
ഒരു എഞ്ചിൻ ഡ്രൈവറുടെ ഓർമ്മക്കുറിപ്പുകൾ
ജീയോ ജോർജ്

സൈറൺ മുഴക്കി പാളത്തിലൂടെ കുതിച്ചു പായുന്ന തീവണ്ടി പോലെയാണ് ഓർമ്മകൾ. ചിലപ്പോൾ പാളം തെറ്റും, ഓർമ്മകൾ മുറിയും. പിന്നെ ട്രാക്കിലിറങ്ങി പണിയെടുത്ത് പാളം നേരെയാക്കും. യാത്ര തുടരും. അതു പോലെയാണ് മുറിഞ്ഞ ഓർമ്മകളെ ഓർത്തെടുത്ത് പറയുന്നത്.ഇരുപത് വർഷത്തിലധികമായി ഒരു സഞ്ചരിയായി ആയിരക്കണക്കിന് യാത്രികാരുടെ ജീവനുമായി പായുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റായി കോങ്കൺ റെയിൽവേയിൽ ജോലി ചെയ്യുന്ന സിയാഫ് അബ്ദുൽ ഖാദിറിന്റെ ഓർമ്മക്കുറിപ്പുകൾ ആണ് തീവണ്ടി യാത്രകൾ.
യാത്രകൾ ജോലിയുടെ ഭാഗമായ ഒരു മനുഷ്യന്റെ ഓർമ്മകുറിപ്പുകൾ വായിക്കാനിരിക്കുന്നവർക്ക് മുന്നിൽ തുറന്നിടുന്നത് വിശാലമായ ഒരു ലോകമാണ്. തീവണ്ടിയുടെ എഞ്ചിൻ മുഴക്കി കുതിച്ചു പായുന്ന ഒരു ലോകം. അതിൽ താണ്ടിയ പാതകളും, മനുഷ്യരും ഭൂമിയിലെ ജീവജാലങ്ങളും, പ്രകൃതിയും കടന്നു വരുന്നു.അനുഭവങ്ങളുടെ തീച്ചുളയിൽ നിന്നുള്ള ദൃശ്യങ്ങൾ ഓരോന്നായി വായനക്കാരിൽ പതിപ്പിച്ച വരികൾ, സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ പുറം കാഴ്ചകൾ,മനസ്സിൽ നോവ് അവശേഷിപ്പിച്ച സംഭവങ്ങൾ, തീവണ്ടിയുടെ എഞ്ചിൻ മുരൾച്ചക്കും, സിഗ്നലുകൾക്കുമിടയിൽ അദ്ധ്യായങ്ങൾ ഓരോന്നായി മറിയും.

മഴനനഞ്ഞ റെയിൽവേ ട്രാക്കിൽ നൃത്തം ചെയ്യുന്ന ആൺമയിൽ. അടുത്തെവിടെയോ മരച്ചില്ലയിൽ ഇരിക്കുന്ന പ്രണയിനിക്ക് വേണ്ടിയാകണം. തീവണ്ടിയുടെ വരവ് ശ്രദ്ധിക്കാതെ ട്രാക്കിൽ നൃത്തം ചെയ്യുന്ന മയിലിനെക്കുറിച്ചുള്ള വിവരണത്തിന്റെ ഭാഗം, റെയിൽവേ ട്രാക്കിൽ നിന്നും തെറിച്ചു വീഴുന്ന പശുവും, കിടാവും തുടങ്ങിയ കഥകൾ നടുക്കുന്നതാണ്. എഞ്ചിൻ ഡ്രൈവർ നിസ്സഹായനായി പോവുന്ന അനേകം സംഭവങ്ങളിൽ ഒന്ന് മാത്രമാണ്. ഇതേത്തുടർന്ന് ഒരു ലോക്കോപൈലറ്റ് അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസികസമ്മർദ്ദം അവർക്ക് മാത്രം മനസിലാവുന്നതാണ്.
യാത്രകൾ ജോലിയുടെ ഭാഗമായതിനാൽ എഞ്ചിൻ ഡ്രൈവർ ഒരു സഞ്ചരിയാണ്. പല സംസ്ഥാനങ്ങളിലൂടെ കുതിച്ച് പായുമ്പോൾ അപരിചിതരായ മുഖങ്ങളെയും, സംസ്കാരത്തെയും, ഭക്ഷണരീതികളെയും പരിചയപ്പെടും വായനക്കാർ. മല്ലിയുടെയും, അബ്ബായുടെയും, അന്നയുടെയും ഒക്കെ ജീവിതത്തെ നേരിട്ടറിഞ്ഞ രചിയിതാവ് അതൊരു കഥ പോലെ വായനക്കാരന് മുന്നിൽ തുറന്നിടുന്നു. കുറച്ചേ ഉള്ളുവെങ്കിലും വളരെപ്പെട്ടന്ന് വായനക്കാരനിലേക്ക് ഇറങ്ങി ചെല്ലുന്ന വിധം ഓർമ്മയിൽ ചികഞ്ഞെടുത്ത കഥകളും, കഥാപാത്രങ്ങളും വായനയിലുടനീളം പരിചയപ്പെടാം. അവതരണശൈലിയും ഭാഷയും എടുത്തു പറയേണ്ട കാര്യമാണ്. സാഹിത്യത്തിന്റെ അതിപ്രസരണങ്ങൾ ഒഴിവാക്കി ഒതുക്കിയെഴുതിയ വാചകങ്ങൾ വായനക്കാരനെ രസിപ്പിക്കാൻ ഉതകുന്നതാണ്. കുറിപ്പുകൾക്ക് കൃത്യമായ ഒരു ഓർഡർ ഇല്ലാത്തത് വായനക്കാർക്ക് ഒരു കല്ലുകടിയാവാൻ എല്ലാ വിധ സാധ്യതകളും മുഴച്ചു നിൽക്കുന്നത് തീവണ്ടി യാത്രകളുടെ പോരായ്മയാണ്.
ഒരു എഞ്ചിൻ ഡ്രൈവറുടെ ഹൃദയതാളമറിഞ്ഞ്, അവരുടെ ജീവിതത്തെ വായനക്കാരുടെ മനസ്സിൽ പതിപ്പിച്ച് ഈ ഓർമ്മകുറിപ്പ് അവസാനിക്കുമ്പോൾ നാം ജീവിക്കാത്ത, അനുഭവിക്കാത്ത, കണ്ടിട്ടില്ലാത്ത ജീവിതങ്ങൾ കെട്ട്കഥകളല്ല എന്ന തിരിച്ചറിവ് സമ്മാനിക്കും. കടുത്ത ജോലി സമ്മർദ്ദങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഇടയിൽ ആയിരക്കണക്കിന് യാത്രികാരുടെ ജീവനും കയ്യിൽ പിടിച്ച് എഞ്ചിൻ ഡ്രൈവർ കണ്ണടക്കാതെ ഇരിക്കുമ്പോൾ ഓരോ വായനക്കാരും കൂടതൽ ജാഗരൂകനാവേണ്ടതുണ്ട് അടുത്ത പേജുകളിലേക്ക്. ലളിതമായി പറഞ്ഞാൽ
സിയാഫ് അബ്ദുൽ ഖാദിറിന്റെ തൂലികയിൽ വിരിഞ്ഞ് ഇരുന്നൂറ് രൂപ വിലയിൽ
മാത്രഭൂമി ബുക്സ് പുറത്തിറക്കിയ തീവണ്ടിയാത്രകൾ വായനക്കാർക്ക് ധൈര്യപൂർവ്വം പച്ചക്കൊടി വീശാവുന്ന അനുഭവക്കുറിപ്പുകളാവുന്നു.