
പട്ടികജാതി വികസന വകുപ്പ് സത്യത്തിൽ ആർക്ക് വേണ്ടിയാണ്

ഹരികൃഷ്ണൻ ഓ
(എംഫിൽ ഗവേഷകൻ, കണ്ണൂർ സർവ്വകലാശാല)
2021 ജനുവരി മാസത്തിൽ ആണ് കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസ്സിൽ ഞാൻ എംഫിൽ ഇംഗ്ലീഷിന് അഡ്മിഷൻ എടുക്കുന്നത്. ഒരു വർഷത്തെ കോഴ്സ് കൊറോണ എക്സ്റ്റൻഷൻ പീരീഡിൽ ആണിപ്പോൾ. ജൂൺ മാസത്തിൽ തീരുന്ന എക്സ്റ്റൻഷൻ കാലാവധിയിൽ കോഴ്സ് മുഴുവനാവുകയും ചെയ്യും. ഇത്രയും കാലമായി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എംഫിൽ ചെയ്യുന്ന ഒറ്റ ദളിത് വിദ്യാർത്ഥികൾക്കും ഇ-ഗ്രാന്റ്സ് ലഭിച്ചിട്ടില്ല. ദളിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി സംസ്ഥാന സർക്കാർ ചിലവഴിക്കുന്ന തുക ഒന്നര വർഷമായിട്ടും ഒരു ഗഡു പോലും ഒരു ദളിത് വിദ്യാർത്ഥിയുടെയും അക്കൗണ്ടിൽ വന്നിട്ടില്ല.
ഇതുമായി ബന്ധപെട്ടു കണ്ണൂർ ജില്ലാ പട്ടിക ജാതി ഓഫീസിൽ കയറി ഇറങ്ങിയത് നിരവധി തവണയാണ്. ഓരോ തവണ ചെല്ലുമ്പോഴും egrants ചെയ്യുന്ന മാഡം ലീവ് ആണെന്നും, ഇവിടെ അത് ചെയ്യാൻ താത്കാലിക ജീവനക്കാർ ആണ് ഉള്ളത് എന്നും പറഞ്ഞു മടക്കി അയച്ചിട്ടുണ്ട്. നിരന്തരം വിളിച്ചതിന്റെ ഫലമായാണ് അവർ അപ്ലിക്കേഷൻ അപ്പ്രൂവ് ആക്കി നൽകിയത്. അവിടെ നിന്നും പിന്നീട് ADDO പക്കൽ ആണ് ഫയൽ ലൊക്കേഷൻ കാണിക്കുന്നത്. ഓരോ തവണ വിളിക്കുമ്പോഴും ADDO ലീവ് ആണെന്നും, അദ്ദേഹം വരാതെ കാര്യങ്ങൾ നടക്കില്ല എന്നുമാണ് ഓഫീസിൽ നിന്ന് പറയുന്നത്. എന്ന് വരും എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ഉദ്യോഗസ്ഥർ നൽകുന്നുമില്ല. ഉദ്യോഗസ്ഥരുടെ ലോങ്ങ് ലീവും കാര്യങ്ങളും പാവപെട്ട വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്. താത്കാലിക നിയമനത്തിൽ വന്ന് ജോലി ചെയ്യുന്നവർ അവരുടെ നിസഹായവസ്ഥയും പറയുന്നത് വിദ്യാർത്ഥികളോടാണ്. നിലവിൽ ADDO പക്കൽ ഉള്ള ഫയൽ ഡയറക്ടറേറ്റിലേക് ഫോർവേഡ് ചെയ്യപ്പെട്ടാൽ മാത്രമേ അതിനു ശേഷമുള്ള കാര്യങ്ങൾ നടക്കുകയുള്ളു. ഒരാൾ ഇതിനിടയിൽ ലീവ് ആയാൽ ഫയലുകൾ അനക്കമില്ലാതെ ആവുന്നു. ഫെല്ലോഷിപ് വരാൻ വീണ്ടും വൈകുന്നു. പരാതി കേൾക്കാൻ ഉള്ളവർ തന്നെ ഇത്തരം അനാസ്ഥ കാണിക്കുമ്പോൾ ദളിത് വിദ്യാർത്ഥികളുടെ പഠനം പ്രശ്നത്തിൽ ആകുന്നു. ഇവിടുള്ള പട്ടികജാതി വികസന വകുപ്പ് സത്യത്തിൽ ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്?? പ്രശ്ന പരിഹാരത്തിനു വിളിച്ചാൽ ഒന്ന് ഫോൺ എടുക്കാൻ പോലും പറ്റാത്ത ഒരു വകുപ്പ് എങ്ങിനെയാണ് ഇവിടുത്തെ പിന്നോക്ക സമുദായത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നത്?