രണ്ട് ജാതികള്‍

ഗായത്രി കെ ബി
നിശബ്ദതകളില്‍ നിന്ന് ഒച്ചകളിലേക്കാണവര്
നടന്നു കയറിയത്
ഹോസ്റ്റല്‍ ഗേറ്റ് വരെ
അവളും അവനും രണ്ടായിരുന്നു
പക്ഷെ രണ്ട് വഴികളായി പിരിഞ്ഞില്ല
ഇരുവരും പരസ്പരം മറന്നു പോയി
നിനച്ചിരിക്കാതെ ഒരു ഞൊടികൊണ്ട്
അവര്‍ ഒന്നാകുന്നു , ഒന്നുമാത്രമാകുന്നു
അവനവളെ ചേര്‍ത്ത് പിടിച്ചു,
കാറ്റിനു പോലും ഇടം കൊടുക്കാതെ ശരീരങ്ങള്‍ ഒന്നായി,
അവന്റെ വിരലുകള്‍ പൂപ്പറവകള്
അവളുടെ മുലക്കണ്ണുകള്‍ വജ്രമണികള്‍

അത്രമേല്‍ അഗാധമായി സ്നേഹിച്ചത് കൊണ്ടാകണം
ഇരുവരുടെയും ചുണ്ടുകള്‍ ഇഴുകിച്ചേര്‍ന്നു
ഉമിനീരുകള്‍ തമ്മില്‍ കലര്‍ന്നു
ശ്വാസം പോലും ഒന്നായി
റോഡരികില്‍ സ്കൂള്‍ കുട്ടികളുടെയും വണ്ടികളുടെയും ഒച്ചയുണ്ടായിരുന്നു
ഒച്ചകള്‍ക്കിടയില്‍ ഒരു പൂവ് വിരിയും പോലെ അവര്‍ പരസ്പരം ചുംബിച്ചു
അവളവനോട് ചോദിച്ചു
നിങ്ങളെന്റെ ആരാണ്?
നമ്മള് തമ്മില്‍ ആരാണ്?
നമ്മളിങ്ങനെ ഉണരുന്നതെന്താണ്?
അവന് പറഞ്ഞു
ആണും… പെണ്ണും
അത്രമാത്രം