
അപരദ്വേഷത്തിന്റെ അഗ്നിപർവതങ്ങൾ
ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങളുടെ സാമാന്യാവലോകനം

അക്ഷയ് പി പി
അനശ്വർ കൃഷ്ണദേവ് ബി
“പാകിസ്ഥാനിലെ
പൊടിപിടിച്ച ഒരു തെരുവിൽ
ഒരു കുട്ടി കരഞ്ഞുകൊണ്ട് ജനിച്ചു.
അഫ്ഖാനിസ്ഥാനിലും സിറിയയിലും
ചൈനയിലും നേപ്പാളിലും
ഇപ്രകാരം കുട്ടികൾ
ജനിച്ചുകൊണ്ടിരുന്നു.
സച്ചിന്റെ വിക്കറ്റ് എടുത്ത
ഗ്ലെൻ മഗ്രാത്തിന്റെ തന്തയ്ക്ക് വിളിച്ച
എന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ച്
ജനിച്ചുവീഴുന്ന ഈ ഓരോ കുഞ്ഞും
എന്റെ ശത്രുക്കൾ ആകുന്നല്ലോ.
എന്റെ മാത്രം ദൈവമേ!”
(നവദേശീയത – സവാദ് കെ. എസ്.)
അതിർത്തികൾ രൂപപ്പെടുന്നത് ഭരണപരമായ സൗകര്യം സംബന്ധിച്ച ആലോചകളോടെയാണ്. ഏതൊരു ചെറിയ ഭൂപ്രദേശവും ഈ ചിന്തയിൽ സദ്ഭരണം ലക്ഷ്യം വെക്കുന്നു. അതിർത്തിക്കപ്പുറം ‘ആക്രമിച്ച് കീഴടക്കുക’ എന്ന ചിന്ത ഉയിരെടുത്തതോടെ അതിർത്തി അതിഭീകരമായ പ്രശ്നമേഖലയായി മാറി. ഇന്ത്യയെ സംബന്ധിച്ച് സ്വാതന്ത്ര്യലബ്ധിയോടെ അതിരിനപ്പുറത്തേക്ക് പിരിഞ്ഞുപോയ പാകിസ്ഥാൻ, രേഖകളിൽ ഇല്ലെങ്കിലും ‘ഔദ്യോഗിക’ ശത്രുരാജ്യമായി. സ്വന്തന്ത്ര്യാനന്തര ഭാരതത്തിൽ രാജ്യസ്നേഹവും ദേശീയതയും നിലനിർത്തുന്നതിൽ ഈ ശത്രുതക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ അതിർത്തിക്കും. മുസ്ലീം രാഷ്ട്രമെന്ന അസ്തിത്വം പേറുന്ന പാകിസ്ഥാനെ പിൻപറ്റി ആലോചന രൂപപ്പെടുമ്പോൾ, ഈ അതിരിന്റെ രൂപപ്പെടലിലും നിലനിൽപ്പിലും മതത്തിന് കേവലമല്ലാത്ത പങ്കാളിത്തമുണ്ട്.

2021 ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയിൽ അരങ്ങേറിയ ചില സംഭവങ്ങൾ ഗൗരവമുള്ളതാണ്. പഞ്ചാബിലെ ഭായി ഗുരുദാസ് ഇൻസ്റ്റിട്യൂട്ട് ആന്റ് ടെക്നോളജിയിൽ കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടു. സൗരയിലെ ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഹോസ്റ്റലുകളിലും ശ്രീനഗറിലെ കരൺ നഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും വിദ്യാർത്ഥികൾക്കും സ്റ്റാഫിനും നേരെ, പാകിസ്ഥാൻ വിജയം ആഘോഷിച്ചതിന്റെ പേരിൽ UAPA ചുമത്തി കേസെടുത്തു. വസീം അക്രത്തെയും വഖാർ യൂനുസിനെയും ജാവേദ് മിയാൻദാദിനെയും യൂനുസ് ഖാനെയും യൂസഫ് യോഹാന എന്ന മുഹമ്മദ് യൂസഫിനെയും അക്തറിനെയും അഫ്രീദിയെയും അബ്ദുൽ റസാഖിനെയുമൊക്കെ ആരാധിച്ചിരുന്ന ഇന്ത്യക്കാർ ഉണ്ടായിരുന്ന കാലത്ത് നിന്ന് ബാബർ അസമിനെ ആരാധിച്ചാൽ, കോഹ്ലിയോടൊപ്പം പോന്ന കളിക്കാരനാണ് എന്നഭിപ്രായപ്പെട്ടാൽ “ഇന്ത്യ വിട്ട് പോകൂ” എന്ന് കേൾക്കേണ്ടി വരുന്ന ‘പാകിസ്ഥാൻ ചാരൻ’ എന്ന വിളി ‘സ്വാഭാവിക’മായി മാറുന്ന ഒരു കാലഘട്ടത്തിൽ ഈ നടപടികളുടെ ഗൗരവം ഭയപ്പെടുത്തുന്നതാണ്.
ഇന്ത്യ – പാക് ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രം ഔദ്യോഗികമായി ആരംഭിക്കുന്നത് 1952ലെ പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിലൂടെയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ വിഭജനത്തിന് ശേഷം നടന്ന ഏറ്റവും സുന്ദരമായ ഇടപാടായിരുന്നു 1952 – 53 കാലത്തെ ഈ ടൂർണമെന്റ്. രാജ്യത്തിന്റെ പല ദിക്കുകളിലായി ചിതറിക്കിടന്ന വേദികളിൽ നടന്ന ടൂർണമെന്റിനായി ഇന്ത്യയിലുടനീളം പാകിസ്താൻ കളിക്കാർ സഞ്ചരിച്ചു. പ്രതീക്ഷിക്കപ്പെട്ടതിനേക്കാൾ എത്രയോ ഉജ്വലമായ വരവേൽപ്പാണ് പാകിസ്താൻ കളിക്കാർക്ക് ഇന്ത്യൻ കാണികൾ നൽകിയത്. എല്ലാ വേദികളിലും തുറന്ന മനസ്സോടെ സ്വീകരിക്കപ്പെട്ടതിന്റെ ഓർമ്മകൾ അക്കാലത്തെ പാക് കളിക്കാരുടെ ആത്മകഥകളിലെല്ലാം കാണാം. 1955ൽ പാകിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അനുഭവവും മറ്റൊന്നായിരുന്നില്ല.
ഇന്ന് സംഘർഷ ഭൂമിയായ വാഗാ അതിർത്തി അന്ന് ഇന്ത്യയിൽ നിന്നുള്ള കാണികൾക്ക് സഞ്ചാര സൗകര്യമൊരുക്കാൻ വേണ്ടി പാകിസ്ഥാൻ തുറന്ന് മലർത്തിയിട്ടു. ലാഹോറിൽ നടന്ന ടെസ്റ്റ് മത്സരം കാണാൻ ഇരുപതിനായിരത്തോളം ഇന്ത്യൻ കാണികൾ രാവിലെ വാഗാ അതിർത്തി മുറിച്ചു കടക്കുകയും കളിക്ക് ശേഷം വൈകിട്ട് അതേപടി തിരിച്ചിറങ്ങുകയും ചെയ്തു. വിഭജനാനന്തരം വേർപിരിഞ്ഞു പോയ പഴയ സുഹൃത്തുക്കളുടെ സമാഗമസന്ദർഭം കൂടിയായി ഈ ടൂർണമെന്റ് മാറി. ഇന്ത്യ – പാക് സംഘർഷം എന്നെന്നേക്കുമായി അവസാനിച്ചേക്കുമെന്നു പോലും തോന്നിക്കുന്ന തരത്തിലായിരുന്നു ആ ദിവസങ്ങളിലെ പാക് അന്തരീക്ഷം. ഇന്ത്യ – പാക് വിഭജനത്തിന്റെ ഭീകരത വൈകാരികമായി ആവിഷ്കരിക്കുന്ന രചനകളിലൂടെ അനശ്വരനായി മാറിയ സാദത്ത് ഹസ്സൻ മാന്റോയുടെ അവസാന ആഗ്രഹം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഈ ടെസ്റ്റ് മത്സരം കാണുക എന്നതായിരുന്നു. വിഭജനം ഏറ്റവുമധികം മുറിപ്പെടുത്തിയ മനസ്സുകളിലൊന്നിന്റെ ഉടമയുടെ ഈ അവസാന ആഗ്രഹം 1955ലെ ടൂർണമെന്റ് ഉണർത്തി വിട്ട പ്രതീക്ഷകളുടെ നേർസാക്ഷ്യമാണ്. പര്യടനം കഴിഞ്ഞു തിരിച്ചെത്തിയ ക്രിക്കറ്റ് ടീമിന് അസ്വാഭാവികമായ സ്വീകരണമൊന്നും നൽകാതിരിക്കാനുള്ള ജാഗ്രതയാണ് പ്രധാനമന്ത്രി നെഹ്രുവിൽ നിന്നുണ്ടായത്. ഇന്ത്യൻ ജനതയുടെ ഔദ്യോഗിക പ്രതിനിധികളായോ ദേശീയതയുടെ പതാകാവാഹകരായോ ദേശീയ ക്രിക്കറ്റ് ടീം പോലെയൊരു അരാഷ്ട്രീയ സ്ഥാപനം മാറുന്നതിലെ അപകടം നന്നായി അറിയുന്നയാളായിരുന്നു നെഹ്റു. കായികേതരമായ മറ്റ് മാനങ്ങളൊന്നും അക്കാലത്ത് ക്രിക്കറ്റിനില്ലാതെ പോയതിൽ ഈ രാഷ്ട്രീയ ജാഗ്രതയ്ക്ക് വലിയ പങ്കുണ്ട്.
ഇതിനിടയിൽ പാകിസ്താനിൽ ഭരണം പിടിച്ചെടുത്ത പട്ടാള മേധാവികൾ ഇന്ത്യയോടുള്ള സമീപനത്തിൽ നിലനിർത്തിയിരുന്ന കാർക്കശ്യം മറ്റ് പലതിനേയുമെന്ന പോലെ ക്രിക്കറ്റിനേയും ബാധിച്ചു. 1965ലും 71ലുമുണ്ടായ രണ്ട് യുദ്ധങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിന്ന ഊഷ്മളമായ ക്രിക്കറ്റ് ബന്ധത്തിന് താത്കാലികമായെങ്കിലും തിരശീലയിട്ടു. പാകിസ്താനിൽ നിന്നുള്ള ബംഗ്ലാദേശിന്റെ വിമോചനത്തിന് ചുക്കാൻ പിടിച്ച ‘മുക്തിവാഹിനി സേന’യ്ക്ക് ഇന്ത്യൻ സർക്കാർ നൽകിയ പരസ്യവും രഹസ്യവുമായ പിന്തുണയുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ സർക്കാർ കാശ്മീർ വിഷയം ക്രിക്കറ്റിനെ കൂടി ബാധിക്കുന്ന തരത്തിൽ ശക്തമായി പൊതുവേദികളിലേക്ക് എടുത്തിടുന്നത്. കാശ്മീർ വിഷയം പരിഹരിക്കപ്പെടാതെ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കൽ സാധ്യമല്ലെന്ന നിലപാടിലേക്ക് പാകിസ്ഥാനിലെ പട്ടാളഭരണകൂടം എത്തിച്ചേർന്നതോടെയാണ് ക്രിക്കറ്റൊരു രാഷ്ട്രീയവിഷയം കൂടിയായി മാറുന്നത്.
രണ്ടു രാജ്യങ്ങളിലും ഭരണമാറ്റമുണ്ടായതിന്റെ പശ്ചാത്തലത്തിൽ 1978ൽ വീണ്ടും ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കപ്പെട്ടു. പഞ്ചാബിലെ ഖാലിസ്ഥാൻ വിഘടനവാദികൾക്ക് പാകിസ്ഥാൻ നൽകിപ്പോന്ന സായുധവും സാമ്പത്തികവുമായ പിന്തുണയുടെ പേരിൽ 1980കളുടെ തുടക്കത്തിൽ തന്നെ ഈ ബന്ധം വീണ്ടുമുലഞ്ഞു. സങ്കീർണ്ണമായി തുടർന്ന രാഷ്ട്രീയബന്ധത്തിനിടയിലും രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ ഐക്യപ്പെടലിനുള്ള വിശാലമായൊരു സാധ്യത 90കളുടെ തുടക്കം വരെയും ക്രിക്കറ്റിലൂടെ നിലനിന്നിരുന്നു. 1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതിന്റെ ആഘോഷങ്ങൾ ഇന്ത്യയിലെന്ന പോലെ പാകിസ്താനിലും സജീവമായി നടന്നിരുന്നു. 1992ൽ പാകിസ്ഥാൻ ലോകകപ്പ് നേടിയപ്പോഴും അതിന്റെ ആഘോഷം പാകിസ്താനിൽ മാത്രമായി ഒതുങ്ങിയില്ല. ലോകകപ്പ് വിജയത്തിന്റെ ആഘോഷ പരിപാടിയിലേക്ക് ഇന്ത്യൻ പ്രതിനിധിയായി സുനിൽ ഗാവസ്കറെയും പാകിസ്ഥാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. അന്ന് ബാൽ താക്കറേയുടെയും തീവ്ര വലതുപക്ഷത്തിന്റെയും എതിർപ്പുകളെ അവഗണിച്ചാണ് ഗാവസ്കർ പോയതെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
1990 -കൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തീവ്ര ഹിന്ദുത്വശക്തികൾ സംഘടിതശക്തിയായി വളർന്നു വന്ന കാലമാണ്. ആർ. എസ്. എസ്. നേതൃത്വം കൊടുക്കുന്ന ഹിന്ദുത്വ വർഗീയശക്തികളുടെ രാഷ്ട്രീയ വളർച്ചയ്ക്ക് ആനുപാധികമായി ഹിന്ദു – മുസ്ലീം സമുദായങ്ങൾക്കിടയിലെ വിടവും വികസിച്ചു വന്നു. ഇന്ത്യൻ പൊതുമണ്ഡലം മുമ്പെന്നത്തേക്കാളും വർഗീയമാകുകയും മുസ്ലീങ്ങളെ സംശയത്തോടെ മാത്രം വീക്ഷിക്കുന്നൊരു ‘ഹിന്ദു പൊതുബോധം’ വളർന്നു വരാൻ തുടങ്ങുകയും ചെയ്തു. ഇന്ത്യൻ പൊതുബോധം എല്ലാ കാലത്തും മുസ്ലീം വിരുദ്ധത കൊണ്ടുനടന്നിരുന്നെങ്കിലും അതിനൊരു ഏകീകൃതവും സംഘടിതവുമായ ജനകീയ അടിത്തറ കൈവരുന്നത് തൊണ്ണൂറുകളോടെയാണ്.
ഇന്ത്യൻ മുസ്ലീങ്ങളെ അപരവത്കരിക്കുന്ന ഹിന്ദുത്വ വർഗീയവാദികളുടെ നിർവചനപ്രകാരമുള്ള സാംസ്കാരിക ദേശീയത ഉയർന്നുവന്നതോടെ ഇന്ത്യയുടെ ‘മുഖ്യധാരാ ദേശീയത’ തന്നെ പരിവർത്തനവിധേയമായി. ഔദ്യോഗികമായി തന്നെ ഒരു മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനെ തള്ളിപ്പറയുകയും ഇന്ത്യൻ ഭരണകൂടത്തോടുള്ള തങ്ങളുടെ കൂറ് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടത് ഓരോ ഇന്ത്യൻ മുസ്ലീമിന്റെയും ബാധ്യതയാണെന്ന് വന്നു. അപ്പോഴും മതചിഹ്നങ്ങൾ കൊണ്ടുനടക്കുന്ന മുസ്ലീങ്ങൾ സജീവമായി നിരീക്ഷിക്കപ്പെട്ടു. ഈ മതാത്മകമനോഭാവത്തിനുള്ള രാഷ്ട്രീയസാധൂകരണമായി കണ്ടെടുക്കപ്പെട്ടത് കാശ്മീരിലെ ഇസ്ലാമിക തീവ്രവാദികളുടെ സാന്നിധ്യമായിരുന്നു. ഇന്ത്യയിലെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിൽ ഇന്ന് കാണുന്ന തരത്തിലുള്ള സംഘർഷാന്തരീക്ഷം കെട്ടിപ്പടുത്തതിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ വീഴ്ചകൾക്കാണ് പ്രഥമസ്ഥാനം.

1984ൽ കാശ്മീർ ഗവർണറായി നിയമിതനായ ജഗൻ മോഹൻ മൽഹോത്രയെന്ന കോൺഗ്രസ്സുകാരനായ ഹിന്ദു ദേശീയവാദിയുടെ വിവേചനപരമായ നടപടികളാണ് കാശ്മീർ പ്രശ്നങ്ങൾക്ക് തീവ്രത വർധിപ്പിച്ചത്. 1989ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിലേക്കും വിഘടനവാദം ശക്തമാകുന്നതിലേക്കും നയിച്ച ഭരണതല വീഴ്ചകൾ ജഗൻ മോഹന്റെ കാലത്താണ് ഉണ്ടാവുന്നത് (ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം നടന്ന പൊതുപരിപാടിയിലേക്ക് പ്രത്യേക ക്ഷണിതാവായി ജഗൻ മോഹനെ കൊണ്ടുവരാൻ ബി. ജെ. പി. നേതാക്കളെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല). അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സേനക്കെതിരെ അണിനിരത്താൻ ഇസ്ലാമിക തീവ്രവാദസംഘങ്ങളെ പാകിസ്ഥാന്റെ പിന്തുണയോടെ അമേരിക്ക വാർത്തെടുക്കുന്ന കാലമായിരുന്നു അത്. 1990ന്റെ തുടക്കത്തിൽ അഫ്ഗാനിൽ നിന്നുള്ള സോവിയറ്റ് യൂണിയന്റെ പിന്മാറ്റത്തോടെ തൊഴിൽരഹിതരായ തീവ്ര ഇസ്ലാമിക സംഘങ്ങളെ പാകിസ്ഥാൻ കാശ്മീർ വഴി ഇന്ത്യയിലേക്ക് കടത്തിവിടാൻ തുടങ്ങി. ഇന്ത്യൻ സേനയും തീവ്രവാദികളും തമ്മിലുള്ള സംഘട്ടനങ്ങൾ കാശ്മീരി ജനങ്ങളുടെ ശാന്തജീവിതത്തിന് തടസ്സമായി തുടങ്ങി. കാശ്മീരിനെ കൂടുതൽ കൂടുതൽ സൈനികവത്കരിച്ചുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടം അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തെ നേരിട്ടത്. ഈ സൈനികവത്കരണം കാശ്മീരി ജനങ്ങൾക്ക് പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്ന തലത്തിലേക്ക് വളർന്നു. നേരിയൊരു വാക്കേറ്റത്തിന്റെ പേരിൽ പോലും കാശ്മീരികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം സൈന്യത്തിന് ലഭിക്കുന്ന തരത്തിൽ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള കാരണമെന്ന നിലയിൽ കാഷ്മീർ ഇന്നും ഉപയോഗിക്കപ്പെടുന്നു.
ഇന്ത്യ – പാക് രാഷ്ട്രീയ വിയോജിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ക്രിക്കറ്റിൽ ഇരു രാജ്യങ്ങളും തമ്മിൽ ഇടപെടാനുള്ള ഒരു സാധ്യത നൽകിയത് ഷാർജ കപ്പാണ്. ഒരേസമയം വൈരത്തേയും സൗഹൃദത്തേയും അത് നെയ്തെടുത്തുവെന്ന് പറയാം. 1984മുതൽ സ്ഥിരം വേദിയിൽ നടക്കുന്ന മത്സരങ്ങൾ കോർപ്പറേറ്റുകൾക്കും മാധ്യമങ്ങൾക്കും ലാഭം കൊയ്യാനുള്ള ഒരു സാധ്യത കൂടിയായിരുന്നു. ഷാർജ പോലൊരു സ്ഥലത്ത്, ക്രിക്കറ്റിനെ സാമ്പത്തികസ്രോതസായി മാറ്റാനുള്ള ശേഷി ആ മത്സരങ്ങൾക്കുണ്ടായിരുന്നു. ഇന്ത്യ-പാക് മത്സരങ്ങൾക്ക് കമ്പോളപരമായ ഒരു സ്വീകാര്യത കൈവന്നത് ഷാർജ കപ്പിന്റെ വരവോടെയാണ്.
1990ന്റെ തുടക്കത്തിലെ ഉദാരവത്കരണവും സാറ്റലൈറ്റ് ടെലിവിഷൻ ശൃംഖലയുടെ വികാസവും ക്രിക്കറ്റിനെ ലാഭം കൊയ്തെടുക്കാനുള്ള മാർഗമാക്കി മാറ്റി. ഇന്ത്യൻ ക്രിക്കറ്റിന്റെ ജനപ്രിയത ടെലിവിഷൻ സെറ്റുകളിലൂടെയുള്ള തത്സമയ സംപ്രേക്ഷണത്തിലൂടെ ഒന്നുകൂടി വികസിക്കുകയും മൂലധന സമ്പാദനത്തിനുള്ള ഏറ്റവും വലിയ ഇന്ത്യൻ മാർഗ്ഗമായി ക്രിക്കറ്റ് മാറുകയും ചെയ്തു. സാറ്റലൈറ്റ് ടെലിവിഷനും അതിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ക്രിക്കറ്റും ജനങ്ങളിലെത്തിച്ചത് ഇന്ത്യൻ ദേശീയതയുടെ വലതുപക്ഷ വ്യാഖ്യാനമായിരുന്നു. നിർവചനങ്ങൾക്കതീതമായ ഒരു ആന്തരികവികാരമായി ഉദാരവത്കരണത്തിന് മുൻപുള്ള തലമുറ മനസ്സിലാക്കിയിരുന്ന ‘ദേശീയത’ക്ക് നിശ്ചിത അളവുകോലുകൾ നിർമ്മിച്ചെടുക്കുകയാണ് സാറ്റലൈറ്റ് ടെലിവിഷൻ ചെയ്തത്. ഇന്ത്യയിലെ മധ്യവർഗഭാവനകളെ തൃപ്തിപ്പെടുത്തുകയും വലതുപക്ഷ മൂല്യബോധം പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ തീവ്രവലതുപക്ഷത്തെ മുൻപെന്നത്തേക്കാളും ശക്തമാക്കിയതും ഇതേ ദൃശ്യമാധ്യമങ്ങളാണെന്നത് യാദൃശ്ചികമല്ല. ഈ വലതുപക്ഷ മൂല്യങ്ങൾ തന്നെയാണ് ഉദാരവത്കരണാനന്തരകാലത്തെ ഇന്ത്യൻ ക്രിക്കറ്റും സ്വാംശീകരിച്ചെടുത്തത്. അക്രമണോത്സുക ദേശീയത ഇന്ത്യക്കാർക്കിടയിൽ ജനപ്രിയമാക്കുന്നതിൽ ക്രിക്കറ്റിനും വലിയ പങ്കുണ്ട്. പുതിയ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറിയ ക്രിക്കറ്റ് ടീം മൈതാനത്തിറങ്ങുമ്പോഴെല്ലാം ആളിക്കത്തുന്നത് ഇതേ തീവ്രദേശീയ വികാരമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനുമായി മാറ്റുരയ്ക്കുമ്പോഴെല്ലാം പാകിസ്ഥാൻ ഒരു അധാർമിക രാജ്യമാണെന്ന നിലയിലാണ് മാധ്യമങ്ങൾ വാർത്തകൾ നൽകാറ്. പാകിസ്താനെ ഇന്ത്യയ്ക്ക് എതിരെ നിൽക്കുന്ന ‘അപരമായി’ നിരന്തരം ചിത്രീകരിക്കുകയും സ്ഥാപിച്ചെടുക്കുകയും ചെയ്തത് ക്രിക്കറ്റിലൂടെയുമാണ്. ഇന്ത്യ – പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോഴാണ് ഇന്ത്യൻ മുസ്ലിങ്ങളുടെ രാജ്യസ്നേഹം ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതും.

1990കളോടെ ഇന്ത്യയിൽ ആഴത്തിൽ വേരോടിത്തുടങ്ങിയ തീവ്രവലതുപക്ഷത്തിന്റെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾക്ക് മൈതാനത്തിനകത്ത് സാധൂകരണം നൽകുന്ന രീതിയിലായിരുന്നു അക്കാലത്തെ ഇന്ത്യ – പാക് മത്സരങ്ങളുടെ മാധ്യമ റിപ്പോർട്ടിങ്. പത്ര – ദൃശ്യമാധ്യമങ്ങളുടെയും മൂലധനശക്തികളുടെയും കമ്പോള താത്പര്യങ്ങളാണ് ക്രിക്കറ്റ് ടീമിന് മേൽ ഇന്ത്യൻ ദേശീയതയുടെ പ്രതിനിധാനമെന്ന കായികേതര ബാധ്യത കെട്ടിവച്ചത്. ഇന്ത്യയിൽ ഉയർന്നുവന്നുകൊണ്ടിരുന്ന തീവ്രവലതുപക്ഷം മുന്നോട്ടുവെച്ച ഹിന്ദുത്വ സാംസ്കാരിക ദേശീയതയുമായി പത്ര – ദൃശ്യമാധ്യമങ്ങളുടെ ക്രിക്കറ്റ് റിപ്പോർട്ടിങ് ചേർന്നു പോയതും നവലിബറൽ മുതലാളിത്തത്തിന്റെ കാന്തികതകൊണ്ടാണ്.
നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം കാശ്മീർ വിഷയം പരിഹരിക്കാനാവാത്ത വിധം രൂക്ഷമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടത്തിന് ജനങ്ങൾക്ക് മുന്നിൽ നിർത്താൻ പാകത്തിനുനൊരു നിത്യശത്രുവായി കാശ്മീരിലെ തീവ്രവാദവും അതിർത്തിയിലൂടെ വരുന്ന നുഴഞ്ഞു കയറ്റക്കാരും മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി ഭീകരാക്രമണം നടത്തുന്ന ഈ ശത്രുവിനെ മറ്റാരേക്കാളും ആവശ്യം ഭരണവർഗത്തിന് തന്നെയാണ്. ബി. ജെ. പി. കേന്ദ്രഭരണത്തിൽ വന്നതോടെ കാശ്മീരിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കാനുള്ള നടപടികൾ മാത്രം സ്വീകരിച്ചതും മറ്റൊരു കാരണത്താലല്ല. ‘പുകഞ്ഞുകൊണ്ടിരിക്കുന്ന കാശ്മീർ’ അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധതയ്ക്ക് ചേർന്ന അടിക്കുറിപ്പാണെന്ന് മറ്റാരേക്കാളും നന്നായി അറിയുന്നതും അവർക്ക് തന്നെയാണ്. സംസ്ഥാനപദവി എടുത്തു കളഞ്ഞ 2019ന് ശേഷം കാശ്മീരിൽ 1200 യു. എ. പി. എ. കേസുകളിലായി 2300ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന്റെ തുടർച്ച തന്നെയാണ് ഇപ്പോഴുള്ള നടപടികളിലൂടെയും സംഭവിക്കുന്നത്. ആസന്നമായ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നേ കാശ്മീർ താഴ്വരയെ സംഘർഷഭരിതമാക്കുകയും പറ്റിയാലൊരു ഭീകരാക്രമണം തരപ്പെടുത്തുകയുമാകണം ലക്ഷ്യമെന്ന് സംശയലേശമന്യേ നമുക്ക് ഊഹിക്കാവുന്നതാണ്.
പതിറ്റാണ്ടുകളായി ദേശീയ ക്രിക്കറ്റ് ടീം, ഇന്ത്യയുടെ മുഖ്യധാരാ ദേശീയതയുടെ പ്രതീകമാണ്. വിശാല ഇന്ത്യയെന്ന വികാരത്തെ നിരന്തരം ജനങ്ങളിലേക്ക് കടത്തിവിടാനുള്ള ശേഷി ഇന്ത്യയിൽ ക്രിക്കറ്റിനോളം മറ്റൊരു കായികവിനോദത്തിനുമില്ല. മറ്റ് പലതിനുമൊപ്പം ഇന്ത്യൻ ക്രിക്കറ്റിനും വേരോട്ടമുണ്ടാക്കാൻ സാധിക്കാത്ത പ്രദേശങ്ങളിലാണ് മുഖ്യധാരാ ദേശീയതയോടുള്ള വിയോജിപ്പിന്റെ ഭാഗമായി രൂപപ്പെടുന്ന വിഘടനവാദപ്രവണതകളും തീവ്രവാദവും ശക്തമായി നിലനിൽക്കുന്നതെന്ന വസ്തുത ക്രിക്കറ്റും മുഖ്യധാരാ ദേശീയതയും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിന്റെ കൂടി തെളിവാണ്. ഇന്ത്യയുടെ മുഖ്യധാരാ ദേശീയതയ്ക്ക് ജനങ്ങളിലുള്ള സ്വീകാര്യത അളക്കാനുള്ള അനേകം ഉഷ്ണമാപിനികളിലൊന്നാണ് ഇന്ത്യൻ ക്രിക്കറ്റ്. ‘Imagined Community’ യിൽ ബെനഡിക്ട് ആൻഡേഴ്സൻ പറയുന്നത് പോലെ, തങ്ങൾ വിശാലമായൊരു രാജ്യത്തിന്റെ അഭിവാജ്യ ഭാഗമാണെന്ന തോന്നലാണ് ഓരോ പൗരനേയും രാജ്യസ്നേഹിയാക്കി മാറ്റുന്നത്. ഇന്ത്യൻ ദേശീയതയോടും, അതിന്റെ എല്ലാ പ്രതീകങ്ങളോടും മുഖം തിരിക്കാനുള്ള പ്രവണത കാശ്മീർ പോലുള്ള പ്രദേശങ്ങളിൽ സജീവമായി നിലനിൽക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല. ഇന്ത്യൻ ഭരണകൂടം എട്ട് ലക്ഷം പട്ടാളക്കാരെ വിന്യസിച്ച് നരകതുല്യമാക്കിയ, 1989 മുതൽ 2019 വരെയുള്ള മുപ്പത് വർഷക്കാലം കൊണ്ട് 85000 സാധാ മനുഷ്യരെ കൊന്നു തള്ളിയ, പട്ടാളം ലിംഗത്തിലൂടെ വൈദ്യുതി കടത്തിവിട്ടതിനാൽ വന്ധ്യംകരിക്കപ്പെട്ട പുരുഷന്മാർക്ക് സംഘടനയുള്ള കാശ്മീരിൽ നിന്ന് മറ്റെന്ത് പ്രതികരണമാണ് ഇന്ത്യൻ ഭരണകൂടം അർഹിക്കുന്നത്?
വർഷങ്ങളായുള്ള കേന്ദ്രീകൃത വർഗീയപ്രവർത്തനം ഇന്ത്യയുടെ സെക്യൂലർ ദേശീയതയെ പൂർണ്ണമായും തകർത്തെറിയുകയും ഹിന്ദുത്വ നിർവചനപ്രകാരമുള്ള മതാത്മകവും ബലിഷ്ഠവുമായ ദേശീയതയെ പകരം വെക്കുകയും ചെയ്തിരിക്കുന്നു. മുസ്ലീങ്ങളെയും ന്യൂനപക്ഷങ്ങളെയും അപരവത്കരിച്ചും അടിച്ചമർത്തിയുമുള്ള അതിന്റെ നിലനിൽപ്പ് ഈ വിഭാഗങ്ങളിൽ നിന്ന് ഉളവാക്കുന്ന പലവിധ പ്രതികരണങ്ങളിൽ ഒന്ന് മാത്രമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് കൊടുക്കുന്ന പിന്തുണ. അഥവാ, ഇന്ത്യൻ ഭരണകൂടത്തിന്റെ ഹിന്ദുത്വ ഉള്ളടക്കത്തോടുള്ള രാഷ്ട്രീയപ്രതിഷേധമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് കൊടുക്കുന്ന പിന്തുണ. ഭരണകൂടത്തിന് താല്പര്യമുള്ള രീതിയിൽ സെൻസർ ചെയ്ത വാർത്തകൾ മാത്രം പുറത്തുവരുന്ന പ്രദേശമാണ് കാശ്മീർ. ഈ സെൻസർ ചെയ്ത വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കാശ്മീരിനോടുള്ള സമീപനം രൂപീകരിക്കുന്ന പൊതുഭാവനയ്ക്ക് മുന്നിൽ ഈ സംഭവം രാജ്യദ്രോഹമായേക്കാം. 2010ലെ രക്തരൂക്ഷിതമായ സൈനിക അടിച്ചമർത്തലിന്റെ കാലത്ത് ഭഷ്റത്ത് പീറെന്ന കാശ്മീരി-അമേരിക്കൻ മാധ്യമ പ്രവർത്തകൻ എഴുതിയ കുറിപ്പിൽ ഈ പ്രശ്നത്തിന് ഒരു ഒറ്റവരി മറുപടി നൽകുന്നുണ്ട് – But, Kasmiris see the unedited Kashmir.
1 Comment
നല്ല വിലയിരുത്തൽ. കാര്യകാരണ ബന്ധം സുദൃഢം. ഇന്ത്യാ-പാക് മത്സരങ്ങൾ സകലവിധ ചാനലുകൾക്കും ചാകരയായതു കൊണ്ടുമാത്രം ഈ ‘ശത്രുത്വം’ കുറച്ചു കാലംകൂടി നിലനിൽക്കും. ഞാനിപ്പോൾ ടി.വി. ക്രിക്കറ്റ് കാണൽ നിർത്തിയിരിക്കുകയാണ്. കായിക മത്സരങ്ങളുടെ ആത്യന്തിക ലക്ഷ്യത്തെ – തോൽക്കാനും ജയിക്കാനുമല്ല; പങ്കെടുക്കാൻ – അസ്ഥാനത്താക്കുന്ന പരിപാടിയോട് യോജിപ്പില്ല