
വിമോചന സമരത്തിലെ തത്തവിചാരങ്ങൾ

ഹരിഗോവിന്ദ്
ആസ്ത്രലോപിതേക്കസും പിത്തേക്കാന്ത്രോപ്പക്സ് ഇറക്സും പരിണാമപ്പെട്ടുപോന്ന മനു ഷ്യന്റെ ആദിമകാലം. തണുപ്പ് അതിന്റെ ക്രൗര്യമായ നിലയെയും ഭേദിച്ച് ഭൂമിയിൽ വീണുറഞ്ഞിരുന്നു. മനുഷ്യൻ കല്ലുരതി തീയുണ്ടാക്കി അതിനരികെ ചൂടു പിടിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിൽ കാരണമെന്തെന്ന് അറിയാതെ ചത്തുപോയവരുടെ തലയോട്ടിയും നെഞ്ചിൻകൂടും ഗുഹയ്ക്കുള്ളിൽ ഭദ്രമായിരുന്നു. തുടയെല്ലുകൾ കെട്ടിയുണ്ടാക്കിയ കുന്തവും കത്തിയുമേന്തി ചിലർ ശൈത്യത്തിന്റെ ക്രൂര ശരീരത്തിലൂടെ ഇരയെ തേടി പുറത്തിറങ്ങി. മുന്നിൽവന്നുപെട്ട നരഭോജിയായ ഭീമൻ ഇരയെ അവർ നിഷ്ക്കരുണം വധിച്ചു. തോലുരുമി മാംസം പുറത്തെടുത്ത് ഗുഹയിലേക്ക് മടങ്ങി. അതിശൈത്യവും ഭീമൻ ജന്തുവിന്റെ പരേതാത്മാവും എന്തിന് പ്രകൃതി തന്നെ നാണംകെട്ടുപോയി.
മണാലി താഴ്വാരങ്ങളിലും ബിയാസ് നദിക്കരയിലെ വെള്ളാരംകല്ലുകളിലും വീണുറഞ്ഞ മഞ്ഞിനോളമില്ലെങ്കിലും ദില്ലിയിലെ നഗരകാറ്റിന് അസാമാന്യമായ തണുപ്പുണ്ടായിരുന്നു. പഠന കാലത്തെ കാരാഗൃഹ ജീവിതത്തിൽ നിന്നും ഇടക്കാല ആശ്വാസത്തിനായുള്ള ഒരു യാത്ര സുഹൃത്തായ നിഖിൽ കുറച്ച് കാലം മുൻപേ മുതൽ എനിക്കുമുന്നിൽ തുറന്നു വെച്ചിരുന്നു. വർഷാവസാനം തരപ്പെട്ടു കിട്ടിയ യാത്രയിൽ ഞാൻ വല്ലാതെ സന്തോഷി ച്ചിരുന്നു. കഥയെഴുതുവാൻ പോന്ന ഒരു കാഴ്ചയെങ്കിലും നാല് നാൾ നീണ്ടു നിൽക്കുന്ന യാത്രയിലെവിടെയെങ്കിലും എനിക്ക് മുന്നിൽ കളഞ്ഞു കിട്ടുമെന്നെനിക്കുറപ്പായിരുന്നു. ദില്ലിയോടടുക്കുമ്പോഴേ തണുപ്പ് ചാട്ടുളി പോലെ എന്റെ കാലിലെ പെരുവിരലിലൂടെ ഞരമ്പുകളിലൂടെ കൊഴുപ്പധികമായ എന്റെ ശരീരത്തിലേക്ക് കടന്നുവന്നു. കൊറോണ ജീവനെടുക്കുന്നതിനിടയിലും ദില്ലിയിലെ നഗരവാസികൾ ഒന്നുമാറിയാത്തവരെപോലെ രാപ്പകലുകൾ തള്ളി നീക്കുന്നുണ്ടെന്നു എനിക്ക് ബോധ്യമായത് നിസാമുദീൻ തീവണ്ടി ആപ്പീസിന് പുറത്തെ തെരുവിലേത്തിയപ്പോഴാണ്. അത്രയും ഉണർവോടെ ഉന്മേഷ ത്തോടെ എനിക്ക് ആ നഗരത്തെ കാണുവാൻ കഴിഞ്ഞിരുന്നു. ഒന്നിലും കീഴടങ്ങാൻ തയ്യാറാവാ ത്തവരെ പോലെ മനുഷ്യർ അവരുടെ പാളയത്തിൽ നിർഭയത്തോടെ കഴിഞ്ഞു.
“നമുക്കിനി ന്യൂ മാർക്കറ്റ് വരെ പോണം.അവിടെയാണ് താമസം.”
നിഖിൽ എല്ലാവരോടുമായി പറഞ്ഞത് ഞാൻ എനിക്ക് മാത്രമാണെന്നപോലെ കേട്ടു. മറുഭാഷ വശമില്ലാത്തതിനാൽ നിഖിലിനോടൊപ്പം മാത്രമേ ഞാൻ നടക്കുവാൻ ശ്രമിച്ചിരുന്നുള്ളൂ. ഉത്സവത്തിനും പെരുന്നാളിനുമൊക്കെ ആകാശത്തേയ്ക്കുയർന്നു പൊന്തിയ പലേ നിറങ്ങളുള്ള ഹൈഡ്രജൻ ബലൂൺ കണ്ടു കൊതിക്കുന്ന കുട്ടിയെപ്പോലെ ന്യൂ മാർക്കട്ടിലേക്കുള്ള വഴിയോര കാഴ്ചകൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചുകൊണ്ടേയിരുന്നു. ബാറ്ററി ഘടിപ്പിച്ച മുച്ചക്ര വാഹനത്തിലാണ് ഞാനും നിഖിലും അടങ്ങുന്ന അഞ്ചംഗ സംഘം യാത്ര ചെയ്യുന്നത്. ചിലയിടത്തൊക്കെ തണുപ്പ് കാറ്റായും ചിലയിടത്ത് പുകമറയായും അനുഭവപ്പെട്ടു. നേരം ഇരുട്ടിയെങ്കിലും വഴിയിൽ പകലാണ് കാണുക. സ്ത്രീകളും കുട്ടികളും ജോലി കഴിഞ്ഞ് മടങ്ങുന്ന പുരുഷന്മാരും റിക്ഷാവാലകളും വഴിയോര കച്ചവടക്കാരും ഒരു നഗരത്തെ ഉറങ്ങാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങളും അതിലപ്പോൾ പങ്കാളികളായിരുന്നു. എന്നിൽ ഉയിരിടുത്തുകൊണ്ടിരുന്ന ജിജ്ഞാസ ജിബി റോഡ് എന്ന ചുവന്ന തെരുവിനെക്കുറിച്ചുള്ള മുൻ വിധിയിടുകൂടിയ മങ്ങിയ കാഴ്ചകളായിരുന്നു. ന്യൂ മാർക്കറ്റിന്റെ കവാടം കഴിഞ്ഞതുമുതൽ പ്രദേശവാസികളും വിദേശിയരും ചേർന്ന് ഒരു സങ്കരയിനം കടൽ രൂപപ്പെടുത്തിയത് ഞാൻ തിരിച്ചറിഞ്ഞു. പലർക്കും മുഖാവരണങ്ങൾ ഇല്ല. കയ്യുറകൾ ഇല്ല. വൈറസ് മുറ്റത്തെ ഇല്ലിച്ചെടികൾക്കിടയിലെ പൂമ്പാറ്റയെ പോലെ ചിറക്കുയർത്തി പാറി നടക്കുന്നുണ്ടാവണം. ഞാൻ ഓർത്തു. നഗരമരത്തിന്റെ ചില്ലകളിൽ ദില്ലിമനുഷ്യർ നിർഭയത്തിന്റെ ഗുൽ മോഹറുകളായി പൂത്തുലഞ്ഞു. ഇടുങ്ങിയ കോൺക്രീറ്റ് വഴിയിലൂടെ ഞങ്ങൾ ചെന്ന് കയറിയത് തൃശ്ശൂർ സ്വദേശിനിയായ അനുപമ നടത്തുന്ന ഒരു ലോഡ്ജിലേക്കാണ്. കാണാൻ സുന്ദരിയായിരുന്നു. ഏതാണ്ട് വട്ടമുഖം. സമാന്യമായും തടിച്ച ശരീരം.കണ്ടാൽ മുപ്പത് മുപ്പത്തിയഞ്ച് വയസ്സ് തോന്നിയേക്കാം. “നിങ്ങൾക്ക്ള്ള മുറി മൂന്നാം നിലയിലാണ് ട്ടാ… ഐഡി കാണിച്ചിട്ട് പോവ് ട്ടാ..” അനുപമ പറഞ്ഞു. താളത്തിലുള്ള ട്ടാ നീട്ടൽ മ്ടെ തൃശ്ശൂരിന്റെ പടം പതിപ്പിച്ച തിരിച്ചറിയൽ രേഖ പോലെ എനിക്കനുഭവപ്പെട്ടു.
മണാലിയുടെ മഞ്ഞ് നിരത്തിൽ ഞാൻ ഒറ്റപ്പെട്ടവനായിരുന്നു. ഞാൻ അങ്ങനെ പലപ്പോഴും ഒറ്റപ്പെടാറുണ്ട്. നൂറാളുകൾ കൂടുന്നിടത്തും, സ്നേഹിക്കാനും സമാധാനിപ്പിക്കുവാനും നാലാൾ കൂടുന്നിടത്തും ഒക്കെ ഞാൻ ഒറ്റപ്പെടാറുണ്ട്. ആരുമില്ലാതെ ഒറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ ബഹുബന്ധങ്ങൾ ഉള്ള സമ്പന്നൻ ആവുകയും ചെയ്യാറുണ്ട്.എന്റെ വിധിയാണത്. വളരെ രസമുള്ള ഒരു ദുർവിധി !
ഏതാണ്ട് പതിനൊന്ന് മണിക്ക് ഞാൻ മുറി വിട്ട് പുറത്തിറങ്ങി. രാത്രി കർഫ്യു ഉണ്ടെങ്കിലും കണ്ടുപോന്ന കാഴ്ചകളും ചുവന്ന തെരുവെന്ന എന്ന ജിജ്ഞാസയും നിയമലംഘനത്തിന്റെ പടുകുഴിയിലേക്കെന്നെ തള്ളിയിട്ടു. സാമൂഹ്യവിരുദ്ധനായി ഞാൻ മാറി.അതുകൊണ്ട് തന്നെ ജനാധിപത്യ വിരുദ്ധനാവുകയും ചെയ്തു. അല്ലെങ്കിലും ആഗ്രഹാകാംഷകളല്ലേ മനുഷ്യനെ സമാന്യബോധരഹിതനാക്കുന്നത്. ഒരുളുപ്പുമില്ലാതെ ഞാൻ ന്യൂ മാർക്കറ്റിലെ തണുത്ത രാത്രിയിൽ തെരുവിലേക്കിറങ്ങി നിന്നു. നിഖിലും കൂട്ടരും എന്റെ ഏകാന്തതയിലേക്ക് ഉടൻ വന്നു ചേരുമെന്ന് ഉറപ്പ് നൽകിയിട്ടുമുണ്ട്. അതുവരെ ഞാൻ അവിടെ തനിച്ച് നിന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സിഗരറ്റ് പുകച്ച് നിന്ന എന്നെ കണ്ട മുന്നിലൂടെ കടന്നു പോയ റിക്ഷാവാല സാവധാനം വണ്ടി നിർത്തി. സ്വദേശിയല്ലെന്ന തിരിച്ചറിവിന്മേൽ അയാൾ എന്റെ അടുത്തേയ്ക്കിറങ്ങി വന്നു വളരെ രഹസ്യമായി ചോദിച്ചു.
“ആപ് ക്യാ ചാഹത്തെ ഹൈം , സാർ”?1
ഞാൻ ഒന്നും മിണ്ടിയില്ല.വീണ്ടും അയാൾ ചോദ്യം ആവർത്തിച്ചു.
“ബോലിയെ സർ, ആപ് ക്യാ ചാഹത്തെ ഹൈം , സാർ..യു വാണ്ട് ഗേൾസ്?” 2
എനിക്ക് എന്തുകൊണ്ടോ ചിരി വന്നു. “നോ” എന്ന മറുപടി എന്നിൽ ഉയിരിടുക്കും മുൻപേ പഹയൻ തന്റെ മൊബൈൽ ഫോൺ എടുത്ത് അർദ്ധനഗ്ന മേനിയിൽ സുന്ദരികളായ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിച്ചുകൊണ്ട് പറഞ്ഞു.
“ദേഖോ സർ..ആപ്കോ കിതനി ലീഡ്കിയോം കി സരൂരത്ത് ഹൈ, സർ.. ഐ വിൽ അറേഞ്ച് നൗ”?3 . വീണ്ടും അയാൾ വിരലുകൾ ഉരസി പെൺകുട്ടികളുടെ നീണ്ട നിര എനിക്കായി പ്രദർശിപ്പിച്ചുകൊണ്ടിരുന്നു.[1]
“വൺ ഷോട്ട് പെർ ദോ ഹാസർ റുപ്പയെ, സർ”4
നീണ്ടകര പാലത്തിനരികിലെ മത്തി കച്ചവടക്കാരന്റെ ദയനീയ ഭാവത്താൽ എന്നോട് പറഞ്ഞു. മത്തി എനിക്കിഷ്ടമല്ലാത്തതുകൊണ്ടും നോക്കിയും കണ്ടും വാങ്ങിച്ചില്ലെങ്കിൽ വയറ് നോവുമെന്നതിനാലും മത്തിവാങ്ങാതെ ഞാൻ പിന്തിരിഞ്ഞു നടക്കാറുണ്ട്. നിഖിലെ ത്തിയപ്പോഴേക്കും റിക്ഷാവാല സ്വീറ്റ് ഡ്രീംസ് സർ നൽകി പൊയ്ക്കഴിഞ്ഞിരുന്നു. ഞങ്ങൾ തെരുവിലൂടെ നടന്നു. പൊലീസുകാർ ഇടവേളകളിട്ട് ഞങ്ങളെ കടന്നു പോകുന്നുണ്ടായിരു ന്നെങ്കിലും ദില്ലിയുടെ മാസ്മരികാനുഭൂതി ഞങ്ങളിലെ അഡ്രിനാലിൻ ഹോർമോണുകളെ വലിയ പ്രതിരോധം കൊണ്ട് കീഴ്പ്പെടുത്തി കളഞ്ഞു. ആഗ്രഹങ്ങളെ വെല്ലുന്ന രാസപ്ര വർത്തനം ശരീരത്തിലെന്നല്ല പ്രപഞ്ചത്തിൽ തന്നെ നടക്കില്ലെന്ന് എനിക്ക് തോന്നിപ്പോയി.
കുട്ടിക്കാലത്ത് വീട്ടുകാരോടൊപ്പം നടത്തിയ മുംബൈ യാത്രയിലാണ് ആദ്യമായി ഹിജഡ എന്ന മനുഷ്യ വിഭാഗത്തെ കാണുന്നത്. തികച്ചും വിസ്മയവും കൗതുകവും ആയിരുന്ന ആ കാഴ്ചകൾ അവരെ പറ്റിയുള്ള കഥകൾ മുതിർന്നവരോട് ചോദിക്കുവാൻ എനിക്ക് പ്രേരണ യാവുകയും ചെയ്തിരുന്നു. അവരെ കുറിച്ചുള്ള കഥനങ്ങളിലാണ് ചുവന്ന തെരുവിനെ കുറിച്ച് ഞാനാദ്യം കേൾക്കുന്നത്. അന്ന് മുതൽക്ക് എനിക്കത് കാണപ്പെടാതെ കിടക്കുന്ന നിഗൂഢ ഭൂമികയായിരുന്നു.
ന്യൂ ദില്ലി തീവണ്ടി ആപ്പീസിന്റെ പിന്നാമ്പുറത്തെ തെരുവിലെത്തി ഞങ്ങൾ ചൂടുള്ള ചായ കുടിച്ചു സൊറ പറഞ്ഞിരുന്നു. തണുപ്പ് വർധിക്കുന്നുണ്ട്.
“ഇനി നമ്മളൊക്കെ ഒന്ന് ശ്രദ്ധിക്കണംട്ടോ.. കൂടുതൽ കാശൊന്നും പോക്കറ്റിലിടരുത്. പേഴ്സൊക്കെ ജാക്കറ്റിനുള്ളിൽ ഇട്ടേക്കണം. ഇനിയങ്ങോട്ട് കുറച്ചൊക്കെ പ്രശ്നമാണ് നാടല്ലെന്ന് ഓർത്താൽ നന്ന്.”
നിഖിൽ മറ്റുള്ളവരോടും എന്നൊടുമായി അല്പം ഈർച്ചയോടെ പറഞ്ഞു. പീടികയിൽ നിന്നും ഞങ്ങൾ ഇറങ്ങി തീവണ്ടി ആപ്പീസിന് മുകളിലൂടെയുള്ള പാലത്തിലൂടെ ഓരം ചേർന്ന് നല്ലവനായ ഇടയന്റെ വാക്കുകൾ കേട്ട ആട്ടിൻപറ്റങ്ങളെപ്പോലെ നടന്നു. തെരുവിൽ ആളനക്കം കാര്യമായി തന്നെയുണ്ട്. എങ്കിലും ചുവന്ന തെരുവിലേക്കുള്ള വഴിമധ്യേ മറ്റുള്ള ദില്ലിയിടങ്ങളിലേതുപോലെ തിരക്കനുഭവപ്പെട്ടിരുന്നില്ല. അങ്ങിങ്ങായി ചില റിക്ഷാവാലകൾ ഞങ്ങളെ കാര്യമായി തന്നെ നോക്കുന്നുണ്ടായിരുന്നു. ശേഷം അവർ തമ്മിൽ ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുമുണ്ട്. ഞങ്ങളെ പറ്റി തന്നെയാണ്. നാട്ടിലുള്ള അങ്ങാടി തുടർച്ചിത്രമായി മനസ്സിൽ വരയ്ക്കപ്പെട്ടു. പെങ്ങൾ അവളുടെ ആൺ സുഹൃത്തുമായി ആക്ടിവയിൽ വന്നിറങ്ങുമ്പോൾ അവർക്ക് നേരെ ഇങ്ങനെ കുറെ നോട്ടങ്ങൾ സൃഷ്ടി ക്കപെടാറുണ്ടെന്ന കാര്യം അവൾ പലപ്പോഴും വലിയ വായിൽ പറഞ്ഞ് രോഷം തീർക്കാറുണ്ട്. നോട്ടത്തിനും നാട്ട്യത്തിനും നാടും വീടും കാടും മേടും എന്നുള്ള വ്യത്യാസ മൊന്നുമില്ലന്നെ. അതങ്ങനെ തുടരുക തന്നെ ചെയ്യും. ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു കൊണ്ടിരുന്നു. എന്റെ ജിജ്ഞാസയുടെ മരുപച്ചയിൽ ആദ്യമായി ഒരു മഴചാറ്റലുണ്ടായത് ചുവന്ന തെരുവിന്റെ തലയ്ക്കൽ എത്തിയപ്പോഴാണ്. അവിടം ഒരു കവലയാണ്. തീകാഞ്ഞ് വഴിയരികിൽ ഇരുന്ന മനുഷ്യർ പലവിധമുള്ള മേലങ്കികൾ ധരിച്ച് മുറുക്കി ചുമപ്പിച്ച് ആടയാഭരണങ്ങൾ ധരിച്ചും ധരിക്കാതെയും കാണപ്പെട്ടു. ഒരാളെയും അധികമായി കുറെ നേരത്തേയ്ക്ക് നമ്മുടെ നോട്ടത്തിൽ കോരുത്തിടരുതെന്ന ആ ഭൂമി കണ്ടുപോയ പൂർവി കന്മാരായ സഞ്ചാരികൾ പറഞ്ഞത് ഞാൻ പലയിടത്ത് നിന്നും കേട്ടിട്ടുണ്ട്. അവസാനമായി നിഖിലിനടുത്ത് നിന്നും. അതിനാൽ ഞാൻ അധികമാരെയും ഒരു നിമിഷത്തിൽ കൂടുതൽ നോക്കാൻ ശ്രമിച്ചതുമില്ല. ഒരു നിമിഷത്തെ നോട്ടം കൊണ്ട് തന്നെ ആ മനുഷ്യർ എന്നെ വല്ലാതെ ചൂണ്ടയിട്ട് വലിച്ചെടുക്കുമെന്ന പേടിയും എനിക്കുണ്ടായിരുന്നു. അപരിചിതമായ ഭൂമിയിൽ ഞാൻ എന്നെ സുരക്ഷിതനാക്കുവാനായി സ്വയം നിറച്ചിട്ട വെള്ളത്തിൽ നിന്നും ഞാൻ പറിച്ചെറിയപെട്ടാൽ ഞാൻ ചത്തുപോകുമായിരുന്നു.തീർച്ച. ജിബി റോഡ് എന്ന തെരുവിന്റെ ഇടത്ത് ഭാഗത്തായി വലിയൊരു കെട്ടിടം ഉയർന്നു നിന്നിരുന്നു. നരബാധിച്ച ഒരു കിഴവൻ കെട്ടിടം. അതിനു സമാന്തരമായി പോലീസ് സ്റ്റേഷനും അല്ലറ ചില്ലറ പീഡികകളും ഉണ്ടായിരുന്നു. ഉയർന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലുമായാണ് ചുവന്ന തെരുവിന്റെ ചുവപ്പൊഴുകിയിരുന്നത്. നിയമം അനുവദിച്ചിരുന്ന ചുവന്ന ജീവിതങ്ങളുടെ കാവൽക്കാ രായി എന്നും പോലീസ് തമ്പടിക്കുന്നത് എനിക്ക് വലിയ സന്തോഷം നൽകി. ഞങ്ങളുടെ ലക്ഷ്യ സ്ഥാനം ആ കിഴവൻ കെട്ടിടത്തിലെ പല മുറികളിലുമായി ചിതറി കിടന്നിരുന്നു. കെട്ടിടത്തിന്റെ വലിയ തൂണുകൾക്കരികിലും ഹിജഡകൾ അടങ്ങുന്ന തികച്ചും സ്വാഭാവി കമായ മനുഷ്യാവർഗ്ഗങ്ങൾ പാർപ്പുറപ്പിച്ച് ജീവിത വൃത്തി സാധ്യമാക്കിക്കൊണ്ടിരുന്നു. പ്രായം കുറഞ്ഞവർ റോഡിനരികിലെ ആഡംബര കാറുകൾക്കുളിലേക്കുള്ള അഥിതികളായിരുന്നു. ഞങ്ങൾ ആദ്യ നിലയിലേക്കുള്ള ഇടുങ്ങിയതും പരുപരുത്തതും മുറുക്കി തുപ്പിയതുമായ പടികെട്ടുകളിലൂടെ സാവധാനം നടന്നു കയറി. ആദ്യ മുറിയിൽ വലിയ തിരക്കുണ്ടായിരുന്നു. സാമാന്യം വലുപ്പമുള്ള ഒരു മധ്യയിടവും അതിനോട് ചേർന്ന് വെളിച്ചം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായ മറ്റ് രണ്ട് മുറികൾ. റിസപ്ഷൻ പോലെ ഒരിടം വേറെയുമുണ്ട്. അവി ടെയെല്ലാം തന്നെ പ്രായംകൊണ്ടും കാഴ്ചകൊണ്ടും എന്നേക്കാൾ മുതിർന്നതും ഇളയതു മായ കുറെ മനുഷ്യർ നിരന്നിരുന്നു. സ്ത്രീകൾ പലരും അവരവരുടെ താത്കാലിക ഇണയെ കണ്ടെത്തുവാനുള്ള ജോലി തിരക്കിലായിരുന്നു. ഇതെല്ലം കാണാൻ വേണ്ടി മാത്രം വന്ന വരായ എന്നെപ്പോലുള്ള ചിലർ മാറി ഇരിക്കുന്നുമുണ്ട്. ഞങ്ങൾക്കിടയിലേക്കും അവർ ചുവപ്പിന്റെ വ്യകാരണവുമായി വന്നടുത്തു. നാട്ടിലുള്ള മഹറിനെ മനസ്സിൽ ആവാഹിച്ച് ധ്യാന നിമഗ്നനായിരുന്ന എന്റെ സുഹൃത്തിനരികിൽ ഒരു സുന്ദരിപ്പെണ്ണടുത്തു. ശേഷം അവൾ കവിതപോലെന്തോ അവന്റെ കവിളിൽ എഴുതി ചൊല്ലി. കേൾക്കാൻ അറുബോറൻ കവിത അല്ലേ ചേട്ടാ എന്ന മട്ടിൽ എന്റെ പിന്നിൽ നിന്നാരോ എന്നോട് പറഞ്ഞു. അതൊരു തത്ത യായിരുന്നു. അവിടെ ഭിത്തിയുടെ ഇടുക്കുകളിൽ തത്തകൾ ഉള്ള തപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. പെൺകുട്ടി സുഹൃത്തിന്റെ നെഞ്ചിലും കഴുത്തിലും ലിംഗത്തിലൂടെയും വിരലോടിച്ചു. ധ്യാനം തെറ്റിച്ചാൽ എന്താ കുഴപ്പം എന്നായി അവന്റെ പിന്നീടുള്ള ആലോചന. ഞാൻ ആ തിരക്കിനിടയിലും ഒറ്റപ്പെട്ടു എന്ന് വന്നപ്പോഴാണ് ചുവന്ന ചുണ്ടുകൾ ഉള്ള തത്തകളിൽ എന്റെ ശ്രദ്ധ വീണുടഞ്ഞത്. അവറ്റകൾ എന്റെ ഏകാന്തതയിലേക്ക് കൊക്കുരുമ്മി എന്റെ തോളിലും മടിയിലുമായി കയറി ഇറങ്ങി. കുഞ്ഞുമായി വന്ന ഭീമനായ ഒരാൾ അവിടേക്ക് കയറി വരുന്നത് ഞാൻ കണ്ടു. ആറേഴു വയസ് തോന്നിക്കുന്ന കുഞ്ഞിനേയും കൊണ്ട് അയാൾ എങ്ങനെയാണ് ഈ പ്രവർത്തിക്കു വരിക?.ഞാൻ ഓർത്തു. നിറപകിട്ടുള്ള മുറിയും പാട്ടും ഒച്ചയും ചേർന്ന സങ്കരമായ അന്തരീക്ഷം ആ കുഞ്ഞിന് വിസ്മയമല്ലാതെ മറ്റൊ ന്നുമാകില്ല. കുഞ്ഞിനെ ആ തിരക്കിനിടയിൽ ഒരിടതിരുത്തി തത്തയെ കാട്ടികൊടുത്ത് അയാൾ അത്യാവശ്യം പ്രായം തോന്നിക്കുന്ന സ്ത്രീയുമായി ഇടുങ്ങിയ മുറിയിലേക്ക് കയറി വാതിലടച്ചു. വാതിലിനു മുകളിൽ ഷർട്ടും പാന്റും യഥാക്രമം വന്നു വീണു. പിന്നാലെ പാവാ ടയും സാരിയും അടിവസ്ത്രവും. കൈവിരൽ നക്കി ആ കുഞ്ഞ് തത്തയെ നോക്കി ചിരിക്കു ന്നുണ്ടായിരുന്നു. തത്തയും ചിരിച്ചു.
അല്പം മാറിയ മുറിക്കോണിൽ കണ്ടാൽ ഇരുപത്തഞ്ചു വയസോളം പ്രായം തോന്നിക്കുന്ന അധികമൊന്നും അടയാഭരണങ്ങൾ ധരിക്കാത്ത പെൺകുട്ടി നരബാധിച്ച മധ്യവയസ്കന് മുന്നിൽ കൈകൂപ്പി കരയുന്നുണ്ടായിരുന്നു. അയാൾ അവളുടെ ബ്ലൗസിൽ നിന്നും കയ്യെടു ക്കുന്നുണ്ടായിരുന്നില്ല. അയാളുടെ വിരലുകളിൽ പിണഞ്ഞു കിടന്നിരുന്ന ലോഹ തകിട് കൊണ്ടാകാം അവളുടെ മാറിൽ ചുവന്ന വരകൾ വീണിരുന്നത്. പൊടുന്നനെ ചുമരിലെ ക്ലോക്കിന് പിന്നെലെ ഈയൽ പല്ലിയുടെ പശ നാക്കിൽ ഒട്ടി വലിച്ചെടുക്കപ്പെട്ടു .അവൾ അര യ്ക്ക് മുകളിൽ പൂർണ നഗ്നയായി മാറി.തത്തകൾ കൂട്ടത്തോടെ കരയുന്നുണ്ടായിരുന്നു. ആ മുറികൾ പോലെ പരിമിതപ്പെട്ട വ്യാസത്തിൽ അവരുടെ പ്രേമവും സ്വപ്നങ്ങളും ഓരോ ദിവസങ്ങളിലും വന്നെത്തുന്നവർ അഞ്ഞൂറിനും ആയിരത്തിനും വാങ്ങി കടന്നുപോകുന്നു.
“വാ.പോവാം.സമയം വൈകുന്നു”
നിഖിൽ വിളിച്ചു. കൂടെ വന്നിരുന്ന ഏറ്റവും പ്രായം കുറഞ്ഞ ഷാബീലിന് അതിനിടയിൽ മറ്റൊരു മുറിയിൽ നിന്നും പരസ്യമായി തല്ലുകിട്ടിയ കാര്യം പറഞ്ഞ് ഞങ്ങൾ പടികളിറങ്ങി. മറ്റുള്ളവരുടെ ജീവിതം കണ്ടാസ്വദിക്കുവാൻ നിൽക്കുക മാത്രമല്ല അവരെ പരിഹസിക്കുക കൂടി ആകുമ്പോൾ തല്ലുകയല്ലാതെ മറ്റെന്താണ് ഉപഹാരമായി നൽകുക?ഞാൻ ഓർത്തു.
ജി ബി റോഡ് കൂടുതലും ശാന്തമായി തുടങ്ങിയിരുന്നു. ഞങ്ങൾ നടന്നതിന്റെ എതിർഭാഗം. കണ്ടാൽ എന്നേക്കാൾ പ്രായം തോന്നിക്കുന്ന ഒരാളെ മറ്റൊരാൾ പൊടുന്നനെ കത്തി ഉയർത്തി ഭീതിയിലാഴ്ത്തുന്നു. ഹിന്ദിയിൽ എന്തോ അയാൾ ആവശ്യപ്പെടുന്നുണ്ട്. അയാൾ പോക്കറ്റിൽ നിന്നും എന്തോ എടുക്കുവാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്നും അപ്രതീക്ഷിതമായി രണ്ടാളുകൾ അക്രമിയെ കൈകാലുകൾ കൂട്ടി പിടിച്ച് വലിച്ചിഴക്കുന്നു. ഇതൊക്കെ കണ്ടു തെരുവിലെ ഓടയ്ക്ക് സമീപം കിടന്ന ഒരാൾ ഞങ്ങളെ നോക്കി പറഞ്ഞു.
“ഹം യിംസാൻ ഹൈം സർ….ഹമാരാ പാസ് പൈസ നഹി ഹേ….ജോ ഹമേ ചാഹിയെ, വോ ഖുദ് ഹീ ഡൂണ്ട്നാ പഡേഗാ നാ? ഹം ജിയേംഗേ.” 5[2]
അയാൾ ചിരിച്ചുകൊണ്ട് കണ്ടാൽ ചുരുട്ടെന്ന് തോന്നിക്കുന്ന എന്തോ ഒന്ന് ചുണ്ടത്ത് വെച്ച് ആകാശത്തേക്ക് നോക്കിയിരുന്നു. ഞാൻ വല്ലാതെ അലോസരപ്പെട്ടുപോയ ആ രാത്രയിൽ പിന്നീട് എത്ര മഞ്ഞു കൊണ്ടിട്ടും എന്റെ വിയർപ്പുണങ്ങിയില്ല. കിഴവൻ കെട്ടിടത്തിലെ തെരുവിലേക്കുന്തി നിന്ന അടർന്ന വാതിലുള്ള ജനാലയിലൂടെ രണ്ട് തത്തകൾ അകത്തെ നിറമുള്ള മുറിയിലേക്ക് പറന്നു കയറിയത് ഞാൻ ശ്രദ്ധിച്ചു. ചുവന്ന തെരുവിൽ മനുഷ്യർ സമരസപ്പെടുകയാണ്. വിമോചനത്തിന്റെ പടികെട്ടുകൾ എന്നും അവർക്കുവേണ്ടി തുറന്നു വെയ്ക്കപ്പെടുന്നുണ്ട്. സമരം തുടരുകയാണ്. അവർ മനുഷ്യരാണ്. തത്തകളുമാണ്!
ചക്രവും ലോഹവും കണ്ടെത്തി ഹോമോ സാപിയെൻസിലേക്ക് ആസ്ത്രലോപിതേക്കസും പിത്തേക്കാന്ത്രോപ്പക്സ് ഇറക്സും പരിണാമപ്പെട്ടു. നട്ടെല്ലുയർന്ന ജീവിയായി സംസാര ശേഷിയുള്ള ജന്തുവായി മനുഷ്യൻ പരിണമിച്ചു. അതിശൈത്യവും വേനലും മനുഷ്യന്റെ ആത്മാവിനോളം വലുതല്ലെന്ന തോന്നലിൽ ഇനിയുമങ്ങനെ ..അങ്ങനെ…..
1. സാറിന് എന്താണ് വേണ്ടത്?
2.പറയു സർ, എന്താണ് വേണ്ടത് സർ. പെണ്കുട്ടികളാണോ വേണ്ടത്?
3. നോക്ക് സർ,എത്ര പെൺകുട്ടികളെ വേണം സർ.ഞാൻ അറേഞ്ച് ചെയ്യാം ഇപ്പോൾ തന്നെ.
4. ഒറ്റ ഷോട്ടിന് 2000 രൂപയാണ് സർ..
5. ഞങ്ങൾ മനുഷ്യരാണ് സർ. കാശ് ഇല്ല. ഞങ്ങൾക്കുള്ളത് ഞങ്ങൾ തന്നെ നേടണ്ടേ? ഞങ്ങൾ ജീവിക്കും.