
ബിദ്യാധരി തീരത്തെ ഗസൽ രാവുകൾ

ഹന്ന മെഹ്തർ
അബ്ബാസ് അലി ദർഗയിലേക്ക് രണ്ട് തവണ പോയിട്ടുണ്ട്, ഒന്നാമത്തെ സന്ദർശനം പകലായിരുന്നു രണ്ടാമത്തേത് രാത്രിയിലും.
ഞങ്ങൾ ചക്ലയിൽ എത്തിയ ദിവസം തന്നെ ബന്ധു ഖവാലി കേൾക്കാൻ പോരുന്നോ എന്ന് ചോദിച്ചിരുന്നു, ഖവാലിയും സൂഫിസവും ദർഗയും ഹൃദയത്തിൽ മുഹബ്ബത്ത് നിറയ്ക്കുന്ന ഇടമായത് കൊണ്ട് പോകാൻ അങേയറ്റം താല്പര്യമുണ്ടായിരുന്നു, പക്ഷെ രണ്ട് ദിവസത്തെ ട്രെയിൻ യാത്രയും രണ്ട് ദിവസം കൊൽക്കത്തയിൽ കറങ്ങിയതും പിന്നെ അവിടുന്ന് ഇങ്ങോട്ടുള്ള യാത്രയുമൊക്കെയായത് കൊണ്ട് നല്ല ക്ഷീണം, പിന്നെ ബൈക്കിൽ മൂന്നു പേരായി അരമണിക്കൂറിനടുത്തു യാത്രയും ചെയ്യാനുണ്ട്, “നിങ്ങൾ ബൈക്ക് ഓടിക്കുമോ? “എന്ന് ബന്ധു, എനിക്ക് സ്കൂട്ടർ ഓടിക്കാനെ അറിയുള്ളു, ബൈക്ക് ആണെങ്കിൽ ബന്ധുൻറെ അടുത്ത വേറെയുമുണ്ട്, താല്പര്യമുണ്ടെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാമെന്ന് മൂപ്പർ, ഏതായാലും ഇനിയുള്ള രണ്ടാഴ്ച് ചക്ലയിൽ തന്നെയാണല്ലോ എന്ന ഉറപ്പിന്മേൽ ഞങ്ങൾ അടുത്ത തവണ എന്തായാലും വരാമെന്ന് പറഞ്ഞു. എല്ലാ വ്യാഴ്ച രാത്രിയും ഖവാലിയുണ്ടാകും, അപ്പൊ പിന്നെ ഏതെങ്കിലും ഒരു വ്യാഴ്ച പോകാലോ എന്നായിരുന്നു ഞങ്ങളുടെ കണക്ക്കൂട്ടൽ, പക്ഷെ കണക്ക് കൂട്ടലുകളൊക്കെ അധികം വൈകാതെ തന്നെ തെറ്റി, രണ്ട് വ്യാഴ്ചയും ഞങ്ങൾക്ക് പോകാൻ പറ്റിയില്ല.

ആകെ കിട്ടിയ രണ്ടാഴ്ചയിൽ രണ്ട് ദിവസം കൊൽക്കത്തയിൽ കഴിഞ്ഞു, അപ്രതീക്ഷിതമായി ഒഡിഷയിലെ ബാലസോറിലും പുരിയിലും പോയത് കാരണം രണ്ട് ദിവസം അങ്ങനെയും തീർന്നു. ഒത്തുവന്നാൽ സുന്ദർബൻസും ശാന്തിനീകേതനും നമ്മളെ ലിസ്റ്റിലുണ്ടായിരുന്നു, പക്ഷേ നാട്ടിലേക്ക് പോകാൻ ടിക്കറ്റും എടുത്തു. പതിനാല് ദിവസം കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ശടപടെ തീർന്നും പോയി. നാട്ടിലേക്ക് പോകണോ അതോ ഒരാഴ്ച കൂടെ ബംഗാളിൽ തന്നെ നിൽക്കണോ എന്ന് തീരുമാനിക്കേണ്ടതിന്റെ ഉത്തരവാദിത്തം പൂർണമായും എനിക്കും ഹിബക്കുമായിരുന്നു, രണ്ടാഴ്ച ഏറി നിന്നാലും ബന്ധുവിന് കുഴപ്പമൊന്നുമില്ല. പിന്നെ കൂടെയുള്ള മറ്റു രണ്ട് പേരും അവിടെ തന്നെ നിൽക്കൂ എന്ന് അഭിപ്രായമുള്ളവരും, ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ആയാൽ കുറച്ചു പൈസ നഷ്ടമാകും, പക്ഷേ ഇങ്ങനെയൊരു അവസരം ഒത്തുവരാൻ ഇനി പ്രയാസമാകും എന്നുള്ളത് കൊണ്ട് ഒരാഴ്ച കൂടെ നിൽക്കുന്നതാണ് ഉചിതമെന്ന് തോന്നി. ടിക്കറ്റ് ക്യാൻസൽ ചെയ്തു,
പിറ്റേന്ന് തന്നെ ഞങ്ങൾ സുന്ദർബൻസിലേക്ക് പോയി, രണ്ടു ദിവസം അവിടുത്തെ മനോഹരമായ ഗ്രാമീണ ഭംഗി ആസ്വദിച്ചു തിരിച്ചു വരുന്നതിന്റെ ഇടയിലാണ് ദർഗയിൽ കയറിയത്, ഒരു ഉച്ച സമയം. ബിദ്യാധരി നദിയുടെ തീരത്തയാണ് പള്ളിയുള്ളത്, അടുത്തെല്ലാം ചെറുതും വലുതുമായി ഒരുപാട് കടകളുണ്ട്, പ്രധാന കവാടത്തിന് മുൻവശം വുളൂ എടുക്കാനുള്ള പൈപ്പുകളും മറ്റു സംവിധാനങ്ങളുമൊക്കെയുണ്ട്. ഉള്ളില് കയറി അടുത്ത് കണ്ട ചവിട്ടുപടിയിൽ ഒരു ഇരിപ്പിടം കണ്ടെത്താനാണ് ഞങ്ങൾ ആദ്യം നോക്കിയത്, സുന്ദർബൻസിൽ നിന്ന് നോർത്ത് 24 പാർഗാനാസിലെ നമ്മളെ താമസസ്ഥലത്തേക്ക് അഞ്ചാറ് മണിക്കൂർ യാത്രയുണ്ട്, അതാണെങ്കിൽ കരയിലും വെള്ളത്തിലുമായി പല പല വാഹനങ്ങൾ മാറി കയറണം. ഉച്ചനേരം കൂടിയായത് കൊണ്ട് യാത്ര നമ്മളെ തളർത്തിയിരുന്നു. ദർഗന്റെ ഇടതു വശത്തെ വലിയ ആൽമരചുവട്ടിൽ നാലഞ്ച് പേര് ഇരിക്കുന്നുണ്ട്, ഇവിടുത്തെ അന്തേവാസികൾ തന്നെയാണ്, നിർധരായ ആളുകളും പാവങ്ങളും സുഖമില്ലാത്ത ആളുകളും വൃദ്ധരും ജ്ഞാനികളുമൊക്കെയായിട്ട് സ്ത്രീയും പുരുഷനുമുണ്ട്, ഓരോരുത്തർക്കും ഓരോ കഥകളാണ്, ഒരുപാട് ചിന്തകളും, പലരും പല പല ലോകത്തായിരിക്കും, ചിന്തകളുടെ ലോകത്ത് വിഹരിക്കാൻ തടസ്സം നിൽക്കുന്നതായിട്ട് ഇവിടെയൊന്നുമില്ല.

മുഷിഞ്ഞ കളർ സാറിയുടുത്തു കൂളിംഗ് ഗ്ലാസ് വെച്ചു ഇടയ്ക്ക് കയ്യിലുള്ള പച്ച പാത്രം തലയിൽ വെച്ചും കയ്യിൽ പിടിച്ചും അഗാദമായി ചിന്തിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സ്ത്രീ, ഇവിടെ ഇടയ്ക്കിടെ സന്ദർശിക്കുന്നുണ്ട് അവരെ പലരെയും ബന്ധുവിന് പരിചയമുണ്ട്, ഓരോരുത്തരെയും പറ്റി തന്നെ ധാരാളം പഠിക്കാനുണ്ട്, നല്ല മൂഡിലാണെങ്കിൽ ചിലർ നന്നായി കഥ പറയും, പക്ഷേ ബംഗാളി ഭാഷ നമുക്ക് അറിയണമെന്ന് മാത്രം.
ഞങ്ങളിരിക്കുന്ന കെട്ടിടത്തിന്റെ നേരെ മുൻപിലാണ് ദർഗ, വെള്ള നിറത്തിലുള്ള ഒരു വലിയ താഴികക്കുടം, അതിനടുത്തു തന്നെ ചെറിയ കുറേ മിനാരങ്ങളുണ്ട്, പച്ചയും വെള്ളയും പെയിന്റും പ്രധാന കെട്ടിടത്തിന്റെ മുൻ ഭാഗത്ത് പല വർണങ്ങളിലുള്ള കുറേ തോരണങ്ങൾ, വെള്ള മാർബിളിൽ തീർത്ത ഉൾവശം, അവിടെ നിന്ന് ചുവപ്പ് നിരത്തിലുള്ള കാവി പാകിയ പടികൾ കയറിയാൽ കുറച്ച് ഉയരത്തിലായി മഖ്ബറ സ്ഥിതി ചെയ്യുന്നു, അവിടേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല, തല ഉയർത്തി നോക്കിയാൽ പച്ച നിറത്തിലുള്ള പരവതാനി വിരിച്ച ഖബർ നമുക്ക് കാണാം.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി വര്യൻ ആണ് സയ്യിദ് അബ്ബാസ് അലി അഥവാ പിർ ഹസ്രത്ത് ഷാഹ് സയ്യിദ് അബ്ബാസ് അലി ഗാസി. അറേബ്യയിലെ മക്കയിൽ ജനിച്ച അദ്ദേഹം ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപത്തിയൊന്ന് അനുയായികളുമായി ഇന്ത്യയിലേക്ക് വന്നു എന്നാണ് ചരിത്രം. ഈ 22 രണ്ട് ഔലിയാക്കൾ ആദ്യം വന്നത് ബർസാത്തിലെ റായ് കോളായിന് എന്ന ഗ്രാമത്തിലാണ്, ആ സ്ഥലം ഇപ്പോഴും “ബയാസ് ഔലിയ താൻ” എന്ന പേരിൽ അറിയപ്പെടുന്നു. ഗോരചന്ദ് പിർ ഹിന്ദുവായി ജനിച്ചു പിന്നീട് ഇസ്ലാം സ്വീകരിച്ചെന്നും വിശ്വസിക്കുന്ന ആളുകളുമുണ്ട്. ഏതായാലും ചരിത്രവും ഫോക് ലോറുമായി ഈ സൂഫിയുടെ കഥകൾ പലതുണ്ട്. ചന്ദ്രഘട്ടിലെ രാഞ്ജി ആയിരുന്നു റാണി കമല ദേവി അദ്ദേഹത്തെ കണ്ടു ആകൃഷ്ടനായാണ് ഗോരചന്ദ് എന്ന പേര് നൽകിയത്, അദ്ദേഹം പല അത്ഭുത പ്രവർത്തികളും ചെയ്തിരുന്നു, ഇരുമ്പ് വേലികെട്ടിൽ നിന്ന് ചാമ്പ പൂക്കൾ വിരിയിച്ചത് ഒരു ഉദാഹരണമായി പറയുന്നുണ്ട്. ( The ‘pigeon’ in who flew in topple Chandraketugarh : Tanmoy Battacharjee )

ഏതായാലും ഈ സൂഫിയുടെ സന്നിധിയിൽ അത്ഭുതങ്ങൾ തേടി ഇപ്പോഴും പല നാടുകളിൽ നിന്നും ആളുകൾ എത്തുന്നു. ഒന്നിരുന്നു ക്ഷീണം മാറിയപ്പോൾ ഞാൻ നിസ്കരിക്കാമെന്ന് കരുതി എഴുന്നേറ്റ്, ആൽമരത്തിന്റെ ചുവട്ടിൽ ഒരു ഇരുമ്പ് പൈപ്പുണ്ട്, കൈകൊണ്ട് നീക്കിയാൽ വെള്ളം വരുന്ന ഒന്ന്, ഇവിടെ അധിക വീടുകളിലും കുഴൽ കിണറിനെ ബന്ധിപ്പിച്ചു ഇത്തരം പൈപ്പുകളാണ്. വുളൂ എടുത്തു ഞങ്ങളിരുന്ന കെട്ടിടത്തിൽ കയറി നിസ്കരിക്കാമെന്ന് കരുതി, ഒന്ന് രണ്ട് പേര് അകത്ത് കിടക്കുന്നുണ്ട്, പ്രാവിന്റെ കാഷ്ടങ്ങളില്ലാത്ത സ്ഥലം കഷ്ടിയാണ്, കൈയിലുണ്ടായിരുന്ന തട്ടം കൊണ്ട് വിരിപ്പും വിരിച്ചു മറ്റൊരു തട്ടം സോക്സുമായിട്ടാണ് നമസ്കരിച്ചത്. രണ്ട് മൂന്നു ദിവസമായിട്ട് മനസ്സിനുണ്ടായിരുന്ന ഭാരമെല്ലാം ഒരു തൂവൽ കണക്കെ ഇല്ലാതെയായി, വല്ലാത്തൊരു മനസ്സമാധാനവും സംതൃപ്തിയും, പ്രാർത്ഥന ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ സഹായിക്കുമെന്ന് എവിടെയോ വായിച്ചതോർത്തു, മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്ന് സാരം.
നിസ്കാരം കഴിഞ്ഞപ്പോഴേക്കും ഒരു സുഹത്തിന്റെ ഫോൺ, മറ്റൊരു ഭൂഖണ്ഡത്തിൽ നിന്ന് വല്ലപ്പോഴും വരുന്ന കോളായത് കൊണ്ട് എടുക്കാതെ നിവർത്തിയില്ലായിരുന്നു, ഇക്കാക്കയാണ്, കുറച്ചപ്പുറത്തേക്ക് മാറി നിന്ന് സംസാരിക്കുന്ന സമയത്താണ് അവരെല്ലാം എന്നെ വിളിക്കുന്നുണ്ട്, സംഭവം അടുത്ത് നിന്ന് മറ്റൊരു കുട്ടി എന്റെ ഫോണിലേക്ക് പാളി നോക്കുന്നുണ്ട്, ഒരു പതിമൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടി, കണ്ടു സംസാരിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അത്ഭുതത്തോടെ അവള് അതിലേക്ക് തന്നെ നോക്കുന്നു, പിന്നെ അവള് ബംഗാളിയിൽ എന്തെല്ലാമോ ചോദിക്കുന്നു, എനിക്കറിയാവുന്ന മറുപടി വെച്ച് ഞാനും തിരിച്ചു പറഞ്ഞു.

ഞാൻ എഴുന്നേറ്റപ്പോഴേക്കും വിഷ്ണു മായ ഒഴികെ മറ്റെല്ലാവരും അവിടെ നിന്ന് പലയിടങ്ങളിലേക്ക് ചിതറിയിരുന്നു. ഹിബനെയും കൂട്ടി തൊട്ടപ്പുറത്തുള്ള ബസാറിലേക്ക് നമ്മളും പോയി, വസ്ത്രങ്ങളുടെ കടകളാണ് കൂടുതലും, ഇടയ്ക്ക് ഒന്ന് രണ്ട് ഹോട്ടലുകളുമുണ്ട്, വിശപ്പിന്റെ വിളി ഉയരുന്നത് കേട്ടു അടുത്ത് കണ്ട ഹോട്ടലിലേക്ക് കയറി, നമ്മൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ബംഗാളിലെ ബിരിയാണിയിൽ ഒരു അതിപ്പോ ചിക്കനോ ബീഫോ ആവട്ടെ പുഴുങ്ങിയ ഉരുളകിഴങ്ങും കാണും, കൊൽക്കത്തയിൽ നിന്ന് ആദ്യം കഴിച്ചപ്പോൾ അത്ഭുതമായിരുന്നു, പക്ഷേ ഒറ്റയടിക്ക് ഒന്ന് മുഴുവൻ അകത്താക്കാൻ ശീലിച്ചിട്ടില്ലാത്ത നമ്മൾക്ക് പ്രയാസമാകും, എണ്ണയും സ്പൈസസും ഒക്കെയായിട്ട് ബിരിയാണി രുചികരമാണ്. നല്ല വെയിലായത് കാരണം എല്ലാവരും ദാഹിച്ചു തളർന്നിരുന്നു ഫ്രൂട്ടിയും വെള്ളവും ആപ്പിൾ ഫിസയും ഒക്കെ ദാഹത്തിന് കുടിക്കാൻ വാങ്ങിയതാണ്, നമ്മളെ വീട്ടിലെ ഭക്ഷണവും വെള്ളവുമൊക്കെ അമൃതാണെന്ന് അറിയണമെങ്കിൽ ഇങ്ങനെയുള്ള യാത്രകൾ അനിവാര്യമാണ്.
ദർഗയിലേക്ക് നാല് പ്രവേശന കവാടങ്ങളുണ്ട്, പ്രധാന കവാടത്തിന് വലത് വശത്തായി മൈലാഞ്ചി മരവും, മറ്റൊരു തണൽ മരവും, അതിനും മുന്നിലേക്കായി ഇവിടുത്തെ അന്തേവാസികളായ സ്ത്രീകളും കുട്ടികളും താമസിക്കുന്ന ഇടം, ഞങ്ങൾ നോക്കിയ സമയത്ത് രണ്ട് മൂന്ന് സ്ത്രീകൾ അവരുടെ കൈയിലെ ചില്ലറ പൈസകളെല്ലാം എണ്ണിനോക്കുകയും ഓരോന്നും തരം തിരിച്ചു അട്ടിയാക്കുകയും ചെയ്യുകയാണ്. ദർഗന്റെ ഉള്ളില് ഒന്നുകൂടി കയറി നോക്കി, ഖബറിന്റെ ഇരുവശവും വെള്ളകുപ്പായവും വെളുത്ത താടിയും തൊപ്പിയുമിട്ട ഉപ്പാപ്പമാരിരുന്നു ഖുർആൻ പാരായണം ചെയ്യുന്നു. എർതുറുൽ ഗാസി എന്ന സീരീസില് ഇതുപോലൊരു സീൻ കണ്ടത് ഓർമ വന്നു. പ്രാർത്ഥന കഴിഞ്ഞു ഞങ്ങളും മടങ്ങി. പോകുന്ന വക്കില് നദിയുടെ ഓരത്തായുള്ള കടയിൽ നിന്ന് ചായയും കുടിച്ചു, ജീവിതത്തിൽ തന്നെ ഇത്രയും ചായ കുടിക്കുന്നത് ബംഗാളിൽ വന്ന ശേഷമാണ്, പക്ഷേ ഇവിടുത്തെ നാല് ഗ്ലാസ് ചായയാണ് നമ്മളെ ഒരു ഗ്ലാസ്, അധികവും കുൽഹട്ടിലാണ് കിട്ടാ, ചായ കുടിച്ചു ആ ചെറിയ മൺപാത്രം വലിച്ചെറിയുന്നത് വേദനയിയിരുന്നു, ആദ്യം കാണുമ്പോൾ കൗതുകത്തിന് വേണ്ടി എടുത്തു വെക്കുന്നവരുണ്ട്, പിന്നെ കുറേ കിട്ടുമ്പോൾ ആവശ്യം ഉണ്ടാവൂല, പേപ്പർ ക്ളാസിനെക്കാൾ നിർമാണ ചിലവ് കുറവായത് കൊണ്ടാണ് അധികം പേരും കുൽഹട്ട് ഉപയോഗിക്കുന്നത്.

രണ്ടാം തവണ ഖവാലി കേൾക്കാൻ രാത്രി പോയി, നാട്ടിൽ നിന്നും ബന്ധുന്റെ സഹോദരനും സുഹൃത്തുക്കളും വന്നിരുന്നു, ചക്ലയിൽ നിന്ന് രണ്ട് ഓട്ടോകളിലായി നമ്മള് എട്ടുപേര്. പോകുന്ന സമയത്തു തന്നെ ബന്ധു ഒരുപാട് നിർദേശങ്ങൾ തന്നിരുന്നു, പല രീതിയിലുള്ള ആളുകളുണ്ടാകും സൂക്ഷിക്കണം, ആളുകൾ പല ലഹരിയിലുള്ളവരായിരിക്കും, കൂട്ടം തെറ്റി പോകരുത്, ഒരുപാട് ആളുകളുണ്ടാകും തുടങ്ങി.
ഓട്ടോയിറങ്ങിയപ്പോൾ തന്നെ പാട്ട് കേൾക്കുന്നുണ്ട്, ഭക്ഷണം കഴിച്ചിട്ട് പോകാമെന്നു കരുതിയത് കൊണ്ട് അതിനായി മുൻതൂക്കം, റൊട്ടിയും കറിയും ചോറും കൊണ്ട് വിശപ്പടക്കി പെട്ടെന്ന് എഴുന്നേറ്റു. വഴിയെല്ലാം ആളുകളെ കൊണ്ട് തിരക്കാണ്, സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെയുണ്ട്, കടകളെല്ലാം ആളും വെളിച്ചവും കൊണ്ട് നിറഞ്ഞിരിക്കുന്നു. സംഗീതം പലയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
ആദ്യത്തെ വളവ് തിരിഞ്ഞിപ്പോ ഒരു സംഘം പാടുന്നു, ചുറ്റും പത്ത് പന്ത്രണ്ട് ആളുകളുണ്ട്, വലിയ മെഴുകുതിരി കത്തിച്ചു വെച്ചിരിക്കുന്നു, രണ്ട് മൈക്കും തബലയും ആ സദസ്സിൽ മൂന്ന് പേര് പാടാനും കൊട്ടാനും, ആളുകൾ വരുന്നു താളം പിടിക്കുന്നു, നടക്കുന്നു. പുകയൂതി വിടുന്ന സംഘങ്ങൾ ഇരുട്ടിനെ മാത്രം ആശ്രയിക്കുന്നില്ല, ഈ വെളിച്ചവും യഥേഷ്ടം ലഹരിയിലമരാൻ അവർക്ക് തടസ്സമല്ല. ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ പോയി ഞങ്ങളും ദർഗയിലെത്തി, പുറകിലൂടെയുള്ള ഗേറ്റിലൂടെയാണ് ഞങ്ങൾ ഉള്ളിലേക്ക് കടന്നത്, വഴിയിൽ കുറച്ചു പേര് ഭിക്ഷയ്ക്കിരിക്കുന്നു.

തിളങ്ങുന്ന പല നിരത്തിലുള്ള ലൈറ്റുകളും തോരണങ്ങളുമൊക്കെയായി ആകെ പ്രകാശമയം, ആൽമരത്തിന്റെ ചുവട്ടിലാണ് സദസ്സ്, പാടുന്നവരുടെ കൂടെ തന്നെ ആളുകളിരിക്കുന്നു. നേർച്ചയ്ക്ക് എത്തിയ സ്ത്രീകളും കുട്ടികളും ഖവാലി കേൾക്കാൻ വന്ന ആളുകളുമായി അവിടം നിറഞ്ഞിരിക്കുകയാണ്, പോകുന്നവർക്ക് വഴി ഒരുക്കാനും അവിടം നിരീക്ഷിക്കാനും രണ്ട് സെക്യുരിട്ടിയുമുണ്ട്.
നേർച്ചയ്ക്ക് എത്തിയ ആളുകൾ വ്യാഴായ്ച്ച വൈകുന്നേരം വന്നു വെള്ളിയാഴ്ച രാവിലെ തിരിച്ചു പോവുകയുള്ളൂ, അന്നൊരു ദിവസം അവിടെ താമസിക്കുന്നതും വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. മഖ്ബറയുടെ ചുറ്റുമുള്ള ഗിൽസിൽ കുപ്പിവെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു, മന്ത്രിച്ചൂതാൻ വേണ്ടി നേർച്ചയ്ക്ക് കൊണ്ട് വരുന്നതാണ്. സംഗീതം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു.
കുറച്ചു നേരം നോക്കി നിന്നപ്പോൾ ഞങ്ങൾക്കും ആല്മരത്തിന്റെ ചുവട്ടിൽ ഇരിക്കാനിടം കിട്ടി. ” ആഷോ, ബാഷോ ” എന്ന് അവര് പറയുന്നതിന് മുൻപ് തന്നെ ഞങ്ങളിരുന്നു. ഭാഷ വേറെയാണെങ്കിലും പല പാട്ടിനും നമ്മള് കേട്ട അതേ ഈണം, മസ്ത കലന്ദർ ഒക്കെ പാടിയപ്പോൾ നമുക്കും രോമാഞ്ചം, ബന്ധുന്റെ സുഹൃത്ത് ആ നിമിഷങ്ങളൊക്കെ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു, നേർച്ചയ്ക്ക് വന്നവരൊക്കെ ആ മുറ്റത്തു തന്നെ പുതപ്പും തട്ടവും വിരിച്ചു കിടക്കുന്നു, ഒരുപാട് ദൂരം സഞ്ചരിച്ചുവരുന്നവരായിരിക്കും, ഓരോരുത്തർക്കും വ്യത്യസ്ത ഉദ്ദേശങ്ങൾ, അവരെ ഇങ്ങോട്ടും ആനയിച്ചതും പ്രതീക്ഷയാണ്, അത് തന്നെയാണ് ജീവിതത്തിൽ നമ്മളെ മുന്നോട്ടു കൊണ്ട് പോകുന്നതും.
കൈ കൊട്ടി കൊട്ടി ഉള്ളാകെ ചുവന്നിരിക്കുന്നു, ഗസലിന്റെ ഈണത്തിൽ ലയിച്ചു ചേർന്നാൽ അതൊന്നും ആർക്കും ഒരു പ്രശ്നമല്ല, അല്ലെങ്കിൽ ഏതാവസ്ഥയിലാണെന്ന് നമ്മള് അറിയുന്നു കൂടിയില്ല. നാട്ടിൽ നിന്നാണെങ്കിലും അവസാനം നമ്മള് വിയർക്കും, പാട്ട് കേട്ട് അറിയാതെ നമ്മളും ആടിപ്പോകും, മനുഷ്യനെ ബോധമനസ്സിൽ നിന്ന് ചലിപ്പിച്ചു കളയാൻ മാത്രം മാന്ത്രിക ശക്തിയുണ്ട് സംഗീതത്തിന്, ചലിക്കണമെങ്കിൽ അതില് ലായിക്കണം, നന്നായി ലയിച്ചു കളയുമ്പോൾ ചുറ്റുമുള്ളവർക്ക് നമ്മള് നോർമൽ അല്ലാ എന്നൊക്കെ തോന്നും, ആസ്വാദനം നൽകുന്ന പ്രത്യേമായൊരു അവസ്ഥയാണിത്. അരമണിക്കൂർ അവിടെ ചിലവഴിച്ചു ഞങ്ങളും ഇറങ്ങി. വീണ്ടും ബസാറിലേക്ക്, വഴിയോര കച്ചവടക്കാരിൽ വെള്ളി മോതിരങ്ങളും പല മാലകളും മുത്തുകളുമൊക്കെയുണ്ട്, കണ്ണിൽ കൗതുകം തോന്നിയതൊക്കെ വാങ്ങാൻ നോക്കിയപ്പോൾ ബന്ധു ചിരിച്ചു കൊണ്ട് പറഞ്ഞു,
“അതൊക്കെ ഓരോ ഉദ്ദേശം നിവർത്തീകരിക്കാൻ ഇവിടുത്തെ ആള്ക്കാര് വാങ്ങി കെട്ടുന്നതാണ്”,
ഉദ്ദേശം എന്താണെന്ന് നമ്മക്ക് അറിയൂല്ലല്ലോ, സത്യം പറഞ്ഞാൽ വാങ്ങിയ സാധനം തിരിച്ചു കൊടുക്കാനുള്ള മടി കൊണ്ട് എല്ലാം കയ്യിൽ പിടിച്ചു.
വീണ്ടുമൊരു ചായ കുടിച്ചു, ഇത്തവണ പല തിരിവും വളവും കഴിഞ്ഞു ഓരോ ഭാഗത്തേയ്ക്ക് പോയി, ഓരോ ഇടങ്ങളിലും പാട്ട് സംഘങ്ങളുണ്ട്. വെള്ള ജുബ്ബയിട്ട് കഴുത്തിൽ തസ്ബീഹ് മാല വെച്ചു ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു ബാബ, ആള് കുറവാണെങ്കിലും അവിടെയും പാടുന്നുണ്ട്, അടുത്തുള്ള ചെമ്പിൽ നേർച്ച ഭക്ഷണം ആണ് തോന്നുന്നു, ചിരിച്ചു കൊണ്ട് നമ്മളെ വിളിക്കുന്നുണ്ട്, പഴയ ഹാർമോണിയം ഉപയോഗിച്ച് പാടുന്നുണ്ട്, അവിടെ അഞ്ചു മിനിറ്റ് നിന്ന് വീണ്ടും നീങ്ങി. അടുത്ത ഇടത്ത് കാസറ്റിൽ പാട്ട് ഇട്ടിരിക്കുകയാണ്. വളവ് തിരിഞ്ഞു മറ്റൊരിടത്തേയ്ക്ക് കൂടി നമ്മള് പോയി, അവിടെ കുറച്ചൂടെ ആളുകളുണ്ട്, മനോഹരമായ ശബ്ദം. പീടിക മുറിയാണെന്ന് തോന്നുന്നു, അത് നിറഞ്ഞിരിക്കുന്നു, ഞങ്ങൾ പിന്നിലായിരുന്നു, ഇടം കണ്ടെത്തി മെല്ലെ മെല്ലെ മുന്നിലേക്ക് നീങ്ങി. ബന്ധുനെ കണ്ടപാടെ ആ ബാബ കൈപിടിച്ച് ഉള്ളിലേക്ക് ഇരുത്തി. ആ ഗ്യാപ്പില് ഞമ്മളും മുന്നോട്ടു നീങ്ങി, പാട്ട് പാടുന്ന ആളെ അപ്പോഴാണ് ഞാൻ കാണുന്നത്, സാരിയാണ് വേഷം, ശബ്ദം കേട്ടപ്പോൾ പുരുഷനാണെന്നാണ് കരുതിയത്, ഹിജഡ പാടുന്നു. ഒരുപാട് സന്തോഷം തോന്നി, ” ഹായ്വാ ” എന്ന് അവിടെയുള്ള മനുഷ്യരോടൊപ്പം മനസ്സും മന്ത്രിച്ചു. ഈ കാഴ്ച ഞങ്ങൾക്ക് പുതിയതായിരുന്നു, അനുഭവം പോലെ തന്നെ!

പോകുന്ന വഴിയിൽ ഒരു സദസ്സ് കൂടിയുണ്ടായിരുന്നു, അതിന് ഇതുവരെ കണ്ടതിനേക്കാൾ വലിപ്പമുണ്ട്, കുറച്ചൂടെ വിശാലമായ സ്ഥലത്തേയ്ക്ക് തുറന്നിരിക്കുന്നു, ഞമ്മളെ പോലെ തന്നെ പത്തു പതിനഞ്ചു പേര് അടുത്തും അകലെയുമായിരുന്നു വീക്ഷിക്കുന്നു, സംഗീതം ആസ്വദിക്കുന്നു. കയ്യിലൊരു സഞ്ചിയും കുടയും പിടിച്ചു മുണ്ട് കൊണ്ട് തലക്കെട്ട് കെട്ടി തുണിയുടുത്ത വെള്ള താടി വെച്ച ഒരു വല്ലിപ്പ, പാട്ടിനോടൊപ്പം താളം പിടിച്ചു അവസാനം എഴുന്നേറ്റു നിന്ന് നൃത്തം വയ്ക്കാൻ തുടങ്ങി, കൈയും കാലും പ്രത്യേക രീതിയിൽ വളച്ചു ചെരിച്ചു പാട്ടിനൊത്ത് ആസ്വദിച്ചു നൃത്തം, വല്ലിപ്പ പെട്ടെന്ന് കൊച്ചു കുട്ടി ആയത് പോലെ തോന്നി, ഏത് വയസ്സിലും സംഗീതം ആസ്വാദകനെ ഉന്മത്തയാക്കും, വയസ്സൊന്നും അതിനൊരു തടസ്സമേയല്ല. അവരെ എവിടെയോ കണ്ടു മറന്ന മുഖം, ഒരു ടെലി ഫിലിമിൽ ലീക്ക് ബീരാൻ ഇങ്ങനെയൊരു വേഷം ചെയ്യുന്നുണ്ട്, ഹിബനോട് പങ്ക് വെച്ചപ്പോൾ അവൾക്കും അത് തന്നെയാണ് ആദ്യം ഓർമ വന്നതെന്ന്, പടച്ചോനെ നമ്മളെ കാണുന്ന കഥയിലെ കഥാപാത്രങ്ങളൊക്കെ ലോകത്തിന്റെ ഏതോ ഭാഗത്ത് ജീവിക്കുന്നുവോ? അല്ലെങ്കിൽ ഒരാളെ പോലെ ഏഴ് പേരുണ്ടോ? പാമുക്ക് പറയുന്ന പോലെ മറ്റൊരു ഓർഹാൻ ജീവിക്കുന്നു എന്ന തോന്നലോ?
സൂഫിസത്തേക്കുറിച്ച് കൂടുതൽ അറിയണമെന്ന് എപ്പോഴും ആഗ്രഹമാണ്, പലപ്പോഴും അനുഭവങ്ങളാണ് എന്നെ അതിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്, അടയാളങ്ങൾ പല രീതിയിലുള്ള ഉത്തരങ്ങൾ നൽകുമ്പോൾ, ജീവിതം പല തരത്തിലുള്ള ചോദ്യങ്ങൾ കൊണ്ട് തരുന്നു. ഓരോ യാത്രയും ഉത്തരം തേടിയാണെന് നമ്മള് കരുതുമ്പോഴും കൂടുതൽ ചോദ്യങ്ങളാണ് മുന്നിലേക്ക് വരുന്നത്. ചക്ലയിലേക്ക് തിരിച്ചു ഓട്ടോ കയറുമ്പോഴും മനസ്സ് ആശയകുഴപ്പത്തിലാണ്, പാതി വെന്ത അറിവ് അപകടമാണ് അറിയാം, അതുകൊണ്ട് മുഴുവനും അറിയേണ്ടത് കടമയാണ്, പുതിയ ചോദ്യങ്ങൾ പുതിയ ഉത്തരങ്ങൾ നൽകുമെന്ന പ്രതീക്ഷയാണ്, ബംഗാളിന്റെ സമതലങ്ങളെ തഴുകിയെത്തിയ പാതിരാകാറ്റിലും പ്രാർത്ഥനയുടെ ഈരടികൾ.