
ക്വിയര്‍ വ്യക്തികളുടെ മരണത്തിന് പിന്നിൽ ആരൊക്കെയാണ്?

ഗായത്രി. എസ്. നാരായൺ
ദാഖ് ദെൽവിയുടെ ഒരു ഗസലുണ്ട്, വരികൾ ഇങ്ങനെയാണ്- “അവർ എന്നെ കൊന്നു കളഞ്ഞിട്ട് ചോദിക്കുകയാണ്? ഈ കൊല ആരാണ് ചെയ്തത്? ആരാണ് ഈ കൊലപാതകം നടത്തിയത് ?? “
ട്രാൻസ് വ്യക്തിയുടെ മരണത്തെ കുറിച്ചുളള സാമൂഹ്യചർച്ചകളുടെ പോക്കും ഏതാണ്ട് ഇങ്ങനെ തന്നെയാണ്.
ഒറ്റവാക്കിൽ ഉത്തരം പറയണമെങ്കിൽ കാരണം ഹെട്രോനോര്മിറ്റിവിറ്റിയാണ് (heteronormativity/cisnormativity) യാണ്.
ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കാരണം
ഇതുമാത്രമാണ്.
എന്താണ് heteronormativity/cisnormativity?
കറുപ്പും വെളുപ്പും പോലെ ആണും പെണ്ണും മാത്രമാണ് ജെന്‍ഡര്‍ എന്ന വികലധാരണയാണത്. ഇതു കൂടുതൽ മനസ്സിലാവാൻ ഒരു ഉദാഹരണം പറയാം. കറുപ്പും വെറുപ്പും മാത്രമേ നിറങ്ങളായിട്ടുള്ളു എന്നു വിശ്വസിക്കുന്നതു പോലെയുള്ള അബദ്ധധാരണയാണത്. ഇതു അപകടമാവുന്നത് മഴവിൽ നിറങ്ങളെക്കുറിച്ച് മനുഷ്യർ പറയുമ്പോൾ അതു അംഗീകരിക്കാതെ പകരം വരെ പീഡിപ്പിയ്ക്കുമ്പോഴാണ്.
ഈ അബദ്ധധാരണയുടെ സാമൂഹ്യനിർമിതി തികച്ചും രാഷ്ട്രീയപരമാണ്. ഇതു ഊട്ടി ഉറപ്പിക്കുന്നത് ഒരു കുഞ്ഞുജനിക്കുന്നതിനു മുൻപേ തുടങ്ങുന്നു. ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന വ്യക്തിയുടെ നിറവയര്‍ കണ്ടിട്ട് ഇത് ആണാണോ , പെണ്ണാണോ എന്ന കാരണവന്മാരുടെ പ്രവചനത്തില്‍ തുടങ്ങുന്ന അശാസ്ത്രീയമായ സാമൂഹിക അനാചാരമാണിത്. ഇതിന്റെ വികസിത രാജ്യങ്ങളിലുള്ള ഏറ്റവും പുതിയ ട്രന്‍ഡാണ് ജന്‍ഡര്‍ റിവീലിംഗ് പാര്‍ട്ടികള്‍. സ്കാനിംഗ് സമയത്ത് തന്നെ തെറ്റായി ലിംഗനിര്‍ണ്ണയം നടത്തുന്ന ക്യാപിറ്റലിസ്റ്റ് ആഘോഷമാണിത്. കേക്ക് മുറിയ്ക്കുമ്പോള്‍, പിങ്ക് നിറമാണെങ്കില്‍ പെണ്‍കുട്ടി, നീല നിറമാണെങ്കില്‍ ആണ്‍കുട്ടി എന്നും മുന്‍വിധി നടത്തുന്നു. ഒരു മഴവില്ലിനെ വീണ്ടും രണ്ട് നിറത്തില്‍ ഒതുക്കാന്‍ ശ്രമിയ്ക്കുന്നതിന്റെ പ്രകൃത വിരുദ്ധതയാണ് ഇവിടെ ഹെട്രോനോര്മിറ്റിവിറ്റിയെ വില്ലനാക്കുന്നത്.
ജനനത്തിന് മുന്നേ തുടങ്ങുന്ന ഈ വികലധാരണകള്‍ കുട്ടി ജനിച്ച ശേഷവും തുടരുകയാണ്. ഇവിടെ ജനന രജിസ്റ്ററിലെ 2 കോളങ്ങളില്‍ ഒരുക്കി മെരുക്കാനുള്ള ചട്ടങ്ങള്‍ തുടങ്ങുകയായി. പിന്നീടങ്ങോട്ട് ആ കുഞ്ഞിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുത്താതെ വീണ്ടും പല പല ചങ്ങല കണ്ണികള്‍ കൊരുത്തു കൊണ്ടിരിയ്ക്കുകയാണ് നമ്മുടെ സമൂഹം. പെണ്‍കുട്ടി എന്ന മിസ് ലേബലിംഗില്‍ പാവയും, ആണ്‍കുട്ടി എന്ന മിസ് ലേബലിംഗില്‍ കാറും വാങ്ങി നല്‍കും. ഇത് മാതാപിതാക്കളില്‍ ഒതുങ്ങുന്നതല്ല.
ഈ ഇടയ്ക്ക് വന്ന ഒരു പരസ്യവാചകത്തില്‍ മല്‍സരത്തില്‍ ജയിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് (?) ബാര്‍ബി ഡോള്‍, ആണ്‍കുട്ടികള്‍ക്ക് (?) റിമോട്ട് കണ്ട്രോള് കാര്‍ എന്നിങ്ങനെയാണ് സമ്മാനമായി നല്‍കുന്നത്. ഇങ്ങനെ ആണ്‍കുട്ടിയ്ക്ക് ഇഷ്ടം നീലയെന്നും പെണ്കുട്ടിയ്ക്കിഷ്ടം പിങ്കെന്നും സ്ഥാപിച്ച് മനുഷ്യാനുഭവങ്ങളുടെ മഴവില്‍ നിറങ്ങളെ രണ്ട് നിറങ്ങളില്‍ നിരന്തരം തളച്ചിടാന്‍ ശ്രമിച്ച് കൊണ്ടേയിരിയ്ക്കുന്നു.
ഇതിനിടയില്‍ പ്രകൃത്യാലെന്നവണ്ണം ഒരു കുട്ടി സ്വന്തം ലിംഗം തിരിച്ചറിയുന്നു . തെറാപ്പിയ്ക്കായി വരുന്ന ക്യൂര്‍ വ്യക്തികളില്‍ പലരും മൂന്ന് വയസ്സ് തുടങ്ങി ഏറിയാല്‍ എട്ട് വയസ്സിനുള്ളില്‍ സ്വന്തം ജെന്‍ഡര്‍ സ്വത്വം തിരിച്ചറിഞ്ഞുവെന്ന അനുഭവം പങ്ക് വച്ചിട്ടുള്ളവരാണ്.
ചിറക് മുളച്ചിട്ടും പറക്കാനാകാത്ത പക്ഷികളെ പോലെ നമ്മുടെ സമൂഹം അവരെ ചിറകരിഞ്ഞ് ആണ് പെണ് ദ്വന്ദ്വങ്ങളില്‍ തളച്ചിടുന്നു. അന്ന് മുതല്‍ നിരാകരിയ്ക്കപ്പെട്ട സത്യപ്രകാശമാണ് ഒരു ക്യൂര്‍ വ്യക്തിയില്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തുന്നത്. ഈ മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ സാമൂഹിക ആരോഗ്യ സംവിധാനങ്ങളും , സര്‍ക്കാരുകളും പരാജയപ്പെടുന്നിടത്താണ് ഒരു സമൂഹമെന്ന നിലയില്‍ നമ്മളും തോറ്റ് പോകുന്നത്.അവിടെയാണ് അനന്യമാരുടെ മരണം സംഭവിയ്ക്കുന്നത്.

എങ്ങനെയവര്‍ മരിച്ചു എന്ന് അത്ഭുതപ്പെടുന്നവരോടാണ് !… കൊന്നതാണ് നമ്മള്. ട്രാന്‍സ് വ്യക്തികളില്‍ 42 ശതമാനം പേരെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും ആത്മഹത്യയെക്കുറിച്ച് ഗൌരവമായി ചിന്തിച്ചവരാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇവിടെ ആത്മഹത്യാ പ്രരണയ്ക്ക് കേസെടുക്കേണ്ടത് സമൂഹത്തിനെതിരെ ആണ്. ഇതില്‍ അവരെ ഒറ്റപ്പെടുത്തിയ, കുറ്റപ്പെടുത്തിയ, കേള്‍ക്കാതെ പോയ എല്ലാ മനുഷ്യരും ഉള്‍പ്പെടുന്നുണ്ട്. സര്‍ജറിയ്ക്ക് ശേഷം അവര്‍ നേരിട്ട ശാരീരിക മാനസിക പ്രയാസങ്ങളെ മുഖവിലയ്ക്കെടുക്കാത്ത ആരോഗ്യ സംവിധാനങ്ങളുണ്ട്. അവര്‍ക്ക് ശരിയായ മാനസിക, സാമൂഹിക, സാമ്പത്തിക പിന്തുണ ഉറപ്പ് വരുത്താത്ത സര്‍ക്കാര്‍ സംവിധാനമുണ്ട്. ജനിച്ച കുട്ടി ആണോ പെണ്ണോ എന്ന് ചോദിയ്ക്കുന്ന ഞാനും നിങ്ങളും ഉണ്ട്.
അനന്യയുടെ മരണത്തിന് ഉത്തരവാദികള്‍ കറുപ്പും വെളുപ്പും മാത്രമാണ് നിറങ്ങള്‍ എന്ന് ശഠിയ്ക്കുന്ന എല്ലാവരുമാണ്. പട്ടിണി മരണത്തിന് കാരണം പട്ടിണിയാണ് എന്നതിന് തര്‍ക്കമില്ലല്ലോ, നമ്മുടെ ഒക്കെ ഇടയില്‍ ജീവിയ്ക്കുന്നതിലും ഭേദം മരണമാണെന്ന് ഉറപ്പിച്ച് ജീവന് വെടിഞ്ഞ ക്വിയര്‍ വ്യക്തികളെ പട്ടിണിയ്ക്കിട്ടത് നമ്മള് എല്ലാവരും ചേര്‍ന്നാണ്.