
“അമ്മ അറിയാൻ”: ചരിത്രം സാമൂഹിക സ്മരണകളിലൂടെ

ഡോ. എൻ സാജൻ
ജോൺ ഒരു ബൊഹീമിയൻ കലാകാരൻ ആയിരുന്നു ; എന്നിരുന്നാലും “അമ്മ അറിയാൻ” എന്ന സിനിമയിൽ ഒരു ചെറുപ്പക്കാരൻ ഉരുവിടുന്ന വാചകം എന്ത് കൊണ്ടും അദ്ദേഹത്തിന്റെ സ്വത്ത്വത്തെ സൂചിപ്പിക്കുന്നു: “Political animals are basically human.” വ്യക്തി ജീവിതത്തിൽ എന്ന പോലെ തന്നെ ബൗദ്ധിക ജീവിതത്തിലും ജോൺ മാതൃസങ്കല്പം മനസ്സിന്റെ ആഴങ്ങളിൽ എപ്പോഴും കൊണ്ട് നടന്നിരുന്നു. അദ്ദേഹം എന്നും വിശ്വസിച്ചു പോന്നിട്ടുള്ളത് അമ്മ എന്ന സങ്കല്പം ശക്തിയുടെ ഉറവിടമായിട്ടാണ് , “തെളിച്ചു പറഞ്ഞാൽ പുരുഷശക്തിയുടെ ശരിയായ ഉറവിടം സ്ത്രീയിലാണ് അഥവാ അമ്മയിലാണ്.” ഈ വിശ്വാസവും തത്ത്വവും അണ് “അമ്മ അറിയാൻ” എന്ന സിനിമയുടെ ദൃശ്യങ്ങളിലും, സoഭവങ്ങളിലും, കവിതകളിലും, ഇഴചേർന്നു നിൽക്കുന്നത്. വ്യക്തി ജീവിതത്തിൽ അദ്ദേഹം ദൃഢമായി വിശ്വസിച്ചത് “ ഏതൊരു പ്രശ്നവും നമ്മുടെ അമ്മമാരെ അറിയിക്കണം” എന്നും അവർ അത് അറിയുമ്പോൾ “അവരിൽ നിന്നും ഉണ്ടാകുന്ന പ്രതികരണം ഒരു പാട് പ്രശ്നങ്ങൾക്ക് പരിഹാരമായേക്കാം” എന്നും ആയിരുന്നു.

സാമൂഹിക പ്രതിബദ്ധതയും മാർക്സിയൻ പ്രത്യയ ശാസ്ത്രവും വിപ്ളവവീര്യവും ഉൾക്കൊണ്ട ഒരു വിഭാഗം ചെറുപ്പക്കാർ ഒത്തു ചേർന്ന് “ഒഡേസ” എന്ന പേരിൽ സാംസ്കരിക കൂട്ടായ്മ രൂപീകരിച്ച് സിനിമയെ രാഷ്ട്രീയ ബോധം വളർത്താനും അതു വഴി social praxis യാഥാത്ഥ്യമാക്കുവാനുമുള്ള വേദി ആയി ചരിത്രപരമായ ദൗത്യം തന്നെ ഏറ്റെടുത്തു. കവിത, നാടകം, ചെറുകഥ, നോവൽ എന്നീ സാഹിത്യശാഖകളിൽ എല്ലാം ആധുനികതയുടെ വൈവിധ്യമാർന്ന സങ്കേതങ്ങളും തത്ത്വശാസ്ത്ര സംഹിതകളും സമ്പുഷ്ടമായി നിറഞ്ഞു നിന്നിരുന്ന പതിറ്റാണ്ടുകളായിരുന്നു ആയിരത്തി തൊള്ളായിരത്തി എഴുപതുകളും എൺപതുകളും. നിർമ്മാണ സംവിധാന രീതിയിലും കഥാപാത്ര ആവിഷ്ക്കാരത്തിലും, ശബ്ദ സമ്മിശ്രണത്തിലും രംഗാവിഷ്ക്കാരത്തിലും (mise-en-scene) ഇതിവൃത്താവതരണത്തിലും അസാധാരണമായ രീതികൾ അവതരിപ്പിച്ച സിനിമ ആയിരുന്നു “അമ്മ അറിയാൻ”. മലയാളികൾ പരിചയിച്ച് പോന്നിട്ടുള്ള സിനിമാരൂപം, ദൃശ്യബിംബാവിഷ്കാരം, പഞ്ചാത്തല സംഗീതം, കഥാഘടന എന്നിവയെ എല്ലാം തലകീഴ്മേൽ മാറ്റിമറിക്കുന്ന ഒരു ചരിത്ര നിർമ്മിതി തന്നെ ആയിരുന്നു ഈ സിനിമ.

കഥാപാത്രങ്ങൾ എല്ലാം തന്നെ സന്ദർഭങ്ങൾക്ക് അനുസരിച്ച് ആകസ്മികമായി പ്രത്യക്ഷപ്പെടുന്നു , ശൈലീകൃതമല്ലാത്ത യഥാതഥമായ സംഭാഷണങ്ങളിലൂടെ (realistic conversations) പല അടരുകളായ് പല സ്ഥലങ്ങളിൽ നിന്നും പല സമയങ്ങളിൽ സാധാരണ മനുഷ്യർ അവരുടെ സ്മരണകൾ വെളിപ്പെടുത്തുന്നു. പുരുഷൻ എന്ന ചെറുപ്പക്കാരൻ എന്തോ ജോലിക്ക് ഡെൽഹി വരെ പോവാൻ തന്റെ അമ്മയോട് യാത്ര ചോദിച്ച് ഇറങ്ങിത്തിരിക്കുന്നു. വയനാടൻ കുന്നുകൾ താണ്ടി ജീപ്പ് യാത്ര നീണ്ടു പോകുന്നു , വഴിമദ്ധ്യേ പോലീസ് തടയുന്നു. ജീപ്പിൽ നിന്ന് എല്ലാവരെയും ഇറക്കിവിടുകയും അതിൽ ആത്മഹത്യ ചെയ്ത ഒരു അജ്ഞാത യുവാവിന്റെ ജഢം കയറ്റി അവർ അടിവാരത്തേക്ക് യാത്ര ആവുന്നു. മരിച്ചവന്റെ ജഢം ഓർമ്മകളുടെ ആഴക്കയങ്ങളിലേക്ക് പുരുഷനെ കൊണ്ടുപോകുന്നു. പുരുഷൻ ഡൽഹി യാത്ര മാറ്റി വച്ച് ഗവേഷണ വിദ്യാർത്ഥിയായ തന്റെ കാമുകി പാറുവിനെ ഒഴിവാക്കി ശവശരീരത്തെ തിരിച്ചറിയാനുള്ള വ്യഗ്രതയിൽ പുരുഷൻ തന്റെ നീണ്ട യാത്ര ആരംഭിക്കുന്നു. അത്മഹത്യ ചെയ്ത ചെറുപ്പക്കാരന്റെ മുഖം മായാത്ത ഓർമ്മ ആയി പുരുഷന്റെ ബോധ- അബോധ മനസ്സുകളിൽ വിഹ്വലത നിറഞ്ഞ ഓർമ്മകൾ ഉണർത്തുന്നു.
അസ്വസ്ഥ യൗവനത്തിന്റെ കാലഘട്ടത്തിൽ (age of restless youth) ജോൺ ഈ സിനിമ നിർമ്മിക്കുമ്പോൾ അടിയന്തരാവസ്ഥ, പ്രാദേശിക നക്സൽ മുന്നേറ്റങ്ങൾ, പോലീസ് ഭീകരവാഴ്ച്ച, മുതലാളിത്ത വ്യവ്യസ്ഥിതിയിലെ ചൂഷണം, സാമൂഹിക പ്രതിബദ്ധത ഇല്ലായ്മ, അരാഷ്ട്രീയ മദ്ധ്യവർഗ്ഗ പെറ്റി ബൂർഷ്വാ വ്യാപാരങ്ങൾ എന്നിവ എല്ലാം തന്നെ പല രീതിയിൽ ദൃശ്യ വ്യവഹാരത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
പുരുഷൻ തന്റെ സുഹൃദ് വലയത്തിലും പരിചയത്തിലുമുള്ള ഓരോ ആളെയും മരണ വാർത്ത അറിയിക്കുന്നു. ജയൻ, ബാലേട്ടൻ, സുഹൃത്തുക്കൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ പോയി ശവശരീരം തബല വായിക്കുന്ന സംഗീത പ്രേമി ആയ ഹരിയുടെ താണ് എന്ന് തിരിച്ചറിയുന്നു.

ഹരിയുടെ അമ്മയെ അറിയ്ക്കാൻ പിന്നെ ഓരോ സുഹൃത്തിനെയും അവർ സമീപിക്കുന്നു. വയനാട്, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കൊച്ചി എന്നി സ്ഥലങ്ങൾ റിയലിസ്റ്റിക്കായ് സുഹൃത്തുക്കളുടെ യാത്രയ്ക്കിടയിൽ ദൃശ്യമാവുന്നു. തികച്ചും കാവ്യാത്മകമായ ബോധധാര (poetic reverie) എന്ന സങ്കേതം ഉപയോഗിച്ചു കൊണ്ട് സിനിമയുടെ ദൃശ്യാഖ്യാനത്തിൽ കേരളത്തിന്റെ അലിഖിതമായ സൂക്ഷമ ചരിത്രങ്ങൾ ചുരുളഴിയുന്നു. കാവ്യാത്മകമായ ബോധധാര ആയി ദൃശ്യങ്ങളെ സന്നിവേശിപ്പിക്കുന്നതിൽ ജോൺ രേഖീയമല്ലാത്ത ചിത്രീകരണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഒരു പക്ഷേ മലയാള രാഷ്ട്രീയ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഇങ്ങനെയുള്ള non-linear schema ഉപയോഗിച്ച് സമൂഹ്യ ബോധത്തിൽ നിന്ന് ഉരുത്തിരിയുന്ന Collective Memory യിലെ സൂക്ഷമ കേരള ചരിത്രം അനാവരണം ചെയ്യപ്പെടുന്നത്. അക്കാദമിക്ചരിത്രo ലബ്ധപ്രതിഷ്ഠമായ കാര്യങ്ങളെ സംഭവങ്ങളെ ചരിത്രവത്കരിച്ച് കാണുന്നു. എന്നാൽ സാമൂഹ്യ സ്മരണകളിലൂടെ പച്ച ആയ മനുഷ്യർ നാടകീയമല്ലാത്ത അലങ്കാരങ്ങൾ ഇല്ലാത്ത ഭാഷയിൽ അവരുടെ ഓർമ്മച്ചിത്രങ്ങൾ കോറി ഇടുന്ന പ്രക്രിയ ഇവിടെ പ്രേക്ഷകരായ നാം അനുഭവിച്ചറിയുന്നു. ഫ്യൂഡൽ ജന്മി വാഴ്ച്ചയുടെയും മുതലാളിത്ത വ്യവസ്ഥയുടെയും “തിരുശേഷിപ്പുകൾ” ഐക്യ കേരളത്തിലും വാണിരുന്നു എന്നു കുറേ ഓർമ്മപ്പെടുത്തലുകൾ സിനിമയുടെ Counter Memory യിലൂടെ ജോൺ സാധ്യമാക്കി എടുക്കുന്നുണ്ട്.

അടിയന്തരാവസ്ഥ, വൈപ്പീനിലെ വിഷമദ്യ ദുരന്തം, നക്സൽ വർഗ്ഗീസിന്റെ കൊലപാതകം, തൊഴിലിടങ്ങളിലെ സ്മരണകളെ നിർവ്വീര്യമാക്കിക്കൊണ്ടുള്ള പോലീസ് തേർവാഴ്ച്ച, കോട്ടപ്പുറത്തെ ജനകീയ സമരം എന്നിവയെല്ലാം സാമൂഹിക സ്മരണകളിലൂടെയും ദൃശ്യബിംബങ്ങളിലൂടെയും തെളിയുന്നു. ഏതൊരു സമൂഹവും അതിന് വൈകാരികാഘാതം (Trauma) ഉളവാക്കുന്ന അനുഭവത്തെ സൗകര്യപൂർവ്വം വിസ്മൃതിയിലേക്ക് തള്ളിവിടുന്നു. അരാഷ്ട്രീയമായ മദ്ധ്യവർഗ്ഗ സംസ്ക്കാരത്തെ ധ്വംസിക്കുന്ന (subvert) ദൃശ്യ വ്യവഹാരമാണ് ജോൺ പ്രതിസ്മരണ (Counter Memory) യുടെ പ്രവർത്തനത്തിലൂടെ അവതരിപ്പിക്കുന്നത്. ചരിത്രത്തിൽ ആലേഖനം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ സാമൂഹ്യ സ്മരണകളിലൂടെ സംവിധായകൻ Constructionism എന്ന ആഖ്യാന തന്ത്രം ഉപയോഗിച്ച് കേരളീയ സമൂഹത്തെ ചില അപ്രിയ വസ്തുതകൾ ഓർമ്മിപ്പിക്കുന്നു. ഹരിയുടെ അമ്മയെ കാണുവാനുള്ള യാത്രയ്ക്ക് ഇടയിൽ വേദന മാത്രം നിശബ്ദമായി അനുഭവിച്ചു തീർക്കുന്ന കുറെ മാതൃ രൂപങ്ങളെ സാക്ഷിയാക്കി ജോൺ എല്ലാ അമ്മമാർക്കും ചരിത്രത്തിന്റെയും ഓർമ്മകളുടെയും എരിയുന്ന ഉള്ളറകൾ തുറന്നു കാട്ടിക്കൊടുക്കുന്നു. സ്മരണകൾ പുനരവതരണമല്ല മറിച്ച് അവ ചരിത്രത്തെ പുനർമൂല്യനിർണ്ണം ചെയ്യാൻ കരുത്തുള്ള ആയുധം കൂടെയാണ് എന്ന് ഈ സിനിമയിലൂടെ ഒടുവിൽ പ്രേക്ഷകരും മനസ്സിലാക്കുന്നു.