
പേറുമട

ഹരികൃഷ്ണന് ഒ
നല്ല മഴ പെയ്തപ്പോ അടുക്കളപ്പുറത്തെ ഓട് പൊട്ടി അതിലൂടെ വെള്ളം ചോരുന്നത് കണ്ടപ്പോ ചാത്തുട്ടീടെ കണ്ണും ചോര്‍ന്നു ഒലിച്ചു. പണ്ട് ഓല മേഞ്ഞ സമയത്ത് കാറ്റും മഴേം വരുമ്പോ കുട്ടിയോളേം കെട്ടിയോളേം ഒക്കെ കൂട്ടി ചാളെടെ ഉമ്മറത്തു ചേര്‍ന്ന് നിക്കും…. മേല്‍ക്കൂര പറന്നു പോകാതിരിക്കാന്‍ എല്ലാരും കയ്യ് മേലോട്ട് നീട്ടി ഓലേം കഴുകോലും ചേര്‍ത്ത് പിടിക്കും…..തൈവങ്ങളെ വിളിച്ചു നില ഇറക്കും…..നില ഇറങ്ങിയ തൈവങ്ങള് ചിലപ്പോ കാറ്റു ശമിപ്പിക്കും… പിറ്റേന്ന് ചാത്തുട്ടീടെ അപ്പന് കോരന്റെ പറ്റില് ഷാപ്പിന്ന് ഒരു കുപ്പി കള്ള് തെക്കെപുറത്തെ തേവന് തറയില്‍ നേര്‍ച്ചക്ക് വെക്കും…. കള്ള് ചിരട്ടയില്‍ ഒഴിച് വീടും കുടിയും കാറ്റിലും മഴേലും പോകാത്തതിന് നന്ദി പറഞ്ഞ് വാഴയില ചീന്തു കൊണ്ട് കള്ള് ഒന്നു തെറുപ്പിച്ചു ബാക്കി വരുന്നത് കോരന് തന്നെ ആഞ്ഞു മോന്തും….ചാത്തുട്ടീടെ കണ്ണു നിറഞ്ഞത് അപ്പനെ ഓര്ത്തോണ്ടല്ല, ഇതേ പോലെ ഒരു മഴ കാലത്ത് ആണ് ചാത്തുട്ടീടെ ഭാര്യ ചീരു പെറ്റത്….. വയറ്റില്‍ ഉണ്ടായി മാസം തികഞ്ഞപ്പോഴേക്കും വര്‍ഷകാലം തുടങ്ങി…. ചാത്തൂനും ചീരുന്റേം ഉള്ളില്‍ തീയായിരുന്നു…. പെറാന്‍ മമ്മി മുസ്ലിയാരുടെ റബ്ബര്‍ തോട്ടം കഴിഞ്ഞുള്ള കാട്ടിലെ നീര്‍ചോലയുടെ അടുത്ത് പോണം……ചാളയില്‍ പെറാന്‍ പറ്റുല… പെറ്റാലും ചത്താലും പൊല ഉണ്ട്….പൊല കുളി കഴിയാതെ കുട്ടീനേം തള്ളേനേം ചാളെല് കേറ്റാന്‍ പറ്റില്ല…. കാരണമാരായിട്ട് ഉള്ളതാണ് അതൊക്കെ…. തൈവോം തറേം ഉള്ള മണ്ണാണ്…..പെണ്ണ് പെറാന്‍ ആവുമ്പോ കെട്ടിയോന് പേറുമടയില് ചെന്ന് വൈകോലും പുല്ലും മേഞ്ഞു പെണ്ണിന് കിടക്കാന്‍ പാകത്തിന് ഒരു കൂര ഉണ്ടാക്കണം….. ദിവസം അടുക്കാറാവുമ്പോ വയറുള്ള ഓളേം വെച്ചോണ്ട് കാട് കേറും…. ഒരു പുല്ലുപായയും ഒരു മണ്ണെണ്ണ വിളക്കും വെള്ളം തിളപ്പിക്കാന്‍ ഒരു കലവും…. ചോലയില്‍ നിന്ന് നല്ല തെളിഞ്ഞ വെള്ളം കിട്ടും… ചുറ്റുമുള്ള ചുള്ളി കമ്പ് പെറുക്കി മൂന്ന് കല്ല് വെച്ച് അടുപ്പുണ്ടാക്കി വെള്ളം തിളപ്പിക്കും…. വയറ്റാട്ടി തള്ള വേദന വരുമ്പോ വിളിച്ചാല്‍ മാത്രേ വരൂ….. പള്ളേല് ഉണ്ട് എന്നറിഞ്ഞാല്‍ ആദ്യം വയറ്റാട്ടിക്ക് മുറുക്കാന്‍ വാങ്ങാന്‍ പൈസ കൊടുക്കണം…. അവരുടെ വരുത്ത് ഈ പൈസയുടെ വലിപ്പം പോലെ ആവും…. ചീരുന്റെ പേറ് അടുത്തപ്പോള്‍ മഴയും കാറ്റും കൂടുതല്‍ ആയിരുന്നു….. ചാത്തുട്ടിയും കുറുമ്പന് ചങ്ങായിയും കൂടെ പേറു മടയില്‍ കൂര കെട്ടി….. നല്ല പോലെ മേയാന്‍ ഒന്നും പറ്റിയില്ല…. വെള്ളം കൂരേടെ ഉള്ളിലേക്കു നന്നായി വന്നു…. ചാത്തൂന്റെ അമ്മമ്മ പെറാന്‍ മടയില്‍ പോയ സമയത്ത് കുട്ടീനെ കുറുക്കന് കടിച്ച കഥ ഇന്നും അയാളുടെ മനസ്സില്‍ ഉണ്ട്….. ദിവസം അടുത്തപ്പോള്‍ ചാത്തു ചീരുനേം കൊണ്ട് കാട് കയറി… ഇടക്ക് വച്ചു മഴ പെയ്യേം ചെയ്തു… ഉടുത്ത തുണി പറിച് ചീരുനു തലയില്‍ ഇടാന്‍ കൊടുത്ത് അവര്‍ ഒരു മരച്ചോട്ടില്‍ കേറി നിന്നു….മഴ തോര്‍ന്നപ്പോ അവര്‍ പിന്നേം നടന്നു…..പണ്ട് വിറകിനു വന്നപ്പോ പാമ്പിനെ കണ്ട് ഓടിയ സ്ഥലത്ത് എത്തിയപ്പോ ചീരു ചാത്തുനെ മുറുക്കി പിടിച്ചു…. കരിങ്കുട്ടി തറക്കലും തമ്പ്രാട്ടി തറക്കല്ക്കും നേര്‍ച്ചയിട്ട് ചീരു കണ്ണ് പൂട്ടി നടന്നു…. കൂരയുടെ ഒരു ഭാഗത്തെ പുല്ലു കാറ്റിനു പോയിട്ടുണ്ട്…. അത് മേഞ്ഞു കഴിഞ്ഞപ്പോഴേക്കും വൈന്നേരം ആയി…. കൊണ്ടുവന്ന കലത്തില്‍ ചാത്തൂന്റെ അമ്മ കൊടുത്തയച്ച കപ്പ വെട്ടി നുറുക്കി പുഴുങ്ങാന്‍ വെച്ചു….. ചമ്മന്തിക്ക് വേണ്ടി എരിയില പറിക്കാന്‍ ചൂട്ട് കത്തിച്ചപ്പോ ആണ് ചീരുന് പേറ്റു നോവ് വന്നത്…. വയറ്റാറ്റിയെ വിളിക്കാന്‍ വേറെ ആരും ഇല്ല…. ചാത്തുന് കെട്യോളെ ഇട്ടിട്ടു പോകാനും വയ്യ… കന്നി പ്രസവം ആയോണ്ട് ഓള്‍ക്കും ഇതിനെ പറ്റി അറിയില്ല….. ചൂട്ടും മിന്നിച്ച് ചാത്തു ഓടി…. വയറ്റാട്ടിയുടെ ചാളേല്ക്ക്. ഓടുന്നതിനിടക്ക് മഴയും പെയ്തു…. ചൂട്ട് കെട്ടു…. വഴിയിലെ പൊട്ട കിണറ്റിലേക് അയാള്‍ കാലു തെറ്റി വീണു… കെട്യോളുടെ കരച്ചില് അയാള്‍ ആ കിണറ്റില്‍ കിടന്നു കേട്ടു… ഏതോ വള്ളിമ്മേ പിടിച്ചു അയാള്‍ കേറാന്‍ ശ്രമിച്ചു….. ഒടുവില്‍ മുകളിലെത്തി….. കിതപ്പ് മാറും മുന്നേ അയാള്‍ ഓടി…. വയറ്റാട്ടിയുടെ ചാളയില്‍ എത്തി….രാത്രിയില്‍ വന്ന ചീരുന്റെ പേറ്റു നോവിനെ അവര്‍ ആവോളം പ്രാകി…. ഇരുട്ടില്‍ കണ്ണ് നേരെ കാണാന്‍ കഴിയാത്ത പ്രാട്ടി തള്ള മുറുക്കാന്‍ പൊതി തിരഞ്ഞു…. മഴ ചോരുമ്പോ വരാം എന്ന് പറഞ്ഞു മടക്കി അയക്കാന്‍ നിന്നപ്പോ ചാത്തു പ്രാട്ടി തള്ളേടെ മുന്നില്‍ നിന്ന് കരഞ്ഞു. പിറ്റേന്ന് ചന്തയില്‍ കൊണ്ടോയി കൊടുക്കാന്‍ ഉള്ള പാതി മുടഞ്ഞ കുട്ട എടുത്ത് അവര്‍ തലയില്‍ വെച്ച് ചാത്തൂന്റെ കൈ പിടിച്ചു നടന്നു…. പേറു മട അടുക്കും തോറും ചീരുന്റെ കരച്ചില് കേള്‍ക്കാം…. ഒടുവില്‍ അവിടെ എത്തിയപ്പോ കണ്ടത് കാറ്റില്‍ കൂരയുടെ ഒരു ഭാഗം അവളുടെ മേലേക്ക് വീണതാണ്… ചാത്തു ഓടി ചെന്നു അത് പൊക്കി പ്രാട്ടി തള്ളയെ അകത്തോട്ടു വിളിച്ചു… അവള് പെറുന്ന വരെ ചാത്തു കൂരയുടെ ആ ഭാഗം പൊന്തിച്ചു നിന്നു…. അവളുടെ ഓരോ അലര്‍ച്ചയിലും അയാള്‍ ഉള്ളില്‍ തേങ്ങി കരഞ്ഞു….. പെറ്റാലും ചത്താലും പൊല ഉള്ള സകല ദൈവങ്ങളെയും അയാള്‍ പ്രാകി….
പേറു കൈഞ്ഞ് പതിനഞ്ചാം ദിവസം ചീരുനേം കുട്ടീനേം കുളിപ്പിച്ചു വീട്ടില്‍ കേറ്റി ചാത്തു ആദ്യം ചെയ്തത് തൈവ തറമ്മേ ഇരിക്കുന്ന കല്ലും വിഗ്രഹവും എടുത്ത് അന്ന് ചാത്തു വീണ പൊട്ടകിണറ്റില്‍ കൊണ്ടോയി ഇട്ടു….. തറവാട്ടുകാരെ കൂട്ടി എല്ലാരോടുമായി പറഞ്ഞു ‘ഇനി പാളുവത്തി നമ്മുടെ ചാളേല് പെറും, പെറ്റാലും ഐത്തം ഉള്ള തൈവങ്ങള് നമുക്ക് വേണ്ട ‘…..
മഴ നിക്കുന്നില്ല…. അടുക്കളയിലെ പൊട്ടിയ ഓടിന്റെ ഇടയിലൂടെ ചോര്‍ന്നൊലിക്കുന്ന ഭാഗത്ത് ചാത്തു ഒരു പാത്രം വെച്ചു…..
പാത്രത്തില്‍ വീഴുന്ന വെള്ളം നോക്കി ഇരിക്കുന്ന ചാത്തൂനോട് ചീരു പറഞ്ഞു, മോള്‍ടെ പ്രസവം അടുത്തു അതിന് മുന്നേ വീടിന്റെ പൊട്ടിയ ഓട് മാറ്റണം…..