
ജോണിന്റെ ‘കഴുത സിനിമ’ യെ വീണ്ടെടുക്കുമ്പോള്‍

ഡോ. എൻ സാജൻ
ജോണ്‍ എബ്രഹാം എങ്ങോട്ടെക്കും പോയിട്ടില്ല, നമ്മുടെ ഇടയില്‍ തന്നെ യുണ്ട് എന്നുപറഞ്ഞ് കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചതിന് ഒരു പ്രത്യേക ന്യായീകരണം ഉണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അഗ്രഹാരത്തിലെ കഴുത ഇക്കഴിഞ്ഞ IFFK 21റിട്രോസ് പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ‘അഗ്രഹാരത്തിലെ കഴുത’ കാണുമ്പോള്‍ ഉയര്‍ന്ന് വന്ന ജോണ്‍ സിനിമാ ചിന്തകള്‍ക്ക് ഇപ്പോഴും പ്രസക്തിയേറുന്നു. 1977 ല്‍ ഈ സിനിമ റിലീസ് ആവുമ്പോള്‍ ഇന്ത്യന്‍ സമൂഹം അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഒരു ദീര്‍ഘ നെടുവീര്‍പ്പില്‍ ആയിരുന്നു. ചിത്രകല, ശില്പകല, സാഹിത്യം, സംഗീതം എന്നിവയില്‍ ഉണ്ടായ ആധുനികതയുടെ പ്രബലമായ സ്വാധീനം സിനിമയിലും നന്നായ്ക്കാണപ്പെട്ടു. ക്ഷുഭിത യൗവ്വനത്തിന്റെ സ്പന്ദനം ആവിഷ്കൃതമായത് നാടകത്തിലും സിനിമയിലും ആയിരുന്നു. ആധുനികതയുടെ കാലത്താണ് യൂറോപ്പില്‍ വിവിധതരം തിയേറ്ററുകള്‍ രൂപപ്പെടുന്നത്. അമേരിക്കയിലും യൂറോപ്പിലും ഇംഗ്ലണ്ടിലും സമാന്തര സംസ്കാരം വളരെയേറെ പ്രബലമാവുന്നത് 1950-60 കാലഘട്ടത്തിലായിരുന്നു. ഇതിന്റെ സ്വാധീനത്താല്‍ ഇന്ത്യയിലെ സിനിമാസംവിധായകര്‍, പ്രത്യേകിച്ചും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ച് ഇറങ്ങിയ നവാഗത സംവിധായകര്‍ സമാന്തരസിനിമ നിര്‍മ്മാണത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഉരുത്തിരിഞ്ഞുവന്ന സമാന്തര സിനിമാസംസ്കാരത്തിന്റെ ചരിത്രസന്ധിയില്‍ വേണം ‘അഗ്രഹാരത്തിലെ കഴുത’യെ നമ്മള് വിലയിരുത്തേണ്ടത്.

1976 ല്‍ ജോണിന്റെ ബൗദ്ധികഗുരു റിത്വിക് ഘട്ടക് മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിനുവേണ്ടി എഴുതിയ കവിത ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്: ‘I am alive for you …. And I am sure the echo of the sound will reverberate in your bones / And feed back to me for my inspiration.’ ആധുനികതയുടെ മുഖമുദ്ര ആയ അത്മപരിശോധനയാണ് ജോണ്‍ ഈ വരികളിലൂടെ നിര്‍വ്വഹിക്കുന്നത്. സ്വന്തം അന്തഃരംഗത്തെ പരിശോധിച്ച് അതില്‍നിന്നും കണ്ടെത്തുന്ന അംശങ്ങളെ സിനിമയിലേക്ക് സന്നിവേശിപ്പിച്ചെടു ക്കാനാണ് ജോണ്‍ ശ്രമിച്ചത്. ആധുനിക സംവേദന ക്ഷമതയുടെ മറ്റൊരു സവിശേഷത ആയിരുന്നു മതനിന്ദയും പൈതൃകത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള വിഗ്രഹഭജ്ഞനവും (heresy and iconoclasm). ഈ രണ്ട് സവിശേഷതകളില്‍ നിന്നും പ്രചോദനം കൊണ്ടശേഷമാണ് ജോണ്‍ അദ്ദേഹ ത്തിന്റെ ‘കഴുത’യെ അഗ്രഹാരത്തിന്റെ അകത്തളങ്ങളിലേക്ക് കെട്ടഴിച്ചുവിടുന്നത്.
സിനിമ എന്ന ഫോര്‍മലിസ്റ്റ് കലയെ തന്റേതായ സ്വന്തം ശൈലിയില്‍ ‘കഴുത സിനിമ’ എന്ന പുതിയ കലാരൂപം ആക്കി അദ്ദേഹം മാറ്റിയെടുക്കുന്നു. നിയതമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് വാര്‍പ്പ് മാതൃകയില്‍ ദൃശ്യാ വിഷ്ക്കാരം നടത്തുന്നതില്‍ നിന്ന് മനഃപൂര്‍വ്വം തെന്നിമാറി സ്വന്തം രീതിയില്‍ ഐതിഹ്യകഥ, slapstick comedy, മിത്ത്, അപസര്‍പ്പക കഥ, നാടക സിനിമാഖ്യാന ശൈലി, പ്രതീകാത്മകബിംബകല്പന എന്നിവയെല്ലാം ചേര്‍ത്ത് ഇന്ത്യന്‍ സിനിമാശൈലീതത്ത്വങ്ങളെ തന്നെ തച്ചുടച്ച് ഉണ്ടാക്കിയ ദൃശ്യാ വിഷ്ക്കാരമാണ് ജോണിന്റെ ‘കഴുത സിനിമ’.
കഴുത എന്ന മൃഗം പാശ്ചാത്ത്യ-പൗരസ്ത്യ സംസ്കാരങ്ങളില്‍ മിക്കവാറും എല്ലായിടത്തും വരേണ്യ സമൂഹങ്ങളെ സംബന്ധിച്ചേടത്തോളം ബുദ്ധിശൂന്യമായ ഭാരം താങ്ങി മൃഗം മാത്രമാണ് (beast of burden). ഈസോപ്പ് കഥകള്‍ മുതല്‍ ഭാഷാ പ്രയോഗങ്ങളില്‍ വരെ കഴുത മ്ലേച്ച സംസ്കാരത്തിന്റെ ആദിമരൂപവും രൂപകവുമാണ്.
Post Nehruvian കാലഘട്ടത്തില്‍ രാജ്യത്ത് നിലനിന്നിരുന്ന മാതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ജാതീയത, കപട ലൈംഗികസദാചാരം, ലിംഗവിവേചനം എന്നിവയെയാണ് ‘കഴുത സിനിമ’ പ്രശ്നവത്ക്കരിച്ച് ചോദ്യം ചെയ്യുന്നത്. യാഥാസ്ഥിതികതയില്‍ നിന്ന് മോചനം പ്രാപിക്കാത്ത ഇന്ത്യന്‍ ഭരണകൂടം ഈ സിനിമാ നിര്‍മ്മാണത്തിന് ധനസഹായം നിഷേധിക്കുകയുണ്ടായി. Film Finance Corporation (FFC) നെ ജോണ്‍ സമീപിച്ചപ്പോള്‍ ആ സ്ഥാപനം സഹായം നല്‍കിയില്ല. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷങ്ങള്‍ എടുത്താണ് ഈ സിനിമയുടെ നിര്‍മ്മാണം ജോണ്‍ പൂര്‍ത്തിയാക്കുന്നത്.

ആധുനികതയെക്കുറിച്ചുള്ള Ezra Pound ന്റെ മുദ്രാവാക്യം ‘Make it new!’ (‘പുതിയതിനെ നിര്‍മ്മിച്ചെടുക്കുക’) എന്നായിരുന്നു. ജോണിന്റെ ‘കഴുത സിനിമ’യുടെ അന്തഃസത്തയും അത് തന്നെ ആയിരുന്നു. സിനിമയുടെ ആരംഭ ത്തില്‍ അഗ്നിയെക്കുറിച്ചുള്ള സുബ്രഹ്മണ്യ ഭാരതിയുടെ വിപ്ലവകവിത ചൊല്‍ക്കാഴ്ച പോലെ തെളിയുന്നു. സിനിമയുടെ ദൃശ്യങ്ങള്‍ എല്ലാം തന്നെ ബ്രാഹ്മണ്യത്തിനും ഇന്ത്യന്‍ സംസ്കാരത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരായുള്ള വൈരുദ്ധ്യാത്മക കലഹങ്ങള്‍ പോലെ ആണ് സംവിധായകന് സംയോജിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ആരംഭത്തില്‍ തന്നെ അഗ്നി പൂജയെ നിരാകരിച്ചുകൊണ്ട് അഗ്നിയെ ആന്തരികപരിവര്ത്തന ത്തിനുള്ള വിപ്ലവത്തിന്റെ ഉല്‍കൃഷ്ടമായ ഭൗതികവസ്തുവായി തിരുത്തി അവതരി പ്പിച്ചിരിക്കുന്നു (the sublime object of revolutionary ideology). ഗാന്ധിയന്‍ സത്യാഗ്രഹത്തിന് ബ്രാഹ്മണ്യത്തെയോ വരേണ്യവര്‍ഗ്ഗം പാലിച്ചുപോന്നിരുന്നു അയിത്തങ്ങളെയോ ഫലപ്രദമായ രീതിയില്‍ മാറ്റി എടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ജാതീയതയുടെയും അപമാനവീകരണാ ത്മകമായ ഭ്രഷ്ടുകളുടെയും കെട്ടുപാടുകള്‍ രൂക്ഷമായ അവസ്ഥയില്‍ തന്നെ നിലനിന്നിരുന്നു. ഉള്‍ക്കൊള്ളേണ്ടതും തള്ളിക്കളയേണ്ടതും എന്ന രണ്ട് ദ്വന്തങ്ങളില്പ്പെട്ട് പുരോഗമനാത്മകമായ പ്രത്യയശാസ്ത്രത്തെ ആവാഹിച്ച് social praxis ല്‍ എത്താന്‍ കഴിയാതെ ബന്ധനത്തില്‍ അകപ്പെട്ട ഒരു സമൂഹത്തെയാണ് അഗ്രഹാരം എന്ന സാമൂഹിക ഇടത്തില്‍ കാണുന്നത്.
ഗാന്ധിജിയുടെ ‘പൂര്‍ണ്ണസ്വരാജ്’ എന്ന സങ്കല്പത്തെ അവതരിപ്പിക്കുന്ന ലഘുരേഖയാണ് Constructive Programme :Its Meaning and Place’ (1941). അതില്‍ ഗാന്ധിജി പറയുന്നത് ഇന്ത്യക്കാര്‍ ക്രിയാത്മകമായ ജനകീയ നിസ്സഹകരണ മുന്നേറ്റങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കേണ്ടത് ബദല്‍/ സമാന്തര സ്ഥാപനങ്ങളെയാണ്. ഇങ്ങനെ സമാന്തരസംരഭങ്ങള് നിര്‍മ്മിച്ചെടുക്കുമ്പോള്‍ പരമപ്രധാനമായി അവസാനിപ്പിക്കേണ്ടത് തൊട്ടുകൂടായ്മ പോലുള്ള അയിത്തങ്ങളെയും അനാചാരങ്ങളെയുമാണ്. സമാന്തര ദൃശ്യവ്യവഹാരങ്ങായി എഴുപതുകളില്‍ ഒട്ടേറെ സിനിമകള്‍ തെന്നിന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. യു.ആര്.അനന്തമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി യുള്ള ‘സംസ്കാര’, ബി.വി. കാരന്തിന്റെ ‘ചോമനദുഡ്ഢി’, പ്രേമാ കാരന്തിന്റെ ‘ഫണിയമ്മ’ എന്നിവ അവയില്‍ ശ്രദ്ധേയമായ ചിലതായിരുന്നു. ‘അഗ്രഹാരത്തിലെ കഴുത’ ഈ സിനിമകളുടെ ഗണത്തില്‍ തന്നെ നമുക്ക് ഉള്‍പ്പെടുത്താവുന്നതാണ്. തെന്നിന്ത്യയിലെ ജീര്‍ണ്ണിച്ച ജാതി വ്യവസ്ഥയ്ക്കെതിരെയും മദ്ധ്യവര്‍ഗ്ഗ കുലീന സംസ്കാരത്തിനെതിരേയും subversive ആയ ഊര്‍ജ്ജം പകരുന്ന ദൃശ്യ വ്യവഹാരം തന്നെ ജോണ്‍ നെയ്തെടുക്കുന്നു.

പട്ടണത്തിലെ ലബ്ധപ്രതിഷ്ഠ നേടിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ ഫിലോസഫി പ്രൊഫസര്‍ ആണ് നാരായണസ്വാമി (എം.ബി. ശ്രീനിവാസന്: സംഗീത സംവിധായകന്) വീട്ടിലേക്ക് അദ്ദേഹം കോളേജ് ജോലി കഴിഞ്ഞ് വൈകുന്നേരം തിരിച്ചെത്തുമ്പോള്‍ മുറ്റത്ത് അനാഥമായി വിറങ്ങലിച്ച് നില്ക്കുന്ന ഒരു കുട്ടിക്കഴുത അദ്ദേഹത്തെ കാത്തിരിക്കുന്നു. കുട്ടിക്കഴുതയുടെ അമ്മയെ പട്ടണത്തിലെ ആളുകള്‍ സിനിമ തുടങ്ങുമ്പോള്‍ തന്നെ ഓടിച്ച് തല്ലി കൊല്ലുന്നതാണ് പ്രാരംഭ സീനുകളില്‍ ഒന്ന്. പ്രൊഫ. നാരായണ സ്വാമി അനാഥയായ കഴുതയ്ക്ക് അഭയം നല്കുന്നു; അതിനെ ‘ചിന്ന ‘ എന്ന ഓമന പേരോടെ അദ്ദേഹത്തിന്റെ വീട്ടിലെ ഒരു മുറിയില്‍ പാര്‍പ്പിക്കുകയും ഭക്ഷണം കൊടുത്ത് സംരക്ഷിക്കുകയും ചെയ്യുന്നു. താമസിയാതെ കോളേജില്‍ നിന്നും അദ്ദേഹം പുറത്താക്കല്‍ ഭീഷണി നേരിടുന്നു.
ചിന്നയുടെ ചാണകം വാരാന്‍ പട്ടണത്തിലെ വീട്ടുവേലക്കാരി അഞ്ചു രൂപയല്ല പത്തുരൂപ അധികമായി കിട്ടിയാലും താന്‍ ആ ജോലി ചെയ്യുകയില്ല എന്ന് പ്രഖ്യാപിക്കുന്നതോടെ നാരായണസ്വാമിയുടെ മുന്നില്‍ തിരിച്ചറിവുകളുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്നു. പ്രൊഫസ്സര്‍ നാരായണസ്വാമി കഴുതയുടെ ചാണകം വാരി അതിനെ പരിചരിക്കാന്‍ തുടങ്ങുന്നതോടെ സാമൂഹികക്രമത്തിന്റെ താളം തെറ്റുന്നു. ഗാന്ധിജിയുടെ ഗ്രാമസ്വരാജിന്റെ അടിസ്ഥാനഘടകങ്ങളില്‍ ഒന്ന് ‘sanitation’ ആയിരുന്നു. സ്വന്തം വീട്ടിലെ മാലിന്യം സ്വയം പരിപാലിക്കുകയും വൃത്തിയാക്കുകയും ചെയ്യുക എന്ന self reliant രീതിയാണ് ഇവിടെ പ്രൊഫസര്‍ പ്രാവര്‍ത്തികമാക്കുന്നത്. കഴുതയെ പരിചരിക്കുന്ന ബ്രാഹ്മണനായ പ്രൊഫസര്‍ എന്ന അറിവ് പുറത്തുവരുന്നതോടെ അദ്ദേഹം കോളേജിലും അയല്വക്കത്തും അനഭിമതനാവുന്നു. കഴുത എന്ന അധഃകൃത ഗണത്തില്‍പ്പെട്ട മൃഗത്തെ പോലെ തന്നെ നാരായണസ്വാമിയും മ്ലേച്ചഗണത്തിലേക്ക് പുറംതള്ളപ്പെടുന്നു (expelled as an abject being like a donkey). സ്വതന്ത്ര ഇന്ത്യയില്‍ അടിസ്ഥാന വിഭാഗക്കാരായ തൊഴിലാളികളും ദളിതരും ആദിവാസികളും സ്ത്രീകളും ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും mainstream ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്ത പ്പെട്ടവരും നന്ദിതരും പീഢിതരുമാണ് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ബ്രെഹറ്റിയന് സ്വഭാവം ഉള്‍ക്കൊള്ളുന്ന ക്യാരിക്കേച്ചര് ഫോര്‍മാറ്റി ലുളള രംഗങ്ങള്‍ ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ സിനിമ കാണുമ്പോള്‍ അയിത്തം കല്‍പ്പിക്കുന്ന വര്യേണവര്ഗ്ഗ രീതികളില്‍ നിന്നും മോചിതമാവാത്ത ഇന്ത്യയിലെ സാമൂഹികവും സാംസ്കാരികവുമായ ജീര്‍ണ്ണതകളെ നാം തിരിച്ചറിയുന്നു.
വിദ്യാസമ്പന്നനും ഉള്‍ക്കാഴ്ചയുമുള്ള Indian Intelligentia യെ പ്രതിനിധീകരിക്കുന്ന നാരായണസ്വാമി തന്റെ സ്വന്തം കുലവും കുടുംബവും ഉള്ള അഗ്രഹാരം എന്ന അഭയസ്ഥാനം തേടി കഴുതയേയും കൊട്ടയിലാക്കി പലായനം ചെയ്യുന്നു. ജോലിസ്ഥലത്ത് നിന്നും അദ്ദേഹത്തെ പ്രിന്‍സിപ്പാള്‍ വിളിച്ച് താക്കീത് ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ചുവരെഴുത്തുകള്‍ പതിച്ചും സ്വാമിയേ അധിക്ഷേപിക്കുന്നതോടെ അയാള്‍ ഭ്രഷ്ട് കല്പിക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി മാറുന്നു. പക്ഷേ ‘abjected’ ആയ ‘ചിന്ന’ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു സൂചകം കൂടെ ആണ്. അദ്ദേഹവും കുടുംബവും സമുദായവും പുറംതള്ളിയ (‘abjected’) വസ്തുവിനെ/ ജന്തുവിനെ ആണ് ‘ചിന്ന’ എന്ന കഴുതക്കുട്ടി പ്രതിനിധാനം ചെയ്യുന്നത്. പുറംതള്ളപ്പെട്ടതാ ണെങ്കിലും ചിന്നയോട് സ്വാമിക്ക് അനിര്‍വചനീയമായ അഭിവാഞ്ചയാണ് ഉള്ളത്. ഈ അഭിവാഞ്ച ജീവിക്കുന്ന മനുഷ്യന് മരണത്തോടുള്ള അടുപ്പം പോലെ തന്നെ സിനിമയില്‍ ഉടനീളം നിലനില്ക്കുന്നു. തന്റെ അഗ്രഹാരത്തിലേക്ക് ചിന്നയേയു മായി പ്രവേശിക്കു മ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കുന്ന കാഴ്ച ഒരു ശവഘോഷയാത്രയുടേതാണ്. ചെണ്ട കൊട്ടി നൃത്തമാടി പോകുന്ന ഗ്രാമീണര്‍ മരണത്തിന്റെ നിഗൂഢമായ ആകര്‍ഷണീയതയെ ദ്യോതിപ്പിക്കുന്നു.
ചിന്ന എന്ന കഴുത abjected ആയ ഒരു ജീവാംശത്തെയോ ജീവിത യാതാര്ത്ഥ്യത്തെയോ ആണ് പ്രതിനിധീകരിക്കുന്നത്. ചിന്നയെ പരിചരിക്കാന്‍ അഗ്രഹാരത്തില്‍ തയ്യാറായി വരുന്നതും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഊമപ്പെണ്ണായ ഉമ എന്ന സുന്ദരിയായ ചെറുപ്പക്കാരിയാണ്. ഊമപ്പെണ്ണാണെങ്കിലും അവളെ ഒന്നല്ലെങ്കില്‍ മറ്റൊരുരീതിയില്‍ എല്ലാവര്ക്കും അത്യാവശ്യം ആയിരുന്നു. അവിവാഹിതനായ പ്രൊഫസര്‍ക്ക് തന്റെ വളര്‍ത്തുമൃഗമായ കഴുതയെ പരിചരിക്കാന്‍ ഉമ തന്നെ അത്യാവശ്യമായി വരുന്നു. ചെറുപ്പക്കാരുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉമ എന്ന ഊമപ്പെണ്ണ് അവളുടെ ശരീരം സ്വയം സമര്‍പ്പിക്കുന്ന വിജനമായ പൊട്ടിപ്പൊളിഞ്ഞ ആരാധനാലയം ശ്രദ്ധേയമായ ബിംബങ്ങളില്‍ ഒന്നാണ്.

കഴുതയുടെ വരവോടെ അഗ്രഹാരത്തിലെ ബ്രാഹ്മണര്‍ക്ക് സൈ്വര്യജീവിതം നഷ്ടമാവുന്നു. ബാഹ്യകര്മ്മങ്ങളിലും ശുദ്ധീകരപ്രക്രിയകളിലും ജീവിതം തളച്ചിട പ്പെട്ട അഗ്രഹാരവാസികള്ക്ക് ‘അനര്‍ത്ഥങ്ങള്‍’ ഒരോന്നായ് വന്നു തുടങ്ങുന്നു. ചാപ്ലിന് സിനിമയിലെ ‘Slapstick Comedy and Burlesque’ പോലുള്ള ഹാസ്യാത്മകമായ ആഖ്യാന രീതികളാണ് ജോണ്‍ അവലംബിച്ചിരിക്കുന്നത്. അഗ്രഹാരത്തിലെ മുതിര്‍ന്ന ബ്രാഹ്മണര്‍ ഓരോ അനര്‍ത്ഥവും വാചികമായി ആഖ്യാനം ചെയ്തു കഴിയുമ്പോള്‍ അതിന്റെ ഫ്ളാഷ് ബാക്ക് രംഗങ്ങള്‍ തെളിയുന്നു. മരണങ്ങള് സംഭവിക്കുന്നു, വഴിപോക്കര്‍ കഴുതയുടെ കയര്‍ തടഞ്ഞുവീഴുന്നു, പൂജകളും വിവാഹകര്‍മ്മങ്ങളും നടക്കേണ്ടിടത്ത് കഴുത എത്തുന്നു. നാരായണസ്വാമിയുടെ അനുജന്റെ ഭാര്യക്ക് സന്താനലബ്ധി ഇല്ലാതാവുന്നു. വീട്ടില്‍ ഒരു പശുവായിരുന്നെങ്കില് പാല് കിട്ടുകയും പുണ്യം ഉണ്ടാവുകയും ചെയ്യുമായിരുന്നു എന്ന് പറഞ്ഞ് അവര്‍ കലഹിക്കുന്നു. പൂജകളും വിവാഹകര്‍മ്മങ്ങളും നടക്കുമ്പോള്‍ കഴുതയെ വീടുകളുടെ അകത്ത് തെളിച്ച്കൊണ്ടുപോകാന് അഗ്രഹാരത്തിലെ ബുദ്ധിമാന്ദ്യം ഉള്ള പയ്യനെ അസൂയാലുക്കളായ ബ്രാഹ്മണര്‍ തന്നെ പണം കൊടുത്ത് പ്രേരിപ്പിക്കുന്നു. ഒടുവില്‍ സഹികെട്ട് അഗ്രഹാരവാസികള്‍ കഴുതയെ മലമുകളില്‍ കൊണ്ടുപോയി തല്ലിക്കൊല്ലാന്‍ തൊഴിലാളികളെ ഏല്പിക്കുന്നു. ആന്തരികമായ് ജീര്‍ണ്ണത ബാധിച്ചിരിക്കുന്ന അഗ്രഹാരസമൂഹത്തിന് ശാന്തി ലഭിക്കുന്നത് കഴുത കൊല്ലപ്പെടുമ്പോള്‍ തന്നെ എന്ന് എല്ലാവരും വിശ്വസിക്കുന്നു. രോഗികള്‍ രോഗശയ്യയില്‍ നിന്ന് എഴുന്നേറ്റ് സുഖം പ്രാപിച്ചുവരുന്നു, സന്താനലബ്ധി ഉണ്ടാവുന്നു, സാമ്പത്തിക പുരോഗതിയും വിവാഹമംഗളകര്മ്മങ്ങളും നടക്കുന്നതും കഴുതയുടെ മരണാനന്തരമാണെന്ന് ബ്രാഹ്മണസമൂഹം വിശ്വസിക്കുന്നു. സര്‍വ്വ ഐശ്വര്യം ഉണ്ടാവാനായി കഴുതയ്ക്ക് വേണ്ടി എല്ലാവരും അമ്പലം പണിയാന്‍ തീരുമാനിക്കുന്നു. ഇങ്ങനെ രോഗാതുരമായതും വിരോധാഭാസയുക്തിയുടെയും ജീര്‍ണ്ണിച്ച രൂപകങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട് ഇരുണ്ട ഹാസ്യം സിനിമയെ വേറിട്ട നിലയിലേക്ക് എത്തിക്കുന്നു.
ഗ്രാമസ്വരാജിലൂടെ ഇന്ത്യയുടെ മോചനം സ്വപ്നം കണ്ടിരുന്ന ഗാന്ധിജി ആവര്‍ത്തിച്ച് പറഞ്ഞിരുന്നകാര്യം ഇവിടെ പ്രസ്കതമാണ്: ‘The greatest tragedy is the hopeless unwillingness of the villages to better their lot.’ ഉള്ളിലുള്ള ജീര്‍ണ്ണതയെ നോക്കിക്കാണാതെ പരമ്പരാഗത സമുദായങ്ങള്‍ ബാഹ്യമായ ആചാരങ്ങളിലൂടെ അഭിവൃദ്ധി കൈവരിക്കാന്‍ ശ്രമിക്കുന്നത് ആപല്‍ക്കരമാണ് എന്നും ഗാന്ധിജി വിശ്വസിച്ചു. എങ്കിലും ഒരു സാമൂഹ്യവിപ്ലവം കൊണ്ടുവരാന്‍ അദ്ദേഹത്തിനോ അദ്ദേഹം കൊണ്ടുനടന്ന പ്രസ്ഥാനങ്ങള്‍ക്കോ കഴിഞ്ഞിരുന്നില്ല എന്ന് ജോണ്‍ വിശ്വസിച്ചുകാണും. അതുകൊണ്ടാണ് ആദ്യം ആലപിച്ച അഗ്നിയെക്കുറിച്ചുള്ള കവിത അവസാനഭാഗത്ത് ചൊല്‍ക്കാഴ്ച ആയി വീണ്ടും അവതരിപ്പിക്കുന്നത്. സിനിമ അവസാനിക്കുന്നത് കഴുതയുടെ തലയോട്ടിക്ക് തീക്കൊളുത്തി തൊഴിലാളികള്‍ കിരാതനൃത്തം ചവിട്ടിക്കൊണ്ടാണ് Biblical ആയ സര്‍വ്വനാശത്തിന്റെ അത്ഭുതക്കാഴ്ച (Apocalyptic Revelation) യില്‍ എല്ലാ സാമൂഹിക ജീര്‍ണ്ണതകളും എരിഞ്ഞുതീര്‍ന്ന് ഒരു നവലോകം ഉയര്‍ന്നുവരട്ടെ എന്ന രേചനാത്മകമായ വികാരം ജോണ്‍ എബ്രഹാം അദ്ദേഹത്തിന്റെ കഴുത സിനിമയിലൂടെ പകര്‍ന്നു നല്കുന്നു. ജോണിന്റെ ‘കഴുത’ ഇപ്പോഴും നമ്മുടെ ഇടയില്‍ ഒരു ചോദ്യചിഹ്നമായി എരിഞ്ഞു പുകഞ്ഞുകൊണ്ടേയിരിക്കുന്നു.