
നാട് നീങ്ങിയ മുസ്ല്യാർ

എമ്മെസ്
മുസ്ലിയാരെ മാറ്റണം!
അവർ ഒറ്റ സ്വരത്തിൽ ഉച്ചത്തിൽ പറഞ്ഞു.
‘ആ പൂതിയങ്ങ് മനസിൽ വെച്ചാ മതി. ഉസ്താദിനെ മാറ്റുന്ന പ്രശ്നമേയില്ല’.
മറുപക്ഷവും നിലപാട് കടുപ്പിച്ചു.
കമ്മിറ്റി തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി. പള്ളിയിലെ മുസ്ല്യാരെ പിരിച്ച് വിടുന്ന വിഷയത്തിലാണ് കമ്മിറ്റിക്കാർ രണ്ട് തട്ടിലായിരിക്കുന്നത്. രംഗം കണ്ടിട്ട് ഈയടുത്തൊന്നും ഒരു തീരുമാനമാകുന്ന മട്ടില്ല.
പള്ളിയിലെ മുസ്ലിയാരെ മാറ്റുന്ന വിഷയത്തിൽ നാട്ടുകാർ മുറുമുറുപ്പ് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. മുസ്ല്യാർ അത്ര വെടിപ്പല്ലെന്നാണ് ആരോപണം. മുസ്ല്യാർക്കെതിരെ പല പല കരക്കമ്പികളുമുണ്ട്. പലതിലും കല്ലും നെല്ലും വ്യക്തമല്ല. ചിലതൊക്കെ പലർക്കും അറിയാം. അത്ര മാത്രം. പൊതുവെ മുസ്ല്യാർ അത്ര നന്നല്ലെന്ന് ഏതാണ്ട് എല്ലാവർക്കുമറിയാം. എന്ത് ചെയ്യാം സ്വന്തം പള്ളിയിലെ മുസ്ല്യാരല്ലേ..
പക്ഷെ ഇപ്പോൾ ഇതൊന്നുമല്ല വിഷയം. ഇതിനേക്കാൾ ഗുരുതരമായ മറ്റൊന്ന് വന്നിരിക്കുന്നു. അതിനാണ് ഈ മീറ്റിങ്.
മുസ്ല്യാർ ഇവിടുത്തുകാരനല്ല. പുറം നാട്ടുകാരനാണ്. പക്ഷെ ഇവിടെ അയാൾക്ക് വലിയൊരു ശിങ്കിടി വൃന്ദമുണ്ട്. അവർക്ക് അയാൾ ഒരു ദിവ്യനാണ്. സ്ഥലത്തെ പ്രധാന ദിവ്യൻ! ഈ ശിങ്കിടി വൃന്ദമാണ് മുസ്ലിയാരുടെ ശക്തി. അവരുള്ള കാലത്തോളം താൻ ഇവിടെ സുരക്ഷിതനാണെന്ന് മുസ്ല്യാർക്കറിയാം. മുസ്ല്യാർക്കെതിരെ വരുന്ന ആരോപണങ്ങളെയെല്ലാം അവർ കണ്ണും പൂട്ടി തള്ളിക്കളയും. കമ്മിറ്റികളിൽ വലിയ ഒച്ചയെടുത്ത് മുസ്ല്യാർക്ക് വേണ്ടി കാര്യങ്ങൾ നടത്തിയെടുക്കും. പകരം, മുസ്ല്യാർ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കും. പ്രാർത്ഥിച്ച് പ്രാര്ഥിച്ച് കണ്ണുനീരൊഴുക്കും. പ്രാർത്ഥനയുടെ രാഗത്തിലും താളത്തിലും ഭക്തിയോടെ തലയാട്ടി അവർ നിർവൃതിയടയും. അവരും കണ്ണുനീരൊഴുക്കും. ഇങ്ങനെ പരസ്പരം ഉപജീവിച്ച് ഒരു സഹകരണ പ്രസ്ഥാനം പോലെ അവർ കഴിഞ്ഞ് പോന്നു.
ഇനി, ഈ ശിങ്കിടി വൃന്ദം മാത്രമേ അവിടെയുള്ളോ എന്ന് ചോദിച്ചാൽ, അല്ല. അല്പം എഴുത്തും വായനയും പഠിച്ചവരും, അല്പം കൂടി കടന്ന്, പഠിച്ചും വായിച്ചും സാമാന്യബോധമുള്ളവരുമായ ഒരു പറ്റം ജനങ്ങളും അവിടെയുണ്ട്. പക്ഷെ അവരെ മുസ്ല്യാർക്കോ മുസ്ലിയാരെ അവർക്കോ തീരെ പിടിയില്ല. നിരൂപദ്രവകാരികളെന്ന പരസ്പര വിശ്വാസത്തിൽ അവരങ്ങനെ കഴിഞ്ഞ് പോകുകയായിരുന്നു.
പള്ളിക്കടുത്ത് ഒരു ചെറിയ അങ്ങാടിയുണ്ട്. രാവിലെ ചായ കുടിക്കാനായി നാട്ടിലെ ആണുങ്ങളും ചില പെണ്ണുങ്ങളും അവിടുത്തെ ചായക്കടകളിലാണെത്തുന്നത്. ആണുങ്ങൾ മുന്നിലെയും വശങ്ങളിലെയും ബഞ്ചുകളിൽ ഇരുന്ന് ചായ മൊത്തി മൊത്തി കുടിക്കുമ്പോൾ പെണ്ണുങ്ങൾ കടക്ക് പിറകിൽ തൂണുകളിൽ ചാരി നിന്നോ, മേച്ചിൽ കഴിഞ്ഞപ്പോൾ ബാക്കിയായ പഴയ ഓലയുടെ കീറിൽ ഇരുന്നോ ചൂട് ചായ വലിച്ച് കുടിച്ച് പോകും. പക്ഷെ എല്ലാവരും ചായക്ക് ഒരേ വില തന്നെ മൊടുക്കുകയും വേണം.
കടുത്ത വിവേചനം!!
ഈ വിവേചനം ചോദ്യം ചെയ്യുന്ന പെണ്ണൊരുത്തി സാറായി മാത്രമാണ്. ഇതൊരു വിവേചനമാണെന്ന് തോന്നുന്നതും സാറായിക്ക് മാത്രമാണ്. സാറായി കടയിൽ ചെന്നാൽ പിന്നിലേക്കൊന്നും പോകില്ല. മുന്നിലെ ഒഴിഞ്ഞ ബഞ്ചുകളിലൊന്നിൽ സ്ഥാനം പിടിക്കും. ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ അലക്ഷ്യമായി ആകാശത്തോട്ട് നോക്കിയിരിക്കും. ആണുങ്ങൾ നടത്തുന്ന ഗമണ്ടൻ ചർച്ചകളിൽ ഇടക്ക് കയറി അഭിപ്രായം പറയുകയും ചെയ്യും. ഇതൊക്കെ കണ്ടും കേട്ടും പിന്നിൽ നിൽക്കുന്ന പെണ്ണുങ്ങൾ അഭിമാനം കൊണ്ട് പോന്നു.
“അത് പറയാൻ സാറായി എങ്കിലും ഉണ്ടായല്ലോ”
ഇതും പറഞ്ഞ് ചായക്കട ചർച്ചകളിലെ സ്ത്രീ സാന്നിധ്യത്തെ അവർ മൊത്തം സാറായിക്ക് പതിച്ച് കൊടുത്തു
സാറായിക്ക് വീട് വീടാന്തരം പച്ചക്കറിക്കച്ചവടമാണ് ജോലി. ആണുങ്ങൾക്ക് മുന്നിൽ എന്തെങ്കിലും കാര്യങ്ങൾ അവതരിപ്പിക്കാൻ പെണ്ണുങ്ങൾ ആശ്രയിച്ചിരുന്നതും സാറായിയെയായിരുന്നു.
ഈ ചായക്കടകളാണ് നാട്ടിലെ ആകാശവാണി കേന്ദ്രങ്ങൾ. പെണ്ണുങ്ങൾ കൊണ്ട് വരുന്ന വാർത്തകൾ ആണുങ്ങളും, ആണുങ്ങൾ കൊണ്ട് വരുന്ന വാർത്തകൾ പെണ്ണുങ്ങളും പരസ്പരം മത്സരിച്ച് പ്രചരിപ്പിച്ച് വലുതാക്കിക്കൊടുത്ത് കൊണ്ടിരുന്നു. ഇടക്കൊക്കെ പത്രങ്ങളിൽ വരുന്ന വാർത്തകളും അവർ പ്രചരിപ്പിച്ച് പോന്നു. മുസ്ല്യാരെ പറ്റിയുള്ള വാർത്തകളും ഈ ആകാശവാണി കേന്ദ്രങ്ങൾ വഴിയാണ് നാട്ടിൽ കമ്പിയില്ലാക്കമ്പി പോലെ പരക്കുന്നത്.
രാവിലെ ചായക്കടയിൽ വന്ന സാറായിയാണ് ആ വാർത്ത ആദ്യം പൊട്ടിച്ചത്.
‘കേൾക്കുന്നതൊക്കെ ശരിയാ. അങ്ങേർ അത്ര വെടിപ്പൊന്നുമല്ല’
കേട്ടവരാരും സാറായിയോട് കാരണം ചോദിച്ചില്ല. എല്ലാവരും മുഖത്തോട് മുഖം നോക്കുക മാത്രം ചെയ്തു. സാറായിയോട് കാരണം ചോദിക്കാൻ മാത്രം വമ്പുള്ള ആണൊരുത്താനും ചായക്കടയിൽ ഇല്ലായിരുന്നു. ചായയുടെ പൈസയും കൊടുത്ത് സാറായി ഇറങ്ങിപ്പോയി. പോകുന്ന പോക്കിൽ തിരിഞ്ഞ് കടയിലേക്ക് നോക്കി ഒന്ന് ചിരിച്ചു.
മുസ്ല്യാരെക്കാൾ എല്ലാവർക്കും വിശ്വാസം സാറായിയെയായിരുന്നു. വെടിപ്പില്ലാത്ത ഒരുകാര്യവും സാറായി ചെയ്യില്ലെന്ന് എല്ലാവർക്കുമറിയാം. തുടർന്ന് അവിടെ വന്ന ഓരോരുത്തരും മുസ്ലിയാരുടെ വെടിപ്പില്ലായ്മയെക്കുറിച്ച് ഓരോ കഥകൾ പറഞ്ഞു. കേട്ടവരൊക്കെ മൂക്കത്ത് വിരൽ വെച്ചു. കൂട്ടത്തിൽ പഠിപ്പും വായനയുമുള്ളവർ പരസ്പരം പുഞ്ചിരി തൂകി. അവർ ഒന്നടങ്കം പറഞ്ഞു. ‘ഞങ്ങൾക്കിതൊക്കെ പണ്ടേ അറിയാമായിരുന്നു’
മുസ്ല്യാർ ആളൊരു സിമ്പളനാണ്. വെളുത്ത കൃശഗാത്രൻ. നീണ്ട മൂക്ക്. കുഞ്ഞ്, വരയൻ മീശ. ഒരു പുഞ്ചിരിയുടെ ഏതാണ്ട് കാൽ ഭാഗം മാത്രം രണ്ട് ചുണ്ടുകൾക്കിടയിൽ തിരുകി വെച്ചാണ് ആൾ എപ്പോഴും നടക്കുന്നത്. ആരെങ്കിലും നോക്കി ചിരിച്ചാൽ മെല്ലെ രണ്ട് വശത്തേക്കും തലയൊന്നാട്ടും. അത്ര മാത്രം. പെണ്ണുങ്ങളെ കണ്ടാൽ ആ പുഞ്ചിരി കാൽ ഭാഗത്തിൽ നിന്നും പെട്ടെന്ന് ഒരു മുഴു ഭാഗമായി വിടരുമെന്ന രഹസ്യം ആദ്യം കണ്ടെത്തുന്നത് മദ്രസയിലെ കുട്ടികളാണ്. മുസ്ല്യാരെപ്പറ്റിയുള്ള കുറെ കഥകൾ കുട്ടികളുടെ ഇടയിലുമുണ്ട്.
ആളുകൾ തന്നെ ഒരു ദിവ്യനായിക്കാണുന്നതാണ് മുസ്ല്യാർക്കും ഇഷ്ടം. മന്ത്രിച്ചൂതാൻ കറുത്ത നൂലുമായി പെണ്ണുങ്ങൾ കുട്ടികളെ മദ്രസയിലേക്ക് വീടും. ദീർഘമായി മന്ത്രം ചൊല്ലി, അതിനെ ഊക്കോടെ ചാരടിന്റെ കെട്ടിനുള്ളിൽ ശഫ്ഫ്.. ശഫ്ഫ് എന്ന് ഊതി, കെട്ട് മുറുക്കി ഗൗരവത്തിൽ ഉസ്താദ് തിരികെക്കൊടുക്കും. കൊതി, വാതം, കമ്പേറ്, കണ്ണേറ് തുടങ്ങി ചെറു ശല്യങ്ങളെയൊക്കെ പായിക്കാൻ ഉസ്താദിന്റെ ഓതിക്കെട്ടിയ ചരടിനെയാണ് നാട്ടുകാർ ആശ്രയിച്ച് പോന്നത്. മുസ്ല്യാർ ആർക്കും അങ്ങോട്ട് കയറി സലാം പറയാറില്ല. ഇങ്ങോട്ട് കിട്ടുന്ന സലാമുകളെ ഒരു പ്രത്യേക പതിഞ്ഞ താളത്തിൽ ഗൗരവം വിടാതെ മടക്കൽ മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നാണ് മൂപ്പർ വിശ്വസിച്ചിരുന്നത്. ശിങ്കിടികൾക്ക് അതിൽ അപാകതകളൊന്നും തോന്നിയുമില്ല.
പള്ളിക്കും പള്ളിക്കമ്മിറ്റിക്കുമപ്പുറം ലോകമില്ലെന്ന് കരുതുന്നവരാണ് ശിങ്കിടികളിൽ ഭൂരിപക്ഷവും. പള്ളിക്കമ്മിറ്റികളിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയെക്കാൾ വിലയുണ്ടെന്നും അവർ കരുതുന്നുണ്ട്. കാര്യമിതൊക്കെയാണെങ്കിലും ഒരു പോലീസ് വണ്ടി ദൂരേന്ന് കണ്ടാൽ മതി, ഇടവഴിയോടി മണ്ടിപ്പാഞ്ഞ് അവർ വീട്ടിലെത്തിയിരിക്കും. ഇതൊക്കെയാണ് ശിങ്കിടി വൃന്ദത്തെക്കുറിച്ചുള്ള ഒരു സാമാന്യ വിവരണം.
അതിനിടയിലാണ് മുസ്ല്യാരെ മാറ്റണമെന്ന ആവശ്യവുമായി ചില തിരുത്തൽ വാദികൾ രംഗത്ത് വന്നത്. മുസ്ല്യാരിൽ അവർ കണ്ട കുറ്റം കേട്ട് നാട്ടുകാർ മൂക്കത്ത് വിരൽ വെച്ചു. മദ്രസാ കുട്ടികൾ കണ്ണ് മിഴിച്ചു. ഇങ്ങനെയും ഒരു കുറ്റമോ?
ഈ മുസ്ല്യാർ ഒരു വ്യാജ മുസ്ല്യാർ ആണെന്നതായിരുന്നു അവർ ആരോപിച്ചത്.
സമുദായത്തിന്റെ അന്തസ്സ് കാക്കാൻ കച്ചകെട്ടിയിറങ്ങിയ ശുജായിമാരായിരുന്നു അവർ. ധൈര്യമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അവർ മുസ്ലിയാരെ വെല്ലുവിളിച്ചു. അവരെ നോക്കി മുസ്ല്യാർ ചുണ്ട് കോട്ടിയൊന്ന് ചിരിച്ചു. ശിങ്കിടി വൃന്ദത്തിന് ഹാലിളകി. മുസ്ല്യാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ വളർന്നവർ ഈ നാട്ടിൽ ആരുമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു.
ഈ തർക്കങ്ങൾ വളർന്നാണ് കമ്മിറ്റി വരെ എത്തി നിൽക്കുന്നത്. തിരുത്തൽ വാദികളും ശിങ്കിടികളും പക്ഷം തിരിഞ്ഞ് നിൽക്കുകയാണ്. കൂട്ടത്തിലുള്ള എഴുത്തും വായനയും പഠിച്ചവർ ഒന്നും മിണ്ടാതെയിരുന്നു. പക്ഷെ അവരും തിരുത്തൽവാദികളും തമ്മിലുള്ള അന്തർധാര ശക്തമായിരുന്നു. തീരുമാനം ഒന്നും എടുക്കാനാകാതെ കമ്മറ്റി പിരിഞ്ഞു. അടുത്ത വെള്ളിയാഴ്ച പൊതുയോഗത്തിൽ തീരുമാനമെടുക്കാമെന്ന് ഇരു കക്ഷികളും അംഗീകരിച്ചു.
ജുമുഅ കഴിഞ്ഞ് മദ്രസാ ഹാളിൽ പൊതുയോഗം തുടങ്ങി. ശിങ്കിടികൾ അവരുടെ സ്ഥിരം നമ്പരായ ഒച്ചയെടുത്തു. ബഹളം തുടങ്ങി. അപ്പോഴാണ് മറ്റൊരു ഇടിവെട്ട് ഒച്ച അവിടെ മുഴങ്ങിയത്.
‘ഇരിക്കിനെടാ അവിടെ. ആളുകൾ അഭിപ്രായം പറയട്ടെ’
ആ ശബ്ദം ശിങ്കിടികളുടെ ഒച്ചയെ ഒന്നിച്ച് വിഴുങ്ങി. ആളുകൾ ഒരു നിമിഷം നിശബ്ദരായി. ഒച്ച കേട്ട ഭാഗത്തേക്ക് എല്ലാരും ഉറ്റ് നോക്കി. അതൊരു ജിന്നിന്റെ ഒച്ച പോലെ ശിങ്കിടികൾക്ക് തോന്നി.
‘ഷറഫാക്ക’
ആളുകൾ പിറുപിറുത്തു. പ്രദേശത്തെ ഒറ്റയാനാണ് ഷറഫാക്ക. എന്തിനും പോന്ന കൂറ്റൻ. ഷറഫാക്ക പണ്ട് നക്സലൈറ്റായിരുന്നു എന്ന് പുതിയ തലമുറ കേട്ടിട്ടുണ്ട്. ആർക്കും വഴങ്ങാത്ത ഷറഫാക്കായെ ആദ്യമായി കമ്മിറ്റിക്ക് കണ്ട അന്ധാളിപ്പിലായിരുന്നു നാട്ടുകാരും ശിങ്കിടികളും.
‘ശബ്ദമുണ്ടാക്കാതെ ഭൂരിപക്ഷം പറയുന്ന പോലെ തീരുമാനിക്കിനെടാ ഹമുക്കുകളെ’
ഷറഫാക്ക വീണ്ടും ആജ്ഞാപിച്ചു.
വീണ്ടും നിശബ്ദത.
ഷാറാഫാക്കായെ പ്രതിരോധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ശിങ്കിടികൾക്ക് തോന്നി. അവരിൽ ഒരാൾ മടിച്ച് മടിച്ച് ഷറഫാക്കായോട് ചോദിച്ചു.
‘ങ്ങള് നിസ്കരിക്കാറുണ്ടോ, കമ്മിറ്റിക്ക് വന്ന് അഭിപ്രായം പറയാൻ’?
ന്തോ?
ജിന്നിന്റെ ഒച്ചയിൽ ഷറഫാക്ക വീണ്ടും ശബ്ദമുയർത്തി.
‘അല്ല, ങ്ങളെ പള്ളീൽ കാണാറില്ലല്ലോ, പിന്നെന്താ കമ്മറ്റിക്ക്?
ചോദ്യം ചോദിച്ച ശിങ്കിടി അല്പം പരുങ്ങി.
‘നിക്കാരമല്ലേടാ, അത് വീട്ടിലും നിക്കരിക്കാം. കമ്മിറ്റിക്ക് ഇവിടെ വന്നല്ലേ പറ്റൂ’
ഷറഫാക്കാടെ ന്യായം എല്ലാരും അംഗീകരിച്ചു.
ആളുകൾ അഭിപ്രായം പറയാൻ തുടങ്ങി. സർട്ടിഫിക്കറ്റില്ലാത്ത മുസ്ലിയാർ മഹല്ലിന് നാണക്കേടാണെന്ന നിലപാട് അംഗീകരിക്കപ്പെട്ടു. മുസ്ലിയാരെ പിരിച്ച് വിടാൻ തീരുമാനമായി.
രാവിലെ ചായക്കടയിൽ വെച്ച് വാർത്തയറിഞ്ഞ സാറായി വീണ്ടും ചിരിച്ചു.
‘ഞാൻ മുസ്ല്യാർക്കൊപ്പമാ. പാവത്തിനെ പിരിച്ച് വിടണ്ടാർന്ന്’
ചായ കുടിച്ച് കൊണ്ടിരുന്ന പുരുഷന്മാർ സാറായിയോട് അതിശയം കൂറി.
‘നീയല്ല്യോ സാറായിയേ മുസ്ല്യാർ വെടിപ്പല്ലെന്ന് ആദ്യം പറഞ്ഞത്’
‘ആന്ന്. പക്ഷേങ്കി, നിങ്ങൾ ആ പാവത്തിനെ പിരിച്ച് വിട്ടത് ആ കാര്യത്തിനല്ലല്ലോ’
‘അത് നിനക്കറിഞ്ഞൂടെ സാറായീ, അങ്ങനെ ഒരു കാര്യത്തിന് മ്മള് ഏതേലും മുസ്ല്യാക്കന്മാരെ പിരിച്ച് വിട്ടിട്ടുണ്ടോ ഇതുവരെ. മ്മക്ക് നാണക്കേടല്ല്യോ. അവത്തുങ്ങളും എങ്ങനെലും പെഴച്ച് പൊയ്ക്കോട്ടെന്ന്’
പള്ളി പ്രസിഡന്റ് ചിരിച്ചോണ്ട് ഒരു സ്വകാര്യം പറയുന്നത് പോലെ പറഞ്ഞു.
അത് കേട്ട് എല്ലാരും ചിരിച്ചു. സാറായി മാത്രം ചിരിച്ചില്ല. നാട് നീങ്ങിയ മുസ്ല്യാർ ഇനി പോകാൻ പോകുന്ന മറ്റൊരു പള്ളിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു അപ്പോഴവർ.