറയുന്നുണ്ട് അന്നാ ചാണ്ടി. ഇവർക്ക് ഒരുമിച്ച്, വീണ് പരിക്കുപറ്റിയപ്പോൾ പരസ്പരം സുസ്രൂഷിക്കുന്നത് കണ്ട കൂടെയുള്ള സ്ത്രീകൾ പറയുന്നുണ്ട്, ഇങ്ങനെപോയാൽ Mr. ചാണ്ടിയും Mr. പിള്ളയും ബുദ്ധിമുട്ടിലാകുമല്ലോ എന്ന്. അതുപോലെ ഒരു സുഹൃത്തിന്റെ നാടകത്തിൽ ഇവർ രണ്ടുപേരും വൃദ്ധ ബ്രാഹ്മണനും മദാമ്മയുമായി അഭിനയിച്ചിട്ടുണ്ട്, വൃദ്ധ ബ്രാഹ്മണന് മദാമ്മയോട് പ്രണയമാണ്. ഇവരും ഇവരുടെ കൂട്ടുകാരി സാറാ പോത്തനും ചേർന്നാണ് ഈ നാടകം അഭിനയിച്ചത്. അവർ പുറത്തിറങ്ങി നടക്കുമ്പോൾ എല്ലാവരും നോക്കുമായിരുന്നു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നാ ചാണ്ടിയുടെ സംസാരവും രീതികളുമെല്ലാം പുരുഷന്മാരെപോലെയായിരുന്നു എന്ന് അവർ തന്നെ പറയുന്നുണ്ട്. ഇതോടൊപ്പം ബാലാമണിയമ്മയുടെ രണ്ട് ആത്മകഥാപരമായ ലേഖനങ്ങൾ ഞാൻ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ചെറുപ്പത്തിൽ ഒരു കൂട്ടുകാരിയോടുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് അതിൽ പറയുന്നുണ്ട്. അവർ മരിച്ചുപോയതിലുള്ള ഇന്റൻസ് ആയ വേദനയും, അവർ വായിച്ചിരുന്ന ചില നോവലുകളെ കുറിച്ചുമെല്ലാം പറയുന്നുണ്ട്. അത് ശെരിക്കും വിക്ടോറിയൻ കാലഘട്ടത്തിലെ പ്രോട്ടോ ലെസ്ബിയൻ നോവലുകളായിരുന്നു. ഇതൊക്കെ ഒരു ക്വീർ റീഡിങ്ങിന് പാകമായി നിൽക്കുന്ന ഇടങ്ങളാണ്. ഇതിലോക്കെ ആരെങ്കിലും ഗവേഷണം ചെയ്യുന്നുണ്ടോ?ഇന്ന് ചിലപ്പോൾ ആരും ഒന്നും ചെയ്യില്ലായിരിക്കും. ഞാൻ എപ്പോഴും ഒരു വാതിൽ തുറന്നിടാനാണ് ശ്രമിക്കാറ്. ആരെങ്കിലുമൊക്കെ കയറിപ്പോകട്ടെ എന്ന് വിചാരിച്ച്. എല്ലാം ഞാൻ തന്നെ ചെയ്യണമെന്ന തോന്നലൊന്നുമില്ല. അങ്ങനെ ചെയ്യാനും പാടില്ല. ഇന്ന് ചെയ്തില്ലെങ്കിൽ നാളെ ആരെങ്കിലുമൊക്കെ ചെയ്യും.
അന്നാ ചാണ്ടി അവരുടെ എല്ലാ വിജയങ്ങളുടെയും കാരണക്കാരനായി കാണുന്നത് ഭർത്താവിനെയാണ്. അവരുടെ ലിബറേഷൻ പൂർണ്ണമായും സാധ്യമായത് ഭർത്താവിലൂടെയാണ് എന്ന് തോന്നും പലതും വായിക്കുമ്പോൾ.
അതെ അവര് ശെരിക്കും ഒരു ആത്മകഥയായി എഴുതിയതൊന്നുമല്ല അത്, അവരുടെ ഭർത്താവ് മരിച്ചപ്പോൾ ഒരു tribute ആയി എഴുതിയതാണ്. അതുകൊണ്ട് അദ്ദേഹത്തിന് ആവശ്യത്തിലധികം ക്രെഡിറ്റ് കൊടുത്തിട്ടുണ്ട്. ഇപ്പോഴത്തെ ആണുങ്ങളെക്കാളും എത്രയോ സെല്ഫ് കോൺഫിഡൻസ് ഉള്ള പുരുഷന്മാർ അന്ന് ഉണ്ടായിരുന്നു. ഭാര്യ നല്ല നിലയിലെത്തിയാൽ പ്രശ്നമില്ലാത്ത പുരുഷന്മാർ. അന്നാ ചാണ്ടിയുടെ ഭർത്താവ് ഒരു നല്ല ഉദാഹരണമാണ്. അയാളുടെ ഏക ലക്ഷ്യം ഭാര്യയെ ഒരു നിലയിൽ എത്തിക്കുക എന്നതാണ്. അയാളൊരു പോലീസ് ഉദ്യോഗസ്ഥനാണ്, ക്രിമിനൽ കേസുകൾ വാദിക്കാൻ അന്നാചാണ്ടിയെ സഹായിച്ചത് അയാളായിരുന്നു. അയാളിരുന്നു പഠിപ്പിച്ചു. അവര് പേരുകേട്ട ക്രിമിനൽ വക്കീൽ ആയിരുന്നു. അതിന്റെ കാരണം ആയാളും കൂടിയാണ്. ’28 ൽ നടത്തിയ ആ പ്രശസ്തമായ പ്രസംഗത്തിൽ അവർ ഭർത്താവിനെ കുറിച്ച് പറയുന്നുണ്ട്. ആ പ്രസംഗത്തിന്റെ ശൈലിയും ഈ ആത്മകഥയുടെ ശൈലിയും ഒന്ന് തന്നെയാണ്. അതിനർത്ഥം ആ പ്രസംഗം ഭർത്താവ് എഴുതി കൊടുത്തതല്ല അവര് തന്നെ എഴുതിയതാണ് എന്നതാണ്.
ഇത്തരത്തിൽ ഒന്നാം തലമുറ ഫെമിനിസ്റ്റുകളെ റെക്കോർഡ് ചെയ്യുമ്പോൾ അതിൽ എത്ര തീവ്രമായി ജാതിയെ കണ്ടിട്ടുണ്ട്?
ഈ അന്നാചാണ്ടി വളരെ conservative ആയിരുന്നു. എന്നാൽ പോലും, റേപ്പ് വിക്ടിംസിനെ വിസ്തരിക്കുന്ന ഒരു സംഭവം പറയുന്നുണ്ടവർ. കോടതിയിൽ അവരെ ബുദ്ധിമുട്ടിക്കുന്ന ഒരു ചോദ്യവും ഉണ്ടാകാൻ പാടില്ല, ആളുകൾ തടിച്ചുകൂടാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ വയ്ക്കുന്നു. ധൈര്യമായി മൊഴികൊടുക്കാൻ പറയുന്നുണ്ട് അന്നാചാണ്ടി. ഇതിന്റെ പത്തിലൊരംശം ധൈര്യം ആ ഹണി റോസിന് ഉണ്ടായിരുന്നെങ്കിൽ നടിയെ ആക്രമിച്ച കേസ് ഇങ്ങനെ ആകുമായിരുന്നോ? ഉയർന്ന ജാതിയിൽ പെട്ടവരാണ് ഒന്നാം തലമുറ ഫെമിനിസ്റ്റുകളിൽ അധികവും. എന്നാൽ കേരളത്തിലെ ഫെമിനിസത്തിന്റെ വേരുകൾ അന്വേഷിച്ചുപോയാൽ അത് മാറുമറയ്ക്കാൻ സമരമെന്ന് നമ്മൾ തെറ്റായി പറയുന്ന സമരത്തിലാണ് എത്തുക. ബ്ലൗസ് ഇടുന്നതിൽ സർക്കാരിനും മിഷനറിമാർക്കും പ്രശ്നമൊന്നുമില്ലായിരുന്നു. മേൽമുണ്ടായിരുന്നു പ്രശ്നം. ഇവരെയൊന്നും കൂസാതെ മേൽമുണ്ട് ധരിച്ച സ്ത്രീകളിൽ നിന്നാണ് കേരളത്തിന്റെ ഫെമിനിസം ആരംഭിക്കുന്നത്. അതൊരുതരം ‘സ്ത്രീവാശി’യാണ്. വടക്കൻ മലബാറിലൊക്കെ സ്ത്രീധനം കൊടുക്കാൻ പറ്റില്ല എന്ന് വാശി പിടിക്കുന്ന സ്ത്രീകൾക്ക് സ്ത്രീവാശിയാണെന്ന് പറയും. അതിൽനിന്നൊക്കെയാണ് ഇത് തുടങ്ങുന്നത്. ലളിതാംബികാ അന്തർജ്ജനം അവരുടെ ആത്മകഥയിൽ പറയുന്നുണ്ട്, സമുദായത്തിന്റെ പഴകി പൊളിഞ്ഞ വാതിലിൽ കൈ വച്ചപ്പോഴാണ് അവരുടെ ഹൃദയം ഏറ്റവും കൂടുതൽ വിറച്ചത് എന്ന്. എത്രയോ സ്ത്രീകൾ തല തല്ലി തല്ലിയാണ് ഈ വാതിൽ ഇങ്ങനെ പൊളിഞ്ഞിരിക്കുന്നത്. നമുക്കൊരു ആദിമാതാവുണ്ടെങ്കിൽ അത് നങ്ങേലിയാണ്.
രത്നമയിദേവിയും ഗാന്ധിയും തമ്മിലുള്ള ഒരു സംഭാഷണത്തെക്കുറിച്ച് നിങ്ങൾ പറയുന്നുണ്ട് . അവർ ഒരു മുഖ്യധാരാ സംഘടനയുടെ ഭാഗമായിരുന്നു. എന്നാൽ അന്നാ ചാണ്ടിയൊന്നും ഒരിക്കലും അത്തരമൊരു സംഘടനയുടെയും ഭാഗമായിരുന്നില്ല. ഇവരിൽ ഭൂരിഭാഗം പേരും ഇങ്ങനെയായിരുന്നോ?
അതെ. അന്നാചാണ്ടി പൂർണ്ണമായും അവരുടെ ജോലിയിലൂടെ പൊതുസമൂഹത്തിലേക്ക് വന്നയാളാണ്. ഇവരെല്ലാം ഇവരുടെ വ്യക്തിജീവിതത്തിലൂടെ സ്ത്രീയെന്ന രീതിയിൽ സ്വയം assert ചെയ്തവരാണ്. ഇവർക്കൊക്കെ ഒരു പ്രത്യേകതരം കോൺഫിഡൻസ് ഉണ്ടായിരുന്നു. അവർ ജീവിതത്തിൽ എന്തെങ്കിലുമൊക്കെയായാൽ അത് എല്ലാ സ്ത്രീകൾക്കും ഗുണം ചെയ്യും എന്നവർ വിശ്വസിച്ചിരുന്നു.
ഇതിൽ നിന്നെല്ലാം കുറച്ചൊന്നു മാറിയാൽ, വനിതാ ദിനം ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്, കോളേജ് കാമ്പുസുകളിലാണ്. അത് എല്ലാ വർഷവും ആവർത്തിക്കുന്ന ഒരു സദസ്സായി മാത്രം പലപ്പോഴും മാറിപ്പോകാറുണ്ട്. എന്തെങ്കിലും പ്രതീക്ഷ കാണുന്നുണ്ടോ ആ കൂട്ടായ്മയിൽ?
ഇത് ക്രിയാത്മകമായി ചെറുപ്പക്കാർ ഏറ്റെടുത്ത് നടത്തണമെന്നാണ് എന്റെ ഒരു അഭിപ്രായം. ഇതൊന്നും കൊണ്ടുള്ള ഗുണം വയസ്സായവർക്കല്ല, ഇതിന്റെയൊക്കെ വില നമ്മൾ ഇനി മനസ്സിലാക്കാൻ പോകുന്നതേയുള്ളു. ഇന്ത്യയിൽ ഇനി വരുന്ന കാലത്ത് ജനാധിപത്യം പൂർണ്ണമായി ഇല്ലാതാകുമ്പോൾ നമ്മൾ ഇതൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്കെത്തും. ജനാധിപത്യം ഏകദേശം ഒരു അറുപത് ശതമാനമൊക്കെ ഇല്ലാതായതുപോലെയാണ് ഇപ്പോൾ. അതുകൊണ്ട് ഈ അവസരങ്ങൾ വേണ്ടരീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അതിന്റെ വില പിന്നീട് കൊടുക്കേണ്ടിവരും.
ഇത്തരം ആഘോഷങ്ങൾ നടത്തുന്ന സംഘടനകൾ ശരിക്കും സ്ത്രീപക്ഷമാണോ?
നമ്മൾ ഇപ്പൊൾ എസ എഫ് ഐ പോലുള്ള സംഘടനകൾ എടുത്തു നോക്കിയാൽ, സംഘടനാ നേതൃത്വത്തിൽ ഒരുപാടു പെൺകുട്ടികളെ നമുക്ക് കാണാം. അതിൻറെതായ ചെറിയ മാറ്റങ്ങളും അതിലുണ്ട്, ആന്തരികമായി. എന്നാൽ പല വിഷയങ്ങളിലും പ്രതികരിക്കുന്ന രീതിയിലായാലും, ഇടപെടുന്ന വിഷയങ്ങളിലായാലും കാര്യമായ മാറ്റങ്ങളെന്തെങ്കിലും വന്നോ എന്നതാണ് യഥാർത്ഥ ചോദ്യം. സ്ത്രീകൾ ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് നമ്മൾ പറയുന്നതിന് കാരണം, സ്ത്രീകൾ സമൂഹത്തിന്റെ പ്രതിനിധികളായി കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്. എന്നാൽ രാഷ്ട്രീയത്തിൽ നേതൃനിരയിൽ വരുന്ന സ്ത്രീകളെയെല്ലാം എന്തെങ്കിലും ഒരു മിഷൻറെ ഭാഗമായങ്ങ് മാറ്റും. വളരെയധികം സ്ത്രീത്വവും നൽകും,ടീച്ചറമ്മ എന്നൊക്കെ പറയുന്നത് നമ്മൾ കേട്ടല്ലോ. അവരെല്ലാം സാരി ചുളുങ്ങാതെ, മാന്യകളായി ഇരിക്കണം. കീഴ്ത്തട്ടിലൊക്കെ വളരെ മികച്ച ആളുകളുണ്ട്. കേരളത്തിലെ പഞ്ചായത്തുകളൊക്കെ നേരാംവണ്ണം പ്രവർത്തിക്കുന്നത് അനേകം സ്ത്രീകളുടെ പ്രയത്നമുള്ളത് കൊണ്ടാണ്. പക്ഷെ ജനങ്ങളെ പ്രതിനിധീകരിച്ച് മുൻനിരയിലേക്ക് വരാൻ അവർക്ക് കഴിയാറില്ല.
അക്കാഡമിക് dishonesty പോലെ തന്നെ പ്രശ്നമാണ് അക്കാഡമിക് സിർക്കിളുകളിലുള്ള സ്ത്രീവിരുദ്ധത. താങ്കളുടെ അക്കാഡമിക് ജീവിതത്തിൽ സംഭവിച്ച ഒരു സംഭവം ഇപ്പോൾ കേരളം മുഴുവനും ചർച്ച ചെയ്ത ഒരു വിഷയമാണ്. കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ വനിതാ കോളേജിലെ ഒരു സെമിനാറിൽ സംഭവിച്ച കാര്യം. അതിനെ കുറിച്ച് പറയാമോ?
എനിക്കിപ്പോൾ അതിനെ കുറിച്ച് പറയാൻ ഒരു കുഴപ്പവുമില്ല. ഇന്റെർണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് എനിക്ക് കിട്ടിയിരുന്നു. ഇതുപോലൊരു അസംബന്ധം ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. ആളുകളുടെ ദൈനംദിന ജീവിതത്തിലെ സംസാരങ്ങളിൽ വരുന്ന ഫാലസികൾ ഓർത്തുവച്ച് ഞാൻ പഠിപ്പിക്കുന്ന കുട്ടികളോടു പറയുന്ന ഒരു ശീലമുണ്ടെനിക്ക്. പലപ്പോഴും അത്തരം വാചകങ്ങൾ കാണുമ്പോൾ കുറിച്ചു വയ്ക്കാൻ നോക്കാറുണ്ട്. ഇതിലെ ഓരോ പേജിലും പച്ചയ്ക്ക് ലോജിക്കൽ ഫാലസി കാണാൻ സാധിക്കും. യുക്തിരാഹിത്യമാണ് അതിൽ എല്ലായിടത്തും. സംഗതി ഇവരുടെ കൊളീഗ് ആണ് അയാൾ. അതുകൊണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതാണ്. അയാൾ ചെയ്ത തെറ്റിന് ആത്മാർഥമായി മാപ്പുപറയാൻ തയ്യാറാണെങ്കിൽ ഞാൻ ഈ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് പറഞ്ഞതാണ്. എന്നിട്ട് പിറ്റേ ദിവസം ഇയാളെനിക്ക് വക്കീൽ നോട്ടീസ് അയക്കുകയാണ്. ഞാൻ എനിക്ക് തോന്നിയത് പോലെ ചെയ്യും നീ ആരാടി എന്ന് ചോദിക്കുന്നപോലെയായിരുന്നു അത്. അഹങ്കാരി എന്നല്ലാതെ എന്താണ് അയാളെ വിളിക്കേണ്ടത്? അത്രയ്ക്ക് പുച്ഛമുണ്ട് അയാളുടെ പെരുമാറ്റത്തിൽ. പോലീസ്കേസ് കൊടുക്കണമെന്ന് വിചാരിച്ചതല്ല പക്ഷെ നിവൃത്തിയില്ലാതായിപ്പോയി. കാരണം ഒരു വർഷം കഴിഞ്ഞിട്ടാണ് ഇവരിതിന്റെ അന്വേഷണം ആരംഭിച്ചത്. അപ്പോഴേക്കും ആളുകൾ ഇത് മറന്നുതുടങ്ങിയിരുന്നു. വലിയൊരു ശതമാനം ആളുകൾ ഈ വിഷയം നടന്നതായി പറഞ്ഞിട്ടുണ്ട്. എന്നാൽ കൃത്യമായി അയാൾ പറഞ്ഞ വാചകം അവർ ഓർക്കുന്നില്ല. ഓരോരുത്തരും പറയുന്നതിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എല്ലാവരും പറയുന്നത് ഒരുപോലെയല്ലല്ലോ എന്നതായിരുന്നു ഈ കമ്മിറ്റിയുടെ പ്രശ്നം. എന്നാൽ സംഭവം നടന്നു എന്നും എന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു എന്നും മനസ്സിലാക്കാൻ സാധിക്കുന്ന മൊഴികൾ കിട്ടിയിട്ടും അതൊരു പ്രശ്നമായി ഈ അധ്യാപകർക്ക് തോന്നിയില്ല. ആ കോളേജ് അധികൃതർ ഒന്ന് ഖേദം പ്രകടിപ്പിക്കുക പോലും ചെയ്തില്ല. വീഡിയോ റെക്കോർഡ് ച്രയ്തുകൊണ്ടിരുന്ന ഒരു പരിപാടിയുടെ footage ചോദിച്ചപ്പോൾ ഈ ഭാഗം മാത്രം റെക്കോർഡ് ചെയ്തിട്ടില്ല, ചോദ്യോത്തര സെഷൻ ആയപ്പോൾ റെക്കോർഡിങ് നിർത്തിയിരുന്നു എന്നാണ് പറയുന്നത്. ആ പരിപാടി മുഴുവൻ റെക്കോർഡ് ചെയ്യാനുള്ള മാന്യതയെങ്കിലും ഇവർ കാണിക്കണ്ടേ? ഈ വിഷയത്തിൽ ഞാൻ പ്രതികരിക്കാൻ രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണുള്ളത് ഒന്ന്, തൊണ്ണൂറു ശതമാനം സ്ത്രീകളുള്ള ഒരു കോളേജിൽ അത് ഞാൻ challenge ചെയ്തില്ലെങ്കിൽ അവിടെ ഇത്തരം പ്രകടനങ്ങൾ നോർമൽ ആകും.രണ്ടാമത്തെ കാരണം, ഇയാളുടെ പ്രശ്നം എന്റെ പേപ്പർ ഒന്നുമായിരുന്നില്ല, ഞാൻ സുനിൽ പി ഇളയിടത്തെയും സണ്ണി കപിക്കാടിനെയും വിമർശിച്ചു എന്നതാണ്. ഇവൾ ആരാണ് എന്നതാണ് ചോദ്യം. പ്രതികരിക്കാതിരുന്നാൽ സ്ത്രീകൾക്ക് ഇനി intellectual സർക്കിളിൽ ഇടപെടാൻ കഴിയില്ല.