
ഗുഡ് ബൈ, ബ്യൂട്ടിഫുള്‍

ഹിലാല്‍ അഹമ്മദ്
പെപ്പ് ഗാര്‍ഡിയോളക്ക് കീഴിലെ ബാഴ്സലോണയെക്കുറിച്ചുള്ള ടൈക്ക് ദി ബോള്‍ പാസ് ദി ബോള്‍ എന്ന ഡോക്യുമെന്ററിയില്‍, ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ആ ബാഴ്സലോണ നേരിട്ട ഏറ്റവും വലിയ പരീക്ഷണം അവര്‍ കളിച്ച രണ്ടു ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളല്ല എന്ന് സൂചിപ്പിക്കുന്നുണ്ട്. അത് ജോസ് മൊറീഞ്ഞോയുടെ ശിക്ഷണത്തില്‍ കളത്തിലിറങ്ങിയ റയല്‍ മാഡ്രിഡുമായി 2010-11 സീസണില്‍ കളിച്ച ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലായിരുന്നു. ആ കളി തന്നെ, മെസ്സി ബാഴ്സക്ക് എന്തായിരുന്നു എന്ന് തെളിയിക്കുന്നുണ്ട്. ആ മത്സരത്തില്‍ പിറന്ന മെസ്സിയുടെ സോളോ ഗോളിനെ പ്രസ്തുത ഡോക്യുമെന്ററിയില്‍ മെസ്സിയുടെ അന്നത്തെ സഹതാരങ്ങളായ മഷറാനോയും സാവിയും ചേര്‍ന്ന് വിവരിക്കുന്നുണ്ട്.

മഷറാനോ: അവരുടെ ഡിഫന്‍സ് വെല്‍ ഓര്ഗനൈസ്ഡായിരുന്നു. അതിനാല്‍ തന്നെ ഗോളവസരങ്ങളൊരുക്കുക ബുദ്ധിമുട്ടും. അപ്പോഴാണ് ലിയോ മിഡ്ഫീല്‍ഡില്‍ നിന്ന് ബോളെടുത്തത്. തെന്നിനീങ്ങുന്ന ആ ഓട്ടമാരംഭിച്ചതും.
സാവി: ജന്മസിദ്ധമായ കഴിവാണത്. അതുകൊണ്ടാണ് അയാള്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറാകുന്നത്. മെസ്സിക്ക് മാത്രമേ അത് സാധിക്കു. അസാധ്യമായ ഗോളായിരുന്നു അത്. ബുസി(സെര്‍ജിയോ ബുസ്കറ്റ്സ്) അവന് പന്ത് നല്കുന്നു. അവന് മൂന്ന്-നാല് പേരെ കടന്ന് വലംകാല് കൊണ്ട് സ്കോര്‍ ചെയ്യുന്നു.
ആ ഗോളിന് ഒരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യൊഹാന്‍ ക്രൈഫ് വളര്‍ത്തിയെടുക്കുകയും പെപ്പ് ഗാര്‍ഡിയോള പരിപൂര്ണ്ണതയിലെത്തിക്കുകയും ചെയ്ത ബാഴ്സയുടെ പാസിങ്ങ് ഗെയ്മിനെ അത് ലംഘിക്കുന്നു. തിയറിയിലെങ്കിലും. ബാഴ്സയുടെ പാസിങ്ങ് ഗെയിം പഠിച്ച് ഗൃഹപാഠം ചെയ്തു വരുന്ന എതിരാളികള്‍ക്ക് ആ നീക്കം അവിശ്വസനീയമാവും. ആ ഗോള്‍ വീഡിയോയില്‍ സ്പെയ്നിന് ലോകോകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും എക്കാലത്തേയും മികച്ച ഗോള്കീപ്പര്മാരിലൊരാളുമായ ഇകര്‍ കസിയസിന്റെ മുഖഭാവം ശ്രദ്ധിച്ചാല്‍ മതി.

മെസ്സിയെ ആ ടീമിന്റെ എക്സ് ഫാക്റ്റര്‍ എന്നുവിളിക്കുന്നതിനേക്കാള്‍ അദ്ദേഹം ആ ടീമില്‍ വിഖ്യാതമാക്കിയ ഫാള്‍സ് നയന്‍ പൊസിഷനെ പിന്തുടര്ന്ന്, ഫാള്‍സ് ഫാക്ടര്‍ എന്ന് വിളിക്കാനാണ് സാധിക്കുക. ബാഴ്സലോണയുടെ ഈ ഫിലോസഫിയില്‍ ഒരേസമയം ഏറ്റവും ഇഴുകിച്ചേര്‍ന്ന കളിക്കാരനും ആ ഫിലോസഫിയെ നിരന്തരം തെറ്റിച്ചുകൊണ്ടിരുന്ന ഏക താരവും അയാള്‍ തന്നെയായിരുന്നു. ഒട്ടും സ്പേസ് ഇല്ലാത്ത കളിക്കളത്തിലെ മുക്കുമൂലകളില്‍ അയാള്‍ ടീമുമായി ചേര്‍ന്നുകൊണ്ട് പാസുകള്‍ കൊണ്ട് വലകള്‍ നെയ്യുന്നു. എതിര് ടീം ഒരു ടിക്കി-ടാക്ക പ്രതീക്ഷിച്ചിരിക്കുമ്പോള്‍, അഞ്ചും ആറും കളിക്കാരെ വെട്ടിയൊഴിഞ്ഞ് അയാള്‍ മാത്രം ഗോളി പോസ്റ്റിലേക്ക് മുന്നേറുന്നു. ഇങ്ങനെ ഒരേ സമയം ആവുകയും അല്ലാതിരിക്കുകയും ചെയ്തുകൊണ്ടാണ്, സ്വന്തം ടീമിന്റെ കളിനിയമങ്ങളെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടാണ്, പുതുക്കിക്കൊണ്ടാണ് ലയണല്‍ മെസ്സി എന്ന എക്കാലത്തെയും ഫുട്ബോള്‍ ജീനിയസ് പിറന്നതും വളര്‍ന്നതും.

ഒരു പാരലല്‍ വേള്‍ഡ് ആലോചിക്കുക. അവിടെ മെസ്സി റയല്‍ മാഡ്രിഡിനു വേണ്ടിയോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയോ ആണ് സൈന്‍ ചെയ്യപ്പെട്ടതെന്നും കരുതുക. ബാഴ്സയില്‍ അയാല്‍ സൃഷ്ടിച്ച ചരിത്രം ആവര്‍ത്തിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നോ എന്നാലോചിക്കുന്നത് രസകരമാവും. ആ ചോദ്യത്തിനുള്ള ഉത്തരം തീര്‍ച്ചയായും അയാള്‍ക്കതിന് കഴിയും എന്നുതന്നെയാണ്. എന്നാല്‍ ഫുട്ബോള്‍ എന്ന സംഘടിത സര്ഗാത്മകതസ ഇത്ര മികവില്‍ ആസ്വദിക്കാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയായിരിക്കും ഉത്തരം. കാരണം ഹെന്റി സൂചിപ്പിക്കുന്നത് പോലെ, ബാഴ്സയില്‍ നമ്മള് വിജയത്തിലല്ല, കളിരീതിയിലാണ് അനുരക്തരാവുന്നത്. ആ സൗന്ദര്യത്തിന്റെ സിംഫണിയുടെ മുഖ്യവാദകനാണ് സിംഫണിയോട് ഇപ്പോള്‍ വിടപറഞ്ഞത്. ബാഴ്സലോണയില്‍ നിന്ന് അയാള്‍ പിരിഞ്ഞുപോകുമ്പോള്‍ നഷ്ടമാവുന്നത് അവരുടെ പതിവ് ശൈലിയില്‍ മനുഷ്യചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ കൂട്ടായ്മയെ എക്സ്പ്രസ് ചെയ്യുന്ന കളിശൈലിയിലൂടെയാണോ, അതല്ല ഫുട്ബോളിന്റെ ചരിത്രം കണ്ട ഏറ്റവും മികച്ച കളിക്കാരന്റെ മികവിലൂടെയാണോ ഗോള്‍ പിറക്കുന്നത് എന്ന ആകാംക്ഷ മാത്രമാണ്.

ബാഴ്സലോണയില്‍ നിന്ന് പിരിയുമ്പോള്‍ രാഗവും താളവും മേളിക്കുന്ന പാസുകളുടെ ആ സംഘഗാനം മാത്രമേ അവസാനിക്കുന്നുള്ളൂ. അസാധ്യം എന്ന് തോന്നിപ്പിക്കുന്ന ഗോളുകള്‍, ഈ ടാക്കിളില്‍ ഈ മുന്നേറ്റം അവസാനിച്ചു എന്ന് തോന്നുമ്പോള്‍ പിന്നെയും പിന്നെയും പന്തുമായി അയാള്‍ നടത്തുന്ന റണ്ണുകള്‍, വര്‍ഷാവസാനം കണക്ക് വരുമ്പോള്‍ മറ്റെല്ലാവരെയും ബഹുദൂരം പിന്നിലാക്കുന്ന അയാളുടെ ഡ്രിബിളുകള്‍. എല്ലാം അയാളുടെ കൈവശം തന്നെയുണ്ട്. വിടവാങ്ങുന്ന വേളയില്‍ മെസ്സി സൂചിപ്പിച്ചതുപോലെ, ഒരു ചാമ്പ്യന്‍സ് ലീഗ് കൂടി.
ബാഴ്സയുടെ ജഴ്സിയില്‍ അയാളെ ആഘോഷിക്കാന്‍ ഇനി കഴിയില്ല എന്ന സങ്കടം മാത്രം ബാക്കി.
വിസ്കാ ബാഴ്സ. വിസ്കാ കാറ്റലൂണ്യ
ഗുഡ് ബൈ, ബ്യൂട്ടിഫുള്‍