
വെളുപ്പും സൗന്ദര്യവും തമ്മിലല്ല വെളുപ്പും ജാതിയും തമ്മിൽ

ഹരികൃഷ്ണൻ ഒ
“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട്” എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന് പോകില്ല എന്ന് പറയാതെ പറഞ്ഞു സമർത്ഥിക്കുന്ന പ്രയോഗമാണിത്. കറുപ്പായി ഇരിക്കുക എന്നാൽ സമൂഹത്തിൽ സ്വീകരിക്കപ്പെടാതെയിരിക്കുക എന്നുകൂടിയാണ്. കറുപ്പിനോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ അസഹിഷ്ണുത ജാതിയുമായി ചേർത്ത് വായിക്കേണ്ടതാണ്. ലോകത്തിലെ മറ്റു സ്ഥലങ്ങളിൽ എല്ലാം വർഗ്ഗത്തിന്റെയോ (ക്ലാസ്സ് ) നിറത്തിന്റെയോ പേരിൽ ആളുകളെ വേർത്തിരിക്കുമ്പോൾ ഇന്ത്യയിൽ ജാതി അതിന് അടിത്തറയാകുന്നു. വർഗ്ഗം, വർണ്ണം, ജാതി എന്നിവ മൂന്നും ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇന്ത്യൻ സമൂഹത്തിൽ മാത്രമായിരിക്കും. ഒരാൾ കറുത്ത നിറത്തിൽ കാണപ്പെട്ടാൽ അയാളുടെ ക്ലാസും ജാതിയും ചേർത്ത് വായിക്കാൻ ഇന്ത്യൻ ജാതിസമൂഹത്തിന് മാത്രമേ കഴിയു. വെളുത്ത നിറത്തിൽ പ്രത്യക്ഷപ്പെടുന്ന പട്ടിക-ജാതി പട്ടിക- വർഗ്ഗ വിഭാഗത്തിൽപെടുന്ന മനുഷ്യർ അവരുടെ ജാതി വെളിപ്പെടുത്താത്തിടത്തോളം കാലം ഒരു പരിധിവരെ ജാതീയ അധിക്ഷേപം നേരിട്ടിലെന്ന് വരാം, എന്നാൽ കറുപ്പിൽ പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയെ കാണുന്ന മാത്രയിൽ തന്നെ അയാളുടെ ജാതി നിർവചിക്കപ്പെടുന്നു. പട്ടിക ജാതിക്കാരൻ കറുത്തിരിക്കണം എന്ന ജാതിയുടെ വർണ്ണ ചിന്ത ശക്തമാണ്. കറുത്തിരിക്കുന്ന ഒരു സവർണ്ണനെ നമ്മുക്ക് ചിന്തിക്കാൻ കൂടി കഴിയാത്തത് ഇത് കാരണമാണ്. കറുത്ത നമ്പൂതിരിക്ക് കിട്ടുന്നതിനേക്കാൾ സ്വീകാര്യത വെളുത്ത നമ്പൂതിരിക്ക് കിട്ടുന്നതിന് കാരണം ജാതിയുടെ ഈ വർണ്ണ ചിന്തയാണ്. സിനിമകളിൽ നമ്മുക്ക് ഇത് പ്രതിഫലിക്കുന്നത് കാണാം. ‘വാസ്തവം’ എന്ന സിനിമയിൽ സലീം കുമാർ നമ്പൂതിരി വേഷത്തിൽ എത്തുമ്പോൾ നമുക്ക് തമാശയായി തോന്നുന്നത് ഇത് കൊണ്ടാണ്. “ഈ ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ടിട്ട് സംശയിക്കേണ്ട, എവിടെ ആ സാധനം ” എന്ന് പറഞ്ഞുകൊണ്ട് പൂണൂൽ തപ്പുന്ന കറുത്ത നമ്പൂതിരിക്ക് നമ്മുടെ ജാതി സമൂഹത്തിൽ സ്വീകാര്യത കുറയും. ആറാം തമ്പുരാനിൽ കലാഭവൻ മണി നമ്പൂതിരി വേഷത്തിൽ വരുമ്പോഴും നമ്മൾ നോക്കുന്നത് ഈ ജാതി കണ്ണുകളിലൂടെ തന്നെയാണ്. നമ്മുടെ ജാതി വർണ്ണ ചിന്തയെ ഉപയോഗിക്കാൻ അറിയാവുന്നത് കൊണ്ടാണ് സിനിമയിൽ കലാഭവൻ മണി ഹാസ്യ കഥാപാത്രമാകുന്നത്.

കറുത്ത നിറത്തിൽ ജനിച്ച സവർണ്ണ വിഭാഗം അവരുടെ സവർണ്ണ ഐഡന്റിറ്റി വെളിപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഒരിക്കൽ കറുത്ത നിറമുള്ളൊരു സുഹൃത്തിനോട് നിനക്ക് പട്ടിക-ജാതി വികസന വകുപ്പിന്റെ ധനസഹായമില്ലേ എന്ന് മറ്റൊരാൾ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖം മാറുകയും വളരെ ദേഷ്യത്തോടെ “ഞാനൊരു നായരാണ് ” എന്ന് പറഞ്ഞു. പിന്നീട് ഫേസ്ബുക്കിൽ തന്റെ പേരിന്റെ കൂടെ ജാതിപ്പേര് കൂടി ചേർക്കുകയും ചെയ്തു. കറുത്തിരിക്കുക എന്നത് ദളിത് സ്വത്വത്തിന്റെ മാത്രം ഭാഗമാണ് എന്ന് ചിന്തിക്കുന്ന ഒരു ജാതി-വർണ്ണ ബോധം ഈ സമൂഹത്തിൽ നിലവിലുണ്ട്.
ഈ ബോധം കലോത്സവവേധികളിൽ നമുക്ക് വ്യക്തമായിക്കാണാം. നാടോടി നൃത്തം ഗ്രൂപ്പ് ഇനങ്ങളിൽ ഏതെങ്കിലും ഗോത്ര സമൂഹത്തിന്റെ നൃത്തമാണ് ഭൂരിഭാഗംപ്പേരും അവതരിപ്പിക്കുന്നത്. മത്സരാർഥികളെ മേക്കപ്പ് ആർട്ടിസ്റ്റ് കറുത്ത ചായം പൂശുന്നത് കാണാം. ആളുകളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ഉപയോഗിക്കുന്ന ഈ കറുപ്പ് എന്തിനെയാണ് സൂചിപ്പിക്കുന്നത്? ആദിവാസികളെല്ലാം ഇവർ നൽകിയ നിറത്തിലുള്ളവരാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണോ? മുഖത്തെ മനസ്സിലാക്കാൻ പറ്റാത്ത രീതിയിലുള്ള ഈ മേക്കപ്പ് ഒരു വിഭാഗം ജനതയ്ക്കു മേലുള്ള ചായം പൂശലായി കണക്കാക്കാം.

ഗോത്ര സമൂഹങ്ങളുടെ സ്വത്വം മറ്റൊരു വിഭാഗം അവർക്ക് വേണ്ട രീതിയിൽ പുനർസൃഷ്ട്ടിക്കുന്നു. അതുകൊണ്ട് തന്നെ വെളുത്ത നിറത്തിലുള്ള ഒരു ആദിവാസി യുവതിയെ/ യുവാവിനെ കാണുമ്പോൾ പൊതു സമൂഹത്തിന് ഒരു ഞെട്ടലുണ്ടാവുന്നു. സായ് പല്ലവി എന്ന തെന്നിന്ത്യൻ നടി ബടാഗ ഗോത്ര വിഭാഗത്തിൽ പെടുന്നയാളാണ് എന്നറിഞ്ഞപ്പോൾ ഇതെ ഞെട്ടലാണ് ആളുകളിൽ കണ്ടത്.

ആദിവാസികൾക്കിടയിലെ, ദളിതർക്കിടയിലെ വെളുത്ത നിറത്തിനെ സംശയത്തോടെ മാത്രമേ ആളുകൾ നോക്കികാണു. വെളുത്ത കുട്ടിയെ പ്രസവിച്ച ദളിത് യുവതിയോട്, “ഏത് മാപ്പിളയ്ക്ക് ഉണ്ടായതാ?” എന്ന് ചോദിച്ച് പരിഹസിച്ചിരുന്നു എന്ന് സുഹൃത്തിന്റെ മുത്തശ്ശി പറഞ്ഞ കഥ ഇന്നും ഓർമ്മയിലുണ്ട്. കറുത്ത മനുഷ്യരെ സ്വീകരിക്കാൻ സവർണ്ണ പൊതുബോധത്തിന് ബുദ്ധിമുട്ടാണ്. കറുപ്പിന്റെ സൗന്ദര്യ ശാസ്ത്രം ഇന്ത്യയിൽ ദളിത് സൗന്ദര്യ ശാസ്ത്രത്തോട് ചേർന്ന് മാത്രമാണ് വായിക്കപ്പെടുന്നത്. ദളിത് സാഹിത്യ രചനകളിലാണ് കറുപ്പിന്റെ സൗന്ദര്യത്തെപറ്റി പറയുന്നത്. അത് ദളിത് രാഷ്ട്രീയവുമായി ചേർത്ത് വായിക്കുകയും വേണം. അതേ സമയം വെളുപ്പ് നിറം ഒരു ബ്രാഹ്മണിക്കൽ ചിന്തയുടെ ഭാഗമായി മാറുകയും ചെയ്യുന്നു. കല്യാണാലോചനകളിൽ വെളുത്ത കുട്ടികൾക്ക് ഡിമാൻഡ് കൂടുതലാണ്. മകനോ മകളോ കറുത്ത നിറത്തിലായതിന്റെ വേവലാതി നമുക്ക് കല്യാണ മാർക്കറ്റിൽ കാണാം. അടുത്ത കുടുംബത്തിലെ ഒരു സഹോദരിയെ പെണ്ണ്കാണാൻ വന്ന മൂന്ന്കൂട്ടർ, “പെണ്ണിന് നിറം കുറവാണ് ” എന്ന ഒറ്റ കാരണം പറഞ്ഞ് മടങ്ങിയതിന് സാക്ഷിയായിട്ടുണ്ട്. “നിറം കുറവാണ്” എന്ന പ്രയോഗം തന്നെ നോക്കു, കറുപ്പിനെ ഈ സവർണ്ണ ബോധം ഒരു നിറമായിപോലും കൂട്ടിയിട്ടില്ല.
സിനിമയിലേ വെളുത്ത നായകന്മാരും കറുത്ത വില്ലന്മാരും ഈ ബോധത്തിന്റെ സൃഷ്ടി തന്നെയാണ്. ഒരു കറുത്ത നായകനെ സ്വീകരിക്കാനുള്ള പൊതുസമൂഹത്തിന്റെ ബുദ്ധിമുട്ട് കലാഭവൻ മാണിയുടെയും വിനായകന്റെയും സിനിമാ മേഖലയിലെ വളർച്ചയിൽ നമ്മൾ കണ്ടതാണ്.

സിനിമയിൽ നായകനേയും നായികയേയും വില്ലനെയും ശ്രദ്ധിക്കുന്ന നമ്മൾ വില്ലന് ചുറ്റും ഫൈറ്റ് ചെയ്യാൻ നിൽക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ.

അവരിൽ പൊതു സമൂഹത്തിന്റെ ( വെളുത്ത) സൗന്ദര്യ ബോധം ഉൾകൊള്ളുന്ന ആരെയെങ്കിലും കാണാൻ സാധിക്കാറുണ്ടോ? കറുപ്പിനെ സിനിമാ സ്ക്രീനിന്റെ ഒരു മൂലയിലേക്ക് ആരും ശ്രദ്ധിക്കാത്ത ഒരു ഇടത്തേക്ക് മനപ്പൂർവം മാറ്റി നിർത്തുകയാണ്. കറുപ്പായി ഇരിക്കുന്നതിൽ അപകർഷത സൃഷ്ടിക്കാൻ ഈ സവർണ്ണ ബോധത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നാണ് സൗന്ദര്യ വർദ്ധക വസ്തുക്കൾ. ഇവയുടെ പരസ്യങ്ങളിൽ എല്ലാം തന്നെ കറുപ്പായി ഇരിക്കുന്നത് എന്തോ കുറവാണ് എന്നും വെളുത്താൽ മാത്രമേ നിങ്ങൾ സമൂഹത്തിൽ സ്വീകരിക്കപെടുകയുള്ളു എന്നുമുള്ള ബോധം പ്രചരിപ്പിക്കുകയും ചെയുന്നു. ചെറിയ ക്ലാസ്സുകളിലെ പുസ്തകങ്ങളിൽ ‘fair’ ‘ugly ‘ പോലുള്ള നിറങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ നൽകുമ്പോൾ, ഈ സമൂഹത്തിൽ കറുപ്പായി ഇരിക്കുക എന്നത് ഒരു പ്രതിഷേധമായി തന്നെ കാണേണ്ടതുണ്ട്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർക്ക് വേണ്ടി നീതിന്യായ പ്രസംഗം നടത്തുന്ന നമ്മൾ നിറത്തിന്റെ പേരിൽ കാണിക്കുന്ന ഈ പാർശ്വവൽക്കരണത്തെ പറ്റി ബോധവാന്മാരല്ല. അതിന് കാരണം ഇതിനെയെല്ലാം പിൻതാങ്ങുന്ന ജാതിയാണ്. ഇന്ത്യയിൽ നിറവും വർഗ്ഗവും, ജാതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജാതി ഇന്ത്യയിൽ നിലനിൽക്കുന്നിടത്തോളം കാലം നിറത്തിന്റെ പേരിൽ വിവേചനം നടന്നുകൊണ്ടേയിരിക്കും.
“വെളുപ്പ് സൗന്ദര്യവുമായി ഒരു ഉടമ്പടിയും വെച്ചിട്ടില്ല, പക്ഷേ ജാതിയുമായി ഉടമ്പടി വെച്ചിട്ടുണ്ട് “