
പഠാൺ കോട്ട്

ഗോവിന്ദ് ആർ കുറുപ്പ്
‘Man is least himself when he talks in his own person.
Give him a mask he will tell the truth’- Oscar Wilde
1.
ഭയം !!!…അതങ്ങനെ മനസ്സിൽ കിടന്ന് മൂടുപിടിച്ച് ഹൃദയത്തിലാഴ്ന്നു….
രണ്ടു മാസം ഒരേ കപ്പലിൽ ജോലി ചെയ്തിട്ടും, നവീദ് ഖാനെ നാളിതുവരെ കൊല്ലാൻ പറ്റാത്തത് ഭയം കാരണമാണ്. നവീദിനോടുള്ള എൻ്റെ ഒളിവികാരങ്ങൾ കൊലപാതകത്തിൽ മാത്രം തീരുന്നതായിരുന്നു. വിശാലമായ നീലക്കടലിലേക്ക് നോക്കി നിൽക്കുമ്പോഴെല്ലാം ഞാൻ വെറുതേ സങ്കൽപ്പിക്കും. ശ്വാസം തീർന്ന് കണ്ണു മിഴിച്ച് കിടക്കുന്ന നവീദിൻ്റെ ശവം. ചുണ്ടിൽ പറ്റിയ ഉപ്പുകാറ്റിന് ചോരച്ചുവതോന്നിയ ദിവസങ്ങളുണ്ട്. പൊങ്ങി വരുന്ന ഓരോ തിരമാലകളിലും നവീദിൻ്റെ ജഡങ്ങൾ. കണ്ണില്ലാത്ത നവീദ്. ചോര ചത്ത് നീലിച്ച നവീദ്. സ്രാവ് കടിച്ച് തുണ്ടമാക്കിയ നവീദ്.. അങ്ങനെ എത്രയെത്ര മയ്യത്തുകൾ…. ‘ഹൊ ‘!…
അയാളുടെ ശവപ്പെട്ടി ഘോഷയാത്ര പല വിധത്തിലും ഞാൻ ആലോചിച്ച് ആത്മരതിയിൽ ഏർപ്പെടാറുണ്ട്. എണ്ണമറ്റ ആത്മഭോഗങ്ങളിൽ ഒരണ്ണം പോലും രതിമൂർഛയിലെത്താതെ, ചുരത്താതെ വിറകൊണ്ട് നിൽക്കുന്നതിൻ്റെ കാരണം എൻ്റെ പേടിയാണ്.
നവീദിനെ വെറുക്കുവാനുള്ള എൻ്റെ കാരണങ്ങൾ അക്കമിട്ട് പറയുവാൻ തുടങ്ങിയാൽ തീരില്ല. എങ്കിലും അതിൽ ചിലത് പറയാം. വെറും ട്രെയിനി കേഡറ്റാ യ ;അതായത് മാസം ഇരുന്നൂറ് ഡോളർ മാത്രം കിട്ടുന്ന, എന്നെ അയാൾ രാപകലില്ലാതെ ജോലിയെടുപ്പിക്കും. ഭക്ഷണം കഴിക്കാൻ വെറും പതിനഞ്ച് മിനിട്ട്. ഇടക്ക് ഒഴിവുകളില്ല. അദ്ദേഹത്തിൻ്റെ എല്ലാ ഫയലുകളും അതാതു ദിവസം വരെ എഴുതിതിട്ടപ്പെടുത്തണം. ഇല്ലങ്കിൽ മുതു പാതിരാ വരെ തെറിയും ശിക്ഷയും. ഉറങ്ങാൻ സമ്മതിക്കില്ല.പകലന്തിയോളം ജോലി ചെയ്യിപ്പിച്ച് വെറും നാലു മണിക്കൂർ ഉറങ്ങാൻ സമ്മതിക്കും. അതും അലാറം വെച്ച് എണീക്കണം, ഇല്ലങ്കിൽ അതിനു വേറെ ശിക്ഷ ,ശകാരം. കപ്പലിലെ പല ഭാഗങ്ങളിലും തുരുമ്പ് അടിച്ചിളക്കിയ കണക്കിൽ ആദ്യമായി കൈയ്യിൽ പൊട്ടിയ തഴമ്പിനെ, ഉപ്പുവെള്ളത്തിൽ മുക്കി വെപ്പിക്കുക. ബാക്കിയുള്ളവരെല്ലാം കൈയ്യുറ ഇട്ട് ജോലി ചെയ്യുമ്പോൾ എനിക്ക് മാത്രം അത് നിക്ഷേധിക്കുക. കഠിനമായ കടൽച്ചൊരുക്കനുഭവിക്കുന്ന ദിവസങ്ങളിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കുക അങ്ങനെ നീളുന്നു കാര്യങ്ങൾ… ഇതെല്ലാം കുമിഞ്ഞുകൂടി ഒരു പരു പോലെ കുമിളച്ചു വന്നുകൊണ്ടിരുന്നു.
അന്ന് കുറച്ചേറെ ജോലികൾ കഴിഞ്ഞ്, തീൻമേശയുടെ മുൻപിൽ എത്താൻ ഞാൻ സ്വൽപം താമസിച്ചു. എതിർവശത്തിരുന്ന് എന്നെ രൂക്ഷമായി നോക്കുന്ന നവീദിനെ ഞാൻ ശ്രദ്ധിച്ചില്ല. രാവിലെ മുതൽ തുരുമ്പിൻ്റെ മുകളിൽ വീശിയടിച്ച ഇരുമ്പ് ചുറ്റികയുടെ വിറയൽ എൻ്റെ കയ്യിൽ നിന്നും മാറിയിട്ടില്ല. വിരളുകൾക്കിടയിലിരുന്ന് വിറച്ച ഫോർക്ക് പ്ലേറ്റിൽ കൊണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. പിന്നീട് അവിടെ കേട്ടത് ‘ഗെറ്റ് ഔട്ട് ‘ എന്ന അലറലാണ്. ഒപ്പം തീൻമേശ മര്യാദ പാലിക്കാത്തതിനുള്ള ശിക്ഷയും; രണ്ടു ദിവസം വാഷ് റൂമിൽ ഇരുന്ന് ആഹാരം കഴിക്കണം.
പിറ്റേന്ന് വാഷ് റൂമിൽ ക്ലോസറ്റിൻ്റെ മുകളിൽ കുത്തിയിരുന്ന് ചപ്പാത്തി കടിച്ചു പറിച്ചു കൊണ്ടിരുന്ന ഞാൻ നവീദിനെ കൊല്ലാനുറപ്പിച്ചു. ചിന്തകൾ എൻ്റെ ആലോചനച്ചൂണ്ടയുടെ കൊളുത്തിൽ കിടന്ന് പിടഞ്ഞു തുടങ്ങി. ഒത്ത ചൂണ്ടക്കൊളുത്തിൽ കൊരുക്കുന്ന ഇരയുടെ വലുപ്പവും മണവുമാണ് വെട്ടാനടുക്കുന്ന മീനിൻ്റെ നോട്ടം. ആറ്റുവാള ആയാലും, സ്രാവായാലും, മനുഷ്യനായാലും അതിനെല്ലാം ഒരേ മന:ശ്ശാസ്ത്രമാണന്നതാണ് ഇതുവരെയുള്ള എൻ്റെ കണക്കുകൂട്ടൽ. ട്രെയിനി ഓഫീസറായ ഞാൻ എല്ലാ ദിവസങ്ങളിലും, എത്ര തിരക്കണ്ടങ്കിലും, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇതിനെക്കുറിച്ച് ശാന്തമായി ആലോചിക്കാറുണ്ട്. ഹൃദയവെറുപ്പുകളുടെ ഷെൽഫിലെ പ്രബന്ധങ്ങൾ മറിച്ചും തിരിച്ചും വായിച്ചു നോക്കാറുണ്ട്. വിമർശിക്കാറുണ്ട്. ജനിതകമായ തിരുത്തുകൾക്ക് വിധേയമാക്കി തിരികെ വെക്കാറുണ്ട്. വീണ്ടുമെടുക്കാറുണ്ട്.
2.
രണ്ടുമാസം കഴിഞ്ഞു. എനിക്കു വളരെ മുൻപ് കപ്പലിൽക്കയറിയ നവീദിൻ്റെ കരാർ അടുത്ത മാസം തീരുന്നു എന്ന് സഹപ്രവർത്തകർ വഴി ഞാനറിഞ്ഞ രാത്രി.
സീനിയർ ഓഫീസറായ നവീദ് അഹമ്മദ് ഖാനെ എങ്ങനെയൊക്കെ കൊല്ലാമെന്ന എൻ്റെ പ്രബന്ധത്തിലെ ചില തർക്ക വിഷയങ്ങളെ അവലോകനങ്ങൾ കൊണ്ട് ഗൂഢാലോചനയിൽ പൊതിഞ്ഞ മറ്റൊരു രാത്രി. ശാന്തനായി അന്നും ഞാൻ ഷെൽഫ് തുറന്നു. ഒറ്റക്ക് ചർച്ച തുടങ്ങി.
തർക്കവിഷയം 1. കപ്പലിൻ്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് തഞ്ചത്തിൽ കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊന്നിട്ട് കടലിൽ തള്ളിയാലോ?
തർക്ക വിധി – പാക്കിസ്ഥാനി പഠാണായ നവീദിന് ആറടി മൂന്നിഞ്ച് പൊക്കവും ഉദ്ദേശം തൊണ്ണൂറു കിലോ തൂക്കവുമുണ്ട്. ഒതുക്കത്തിൽ കിട്ടിയാൽ തന്നെ മൽപ്പിടുത്തത്തിൻ്റെ ഒരു വളവിലും എനിക്കവനെ തോൽപ്പിക്കാനാവില്ല. അഞ്ചടി മൂന്നിഞ്ചും ,അൻപതു കിലോയുമുള്ള എന്നെ നവീദ് വാരിയെടുത്ത് നിലത്തിടും. കീഴടക്കും. പിന്നെ അത് ക്യാപ്റ്റനറിയും, കമ്പനി അറിയും. ജോലി പോകും. വീട്ടിലറിയും. നാട്ടിലുള്ള വില പോകുമെന്ന ഭയം. പിടിക്കപ്പെടും.
തർക്കവിഷയം 2. കപ്പലിൻ്റെ ഫോർവേർഡ് മാസ്റ്റിൽ * ജോലിക്കു കയറുമ്പോൾ തളളിയിട്ട് വകവരുത്തിയാലോ? പതിനാല് മീറ്റർ ഉയരത്തിൽ നിന്നുമുള്ള വീഴ്ച. ചാവ് മൂന്നരത്തരമാണ്. തലയോട് ഇരുമ്പു പ്ലേറ്റിലടിച്ച് ചിന്നിച്ചിതറും. എല്ലുകൾ നുറുങ്ങും. കാറ്റത്തൊടിഞ്ഞ മുരിങ്ങക്കമ്പുപോലെ പാതിയൊടിഞ്ഞ എല്ലുകൾ തൊലിയും മാംസവും കീറി തള്ളിനിൽക്കും. അങ്ങിനെ ആയാലോ?
തർക്കവിധി -ജോലി സ്ഥലത്ത് സകലമാന കരുതലുമെടുക്കുന്ന അയാൾ സ്വയരക്ഷക്കള്ള ബെൽറ്റിടും. ബെൽറ്റിൻ്റെ ഇരുമ്പുകൊളുത്ത് മാസ്റ്റിൽ ഉടക്കിയിടും. താഴെ വീഴാതെ തൂങ്ങിക്കിടന്ന് സേഫ്റ്റി ഓഫീസറായ എന്നെ നോക്കി അലറും. അപകട പ്രതിരോധത്തിന് അയാളെടുക്കുന്ന മുൻകരുതലുകൾ കപ്പിത്താനുൾപ്പടെയുള്ളവർ കണ്ട് പ്രശംസിച്ചിട്ടുള്ളവയാണ്. അവിടെയും മരണത്തിലുള്ള സാധ്യത വെറുമൊരു യാദൃശ്ചികത മാത്രമാണ്. അകാരണമായി പിടിക്കപ്പെട്ടേക്കാമെന്ന പേടിയുടെ പുർണവിരാമം.
തർക്കവിഷയം 3. രാവിലെ നാലു മുതൽ എട്ടു മണി വരെയുള്ള ഡ്യൂട്ടി സമയം. നാല് മുതൽ അഞ്ചു വരെ അയാൾ വീൽ ഹൗസ് വിങ്ങിൻ്റെ ഒരറ്റത്തു നിന്ന് ഓത്തു ചൊല്ലുന്ന സമയമാണ്. എല്ലാവരും ഉറങ്ങുന്ന സമയം. ഞാനും അയാളുമല്ലാതെ മറ്റൊരനക്കമില്ല. വിങ്ങിൽ നിൽക്കുന്ന നവീദിൻ്റെ പിന്നിലൂടെ പതിയെച്ചെന്ന് കാലിൽ പിടിച്ച് പൊക്കിയാലോ? അയാൾ തലപൊക്കി നോക്കും മുൻപേ കടൽപ്പാളികളുടെ ഇരുൾത്തിരകളിലേക്കെത്തും. പൽച്ചക്രത്തിൻ്റെ വലിവിലുണ്ടാകുന്ന കടൽമർദത്തിലേക്ക് തനിയെ ആഴ്ന്നു പോകും. ഭീമാകാരമായ പിച്ചള പൽച്ചക്രങ്ങൾക്കിടയിലേക്ക് വീണ് ഒരായിരം കഷ്ണങ്ങളായി ചിതറും. കുറച്ചു വപ്രാളമുണ്ടാകും. പിന്നെ എല്ലാം ശാന്തം. നിശ്ചിത സമയത്തിനു ശേഷം പൊട്ടിക്കരയാനും ഉറക്കെ നിലവിളിക്കാനും പഠിക്കണം.
തർക്കവിധി. ഒരിക്കലും നടക്കാത്ത മണ്ടൻ പദ്ധതി. വീൽ ഹൗസിലെ ക്യാമറകൾ രാത്രി കണ്ണുള്ളവയാണ്. ദീർഘനോട്ടങ്ങളും ശബ്ദങ്ങളും അതിൽ പതിയും. ബ്ലാക്ക് ബോക്സ് തിരഞ്ഞാൽ ചിത്രങ്ങൾ തെളിയും. ഞാൻ പതിയെ അയാളുടെ പിന്നിലൂടെപ്പോയി കാലിൽ പിടിച്ച് ഉയർത്തുന്ന പടങ്ങൾ. അയാളുടെ നൈമിഷികമായ നിലവിളികൾ. വീഴ്ച നോക്കിയ ശേഷം സമയം കണക്കാക്കി നിലവിളിക്കുന്ന ഞാൻ. പിടിക്കപ്പെടുമെന്ന കാര്യം ഉറപ്പ്.
ഇങ്ങനെ എല്ലാ തർക്ക വിഷയങ്ങളും ഒരേ അരക്ഷിതാവസ്ഥയിലേക്ക് വിരൾ ചൂണ്ടുമ്പോഴുണ്ടാവുന്ന വെറുപ്പ്. ആ ഒരു നിസ്സഹായാവസ്ഥ. ഒരു മാസം മുൻപ് ഇങ്ങനെയുള്ള തർക്ക വിഷയം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന എനിക്ക് സ്വപ്നസ്ഖലനമുണ്ടാവുകയും പ്രോസ്ട്രേറ്റിൽ രാവിലെ വരെ നീണ്ടു നിൽക്കുന്ന തരിപ്പുകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. അതെ. സത്യമാണ്.
ഇങ്ങനെയൊക്കെയാണങ്കിലും, നവീദിനെക്കൊല്ലാൻ ഒരവസരം എനിക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ ഞാനുറങ്ങാൻ കിടന്നു. ഉറക്കത്തിൽ ഒരു മണിയടിക്കുന്ന ശബ്ദം. ഉറക്കത്തിലല്ല. മണി മുഴങ്ങുന്നുണ്ട്. അപായസൂചന തരുന്ന മണിയാണ്. ലൈഫ് ജാക്കറ്റും തൂക്കി മുറിയിൽ നിന്നുമിറങ്ങാൻ നിന്നിരുന്ന എനിക്ക് ഒരു ഇൻ്റർ കോം ഫോൺ വന്നു,
” മിസ്റ്റർ ഹർഷ, വീൽഹൗസിൽ റിപ്പോർട്ട് ചെയ്യുക. ” ക്യാപ്റ്റൻ അഡ്രിയാൻ പെരേരയുടെ ഘനത്തിലുള്ള ശബ്ദം.
” യെസ് സർ!” പറയും മുൻപേ മറുപുറത്ത് ഫോൺ കട്ടായി.
3.
ഓടിപ്പിടിച്ച് വീൽ ഹൗസിൽ എത്തിയ എന്നെ നോക്കാതെ കപ്പലിൻ്റെ എൻജിൻ വിഭാഗം മേധാവിയായ ചീഫ് എഞ്ചിനിയർ അലക്സും, ഫസ്റ്റ് ഓഫീസർ നവീദ് അഹമ്മദ് ഖാനും തീഷ്ണമായ ചർച്ചയിലായിരുന്നു. എഞ്ചിൽ നിന്നാലും അതുവരെ വന്ന ആവേഗത്തിൽ മുന്നോട്ട് പോകുന്ന കപ്പലിൻ്റെ സ്റ്റിയറിംഗ് കയ്യിൽ തന്ന് ക്യാപ്റ്റൻ പെരേര പറഞ്ഞു, “സ്റ്റെഡി ഹെർ ആസ് ഷീ ഗോസ്.”
ഓർഡർ തിരികെപ്പറഞ്ഞ് ഞാൻ ജോലി തുടങ്ങിയെങ്കിലും, എൻ്റെ ഒരു കാതും കണ്ണും നവീദ് ഖാൻ്റെ സംസാരങ്ങൾക്കിടയിലായിരുന്നു. നാലു മാസത്തെ പ്രവർത്തിപരിചയം കൊണ്ട് ഞാൻ അവരുടെ സംസാരങ്ങൾ അളന്നു. കുറച്ചു നേരം കൊണ്ടു തന്നെ കാര്യങ്ങളുടെ കിടപ്പുവശം എനിക്ക് മനസ്സിലായി. നാട്ടിലെ പവ്വർ കട്ട് തന്നെയാണ് കപ്പലിലെ ബ്ലാക്ക് ഔട്ട് എന്ന് എനിക്കും പിടികിട്ടി.
കപ്പലിൽ ഉപയോഗിക്കുന്ന സാധനങ്ങളിൽ നിന്നുണ്ടാകുന്ന മിച്ച വസ്തുകളിൽ ഭക്ഷണ സാധനങ്ങൾ മാത്രമാണ് കടലിൽ പുറംതള്ളാൻ അനുവാദമുള്ളതെന്നും അന്താരാഷ്ട്ര നിയമയത്തിൽ ഉപാധികളോടെ ബാക്കി ഒരു ഫർണസിലിട്ട് (ഇൻസിനിയറേറ്റർ) * കത്തിക്കുകയാണ് പതിവെന്നുമെന്ന സത്യം നവീദ്ഖാൻ്റെ സംസാരങ്ങൾക്കിടയിൽ നിന്നു ഞാൻ പിടിച്ചെടുത്തു.
‘എണ്ണമയമുള്ള കറകൾ തുടക്കാനുപയോഗിക്കുന്ന തുണിക്കഷ്ണങ്ങളും അറക്കപ്പൊടിയും കുറച്ച് രാസവസ്തുക്കളടങ്ങിയ കെമിക്കൽസും കുമിഞ്ഞുകൂടിയത് കൂടിയ തോതിൽ കത്തിക്കാനിട്ട ഫർണസ് പണിമുടക്കുകയും അതിനാൽ ഒരു ജനറേറ്റർ ട്രിപ്പാവുകയും ചെയ്തു. ഇന്ധനം പമ്പ് ചെയ്യുന്ന മോട്ടറുകൾ ഓഫായതോടെ എൻജിൻ നിശ്ചലമായി . അതായിരുന്നു ബ്ലാക്ക് ഔട്ടിൻ്റെ മൂല കാരണമെന്ന് ചീഫ് എഞ്ചിനീയർ അലക്സ് പറഞ്ഞു..
ഈ ഉപകരണങ്ങളത്രയും പ്രവർത്തനക്ഷമമാക്കാൻ കുറച്ചേറെ മണിക്കൂറുകൾ വേണ്ടിവരുമെന്നും,അത്രയും ദൂരവും സമയവും നഷ്ടമാവുമെന്നും മനസ്സിലാക്കിയ ക്യാപ്റ്റൻ പെരേര അസ്വസ്ഥനായി. ക്യാപ്റ്റൻ പെരേര ഡ്യൂട്ടി നോക്കിയിരുന്ന എഞ്ചിനീയറെ ഫോണിലൂടെ കേട്ടാലറക്കുന്ന അസഭ്യങ്ങൾ പറയുന്നതു കേട്ടപ്പോഴാണ് മുപ്പത് കിലോമീറ്റർ വേഗതിയിൽ സഞ്ചരിക്കുന്ന ചരക്കുകപ്പലുകളിൽ ഇതൊക്കെ മഹാസംഭവമാണന്ന വസ്തുത എനിക്ക് മനസ്സിലായത്. അയാളുടെ ജോലിയിലെ വീഴ്ച ഓഫീസിൽ അറിയിക്കുമെന്നും പണി പോകുമെന്നുമൊക്കെ കപ്പിത്താൻ പറഞ്ഞപ്പോൾ ഡ്യൂട്ടി എഞ്ചിനീയറുടെ കലങ്ങിയ കണ്ണുകളും ഇടിഞ്ഞു വീണ ആത്മാഭിമാനവും എൻ്റെ ഹൃദയത്തിൽ തെളിഞ്ഞു വന്നു. അയാളുടെ തകർന്ന മനോനില, വ്യാകുലതകൾ, ഒറ്റപ്പെടലുകൾ…എൻ്റെ ഉള്ളിലെ മലഞ്ചെരുവിൽ ഒരായിരം കഞ്ചാവുചെടികൾ പൂത്തുലഞ്ഞു. അവയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം ഞാൻ നാസികകളിലേക്ക് വലിച്ചു കയറ്റി.
ആവേഗം നിലച്ച കപ്പൽ ദിശയറിയാതെ ആടിയുലഞ്ഞു. വടക്കും നോക്കിയിലെ ഉദ്ദേശ ദിശമനസ്സിലാക്കി അപകടസാദ്ധ്യത വിലയിരുത്തിക്കൊ ണ്ട് ക്യാപ്റ്റൻ പെരേര സിഗർട്ടുകൾ പുകച്ചു തള്ളി.
മിനിട്ടുകൾ… മണിക്കൂറുകൾ… ആഴം കുറഞ്ഞ മണൽതിട്ടകളിലേക്ക് കപ്പൽ അപകടകരമാം വിധം ഒഴുകിയടുക്കാൻ ഒരു മണിക്കൂർ മാത്രം മിച്ചം നിൽക്കെ വലിയൊരു കുലുക്കത്തോടെ എഞ്ചിൻ പ്രവർത്തനമാരംഭിച്ചു. ആശ്വാസച്ചിരി അടക്കിക്കൊണ്ട് ക്യാപ്റ്റൻ പറഞ്ഞു,
”ബ്രിംഗ് ഹേർ ബാക്ക് ഹർഷ! “
ഒരു നല്ല വാക്കു പോലും പറയാൻ തയ്യാറാകാതെ ക്യാപ്റ്റനും, നവീദും വീൽഹൗസിൽ നിന്നും പോയി. പഴയ വേഗവും, ആയവും തിരികെപ്പിടിച്ച കപ്പൽ അക്ഷാംശങ്ങളേയും രേഘാംശങ്ങളേയും കീറി മുറിച്ചു കൊണ്ട് യാത്ര തുടങ്ങി. അവഗണകൾ. അതായിരുന്നു മനസ്സിലെ കനലിൻ്റെ ഇന്ധനം. ചുവപ്പു നിറം കൂടി വരുന്നു. അതിൽ നിന്ന് പുകക്കൊപ്പം ചെറിയ തോതിൽ തീപാറുന്നു. ഉളളാഴങ്ങളിൽ കൈകൊട്ടിച്ചിരിച്ച ആകെയുള്ള സമാധാനം മറ്റൊരാൾ കൂടി മനോവ്യധക്കും നിരാശക്കും അടിമപ്പെട്ടുവെന്ന തോന്നലുകളാണ്. നേരം വെളുപ്പിക്കാൻ ഇതു തന്നെ ധാരാളം.
രാത്രി വളരെ വൈകിയാണ് ജോലി തീർന്നതെങ്കിലും, രാവിലെ നാലിനു തന്നെ നവീദിൻ്റെ ഫോൺ എൻ്റെ കാതിൽ അലമുറയിട്ടു. എനിക്ക് തീരെ ദേഷ്യം തോന്നിയില്ല. വീൽ ഹൗസിലെ തണുപ്പിൽ, ചുടുകാപ്പി ഊതി ഊതി കുടിക്കുന്ന നവീദിനെ കണി കണ്ട എനിക്കെന്തിന് വെറുപ്പു തോന്നണം? എൻ്റെ ഉറക്കം കളഞ്ഞതിനോ? നാലു മാസം ഒരേ കപ്പലിൽ ജീവിച്ചിട്ടും ഒരു മനുഷ്യപ്പറ്റുമില്ലാതെ എന്നോട് പെരുമാറുന്നതിനോ? അതോ ജോലി മികവിൽ എല്ലാവരും അയാളെ ബഹുമാനിക്കുന്നതു കണ്ടുള്ള അസൂയകൊണ്ടോ? ഇതൊന്നുമല്ല. ഒരു കീഴ് ജോലിക്കാരനെ മുക്രയിടീച്ച് പണിയെടുപ്പിച്ച് ബുദ്ധിമുട്ടിക്കുന്ന ഉയരധികാരിയോട് പ്രത്യക്ഷത്തിൽ ദേഷ്യവും വെറുപ്പും തോന്നുവാതിരിക്കുവാൻ ഒറ്റവഴിയേ ഉള്ളു. അയാളെ കണ്ടം തുണ്ടം വെട്ടി വേവാനിട്ടിരിക്കുന്ന വറുപ്പു ചട്ടികളുടെ അടപ്പു പാത്രങ്ങൾ ഇടക്കിടക്ക് പൊക്കിക്കൊടുക്കുക. ഞാനും നിങ്ങളും നമ്മുടെ പൂർവികരും പലരീതിയിൽ നടന്നു തെളിഞ്ഞ വഴിയിലൂടെ തലേന്നു രാത്രി ഞാനും കുറച്ചു നടന്നു. വഴിയുടെ ഇരുൾ മൂലക്ക് കണ്ട ഒറ്റയടിപ്പാതയിലൂടെ രണ്ടടി കയറി നിന്നപ്പോഴാണ് കൂരിരുട്ടിൻ്റെ പിന്നിൽ ഒളിച്ചിരുന്ന മൊട്ടുസൂചി വെളിച്ചം കണ്ടത്. വീൽഹൗസിൽ കാപ്പി കുടിക്കാൻ വെള്ളം ചൂടാക്കുന്ന കെറ്റിലുണ്ട്. തലേന്ന് രാത്രി സ്ഥലം കാലിയാക്കും മുൻപ്,അതിൽ കക്കൂസ് ബൗളിലെ വെള്ളം നിറച്ചതും പോരാഞ്ഞ് അമർഷത്തിൻ്റെ ഉള്ളറകളിൽ നിന്ന് നൂലിച്ച തുപ്പൽ അതിലേക്ക് കാർക്കിക്കുകയും കൂടി ചെയ്ത എനിക്ക് അതേ കെറ്റിലിൽ നിന്നും ചുടു കാപ്പി വലിച്ചു കുടിക്കുന്ന നവീദിനോട് ബഹുമാനമല്ലേ തോന്നേണ്ടത്. ഇഹപരലോകങ്ങളിലെ സർവ്വത്ര വിനയവും എൻ്റെ തൊണ്ണക്കുഴിയിലൂടെ പുറത്തുചാടി, “ഗുഡ് മോർണിംഗ് സർ!” കയ്യിൽ പുകയുന്ന സിഗരറ്റ് അയാൾ ആഷ് ട്രേയുടെ വക്കത്ത് ഉരുട്ടി ക്കൊണ്ടിരുന്നു. ചാരം അടർന്ന് കൂർത്തു വന്ന തീക്കനിലേക്ക് നോക്കി അയാൾ ഒന്ന് ഇരുത്തി മുളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
4.
രാത്രി കടലിന് ഗർഭഛിദ്രം സംഭവിച്ചിരുന്നു. ചോരക്കറ ചകവാളത്തിൽനിന്ന് കടലിലൂടെ ഇളകിത്തെറിച്ച് കപ്പലിലേക്കും, വിൽ ഹൗസിലേക്കും ചിതറിത്തെറിച്ചു കൊണ്ടിരുന്നപ്പോൾ ക്യാപ്റ്റൻ പെരേര വീൽ ഹൗസിലെത്തി. തലേന്ന് രാത്രി പാതി കത്തിയ എണ്ണയിൽ കുതിർന്ന തുണികൾ ഇനിയും കപ്പലിൽ സൂക്ഷിക്കുന്നത് ഫർണസിൻ്റെ ഭിത്തികളെ നശിപ്പിക്കുമെന്നും അതുടനെ കടലിൽ തള്ളണമെന്നും പറഞ്ഞ് നിർത്തി അയാൾ സിഗരറ്റ് കത്തിച്ചു. ജോലിയേൽപ്പിച്ച സീമാൻമാരെല്ലാം തികഞ്ഞ അലംഭാവത്തോടെ ആ ജോലി ചെയ്യില്ല എന്ന് പറഞ്ഞൊഴിഞ്ഞു. എ സി യുടെ ഇളം തണുപ്പിലും നവീദ് വിയർത്ത കാര്യം എനിക്ക് മനസ്സിലാകാൻ വീണ്ടും ഒരു മണിക്കൂറെടുത്തു. നെറ്റിയിൽപ്പൊടിഞ്ഞ വിയർപ്പു തൂത്തു കൊണ്ട് നവീദ് വീൽഹൗസിലെ റാക്കിൽ നിന്നും ഒരു തടിച്ച പുസ്തകമെടുത്ത് പേജുകൾ മറിച്ചു തുടങ്ങി. ( * MARPOL) മറൈൻ പൊല്യൂഷൻ പ്രിവൻഷൻ റെഗുലേഷൻ) എന്ന പുറം കവറുള്ള പുസ്തകത്തിൽ അയാൾ സെക്ഷനുകൾ മറിച്ചും തിരിച്ചും നോക്കി. ശക്തിയോടെ പുറം കവർ അടച്ച ശേഷം അയാൾ ക്യാപ്റ്റൻ പെരേരയോട് പറഞ്ഞ കാര്യം എനിക്ക് മനസ്സിലായത് ഇങ്ങനെയാണ്.
‘ അന്താരാഷ്ട്ര നിയമ പ്രകാരം യാതൊരു ജലസ്രോതസ്സിലേക്കും എണ്ണയോ, പ്ലാസ്റ്റിക്കോ അതുമായി ബന്ധപ്പെട്ട യാതൊന്നുമോ പുറം തള്ളാൻ കപ്പലിനോ, കപ്പിത്താനോ, അതിലെ ജോലിക്കാർക്കോ നിയമപരമായി അധികാരമില്ല. ഒന്നുകിൽ അത് കത്തിക്കുക, ശേഷം വരുന്ന ചാരം പോർട്ടിലെ നിശ്ചിത ജോലിക്കാർക്ക് കൈമാറി തെളിവ് രേഖകൾ വെച്ച ശേഷം ലോഗ്ബുക്കിൽ എഴുതുക.’
നിയമ പുസ്തകം വലിച്ചെറിഞ്ഞ് ആക്രോശിച്ച ക്യാപ്റ്റൻ്റെ ശബ്ദം വലിയ അസഭ്യങ്ങൾ കലർന്നതായിരുന്നു. ഒരു പാട് തർക്കങ്ങൾക്കൊടുവിൽ നവീദ് ഒരു തീരുമാനം പറഞ്ഞതിങ്ങനെയായിരുന്നു. കപ്പലിൻ്റെ പ്രൊപ്പല്ലർ മർദത്തിനിടയിലേക്ക് ആ കരി ഓയിൽ തുണികൾ തള്ളാം. കപ്പലിൻ്റെ പിൻവശത്തെ ഒരു മാൻഹോൾ തുറന്നിറങ്ങിയാൽ നേരെ താഴെ പ്രൊപ്പല്ലറാണ്. ഞങ്ങൾ പരസ്പരം നോക്കി. കഷ്ടിച്ച് ഒരാൾക്ക് മാത്രം നിൽക്കാനാവുന്ന ഇടുങ്ങിയ സ്ഥലം. അതിലേക്ക് നവീദ് ഇറങ്ങാൻ തീരുമാനിച്ചു. കാവലായി ഞാൻ നിൽക്കണം. ഇരുപത്തിനാലു നട്ടുകളിട്ടു മുറുക്കിയ മാൻഹോൾ തുറന്ന എനിക്ക് എന്തന്നില്ലാത്ത ഒരു പിടപ്പ്. എൻ്റെ കണ്ണിലെ ചോരച്ചൂട് കൂടി വന്നു. നവീദിനെ വെള്ളത്തിലേക്ക്, വേഗത്തിൽക്കറങ്ങുന്ന പിച്ചള പ്രൊപ്പലറിൻ്റെ ഇടയിലേക്ക് തള്ളിയാൽ. നിലവിളികൾ പുറത്തു കേൾക്കില്ല. ഞാൻ ഗർഭിണികളാക്കിയ തർക്കവിഷങ്ങൾ പ്രസവിച്ച ഒരൊറ്റ ചാപിള്ളയുടേയും രക്തക്കറ ജീവിതത്തിൽ പുരളില്ല. മറുപിള്ളകളോ, പിടക്കുന്ന പൊക്കിൾകൊടികളോ കാണില്ല. സ്വപ്നങ്ങളിൽ നിന്നും യാഥാർത്യങ്ങളിലേക്കുള്ള ചെറിയ ഒരു ഇടവഴിയാണല്ലോ സാഹചര്യങ്ങളുടെ മുതലെടുപ്പ്.
അയാളെ തള്ളിയിടുവാനുള്ള അവസരം. ഇതുവരെ എന്നെ തിരിഞ്ഞു നോക്കിയിട്ടില്ലാത്ത നവീദ് മാൻഹോളിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുൻപ് ആദ്യമായി എന്നെയൊന്നു നോക്കി. ഞാൻ കണ്ണുവെട്ടിച്ച് നോട്ടം മുറിച്ചു. അയാൾ ഒരു നെടുവീർപ്പോടെ തുണിക്കഷ്ണങ്ങൾ താഴേക്കിട്ടു തുടങ്ങി. അയാൾ ജോലിയിൽ ശ്രദ്ധിക്കുന്നു എന്നു കണ്ട്, മാൻ ഹോളിൻ്റെ മുകളിൽ ഇരുന്ന് ഞാൻ കൈ നീട്ടി. ഹൃദയം പെടക്കുന്നു. വിയർക്കുന്നു. ഏറി വന്ന എൻ്റെ ഹൃദയമിടിപ്പു കടലിൻ്റെ ഇരുളാഴങ്ങളിൽ ഒരു ഇളക്കമുണ്ടാക്കിയതു പോലെ തിരമാലകൾ ആർത്തിരമ്പി. മഴ പെയ്തു തുടങ്ങി. ആടിയുലയുന്ന കപ്പൽ. വേഗത്തിൽ കറങ്ങുന്ന പ്രൊപ്പല്ലർ..
‘യാ അള്ളാ’ !!!…
നിലവിളി. കപ്പലിൻ്റെ ഉലച്ചിലിൽ നവീദിൻ്റെ കാലു വഴുതി നില തെറ്റി.
തള്ളിയിടുവാൻ നീണ്ട എൻ്റെ കൈകൾ അയാളുടെ വെളുത്ത ബോയിലർ സ്യൂട്ടിൻ്റെ * കോളറിൽ പിടുത്തം മുറുക്കിയിരുന്നു. പിടിവിടുവാൻ തോന്നുന്നില്ല. അറക്കുവാൻ കഴുത്ത് പിന്നോട്ട് പിടിക്കുമ്പോൾ ഇറച്ചിക്കോഴി നോക്കുന്ന നോട്ടം പെട്ടന്നെവിടയോ ഒരു മിന്നൽ പിണർ പോലെ ആഞ്ഞു വെട്ടി. എൻ്റെ കൈകളിലേക്ക് അയാളുടെ മരച്ച കൈകളുടെ തണുപ്പ് പടർന്നു കയറി. നിലയുറപ്പിച്ച നവീദ് എന്നെ ഒന്നു നോക്കി. പതിയെ മാൻഹോളിൽ നിന്നു കയറി അയാൾ ഡെക്കിലേക്ക് മലർന്നു കിടന്നു.ഉർദുവിൽ എന്തക്കെയോ പറഞ്ഞു കൊണ്ട് ബാക്കി വന്ന പ്ലാസ്റ്റിക്ക് കിഴികൾ വെള്ളത്തിലേക്ക് തള്ളിയിട്ടു കൊണ്ട് പറഞ്ഞു, ”വക്ത് നഹി ആയാ “
അതു കേട്ട് ശ്വാസം നീട്ടി വിട്ട ഞാൻ മനസ്സിൽ ഓർത്തു,, “ശരിയാണ്, സമയമായിട്ടില്ല”.
പ്രലോഭിപ്പിക്കാൻ വന്ന ഗണികയോട് ഉപഗുപ്തൻ പറഞ്ഞ അതേ വാചകം
ചെകുത്താൻ്റെ ഡയറിക്കുറിപ്പുകൾ നോക്കിയിട്ട് കാര്യമില്ല എന്നറിയാൻ എനിക്ക് സമയമായിരുന്നു. അയാളെ കൊല്ലുവാൻ പിന്നെ എനിക്കു സാധിച്ചില്ല. ജീവിതത്തിന് ചിലപ്പോൾ നല്ല കാലങ്ങളും തരുവാനുണ്ടാവും. പ്രതീക്ഷകളല്ലേ സർ മുൻപോട്ട് കൊണ്ടുപോവുന്നത്. പിന്നീടുള്ള ഒരു മാസക്കാലം നവീദ് എന്നെ അഭിവാദ്യം ചെയ്തു പോന്നു. അയാൾ എന്നും എന്നെ നോക്കിച്ചിരിച്ചു. ഒരുമിച്ച് ഭക്ഷണം കഴിക്കുവാനും, സിഗരറ്റ് വലിക്കുവാനും ക്ഷണിച്ചു. ആഷ് ട്രേയുടെ വക്കത്ത് സിഗരറ്റ് ഉരുട്ടി കൂർപ്പിച്ച് അതിലേക്ക് ഇടക്കിടെ നോക്കുന്ന അയാളുടെ മാത്രം രീതി ഞാനും പരിശീലിച്ചു. തോളിൽ കൈവെച്ച് കണ്ണുകളിൽ നോക്കി സംസാരിച്ചു പോന്നു. എന്തോ ചില അടുപ്പങ്ങൾ. അദൃശ്യമായ പല സ്നേഹ ഞരമ്പുകളും ഹൃദയത്തിൽ വളർന്നു.
മെയ് മാസത്തിലെ ഏതോ ദിവസം അയാൾ കപ്പലിൽ നിന്നും യാത്രയായി. ഗ്യാങ്ങ് വേയിൽ ബാഗും തൂക്കി നിന്ന നവീദ് എന്നെ കെട്ടിപ്പിടിച്ചു.” ആദാബ് ഭായി ജാൻ ” എന്നു പറഞ്ഞു വിട്ടകന്നപ്പോഴേക്കും പരസ്പരം ബന്ധിപ്പിക്കപ്പെട്ട സർവ്വ ഞരമ്പുകളും വലിഞ്ഞു പൊട്ടി. ആ വേദന ഞങ്ങൾ കണ്ണുകളിൽ ഒരു ചൂടുള്ള തിളക്കമായിക്കണ്ടു. ഇടക്ക് എഴുത്തുകൾ എഴുതാം എന്ന തീരുമാനത്തിൽ അയാൾ ജോലിക്കാലം തീർത്ത് കറാച്ചിയിലേക്ക് തിരികെപ്പോയി.
കുറച്ചു വിഷമങ്ങൾ. കുറച്ചു കാലങ്ങൾ. കരയിൽ മരിച്ചവരും. കപ്പലിൽ നിന്ന് സൈൻ ഓഫ് ചെയ്യുന്നവരും ഒരു പോലെയാണ് അവരുടെ ഓർമകൾ മാത്രം നിൽക്കും. പിന്നെ മഞ്ഞു പോലെ പതിയെ പതിയെ അലിഞ്ഞ് ഇല്ലാതാകും.
നവീദിൻ്റെ ഓർമ്മകളും എഴുത്തുകളും അതുപോലെ തന്നെയായിരുന്നു.
മഞ്ഞു പോലെ. പതിയെ. പതിയെ.
രണ്ടു മാസങ്ങൾ കഴിഞ്ഞ്. ആംസ്റ്റർഡാമിൽ നിന്നും ലണ്ടൻ ഹീത്രോ വഴി ഞാനും തിരികെ നാട്ടിലേക്ക് മടങ്ങി.
കുറേ വർഷങ്ങൾ കഴിഞ്ഞു. ഒടുക്കം ഞാനും ഫസ്റ്റ് ഓഫീസറായി. എൻ്റെ തോളിലെ വരകൾക്ക് എണ്ണം കൂടി വന്നു.
പക്ഷേ ജീവിതം അതിനു വലിയ മാറ്റമൊന്നും വന്നില്ല.
പരീക്ഷകൾ. പ്രണയം. കല്യാണം. കുട്ടികൾ. വീട്. ലോൺ. അങ്ങനെ ഒരു ശരാശരി മലയാളിയുടെ ജീവിതം. മുപ്പതാം വയസ്സിൽ ഫസ്റ്റ് മേറ്റായപ്പോൾ താടിയിൽ കുറച്ചേറെ അകാല നരകൾ വീണിരുന്നു. അതു പതിയെ കൂടി..
5.
മോൺട്രിയാൽ. ക്യാനഡയിൽ ചോളം ലോഡ് ചെയ്യുവാനായി ചെന്ന ദിവസമാണ് ഞാൻ മറ്റൊരു പാകിസ്ഥാനിയെ പരിചയപ്പെടുന്നത്. ക്യാപ്റ്റൻ മസർഖാൻ. മോൺട്രിയാൽ പോർട്ടിൻ്റെ പോർട്ട് വാർഡൻ. സീ വേ * ട്രാഫിക് യൂണിറ്റിൻ്റെ ചീഫ്. ആ പോർട്ടിൽ ചോളം കയറ്റാൻ വരുന്ന ഒരു കപ്പലും അയാളുടെ അനുവാദമില്ലാതെ വാർഫിൽ നിന്നും അനങ്ങില്ല. അതാണ് ഒരു പോർട്ട് വാർഡൻ്റെ അധികാരം.
ചരക്കിൻ്റെ ഘനവും, കപ്പലിൻ്റെ ഫിറ്റ്നസ് * സർട്ടിഫിക്കറ്റും മറ്റും നോക്കി തിട്ടപ്പെടുത്തുന്നതിനിടെ അയാൾ ഞാൻ കൊടുത്ത കാപ്പി ഊതിക്കുടിക്കുന്നുണ്ടായിരുന്നു. അത്താഴ സമയമായതിനാൽ ഭക്ഷണം കഴിച്ചോ എന്ന് ചുമ്മാതെ ഒന്നു ചോദിച്ചു പോയ എൻ്റെ കൂടെ അയാളും ഭക്ഷണ മുറിയിലേക്ക് നടന്നു. ഒരു ഭാവവത്യാസവുമില്ലാതെ ക്യാപ്റ്റൻ മസർ സ്പൂണും ഫോർക്കും മാറ്റി വെച്ചു. രണ്ടു കൈകളുമുപയോഗിച്ച് മൂന്ന് ചപ്പാത്തി ഒരുമിച്ച് ചുരുട്ടി. അനായാസം അയാൾ അത് കീറി മുറിച്ച് പല കഷ്ണങ്ങളാക്കി പ്ലേറ്റിൻ്റെ മൂലയിൽ വെച്ചു. മട്ടൺ കറിയിൽ എല്ലു ളള ഭാഗം മാത്രം തിരഞ്ഞു പിടിച്ച മസർ മസാലച്ചാറിൽ ചപ്പാത്തി കുതിർത്ത് കഴിക്കുന്നത് കാണാൻ പ്രത്യേക ഭംഗിയായിരുന്നു. മട്ടൻ്റെ തുടയെല്ല് പ്ലേറ്റിലേക്ക് കൊട്ടിയും, സ്പൂണുകൊട്ട് തട്ടിയുമൊക്കെ അയാൾ എല്ലിനകത്തെ മജ്ജ ഈമ്പി വലിച്ചു. മസാലയുള്ള ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ടിരുന്ന അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ ശ്രദ്ധിച്ചു.
”ചീഫ്, മട്ടൺ കഴിക്കേണ്ടത് ഇങ്ങനെയാണ്.” എന്നു പറഞ്ഞു കൊണ്ട് അയാൾ കൈ കഴുകുവാനായി എണീറ്റു. മട്ടൺ കറിയുടെ രുചിയെ കുറിച്ച് സംസാരിച്ച് തിരികെ ഓഫീസിലെത്തിയ ഞങ്ങൾ ലോകകാര്യങ്ങൾ സംസാരിച്ചു തുടങ്ങി.
ക്യാപ്റ്റൻ മസർ ഖാൻ കറാച്ചിയിൽ ജനിച്ച് പാക്കിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്ത് ആളാണ്. തുടരെ നടന്ന പട്ടാള അട്ടിമറികളിലും രാഷ്ട്രീയ സാഹചര്യങ്ങളും ജീവിതത്തെ ബാധിച്ചു തുടങ്ങിയപ്പോൾ ക്യാനഡയിലേക്ക് കുടുംബസമേതം അയാൾ താമസം മാറ്റി. എങ്കിലും കറാച്ചിയുടെ ഗലികളിൽ വിൽക്കുന്ന ഇക്ക്ബാൽ മട്ടൺ ബിരിയാണിയെക്കുറിച്ചും, അവിടുത്തെ തിരക്കുകളെക്കുറിച്ചുമെക്കെ മസർ നിർത്താതെ സംസാരിച്ചു. ഒരു പാട് വർഷങ്ങളായി ക്യാനഡയിലെ ജീവിതത്തിൽ അയാൾ ഒരു പാടൊന്നും സമ്പാദിച്ചിരുന്നില്ല. ആ സ്ഥലത്തെ പാക്കിസ്ഥാൻ കമ്മ്യൂണിറ്റിയിൽ നല്ല ബന്ധങ്ങളുടെ വേരോട്ടമുണ്ടായിരുന്നു എന്ന് അയാൾ കാണിച്ച ഫോട്ടോകളിൽ നിന്നുമെനിക്ക് മനസ്സിലായി. സിഗരറ്റു പുകച്ചിരുന്ന എൻ്റെ മുഖത്തേക്ക് ഇടക്കിടെ നോക്കിയിരുന്ന അയാൾക്ക് നേരെ ഒരു സിഗരറ്റ് വലിയ ജാള്യതയോടെ ഞാൻ നീട്ടി. ഒട്ടും മടിക്കാതെ തന്നെ അയാൾ ആ സിഗരറ്റ് കത്തിച്ച് ആഷ് ട്രേയുടെ വക്കത്ത് ഉരുട്ടി കൂർപ്പിച്ച് അതിൻ്റെ കനലിലേക്ക് നോക്കിക്കൊണ്ട് നെടുവീർപ്പിട്ടു. ആ ഒരാറ്റ കാര്യം മാത്രം മതിയായിരുന്നു എനിക്ക് അദ്ദേഹത്തോട് നവീദിനെക്കുറിച്ച് ചോദിക്കുവാൻ..
സിഗരറ്റ് ആഷ് ട്രേയുടെ വക്കത്ത് വെച്ച്, കോഫി മഗ്ഗ് കീഴെ വെച്ചു കൊണ്ട് അയാൾ എന്നെ നോക്കി മിണ്ടാതെയിരുന്നു. സമയം പുകച്ചുരുളുകൾ പോലെ വലിഞ്ഞു നീണ്ടു.
ഒന്നിരുത്തി ശ്വാസം വിട്ടു കൊണ്ട് അയാൾ ഫോണിൽ എന്തൊക്കെയോ തിരഞ്ഞുകൊണ്ട് എനിക്കു നേരെ നീട്ടി. മൊട്ടുസൂചിയുടെ മുനയുള്ള നോട്ടങ്ങളിൽ അയാളറിയുന്ന നവീദ്ഖാൻമാരിൽ ഒരാളെ എനിക്കും പരിചയമുണ്ടായിരുന്നു. പക്ഷേ ഞാനറിയുന്ന നവീദ്ഖാൻ്റെ നീലക്കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു. ക്യാനഡയിലെ പാക്കിസ്ഥാൻ കമ്മ്യൂണിറ്റി സർക്കിളുകളിൽ നവീദിൻ്റെ പേരൊ അഡ്രസോ ഇല്ല. പട്ടാളം ഭരണം പിടിച്ചപ്പോൾ നഷ്ടമായ ജനാധിപത്യത്തിൽ നവീദിൻ്റെ കുടുംബവുമുണ്ടായിരുന്നതായി മസർ പറഞ്ഞു നിർത്തി. പിറ്റേന്ന് ചരക്കു കയറ്റി യാത്ര തിരിക്കേണ്ട കപ്പലിൽ നിന്നും അരമണിക്കൂർ കൊണ്ട് പുറത്തു പോയി വരുവാനുള്ള അനുവാദം വാങ്ങി ഞാനും മസറും അയാളുടെ കാറിൽ യാത്ര തിരിച്ചു.
ശൈത്യ കാല മോൺട്രിയാലിൻ്റെ തിരക്കൊഴിഞ്ഞ വഴികളിൽ ആകാശം പൊട്ടിവീഴുന്ന മഞ്ഞിൽ ചവിട്ടി ഞങ്ങൾ ഒരു വീട്ടിലേക്ക് കയറി. രണ്ടു മുറിയുള്ള വീട്. നെരിപ്പോടിൽ ചെറിയ വിറകു കഷ്ണങ്ങൾ കത്തുന്നുണ്ട്. പഠാൻ കോട്ടിട്ട ഒരാൾ ഒരു മൂലയിൽ നമാസ് കൊടുക്കുന്നുണ്ട്. ഞങ്ങൾ അനങ്ങാതെ നിന്നു. ദു -ആ കഴിഞ്ഞ് അയാൾ എണീറ്റ് തിരിഞ്ഞു നിന്ന് ഞങ്ങളെ നോക്കി. സലാം പറഞ്ഞു കൊണ്ട് അയാൾ കാപ്പിക്കപ്പ് മലർത്തിക്കൊണ്ടു പറഞ്ഞു.
” അരേ ഭായി ജാൻ ആജ് ടാക്സി നഹി മിലേഗാ, ബാഹർ ഹത് സെ സ്യാദാ ഡണ്ട് ഹെ”
പാകിസ്ഥാനിൽ നിന്നും കള്ളപ്പേപ്പറുകളുണ്ടാക്കി വിമാനം കയറി ക്യാനഡയിലെത്തി ടാക്സി ഓടിക്കുന്ന നവീദിൻ്റെ ശബ്ദത്തിന് കാലപ്പഴക്കത്തിൻ്റെ വിറയലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
” ചീഫ് സാബ് !!!”
എൻ്റെ വിളി കേട്ട അയാൾ ഒന്നു നിന്നു.
പിന്നെ പതുക്കെ ചുരുട്ടിൻ്റെ വെട്ടത്തിൽ എൻ്റെ അടുത്തേക്ക് നടന്നു വന്നു.
പറിഞ്ഞു മാറിയിട്ടും ഒരിക്കലുമുണങ്ങാത്ത സ്നേഹത്തിൻ്റെ ഞരമ്പുകൾ.
” ഹർഷ, ആപ് ബഡാ ഹോ ഗയാ… !…”
ചേർത്തു പിടിച്ച് വിതുമ്പുന്നതിനിടെ അയാൾ പറഞ്ഞു.
”കൈസേ നഹി സാബ്. ആഫീസർ തൊ ആപ് ധേ..”
ഒരു ചെറിയ ചിരിയോടെ കണ്ണ് തുടച്ച്, ഞാനും പറഞ്ഞു.
ആ രാത്രി മുഴുവൻ ഞങ്ങൾക്ക് വെറും അര മണിക്കൂറായിരുന്നു.
കപ്പൽ, കറാച്ചി, കേരളം, കോട്ടയം, ബേനസീർ ഭൂട്ടോ, മുഷാറഫ്, കാർഗിൽ അങ്ങനെയങ്ങനെ…
പുലർച്ച രണ്ടായപ്പോൾ മസറിൻ്റെ ഫോണിൽ വിളി വന്നു. തിടുക്കപ്പെട്ട് കപ്പലിലേക്ക് യാത്ര തിരിക്കും മുൻപ് കുറേ നേരം ഞങ്ങൾ കെട്ടിപ്പിടിച്ചു നിന്നു. എൻ്റെ തോളിലൂടെ നവീദിൻ്റെ ചുടു ശ്വാസം ഊർന്നിറങ്ങിക്കൊണ്ടിരുന്നു. അയാളുടെ കഴുത്തിലെ ഗദ്ഗദങ്ങൾ എൻ്റെ കാതിലേക്ക് അരിച്ചു കയറിക്കൊണ്ടിരുന്നു. അടർന്നു മാറിയിട്ടും ഞങ്ങൾ കുറേനേരം നോക്കി നിന്നു. പിടിച്ചു നിൽക്കുവാനാവാതെ നോട്ടം മുറിച്ച് ഞാൻ പിന്നോട്ട് നിന്നു.
എന്നെ തുകൽ ജാക്കറ്റ് ഇടീപ്പിച്ച് അയാൾ തോളിൽ തട്ടി യാത്ര പറയാതെ തിരിഞ്ഞു നിന്നു. ചുരുട്ട് കത്തിച്ച്, അറ്റം ഉരുട്ടി അതിൻ്റെ ഒറ്റക്കണ്ണിലേക്ക് നോക്കി ഊതിയ ശേഷം ഒരു നെടുവീർപ്പിട്ടു. നെരിപ്പോടിലെ നാളങ്ങൾ ഒന്നിളകിക്കത്തി.
തിരിഞ്ഞു നടന്ന എന്നെ പിന്നിൽ നിന്നും വിളിച്ച നവീദ് തുകൽ ജാക്കറ്റിനുളളിൽ ഒരു കവർ വെച്ചിട്ടുണ്ടന്നും അത് കപ്പലിൽ ചെന്ന ശേഷം മാത്രമേ തുറന്നു വായിക്കാവൂ എന്നു പറഞ്ഞ ശേഷം തല കുനിച്ച് നിന്നു. വീട്ടിൽ നിന്നും മഞ്ഞിൽ ചവിട്ടി നടന്ന് കാറിൽ കയറിയ ഞങ്ങളുടെ ഒപ്പം വീടിൻ്റെ വാതിൽ അടഞ്ഞ ശബ്ദവും കയറി, കാറിൻ്റെ ഡോറടഞ്ഞ ഒച്ച തിരികെയോടി വാതിൽപ്പടിയിൽ ചെന്നിരുന്നു. ജനാലക്കലെ കർട്ടൻ്റെ ഇടയിലൂടെ നീലക്കണ്ണുകൾ ഞങ്ങളെ നോക്കിക്കൊണ്ടിരിക്കവേ പതിയെ കർട്ടൻ വീണു.
മഞ്ഞുവീഴ്ച നിന്നിരുന്നു. സ്റ്റാർ ബക്സിലെ കോഫി കുടിച്ചു കൊണ്ട് തിരികെ കപ്പലിലെത്തിയ എന്നെ ആളുകൾ സംശയത്തോടെ നോക്കി.
‘അവനൊരു മാന്യൻ…പെണ്ണുപിടിക്കാൻ പോയതല്ലേടാ ‘ എന്ന മട്ടിലെ ഇന്ത്യൻ സംശയം എല്ലാ നോട്ടങ്ങളിലുമുണ്ടായിരുന്നു. ചീഫ് മേറ്റായതു കൊണ്ട് ആരും മുഖത്തു നോക്കി ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
ആ കവർ ഞാൻ തുറക്കാനെടുത്തെങ്കിലും ജോലിത്തിരക്കുകൾ കൊണ്ടത് മാറ്റി വെച്ചു.
ചരക്കു കയറ്റി തീർന്ന കപ്പൽ കല്യാണ വീടുപോലെയാണ്. ആളുകൾ. തിരക്കുകൾ.കല്യാണപ്പെണ്ണിൻ്റെ വണ്ടി വിടും വരെ നീളുന്ന നെട്ടോട്ടങ്ങൾ.
തിരക്കിനിടയിൽ മസറും യാത്രയായി. പോകും മുൻപ് അയാൾ ‘എഴുത്തു വായിച്ചുവോ?’ എന്നു ചോദിച്ചു. ‘ഇല്ല ‘എന്ന് ഞാൻ തല കുലുക്കി. അയാളുടെ കാർഡ് എൻ്റെ കീശയിൽ വെച്ചു തന്ന് പിരിയുമ്പോഴേക്കും ഡിപ്പാർച്ചർ സ്റ്റേഷൻ വിളിച്ചു. വീണ്ടും ഓട്ടം. തിരികെ വന്ന് മേശപ്പുറത്ത് വെച്ചിരുന്ന കവർ ഞാനെടുത്തു. വിറക്കുന്ന കൈകളോടെ സിഗരറ്റു കത്തിച്ച് ആഷ് ട്രേയുടെ മുകളിൽ വെച്ച് കവർ പൊട്ടിച്ച എൻ്റെ കൈകളിൽക്കിടന്ന് വാക്കുകൾ തിരമാലകളെ പോലെ ഇളകിത്തെറിച്ചു.
” ഹർഷാ…ഹം എക് ബാത് ഹർ ദഫാ സോചതാ ഹെ!..കാഷ് തൂ ഉസ് ദിൻ മേരാഹാത് ഛോട് കേ ക്വാഹിഷേം പുരാ കർദേത്താ, കെറ്റിൽ കേ ഗന്ദാ പാനീ കെ ജഗാ സെഹർ പിലാദേത്താ !!… അൽ വിദാ ഭായി ജാൻ. കഭീ മത് മിൽ നാ…..”
ബഡേ ഘോഫ് സേ..
നവീദ്…”
( ഹർഷാ, ഞാനെപ്പോഴും ഒരു കാര്യം ആലോചിക്കാറുണ്ട്. നീ അന്ന് എൻ്റെ കൈവിട്ട് നിൻ്റെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചിരുന്നെങ്കിലെന്ന്, കെറ്റിലിലെ ചീത്ത വെള്ളത്തിനു പകരം വിഷം തന്നിരുന്നു എങ്കിലെന്ന് !!!. പ്രിയപ്പെട്ടവനേ നിനക്കു വിട. ഇനി ഒരിക്കലും പരസ്പരം കാണരുത്. ”
ഒരു പാട് പേടികളോടെ, നവീദ്.)
എഴുത്ത് മടക്കി വെച്ച ഞാൻ ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട്, അതേ കപ്പലിലെ ട്രെയിനി കേഡറ്റിനെ ഒന്നു നോക്കി. അവനും നോട്ടം മുറിച്ച് തല താഴ്ത്തി നിന്നു.
കാലിൽ ഒരു പിടി വീണു. കടലാഴങ്ങളിലെ ഏതോ അഗാധഗർത്തത്തിൻ്റെ മടിത്തട്ടിലേക്ക് എന്നെയും വലിച്ചുകൊണ്ട് നവീദ് പോവുകയാണ്. ഒരു പാട് നീന്തി നോക്കിയെങ്കിലും, തിരിച്ചു വരുവാനാവാതെ ആ ഇരുളിൽ ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ് .
ഇന്നും !!!
ഇപ്പോഴും !!!
(അവസാനിച്ചു)
ഫുട്ട് നോട്ട് –
*പത്താൻകോട്ട് – പാക്കിസ്ഥാനി പഠാണികൾ ( ആണുങ്ങൾ ) ധരിക്കുന്ന വസ്ത്രം, ഏകദേശം ജുബ്ബായും, വള്ളി കെട്ടുന്ന പാൻറും പോലെ ഉപമിക്കാം. പഠാൺകോട്ട് എന്ന സ്ഥലവുമായി ഒരു ബന്ധവുമില്ല
- സീവേ – ഗ്രേറ്റ് ലേക്ക്സിൽ നിന്നും അറ്റ്ലാൻറിക്കിലേക്ക് നീളുന്ന കടലിടുക്ക്.
- ഫിറ്റ്നസ് സർട്ടിഫിക്കറ്റ് – യഥാ ചരക്കു കയറ്റുവാൻ കപ്പലിന് ശേഷിയുണ്ട് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.കപ്പൽ ഉണ്ടാക്കുന്ന യാർഡിൽ സർവ്വേക്കു ശേഷം കൊടുക്കുന്ന സർട്ടിഫിക്കറ്റ്.
- ബോയിലർ സ്യൂട്ട് – ദേഹം മുഴുവൻ കവർ ചെയ്യുന്ന കോട്ടൺ ഉടുപ്പ് ( ഏകദേശം ഒരു പി പി ഇ കിറ്റിലെ ഉടുപ്പു പോലെയിരിക്കും).