
അധ്യാപകരേ… നമ്മുടെ കുട്ടികൾ പൊളിയാണ്, പൊളിറ്റിക്കലുമാണ്

സച്ചിൻ എസ്. എൽ
ഏതാനും വർഷങ്ങൾ കൊണ്ട് കൊണ്ട് ലോകം ഒരുപാട് മാറിയിട്ടുണ്ട്. ബഫറിങ്ങില്ലാതെ നമ്മൾ യൂട്യൂബ് കാണാൻ തുടങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ല. ലോകസിനിമകളും സീരീസുകളും നമ്മുടെ വിരൽത്തുമ്പിൽ കിട്ടാൻ തുടങ്ങിയിട്ടും അധികമായിട്ടില്ല. സാങ്കേതികപരമായ ഈ മുന്നേറ്റം പുതിയ തലമുറയുടെ രാഷ്ട്രീയ – ആസ്വാദന തലങ്ങളെ വലിയ രീതിയിൽ മുന്നോട്ട് നടത്തിയിട്ടുണ്ട്. ‘അരാഷ്ട്രീയർ’ എന്ന് നമ്മൾ ചാപ്പകുത്തി മാറ്റി നിർത്തുന്ന ഇപ്പഴത്തെ ബിരുദ – ബിരുദാനന്തര തലമുറയിലെ കുട്ടികൾ’ പക്ഷെ ഭീകര പൊളിറ്റിക്കൽ തന്നെയാണ്.
അവരുടെ കറക്റ്റ് പൾസ് അറിയാൻ തൊട്ട് മേലെയുള്ള എന്റെ തലമുറക്ക് പോലും പറ്റാറില്ല. അപ്പൊ പിന്നെ അതിനും മേലെയുള്ള അവരുടെ അധ്യാപക – രക്ഷിതാക്കളുടെ തലമുറയെ പറ്റി പറയേണ്ടതില്ലല്ലോ..!
ഈയടുത്ത് നടന്ന തൃശൂർ മെഡിക്കൽ കോളേജിലെ ഡാൻസ് വിവാദം ഇതിനോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്. ബഹാഭൂരിഭാഗം പേരും ആ ഡാൻസിനെ അഭിനന്ദിച്ചു കൊണ്ട് അത് പല ആവർത്തി കണ്ടപ്പോൾ, മറ്റൊരു കൂട്ടർ അതിലും വിവാദം കണ്ടെത്തി.
സ്ക്രബ്സ് ധരിച്ച് ആശുപത്രിയിലെ ഒരൊഴിഞ്ഞ വരാന്തയിൽ നിന്നാണ് ആ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഡോക്ടർമാരോ മെഡിക്കൽ സ്റ്റുഡന്റ്സോ ആടാനും പാടാനും പാടില്ലെന്ന് പറഞ്ഞൊരു കൂട്ടര്. ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചാടിയതിൽ ചൊറി വരുന്ന മറ്റൊരു കൂട്ടർ. നവീൻ കെ. റസാഖും ജാനകി ഓംകുമാറും ഒന്നിച്ചതിൽ ഏറ്റവും കൂടുതൽ വിഷം വമിച്ചത് പക്ഷെ മറ്റൊരു കൂട്ടർക്കായിരുന്നു. കുട്ടികളുടെ മതം കണ്ടത്തി, അതിൽ ലവ് ജിഹാദ് പോലുള്ള സംഗതികൾ ആരോപിച്ചത് പഠിപ്പും വിവരവുമുള്ള ഒരു വക്കീൽ ആയിരുന്നു. അയാളെ പിന്തുണയ്ക്കാനും ആളുണ്ടായി ഈ കേരളത്തിൽ !

തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ അതിനെ ഒറ്റക്കെട്ടായി നേരിട്ടു. നവീന്റെയും ജാനകിയുടെയും കൂടെ അവരുടെ കൂട്ടുകാർ കൂടെ കൂടി. മറ്റൊരു ഡാൻസ് വീഡിയോ അവരുടെ കോളേജ് യൂണിയൻ പേജിൽ തന്നെ അവർ പോസ്റ്റ് ചെയ്തു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പതിനായിരകണക്കിന് വിദ്യാത്ഥികളുടെ വാട്സാപ്പ് സ്റ്റാറ്റസ്സുകൾ ആ ദിവസങ്ങളിൽ “റാ റാ റാസ്പുട്ടിൻ…” എന്ന അവരുടെ ഡാൻസ് ആയിരുന്നു. കേവലം ആസ്വാദനത്തിനപ്പുറം, മതം പറഞ്ഞു സൗഹൃദങ്ങളിക്കിടയിൽ ചേരി തിരിക്കുന്ന ആഭാസക്കാർക്കും സദാചാര പോലീസ് ചമയുന്ന കേശവൻ മാമൻക്കാർക്കും എതിരെയുള്ള കൃത്യമായ പ്രതിഷേധമായിരുന്നു ഓരോ സ്റ്റാറ്റസുകളിലും.
പറഞ്ഞു വന്നത്, കുട്ടികളൊക്കെ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്, എന്ന് തന്നെയാണ്.
അങ്ങനെ കുറച്ച് കാണേണ്ടവരേയല്ല നമ്മുടെ കുട്ടികൾ. പുതുതലമുറയുടെ, പുതുകലാലയത്തിന്റെ ലോകം വിഭിന്നമാണ്. നമ്മളൊക്കെ വിചാരിക്കുന്നതിനേക്കാൾ പൊളിറ്റിക്കൽ മൈൻഡ് ഉള്ള വലിയൊരു വിദ്യാർത്ഥി സമൂഹത്തിന് മുൻപിലാണ് ഇന്നത്തെ അധ്യാപകർ നിരന്തരം സംവദിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമ രംഗത്തിന്റെ അമിത പ്രസരത്തിന്റെ ഇടയിലേക്ക് കുട്ടികൾ പൂർണ്ണമായും വ്യാപരിച്ചു കഴിഞ്ഞൂവെന്നത് പല അധ്യാപകർക്കും എന്നത്തെയും പോലെ ഇന്നും പരാതിയാണ്. മൊബൈൽ ടെക്നോളജിയോട് കടക്ക് പുറത്തെന്ന് പറഞ്ഞ കോളേജ് സർക്കുലറുകൾ മാറ്റിയെഴുതാൻ വിധിക്കപ്പെട്ട ഒരു വർഷത്തിനിപ്പുറം ക്ലാസ്മുറിക്കകത്തേക്കും മൊബൈൽ ഫോണുകളുടെ നിർലോഭമുള്ള കടന്നുവരവിന് വഴിയൊരുക്കിയപ്പോൾ അധ്യാപകരുടെ ചില വാശികളുമവസാനിച്ചു.
ക്ലാസ്മുറിയിൽ മൊബൈൽ ഉപയാഗിച്ചാൽ പിന്നെ പ്രിൻസിപ്പാളുടെ അടുത്ത് ചെന്ന് വാങ്ങേണ്ടി വരുമെന്ന പതിവ് ത്രെറ്റനിംഗും പാളിയെന്ന് പറയാം.
ഇത്തരത്തിൽ കുട്ടികൾ വഴിതെറ്റുമെന്ന ചിന്ത ഇപ്പോഴും നിങ്ങളെ അലട്ടുന്നോ അധ്യാപകരേ…? എന്നാൽ നമ്മുടെ കുട്ടികൾ പൊളിയാണ്. അങ്ങേയറ്റം പൊളിറ്റിക്കലാണ്. വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹം അങ്ങേയറ്റം അപൊളിറ്റിക്കൽ ആണെന്ന് മുദ്രകുത്തുന്ന അധ്യാപക സുഹൃത്തേ നമ്മുടെ കുട്ടികളുടെ വ്യവഹാര മേഖലകളിൽ ചെന്ന് നോക്കൂ അവിടെ കാണാം, അവളുടെ/അവന്റെ മികവ്. ക്ലാസ്മുറിയിലെ അക്കാദമിക് ലോകത്തിനുള്ളിൽ മാത്രം ഒതുക്കപ്പെട്ട് വളരാൻ പ്രേരിപ്പിച്ചിരുന്ന കാലത്തിന് കുട്ടികൾ എന്നേ വിടപറഞ്ഞു. തങ്ങളുടെ ഐഡന്റിറ്റി കാണിക്കാൻ തങ്ങളുടെ ഇഷ്ടങ്ങൾ വിളിച്ച് പറയാൻ, ലോകത്താകമാനം നടക്കുന്ന സംഭവ വികാസങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ, അനീതികൾക്കെതിരെ നിർഭയം ശബ്ദമുയർത്താൻ അവർക്കിന്നൊരു പ്ലാറ്റ്ഫോമുണ്ട്. ‘ഇൻസ്റ്റഗ്രാം.’ അവരോരുത്തരുടെയും പ്രൊഫൈലുകൾ ചെന്ന് നോക്കുമ്പോളറിയാം. നമ്മളു പോലും അറിയാത്ത എത്രയെത്ര മേഖലകളിലാണ് അവരുടെ കണ്ണെത്തിയതെന്ന്. ആമസോണിന് തീ പിടിച്ചപ്പോൾ, ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭം ലോകമാകെ കത്തിപ്പടർന്നപ്പോൾ, ഇന്ത്യയെ പിടിച്ച് കുലുക്കിയ പൗരത്വ ബിൽ / കർഷക പ്രക്ഷോഭങ്ങൾക്കെതിരെ ആഞ്ഞടിച്ചത് എല്ലാം വിദ്യാർത്ഥികളല്ലേ..? അതാ പറഞ്ഞത് നമ്മുടെ കുട്ടികൾ ചില്ലറക്കാരല്ലെന്ന്, അവർ ഇന്റർ നാഷണലാണ്.
സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുവരവ് ഘോഷിക്കപ്പെട്ടിട്ട് ഒരു പതിറ്റാണ്ടോളമായിരിക്കുന്നു. ഇന്നത്തെ നമ്മുടെ വിദ്യാർത്ഥി തലമുറ ബിരുദകാലത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത് തന്നെ ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലെ കലഹങ്ങളോട് ഇടപെട്ട് കൊണ്ട് തന്നെയാണ്. അക്കാദമിക എക്സലൻസ് ആണ് ഒരു വിദ്യാർത്ഥിയെ വിലയിരുത്തുന്നത് എന്ന പഴഞ്ചൻ പറച്ചിലിനെ ദൂരെക്കളയുന്ന വിധമാണ് അവരുടെ പ്രസ്തുതലോകത്തിനൊപ്പമുള്ള സഞ്ചാരം. ഇഷ്ടപ്പെടുന്ന വ്യവഹാരത്തിൽ വ്യാപരിക്കാനാകുകയെന്നത് ആരെ സംബന്ധിച്ചും വളരെയേറെ സന്തോഷദായകമായ വാസ്തവമല്ലേ…!
പുതിയ കാലത്തെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവ് ആയ കാര്യവും ഇത് തന്നെ. ഒന്നോ രണ്ടോ വർഷം മുൻപ് വരെയ്ക്കും കണ്ട് വന്നിരുന്ന സർക്കാർ ജോലി നേടി ജീവിതം സുഗമമാക്കുക അല്ലെങ്കിൽ പ്രൈവറ്റ്/കോർപ്പറേറ്റ് മേഖലകളിൽ തിളക്കമുള്ള അർബ്ബൻ സ്റ്റൈൽ എംപ്ലോയി ആയി ലേബൽ ചെയ്യപ്പെടുക എന്ന് തുടങ്ങിയ ആഗ്രഹങ്ങളേക്കാറേ പുതിയ കാലത്തിനാവശ്യം തങ്ങളുടേതായ ട്രേഡ് മാർക്ക് സൃഷ്ടിക്കുക സ്വയം സംരഭങ്ങൾ ആരംഭിക്കുക എന്നത് തന്നെയാണ്. വീട്ടിലിരുന്നും ജോലി ചെയ്യുന്ന ഇൻസ്റ്റഗ്രാമിലൂടെയും/ വാട്ട്സാപ്പിലൂടെയും സ്വയം സമ്പാദിക്കുന്ന വിദ്യാർത്ഥികൾ എത്രയോ..! നവമാധ്യമരംഗത്തെ സാധ്യതകൾ ഏറ്റവും നന്നായി അറിയുവാൻ കഴിയുന്ന ഇവരുടെ കയ്യെത്താത്ത മേഖലകളില്ല. കൂടുതലും പെൺകുട്ടികളാണ് ഇത്തരത്തിൽ മുന്നിട്ട് നിൽക്കുന്നത്.
ക്രാഫ്റ്റ് വർക്കുകളിലൂടെയും, ആർട്ടിസ്റ്റിക് – പെയിന്റിംഗ് വർക്കുകളിലൂടെയും, ബേക്കിംഗ് രംഗത്തും വസ്ത്ര വിപണന രംഗത്തും വരെ ഇക്കഴിഞ്ഞ പാൻഡെമിക് കാലയളവിൽ പോലും
വ്യക്തമായ നേട്ടമാണ് കുട്ടികൾ കൊയ്തെടുത്തത്. മുതിർന്നവരിലേറെയും ജോലി നഷ്ടപ്പെട്ടും, ജോലിക്ക് പോകാനാകാതെയും ലോക്ക്ഡൗൺ കാലം തള്ളിനീക്കിയപ്പോൾ ഈ കുട്ടികൾ തങ്ങൾക്ക് കിട്ടിയ അവസരത്തെ നല്ലവണ്ണം മുതലെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനെല്ലാം കാരണം അവർ അപ്ഡേറ്റഡാണ് എന്നുള്ളത് തന്നെയാണ്. ദിവസേനയെന്നോണം പലവിധ മേഖലകളിലെ മാറി വരുന്ന ട്രെൻഡുകൾക്ക് അനുയോജ്യമായി പ്രവർത്തിക്കാൻ അവർക്കാകുന്നുവെന്നത് ഓരോരുത്തരും കയ്യിൽ കൊണ്ടുനടക്കുന്ന മൊബൈൽ ഗാഡ്ജറ്റുകളാണ്. അവർ വിഹരിക്കുന്ന സോഷ്യൽ മീഡിയ സാമ്രാജ്യങ്ങളാണ്.
കേവലം അറ്റൻഡൻസ് രജിസ്റ്ററിലും പ്രോഗ്രസ് റിപ്പോർട്ടിലും മാത്രം നമ്മളറിഞ്ഞിരുന്ന വിദ്യാർത്ഥിക്ക് മറ്റൊരു മുഖമുണ്ടെന്ന് കൂടിയറിഞ്ഞാലോ..? ഇൻസ്റ്റഗ്രാമിനകത്തെ അവരുടെ ലോകത്തിൽ താനെന്താണെന്ന് വളരെ കൃത്യമായി കാണിച്ചു തരുന്നുണ്ടവർ.
തന്റെ ഇഷ്ടങ്ങളും സ്വഭാവസവിശേഷതകളും ‘പ്രൊഫൈൽ ബയോ’ വിൽ ചേർക്കുന്ന അവർ തന്റേതായ ആറ്റിറ്റ്യൂഡ് പ്രകടിപ്പിച്ച് നിൽക്കുന്ന ചിത്രങ്ങളും പ്രദർശിപ്പിക്കുക വഴി വലിയൊരു ദൂരം സഞ്ചരിച്ചുവെന്ന് വ്യക്തം. പണ്ടൊരു കാലത്തേക്ക് എത്തിനോക്കാം. തങ്ങളുടെ ചിത്രങ്ങൾ പോലും എവിടെയും പ്രദർശിപ്പിക്കാനനുമതിയില്ലാത്ത പെൺകുട്ടികളിൽ നിന്നും സ്റ്റൈലിഷ് ലുക്കുള്ള വിവിധ പോസുകളിൽ ഫോട്ടോ പോസ് ചെയ്യും വിധം പെൺകുട്ടികളിൽ വന്ന മാറ്റം കേവലം സോഷ്യൽമീഡിയയ്ക്കകത്ത് ഒതുങ്ങി നിൽക്കുന്നില്ല. മാറ്റങ്ങൾ അവരുടെ ദൈനം ദിന ജീവിതത്തിലും പ്രത്യക്ഷപ്പെട്ടു.
‘പിരീഡ് ഷേയിം’ മാറി എന്നതാണ് വലിയൊരു ഉദാഹരണം. ഒരു കാലത്ത്, മെനുസ്ട്രെഷൻ ആരംഭിച്ച പെൺകുട്ടിയുടെ പൊതുസമൂഹത്തിലെ ജീവിതം അത്രയേറെ ദുസ്സഹമായിരുന്നു. ആരോടും തന്റെ അവസ്ഥ തുറന്ന് പറയാനാകാതെ, മെഡിക്കൽ സ്റ്റോറിൽച്ചെന്ന് സാനിറ്ററി നാപ്കിൻ വാങ്ങിക്കാൻ വരെ അപഹസിക്കപ്പെടുമോയെന്ന് ഭയന്ന ഒരു കാലം ഉണ്ടായിരുന്നു. അത്രയേറെ മോശപ്പെട്ട എന്തോ ഒന്നാണ് പിരീഡ്സ് എന്ന് പറഞ്ഞും കാണിച്ചും പഠിപ്പിച്ച സ്വകുടുംബമടങ്ങുന്ന ആ സമൂഹനോട്ടങ്ങളെ പാടെതള്ളിമറിച്ചിട്ട പരിവർത്തനമാണ് ഇന്നത്തെ കുട്ടികളിൽ ഉണ്ടായത്.
“പിരീഡ്സാണ്, ടോയ്ലറ്റിൽ പോണം” എന്ന് തുറന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്ന മാറ്റം ഒരിക്കലും ചെറുതല്ല.
2018 ലെ പ്രളയകാലം പഠിപ്പിച്ച മാറ്റങ്ങളിലൊന്നാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ പെട്ടുപോയ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിൻ എത്തിച്ചു കൊടുക്കാനും മറ്റാവശ്യങ്ങൾക്കുമെല്ലാം പാഞ്ഞുനടന്നത് ഈ കുട്ടികൾ തന്നെയായിരുന്നു. അവർക്ക് അസ്വാഭാവികമായി, തൊട്ടുകൂടായ്മയായി ഇത് തോന്നിയതേയില്ല. അത് സാധിച്ചത് അവർ ഇന്ന് ജീവിക്കുന്ന ഇടത്തിന്റെ ഇടപെടലുകളുടെ പവറിലാണ്.

90’s കിഡ്സിന്റെയൊക്കെ പ്ലസ്ടൂക്കാലത്തിലെയും, ബിരുദകാലത്തിലെയും പ്രധാന നേരമ്പോക്കുകൾ ‘ബോഡി ഷെയിമിംഗ്’ ആയിരുന്നു. അതിൽ തമാശ കണ്ടെത്തി ഒരാളുടെ രൂപത്തെ പരസ്യമായി അപഹസിച്ച് ആനന്ദം കണ്ടെത്തിയിരുന്ന ഒരു കൂട്ടം. കറുത്തവൻ ‘കരി’ യായും, തടിച്ചവൻ ‘തടിയനാ’ യും, നീണ്ടു മെലിഞ്ഞവൾ ‘കൊക്ക’ യായും, പൊക്കം കുറഞ്ഞവൾ ‘കുള്ളത്തി’ യായും ലേബൽ ചെയ്യപ്പെട്ടിരുന്ന അവരെ അപ്രകാരം മാത്രം അഭിസംബോധന ചെയ്ത് പോന്നിരുന്ന സുഹൃദ് വലയങ്ങളല്ല ഇന്ന്. പുതിയ കുട്ടികൾക്ക് ഒപ്പമുള്ളവരുടെ രൂപമോ, നിറമോ, മണമോ പ്രശ്നമാകുന്നേയില്ല. അവർക്ക് തമാശ കണ്ടെത്താൻ മറ്റൊരു കൂട്ടരെ പരിഹസിക്കേണ്ട ആവശ്യമേയില്ല. എത്രത്തോളം ശ്രദ്ധാലുവാണിവിടെ നമ്മുടെ കുട്ടികൾ. നിലവിലെ സമൂഹ സാഹചര്യത്തിൽ പൊളിറ്റിക്കലി കറക്ട് ആകേണ്ടുന്നതിന്റെ ആവശ്യകത അവർക്ക് കൃത്യമായറിയാം. സിനിമയായും, എഴുത്തായും അവർ കാണുന്ന ചുറ്റുമുള്ള ലോകം നല്ലയളവിൽ അവരെ സ്വാധീനിക്കുന്നുണ്ട് തീർച്ച. നല്ലതുകൾ ചികഞ്ഞെടുക്കാൻ കുട്ടികൾ പഠിച്ചുവെന്നത് മഹത്തരമായ മാറ്റമാണ്.
നമ്മുടെ ക്യാമ്പസുകളിലെ സൗഹൃദ സദസുകളിലേക്കൊന്ന് നോക്കിയേ. ഇന്ന് കാണുന്ന സൗഹൃദങ്ങളുടെ ഒരുമയിൽ ഇല്ലാണ്ടായിപ്പോയ മറ്റൊന്ന് കൂടിയുണ്ട്. സൗഹൃദപ്പെടുവാൻ പ്രിവിലേജുകളുടെ വ്യത്യാസങ്ങളില്ല എന്നത് തന്നെയാണത്. പലവിധ സാമ്പത്തിക നിലവാരമുള്ള വീടന്തരീക്ഷത്തിൽ നിന്ന് വരുന്ന കുട്ടികളുള്ള ക്യാമ്പസുകളിൽ ആ നിലയ്ക്കുള്ള വിവേചനം ഒട്ടും തന്നെ ഇവർക്കിടയിൽ ഇന്നില്ല.
അണ്ടർ പ്രിവിലേജ്ഡ് ആവുക അല്ലായെങ്കിൽ പ്രിവിലേജ്ഡ് ആവുക എന്നതൊന്നും ഇക്കാലത്തെ കുട്ടികൾക്കിടയിൽ സൗഹൃദക്കൂട്ടങ്ങൾ ഉടലെടുക്കുമ്പോൾ പ്രശ്നമായി വരുന്നതേയില്ല. അവർ അതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല എന്ന് വേണം പറയാൻ.
പണ്ടൊക്കെ കുരുത്തക്കേട് കളിക്കുന്ന ആൺകുട്ടികളെ ടീച്ചർമ്മാർ പെൺകുട്ടികളുടെ ഇടയിലിരുത്തി ആക്ഷേപിക്കുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. എത്ര മോശപ്പെട്ട ഒന്നായിരുന്നത്. പെണ്ണിന്റെ അടുത്തിരിക്കുന്നത് അവളുടെ സ്പർശ്ശമേൽക്കുന്നത് അത്രയേറെ മോശപ്പെട്ട ഒന്നാണെന്ന് അന്നേ ആൺകുട്ടികളിൽ കുത്തിവെച്ചത് അധ്യാപകർ തന്നെയല്ലേ..?
ചെറിയ ക്ലാസുകളിൽ മാത്രമല്ല. വലിയ ക്ലാസുകളിലും അവരിത് തുടർന്നു. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത്, സാമീപ്യത്തിലാവുന്നത് അങ്ങേയറ്റം പ്രശ്നകരമായ എന്തോ ആണെന്നുള്ള ചിന്തയും പേറി നടന്ന ഒരു സമൂഹം പിറകേയുണ്ട്. എന്നാലിന്നോ! എത്ര നിർലോഭമാണ് ആൺ പെൺ ഒന്നിച്ചിരിക്കലുകൾ നടക്കുന്നത്. ‘ഹഗ്ഗ്’ എന്നുള്ളത് അവർക്കിടയിൽ ഇന്ന് ഏറ്റവും കോമണായ ഒരു അഭിവാദന രീതി മാത്രമാണ്. അവരുടെ സൗഹൃദങ്ങൾ ലിംഗപരമല്ല. കേവലം ശരീരങ്ങളാണെന്ന ബോധ്യത്തോടെ
പെൺ/ആൺ ഭേദമന്യേ അവർ കടുത്ത സൗഹൃദപ്പെടലുകളിൽ ഒന്നിക്കുകയും ചെയ്യുന്നു. മാറ്റമാണ്. വലിയ മാറ്റം.
ക്യാമ്പസുകളിൽ ഇന്ന് വാഴുന്ന 2000’s കിഡ്സിനെ (Millennium kids) സംബന്ധിച്ചിടത്തോളം, ക്യാമ്പസ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പുതിയ കാലത്തിന്റെ വസ്ത്രധാരണം പലപ്പോഴും പഴയ തലമുറയെ ചൊടിപ്പിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴി കേൾക്കുന്നത് പെൺകുട്ടികളുമാണ്. സംസ്കാരം മറന്നുള്ള ആന്റി കൾച്ചറലായ തോന്നിവാസമാണ് ഇന്നത്തെ പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെന്ന് ഒരു വിഭാഗം അലമുറയിട്ട് പറയുന്നു. അവളുടെ കയ്യോ, കാലോ, ഉദരഭാഗമോ ഒരൽപം കൂടുതൽ പുറമേ കണ്ട് കഴിഞ്ഞാൽ ചാടിയിറങ്ങുന്ന ഓൺലൈൻ ആങ്ങളമാർ നാട്ടിൽ ഇന്നും വാഴുന്നുണ്ട്. എന്നാൽ ഇതുകണ്ട് പേടിച്ച് പതുങ്ങാൻ ഇന്നത്തെ കുട്ടികൾ തയ്യാറാകുമെന്നാണോ..!
വുമൺസ് ഹാവ് ലെഗ്സ് ക്യാമ്പയിൻ ഓർമ്മയില്ലേ..?
സകല സദാചാരവാദികളുടെയും മുഖത്താട്ടുന്ന തരത്തിൽ ഇന്ന് പുറത്തിറങ്ങുന്ന സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ കാണുന്നില്ലേ..?
അരുതെന്ന് സമൂഹം പറഞ്ഞ് പേടിപ്പിച്ച പലതും ഇന്ന് നോർമ്മലൈസ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം നമ്മുടെ കുട്ടികൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു എന്നത് തന്നെയാണ്. അതിൽ കുറ്റം കണ്ടെത്തേണ്ടതില്ല. പുതിയ സംസ്കാരങ്ങൾ മാറ്റത്തിന്റെ നല്ല ഭാവിയുടെ ഉറപ്പാണ്.
സമൂഹജീവികളിൽ ഉൾക്കൊള്ളലുകൾ നടക്കുന്നത് ഒപ്പം നടക്കുന്ന സമൂഹവും അതേപടി ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴുമാണ്. നമ്മുടെ വിദ്യാർത്ഥികളുൾപ്പെടുന്ന സമൂഹം തിരഞ്ഞെടുത്തിരിക്കുന്നത് അവരുടെ തന്നെ സമപ്രായക്കാരുടെ ഇടങ്ങളാണ്. അങ്ങനെയാണ് ഇൻസ്റ്റഗ്രാം ഫേവറിട്ടുകളായി കുട്ടികൾ മാറുന്നത്. ശ്രദ്ധിച്ചാൽ മനസിലാകും സോഷ്യൽ മീഡിയകളിൽ പോപ്പുലറായ ഫെയ്സ്ബുക്ക് ഇന്നത്തെ കുട്ടികൾക്ക് അപരിചിതമാണ്. പലതലമുറയിലുള്ളവരും വിഹരിക്കുന്ന ആ ഇടങ്ങളെ പുതിയ കുട്ടികൾ മനപൂർവ്വം ഒഴിവാക്കിയതാണ്. കേശവമ്മാവൻ സിൻഡ്രോമുകളുടെ സിറിഞ്ചുകൾ ഏൽക്കാതിരിക്കാൻ.
അധ്യാപകരേ നിങ്ങളോട്, ഈ കുട്ടികളുടെ മുന്നിൽ പിടിച്ച് നിൽക്കണമെങ്കിൽ അവരുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കണമെങ്കിൽ എന്തിന്
കൂടുതൽ പറയുന്നു, അവരെ പഠിപ്പിക്കണമെങ്കിൽ പോലും അപ്ഡേറ്റ് ആവുക എന്നതിൽ കവിഞ്ഞ ഒരു പരിഹാരവും നമ്മുടെ മുന്നിലില്ല. ഇല്ലെങ്കിൽ ഔട്ട് ഡേറ്റഡാവും.
ജീവിക്കേണ്ടതും പഠിക്കേണ്ടതും അവനവന് വേണ്ടിയാണ്, അവനവന്റെ ഇഷ്ടങ്ങൾക്കൊപ്പവും സ്വപ്നങ്ങൾക്കൊപ്പവുമാണെന്ന ബോധ്യം ഈ പ്രായത്തിലേ കൈവരിച്ച നമ്മുടെ കുട്ടികളല്ലേ ശരിക്കും മാസ്…!