
തലോടുന്നതാര്

സി ഗണേഷ്
അമ്മ ആഗ്രഹിക്കുന്നത് അത് മറക്കാനാണ്. മഞ്ഞൂതി നിറച്ച പ്രപഞ്ചത്തില്‍ നിന്ന് അച്ഛന് ഇറങ്ങിപ്പോയത്. പെട്ടെന്ന് കണ്കെട്ടി മറയുകയായിരുന്നു അയാള്‍, അല്ല അച്ഛന്. അമ്മയുടെ മുഖത്ത് അലോസരപ്പാടുകള്. ഓര്‍മകളെ വെറുക്കുന്ന ചുളിവുകളാണിപ്പോള് മുഖം. എന്നാല്‍ അങ്ങനെ കുറച്ചുനേരം അനുവദിച്ചു കൊടുത്താല്‍ മതി, മറ്റൊരു മഞ്ഞുകാലത്തെ അമ്മ സ്വപ്നം കാണുന്നു. മലയുടെ എതിര്‍വശത്തെ കൊടുമുടിയില്‍ നിന്ന് ഊതി നിറയുന്ന ഹിമപ്പുകയിലൂടെ അച്ഛന് കയറി വരുമെന്ന് അമ്മ പ്രതീക്ഷിക്കുകയാണ്.
അമ്മ പൊടുന്നനെ എഴുനേറ്റ് അകത്തേക്ക് പോകുന്നു. ഉലഞ്ഞ സാരി വൃത്തിയാക്കുന്നു. അവിടവിടെ മുഷിഞ്ഞുകിടക്കുന്ന മുറി അടുക്കി വെക്കുന്നു. തറ അടിച്ചു വൃത്തിയാക്കാന്‍ തെങ്ങോലച്ചൂലെടുത്തു വരുന്നു. ഊത്താല് വീണ് അലങ്കോലമായ ഇറയത്തെ ചാരുപടം മുറുക്കിക്കെട്ടുന്നു.
മഴ വരുന്നില്ല. മഞ്ഞും വരുന്നില്ല. പക്ഷെ അമ്മ മലയിലേക്ക് തന്നെ ഉറ്റുനോക്കുമ്പോള്‍ ഇടപെടുക തന്നെ. അമ്മ പാവമാണെന്ന് അമ്മയ്ക്കുമാത്രം അറിയില്ല.
കഥ കേള്‍ക്കലല്ല എന്റെ ഉദ്ദേശ്യം. ചരിത്രം രചിക്കലുമല്ല. എന്നിട്ടും ഞാന്‍ ചോദിക്കുന്നു. അമ്മയെ ഇങ്ങനെ വെറുതെ ഇരുത്താതിരിക്കാനായുള്ള ഒരു കളി.
‘അമ്മേ ആ ദിവസം ഓര്‍ത്തെടുക്കാമോ?’
അമ്മ വഴങ്ങുന്നില്ല. കേട്ടിട്ടേ ഇല്ല, എന്റെ വാക്കുകള്‍. കണ്ണൂകള്‍ മലയിലെ വന്യമായ കൊടുമുടികള്‍ കൊണ്ടുപോയതുപോലെ. നിര്‍ബന്ധിച്ചിട്ടും അമ്മ സമകാലത്തേക്ക് മടങ്ങുന്നില്ല.
ഞാന്‍ പുറത്തിറങ്ങി. ദൈവം ഒരിടത്തിരുന്ന് തന്റെ കുറുങ്കുഴല്കൊണ്ട് ഊതി നിറയ്ക്കുന്നപോലെ മഞ്ഞുപുക നിറഞ്ഞ പ്രഭാതത്തില്‍ വേറെന്താണെനിക്ക് ചെയ്യാനുള്ളത്. അമ്മയെ സ്വല്പനേരം തനിയെവിട്ടാല് നടപ്പുകാലത്തിന്റെ ചൂടങ്ങുവന്ന് ഉണര്‍ത്തിക്കോളും. മരുന്ന് സമയത്തിനു കഴിക്കുന്നുണ്ടാവില്ല.
തണുപ്പിന്റെ സൂചിമുനകള്‍ കാതിലേക്ക് തുളച്ചു കയറുകയാണ്. ശരീരമെന്നത് ലഘുവായ സാധനമെന്നറിയിച്ച് ആസകലം തണുപ്പ് മൂടുന്നു. മഞ്ഞുതൊപ്പി വച്ച കര്‍ഷകര്‍ തണുത്തുറഞ്ഞ പേശികളെ ആഞ്ഞുപിടിച്ച് നടക്കുന്നുണ്ട്.
മുന്നിലെ പാത വളഞ്ഞ് നീങ്ങുന്നുണ്ട്. പാതകള്‍ക്ക് ജീവന് വെക്കുന്ന അപൂര്‍വ സന്ദര്‍ഭം. പാതകള്‍ വളരുന്നു. പാതയുടെ അറ്റങ്ങളെയും അരികുകളെയും മഞ്ഞ് തിന്നുതീര്‍ത്തിരിക്കുന്നു. മരങ്ങള്‍ ശീതപാളികളുടെ ഭാരത്താല്‍ തലകുനിഞ്ഞങ്ങനെ.
മഞ്ഞ് വരയ്ക്കുന്ന ചിത്രങ്ങള്‍. അവ്യക്ത രൂപങ്ങള്‍. ഓര്‍മയുടെ ഛായാപടങ്ങള്‍. വേദനിപ്പിച്ച് ഞെരിക്കുന്നവ. ചവിട്ടി ഞെരിക്കുന്നവ. ആത്മാവിന്റെ ആഴം തേടുന്ന തണുപ്പിന്റെ വിരലുകള്‍ എന്റെ കഴുത്തിലൂടെ നഖത്തണുപ്പ് തരുന്നു.
മഞ്ഞ്പാളിക്കിപ്പോള് ചിരപുരാതനന്റെ മുഖമാണ്. വാര്‍ദ്ധക്യത്തിന്റെ കാലപ്പഴക്കം തീര്‍ത്ത മുഖം. അതിനെന്തൊക്കെയോ പറയാനുണ്ട്. അല്ല, നിമിഷാര്‍ത്ഥത്തില്‍ തുരുത്തായി ഉരുണ്ടുകൂടി. പിന്നെ മലകളുടെ പച്ചപ്പിനെ നേരിയ കാഴ്ചയിലൂടെ കാണിച്ചുകൊണ്ട് ദാവണിയായി…ഇല്ല, അത് തെന്നി മാറുകയാണ്. ഇപ്പോള്‍ വലിയൊരിറക്കം പോലെ. വളഞ്ഞും പുളഞ്ഞും നിവര്‍ന്നും…..
എനിക്കു മുന്നോട്ടു നടക്കാതെ വയ്യ.
അച്ഛന് വരുന്ന വഴി തന്നെയല്ലേ ഇത്? ആ അച്ഛന് എനിക്ക് വഴികാട്ടുമായിരിക്കും. എന്നാല്‍ അതത്ര എളുപ്പമല്ല.
കാറ്റ്.
അമ്മ പറയാനിഷ്ടപ്പെടാത്ത ആ കഥ പറഞ്ഞു തരാന്‍ കാതിലേക്ക് അണയുകയായിരിക്കണം മഞ്ഞിന്‍തരികള്‍….
നോക്കൂ, നിങ്ങളോടൊത്ത് യാത്ര ചെയ്തതല്ലേ എന്റെ അച്ഛന്? നിങ്ങളെ വിശ്വസിച്ച്. നിങ്ങള്‍ അനുഗമിച്ചില്ലേ എന്റെ അച്ഛനെ? നിങ്ങളിലേക്ക് ഇറങ്ങി വന്നവനെ ഒറ്റയ്ക്കിട്ട് ഓടിയൊളിക്കാന്‍ നിങ്ങള്ക്കാവില്ലെന്നാണ് തോന്നുന്നത്. അതോ ഞാന്‍ മനസ്സിലാക്കിയതിന്റെ കുഴപ്പമാവുമോ? മഞ്ഞുതളിരുകളേ, ഓര്‍മയില്ലേ ആ മനുഷ്യനെ. നിങ്ങള്‍ മാത്രമായിരുന്നു അച്ഛമു കൂട്ട്. എനിക്കറിയാം നിങ്ങള്‍ വിളിക്കുമ്പോള്‍ ഇറങ്ങി മറയുന്ന രൂപമായിരുന്നു അച്ഛന്. സഖാവ് അച്ഛന്. രക്തത്തിന് അസ്സല്ചുവപ്പുണ്ടായിരുന്ന മനിതന്. ലോകക്രമത്തെ പുഴക്കിയെറിയുവാന്‍ ആഗ്രഹിച്ചവന്.
നിങ്ങള്‍ കൊന്നുവോ അയാളെ?
അച്ഛന് നക്സല്‍ സഖാവായിരുന്നു.
പുല്‍പ്പള്ളിയിലെ കൊടുംതണുപ്പിലേക്ക് ചേക്കേറിയവന്. എന്നും ഒറ്റയാന്. കൗമാരത്തിന്റെ നീറുന്ന കനല് കെടുത്താന്‍ തണുപ്പിനായില്ല. അച്ഛന് നിന്നു തിളച്ചു. എരിപൊരി കൊണ്ടു. ആദിവാസി ഊരുകളില്‍ രാപാര്‍ത്തു.
അനീതിയുടെ നിലവിളികള്‍ കേട്ട് ഉള്ളുപൊള്ളി.
സഞ്ചാരങ്ങളായിരുന്നു പിന്നെ.
വയനാടന്‍ വഴികളില്‍ രാത്രിയുടെ കാവല്‍ക്കാരനായി. പ്രച്ഛന്നവേഷങ്ങളാടി. നാട്ടുവൈദ്യന്റെ പ്രച്ഛന്നതയില്‍ മാനന്തവാടിയിലെ എസ്റ്റേറ്റ്പണിക്കാരി ഗൗരി പ്രണയം തീര്‍ത്തപ്പോള്‍, അയാള്‍ അതിനും നിന്നുകൊടുത്തു.

എന്തിനായിരുന്നു അത്? ചുവപ്പന്‍ ഹൃദയം നിലാവിനെ കണ്ട് മിഴിച്ചതെന്തിന്? എന്റെ എന്നത്തേയും സംശയമായിരുന്നു. അമ്മയ്ക്കതില്‍ സന്ദേഹമേ ഇല്ലായിരുന്നു. അമ്മ പറഞ്ഞു, ‘എന്നെത്തേടി വന്നതാണവന്‍’. ‘എന്നിട്ട്?’ അമ്മ മൗനിയാവും. മൂടുപടം വീണതുപോലെ വികാരങ്ങള്‍ ഒറ്റ കറുത്ത ബിന്ദുവില്‍ തറഞ്ഞു നില്ക്കും.
ഒരേ ഒരു ദിവസം.
ഒരു രാത്രി.
പൊലീസോ പട്ടാളമോ പിടിച്ചുകൊണ്ടുപോയതല്ല, മഞ്ഞുപാളികളുടെ വിളികേട്ട് ഇറങ്ങിപ്പോയതാണ് അച്ഛന്. കാലത്തിന്റെ ചൂളംവിളി തടുക്കാന്‍ ആര്‍ക്ക് കഴിയും?
‘അമ്മേ, പറയാമോ…എങ്ങിനെയായിരുന്നു നിങ്ങളുടെ കണ്ടുമുട്ടല്‍?’
‘വൃത്തികെട്ടവനെക്കുറിച്ച് നീയെങ്കിലും ചോദിക്കരുത്. അതും ഈ വൈകിയ വേളയില്‍’ അന്ന് അമ്മ വല്ലാത്ത അമ്മയായി. അല്പനേരം കൂരമ്പുപോലെ കുത്തി. ഉടനെ തണുത്തടിഞ്ഞു.
വര്‍ഷം കണക്കുകൂട്ടി. സമയം ചേരുംപടി ചേര്‍ത്ത് ചോദിച്ചു, ‘ ഓ പുല്‍പ്പള്ളി ആക്ഷന്‍….ങും… അതെ..അതെ…ജനാധിപത്യരക്തവിപ്ലവം കഴിഞ്ഞുള്ള വരവ്. അത് കഴിഞ്ഞുള്ള വരവായിരുന്നോ അയാളുടേത്?’
‘എനിക്കറിയില്ല, മോനേ’
‘നടവയല്‍ എമ്പ്രാന്തിരിയുടെ കഴുത്തറുത്ത ഡിസംബറായിരിക്കുമോ?’
”പൂതേരികാവിനു പിന്‍ഭാഗത്തെ മനയില്‍ കയറി തീവെച്ചതിനുശേഷമാണോ?’
‘ഇങ്ങനെ ചികയുവാന്‍ നാണമില്ലല്ലോ?’
അമ്മ മിണ്ടാതിരുന്നു. എനിക്കാകട്ടെ, യാതൊരു ലജ്ജയും തോന്നിയില്ല.
കക്കയം, ബത്തേരി, മീനങ്ങാടി, പുതുപ്പാടി, തിരുനെല്ലി, …ഇതൊന്നും വെറും പേരുകളല്ല.
അച്ഛന് നടന്ന കാലടികള്‍ അവിടെ കാണുമായിരിക്കും. തണുപ്പിന്റെ വഴികള്‍. ഹിമത്തിന്റെ വഴിയടയാളം. ചോരയുടെ മുദ്രകള്‍.
ഹോ എനിക്ക് പേടിയാവുന്നു. പേടിയേയില്ലാത്തവനായിരുന്നല്ലോ അച്ഛന്.
ഒന്നുരണ്ടുനാള്‍ കാത്തു. കമുകിന്തൊണ്ടു കളയുന്നതിനിടയില്‍ പൊടുന്നനെ അമ്മ പറഞ്ഞു ,’ അങ്ങനെയൊരു അച്ഛന് വന്നിട്ടില്ല, മോനേ….നോക്ക് മലയില്‍ നിന്ന് ഇറങ്ങിവരുന്നതു കണ്ടോ…..ലഹരി മൂത്ത കോട. അവനാണ് അവനാണ് നിന്റെ അച്ഛന്. അവന് വന്ന് തലോടിയാല്‍ ആര്‍ക്കാണ് പ്രണയം തുടുക്കാതിരിക്കുക? അവന് മാടിവിളിച്ചാല്‍ ഞാനെങ്ങിനെ പോവാതിരിക്കും?’
താണിറങ്ങുന്ന മഞ്ഞ്.
അരിച്ചിറങ്ങുന്ന തണുപ്പ്.
അമ്മ വീടുവിട്ട് വയലിലേക്കിറങ്ങി. മുഖം മാനത്തേക്ക് തിരിച്ച് ഉച്ചത്തില്‍ പറഞ്ഞു. ‘ ഈ മഞ്ഞിലൂടെയല്ലേ നിന്റച്ഛന് വന്നത്. വെയിലില്‍ ഇല്ലാതാകേണ്ടവന്’
ഒരുനിമിഷം നിര്‍ത്തി, അമ്മ പറയുന്നു ‘ ഇന്ന് നല്ല തണുപ്പുണ്ട്. മലയില്‍ കോടക്കെട്ട്. എനിക്ക് കണ്ണുപിടിക്കുന്നില്ല, നീയൊന്ന് നേരെ നോക്കിക്കേ ആരാനും വരുന്നുണ്ടോ എന്ന്?’
എന്നെ വരിഞ്ഞുമുറുക്കുന്നത് മഞ്ഞായിരുന്നില്ല.വിതുമ്പലില്‍ വിറയ്ക്കുന്ന അമ്മയുടെ കൈകള്‍.
പ്രൊഡ്യൂസറും സംവിധായകനും മുഖത്തോടുമുഖം നോക്കി. ‘മിസ്റ്റര്‍ വിജയ്, ഇതില്‍ ജീവിതമെവിടെ? പറയാനൊരു കഥയുണ്ടെന്നു മാത്രം. എന്നാല്‍ ഇതെത്ര പറഞ്ഞു കഴിഞ്ഞു. സോ മോണോട്ടണസ്…വിജയിന്റെ ഓണ്‍ സ്റ്റോറി ആയതോണ്ട് നിനക്ക് രോമാഞ്ചമൊക്കെ വരും. അതിലെന്തുകാര്യം? എനിക്ക് സത്യം പറഞ്ഞാ..ഓക്കാനിക്കാന് വരുന്നു.’
അനവധികഥകള്‍ പറഞ്ഞുതീര്ന്നതാണ്.
എല്ലാം തിരസ്കരിക്കപ്പെട്ടു. സ്വന്തം കഥപറയാന്‍ തീരുമാനിച്ചത് അങ്ങനെ. തണ്ണിമത്തന് കീറുപോലെ രണ്ടായ് മുറിച്ചുവച്ചുകൊടുക്കുകയായിരുന്നു.
സിനിമക്കാരുടെ മുറിയില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ തലോടുന്നത് തണുപ്പ്. ആലിംഗനം ചെയ്ത് തലോടുന്ന തണുപ്പ്.
‘ആരോ എന്തോ പറഞ്ഞുകൊള്ളട്ടെ, അച്ഛന്റെ ഈ തലോടലുണ്ടല്ലോ,ഇത് മതി എനിക്ക്’