
തേവിടിശ്ശി എന്ന വിളിയുടെ ചരിത്രപരത

ഗാർഗി ഹരിതകം
പിതൃമേധാവിത്ത സമൂഹങ്ങളിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന, അല്ലെങ്കിൽ അതിനായി പ്രയത്നിക്കുന്ന ഓരോ (സിസ് / ട്രാൻസ്) സ്ത്രീയും ഈ വിളി കേൾക്കാൻ തയ്യാറായേ പറ്റൂ. സിസ് സ്ത്രീകൾക്ക് മുല വളർന്നു തുടങ്ങുമ്പോൾ മുതൽ കേട്ടു തുടങ്ങാമെങ്കിൽ ട്രാൻസ് സ്ത്രീകൾ സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തിത്തുടങ്ങുമ്പോഴാവാം എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.
ഈ വിളി വേശ്യാപ്പണിയെ മനസിലാക്കുന്നതുകൊണ്ടോ മറ്റോ സാമാന്യമായ ഒന്നല്ല. അത് ഓരോ സ്ത്രീയെയും അവരുടെ ശരീരത്തിൽ, യോനിയിൽ ആണ് അവരുടെ അഭിമാനം ഇരിക്കുന്നതെന്നുള്ള ഓർമ്മിപ്പിക്കലാണ്. എന്തെല്ലാം ബൗദ്ധിക മുന്നേറ്റങ്ങൾ അവൾ നടത്തിയാലും ഒന്ന് ‘കയറ്റി’യാൽ തീർന്നു എന്ന ഭീഷണിയാണ്. സ്ത്രീകളുടെ ലൈംഗികതയെ നിയന്ത്രിച്ചുകൊണ്ടു മാത്രം സാദ്ധ്യമാവുന്ന ഒന്നാണ് പിതൃമേധാവിത്തവും ജാതീയതയും/വംശീയതയും എന്നതിനാൽത്തന്നെ, സ്വാതന്ത്ര്യത്തെക്കുറിച്ച് ആകാംഷകളുള്ള സ്ത്രീകളെ നിരന്തരം അവരുടെ ശരീരം മാത്രമാണ് സമൂഹത്തിൽ ‘പ്രയോജന’പ്പെടുന്നത് എന്ന താക്കീതാണ്.
ഈ വിളിയെ അപനിർമ്മിക്കുമ്പോൾ ശരീരത്തോട് സ്ത്രീയുടെ മൂല്യത്തെ കൂട്ടിക്കെട്ടിയ മതസംഹിതകളിലേക്കും നിയമസംവിധാനങ്ങളിലേക്കും പിന്നെ കഥ കവിത സിനിമ തുടങ്ങിയ സാംസ്കാരിക ഉൽപ്പന്നങ്ങളിലേക്കും നൂറ്റാണ്ടുകൾ പിന്നിലേക്കും തകർന്ന സംസ്കാരങ്ങളിലേക്കും അങ്ങിനെ പരന്ന്, വേരുപിടിച്ചുകിടക്കുന്ന ഒരു സംവിധാനത്തിന്റെ അറ്റങ്ങളും മൂലകളും പിടിച്ച്, അപമാനിതരാക്കപ്പെട്ട അനേകം ജനങ്ങളുടെ ജീവിതങ്ങളുടെ വേദനകളിലേക്ക് ഊളിയിടാം. ആത്മാഭിമാനത്തിന്, അന്തസ്സിന് ഒക്കെ അനാവശ്യമായ വില കൊടുത്ത് അടുക്കളപ്പുറത്തും അകത്തളങ്ങളിലും കെട്ടുപോയ തലമുറകളെത്തന്നെ കണ്ടുമുട്ടാം.
ചരിത്രപരമായ എതിർപ്പുകൾ
ഈ വിളിയെ പ്രതിരോധിച്ച, പുച്ഛിച്ച ഒരു ചരിത്ര കഥാപാത്രത്തെ അറിയുമോ… കൊടുങ്ങല്ലൂരമ്മയാണത്. മക്കളുടെ എത്ര വിചിത്രമായ ലൈംഗിക വൈകൃതങ്ങളെയും കേൾക്കാനും അത് ഉറക്കെപ്പാടാനനുവദിക്കാനും അതുകേട്ടതുകൊണ്ട് സ്വന്തം മൂല്യത്തെ അളക്കാതിരിക്കാനുമൊക്കെ ഒരു പെൺദൈവസങ്കൽപ്പത്തിന് കഴിയുക എന്നത് ഒരു പരിചിതമായ കാഴ്ചയല്ല. പ്രത്യേകിച്ചും അതിശുദ്ധി അവകാശപ്പെടുന്ന ബ്രാഹ്മണ ദൈവങ്ങളുടെ അതിപ്രസരം നിലനിൽക്കുന്ന കാലത്ത്.
സമകാലിക കാഴ്ചപ്പാടുകളിൽ ഇതിനെ സാംസ്കാരികമായി ചെറുത്തുനിൽക്കാൻ കഴിഞ്ഞിട്ടുള്ളത് ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കൂട്ടായ്മകൾക്കും തന്നെയാണ്. ‘ഞാൻ ലൈംഗികത്തൊഴിലാളി’ എന്ന നളിനി ജമീലയുടെ പുസ്തകം കുലുക്കിയത് കേരള സദാചാരത്തിന്റെ സാമ്പ്രദായിക കോട്ടകളെയാണ്. കുടുംബസ്ത്രീകൾ മുതൽ ഫെമിനിസ്റ്റുകൾ വരെ അവരുടെ ലൈംഗിക ധർമ്മത്തെക്കുറിച്ചും അതിന്റെ അസ്വാതന്ത്ര്യങ്ങളെക്കുറിച്ചും ചിന്തിക്കാൻ ഇടവന്ന ഒരു സന്ദർഭമായിരുന്നു അത്. ലൈംഗികത്തൊഴിലാളികളുടെ കൂട്ടായ്മകൾ തന്നെയാണ് ആദ്യകാലങ്ങളിൽ ലൈംഗിക/ലിംഗത്വ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാനുള്ള തുറസ്സ് കാണിച്ചതും അവരുടെ രാഷ്ട്രീയ പ്രശ്നങ്ങളെ മുന്നോട്ടു കൊണ്ടുവരാനുള്ള ചെറിയ ഇടം തങ്ങളുടെ ഇല്ലാത്ത ഇടങ്ങളിൽ നിന്ന് പകുത്തുനൽകിയതും.
#metoo തുടങ്ങിയ പുത്തൻ ചെറുത്തുനിൽപ്പുകൾ
ബലാൽസംഗം ചെയ്യപ്പെട്ട ഒരുവളോട് പോലും നിന്റെ വസ്ത്രമാണ്, നിന്റെ പെരുമാറ്റമാണ് അതിന് കാരണം എന്നൊക്കെ വ്യവഹരിക്കുന്ന ഒരു ലോകമാണിത്. ലൈംഗികതയെക്കുറിച്ച് അറിയാത്ത, അല്ലെങ്കിൽ ബോധവതികളല്ലാത്ത കാലത്ത് പോലും ശരീരത്തിൽ ഏറ്റുവാങ്ങുന്ന കടന്നുകയറ്റങ്ങൾ കാലാകാലം അവളുടെ അഭിമാനത്തിന് ക്ഷതമായി, മുറിവായി ഉണങ്ങാതെ കിടക്കുമായിരുന്നു. ഇത്തരം മുറിവുകളെ ഉണക്കാനും ഇതൊന്നുമല്ല ഞാനെന്ന് ഉറക്കെപ്രഖ്യാപിക്കാനും ചരിത്രത്തിലാദ്യമായി കഴിഞ്ഞത് ഈ കാലഘട്ടത്തിലാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് സ്ത്രീകൾക്ക് ഈ വല മുറിച്ചുകടക്കാൻ കഴിഞ്ഞതുപോലെയല്ല, കൂട്ടമായി വിളിച്ചുപറയുമ്പോൾ… അതിനൊരു രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ , വിപ്ളവത്തിന്റെ മാനമുണ്ട്, ആവേശമുണ്ട്. ശരീരത്തിന്റെ പല സ്വഭാവങ്ങളെക്കുറിച്ച്, അത് ആസ്വദിക്കപ്പെടേണ്ടതിനെക്കുറിച്ച്, ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ ഉറക്കെ സംസാരിക്കുന്നത് ഒരു സാധാരണ സംഭവമായി മാറുന്ന ഒരു കാലത്തിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്…
ഇനിയൊരിക്കലും പഴയതുപോലെ സാദ്ധ്യമല്ലാത്ത ഒരു തടവറയാണ് ‘തേവിടിശ്ശി’. ചരിത്രം മുഴുവൻ സ്ത്രീകളുടെ ആത്മാഭിമാനത്തെ തകർക്കാൻ ഉപയോഗിക്കപ്പെട്ട ഒരായുധമായിരുന്നു ഇതെങ്കിൽ ഇപ്പോഴുള്ളവരും ഇനിയുള്ളവരും ഇതൊന്നും കേട്ട് മൂലയ്ക്കിരിക്കാൻ സാദ്ധ്യതയില്ല. സ്വാതന്ത്ര്യത്തിലേക്കുള്ള വളർച്ച എന്നാൽ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും അളക്കപ്പെടാതെ, ലളിതമായി കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലേക്ക് വളരുക എന്നാണെന്ന് കരുതുന്നു – ഈ വളർച്ചയെ അധികകാലം തടഞ്ഞുവയ്ക്കാൻ നൂറ്റാണ്ടുകൾ പഴകിയ അധികാര വ്യവസ്ഥകൾക്ക് ആവില്ലെന്നും.