
ചെറിയാച്ചന്റെ അഥവാ അവറാച്ചന്റെ ക്രൂരകൃത്യങ്ങൾ

ഡോ. എൻ സാജൻ
“ഞാൻ ഒരു പ്രതിഭാസമല്ല. അല്ല. അല്ല.” എന്ന് ചിത്തരോഗ ആശുപത്രിയിലെ ഇരുണ്ട ഇടനാഴിയിലൂടെ ജോൺ തന്നെ അവതരിപ്പിക്കുന്ന ഏകാകി ആയ കഥാപാത്രം ഇംഗ്ളീഷ് ഭാഷയിൽ ഉറക്കെ ഉരുവിടുന്നു. “ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ” എന്ന സിനിമ അവതരിപ്പിക്കുന്ന ചെറിയാച്ചൻ ഒരു പ്രതിഭാസമല്ല മറിച്ച് അദ്ദേഹം കുട്ടനാട്ടിലോ കേട്ടയത്തോ ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ കണ്ടേക്കാവുന്ന സമ്പന്ന കുടുംബത്തിലെ ആഭിജാത്യമുള്ള മദ്ധ്യവയസ്ക്കനായ ഒരു നസ്രാണി മാത്രം. ചെറിയാച്ചൻ- അവറാച്ചൻ എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ ജോൺ അനാവരണം ചെയ്യുന്നത് കുട്ടനാട്- കോട്ടയം എന്നീ പ്രദേശങ്ങളിലെ നസ്രാണി ക്രിസ്ത്യാനി സമുദായത്തിന്റെ ഒരു പ്രത്യേക ചരിത്ര ദശകത്തിലെ സാമൂഹിക രാഷ്ട്രീയ അവസ്ഥയെയാണ്. 1957 ൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യമായ് കേരളത്തിൽ കമ്മ്യൂണിസ്റ്ററ്റ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ഭൂപരിഷ്ക്കരണ നിയമം പാസ്സാക്കുകയുണ്ടായി. ഈ നിയമത്തിന്റെ പിൻബലത്തിൽ ഫ്യൂഡൽ അധികാരത്തിന്റെ അടിത്തറ ഇളകുന്ന “ കൃഷി ഭൂമി കർഷകന്” എന്ന വിപ്ളവകരമായ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം കേരളത്തിൽ എല്ലായിടത്തും മുഴങ്ങി കേട്ടു. കർഷകന്റെ അവകാശ സമരങ്ങളും ഫൂഡൽ ഭൂവുടമകളും മായുള്ള അവരുടെ പോരാട്ടങ്ങളും കുട്ടനാട്ടിൽ രൂക്ഷമായപ്പോൾ അവിടെ നടന്ന ഹിംസാത്മകമായ സംഭവങ്ങളാണ് ഈ സിനിമയുടെ ചരിത്ര ഭൂമികയായി ജോൺ എബ്രഹാം അവതരിപ്പിക്കുന്നത്.
സിനിമ ആരംഭിക്കുമ്പോൾ ചെറിയാച്ചന്റെ അമ്മയുടെ ആത്മഗതം വെളിപ്പെടുത്തുന്നത് അവരുടെ മകൻ ആരോടും ഉപദ്രവം കാണിച്ചിട്ടില്ല എന്നാണ്. നല്ലവനായ ക്രിസ്ത്രീയ വിശ്വാസി ആയി തന്നെ ചെറിയാച്ചൻ ജീവിച്ചു മരിച്ചു. അദ്ദേഹം ആരേയും മനസ്സുകൊണ്ടോ ശരീരം കൊണ്ടോ വേദനിപ്പിച്ചിട്ടില്ല. എന്നിരുന്നാലും ഏകാന്ത തുടെ പീഢനങ്ങൾ ഒരുപാട് ഏറ്റുവാങ്ങി ക്രൂശിക്കപ്പെട്ട ചെറിയാച്ചൻ മരണാനന്തരം അദ്ദേഹത്തിന്റെ അമ്മയുടെ അടുക്കലേക്ക് എത്തിപ്പെടുന്ന ഗോത്ര സ്വഭാവമുള്ള ഐതീഹ്യം പോലെ സിനിമയുടെ ദൃശ്യങ്ങൾ അനാവൃതമാവുന്നു. സിനിമയ്ക്ക് ക്രിസ്തീയമായ ഐതീഹ്യ സ്വഭാവം അതിന്റെ ഘടനാപരമായ സന്നിവേശിപ്പിക്കലിൽ തന്നെ ഉണ്ടാവുന്നു. ആദ്യഭാഗം Good Friday എന്നും രണ്ടാം ഭാഗം Easter എന്നും അവസാന ഭാഗം Ascension Day എന്നും നാമകരണം ചെയ്തിരിക്കുന്നത് സിനിമയുടെ ഇതിവൃത്തത്തെ കൂടുതൽ മിത്തിന്റെ വഴിക്ക് തിരിച്ചുവിടുന്നു. യാഥാത്ഥ്യവും അയാഥാത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യാതമകമായ സംഘട്ടനം നടക്കുന്നത് ചെറിയാച്ചന്റെ മനസ്സിൽ മാത്രമാണ്. ചെറിയാച്ചൻ നേരിടുന്ന ഏകാന്തതയും Schizophrenia യും ഉടലെടുക്കുന്നത് അദ്ദേഹത്തിന്റെ ഗ്രാമത്തിൽ നടന്ന ആറ് കർഷകതൊഴിലാളികളുടെ കൊലപാതകത്തോടെയാണ്. ഭൂവുടമ ആയ അവറാച്ചനും അദ്ദേഹത്തിന്റെ പരിവാരങ്ങളും ചേർന്ന് ആറ് കർഷക തൊഴിലാളികളെ കൊല ചെയ്ത് അവരുടെ ജഡങ്ങൾ കായലിൽ എറിയുന്ന രംഗം ചെറിയാച്ചന്റെ കുറ്റബോധത്തിന് വഴി ഒരുക്കുന്നു. ചെറിയാച്ചൻ എന്ന ആശ്രിതവൽസനായ ഫ്യൂഡൽ ജന്മിയുടെ എതിർ ധ്രുവത്തിൽ നില്ക്കുന്ന നിഷ്ഠൂരനായ ജന്മി ആണ് അവറാച്ചൻ.
R.L.Stevenson എന്ന ബ്രിട്ടീഷ് നോവലിസ്റ്റിന്റെ Jekyll and Hyde എന്ന നോവലിൽ നിന്ന് ഉണ്ടായ ദ്വന്താത്മക വ്യക്തിത്ത്വം പോലെത്തന്നെ ആകുന്നു ചെറിയാച്ചനും അവറാച്ചനും : ജന്മിയായ ക്രിസ്ത്യാനിയുടെ രണ്ട് വൈരുദ്ധ്യാത്മക മുഖങ്ങളാണ് ചെറിയാച്ചനും അവറാച്ചനും . ചെറിയാച്ചൻ benevolent lord ആണ് എങ്കിൽ അവറാച്ചൻ malevolent lord ആയിട്ടാണ് കാണേണ്ടത്. Jekyll and Hyde പോലെ ഉള്ള വൈരുദ്ധ്യങ്ങൾ നിറഞ്ഞ സങ്കീർണ്ണമായ ബന്ധം തന്നെ നമുക്ക് ചെറിയാച്ചനിലും അവറാച്ചനിലും വായിച്ചെടുക്കാം. പ്രായോഗികമായി തൊഴിലാളികളേയും കാർഷിക ജോലിയ്യുന്ന തൊഴിലാളികളെയും തൊഴിലിനെയും ഫ്യൂഡൽ അധികാരത്തിന്റെ മുഷ്ക്ക് കൊണ്ട് നിയന്ത്രണ വിധേയമാക്കുന്ന നിർവ്വികാരനായ നാടുവാഴി ജന്മിയാണ് അവറാച്ചൻ. മറുഭാഗത്ത് ചെറിയായ്യൻ R.L Stevenson ന്റെ നോവലിലെ Dr.Henry Jekyll നെ പ്പോലെ നന്മ മാത്രം ഉൾക്കൊള്ളാൻ ശ്രമിച്ചു വന്നിരുന്ന ജന്മിയാണ് സത്യക്രിസ്ത്യാനി ആയി ജീവിക്കുന്ന ചെറിയാച്ചൻ. ചെറിയാച്ചന്റെ ബോധ മനസ്സ് നിഷ്കളങ്കവും ക്രിസ്തുമതം അനുശാസിക്കുന്ന പത്ത് കൽപ്പനകൾ ഉൾക്കൊള്ളുന്നതുമാണ്. താനും തന്റെ ഭാര്യ ഏല്യാമ്മയും (കവിയൂർ പൊന്നമ്മ) പെങ്ങൾ മേരിക്കുട്ടിയും അച്ഛനും സ്വന്തം പുരയും പുരയിടവും കൃഷിയിടവും മാത്രം ഉള്ള ഭൗതിക ജീവിതമാണ് ചെറിയാച്ചന്റെത്. ദൈവ ഭയവും മനുഷ്യ ഭയവും ഒരു പോലെ മനസ്സിൽ കൊണ്ടു നടക്കുന്ന പച്ചയായ ചെറിയാച്ചന് വിപ്ളവമോ വിപ്ളവ മുദ്രാവാക്യങ്ങളിലൂടെയും തൊഴിലാളി സമരങ്ങളിലൂടെയും ഉരുത്തിരിഞ്ഞു വരുന്ന വിപ്ളവ പ്രത്യയ ശാസ്ത്രത്തെ സ്വാംശീകരിക്കാൻ പറ്റുന്നില്ല.
വിപ്ളവവീര്യത്തെയും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെയും കൈയൂക്ക് കൊണ്ട് അടിച്ചമർത്തിയിരുന്ന മാടമ്പിമാരുടെയും നാട് വാഴികളുടെയും പ്രതിനിധിയാണ് അവറാച്ചൻ. ആയിരത്തിതൊള്ളായിരത്തി നാൽപതുകളിലും അമ്പതുകളിലും കേരളത്തിൽ പലയിടങ്ങളിലും ഉയർന്നു വന്നിരുന്ന പുന്ന പ്രവയലാർ സായുധ വിപ്ളവം പോലെയുള്ള കാർഷിക മുന്നേറ്റങ്ങളെ അടിച്ചമർത്തുന്നതിലും കുടിയേറ്റ അധിനിവേശ ഉദ്യമങ്ങളെ ഏറ്റുപിടിക്കുന്നതിലും നസ്രാണി- ക്രിസ്ത്യാനി സമുദായത്തിന് പ്രഥമസ്ഥാനം തന്നെ ഉണ്ട്. കുട്ടനാട്ടിൽ ജനിച്ചു വന്ന ജോണിന് ഇതു നന്നായി അറിയാം. സിനിമയിലെ പല രംഗങ്ങളിലും വിപ്ളവ മുദ്രാവാക്യങ്ങളുടെ മാറ്റൊലി സമ്പദ്ഘടന വ്യതിയാന ങ്ങളുടെ സൂചകമായ് ഉയർന്നു വരുന്നു. ലെനിൻ, മാവോ, വിയറ്റ്നാം, ചൈന, റഷ്യ എന്നീ വാക്കുകൾ കമ്മ്യൂണിസ്റ്റ് പ്രസ്ത്ഥാനത്തിന്റെ കാഹള ധ്വനിയായ് ഇടയ്ക്കിടെ wide angle panoramic ഷോട്ടുകളിലൂടെ തെളിഞ്ഞു വരുന്നു. വിശാലമായ വയൽപ്പരപ്പിൽ നെല്ല് കൊയ്യുന്ന കർഷക തൊഴിലാളികളുടെ സംഗീത സാന്ദ്രമായ കാഴ്ച്ച തൊഴിലാളി ഉന്നമനത്തിന്റെ മാറി വരുന്ന സാമ്പത്തിക ക്രമീകരണങ്ങളെ പ്രകടമാക്കുന്നു. അങ്ങിനെയുള്ള സമ്പദ്ഘടനാ പരിവർത്തനസന്ധിയിൽ ഭൗതികസ്വത്തുക്കളും അവ പ്രധാനം ചെയ്തിരുന്ന സുരക്ഷാ ബോധവും അന്യാധീനപ്പെട്ടു പോകുന്ന സാഹചര്യങ്ങളെയാണ് ജോൺ ചിത്രീകരിക്കുന്നത്. ഈ അവസ്ഥയിൽ ചെറിയാച്ചന്റെ ക്രിസ്തീയ സമുദായത്തിൽ പെട്ട ജന്മിമാർ കടുത്ത തൊഴിലാളി വിരുദ്ധ “ ക്രൂരകൃത്യങ്ങൾ”ക്ക് നേതൃത്ത്വം നൽകാൻ നിർബന്ധിതരായിരുന്നു. ഹിംസയിലൂടെയും ചതിയിലൂടെടെയും ഭൗതിക സ്വത്തുക്കൾ കൈമോശം വരാതെ നിലനിർത്തുവാൻ തീവ്രശ്രമങ്ങൾ നടത്തുന്ന ജന്മിമാരുടെ പാപത്തിന്റെ മുഴുവൻ ഭാരവും പേറേണ്ടിവരുന്ന Persecution Complex ഉള്ള schizophrenic കഥാപാത്രമായ് ചെറിയാച്ചൻ പരിണമിച്ച് വരുന്നു. ചെറിയാച്ചന്റെ ബോധ അബോധ മനസ്സിന്റെ വിവിധഘട്ടങ്ങളെ ക്രിസ്തീയ മിത്തുകളുടെ വിവിധ സന്ധികളുമായി സന്നിവേശിപ്പിച്ച് എടുത്തിരിക്കുന്നു: Good Friday -Easter- Ascension Day.
വീട്ടിനകത്ത് സുരക്ഷ ഇല്ലാതാവുമ്പോൾ ചെറിയാച്ചന് സ്ഥലകാല വിഭ്രമാത്മകത ഉണ്ടാവുന്നു (hallucination of time and space). കുടുംബം സ്വകാര്യ സ്വത്ത് എന്നിവ അദ്ദേഹത്തിൽ നിന്നും അകന്ന് അകന്ന് പോക്കുന്ന ഒരു തരം Alienation Effect സംജാതമാവുന്നതോടെ ചെറിയാച്ചൻ അന്തിയുറങ്ങുന്നത് വീട്ടിന്റെ ഇരുണ്ട മച്ചിൻ പുറത്തും , പള്ളിയിലെ ആൾത്താരയിലും വയൽ വരമ്പിലെ കാവൽ മാടത്തിലുമാവുന്നു. ഉറക്കമില്ലാതെ, സ്വസ്ഥതയില്ലാതെ പ്രാത്ഥിക്കാനാവാതെ ജീവിത സായൂജ്യത്തിനായ് അലഞ്ഞു തിരിയുന്ന ജൂതനെ പോലെ (Wandering Jew) ആയിത്തീരുന്നു. ബ്രിട്ടീഷ് കാൽപ്പനിക കവി Samuel Taylor Coleridge ന്റെ “The Ancient Mariner” എന്ന നീണ്ട കാവ്യത്തിലെ നാവികനായ കഥാപാത്രം Albatross പക്ഷിയെ കൊന്ന ശേഷം അയാൾ ഏറ്റുവാങ്ങുന്ന പാപഭാരം പോലെ തന്നെ ചെറിയാച്ചന്റെ പാവബോധം രാവും പകലും അദ്ദേഹത്തെ വേട്ടയാടുന്നു. ഭീതിയുടെ പ്രതീകമായി എപ്പോഴും അദ്ദേഹത്തെ പിൻതുടരുന്ന വേട്ട നായ്ക്കളെ പോലെയുള്ള പോലീസും ഇരുട്ടിന്റെ തടവറയിൽ പെട്ടുപോകുന്ന Claustrophobic terror of darkness ഉം സിനിമയിൽ ഉടനീളം ശ്രദ്ധേയമാവുന്നു. ചെറിയാച്ചൻ ഒരിക്കലും പാപബോധത്തിൽ നിന്ന് മോചിതനാവുന്നില്ല. ആസക്തിയും കാമനയും നഷ്ടപ്പെടുന്ന അദ്ദേഹത്തിന് പെങ്ങൾ മേരിക്കുട്ടിയുടെ രാത്രികാല രഹസ്യബന്ധം കണ്ടെത്തുമ്പോൾ നിസ്സഹായനായി നിൽക്കാനെ സാധിക്കുന്നുള്ളു. മേരിക്കുട്ടിയേയും അവൾക്ക് ദുബായിലേക്ക് ജോലിതേടി പോകാൻ സാഹചര്യം ഒരുക്കുന്ന ചെറുപ്പക്കാരനെയും വെട്ടി കൊല്ലുന്നത് അയാൾ വെറും സ്വപ്നക്കാഴ്ച്ച ആയി കണ്ട് നിർവൃതിയടയുന്നു.
ചെറിയാച്ചൻ തേങ്ങ മോഷ്ടിച്ചിരിക്കുന്നു എന്ന ഒരാരോപണം സമൂഹം അയാളുടെ സമൂഹം അയാളുടെ മേൽ കെട്ടിവെക്കുമ്പോൾ തെങ്ങിൽ കയറി മോചനം പ്രാപിക്കാൻ അയാൾ ശ്രമിക്കുന്നു. Ascension Day യിൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെ ഓർമ്മ പോലെ നാട്ടുകാർ തെങ്ങിന് ചുറ്റും വട്ടമിട്ടു നിൽക്കുന്നു. Apocalyptic Vision പോലെ ചെറിയാച്ചന് തന്റെ താഴെയുള്ള നാടിനെയും സർവ്വ ചരാചരങ്ങളെയും ദർശിക്കാൻ സാധിക്കുന്നു. ജോൺ ഈ സിനിമയെ കുറിച്ച് പറഞ്ഞത് : “അത് എനിക്ക് വളരെ അടുത്തു അറിയാവുന്ന ഒരു കഥയാണ്”. എന്റെ നാട്ടിലെ രാഷ്ട്രീയ അനുഭവം ആയിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും…… കുട്ടനാട്ടൊരു കർഷക സമരം നടന്നു. അതിൽ ഒരു വിഭാഗം ആൾക്കാർ ആറ് പേരെ കൊന്നു. എന്നിട്ടവർ രക്ഷപ്പെട്ടു. അതിന്റെ ഇടയ്ക്കൊരു പാർട്ടി ഉണ്ട് , ഒരു കോൺഗ്രസ് പ്രവർത്തകൻ, അങ്ങെരൊരു പെറ്റി ബൂർഷ്വ ക്ലാസായിരുന്നു… ഈ സംഭവത്തിനു ശേഷം അങ്ങേരവിടുന്നു രക്ഷപ്പെട്ടു. സെമിനാരിയിൽ പോയി . അങ്ങനെ ഒരു കുറ്റബോധത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. രാഷ്ട്രീയം, വിപ്ളവം, കല, സംസ്കാരം എന്നിവയെക്കുറിച്ചുള്ള ജോണിന്റെ ആലോചനകൾ ജനസമൂഹത്തിന്റെ ഗോത്രസ്വഭാവത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അനുദിനം മാറ്റങ്ങൾക്ക് വിധേയമാവുന്ന സാമൂഹ്യ ബന്ധങ്ങളെ യാത്ഥാർത്യ ബോധത്തൊടെ മനസ്സിലാക്കാൻ സാധിക്കാത്ത മദ്ധ്യവർത്തി സമൂഹത്തിന്റെ പ്രതീകമാകുന്നു ചെറിയാച്ചൻ.