
എവിടെ ജോൺ ?

ഡോ. സാജൻ എൻ
നക്സൽ ബാരിയിലെ ഒരു തീവ്രകമ്മ്യൂണിസ്റ്റ് നേതാവിനോട് പത്രപ്രവർത്തകൻ അദ്ദേഹത്തിന്റെ വികൃതമായ മുഖത്തെക്കുറിച്ച് ചോദിച്ചപ്പോൾപ്പറഞ്ഞത് : “മൈ അഗ്ളിനസ്സ് ഇസ് മൈ പവർ” എന്നായിരുന്നു. ജോൺ എബ്രഹാം എന്ന രാഷ്ട്രീയ വിപ്ളവ സിനിമാ സംവിധായകനെ ഓർത്തെടുക്കുമ്പോൾ ഇതെ വാചകമാണ് മനസ്സിൽ തെളിയുന്നത്. ചീകി ഒതുക്കിവെക്കാത്ത നീണ്ട ചുരുളൻ തലമുടി, കഴുത്തിന് താഴെ ഇറങ്ങി നിൽക്കുന്ന പാതിനരച്ചതാടി, മെലിഞ്ഞ് ശുഷ്ക്കിച്ച ശരീരം, മുട്ടോളം എത്തി നിൽക്കുന്ന ലൂസ് ജുബ്ബ, ചുളിഞ്ഞ പാൻറ്സ് , ചുണ്ടിൽ പുകയുന്ന ദിനേശ് ബീഡി. പക്ഷേ ഇതിൽ നിന്ന് വ്യത്യസ്തമായി കണ്ണുകളിൽ തീക്ഷണമായ ജിജ്ഞാസ നിറഞ്ഞ നോട്ടവും ചുണ്ടിൽ ഒരിക്കലും മായാത്ത കുസൃതിച്ചിരിയും ജോണിന്റെ മുഖമുദ്ര ആയിരുന്നു. ആയിരത്തി തൊളളായിരത്തി എഴുപത് എൺപത് കാലഘട്ടത്തിൽ കേരളത്തിലെ കോളേജ് ക്യാമ്പസ്സുകളിലും ഫിലിം സൊസൈറ്റികളിലും എല്ലാവരും കാണുവാനും കേൾക്കുവാനും ഉറ്റു നോക്കിയിരുന്ന ഒരു പ്രതിഭാസം തന്നെയായിരുന്നു ജോൺ.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ “എവിടെ ജോൺ” എന്ന കവിത ജോണിനോടുള്ള ജനങ്ങളുടെ വികാരത്തെ ആഴത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. എഴുപതുകളിലും എൺപതുകളിലും കേരളത്തിലെ മിക്ക കോളേജ് ക്യാമ്പസ്സുകളിലും സാംസകാരിക വേദികൾ സജീവമായിരുന്ന നെഹ്റൂവിയൻ ആധുനികതയും തീവ്രവിപ്ളവ ഫ്രാക്ഷനുകളും ഒരുമിച്ച് കോളേജ് സാംസ്കാരിക വേദികളെ കൊഴുപ്പിച്ച കാലഘട്ടമായിരുന്നു ആ രണ്ട് പതിറ്റാണ്ടുകൾ. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ പഠനവും വിപ്ലവവും ഒരു പോലെ നെഞ്ചിലേറ്റിയകാലം. വിപ്ലവ ആശയങ്ങളും നവമാർക്സിറ്റ് ചിന്തകളും മാതൃകകളും ചെറുപ്പക്കാരുടെ ഇടയിൽ “ലിറ്റിൽ മാഗ്രസിനു”കളിലൂടെയും “ഇലൻറ് മാഗസീനു ” കളിലൂടെയും നന്നായി പ്രചരിച്ചു. കല, സാഹിത്യം എന്നിവ കോളേജുകളിലും പട്ടണങ്ങളിലെ പൊതു ഇടങ്ങളിലും നവോന്മേഷംപകരുന്ന വ്യവഹാരാത്മകമായ സംസ്കാരം തന്നെ (discursive culture) നിർമ്മിച്ചെടുത്തു.
കാറൽ മാർക്സ്, ഫ്രെഡറിക് എംഗൽസ്, നീറ്റ്ഷേ, അഡോണോ, ഗ്രാംഷി , ലൂക്കാച്ച്, ഴാങ് പോൾ സാർത്ര്, അൽബേർകമ്യു , റോസാ ലക്സംബർഗ്, സിഗ്മണ്ട് ഫ്രോയ്ഡ് എന്നീ വിഖ്യാത താത്ത്വിക ആചാര്യൻമാർ കേരളീയ ജനതയ്ക്ക് അന്നുണ്ടായിരുന്ന ജനകീയ വായനാസംസ്കാര ത്തിലൂടെ സുപരിചിതരായിരുന്നു. പ്രസ്തുത സാംസ്കാരിക ഭൂമികയിൽ ആയിരുന്നു ജോൺ എബ്രഹാം എന്നാ സിനിമാ സംവിധായകൻ അദ്ദേഹത്തിന്റെ “വിദ്യാർത്ഥികളെ ഇതിലെ ഇതിലെ”(1969), “അഗ്രഹാരത്തിലെ കഴുത”(1978), “ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ” (1980) മൂന്ന് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. “അമ്മ അറിയാൻ”(1986) പ്രദർശനത്തിന് എത്തുമ്പോൾ കേരളത്തിലെ ആധുനികത അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുകയായിരുന്നു.
ജോണിന്റെ ഈ” നാല് സിനിമകളെ വിശകലനം ചെയ്യുമ്പോൾ കേരളത്തിലെ ആധുനികതയുടെ അന്തർധാരകളെ സമകാലിനമായി പുനർവായിച്ചെടുക്കാൻ സാധിക്കുന്നു. ജോൺ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന് മുഴുമിക്കാൻ പറ്റാത്ത ഉദ്യമമായിരുന്നു കയ്യൂർ വിപ്ളവത്തെക്കുറിച്ചുള്ള സിനിമ . കയ്യൂർ വിപ്ളവത്തിന്റെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളെപ്പറ്റി പഠിച്ച് തിരക്കഥ എഴുതി തച്ചാറാക്കിയ ശേഷം തികച്ചും ഒരു “ റൊമാന്റിക് മോഡേൺ” ആയി ജോൺ വിടവാങ്ങുകയുണ്ടായി. ആധുനിക കാലഘട്ടത്തിൽ അദ്ദേഹം ജീവിച്ചിരുന്നത്. എങ്കിലും അദ്ദേഹം മാറോട് ഏറ്റുപിടിച്ച വിപ്ളവ മാതൃകകൾ ഒരു കാല്പനികകവിയുടെ ആർജ്ജവത്തോടേയും അഭിനിവേശത്തോടയുമായിരുന്നു.
സിനിമയോട് ഉണ്ടായ വിഗ്രഹ ഭജ്ഞാനാത്മകമായ ചില കടുംപിടുത്തങ്ങൾ കാരണം കൊണ്ട് തന്നെയാണ് നമുക്ക് ഇന്ന് ജോണിനെ Romantic Modern ആയി കാണുവാൻ സാധിക്കുന്നത്. ബോധമനസ്സിന്റെ അമൂർത്തവും സ്വപ്നസദൃശ്യമുമായ ആഴങ്ങളിൽ ആയിരുന്നു ജോൺ വിഹരിച്ചിരുന്നത്. മദ്യപാനവും സൗഹൃദങ്ങളും സിനിമയും നാടകവും ഒരു പോലെ ജോണിന് ലഹരി നൽകിയ വേദികളായിരുന്നു. അങ്ങനെ ലഭിച്ച ലഹരിയിലൂടെ അദ്ദേഹം അബോധത്തിന്റെ വൈവിദ്യമാർന്ന തലങ്ങൾ അന്വേഷിച്ചിരുന്നു. ഫലിതങ്ങൾ പറഞ്ഞു കൊണ്ടും ഉപാധികൾ ഇല്ലാത്ത സുഹൃദ് ബന്ധങ്ങൾ കൊണ്ടും അദ്ദേഹം ലോകത്തോട് അടുത്തു.
1983 ൽ കണ്ണൂരിൽ ക്രാന്തി ഫിലിം സൊസൈറ്റി നടത്തിയ “ജോൺ എബ്രാഹാം ഫിലിം ഫെസ്റ്റി”ന്റെ ഉദ്ഘാടനത്തിന് ജോൺ എത്തിയിരുന്നു. സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചത് ഫലിതം പറഞ്ഞു കൊണ്ട് തന്നെയിരുന്നു. “You give me five Rupees. I will make a film for you” എന്ന് അദ്ദേഹത്തിന്റെ “അമ്മ അറിയാൻ” എന്ന സിനിമ നിർമ്മാണത്തെക്കുറിച്ച് പറയുകയുണ്ടായി. “തിയറ്ററുകളിൽ സിനിമ കാണാൻ പോകുന്ന ലാഘവത്തോടെ എന്റെ സിനിമ നിങ്ങൾ കാണരുത്” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന് വീണ്ടും ഒരു കുസൃതി ഫലിതത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തത് ഇങ്ങനെ:
“മറ്റു സിനിമകൾ കാണുമ്പോൾ നിങ്ങൾക്ക് സ്വയംഭോഗം പോലും ചെയ്യാം. എന്നാൽ എന്റെ സിനിമ കാണാൻ എത്തുമ്പോൾ നിങ്ങൾ അങ്ങനെ ചെയ്താൽ I will beat you”.
അഗ്രഹാരത്തിലെ കഴുതയുടെ പ്രദർശനത്തിന് ശേഷം അദ്ദേഹം ആളൊഴിഞ്ഞ അരങ്ങിൽ നിന്ന് ഫലിതങ്ങൾ കുറെപ്പറഞ്ഞശേഷം സമ്പൂർണ്ണ നഗ്നനായി കുറേനേരം തോണി തുഴയുന്ന വഞ്ചിക്കാരനായി ഒരു surreal നാടകത്തിലെ രംഗത്തെത്തിയ അഭിനേതാവായി രൂപാന്തരപ്പെട്ടു. രാവേറയായിട്ടും ഫലിതങ്ങൾപ്പറഞ്ഞും സുരപാനം നടത്തിയുംകൊണ്ടെയിരുന്നു. ജോൺ കേവലം ഒരു സിനിമാ സംവിധായകൻ മാത്രമായിരുന്നില്ല മറിച്ച് സിനിമാ ആക്റ്റിവിസ്റ്റ് എന്ന നിലയിൽ അമ്പത് വർഷങ്ങൾ മാത്രം ജീവിച്ചു കൊണ്ട് വിവിധ രൂപങ്ങളിലും ഭാവങ്ങളിലും സമൂഹത്തിന്റെ മുൻപിൽ പാബ്ളോ പിക്കാസോവിനെപ്പോലെ ആവിഷ്ക്കാരങ്ങൾ നടത്തിയ പ്രതിഭയായിരുന്നു. സിനിമയിലൂടെയും ചെറുകഥയിലൂടയും നാടക ആവിഷ്ങ്ങളിലൂടെയും വിഗ്രഹ ഭജ്ഞനാത്മകമായ രീതിയിൽ അദ്ദേഹം എപ്പോഴും കലഹിച്ചു കൊണ്ടേയിരുന്ന ഒരു ബൊഹീമിയൻ കലാകാരൻ ആയിരുന്നു.
Mainstream സിനിമ സംസ്ക്കാരത്തിന്റെ stereotypes ൽ തന്റെ ചിന്തകളെയോ കാമനകളെയോ തളച്ചിടാനോ സന്ധി ഉണ്ടാക്കി എടുക്കാനോ ഒട്ടും താൽപര്യമില്ലാത്ത ഷെല്ലിയൻ മാതൃകയിലുള്ള കാൽപ്പനിക വിപ്ളവകാരിയായിരുന്നു ജോൺ. പടിഞ്ഞാറൻ കാറ്റിനെ ഉപാസിക്കുകയും (“Ode to the Westwind”) നിരീശ്വരവാദത്തെക്കുറിച്ച് എഴുതുകയും (The Necessity of Atheism) ചെയ്ത് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത ഷെല്ലിയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ജോണിന്റെ സിനിമാ പ്രവർത്തനങ്ങൾ.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിർമ്മിച്ച അര മണിക്കൂർ ദൈർഘ്യമുള്ള “പ്രിയ” ആയിരുന്നു ജോണിന്റെ സിനിമയിലേക്കുള്ള ആദ്യത്തെ കാൽവെപ്പ്. തെയ്യത്തെപ്പററി “കളിയാട്ടം” എന്ന പേരിൽ ഡോക്കുമെൻററി, അതിന് ശേഷം “ജോസഫ് ഒരു പുരോഹിതൻ”, “നന്മയിൽ ഗോപാലൻ” എന്നിങ്ങനെ പൂർത്തീകരിക്കാത്ത കുറെ തിരക്കഥകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. തീവണ്ടിയിൽ വെച്ച് ഒരു തിരക്കഥാകൃത്തുമായി ചർച്ച ചെയ്യുന്നതിന്റെ ഇടയിൽ വാണിയമ്പാടി പാലത്തിൻ മേലൂടെ വണ്ടികടന്നു പോകുമ്പോൾ സ്ക്രിപ്റ്റ് എടുത്ത് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് “ഇനി തുടങ്ങാം നമുക്ക് സംസാരം” എന്ന വാക്കുകളോടെ വീണ്ടും ആ പ്രോജക്റ്റിനെക്കുറിച്ച് മറ്റ് വഴികൾ ആരാഞ്ഞ വ്യക്തി ആയിരുന്നു അദ്ദേഹം. ഇതൊക്കെ കൊണ്ട് തന്നെ ഇന്നത്തെ തലമുറയ്ക്ക് ജോൺ ഒരു കടം കഥ പോലെ ആയേക്കാം. ജോണിന്റ സ്വത്ത്വം കോമാളിയുടെതും അരാചകവാദിയുടെതും വിപ്ളവകാരിയുടെതും ഒത്തുചേരുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്റെ സ്വത്ത്വം പ്രകാശിതമാക്കുന്ന വാക്കുകൾ ഇങ്ങനെയായിരുന്നു : “എനിക്ക് കണ്ണുകൾ വേണ്ട ക്യാമറ മതി”. “I will shoot this world with my camera as one does with his penis.”
അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ച വ്യക്തി ആയിരുന്നു ബംഗാളി സംവിധായകൻ ഋത്വിക് ഘട്ടക്ക്. ജീവിത രീതിയിലും സിനിമാ ശൈലയിലും ഋത്വിക്ക് ഘട്ടക്കിന്റെ സ്വാധീനം വളരെയേറെ കാണാം. ഘട്ടക്കിനെക്കുറിച്ച് ജോൺ എഴുതിയ കവിതയിലെ പ്രസ്തുത വരികൾ ഇങ്ങനെ പോകുന്നു :
“ഋത്വിക് ദാ എന്നു ഞാൻ വിളിക്കട്ടേ
നീയില്ല എന്ന സത്യം-
അതെനിക്കറിയാം
പക്ഷേ- ഞാൻ ജീവിക്കുന്നു
നിനക്കു വേണ്ടി
എന്നേ വിശ്വസിക്കു
ഏഴാം മുദ്ര എന്റെ മുന്നിൽ
മലർക്കേ തുറക്കുന്നതോടു കൂടി
എന്റെ ക്യാമറ ഒരു പൊട്ടിച്ചീറുന്ന തോക്കായി മാറും”
ഇന്ത്യയിലെ സാമൂഹ്യ യാഥാർത്യങ്ങളെക്കുറിച്ച് ഘട്ടക്കിനുണ്ടായ sense of disillusionment , ജോണിലും പ്രകടമായി പലേടത്തും കാണാം. അതിൽ നിന്ന് ഉടലെടുത്തതായിരിക്കാം ക്ഷുഭിത യൗവനത്തിന്റെ അരാചകത്വവും നൈലിസവും. ഇതിന്റെ ഒക്കെ പ്രതിഭലന്നനങ്ങൾ ജോണിന്റെ ജീവിതത്തിലും സിനിമാ പ്രത്യയ ശാസ്ത്രത്തിലും കാണാം.
ഞാൻ എന്റെ മാധ്യമത്തിന്റെ ഹിറ്റ്ലറാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിച്ച ജോൺ “നേർച്ചക്കോഴി” എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കുകയും “ചെന്നായ്ക്കൾ അഥവാ പട്ടിണി മരണം” എന്ന നാടകം സംവിധാനം നിർവഹിച്ച് ഫോർട്ട് കൊച്ചി കടപ്പുറത്ത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1987 മെയ്യ് 30ം തീയതി കോഴിക്കോട് ഒരു പണി തീരാത്ത കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാല് തെറ്റിവീണ് മരണം അദ്ദേഹം സ്വയം വരിക്കുകയായിരുന്നു എന്ന് നമുക്ക് കരുതാം.
തീക്ഷണമായ സ്നേഹം കാണിച്ച് കെട്ടിപ്പിടിച്ചും അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞും കലഹിച്ചും വഴക്കടിച്ചും വെടിപറഞ്ഞും അട്ടഹസിച്ചും മതിമറന്ന് ആനന്ദം പ്രകടിപ്പിച്ചും അമ്പതു കൊല്ലം ജീവിച്ച് ദരിദ്രനും ജ്ഞാനിയുമായി ജോൺ കാലയവനികയ്ക്ക് അപ്പുറത്തേയ്ക്ക് മറഞ്ഞു പോയി. ബാലചന്ദ്രൻ ചുള്ളിക്കാട് ആണ് ജോണിനു വേണ്ടി എക്കാലവും ഓർമ്മിക്കാവുന്ന താജ് മഹൽ പോലെ ഒരു കവിത രചിച്ചത്. “എവിടെ ജോൺ” എന്ന ഏഴു ഭാഗങ്ങളുള്ള ശ്ളഥബിംബങ്ങൾ നിറഞ്ഞു പതയുന്ന ഗസൽ പോലുള്ള കവിത. തിരക്കേറിയ ഒരു പട്ടണ തെരുവിൽ മങ്ങിയ രാത്രി വെളിച്ചത്തിൽ തെളിയുന്ന Surreal broken images പോലെ ആ കവിതയിലെ വരികൾ ഇവിടെ ജോണിനു വേണ്ടി നമുക്ക് പു:ന സമർപ്പണം നടത്താം:
“വേദങ്ങളിലവന് ജോണെന്നു പേർ
മേൽ വിലാസവും നിഴലുമില്ലാത്തവൻ
വിശക്കാത്തവൻ”
* * *
“പരിചിതമായ ചാരായ ശാലയിൽ
നരക തീർത്ഥം പകർന്നു കൊടുക്കുന്ന
പരിഷയോട് ഞാൻ ചോദിച്ചു:
“ഇന്നു ജോണിവിടെ വന്നുവോ’
പൊട്ടിച്ചിരിച്ചു കൊ
ണ്ടൊരു പരിചയം ഗ്ലാസ് നീട്ടുന്നു :
“താനെവിടെയായിരുന്നിത്ര നാളും ?
ഇതു ചെകുത്താന്റെ രക്തം . കുടിക്കുക”
* * *
“ഇവിടെ,
ഈ സെമിത്തെരിയിൽ
കോൺക്രീറ്റു കുരിശു രാത്രിയിൽ,
മൂർദ്ധാവിലിംഗാല-
മലിനമാം മഞ്ഞു പെയ്താത്മാവു
കിടുകിടുക്കുന്നു മാംസം മരയ്ക്കുന്നു”
* * *
ജോൺ എവിടേക്കും പോയിട്ടില്ല…
നമ്മുടെ ഇടയിൽ തന്നെ ഇന്നും ജീവിക്കുന്നു.
(തുടരും)