
നോക്കുകുത്തി

ഫെയ്ഡി ജൂഡാഹിന്റെ കവിത ‘നോക്കുകുത്തി’
പരിഭാഷ: സൗമ്യ പി എൻ
പാടത്തെ കിളികൾക്ക് നോക്കുകുത്തികളെ പേടിയില്ല.
അവർക്ക് നെല്ലിന്റെ നീരാണ് വേണ്ടതെന്നറിയാം .
അതുണ്ടാവുമ്പോൾ ആരെയും നോക്കാനുള്ള നേരമുണ്ടാവില്ല,
ഭർത്താവിന്റെയോ കുട്ടികളെയോ ഒൻപതു കൂടപ്പിറപ്പുകളെയോ ഒന്നും .
നിങ്ങൾ കൈയിലെ കരിമ്പിൻതണ്ടുകൊണ്ടു ബക്കറ്റിലടിച്ചു
പക്ഷികളെയാട്ടുന്നതു നിർത്തി വീട്ടിലേക്കോടും.
അവർ നിങ്ങളെ ഒരു പറ്റമായി ട്രക്കിൽ കയറ്റി നൂറു കാതമപ്പുറത്തേക്കു തെളിച്ചു കൊണ്ടു പോകും.
വയസായവർ ചെക്ക്പോയിന്റുകളിൽ പട്ടാളക്കാരോട് എങ്ങനെ ഇടപാട് നടത്തണമെന്ന് നിങ്ങളെ പഠിപ്പിക്കും .
നിങ്ങൾ നിങ്ങളുടെ കലവും പുതപ്പും പയറുമെല്ലാം അവർക്കു നൽകും.
പകരമായി അവർ നിങ്ങളുടെ ജീവൻ വിട്ടുനൽകും.
ഇനിയെങ്ങാനും നിങ്ങൾ ട്രക്കിൽ നിന്ന് ചാടിയിറങ്ങിയാലോ,
പിന്നാലെ വരുന്ന പട്ടാളജീപ് നിങ്ങളുടെ മേലെ കയറിയിറങ്ങും.
പിന്നീട് , സ്ഥലം ഉപേക്ഷിച്ചുപോയെന്നു നിങ്ങളുടെ മേൽ അവർ കുറ്റം ചുമത്തും .
പിന്നെ നിങ്ങൾ വരികളിൽ കാത്തുനിൽക്കും, പക്ഷെ ആവശ്യത്തിന് കഴിക്കാൻ കിട്ടില്ല.
ധാന്യച്ചാക്കുകൾ കൊണ്ട് അമ്മ നിങ്ങൾക്ക് പുതിയ അടിവസ്ത്രം തുന്നിത്തരും.
അവർ നിങ്ങൾക്ക് പ്ലാസ്റ്റിക് കൂടാരങ്ങളും, കരണ്ടികളും കലങ്ങളും കുത്തിവെപ്പിനുള്ള ശീട്ടുകളും
വെളുത്ത ഗുളികകളും പുതപ്പുകളും തരും.
നിങ്ങൾ സമാധാനമായിരിക്കും.
സോപ്പു പോയിട്ടെന്നപോലെ കണ്ണുകളടച്ചു നിൽക്കും.
മഴയത്തേക്കെന്നപോലെ കൈകൾ നീട്ടി നിൽക്കും.