
എക്സിബിഷൻ

ഇർഫാന ഇസ്സത്ത്
മറിയം വരച്ചുകൊണ്ടിരുന്നു. ഒരു പ്രത്യേക താളത്തിൽ വലതുകൈയിലെ കുഞ്ഞൻ ബ്രഷ് അലക്ഷ്യമായി ചലിപ്പിച്ചുകൊണ്ട്, ചുണ്ടിൽ വരിതെറ്റിച്ച ഒരു പാട്ടിന്റെയറ്റം കൊരുത്തിട്ടുകൊണ്ട്, ഡൈനിങ് റൂമിൽ നിന്നും വഴക്കിട്ട് എടുത്തുകൊണ്ട് വന്ന ചുവന്ന കുഷ്യനുള്ള കസേരയിലേക്ക് ഇടക്ക് ചാരിയിരുന്നുകൊണ്ട്, അവിടുന്ന് ചാടിയെഴുന്നേറ്റ് മേശപ്പുറത്ത് തുറന്നുവച്ച നോട്ട്ബുക്കിലേക്ക് എന്തൊക്കെയോ എഴുതിച്ചേർത്തുകൊണ്ട്, അവൾ വരച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ഏകദേശം എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളും മറിയം ആ മുറിയ്ക്കുള്ളിൽ വരകളും വായനകളുമായി കഴിച്ചു. അവൾ പഠിച്ച കോൺവെന്റ് സ്കൂളിന്റെ വക വയലിലേക്കും എല്ലാ കാലത്തും സാമാന്യം തിരക്കൊഴിഞ്ഞ് കിടന്ന പഞ്ചായത്ത് റോഡിലേക്കും രാത്രികളിൽ ഇലക്ട്രിക് മിന്നാമിന്നികളെപ്പോലെ തിളങ്ങുന്ന വയലിനപ്പുറത്തെ വീടുകളിലേക്കും തുറക്കുന്ന നാല് ജനാലകളുള്ള മുകളിലത്തെ ആ മുറിയേക്കാൾ അവളെയുൾക്കൊള്ളാൻ മറ്റൊന്നിനും കഴിയില്ലെന്ന് ചിലപ്പോഴെങ്കിലും അവൾ വിശ്വസിച്ചു.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അവൾ കണ്ട ഫിലിം ഫെസ്റ്റിവലുകളുടെ, എക്സിബിഷനുകളുടെ, ചർച്ചകളുടെയൊക്കെ ബാഗുകൾ, ടാഗുകൾ, ബാഡ്ജ്കൾ നിറഞ്ഞ, ടിഷ്യൂപേപ്പറുകളും പഴയ പത്രത്താളുകളും കീറിയും മടക്കിയും കക്കാത്തോടുകൾക്ക് നിറം കൊടുത്തും അവളുണ്ടാക്കിയ പൂക്കളും രൂപങ്ങളും മനുഷ്യരും നിറഞ്ഞ ചുവരിലെ ഷെൽഫുകൾ. പല തരത്തിലുള്ള ബ്രഷുകളും പല നിറങ്ങളുള്ള ബോട്ടിലുകളും കുഞ്ഞൻ പെയിന്റ് ട്യൂബുകളും ഡ്രോയിങ് പാഡും ബുക്കുകളും പിന്നെയും കുറേ സാധനങ്ങളും അലക്ഷ്യമായെങ്കിലും അടുക്കി വച്ച മേശ. ചുവന്ന കുഷ്യനുള്ള കൈയില്ലാത്ത കസേര. മൂലകളിൽ അടുക്കിവച്ച ചിത്രങ്ങൾ. ഏതോ വിദേശ ആർട്ട് ഫിലിമിൽ കണ്ടുമറന്ന പോലെയൊരു ഫ്രെയിമിൽ ഇതിനൊക്കെ നടുക്കായി അലസയായി ഇരിക്കുന്ന മറിയം. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായി ആ മുറി ഇതുമാത്രമാണ്.
രാത്രി വൈകിയും മറിയം വരച്ചുകൊണ്ടിരിന്നു. സാവധാനത്തിൽ, സമയമെടുത്ത്, പാട്ടും മൂളി വരച്ചു. ഇടക്ക് ജനാലക്കമ്പികളിൽ ചാരി നിന്ന് വയലിനപ്പുറം തിളങ്ങുന്ന മിന്നാമിന്നികളിലേക്ക് നോക്കി. ഉറക്കമില്ലാത്ത മനുഷ്യർ രാത്രിയിൽ ഈ വീടുകൾ തിളങ്ങുംപോലെ പ്രകാശിച്ചിരുന്നെങ്കിൽ ഭൂമിയിലൊരിക്കൽപോലും ഇരുട്ട് പരക്കാതെയിരുന്നേനെ എന്നവൾക്ക് തോന്നി.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ ഫോണെടുത്ത് വാട്സാപ്പ് തുറന്നു. ഉമ്മിയും ഉപ്പാവായും മെഹറുവും അവളും മാത്രമുള്ള ഗ്രൂപ്പ് എടുത്തു. പുതിയ മെസ്സേജുകൾ ഒന്നുമുണ്ടായിരുന്നില്ല.

‘ഞാൻ മണ്ടേ അങ്ങെത്തുവേ’ എന്ന മെഹറൂന്റെ വോയിസ് മെസ്സേജ്. അതിന് ഉമ്മി അയച്ച മിടിക്കുന്ന ചുവന്ന ഹൃദയത്തിന്റെ റിപ്ലൈ. ‘ഞാൻ വിളിക്കാവേ’ എന്ന ഉപ്പാവാന്റെ റിപ്ലൈ.
‘റിയാത്തൂ, നീയെന്നെ ഒന്ന് വിളിക്കണേ’ എന്ന മെഹറൂന്റെ ടെക്സ്റ്റ് മെസ്സേജ്.
മെഹറൂനെ വിളിച്ചില്ല. മറന്നതല്ല. നാളത്തേക്കുള്ള ജോലികൾ തീർത്തിട്ട് വിളിക്കാമെന്ന് കരുതി. ഇനിയിപ്പോൾ അവൾക്കൊരു വോയിസ് മെസ്സേജ് അയക്കണം. ഇങ്ങനെയൊക്കെ ഓർത്തുകൊണ്ട് മറിയം മെഹറിന്റെ ചാറ്റ് എടുത്തു.
മെഹറിന്റെ വാട്സാപ്പ് ഡീപ്പി മാറിയിരുന്നു. മറിയവും മെഹറും കെട്ടിപ്പിടിച്ചിരിക്കുന്ന, ഉമ്മിയെടുത്ത ഫോട്ടോ ആയിരുന്നു കുറേ നാളായിട്ട് അവൾ ഇട്ടിരുന്നത്. ഇപ്പോഴത് മാറ്റി മെഹർ ജനിക്കുന്നതിനൊക്കെ മുൻപേ ഉമ്മിയും ഉപ്പാവായും മറിയവും കൂടി ഏതോ സ്റ്റുഡിയോയിൽ പോയി എടുത്ത പഴയൊരു ഫോട്ടോ ആക്കിയിരിക്കുന്നു. ഒരു നിമിഷത്തേക്ക് മറിയത്തിന്റെ നെഞ്ച് പിടച്ചു. അടിവയറ് വേദനിക്കുന്നത് പോലെ തോന്നി. അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. ‘റിലാക്സ് മറിയം’ എന്നവൾ സ്വയം പറഞ്ഞു. നെഞ്ചിടിപ്പ് സാവധാനം നേരേയാകാൻ കാത്തിരുന്നു. അതിന് ശേഷം മെഹറൂനൊരു വോയിസ് മെസ്സേജ് അയച്ചു.
‘പണിയൊക്കെ കഴിഞ്ഞതേ ഒള്ള്. ഒരു എക്സിബിഷന് മുൻപും എനിക്കിത്രേം കോൺഫിഡൻസ് ഇല്ലായ്മയൊന്നും വരൂല്ലാന്ന് ഉറപ്പുള്ളത്രേം പേടി വരുന്ന്’
മറിയത്തിന്റെ കൈവെള്ളയിലെ വിയർപ്പ് തട്ടി സ്ക്രീൻ നനഞ്ഞു. ഇട്ടിരുന്ന ഷർട്ടിൽ സ്ക്രീൻ തുടയ്ക്കുന്നതിനിടെ മെഹർ വിളിച്ചു.
‘എന്തോന്ന് റിയാത്തൂ ഇത്രേം പേടിക്കാനായിട്ട്’
‘ഉപ്പാവാ എന്തോ പറയുംന്ന് ഒരു പിടിത്തോം ഇല്ലാ’
‘ഉപ്പാവാ എന്തേലും പറയാനായിട്ട് നീയെന്തോന്നാ വരച്ച് കൂട്ടിയേ’
‘എന്റ ഇഷ്ടങ്ങള്’
‘ആ ബോധം ഉപ്പാവായ്ക്ക് കാണാതിരിക്കുവോ മോളേ’
‘ഉം’
മെഹറിന്റെ റൂമ്മേറ്റ് ഉറങ്ങണമെന്ന് പറഞ്ഞ് റൂമിലെ ലൈറ്റ് അണക്കുന്നത് വരെ അവരോരോന്ന് സംസാരിച്ചിരുന്നു.
വയലിനപ്പുറത്തെ മിന്നാമിന്നി വെട്ടങ്ങൾ പലതും കെട്ടിരുന്നു. ഉറങ്ങാത്ത മനുഷ്യരുടെ പ്രകാശത്തെക്കുറിച്ച് അവൾ വീണ്ടുമോർത്തു. ‘പ്രകാശം പരത്തുന്ന പെൺകുട്ടികൾ’ ചീത്തയായ ഒരു ലോകം അവൾക്ക് മുന്നിൽ തെളിഞ്ഞു. അതിലും ഭേദം രാത്രിയിൽ ഇരുട്ട് നിറഞ്ഞ ലോകമായിരുന്നു.
മറിയം ഉപ്പാവായും ഉമ്മിയും മെഹറുവും അവളും മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് തിരിച്ചുപോയി.
‘നാളെ ഞാൻ ഉറക്കം എണീറ്റ് ഉടനെ എക്സിബിഷൻ ആന്നേ’ എന്നൊരു വോയിസ് മെസ്സേജ് അയച്ചു.
ചെയ്യാൻ ജോലികൾ ഇനിയും ബാക്കിയുണ്ടായിരുന്നു. മൂലയിൽ അടുക്കി വച്ചിരുന്ന ഫ്രെയിം ചെയ്തതും ചെയ്യാത്തതുമായ ചിത്രങ്ങളിൽ നിന്ന് അവൾ ചിലത് തിരഞ്ഞെടുത്തു. പുഴവെള്ളത്തിന് മുകളിൽ ഒഴുകുന്ന നാലിതളുള്ള മഞ്ഞപ്പൂ പോലെ തോന്നിക്കുന്ന ഒട്ടിക്കിടക്കുന്ന രണ്ട് ചിത്രശലഭങ്ങളെ വരച്ചതാണ് അവളാദ്യം എടുത്തത്. അഞ്ച് വർഷം മുൻപ് അവളാദ്യം വരച്ചതും ആ ശലഭങ്ങളെയായിരുന്നു.
‘റിയാത്തു എന്ത് രസായിട്ടാ വരയ്ക്കുന്നേ ഉപ്പാവാ’ന്ന് മെഹറു എടുത്തോണ്ടോടിയ ആ വര കാരണമാണ് ഉമ്മി മറിയത്തിന് വരയ്ക്കാനായി മുകളിലത്തെയാ മുറി അനുവദിച്ചത്.
മറിയം ഫോണെടുത്ത് മെഹറുവിനെ വിളിച്ചു. അവളുറങ്ങിയിരുന്നില്ല. മറിയം ഉറങ്ങാൻ സാധ്യതയില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. മറിയം വർഷങ്ങളായി മറ്റാരെയും കാണിക്കാതെ വരച്ചുകൂട്ടിയതൊക്കെ നാളെ ഉപ്പാവായും ഉമ്മിയും കാണാൻ പോകുന്നു. എങ്ങനെയുറങ്ങാനാണ്.
‘റിയാത്തൂ, നീയൊരു കാര്യം ചെയ്യ്. പോയി വല്ലോം തിന്ന്. അടുക്കളേല് വല്ല മിച്ചറോ കേക്കോ കാണും’
എന്താടീ എന്ന് പോലും ചോദിക്കാതെ ഫോൺ എടുത്തയുടനെ മെഹർ പറഞ്ഞു.
‘മെഹറൂ, നൂഹ് നബീടെ കപ്പല് ഓർമയുണ്ടോ നിനക്ക്’ മറിയം ചോദിച്ചു. മറിയം ഏതോ പുസ്തകം തുറന്ന് അതിലെഴുതിയിരിക്കുന്നത് ഉറക്കെ ഒരു പ്രത്യേക ഭാവത്തിൽ വായിക്കുംപോലെ തോന്നി മെഹറിന്.
‘നബിയാ കപ്പല് പണിയാൻ തുടങ്ങിയ കാലത്ത് നാട്ടുകാര് മൊത്തം ആ മനുഷ്യനെ ഭ്രാന്തനാക്കി. വരാൻ പോകുന്ന പ്രളയത്തിന്റെ കഥയൊന്നും ആരും വിശ്വസിച്ചില്ല. പക്ഷേ, രണ്ട് പേര്, രണ്ട് പെണ്ണുങ്ങള്, മനുഷ്യരല്ല, മറ്റെന്തോ ജീവികളായ രണ്ട് പെണ്ണുങ്ങള് നബിയെ വിശ്വസിച്ചു. നബിയുടെ കപ്പല് പണി കഴിയുന്ന ദിവസം ലോകം അവസാനിക്കുമെന്ന് അവര് ഉറപ്പിച്ചു. ഓരോ ജന്തുക്കളിലെയും ഓരോ ആണിനേയും പെണ്ണിനേയും മാത്രം കയറ്റാൻ ഉത്തരവുള്ള ആ കപ്പലിൽ അവരിലൊരാൾക്ക് തന്റെ ഇണയെ ഉപേക്ഷിച്ച് ഒരാണിനെ സ്വീകരിച്ച് രക്ഷപെടാമെന്ന് അറിഞ്ഞിട്ടും ആ രണ്ട് പെണ്ണുങ്ങളും അതിന് തയ്യാറായില്ല. നബിയും കൂട്ടരും കപ്പലിൽ കയറിയ ശേഷം മഴ തുടങ്ങിയപ്പോഴും വെള്ളം പൊങ്ങി അത് പ്രളയമായി മാറിയപ്പോഴും ലോകത്തിനിയും ഒരല്പസമയം നമുക്കുണ്ടെന്ന് ആശ്വസിച്ച് അവർ കെട്ടിപ്പിടിച്ചു. ഒരുമിച്ച് മുങ്ങിമരിച്ചു. ഒരുമിച്ച് പ്രളയജലത്തിൽ ഒഴുകി നടന്നു. അതിലൊരു പെണ്ണ് ഞാനായിരുന്നു മെഹറൂ’
ഇത്രയും പറഞ്ഞ് മറിയം മെഹറിന്റെ പ്രതികരണത്തിനായി കാത്തിരുന്നു.
മെഹർ ഒരിക്കലും ഇങ്ങനെയൊരു തുറന്നുപറച്ചിൽ പ്രതീക്ഷിച്ചിരുന്നില്ലായിരിക്കാം.
‘വരച്ചതൊക്കെ നിനക്ക് ഞാനൂടെ വന്നിട്ട് കാണിച്ചാപ്പോരേ’ എന്ന് പറഞ്ഞൊപ്പിക്കുമ്പോൾ അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
‘നാളെ തന്നെ അവര് കാണട്ടെടീ. പ്രളയത്തില് മുങ്ങിയപ്പോ ഞാൻ പേടിച്ചില്ല. അപ്പൊ നാളേം പേടിക്കൂല’ മറിയം ചിരിച്ചു.
മെഹറൂന് ഗുഡ് നൈറ്റ് പറഞ്ഞ് അവളെക്കൊണ്ട് നിർബന്ധിച്ച് കാൾ കട്ട് ചെയ്യിച്ച് മറിയം ബാക്കി ചിത്രങ്ങൾ നിരത്തിവച്ചു. അവസാനം വരച്ച ചിത്രം സ്റ്റാൻഡിൽ തന്നെ വച്ച് മുറിയടച്ച് അവൾ പുറത്തിറങ്ങി.
പനയോളം പൊങ്ങിയ പ്രളയജലം. ഒഴുകിയകലുന്ന നൂഹിന്റെ കപ്പൽ. ഇരുണ്ടയാകാശം. നിമിഷങ്ങൾക്കുള്ളിൽ മരിച്ചുപോകാമെന്ന ഭയം ലവലേശമില്ലാതെ, നമ്മളീ നിമിഷം കൂടി പ്രണയിച്ച് ജീവിക്കുമെന്ന തൃപ്തിയോടെ ഒരു മരക്കൊമ്പിലിരുന്ന് ചുണ്ട് കൊരുക്കുന്ന രണ്ട് പെണ്ണുങ്ങൾ.
ഉറങ്ങാത്തയാ രണ്ട് പെണ്ണുങ്ങൾ ലോകം മൊത്തം ഒരിക്കലുമിരുട്ട് പരക്കാത്തയത്ര പ്രകാശം പരത്തുമ്പോൾ മറിയം സാവധാനം കോണിപ്പടികളിറങ്ങി താഴേക്ക് പോയി. അവളപ്പോൾ പതിഞ്ഞ ശബ്ദത്തിൽ പാടിക്കൊണ്ടിരുന്നു.
‘വീണ്ടും പാടാം സഖീ
നിനക്കായ് പ്രണയഗാനം ഞാൻ
ഒരു വിലോല ഗാനം ഞാൻ’