
യു പി വഴി ദില്ലിയിലേക്ക്

എഡ്വിൻ ജോയ്
ഇലക്ഷൻ സ്പെഷ്യൽ സീരീസ്
ഉത്തർപ്രദേശിൽ ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇലക്ഷൻ കമ്മിഷന് മേൽ യൂപിയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ച് ബിജെപിയുടെ താല്പര്യങ്ങൾക്കായി സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ്, പശ്ചിമ യൂപിയിൽ നിന്ന് തുടങ്ങി കിഴക്കൻ യൂപിയിൽ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. West to East ബിജെപിയെ സംബന്ധിച്ച് ശുഭകരമായ കാര്യമല്ല. ഡൽഹിയോട് ചേർന്ന് കിടക്കുന്ന വടക്ക്, പടിഞ്ഞാറൻ യൂപിയിൽ കർഷക സമരം കൊടുമ്പിരി കൊണ്ടിരുന്നു.

മാത്രമല്ല 2013 മുസഫർനഗർ കലാപത്തിന് ശേഷം ജാട്ടുകളും മുസ്ലിംങ്ങളും രണ്ട് ധ്രുവങ്ങളിൽ ആയിരുന്നെങ്കിൽ ഇന്ന് ജാട്ടുകളും മുസ്ലിംങ്ങളും കൂടുതൽ ഐക്യത്തിലേക്ക് വന്നിരിക്കുന്നു. ഈ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കപ്പെട്ടത് കർഷകസമരത്തിലൂടെ ആയിരുന്നു. എന്നാൽ പോളിങ് ബൂത്തിൽ ഈ ഐക്യം ബിജെപിക്ക് പ്രതികൂലമായ ഫലം സൃഷ്ടിക്കും എന്ന് പറയാൻ കഴിയില്ല. കാരണം മത-സാമുദായിക പാർട്ടികൾ കൂടുതൽ മത്സരിക്കുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ ചിന്നഭിന്നമാവുന്നതിന് ഇടയാക്കും. ബിജെപി വിരുദ്ധ വോട്ടുകളുടെ ഈ വിഭജനം ബിജെപിക്ക് ഗുണകരമാകും. അസദുദിൻ ഉവൈസിയുടെ All India Majlis-E-Ittehadul Muslimeen (AIMIM) അതോടൊപ്പം ബാബു സിങ് കുശ്വാഹയുടെ ജൻ അധികാർ പാർട്ടി എന്നിവർ നേതൃത്വം കൊടുക്കുന്ന Bhagidari Parivartan Morcha എന്ന മുന്നണി സമാജ്വാദി പാർട്ടിക്കും (SP) ബഹുജൻ സമാജ്വാദി പാർട്ടിക്കും (BSP) കിട്ടേണ്ട ദളിത് -മുസ്ലിം വോട്ടുകളിൽ വിള്ളൽ വരുത്തും. ചന്ദ്രശേഖർ ആസാദ് രാവൺ നേതൃത്വം കൊടുക്കുന്ന ആസാദ് സമാജ് പാർട്ടി SPയുമായി ചേർന്ന് ഒരുമിച്ച് മത്സരിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിലും ചിന്നഭിന്നമായി പോകുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ബിജെപിയെ തന്നെ യൂപിയിൽ തുടർഭരണത്തിലേക്കു നയിക്കാനാണ് സാധ്യതയേറെയും. 2017 തിരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് 5000 വോട്ടുകൾക്കു താഴെ വരുന്ന ഭൂരിപക്ഷത്തിൽ ജയിച്ചത്. ഇതിൽ തന്നെ 23 സീറ്റുകളിലും ജയിച്ചത് ബിജെപിയാണ്. യൂപിയിലെ നിയമസഭ മണ്ഡലങ്ങളിലെ ശരാശരി വോട്ടർമാരുടെ എണ്ണം 3.74 ലക്ഷം ആണെന്നിരിക്കെ (2021ൽ കേരളത്തിലെ ശരാശരി 1.96 ലക്ഷം) 10,000 വോട്ടുകൾക്കു താഴെ വരുന്ന ഭൂരിപക്ഷത്തിൽ ജയിക്കുന്നത് പോലും ശക്തമായ മത്സരം നടന്നതിന്റെ തെളിവും, വോട്ടർമാരുടെ സംഖ്യയുമായി താരതമ്യപെടുത്തുമ്പോൾ നിസ്സാരമായ ഭൂരിപക്ഷവും ആണ്. 78 സീറ്റുകൾ ആണ് 10,000 വോട്ടുകൾക്കു താഴെ വരുന്ന ഭൂരിപക്ഷത്തിൽ ജയിച്ചത്. 37 സീറ്റുകൾ ബിജെപി ജയിച്ചു. 22 സീറ്റുകളിൽ SPയും 18 സീറ്റുകളിൽ BSPയും രണ്ടാമതെത്തി. ഇത്തവണ 2017ലേതു പോലെ കാര്യങ്ങൾ പൂർണമായും ബിജെപിക്ക് അനുകൂലമല്ലാത്ത അവസ്ഥയിൽ ഓരോ സീറ്റുകളും വിലപിടിപ്പുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ഭിന്നിച്ചു പോവാൻ സാധ്യതയുള്ള വോട്ടുകൾ കേന്ദ്രികരിക്കൻ വേണ്ടി ഇത്തവണ ചെറുപ്പാർട്ടികളെയാണ് SP കൂട്ടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി പാർട്ടിയെ അടിത്തട്ടിൽ പുനഃസംഘടിപ്പിക്കാനും യൂപിയിലെ മുഖ്യപ്രതിപക്ഷ പാർട്ടി എന്ന രീതിയിൽ സഭക്ക് അകത്തും പുറത്തും യോഗി സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാൻ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ SPക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ കേവലഭൂരിപക്ഷമായ 202 സീറ്റുകളിലേക്കു SPയെ ഇതെത്തിക്കും എന്ന് പറയാൻ കഴിയില്ല. അവിടെയാണ് മണ്ഡൽ-കമണ്ഡൽ രാഷ്ട്രീയത്തിന്റെ പ്രസക്തി.

മണ്ഡൽ vs കമണ്ഡൽ
ഉത്തർപ്രദേശിൽ വോട്ടർമാർ ജാതിയുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്താൽ SPക്കും BSPക്കുമാകും അതിന്റെ ഗുണം ലഭിക്കുക. ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവുക ബിജെപിക്ക് ആയിരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്കു മുന്നേ തന്നെ SP പ്രസിഡന്റ് അഖിലേഷ് യാദവ് ബഹുജൻ വിഭാഗത്തിൽ നിന്നും നേതാക്കന്മാരെ ഒപ്പം ചേർക്കുക മാത്രമല്ല ചെയ്തത്; അതോടൊപ്പം അവരുടെ ഭാഷയും കടമെടുത്തുകൊണ്ട് ഉത്തർപ്രദേശിനകത്തു ബഹുജൻ രാഷ്ട്രീയത്തിന് വിശാലമായ അടിത്തറ തയ്യാറാക്കാനും SP പരിശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ജാട്ട്, കുർമി, ചൗഹാൻ, മൗര്യ കുശ്വാഹ, രാജ്ഭർ എന്നീ OBC ജാതികളുടെ പിന്തുണയുള്ള അഞ്ചു പാർട്ടികളുമായി SP സഖ്യത്തിൽ ആണ്. അധികാരത്തിൽ വന്നാൽ പിന്നോക്ക ജാതികൾക്കു അവരുടെ ജനസംഖ്യക്ക് അനുസരിച്ചുള്ള പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
BSP സ്ഥാപകനായ കാൻഷി റാം, അധികാരഘടനയിൽ സവർണ്ണ മേധാവിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് ജനകീയമാക്കിയ ‘ജിസ്കി ജിത്നി സംഖ്യ ഭാരി, ഉസ്കി ഉത്നി ഹിസ്സെദാരി’ (ഓരോ സമുദായത്തിനും അല്ലെങ്കിൽ ഓരോ ജാതിക്കും അവരുടെ ജനസംഖ്യ അനുപാതത്തിൽ അധികാരഘടനയിൽ പ്രാതിനിത്യം ലഭിക്കണം) എന്ന മുദ്രാവാക്യമാണ് SP നിരന്തരം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ BSP ആകട്ടെ സവർണരെയും പ്രത്യേകിച്ച് ബ്രാഹ്മണ വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. ഭരണത്തിൽ ഇരുന്നപ്പോൾ മായാവതിയുടെ മുദ്രാവാക്യമായ ‘സർവജൻ ഹിതായി, സർവജൻ സുഖായി’ (എല്ലാവരുടെയും ക്ഷേമത്തിനും വികസനത്തിനും) എന്ന മന്ത്രം തന്നെയാണ് ഇപ്പോഴും BSP മുന്നോട്ട് വയ്ക്കുന്നത്. “ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ള യോഗി ആദിത്യനാഥിന്റെ കീഴിൽ യൂപിയിൽ ഠാക്കൂർ സർവ്വാധിപത്യം ആയിരുന്നെന്നും ഇതിൽ ബ്രാഹ്മണർ തൃപ്തരല്ല” എന്നുമാണ് യൂപിയിൽ ബ്രാഹ്മണയോഗം സംഘടിപ്പിച്ചപ്പോഴും ബ്രാഹ്മണർ ഉൾപ്പടെയുള്ള സവർണ്ണ വിഭാഗത്തിന്റെ പിന്തുണ ആരാഞ്ഞപ്പോഴും BSPയും SPയും പറഞ്ഞത്.
ബിജെപിയുടെ ഫിക്സിഡ് ഡെപ്പോസിറ്റ് ആയ സവർണ്ണ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവും ഇതിൽ ഉണ്ട്. ജാതി സെൻസസ് നടത്തണം എന്ന് SPയും BSPയും നിരന്തരം ആവശ്യപെടുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ബിജെപിക്ക് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന യാദവ-ഇതര OBC വോട്ടുകളും ജാദവ-ഇതര ദളിത് വോട്ടുകളും ഭിന്നിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്. മുസഫർ നഗർ കലാപത്തിന് ശേഷം നടന്ന 2014, 2017, 2019 പാർലമെന്റ്-നിയമസഭ തിരഞ്ഞെടുപ്പുകളിൽ യാദവ-ഇതര ഒബിസി വോട്ടുകളും ജാദവ-ഇതര ദളിത് വോട്ടുകളും കേന്ദ്രീകരിക്കുന്നതിൽ ബിജെപി വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് വിഭാഗത്തിന്റെ പിന്തുണ ആർജ്ജിക്കാൻ കഴിഞ്ഞാൽ ആ പാർട്ടിക്ക് ഇലക്ഷനിൽ നേട്ടം ഉണ്ടാക്കാൻ കഴിയും. അവിടെയാണ് മുകളിൽ പറഞ്ഞ യൂപിയിലെ യോഗി ആദിത്യനാഥിന്റെ ‘ഠാക്കൂർ ആധിപത്യവും’ അതിൽ അതൃപ്തി പ്രകടിപ്പിച്ച മറ്റു പ്രബല സംഘടനങ്ങളുടെ നിലപാടും ബിജെപിയിലെ ദേശിയ നേതൃത്വത്തിന് വെല്ലുവിളിയായി തുടരുന്നത്.

2014നു ശേഷം രാജ്യത്ത് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം ദേശിയ നേതൃത്വത്തിന്റെ പ്രത്യേകിച്ച് മോദി-ഷാ ദ്വയത്തിന്റെ ഇടപെടലും സ്വാധീനവും കാണാൻ കഴിയും. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ യൂപിയിൽ മാത്രമാണ് അവിടുത്തെ മുഖ്യമന്ത്രിയായ യോഗിക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സ്വാധീനവലയത്തിൽ നിന്ന് മാറിക്കൊണ്ട് സ്വതന്ത്രമായ ‘വ്യക്തിത്വം’ രൂപപ്പെടുത്തി എടുക്കാൻ കഴിഞ്ഞിട്ടുള്ളത്. അതായത് അടൽ ബിഹാരി വാജ്പേയി ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി എന്തായിരുന്നോ, അതുപോലെയാണ് മോദി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ യൂപി മുഖ്യമന്ത്രിയായ യോഗിയും.
ബിജെപി-വിരുദ്ധ സഖ്യത്തിന്റെ മണ്ഡൽവൽക്കരണത്തെ നേരിടാൻ ബിജെപി 2014 മുതൽ ഉപയോഗിക്കുന്ന തന്ത്രമാണ് ‘കമണ്ഡൽവൽക്കരണം’. യൂപി നിലനിർത്താൻ കഴിഞ്ഞ കുറെ നാളുകളായി (പ്രത്യേകിച്ച് ലോക്കഡൗണിനും കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതിനും ശേഷം) ബിജെപി അതി-തീവ്ര ഹിന്ദുത്വ പ്രചാരണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനർത്ഥം യൂപിയിൽ ബിജെപിയുടെ വിശാല ഹിന്ദുത്വ സംവിധാനത്തിന് വിള്ളൽ വന്നിരിക്കുന്നു എന്നാണ്. വോട്ടർമാർ ജാതിക്ക് പ്രാധാന്യം കൊടുത്താൽ ബിജെപിക്ക് വിജയിക്കാൻ കഴിയില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പ്രത്യേകിച്ച് മുസാഫർനഗർ കലാപത്തിന് ശേഷം ബിജെപി സമം ഹിന്ദു എന്നും, അതിൽ എല്ലാ ജാതികളും ഉണ്ട് എന്നും, ബിജെപിക്ക് വോട്ട് ചെയ്യുന്നത് സനാതന ധർമ്മമാണെന്നുമാണ് ബിജെപിയും ആർ എസ്സ് എസ്സും നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 2021 ഡിസംബർ ഒന്നാം തിയതി യൂപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്; “അയോദ്ധ്യ കാശി ഭവ്യ മന്ദിർ നിർമാൺ ജാരി ഹേ… മഥുര തയ്യാറി ഹേ.”(അയോദ്ധ്യയിലും കാശിയിലും ക്ഷേത്രനിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു… മഥുരക്ക് ആയി തയ്യാറെടുപ്പ് തുടങ്ങിയിരിക്കുന്നു). ഇത്തരത്തിൽ ഒന്നിന്ന് പിറകെ ഒന്നായി ‘ഹിന്ദുക്കളെ’ ഒന്നിപ്പിക്കാനായി കമണ്ഡലവൽകരണത്തിലൂടെ ബിജെപി ശ്രമിക്കുന്നു. 2017ൽ യൂപിയിൽ ബിജെപി വിജയിച്ചപ്പോൾ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആയിരുന്നു കേശവ് പ്രസാദ് മൗര്യ. ഇത്തവണയും സംസ്ഥാനത്തിനകത്തെ ബിജെപിയുടെ ഒബിസി മുഖമാണ് കേശവ് പ്രസാദ് മൗര്യ. ബിജെപിയുടെ തിരഞ്ഞെടുപ്പ് സമവാക്യത്തെ കുറിച്ച് മൗര്യ പറഞ്ഞത് ഇങ്ങനെയാണ്; “സൗ മേൻ 60 ഹമാര, 40 മേൻ ബത്വാര ഹൈൻ ഔർ ബത്വാര മേൻ ബി ഹമാര ഹൈൻ” (60% ഞങ്ങൾക്ക് [BJP], അവശേഷിക്കുന്ന 40% ചിതറികിടക്കുന്നു. അതിൽ തന്നെ ഞങ്ങൾക്ക് [BJP] വിഹിതവും ഉണ്ട് ).

ഡൽഹിയിലേക്കുള്ള വഴി…
ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച പോലെ West to East ബിജെപിക്ക് തലവേദന ആണെങ്കിൽ കൂടിയും ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഏഴു ഘട്ടങ്ങൾ ഉള്ള തിരഞ്ഞെടുപ്പിൽ, പശ്ചിമ യൂപിയിലും റൂഹെൽഘണ്ടിലും (ഈ രണ്ട് ഘട്ടങ്ങളിൽ മൊത്തം 113 സീറ്റുകൾ ആണ് ഉള്ളത്) തിരിച്ചടി നേരിട്ടാലും ബാക്കി അഞ്ചു ഘട്ടങ്ങളിൽ ബിജെപിക്ക് തിരിച്ചു വരാൻ കഴിയും. ഈ മാസം പകുതിയോടെ യൂപിയിൽ കോവിഡ് വ്യാപനം ‘കുറയുമ്പോൾ’ പൊതുപരിപാടികളും വമ്പൻ റാലികളും ബിജെപിക്ക് നടത്താൻ കഴിയും. ഈ ഘട്ടത്തിൽ നരേന്ദ്ര മോദിയെ ഇറക്കി ദോആബ് മുതൽ കിഴക്കൻ യൂപി വരെയുള്ള ഒബിസി വോട്ടുകൾ കേന്ദ്രീകരിക്കാൻ ബിജെപിക്ക് കഴിയും. ഇപ്പോഴും യൂപിയിലെ ബിജെപിയുടെ പോസ്റ്റർബോയ് നരേന്ദ്രമോദി തന്നെയാണ്. 2017ൽ മോദി-ഷാ-മൗര്യ ത്രയമാണ് ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ മാറിയാലും ബിജെപിയെ കവച്ചുവയ്ക്കാൻ പാകത്തിന് ഫണ്ട് ഇറക്കാൻ ഇന്നത്തെ നിലയിൽ പ്രതിപക്ഷ നേതൃത്വത്തിന് കഴിയില്ല. നിരന്തരം റെയ്ഡുകൾ നടത്തി പ്രതിപക്ഷ പാർട്ടികളുടെ വരുമാന സ്രോതസ്സ് ഇല്ലാതാക്കിയും ‘ഇലക്ടറൽ ബോണ്ട്’ എന്ന നിയമാനുസൃത പണം വെളുപ്പിക്കൽ സംവിധാനം ഉപയോഗിച്ച് കോടികൾ ഇറക്കുമതി ചെയ്തും മണി പവറിൽ ബിജെപി അതിശക്തമാണ്. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ മാത്രം 1,213 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് വിറ്റ് പോയത് (തിരഞ്ഞെടുപ്പ് സമയത്ത് SBI സ്പെഷ്യൽ ഇലക്ടറൽ ബോണ്ടുകൾ ഇറക്കാറുണ്ട്. 2018 മുതലാണ് ഇലക്ടറൽ ബോണ്ട് സംവിധാനം ആരംഭിച്ചത്). ഇനി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടു പോകുന്തോറും ഭരണവിരുദ്ധ വികാരം ശക്തമായി തുടരുന്നെങ്കിൽ, അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടും എന്ന് ബിജെപിക്ക് തോന്നിയാൽ ഇൻഡോ-പാക് അതിർത്തിയിൽ ‘രാജ്യസുരക്ഷയെ ബാധിക്കുന്ന’ ‘രാജ്യസ്നേഹവും അതിദേശിയതയും ഉദ്ധരിക്കാൻ’ പാകത്തിലുള്ള എന്തെങ്കിലും സംഭവവികാസങ്ങൾ ‘ഉണ്ടാകാൻ’ സാധ്യതയുണ്ട്. ഇനി അഥവാ യൂപി തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടാവില്ലെങ്കിൽ കൂടി, ഈ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കാൻ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടി നേരിട്ടാൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഇൻഡോ-പാക് അതിർത്തി ‘പ്രക്ഷുബ്ധമായേക്കാം’.

ഇപ്പോഴത്തെ നിലയിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണ് യൂപിയിൽ വിജയിയെ തീരുമാനിക്കുക; ഒന്ന് യാദവ-ഇതര ഒബിസി വോട്ടുകളും ജാദവ-ഇതര ദളിത് വോട്ടുകളും ആര് ഏകീകരിക്കും എന്നതിനെ സംബന്ധിച്ച്. രണ്ട് ബിജെപി വിരുദ്ധ വോട്ടുകൾ ബീഹാറിൽ കണ്ട പോലെ ചെറുപ്പാർട്ടികൾ (or so-called B team of BJP) ചിന്നഭിന്നമാക്കുമോ ഇല്ലയോ.
രാജ്യത്തിനകത്ത് തൊഴിലാളി-കർഷക ഐക്യം വർധിക്കുന്നത് കോർപ്പറേറ്റുകളെ സംബന്ധിച്ചു ആശാവാഹമായ കാര്യമല്ല. അതുകൊണ്ട് തന്നെ 2024ൽ ബിജെപി അധികാരത്തിൽ നിന്ന് മാറുന്നത് ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് മാത്രമല്ല ആഗോള മുതലാളിത്തതിന് തന്നെ ആശങ്ക ഉണർത്തുന്ന കാര്യമാണ്. ഉത്തർപ്രദേശിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പല അർത്ഥങ്ങളിലും പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ ആകുന്നത് ഇതുകൊണ്ടാണ്. 2014ൽ RSSന്റെ ഫസ്റ്റ് ഓപ്ഷൻ ആയിരുന്ന നിതിൻ ഗഡ്കരിക്ക് പകരം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി വന്നത് മോദി കോർപ്പറേറ്റുകളുടെ ഫസ്റ്റ് ഓപ്ഷൻ ആയതുകൊണ്ടാണ്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദിക്ക് 73 വയസ്സാകും. ബിജെപിയിൽ ഇപ്പോൾ 70 കഴിഞ്ഞാൽ പിന്നെ സ്ഥാനങ്ങൾ കൊടുക്കില്ല. യോഗി ആകട്ടെ കോർപ്പറേറ്റുകൾക്കു പ്രിയപ്പെട്ട ആളുമാണ്. ഇപ്പോഴത്തെ നിലയിൽ 2017ലേതു പോലെയുള്ള മാർജിനിൽ യൂപിയിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ലെങ്കിലും ഇരുന്നൂറിൽ അധികം സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിയും. യൂപിയിൽ ബിജെപി തുടർന്നാൽ യോഗി ആദിത്യനാഥ് തന്നെയാകും മുഖ്യമന്ത്രി. പക്ഷേ 2017ലേതു പോലെ കേശവ് പ്രസാദ് മൗര്യക്ക് നിരാശപ്പെടേണ്ടിയും വരില്ല. കാരണം 2024ൽ യോഗിക്ക് യൂപിയിലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ബിജെപി ഏല്പിക്കുന്ന മറ്റു പുതിയ ചുമതലകൾ നിർവഹിക്കേണ്ടി വരും.